Opinion

ബജറ്റ്; തൂപ്പുകാട്ടി ആടിനെ തെളിക്കുന്ന ഒടിവിദ്യ – സുള്‍ഫിയ സമദ്

 

അധാര്‍മികമായ ഭരണ പരിഷ്‌കാരങ്ങളിലൂടെ പരമാവധി ജനങ്ങളെ ദ്രോഹിക്കുക മാത്രം ചെയ്തിട്ടുള്ള അധികാരികളില്‍ നിന്നും സാമ്പത്തിക സന്തുലിതത്വം ഉറപ്പ് വരുത്തുന്ന ബജറ്റ് നമ്മള്‍ പ്രതീക്ഷിക്കുകയേ വേണ്ട. ബജറ്റിന് മുമ്പുള്ള ചര്‍ച്ചകളിലൊക്കെ നിറഞ്ഞുനിന്നത് നികുതി പരിഷ്‌ക്കരണം തന്നെയായിരുന്നു. ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രഖ്യാപനങ്ങള്‍ ഭരണാവസാനം വോട്ട് ഓണ്‍ അക്കൗണ്ടില്‍ അവതരിപ്പിക്കുകയെന്നത് തികച്ചും തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. അത് ഏറെക്കുറെ രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ഇന്ത്യയില്‍ ബജറ്റ് പ്രക്രിയ നടക്കുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. Preparation, Presentation and Execution എന്നിവയാണത്. ഇതില്‍ നമ്മള്‍ സാധാരണ ശ്രദ്ധിക്കുന്നതും വിലയിരുത്തല്‍ നടത്തുന്നതും ബജറ്റ് അവതരണത്തില്‍ മാത്രമാണ്. ബജറ്റിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോഴോ നടപ്പിലാക്കുമ്പോഴോ ഇത്തരത്തിലുള്ള ശ്രദ്ധയില്ലാത്തതാണ് നല്ലൊരു സാമ്പത്തിക സംവിധാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പാളിച്ച സംഭവിക്കാന്‍ കാരണമാകുന്നത്. ഇന്ത്യയില്‍ സെപ്റ്റംബര്‍ മാസം മുതലാണ് ബജറ്റ് പ്രക്രിയ ആരംഭിക്കുന്നത്. ഹലുവ സെറുമണി എന്നയൊരു ചടങ്ങോട് കൂടിയാണ് ഇത് തുടക്കം കുറിക്കുന്നത്. ധനമന്ത്രിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം സന്നിധരാകുന്ന ചടങ്ങില്‍ മധുര പലഹാരമുണ്ടാക്കി വിതരണം ചെയ്തതിന് ശേഷം ബജറ്റ് രേഖകള്‍ കൈകാര്യകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഉദ്യോഗസ്ഥര്‍ രേഖകളെല്ലാം രഹസ്യസ്വഭാവത്തില്‍ സൂക്ഷിക്കും. ബജറ്റ് അവതരണ ദിവസം വരെ ഇവര്‍ക്ക് യാതൊരു വിധ പുറബന്ധങ്ങളും പാടില്ല. ബജറ്റ് ചോരാതെ നോക്കുന്നതിനുള്ള ഇത്തരം മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ സാമ്പത്തിക മേഖലയുടെ സ്ഥായിയായ നിലനില്‍പ്പിന് വേണ്ടി ഉറപ്പു വരുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

2019-20 ബജറ്റിലെ ഏറ്റവും ജനകീയമെന്ന് മുദ്ര ലഭിച്ച കര്‍ഷക പാക്കേജ് അത്തരത്തിലുള്ള ഒരു നടപടിയാണ്. ഓരോ വര്‍ഷവും 6000 രൂപ വീതം കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് ബജറ്റ് പറയുന്നത്. രണ്ട് ഹെക്ടര്‍ കൃഷിഭൂമി സ്വന്തമായുള്ള 12.56 കോടി കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയില്‍ നിന്ന് ഉപകാരം ലഭിക്കുക. ഇതിനായി 75000 കോടി രൂപ മാറ്റിവെക്കുകയും 20,000 കോടി രൂപ 2018-19 സാമ്പത്തിക വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ഈ ഫണ്ട് അനുവദിച്ചതുകൊണ്ടാണ് ധനകമ്മി 3.4 ശതമാനമായി ഉയര്‍ന്നതും അല്ലാതിരുന്നെങ്കില്‍ 3.3 ശതമാനം (201819) 3.1 ശതമാനം ( 2019 20) ആയിരുന്നേനെയെന്ന് ധനമന്ത്രി അവകാശപ്പെടുന്നു. ധനകമ്മി പരമാവധിയായ 3.3 ശതമാനത്തില്‍ നിന്നുള്ള അന്തരം അത് എത്ര ചെറുത് തന്നെയാണെങ്കിലും ഗൗരവത്തിലെടുക്കേണ്ടതാണ്. അനുവദിക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യമായ ഫണ്ട് കണ്ടെത്തുകയെന്ന അത്യന്ത്യം ശ്രമകരമായ സാമ്പത്തിക സാഹചര്യമാണ് നമുക്കുള്ളത്. അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായം കൊണ്ട് നമ്മുടെ കര്‍ഷകര്‍ക്ക് നിലവിലുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുമോയെന്നത് ആസൂത്രണ വിഭാഗത്തിന് തന്നെ ഉറപ്പില്ല.

90 ശതമാനത്തിലധികം ജനങ്ങളും കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാല്‍, വികസനത്തിന്റെ വഴികളില്‍ ഇതില്‍ 30 ശതമാനം ജനങ്ങളും മറ്റുമേഖലകളിലേക്ക് പോവുകയോ കൃഷി തന്നെ തുടരാന്‍ സാധിക്കാത്തവരായിത്തീരുകയും ച്യെതു. ഇന്ത്യയുടെ ആദ്യത്തെ പഞ്ചവത്സര പദ്ധതി കൃഷിയുടെ ഉന്നമനത്തിനായി മാത്രമായിട്ടുള്ളതായിരുന്നു. എന്നാല്‍, അതിന്റെ ഫലമായുണ്ടാകുന്ന കാര്‍ഷിക വിപ്ലവത്തിനെ മൂല്യവര്‍ധിത വിഭവങ്ങളാക്കി മാറ്റാനുള്ള സംവിധാനങ്ങളുടെ അഭാവം വലിയ അളവിലുള്ള വിളവെടുപ്പാനന്തര നഷ്ടത്തിലേക്ക് (Post harvest lost) എത്തിച്ചു. ഈ നഷ്ടങ്ങള്‍ കാലക്രമത്തില്‍ വലുതാവുകയും തക്കാളിയും ഉള്ളിയുമുള്‍പ്പെടെയുള്ള വിളകള്‍ കിലോക്ക് ഒന്നും രണ്ടും രൂപക്ക് വിറ്റ് തീര്‍ക്കേണ്ട ഗതികേടിലേക്ക് കര്‍ഷകനെ കൊണ്ടെത്തിക്കുകയും ചെയ്തു.

ഓരോ വിളവെടുപ്പുകാലവും ദീര്‍ഘകാലം നിലനില്‍ക്കുന്ന അദ്വാനത്തിന്റെയും ആശങ്കളുടെയും തീര്‍പ്പും കൂടിയാണ്. കാര്‍ഷിക ഉത്പാദനത്തില്‍ ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങള്‍ക്കിടയില്‍ സ്ഥാനമുള്ള നമ്മുടെ രാജ്യത്ത് പോഷകാഹാരക്കുറവും പട്ടിണിയും എങ്ങിനെയുണ്ടാകുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മാസങ്ങളോളമുള്ള അധ്വാനം നിഷ്ഫലമായി തീരുന്നത് നിസ്സാഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന കര്‍ഷകരെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്നതിന്റെ പരിണിത ഫലമായി ഭക്ഷ്യ ഉത്പാദനത്തിന്റെ 40 ശതമാനം പാഴാക്കിക്കളയുന്ന രാജ്യമെന്ന സല്‍പ്പേര് ചാര്‍ത്തിക്കിട്ടി നമുക്ക്. രണ്ടായിരം രൂപ മൂന്ന് തവണ ലഭിക്കുന്നത് കൊണ്ട് ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്ന് കൊയ്ത്ത് കാലത്ത് കര്‍ഷകരുടെ അവസ്ഥയെ നേരിട്ട് കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാം.

നമുക്ക് വേണ്ടത് സംഭരണ കേന്ദ്രങ്ങളാണ്. മഴയും തണുപ്പുമേല്‍ക്കാതെ വിളവുകള്‍ കൂട്ടിവെക്കാന്‍ പറ്റുന്ന ചരിപ്പുകളെങ്കിലും ഈ പ്രദേശങ്ങളില്‍ ഉണ്ടാക്കി വെക്കണം. മറ്റൊന്ന് പ്രോസസിംഗ് യൂണിറ്റുകളാണ്. സര്‍ക്കാരിപ്പോഴും പ്രോസസിംഗിന് സ്വകാര്യ മില്ലുകളെയാണ് ആശ്രയിക്കുന്നത്. ആയതിനാല്‍ തന്നെ നല്ലയൊരു തുക കമ്മീഷന്‍ നല്‍കിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കാര്‍ഷിക മേഖല വീണ്ടും നഷ്ടത്തിലേക്ക് പോകുന്നതിന് ഇതുവഴിയുണ്ടാകുന്ന അധിക ചെലവ് കാരണമാകുന്നു. അതായത് ഒരു ബ്രേക്ക് ഈവന്‍ പോയിന്റ് സംവിധാനത്തിലാണ് കാര്‍ഷിക മേഖല നിലനിന്ന് പോകുന്നത്. ഇത്തരം സാഹചര്യത്തില്‍ നിന്നും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദന മേഖലയായി കാര്‍ഷിക മേഖലക്ക് മാറാന്‍ കഴിയണമെങ്കില്‍ വാതത്തിന് മരുന്നു നല്‍കുന്നത് പോലെ എന്തെങ്കിലും കാട്ടികൂട്ടിയിട്ട് കാര്യമില്ല. ചെലവും വരവും തമ്മിലുള്ള അന്തരമാണ് ഈ മേഖലയുടെ ശോചനീയവസ്ഥക്ക് കാരണം. അതുകൊണ്ടുതന്നെ, എല്ലാ കൊല്ലവും ബജറ്റില്‍ കൃത്യമായ സ്ഥാനം പിടിക്കുന്ന പുനരുദ്ധാരണ പാക്കേജുകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലക്കും വേണ്ടി തന്നെയാണ്. ഇത്തവണത്തെ ബജറ്റിന്റെ 5.2 ശതമാനമാണ് ഈ മേഖലക്ക് കരുതിയിരിക്കുന്നത്. പ്രഖ്യാപനം കാണുമ്പോള്‍ കണ്ണ് മഞ്ഞളിച്ച് പോകാതെ യഥാര്‍ഥത്തിലുള്ള പ്രയോജനങ്ങളെക്കുറിച്ച് അല്പം ആലോചിക്കാം.

ബജറ്റിലെ 6000 രൂപ ധനസഹായത്തിന് മൊത്തം 75000 കോടി രൂപയാണ് ചെലവാക്കണ്ടത്. പക്ഷേ, ശരാശരി അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തെ ആധാരമാക്കി കണക്കാക്കുമ്പോള്‍ ഒരാള്‍ക്ക് 3.50 പൈസയാണ് ഈ പ്രഖ്യാപനത്തിലൂടെ ലഭിക്കുന്നത്. ഇത് ചായക്കാശിനുപോലും തികയില്ലാ എന്ന് മനസ്സിലാക്കാം. ഞആക യുടെ കണക്കനുസരിച്ച് 11,63,253 കോടി രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്ന ലോണ്‍, അതേസമയം 83,153 കോടി രൂപയുടെ നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ നമുക്കുണ്ട്. അത് എഴുതിതള്ളുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെങ്കിലും കാര്‍ഷിക കടത്തിന് യാതൊരു ഇളവുകളും നല്‍കാന്‍ തയ്യാറുമല്ല.

കാര്‍ഷിക മേഖലയുടെ ദുരവസ്ഥയുടെ കാരണങ്ങള്‍ പെട്ടെന്നുണ്ടായതല്ല. വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന അവഹേളനങ്ങളും അപ്രതീക്ഷിത വരള്‍ച്ചകളും വെള്ളപൊക്കങ്ങളും പദ്ധതിയുടെയും പാക്കേജുകളുടെയും പൂര്‍ത്തീകരണങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ കഴിയാതിരുന്നതുമൊക്കെയണ് രാജ്യത്തെ 600 മില്യന്‍ കര്‍ഷകരെ തലയോട്ടിയേന്തി നഗ്‌നപാദരായി തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താന്‍ പ്രേരിപ്പിച്ചത്. ആ പ്രക്ഷോഭങ്ങള്‍ കണ്ടെന്ന് നടിച്ചുകൊണ്ട് ബജറ്റില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ കര്‍ഷകരെ ആത്മത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നയങ്ങളാണ്.
കര്‍ഷകരുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ കാണിക്കുന്ന അന്യായങ്ങള്‍ക്ക് ഒരു ഉദാഹരണമാണ് നീതി അയോഗിന്റെ ത്രീ ഇയേഴ്‌സ് ആക്ഷന്‍ അജണ്ട. 2015-16 നെ അപേക്ഷിച്ച് 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം മൂന്ന് ഇരട്ടിയാക്കുമെന്നാണ് അജണ്ടയില്‍ പറയുന്നത്. ഏതെങ്കിലും ഒരു വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി പരിഗണിക്കുന്നതിനുള്ള ഒന്നാമത്തെ നിബന്ധന ആ പ്രത്യേക വര്‍ഷം ഒരു തരത്തിലുമുള്ള അസാധാരണ സംഭവങ്ങളുമുണ്ടാകാന്‍ പാടില്ലായെന്നാണ്. (Base year Should be a normal year) 2015-16 ല്‍ രാജ്യത്ത് കടുത്ത വരള്‍ച്ചയുണ്ടാവുകയും കാര്‍ഷിക വരുമാനം കുത്തനെ കുറയുകയും ചെയ്തിരുന്നു. നഷ്ടം സംഭവിച്ച വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഏഴ് വര്‍ഷം കഴിയുമ്പോള്‍ വരുമനം ഇരട്ടിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ നല്‍കുന്ന ആസൂത്രണ വിഭാഗം കര്‍ഷകരെ നോക്കി കൊഞ്ഞനം കുത്തുകയാണ്.

ബജറ്റില്‍ വിഭാവന ചെയ്തിട്ടുള്ള ജലസേചന പദ്ധതികള്‍, ഉദ്ദീപന പാക്കേജുകള്‍, മിനിമം താങ്ങുവില തുടങ്ങിയവ പല പല കാരണങ്ങളാല്‍ ഉപയോഗിക്കാന്‍ കഴിയാതെ പോയ പ്രഖ്യാപനങ്ങളാണ്. ഇനിയും ഈ അവസ്ഥ തുടരുകയാണെങ്കില്‍ സമ്പദ് മേഖലയുടെ വലിയ ശിഥിലീകരണം രാജ്യം നേരിടേണ്ടി വരും. കാര്‍ഷിക മേഖലയില്‍ (15.87 ശതമാനം) നിന്നും വ്യാവസായിക മേഖലയില്‍ (29.73 ശതമാനം) നിന്നുമുള്ള പങ്ക് ഗണ്യമായി കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇനിയും ഇത്തരത്തില്‍ മോശകരമായ രീതിയില്‍ തന്നെയാണ് കാര്‍ഷിക മേഖലയെ സര്‍ക്കാരുകള്‍ സമീപിക്കാന്‍ പോകുന്നതെങ്കില്‍ നമ്മുടെ തലമുറയെ/ഭക്ഷ്യ സുരക്ഷയില്ലാത്ത നാളുകളിലേക്കായിരിക്കും കൈപിടിച്ച് നടത്തുന്നത്. നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാവുന്ന പദ്ധതികളുടെ രൂപരേഖ അവസാന ബജറ്റിലുടെ പ്രഖ്യാപിച്ചു കഴിഞ്ഞു. അവരുടെ പ്രകടന പ്രത്രികയായി അതിനെ അംഗികരിച്ച് കൊണ്ടുതന്നെ ഓരോരുത്തരും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ വിലയിരുത്തേണ്ടതാണ്.

ലോകത്തിലെ പ്രധാന കാര്‍ഷിക ഉല്പാദന രാജ്യങ്ങളായ ചൈന, അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങി എല്ലാ രാജ്യങ്ങളിലും ഭക്ഷ്യ സുരക്ഷ അതിസങ്കീര്‍ണമായ വിഷയമായി മാറിക്കഴിഞ്ഞു. ഇതിനുള്ള പൊതു കാരണങ്ങള്‍ അശാസ്ത്രീയമായ നയങ്ങളും ക്രിയാത്മകമായ ഇടപെടലുകളുടെ അഭാവും തന്നെയാണ്. ഇതിന്റെ ഫലമായി പോഷകാഹാരക്കുറവും പട്ടിണിയും വ്യാപകമായി വര്‍ധിച്ചുവരുന്ന നൂറ്റാണ്ടുകള്‍ക്കാണ് നമ്മള്‍ സക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് നടപടികള്‍ സ്വീകരിക്കാന്‍ മിക്ക രാജ്യങ്ങളും തയ്യാറായി. തുടക്കമെന്നോണം ചൈന അവരുടെ കാര്‍ഷിക-ഭക്ഷ്യ സുരക്ഷാ നയങ്ങള്‍ തിരുത്താന്‍ തുടങ്ങി. ചൈനയും അമേരിക്കയും തമ്മില്‍ ഒബാമയുടെ പ്രസിഡണ്ട് കാലഘട്ടത്തില്‍ നടത്തിയ ഉച്ചകോടിയുടെ ആദ്യ വിഷയം ഭക്ഷ്യ സുരക്ഷ തന്നെയായിരുന്നു. അശാസത്രീയ കാര്‍ഷിക രീതിയിലൂടെ ഫലഭൂഷ്ടി നഷ്ടപ്പെട്ട കാര്‍ഷിക ഭൂമിയെ തിരിച്ച് പിടിക്കുന്നതിനും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് ഭക്ഷ്യ കാര്യത്തില്‍ സ്വയം പര്യാപ്തരാകുകയെന്നത് അവരുടെ നയങ്ങളുടെ ഒന്നാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇനിയും ഒരവസര നഷ്ടത്തിന് നമ്മുക്ക് ബാല്യമില്ല. വരുന്ന സര്‍ക്കാര്‍ കര്‍ഷകന്റെ വിണ്ടുകീറിയ പാദങ്ങള്‍ക്ക് മറുപടിയായിരിക്കണം. അനുയോജ്യമായ ഇടം കര്‍ഷകര്‍ക്ക് കിട്ടുമെങ്കില്‍ മാത്രമേ നാളെ നമ്മുടെ അരിക്കലം നിറയൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757