Opinion

പോലീസ് രാജിന്റെ, സാമൂഹ്യനീതി വിരുദ്ധതയുടെ, കോര്‍പ്പറേറ്റ് വത്കരണത്തിന്റെ, കൊലപാതക രാഷ്ട്രീയത്തിന്റെ ആയിരം ദിനങ്ങള്‍ – സജീദ് ഖാലിദ്

 

ഏതാണ്ട് എല്ലാ ദിവസവും ഓരോ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ വിവരങ്ങളും പുറത്തു വന്നു. തൃശൂരിലെ വിനായകന്‍, വാരാപ്പുഴയിലെ ശ്രീജിത്ത്, കുണ്ടറയിലെ കുഞ്ഞുമോന്‍, മലപ്പുറത്തെ വഹാബ്, എളമക്കരയിലെ ജോണ്‍സണ്‍ തുടങ്ങി നിരവധി പേരാണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദന മുറകളില്‍ പരലോകം പൂകിയത്. ഇതില്‍ വിനായകന്റേത് മര്‍ദ്ദനമേല്‍ക്കുകയും മാനഹാനി നേരിടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ ആത്മഹത്യയായിരുന്നു. 

”ക്രൌര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാനാവും. പക്ഷേ തിരുത്താനാവില്ല.” 2016 ഒക്‌ടോബര്‍ 16ന് കേരള നിയമസഭയില്‍ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച് നടത്തിയ പ്രസംഗം തുടങ്ങുന്നത് ഇങ്ങിനെയാണ്. ആ പ്രസംഗം മുഴുവന്‍ ഹിംസക്ക് പകരം മനുഷ്യ സ്‌നേഹത്തിന്റെ മഹാത്മ്യം ഉദ്‌ഘോഷിക്കുന്ന വചനങ്ങളാണ്. പക്ഷേ, ആ പ്രസംഗം കേള്‍ക്കാന്‍ നിയമ സഭയില്‍ കഠാരയും നാടന്‍ ബോംബുകളും വടിവാളുകളും കൊടുത്ത് എതിരാളിയുടെ ശരീരത്തില്‍ പ്രയോഗിക്കാന്‍ പറഞ്ഞു വിടുന്ന വാടകക്കൊലയാളി സഖാക്കള്‍ ഇല്ലാതിരുന്നതുകൊണ്ടാവും മുമ്പെന്നപോലെ ശേഷവും രാഷ്ട്രീയ കൊലകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അതില്‍ പിണറായി വിജയന്റെ പാര്‍ട്ടിയും സഖാക്കളും എന്നത്തേയും പോലെ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

ഒരു സര്‍ക്കാരിന്റെ ആിരം ദിവസങ്ങളെക്കുറിച്ച ലേഖനത്തില്‍ എന്തിനാണ് കൊലപാതക രാഷ് ട്രീയത്തെപ്പറ്റി പറയുന്നത് എന്ന് പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കേരളത്തില്‍ അരിയാഹാരം കഴിച്ച് ജീവിക്കുന്ന ആരും ചോദിക്കുമെന്ന് തോന്നുന്നില്ല. പിണറായി വിജയന്‍ അധികാരത്തിലേറ്റ് ആയിരം ദിവസങ്ങള്‍ ആഘോഷിക്കുന്ന ദിവസത്തിന്റെ തലേന്നാണ് കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ വെട്ടി നുറുക്കി കൊലപ്പെടുത്തിയത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 29 രാഷ്ട്രീയ കൊലകളാണ് നടന്നത്. അതില്‍ 16 എണ്ണം സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയതാണ്.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നതാണ് 2016 ലെ പൊതു തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അവരുടെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉപയോഗിച്ചത്. വിലയ ഭൂരിപക്ഷത്തോടെ അധികാരമേറ്റ ശേഷം ലഭിച്ച ആയിരം ദിവസത്തിനുള്ളില്‍ എന്താണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശരിയാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍ പലരേയും ശരിയാക്കി എന്ന ഉത്തരമേ ലഭിക്കൂ. പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ്, ഭരണ തുടക്കം മുതല്‍തന്നെ ഒരു ജനാധിപത്യ സംവിധാനത്തിലെ പോലീസ് എന്നതിലുപരി പോലീസ് സ്റ്റേറ്റിലെ പോലീസ് എന്ന തലത്തിലാണ് കാര്യങ്ങളെ കൈാകാര്യം ചെയ്തത്. സംഘ്പരിവാര്‍ അനുകൂല സംസ്ഥാനങ്ങളിലെ പോലീസില്‍ നിന്ന് യോതൊരു വ്യതിരിക്തതയും കേരളാ പോലീസിനില്ലെന്ന മട്ടിലായിരുന്നു പോക്ക്. ഉത്തരേന്ത്യയില്‍ മാത്രം നടന്നുവരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ഇനി കേരളത്തിനും സ്വന്തമായി എന്നതാണ് പോലീസ് ഭരണത്തിലെ വലിയ ‘നേട്ടം’. 2016 നവംബരിലാണ് നിലമ്പൂര്‍ കരളായി വനത്തില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനും അജിതയും വ്യജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഭരണ കക്ഷിയില്‍ പെട്ട സി.പി.ഐക്കു പോലും തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ആഭ്യന്തര വകുപ്പിനായില്ല. ആയിരം ദിവസം പൂര്‍ത്തിയായ ഉടനെ ബത്തേരിയില്‍ സി.പി ജലീല്‍ എന്ന മറ്റൊരു മാവോയിസ്റ്റ് പ്രവര്‍ത്തകനേയും വ്യജ ഏറ്റു മുട്ടലിലൂടെ കൊലപ്പെടുത്തിയിരിക്കുന്നു. ഏറ്റുമുട്ടല്‍ കൊലകള്‍ നടക്കുമ്പോള്‍ പാലിക്കേണ്ട നിയമപരമായ ബാധ്യതയായ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നിലമ്പൂര്‍ ഏറ്റുമുട്ടലിന്റെ കാര്യത്തില്‍ ഇപ്പോഴും പുറത്തു വിടാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ്.

എല്‍.ഡി.എഫിന്റെ അധികാരത്തുടക്കത്തില്‍ വര്‍ഷത്തില്‍ എല്ലാ ഇലയനക്കത്തിനും യു.എ.പി.എ ചാര്‍ത്തുന്ന തിരക്കിലായിരുന്നു പോലീസ്. മത പ്രബോധകര്‍, എഴുത്തുകാര്‍, ജനകീയ സമര പ്രവര്‍ത്തകര്‍ തുടങ്ങി സംഘ്പരിവാര്‍ വേട്ടയാടുന്ന എല്ലാ വിഭാഗങ്ങള്‍ക്കുമെതിരെ സമാന രീതിയില്‍ പോലീസ് വേട്ട നടന്നു. പോലീസ് കൊലപ്പെടുത്തിയ കുപ്പു ദേവരാജിന്റേയും അജിതയുടേയും മൃതദേഹങ്ങള്‍ വിട്ടു കൊടുക്കാതിരുന്നത് സംഘ്പരിവാറിന്റെ പരാതിയിലാണ്. എറണാകുളത്ത് മത പ്രബോധകരെ സംഘ്പരിവാറുകാര്‍ ആക്രമിച്ച് ആര്‍.എസ്.എസുകാര്‍ സ്റ്റേഷനിലെത്തിച്ചപ്പോള്‍ അക്രമികളായ ആര്‍.എസ്.എസ് കാരെ വിട്ട് ഇരകള്‍ക്കെതിരെ മതസ്പര്‍ദ്ദ വളര്‍ത്തലിന് കേസെടുത്തു. ആര്‍.എസ്.എസ് നടത്തുന്ന ആക്രമണങ്ങളേയും അരുംകൊലകളേയും മദ്യലഹരിയിലെന്ന് എഴുതി ചേര്‍ക്കുകയാണ് പോലീസ്. റിയാസ് മൗലവി വധത്തിലെ പ്രതികളേയും, പിഞ്ചു ബാലനായ ഫഹദിനെ വധിച്ച പ്രതികളേയും മദ്യപാനികളും മനോരോഗികളുമായാണ് പോലീസ് കണക്കിലെഴുതിയത്. കൊടിഞ്ഞി ഫൈസലിനെ വധിച്ച ആര്‍.എസ്.എസുകാര്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കുന്ന തരത്തില്‍ നിസാരമായ വകുപ്പുകളിലാണ് കേസെടുത്തത്. തിരുവനന്തപുരത്ത് സി.എസ്.ഐ ചര്‍ച്ച് തകര്‍ത്ത ആര്‍.എസ്.എസുകാരേയും മദ്യ ലഹരിയില്‍ ചെയ്ത കുറ്റമെന്ന നിലയില്‍ ലഘൂകരിച്ചു. അതേസമയം, ജനകീയ സമരങ്ങളുടെ നേരെയുള്ള പോലീസ് സമീപനം ഇങ്ങനെയല്ല. പുതുവൈപ്പ് സമരക്കാരെ തലങ്ങും വിലങ്ങും തല്ലിയ പോലീസ് മോദിയുടെ സുരക്ഷക്ക് ഇവര്‍ ത്രെട്ടാണ് എന്ന ന്യായീകരണമാണ് നല്‍കിയത്. സ്വാശ്രയ ലോബിയുടെ കയ്യാല്‍ കൊല ചെയ്യപ്പെട്ട ജിഷ്ണുവിന്റെ മാതാവ് മഹിജ പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സത്യഗ്രഹത്തിനായി എത്തിയപ്പോള്‍ അവരെ സ്ത്രീ എന്ന പരിഗണനയോ മകന്‍ നഷ്ടപ്പെട്ട മാതാവ് എന്ന പരിഗണനയോ പോലും നല്‍കാതെ ചവിട്ടിയരച്ചു. അവരെ പിന്തുണച്ചുകൊണ്ട് ജനാധിപത്യപരമായി പ്രതിഷേധിക്കാനെത്തിയവരെ വലിയ കുറ്റങ്ങള്‍ ചുമത്തി ദിവസങ്ങളോളം ജയിലിലടച്ചു. ഗൈല്‍ വിരുദ്ധ പ്രക്ഷോഭം, ദേശിയപാത പ്രക്ഷോഭം തുടങ്ങി ജനങ്ങള്‍ പ്രതിഷേധിച്ച സന്ദര്‍ഭങ്ങളിലെല്ലാം തീവ്രവാദ-ഭീകരവാദ-മാവോയിസ്റ്റ് ബന്ധം ആരോപിച്ച അടിച്ചമര്‍ത്തി.

ഏതാണ്ട് എല്ലാ ദിവസവും ഓരോ ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ വിവരങ്ങളും പുറത്തു വന്നു. തൃശൂരിലെ വിനായകന്‍, വാരാപ്പുഴയിലെ ശ്രീജിത്ത്, കുണ്ടറയിലെ കുഞ്ഞുമോന്‍, മലപ്പുറത്തെ വഹാബ്, എളമക്കരയിലെ ജോണ്‍സണ്‍ തുടങ്ങി നിരവധി പേരാണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദന മുറകളില്‍ പരലോകം പൂകിയത്. ഇതില്‍ വിനായകന്റേത് മര്‍ദ്ദനമേല്‍ക്കുകയും മാനഹാനി നേരിടുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ ആത്മഹത്യയായിരുന്നു.
കേരളത്തെ ലോക സാസ്‌കാരിക വേദികളില്‍ അടയാളപ്പെടുത്തുന്നതിന് പങ്ക് വഹിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനങ്ങള്‍ക്കിടെ 12 ചെറുപ്പക്കാരെ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റു നിന്നില്ല എന്നപേരില്‍ പോലീസ് കയറി അറസ്റ്റ് ചെയ്തു. അതും ജനം ടിവിയുടെ ലേഖകനും യുവമോര്‍ച്ചക്കാരും ചൂണ്ടിക്കാട്ടിയവരെയാണ് പിടികൂടിയത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനും കേരളത്തിലെ സിനിമാ സംവിധായകരില്‍ പ്രമുഖനുമായ കമലിന്റെ ജാതിയും മതവും ഉദ്ധരിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തുന്നു. ദേശീയഗാനം ആലപിക്കുന്നതിന്റെ നിയമപരമായ മര്യാദ ലംഘിച്ച് അവര്‍ ദേശീയ ഗാനം പാടിയിട്ടും അതില്‍ തളിക്കുളം സ്വദേശിയായ ഒരാള്‍ പരാതി നല്‍കിയിട്ടും ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ കാട്ടിയ തിടുക്കം അവിടെ കാണിച്ചില്ല. റോഡ് തടസ്സപ്പെടുത്തിയതിന് കേസെടുക്കുക മാത്രമാണ് ചെയ്തത്.

എന്‍.ഐ.എ എന്ന കേന്ദ്രസര്‍ക്കാരിനാല്‍ നിയന്ത്രിതമായ പോലീസ് സേനയെപ്പറ്റി സംഘ്പരിവാറിന്റെ അജണ്ടയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യവ്യാപകമായി പരാതിയുണ്ട്. ആ എന്‍.ഐ.എ യുടെ രൂപീകരണ സമയത്ത് എന്‍.ഐ.എയുടെ ഓപ്പറേഷന്‍ ചീഫ് ആയിരുന്നു ലോക്നാഥ് ബെഹ്റ. ഗുജറാത്തിലെ പ്രമാദമായ ബെസ്റ്റ് ബേക്കറി കേസടക്കമുള്ളവ അട്ടിമറിച്ച് മോദിയേയും സംഘ്പരിവാറിനെയും സഹായിക്കുന്നതില്‍ ബഹ്റയും പങ്ക് വഹിച്ചതായി രാജ്യത്ത് പലരും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിന് പുറത്ത് നല്ലതല്ലാത്ത ട്രാക് റിക്കോഡുള്ള ഉദ്യോഗസ്ഥന്‍ പലരുടെയും സീനിയോറിറ്റി മറികടന്ന് പിണറായി വിജയന്റെ വിശ്വസ്തനായി കേരളാ പോലീസിന്റെ തലപ്പത്ത് വന്നത് സംശയകരമാണ്. അതിലും പ്രമാദമായ ട്രാക് റിക്കോര്‍ഡുള്ള രമണ്‍ ശ്രീവാസ്തവയെ റിട്ടയര്‍ ചെയ്ത് മടങ്ങിപ്പോയിടത്തു നിന്ന് തിരിച്ച് വിളിച്ച് ഉപദേശകനാക്കിയും കേരളത്തെ സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പോലീസ് സേനയുള്ള ഇടമാക്കി മാറ്റുന്നതില്‍ ഈ ആയിരം ദിവസം വഹിച്ച പങ്ക് ചെറുതല്ല.

കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളും ഭൂമി എന്ന വിഷയവുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ്. കേരളം കൊട്ടിഘോഷിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഭൂപരിഷ്‌കരണം കേരളത്തിലെ ഭൂബന്ധങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വിപ്ലവകരമെന്നു പറയുന്ന നിയമത്തിന് ശേഷവും കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ഭൂരഹിതരാണ്. എന്നാല്‍, ഭൂപരിഷ്‌കരണ നിയമത്തിലെ ലാന്‍ഡ് സീലിങ്ങില്‍ ഇളവു നേടിയ തോട്ടം മേഖലയുടെ മറപിടിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ കൈയേറിയും വെട്ടിപ്പിടിച്ചും ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു. ഈ അസന്തുലിതത്വത്തെ കൂടതല്‍ ശക്തിപ്പെടുത്തുന്ന ഭൂനയമാണ് പിണറായി സര്‍ക്കാര്‍ വെച്ചു പുലര്‍ത്തുന്നത്. ഹാരിസണിന്റെ കൈയേറ്റ ഭൂമിക്ക് കരം അടക്കാന്‍ അനുമതി നല്‍കിയത് ആയിരം ദിവസങ്ങളിലെ ഇക്കാര്യത്തിലുള്ള ഭയങ്കര ‘നേട്ട’മാണ്. ഹാരിസണ്‍ അടക്കമുള്ള തോട്ടം മാഫിയയുടെ കൈവശമുള്ള അനധികൃത ഭൂമി ഏറ്റെടുക്കാനുള്ള എല്ലാ വഴികളും ആസൂത്രതമായി അടക്കുകയായിരുന്നു സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഭരണപരമായ ഒത്താശകളെല്ലാം സര്‍ക്കാര്‍ ചെയ്തു. സി.പിഎമ്മിന്റെ ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രാജമാണിക്യം റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന പ്രമേയം വരെ പാസ്സാക്കി. ഹൈക്കോടതിയില്‍ ഹാരിസണ്‍ കേസ് നല്ല നിലക്ക് വാദിച്ചിരുന്ന സര്‍ക്കാര്‍ പ്ലീഡര്‍ സുശീല ഭട്ടിനെ മാറ്റി ഹാരിസണിന്റെ മുന്‍ അഭിഭാഷകനും സിപിഐ നേതാവ് മീനാക്ഷി തമ്പാന്റെ മകനുമായ രഞ്ജിത് തമ്പാനെ പ്രതിഷ്ടിച്ചു. എതിര്‍പ്പ് വന്നപ്പോള്‍ തമ്പാനെ മാറ്റി പകരം വെച്ചതും ഹാരിസണിന്റെ മറ്റൊരു മുന്‍ അഭിഭാഷകനെതന്നെ. കേസ് നല്ല നിലക്ക് തോറ്റുകൊടുത്തു. സുപ്രീം കോടതിയിലാകട്ടെ ഹര്‍ജി വാദം പോലും കേള്‍ക്കാതെ തള്ളിപ്പോകുന്ന സാഹചര്യവും സൃഷ്ടിച്ചു. ഹാരിസണ്‍, ടാറ്റ, എ.വി.ടി, പോബ്‌സണ്‍ തുടങ്ങി വന്‍കിട കുത്തകകള്‍ കൈവശം വെച്ചിരിക്കുന്നത് അഞ്ച് ലക്ഷത്തിലേറെ ഏക്കര്‍ ഭൂമിയാണ്. കേരളത്തിലാകട്ടെ നാല് ലക്ഷത്തോളം ഭൂരഹിതരുണ്ട്. ഈ കൈയേറ്റ ഭൂമി ഭൂരഹിതരില്‍ വന്നു ചേരേണ്ട ഭൂമിയാണ്. ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഒരു തുണ്ട് ഭൂമിയും ഇനിയില്ല എന്നതാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട സീറോലാന്റ്‌ലെസ് പദ്ധതിയും പാതിവഴിയില്‍ ഉപേക്ഷിച്ചു. പകരം 350 സ്‌ക്വയര്‍ ഫീറ്റുള്ള തീപ്പെട്ടി കൂടുപോലുള്ള ഫ്‌ളാറ്റ് നല്‍കുമെന്നാണ് പറയുന്നത്. അതിനാകട്ടെ ബജറ്റില്‍ അഞ്ച് പൈസ വകയിരുത്തിയിട്ടുമില്ല. എന്നാല്‍, ഭൂമി കൈയേറ്റ മാഫിയകള്‍ക്കും റിസോര്‍ട്ടു മാഫിയകള്‍ക്കും എല്ലാ വിധ സൗകര്യങ്ങളും ചെയ്തുകൊടുത്തുകൊണ്ടിരിക്കുന്നു.

നിരവധി പരിസ്ഥിതി നിയമങ്ങളാണ് ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ഭേദഗതി ചെയതത്. ലോക ശ്രദ്ധയാകര്‍ഷിച്ച നെല്‍വയല്‍ നീര്‍ത്തട നിയമം, മൈന്‍ ആന്‍ഡ് മിനറല്‍ ആക്ട്, ഭൂഗര്‍ഭ ജലവിനിയോഗ നിയമം, മരംവളര്‍ത്തല്‍ പ്രോത്സാഹന നിയമം തുടങ്ങി ഏതാണ്ടെല്ലാ നിയമങ്ങളും കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കുമായി ഭേദഗതി ചെയ്യുന്ന തിരിക്കിലായിരുന്നു സര്‍ക്കാര്‍. കേരളത്തിലെ പരിസ്ഥിതി മാറ്റം പോലും പരിഗണിക്കാതെ സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് വത്കരണത്തിന് ചുക്കാന്‍ പിടിക്കുന്ന ആയിരം ദിനങ്ങളാണ് കടന്നു പോയത്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മാതൃകയില്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ മറന്നില്ല. ലോക ബാങ്ക് മുന്നോട്ട്വെച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്ന നയത്തിന്റെ ഭാഗമായി തൊഴിലാളി വര്‍ഗം നൂറ്റാണ്ടുകളുടെ സമര പോരാട്ടങ്ങളിലൂടെ നേടിയ അവകാശങ്ങളാണ് ഭേദഗതി ചെയ്യപ്പെട്ടത്. ചുമട്ടുതൊഴിലാളികള്‍ വ്യവസായത്തിന് ശാപമാണ് എന്ന വാക്കുകള്‍ ഏതെങ്കിലും കുത്തക മുതലാളിയുടേതോ ബൂര്‍ഷ്വാ പാര്‍ട്ടി നേതാക്കളുടേതോ അല്ല; തൊഴിലാളി വര്‍ഗ പാര്‍ട്ടി നേതാവ് എ.സി മൊയ്തീന്‍ നിയമ സഭയില്‍ അവതരിപ്പിച്ച ചുമട്ടുതൊഴിലാളി നിയമത്തിലാണ് ഈ പരാമര്‍ശമുള്ളത്. തനി ജനവിരുദ്ധ കോര്‍പറേറ്റ് ദാസ്യ സര്‍ക്കാരിന്റെ ഭാഷയും കെട്ടും മട്ടും പുലര്‍ത്തുന്നതാണ് അക്ഷരാര്‍ഥത്തില്‍ ഇടതു സര്‍ക്കാര്‍.

ഇടതു സര്‍ക്കാരിന്റെ അധികാരാരോഹണത്തില്‍ മുഖ്യ പങ്ക് വഹിച്ചത് ബാര്‍കോഴ ആരോപണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ്. കേരളത്തില്‍ 2014 ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് കോഴവാങ്ങിയെന്ന് കേസാണ് ബാര്‍ കോഴ എന്ന പേരിലറിയപ്പെടുന്നത്. ബിജു രമേശ് എന്ന ബാര്‍ മുതലാളിമാരുടെ സംഘടനാ നേതാവിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഇക്കാര്യം അറിയുന്നത്. എന്നാല്‍, ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ 2014 ലെ കേരള സര്‍ക്കാരിന്റെ മദ്യ നയത്തെ തുടര്‍ന്ന് പൂട്ടിയ ബാറുകളെല്ലാം തുറക്കുമെന്ന് ഇടതു നേതാക്കളും തനിക്ക് ഉറപ്പ് നല്‍കിയതായി ഇതേ ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തങ്ങളുടെ അവസാന വര്‍ഷത്തില്‍ പ്രഖ്യാപിച്ച ഘട്ടം ഘട്ടം മദ്യ നിരോധം എന്ന മദ്യ നയം ഏറെ ശ്ലാഘിപ്പെട്ടതാണ്. പ്രതിവര്‍ഷം 10 ശതമാനം മദ്യവില്‍പന ഔട്ട് ലറ്റുകള്‍ അടച്ച് പത്തുവര്‍ഷം കൊണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള എല്ലാ മദ്യശാലകളും പൂട്ടും എന്നതായിരുന്നു ആ നയം. ആ നയത്തിന് ഇടതുമുന്നണി എതിരായിരുന്നു എങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് പൂട്ടിയ മദ്യശാലകളൊന്നും തുറക്കില്ല എന്നായിരുന്നു. പക്ഷേ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞതല്ല ബാര്‍ മുതലാളികളുടെ നേതാവ് ബിജു രമേശ് പറഞ്ഞതാണ് പിണറായി ഭരണ കാലത്ത് നടപ്പാക്കിയത്.
മദ്യത്തിന് ക്ഷാമം വരരുത് എന്ന നിലപാടാണ് ഇടതുസര്‍ക്കാരിന്റേത്. ദേശീയ പാതയോരത്ത് മദ്യ ശാലകള്‍ പാടില്ല എന്ന സുപ്രിം കോടതി വിധിയെ മറികടക്കാന്‍ അപ്പീല്‍ പോയ സര്‍ക്കാരാണിത്. മദ്യശാലകള്‍ക്കെതിരെ സമരം നടത്തുന്ന സ്ത്രീകളേയും കുട്ടികളേയും അടക്കം പോലീസിനെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമര്‍ത്തുന്ന രീതിയാണ് സര്‍ക്കാര്‍ പിന്തുടര്‍ന്നത്. പ്രളയത്തിന്റെ രൂക്ഷതയുടെ മറവില്‍ ബ്രൂവറികള്‍ക്ക് അനുമതി കൊടുക്കാനും അതിനായി സര്‍ക്കാര്‍ ഭൂമിയടക്കം വിട്ടുകൊടുക്കാനും പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. കോടികളുടെ അഴിമതി സാധ്യതയുള്ള ഈ ഡീല്‍ പിണറായിക്ക് പക്ഷേ, വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. മദ്യ രാജക്കന്‍മാരുടെ സ്വന്തം സര്‍ക്കാരാണ് ഈ സര്‍ക്കാരെന്ന് ഈ നാളുകള്‍ സാക്ഷിയാണ്.

സാമൂഹ്യ നീതി എന്ന വിശാല സങ്കല്‍പത്തെ അട്ടിമറിച്ച് സവര്‍ണാധിപത്യം സ്ഥാപിക്കുക എന്ന പ്രതിലോമപരവും പ്രാകൃതവുമായ നിലപാടാണ് ഇടതുസര്‍ക്കാര്‍ പുലര്‍ത്തുന്നത്. അധികാര പങ്കാളിത്തത്തിനുള്ള പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണ ഘടന അവകാശമായ സംവരണത്തെ അട്ടിമറിച്ച് അത് മുന്നാക്കക്കാരിലേക്കെത്തിക്കാനുള്ള നിഗൂഢ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ ആര്‍.എസ്.എസിനേക്കാള്‍ മികവാണ് പിണറായി സര്‍ക്കാര്‍ പുലര്‍ത്തിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ധൈര്യപ്പെടാത്ത സാമ്പത്തിക സംവരണം ദേവസ്വം നിയമനങ്ങളില്‍ നടപ്പാക്കി മോദിയെ അത് നടപ്പാക്കാന്‍ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചത് പിണറായി സര്‍ക്കാരാണ്. കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസായി രൂപപ്പെടുന്ന കെ.എ.എസില്‍ രണ്ടു സ്ട്രീമുകളില്‍ സംവരണം വേണ്ടതില്ല എന്നു തീരുമാനിച്ചത് സവര്‍ണ്ണാധിപത്യം നിലനിര്‍ത്താന്‍ പിണറായി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് പിന്‍വലിക്കേണ്ടി വന്നു. കേന്ദ്ര സര്‍ക്കാര്‍ സംവരണത്തെ അട്ടിമറിക്കാനുള്ള ഭരണഘടനാ ഭേദഗതി അവതിരപ്പിക്കാനൊരുങ്ങിയ സമയത്ത് തന്നെ അതിനെ ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്.

ഇതിനിടയിലാണ് കേരളത്തില്‍ പ്രളയകാലമുണ്ടാകുന്നത്. അതിശക്തമായ പേമാരി കാരണമാണ് പ്രളയം ഉണ്ടായത്. എന്നാല്‍, കേരളത്തിലെ ഡാം മാനേജ്‌മെന്റിന്റേയും പരിസ്ഥിതി പരിപാലന സംവിധാനങ്ങളുടെയും പാരജയമാണ് പ്രളയം ഇത്രമേല്‍ ഭീകരമായ ആഘാതമുണ്ടാക്കാന്‍ കാരണം എന്നതില്‍ തര്‍ക്കമില്ല. പ്രളയ സന്ദര്‍ഭത്തെ കേരള ജനത ഒറ്റക്കെട്ടായാണ് നേരിട്ടത്. (സംഘ്പരിവാര്‍ അപവാദമാണ്). സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിശ്ചലമായപ്പോള്‍ വിവധ രാഷ്്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, സാമൂഹ്യ മാധ്യമ കൂട്ടായ്മകള്‍, മത സംഘടനകള്‍ തുടങ്ങി എല്ലാവരും സേവന മനഃസ്ഥിതിയോടെ അണിനിരന്നതിനാല്‍ ദുരന്തത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍, ഇതെല്ലാം താനെന്ന ഏക വ്യക്തിയുടെ കഴിവെന്ന നിലയിലാണ് പിന്നീട് കേരള മുഖ്യമന്ത്രി പ്രചരണം നടത്തിയത്. ഇതിനായി പെയ്ഡ് ന്യൂസുകളേയും അനുയായി വൃന്ദങ്ങളേയും ഉപയോഗപ്പെടുത്തി.
പ്രളയാനന്ത പുനര്‍ നിര്‍മാണത്തിന് നവകേരളം നിര്‍മിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, അതിനായി പ്രത്യേകമായ ഫണ്ട് തുടങ്ങുക എന്ന ആവശ്യത്തെ പുച്ഛിച്ച് തള്ളി പകരം സംഭാവനകളെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് മാറ്റിയത്. സ്വമേധയാ എല്ലാ വിഭാഗം ജനങ്ങളും കൈയയച്ച് സഹായം ചെയ്യുമ്പോഴും സര്‍ക്കാര്‍ ജീവനക്കാരെയടക്കം ഭയപ്പെടുത്തി പിരിവെടുക്കാനുള്ള നീക്കങ്ങളും നടത്തി. പക്ഷേ, നാളിതുവരെയായിട്ടും എന്താണ് പുതിയ കേരളമെന്നോ എന്ത് നഷ്ടമാണുണ്ടായത് എന്നതിന്റെ കണക്കോ പദ്ധതിയോ സര്‍ക്കാരിന്റെ കൈയിലില്ല. മറ്റു ചില സെന്‍സിറ്റീവ് വിഷയങ്ങള്‍ വന്നതോടെ അതിന്റെ മറവില്‍ വലിയ മൗനത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി.

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട കോടതി വിധി വന്നതും അതിനു ശേഷം നടന്ന സംഭവങ്ങളും ഇക്കാലയളവിലാണ് ഉണ്ടായത്. വളരെയേറെ വൈകാരികമാകാവുന്ന ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ട അവധാനത സര്‍ക്കാര്‍ പുലര്‍ത്തിയില്ല. പകരം പെയ്ഡ് ന്യൂസുകളുടെ പിന്തുണയോടെ നവോത്ഥാന നായകനാണ് താനെന്ന ഇമേജ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നവോത്ഥാനത്തിന്റെ അതിപ്രധാനമായ ഭൂ അവകാശത്തില്‍ നിന്ന് ഭൂമാഫിയകളുടെ ഒപ്പം നിന്ന് ദലിത്-പിന്നാക്ക ജനവിഭാഗങ്ങളെ മാറ്റിനിര്‍ത്തുന്ന, അധികാര പങ്കാളിത്തത്തില്‍ നിന്ന് അതേ ജന വിഭാഗങ്ങളെ സംവരണ അട്ടിമറിയിലൂടെ അകറ്റി നിര്‍ത്തുന്ന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നയാള്‍ തന്നെ നവോത്ഥാന നായക പരിവേഷത്തില്‍ വരുന്ന പരിഹാസ്യമായ കാഴ്ചയാണ് കാണാനാവുന്നത്.

വിലക്കയറ്റം മൂലം പൊറുതി മുട്ടുകയാണ് ജനം. ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന വില നിയന്ത്രണ അഥോറിറ്റിയെപ്പറ്റി ആയിരം ദിവസമായിട്ടും ഒരു വാക്കും പറഞ്ഞിട്ടില്ല. പൊതു വിതരണ മേഖല താറുമാറായിക്കഴിഞ്ഞു. നരേന്ദ്ര മോദിയുടെ ശൈലിയും ഭാവവും അനുകരിച്ച് ഏകാധിപതിയാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. മോദിയുടെ കാബിനറ്റ് പോലെ മറ്റുമന്ത്രിമാരെ നിഷ്പ്രഭമാക്കുന്ന ശൈലിയാണ് കേരള മുഖ്യമന്ത്രിയുടേതും. കേരളത്തിലെ മറ്റുമന്ത്രിമാര്‍ ആരെന്നുപോലും ജനങ്ങള്‍ക്കറിയാത്ത അവസ്ഥയാണുള്ളത്. ഒരു മന്ത്രിയെ ജനമറിഞ്ഞത് പ്രളയകാലത്ത് ജര്‍മനി സന്ദര്‍ശിച്ചതിനാലാണ്. പി.എസ്.സി പരീക്ഷയെഴുതുന്നവര്‍ നിര്‍ബന്ധിതമായി മന്ത്രിമാരുടെ പേരും വകുപ്പും പഠിക്കേണ്ടി വരുന്നു എന്നതുകൊണ്ട ആ മേഖലയിലുള്ളവര്‍ക്ക് ഒരു പക്ഷേ അറിയുമായിരിക്കാം.

അദാനിയുടെ വിഴിഞ്ഞം പദ്ധതി ശരിയാക്കാന്‍ പ്രളയകാലത്തുപോലും കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അടച്ചിട്ട ക്വാറികള്‍ തുറന്നു കൊടുത്ത ഭരണമാണ് കേരളത്തിലേത്. ഹാരിസണിനും ടാറ്റയ്ക്കും അതുപോലയുള്ള കോര്‍പ്പറേറ്റ് ഭൂമാഫിയകള്‍ക്കും മദ്യമാഫിയകള്‍ക്കും വേണ്ടി ഉണര്‍ന്നിരിക്കുന്ന ആയിരം നാളുകളാണ് പിന്നിട്ടത്. ഓഖി ദുരന്തത്തിലെ ഇരകള്‍ക്കോ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കോ സ്വാന്തനം നല്‍കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരും. ആയിരം ദിനങ്ങള്‍കൊണ്ട് എല്‍.ഡി.എഫ് ശരിയാക്കിയത് ഇതെല്ലാമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757