culturalzero hour

കൂത്ത്; കള്ളന്‍ കാവല്‍ക്കാരനും തെരഞ്ഞെടുപ്പു ‘കമ്മീഷനും’ – ചാക്യാര്‍

 

കൊട്ടും കുരവയുമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു. ചാക്യാരത് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. കാരണം, ഇന്ത്യ അതിമഹത്തായ ജനാധിപത്യ രാജ്യമാണെന്ന ബോധം വരുന്ന വേളയാണല്ലോ കടന്നുവരുന്നത്. നേതാക്കള്‍ മണ്ണിലിറങ്ങുകയും മനസ് നന്നാക്കുകയും മനുഷ്യനെ തേടിയലയുകയും നട്ടം തിരിയുകയും കോലം കെട്ടുകയുമൊക്കെ ചെയ്യുന്ന കാലം. ചാക്യാര്‍ക്കീ അഭ്യാസങ്ങളെല്ലാം കാണുമ്പോള്‍ ചിരി വരും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വതന്ത്ര സ്വതന്ത്രസ്ഥാപനമാണെന്നാണല്ലോ പറഞ്ഞുകേട്ടിട്ടുള്ളതും, പബ്ലിക്‌സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷക്ക് ഉത്തരമെഴുതിയിട്ടുള്ളതും. പക്ഷേ, കാവല്‍ക്കാരന്‍ തന്നെ കള്ളനാകുന്ന കലികാലമാണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ കമ്മീഷനിലും മായം കലര്‍ന്നോവെന്ന സംശയം ഇല്ലാതില്ല. ഇപ്രാവിശ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നമ്മുടെ കമ്മീഷന് ഇത്തിരി മടിയായിരുന്നുപോലും. മോദിക്ക് കുറേ യാത്രകള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഉദ്ഘാടന മഹാമഹങ്ങള്‍ നാടുനീളെ പൂര്‍ത്തീകരിക്കാനുണ്ടായിരുന്നു. ഇതെല്ലാം വിളിച്ചുപറയേണ്ട പത്രക്കാരും കണ്ണടച്ചു പാലുകുടിച്ചു. കാരണം, മോദിയെ പുകഴ്ത്തുന്ന പരസ്യങ്ങള്‍ അവര്‍ക്ക് മുറപോലെ ലഭിക്കുന്നുണ്ടായിരുന്നു. പണത്തിനുമുകളില്‍ പരുന്തും പറക്കില്ലല്ലോ.

ചായക്കാരെ മറന്നു മോദി കാവല്‍ക്കാരുടെ കൂടെ കൂടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രത്യേകത. ചായക്കാരനായിരുന്നുവെന്ന് പറഞ്ഞാണല്ലോ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മോദി വോട്ടു പിടിച്ചത്. ഇപ്പോള്‍ കാവല്‍ക്കാരുടെ സന്തതി പരമ്പരകളില്‍പ്പെട്ടവാനാണെന്ന് പറയാനുള്ള സാധ്യതയുണ്ട്. കൃത്യസമയത്താണ് രാഹുല്‍ ചൗകീദാര്‍ ചോര്‍ ഹേ എന്നു പറഞ്ഞത്. അര ഗ്രാം പശുവിറച്ചിയുമായി ഭാരതത്തിന്റെ ഏതെങ്കിലും കുഗ്രാമത്തിലൂടെ ഒരു മുസ്‌ലിമോ ദലിതനോ നടന്നാല്‍ അവനെ പിടിച്ചു തല്ലികൊല്ലുന്ന ഇന്റലിജന്‍സ് സംവിധാനം ശക്തമായ നാട്ടിലാണ് സൈനിക കേന്ദ്രങ്ങളേയും സൈനികരേയും ആക്രമിക്കുന്ന സമയത്ത് കാവല്‍ക്കാര്‍ക്ക് നോക്കിനില്‍ക്കാന്‍ മാത്രം കഴിയുന്നത്. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ബോംബാക്രമണം നടത്തിയതായും 250 പേര്‍ കൊല്ലപ്പെട്ടതായും രാജ്യത്തെ ആദ്യമറിയിച്ചത് മോദിയും അമിത് ഷായുമാണ്. സംഭവസ്ഥലത്ത് നിന്നും മുന്നൂറ് മൊബൈല്‍ഫോണുകള്‍ കണ്ടു കിട്ടിയതായി രാജ്‌നാഥ് സിങ്ങും അറിയിച്ചിരുന്നു. വിദൂരത്തുള്ള കാര്യങ്ങള്‍ വളരെ കൃത്യമായി അറിയുന്ന നമ്മുടെ വിദഗ്ദര്‍ക്ക് മൂക്കിന് താഴെയുള്ള അതീവ സുരക്ഷ മേഖലയായ പുല്‍വാമയിലേക്ക് 50 കിലേഗ്രാം സ്‌ഫോടന വസ്തുക്കള്‍ കടത്തിയതും അത് സൈനികവാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി നാല്‍പതിലധികം പട്ടാളക്കാരെ കുരുതി കൊടുത്തതും കണ്ടുപിടിക്കാനായില്ലെങ്കില്‍ കാവല്‍ക്കാരനെ തന്നെ കുറ്റം പറയാനേ പറ്റൂ. ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഉറി, ബാരമുല്ല തുടങ്ങിയ അതീവ സുരക്ഷിതമേഖലകളിലും ആക്രമണം നടന്നതും കാവല്‍ക്കാരനറിഞ്ഞിരുന്നില്ല. പുല്‍വാമ ആക്രമണം പ്രധാനമന്ത്രി അറിഞ്ഞത് സംഭവം നടന്ന് 25 മിനുറ്റ് വൈകിയാണത്രെ. ആക്രമണം നടക്കുന്ന സമയമദ്ധേഹം ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ ടൈഗര്‍ സഫാരി, എക്കോടൂറിസം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും സിനിമയിലഭിനയിക്കുകയും ചെയ്യുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഏതായാലും പണ്ടൊക്കെ ഭീകരാക്രമണങ്ങളില്‍ പ്രധാനമന്ത്രിമാരാണ് കൊല്ലപ്പെട്ടിരുന്നത്. അമ്മൂമയേയും അഛനേയും നഷ്ടപ്പെട്ടയാളാണല്ലോ രാഹുല്‍. ഇപ്പോള്‍ കൊല്ലപ്പെടുന്നത് പക്ഷേ, പാവം സൈനികരാണെന്നാണ് സൈനികരുടെ ഭാര്യമാര്‍ പറയുന്നത്. ഒരൊറ്റ രാഷ്ട്രീയനേതാക്കളേയും (പ്രത്യേകിച്ച് ബി.ജെ.പിയുടെ ) ഭീകരര്‍ ലക്ഷ്യമാക്കുന്നില്ല. അതിന്റെ ഗുട്ടന്‍സ് ചാക്യാര്‍ക്കാരെങ്കിലും ഒന്ന് പറഞ്ഞുതരണേ.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന വാക്കും വളരേ അര്‍ഥവത്താണ്. പേരിടുമ്പോള്‍ പെരുമ നടിച്ചുതന്നെ ഇടണമെന്നാണല്ലോ പ്രമാണം. ഏറ്റവും കൂടുതല്‍ കമ്മീഷന്‍ അടിച്ചു മാറ്റാന്‍ പറ്റുന്ന സമയമാണലോ ഇത്. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് എന്നാണല്ലോ പ്രമാണം. പോസ്റ്ററൊട്ടിക്കുന്നതിന്, മതില്‍ ചായം പൂശുന്നതിന്, വോട്ട് പിടിക്കുന്നതിന് അങ്ങിനെ തുടങ്ങി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ചു പിന്മാറുന്നതിന് വരേ ആളുകള്‍ക്ക് കമ്മീഷനുണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍. കാലുമാറ്റവും കോലംമാറ്റവും കൂറുമാറ്റവും തകൃതി. ബി.ജെ.പിയിലേക്ക് കാലുമാറുന്നവര്‍ക്ക് പ്രത്യേകിച്ച് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് തലസ്ഥാനത്തെ അങ്ങാടിപ്പാട്ട്. അല്ലെങ്കിലും കാലുമാറ്റക്കാരാല്‍ നയിക്കപ്പെടുന്ന പാര്‍ട്ടിയെന്ന പേര് അനുയോജ്യമാകുന്നത് ബി.ജെ.പിക്ക് തന്നെയാണ്. പാര്‍ട്ടി അധികാരമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരില്‍ നാലിലൊരുഭാഗം മറുകണ്ടം ചാടി മന്ത്രിയായവരാണ് ബി.ജെ.പിയില്‍. മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തി 24 മണിക്കൂറിനകം മന്ത്രിയായവരുമുണ്ട്. ഇപ്പോഴിതാ അവസാനമായി ടോംവടക്കനേയും അവര്‍ ചാക്കിട്ടു പിടിച്ചിട്ടുണ്ട്. മല്‍സരിക്കാന്‍ സീറ്റില്ലാത്തതിന്റെ പേരിലല്ല പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരിലാണ് ഈ പ്രമുഖഗാന്ധിയന്‍ പാര്‍ട്ടി വിടുന്നതുപോലും. ചാട്ടത്തിന്റെ കമ്മീഷന്‍ കണക്കുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ

ഈ ആത്മാര്‍ഥതക്കും രാജ്യസ്‌നേഹത്തിനും മുന്നില്‍ നമിക്കുകയാല്ലാതെ ചാക്യാര്‍ക്ക് പിന്നെ എന്തു ചെയ്യാനാകും. വടക്കന്‍ പിന്നെ പെട്ടി പിടിക്കുന്ന നേതാവായതുകൊണ്ട് കുഴപ്പമില്ല. തോമസ് മാഷെ പോലുള്ളവരും ചാഞ്ചാടി നില്‍ക്കുകയാണെന്നാണ് കേള്‍വി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയതിനു ശേഷമുള്ള ചിത്രമായിരിക്കും കമ്മീഷന്‍ എന്ന പേര് കൂടുതല്‍ പൊലിപ്പിക്കുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാതാകുമ്പോള്‍ വിലയേറിയ എം.പിമാരെ വില്‍പ്പനക്ക് വെക്കാനുളള സാധ്യത കൂടുതലാണ്. രാഹുലിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി തെരഞ്ഞെടുപ്പായിരിക്കില്ല തെരഞ്ഞെടുപ്പാനന്തരമുള്ള സാഹചര്യങ്ങളായിരിക്കും. സ്വന്തം കാലിലെ മണ്ണൊലിപ്പ് കാണാനുള്ള കരുത്ത് അദ്ധേഹത്തിനുണ്ടാവട്ടെയെന്ന് എല്ലാവരും പ്രാര്‍ഥിക്കുന്നത്. കാരണം, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. രാഹുലിനെ സംബന്ധിച്ചിടത്തോളം ഇതു ജീവന്‍ മരണേ പാരാട്ടം തന്നെയാണ്. പപ്പുവെന്ന് വിളിച്ചു പരിഹസിച്ച മോദിയേയും കൂട്ടരേയും സെമിഫൈനല്‍ പോരാട്ടത്തില്‍ പരാജയപ്പെടുത്താന്‍ രാഹുല്‍ ബ്രിഗേഡിന് കഴിഞ്ഞിട്ടുണ്ട്. ഫൈനലില്‍ അവര്‍ കളി മറക്കാതിരുന്നാല്‍ മതി. അതിനിടയില്‍ കേരളത്തിലെ കോണ്‍ഗ്രസ് തനിസ്വഭാവം കാണിച്ചു തുടങ്ങി. ഗ്രൂപ്പ് പോരുകളിലേക്ക് രാഹുലിനെ വലിച്ചിഴക്കുന്നതിന്റെ ഭാഗമായി വയനാട്ടിലേക്ക് ക്ഷണിച്ചുവരുത്തുകയാണ്. തൊഴിലിടക്കാന്‍ തന്നെ കേരളത്തിലിപ്പോള്‍ നിറയെ ഹിന്ദിക്കാരാണ്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനും അവര്‍ എത്തിത്തുടങ്ങിയോ എന്നാണ് ട്രോളര്‍മാരുടെ ആദ്യപ്രതികരണം. രാഹുല്‍ ഏതായാലും ആ പോരിലേക്ക് ഏത്തിച്ചേരില്ലെന്നാണ് ചാക്യാര്‍ കരുതുന്നത്. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് വെല്ലവിളി ഉയര്‍ത്തുന്നതിനുമുന്‍പ് രാഹുല്‍ജി ഒരു പട്ടിക തയ്യാറാക്കുന്നത് നന്നായിരിക്കും. പകല്‍ കോണ്‍ഗ്രസും രാത്രി ശാഖയിലും പോകുന്നവരുടെ പട്ടിക. ഒരു വഴിദൂരം പോകുമ്പോള്‍ ധൈര്യത്തിന് അതു കയ്യിലുണ്ടായിക്കോട്ടെ.

ബി.ജെ.പി ജയിച്ചാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ എന്ന സ്ഥാപനം മ്യൂസിയമായേക്കുമെന്ന പ്രവചനം ശക്തിപ്പെട്ടുവരുന്നുണ്ട്. സാക്ഷി മഹാരാജ് അതിലേക്ക് സൂചന നല്‍കി കഴിഞ്ഞു. 2019ലും മോദി ജയിച്ചാല്‍ ആയിരം കോടിയും ആളും അര്‍ഥവും ചെലവഴിച്ചു ഇനിയൊരു തെരഞ്ഞെടുപ്പും വേണ്ടിവരില്ലെന്നാണ് ഒരു പുരോഹിതനെന്ന നിലക്ക് ആദ്ധേഹം പറഞ്ഞുവെച്ചത്. എന്നാല്‍, തനിക്ക് ലോകസഭാ ടിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ ബി.ജെ.പിക്കെതിരായി പ്രവര്‍ത്തിക്കുമെന്നും ടിയാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്നിലക്കുള്ള ഗ്രൂപ്പുപോരുകളും ബി.ജെ.പിയില്‍ ശക്തിമാണ്. കേരളത്തിന്റെ കാര്യമാണ് രസകരം. തോല്‍ക്കാനായി മല്‍സരിക്കുന്നതിന് മഹാഭാരതയുദ്ധം നടത്തിത്തന്നെയാണ് കണ്ണന്താനവും സുരേന്ദ്രനുമൊക്കെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757