Opinion

ഉന്മൂലനത്തിന്റെ ഉയ്ഗൂര്‍ കാഴ്ചകള്‍ – സുഫീറ എരമംഗലം

 

ജാതീയതയുടെ വക്താക്കള്‍ ഭരണം നടത്തുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അപരവല്‍ക്കരണത്തിന്റെ ഭീതിയിലാണെങ്കില്‍ അയല്‍രാജ്യമായ ചൈനയിലും അവര്‍ ഭീതിയിലാണ്. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ജീവനെയും സ്വാതന്ത്ര്യത്തെയും ചവിട്ടിയരക്കുകയാണ് കമ്യൂണിസ്റ്റ്‌ചൈന. വ്യക്തിസ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്ന സാമൂഹിക അവസ്ഥയില്‍ ശ്വാസം മുട്ടിപ്പോലും ജീവിക്കുവാന്‍ അനുവദിക്കാതിരിക്കുന്ന ഫാഷിസ്റ്റ് സ്വേഛാധിപത്യം.

മാനവിക അപചയങ്ങളെ പരിപാലിക്കുന്നത് കമ്യൂണിസത്തിന്റെ കേദാരങ്ങളില്‍ നിന്നുതന്നെയാണ്. മൂലധന മുന്നേറ്റത്തിനിടെ സ്വരുക്കൂട്ടുന്ന വംശീയപീഡനങ്ങളും, മനുഷ്യാവകാശങ്ങളുടെയും മനുഷ്യത്വത്തിന്റെയും ഉന്മൂലന ദൗത്യങ്ങളേറ്റെടുത്ത ഇരട്ടകളായി ഇടതുവലതു ചേരികള്‍ ഒറ്റ തിരിയുമ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവരെ ഒറ്റിക്കൊടുക്കുന്നവര്‍. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പുണ്ടായിട്ടും കമ്യൂണിസ്റ്റ് ഇരുമ്പുമറകള്‍ക്കുള്ളില്‍ തങ്ങളുടെ പാപകൃത്യങ്ങളെ അവര്‍ ഒളിപ്പിക്കുകയാണ്. പതിമൂന്ന് ലക്ഷത്തിലധികം ഉയ്ഗൂറുകള്‍ ചൈനയില്‍ ജയിലഴികള്‍ക്കുള്ളിലാണെന്ന് യു.എന്‍ അറിയിച്ചിട്ടും ഉപരോധം അടക്കമുള്ള ആയുധങ്ങളിലൂടെ ചൈനയെ ഒറ്റപ്പെടുത്താന്‍ ആരും തയാറാകുന്നില്ല. സാമ്പത്തിക തിരിച്ചടികളെയും രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും കുറിച്ച ഭയമാണ് രാഷ്ട്രങ്ങളെ മൗനത്തിലാക്കുന്നത്.

മധ്യ മംഗോളിയയിലെ ഒര്‍ഹോണ്‍ നദീതീരത്ത് എട്ടാം നൂറ്റാണ്ടില്‍ വേരൂന്നിയ ഒരു വംശമാണ് ഉയ്ഗൂര്‍. ക്രി. 840 ല്‍ കിര്‍ഗിസുകാര്‍ ഉയ്ഗൂര്‍ ആക്രമിച്ചപ്പോള്‍ ടിയാന്‍ ഷാന്‍ പര്‍വത നിരകളുടെ താഴ്‌വാരങ്ങളിലേക്ക് ഇവര്‍ കുടിയേറി. ഭാഷയുടേയും സംസ്‌കാരത്തിന്റേയും സവിശേഷ ഗുണങ്ങളാല്‍ 12ാം നൂറ്റാണ്ടോടിനകം ഉയ്ഗൂര്‍ വംശം പ്രശസ്തമായി. എന്നാല്‍, 13ാം നൂറ്റാണ്ടിലെ മംഗോളുകാരുടെ ആക്രമണം ഉയ്ഗൂര്‍ വംശത്തെ ശിഥിലമാക്കി. ചരിത്രപരമായും രാഷ്ട്രീയമായും പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗമാണവര്‍. പലായനം ചെയ്ത ഉയ്ഗൂറുകളില്‍ ഭൂരിഭാഗവും ആധുനിക ചൈനയിലെ വടക്കു-പടിഞ്ഞാറന്‍ പ്രദേശമായ സിന്‍ജിയാങ്ങില്‍ അധിവാസമുറപ്പിച്ചവരാണ്. തുര്‍ക്കി ഭാഷാവിഭാഗത്തിലെ ഉയ്ഗൂര്‍ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്. കസാക്കിസ്ഥാ9, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്കി എന്നിവയാണ് ഉയ്ഗൂര്‍ജനങ്ങള്‍ അധിവസിക്കുന്ന മറ്റു രാജ്യങ്ങള്‍. അഫ്ഗാന്‍, ജര്‍മനി, ബെല്‍ജിയം, നെതര്‍ലാന്റ്്, നോര്‍വേ, റഷ്യ, സ്വീഡന്‍, സഊദി അറേബ്യ, ഓസ്‌ട്രേലിയ, കാനഡ, യു. എസ് തുടങ്ങിയ രാജ്യങ്ങളിലും ഉയ്ഗൂറുകള്‍ ഉണ്ടെങ്കിലും നാമമാത്രമാണ്. സിന്‍ജിയാങ് വീഗണ്‍ ഒട്ടോണമസ് റീജിയണ്‍ എന്ന വിശേഷണമുള്ള ഉയ്ഗൂര്‍ ദേശത്ത തദ്ദേശീയര്‍ ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ എന്നാണ് വിളിക്കുന്നത്. 1949 ല്‍ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അധിനിവേശം നടത്തി തങ്ങളുട കോളനിയാക്കി മാറ്റിയ പ്രദേശത്ത പ്രത്യേക വിഭാഗത്തിനെതിരെ ചിന്തിക്കുവാന്‍ ഭരണകൂടം തന്നെ ഹാന്‍ വംശജര്‍ക്ക് പ്രോല്‍സാഹനം നല്‍കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്.

പതിനൊന്ന് മില്യണ്‍ മുസ്‌ലിംകളുള്ള സിന്‍ജിയാങ് പ്രവിശ്യയില്‍ 1.1 മില്യണോളം പേര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അകപ്പെട്ടിരിക്കുകയാണെന്ന് ആഗോള മനുഷ്യാവകാശ വിഭാഗം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തടങ്കലിലടക്കപ്പെട്ടവര്‍ രണ്ട് മില്യണില്‍ കൂടുമെന്നാണ് വംശവെറിക്കെതിരെ പ്രവര്‍ത്തിക്കുന്ന യു.എന്‍ സമിതി തലവന്‍ ഗേ മക്ഡഗല്‍ പറയുന്നത്. അറസ്റ്റ് ചെയ്യപ്പെടുകയും വാസസ്ഥലങ്ങളില്‍ നിന്ന് അകറ്റപ്പെടുകയും ചെയ്യുന്ന ഉയ്ഗൂര്‍ വംശജരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തടവുകാര്‍ സ്വന്തം വിശ്വാസം ഉപേക്ഷിക്കുവാനും കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചരണഗാനങ്ങള്‍ മണിക്കൂറുകളോളം ആലപിക്കുവാനും നിര്‍ബന്ധിതരാവുന്നുവെന്നും യു.എന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സൈഗാള്‍ സാമുവേല്‍ അറ്റ്‌ലാന്റിക്കില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തടവുകാരുടെ വിശ്വാസത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും ഹനിച്ചുകൊണ്ട് പന്നിമാംസവും മദ്യവും നിര്‍ബന്ധപൂര്‍വം ഭക്ഷിപ്പിക്കുകയും താടി വടിക്കുകയും ചെയ്യുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ മുഴുവന്‍ ഉയ്ഗൂര്‍ പ്രജകള്‍ക്കും നേരെ കഠിനപീഢനങ്ങള്‍ തൊടുത്തുവിടുന്ന ചൈനീസ് ഭരണകൂടത്തിനനെതിരായ യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടും ആഗോളതലത്തില്‍ സമ്മര്‍ദ്ധ ശക്തികള്‍ ചൈനക്കെതിരായി ശക്തിപ്പെട്ടിട്ടില്ല. സാമ്പത്തികവും രാഷ്ട്രീയവുമായ താല്‍പര്യങ്ങള്‍ മൂലം ലോകരാഷ്ട്രങ്ങള്‍ ഇടപെടുവാന്‍ മടിച്ചുകൊണ്ടിരിക്കുന്നു. 2001 സെപ്റ്റംബര്‍ 11 സംഭവശേഷം ആഗോളതലത്തില്‍ ആസൂത്രിതമായി മുസ്‌ലിംവിരുദ്ധത പടര്‍ന്നതിന്റെ ഭാഗമായിത്തന്നെയാണിത്. ഇസ് ലാമോഫോബിയയുടെ തണലുപറ്റിത്തന്നെയാണ് അന്ധവും വിനാശകരവുമായ ദേശീയതയെ ചൈനീസ് ഭരണകൂടം പ്രമോട്ടു ചെയ്യുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭീകര വിരുദ്ധകാമ്പയിന്‍ ഇന്നെത്തിനില്‍ക്കുന്നത് വംശീയതയില്‍ ഊന്നിയ ഉന്മൂലനരാഷ്ര്ട്രീയത്തിന്റെ വ്യാപനത്തിലേക്കാണ്. ഭീകരതയെയും തീവ്രവാദത്തെയും ഒരു വിഭാഗത്തെ ആക്രമിക്കുവാനുള്ള ആയുധമാക്കുന്നതില്‍ അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിലുള്ള വലതുപക്ഷ ഗൂഢാലോചനയാണ് വിജയം കാണുന്നത്. സിറിയ, യമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ പൗരസ്ത്യ രാജ്യങ്ങളില്‍ ഭീകരവിരുദ്ധതയുടെ പേരില്‍തന്നെ ഭീകരതാനിര്‍മാതാക്കളായ പാശ്ചാത്യ വലതുപക്ഷ ശക്തികള്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുകയുണ്ടായല്ലൊ. തന്മൂലം ഉടലെടുത്ത രാഷ്ട്രീയ-സാമ്പത്തിക അരക്ഷിതത്വവും കാലുഷ്യങ്ങളുമാണ് അഭയാര്‍ഥികളുടെ വന്‍തോതിലുള്ള പലായനങ്ങളെ സൃഷ്ടിച്ചത്. അഭയാര്‍ത്ഥികളെ സൃഷ്ടിച്ച വലതുശക്തികള്‍ തന്നെ അവര്‍ക്കെതിരായി നിലകൊള്ളുകയാണ്. വംശീയതയുടേതായ ദേശീയവികാരം ഇളക്കിവിട്ടുകൊണ്ടാണ് വലതുപക്ഷ ഫാഷിസം കുടിയേറ്റക്കാരെ തുരത്തിക്കൊണ്ടിരിക്കുന്നത്. അധിനിവേശത്തിന്റെ വലതുപക്ഷരീതി തന്നെയാണ് ചൈനയുടെ കമ്യൂണിസ്റ്റ് ഇരുട്ടു മറക്കുള്ളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിടാത്ത പോലീസ് സംവിധാനം അവരുടെ വീടുകളുടെ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുകയാണ്. ഏതു നിമിഷവും വാതില്‍ ചവിട്ടിത്തുറന്ന് രഹസ്യസങ്കേതങ്ങളിലെത്തിച്ച് പീഡനമുറകള്‍ക്ക് തങ്ങള്‍ വിധേയരാകും എന്നവര്‍ക്കറിയാം. ഇത്തരം ആശങ്കകളും അരക്ഷിതാവസ്ഥകളും ചേര്‍ന്ന് ജീവിതം നരകീയമാക്കുന്നതിനു പിന്നില്‍ കടുത്ത മുസ്‌ലിം വിരോധമാണ്. വാഷിംങ്ടണിലെ നാഷണല്‍ പ്രസ്‌ക്ലബില്‍ വെച്ച് മിഹൃഗുല്‍ ടുര്‍സുന്‍ എന്ന 29 കാരി ലോകത്തോടു പങ്കുവെച്ച പീഡനക്കഥകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ചൈനയില്‍ ജനിച്ചുവളര്‍ന്ന ടുര്‍സുന്‍ പഠനത്തിനായി ഈജിപ്റ്റിലേക്കു പോവുകയും ഉപരിപഠനശേഷം വിവാഹിതയാവുകയും ചെയ്തു. ആദ്യപ്രസവത്തില്‍ ജനിച്ച മൂന്നുകുട്ടികളുമായി ജന്മനാട്ടിലെത്തിയ ഉടന്‍ അവരെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന പേരില്‍ 2015ല്‍ അറസ്റ്റുചെയ്യുകയും കുഞ്ഞുങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തു. തലമൊട്ടയടിക്കുകയും വൈദ്യുതി പ്രവഹിക്കുന്നതരം ഹെല്‍മറ്റ് ധരിപ്പിച്ച് നിരന്തരം ഷോക്കടിപ്പിക്കുകയും ചെയ്തു. മൂന്നുമാസങ്ങള്‍ക്കു ശേഷം വിട്ടയച്ചപ്പോഴേക്കും കുഞ്ഞുങ്ങളിലൊരാള്‍ മരണപ്പെടുകയും രണ്ടു കുഞ്ഞുങ്ങള്‍ രോഗബാധിതരാവുകയും ചെയ്തിരുന്നു. ഇത്തരം കഠിനമായ തടങ്കലുകള്‍ക്ക് മൂന്നു തവണയാണ് അവര്‍ വിധേയയായത്. പീഡനപാരമ്യങ്ങള്‍ക്കിടെ ഒരുപാട് തവണ മരണത്തിലൂടെയുള്ള വേദനാമുക്തി അവര്‍ തീവ്രമായി ആഗ്രഹിച്ചു. സുരക്ഷാക്യാമറകള്‍ക്കു മുന്നിലായിരുന്നു പ്രാഥമികദൗത്യങ്ങള്‍ പോലും നിര്‍വഹിക്കേണ്ടിയിരുന്നത്. തടങ്കലിലെ സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നുകള്‍ കഴിച്ച് ബ്ലീഡിങ് ഉണ്ടാവുകയും വായില്‍ നിന്ന് നുരയും പതയും വന്ന് ബോധരഹിതയാവുകയും ചെയ്തു. മറ്റുപലര്‍ക്കും ആര്‍ത്തവം നിലക്കുകയുണ്ടായി. മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ടുര്‍സുന്‍ തന്റെ കദനകഥ വെളിപ്പെടുത്തിയത്. അമേരിക്കയിലെ വിര്‍ജീനിയയില്‍ അഭയംതേടിയിരിക്കുകയാണ് അവരിപ്പോള്‍. യു.എന്‍ മനുഷ്യാവകാശപ്രവര്‍ത്തകനായ സോഫി റിച്ചാര്‍ഡ്‌സ് ആണ് ഉയ്ഗൂര്‍ അനുഭവിക്കുന്ന പീഡനപര്‍വങ്ങളെ തുറന്നുകാട്ടിയത്. മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പൂര്‍ണമായ വിലക്കാണ് ഉയ്ഗൂരിലുള്ളത്. അമേരിക്കയില്‍ ട്രംപ് പാസാക്കിയ കുടിയേറ്റവിരുദ്ധമായ സീറോ ടോളറന്‍സ് നയത്തെയും, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും 2300 ല്‍ അധികം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്തതിനെതിരെ അമേരിക്കയില്‍ നിന്നുതന്നെ ചെറുത്തുനില്‍പുകള്‍ ഉണ്ടായി. തുടര്‍ന്ന് പ്രസ്തുത നീക്കങ്ങളില്‍ നിന്ന് പിന്‍തിരിയുവാന്‍ അമേരിക്ക നിര്‍ബന്ധിതമായി. അവയെയെല്ലാം കടത്തിവെട്ടുന്ന, ചെറുത്തു നില്‍പുകളെ അടിച്ചമര്‍ത്തുന്ന ക്രൂരതകളാണ് സ്വന്തം മണ്ണിലെ ഒരു വിഭാഗം ജനതയോട് ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

സ്വന്തം വിശ്വാസ പാലനങ്ങളില്‍ നിന്ന് കര്‍ക്കശമായി പിന്തിരിപ്പിക്കുകയും നിരീശ്വരത്വം അടിച്ചേല്‍പിക്കുകയും ചെയ്യുകയാണ്. മസ്തിഷ്‌കപ്രക്ഷാളനത്തിനായി ദീര്‍ഘകാലം കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നത് കുടുംബാംഗങ്ങളെ പരസ്പരം വേര്‍പെടുത്തിക്കൊണ്ടാണ്. കുഞ്ഞുങ്ങളെ മാതാക്കളെ താമസിപ്പിച്ച ക്യാമ്പുകളില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ക്യാമ്പുകളില്‍ താമസിപ്പിക്കുന്നത് പരസ്പരം കാണുമെന്ന പ്രതീക്ഷയെപ്പോലും അസ്ഥാനത്താക്കിയാണ്. ഓരോ ഉയ്ഗൂരിയുടെയും ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുകയും ക്യൂ.ആര്‍.കോഡ് നിര്‍മിക്കുകയും ചെയ്തു കൊണ്ട് ആജീവനാന്തം ഭരണകൂടത്താല്‍ നിരീക്ഷിക്കപ്പെടുന്നു. ഓരോ വീടിനുമുന്നിലും മൊബൈല്‍ഫോണില്‍ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ വെളിവാകും. വീട്ടിനകത്തെ വിരുന്നുകാരെക്കുറിച്ച വിവരങ്ങള്‍ വരെ രഹസ്യാന്വേഷകര്‍ക്ക് ലഭ്യമാകും. സഞ്ചാരസ്വാതന്ത്ര്യവും വിവരസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും പാടെ നിഷേധിച്ചുകൊണ്ട് ഒരു ജനതയെ കൊല്ലാക്കൊല ചെയ്യുന്നതിനെതിരെ സ്വന്തം ദേശത്തുനിന്ന് പ്രതിഷേധസ്വരങ്ങളെ മുളയിലേ നുളളിക്കളയുകയും അടിച്ചമര്‍ത്തുകയുമാണ് ചൈനയിലെ കമമ്്യൂണിസ്റ്റ് ഭരണകൂടം. പതിനായിരങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്ന നിരവധി തടങ്കല്‍ പാളയങ്ങളുടെ ആകാശദൃശ്യങ്ങള്‍ കനേഡിയ9ന്‍ വിദ്യാര്‍ഥിയായ ഷാങ്ഹായ് പകര്‍ത്തിയതില്‍ നിന്നും അവയുടെ ദുഷ്‌കരവാര്‍ത്തകള്‍ പുറംലോകത്തേക്ക് വീണ്ടും പ്രസരിച്ചു തുടങ്ങി. ഇന്റര്‍നെറ്റ് ബന്ധത്തില്‍ നിന്നും മറ്റു ബാഹ്യബന്ധങ്ങളില്‍ നിന്നും ഒരു പ്രദേശത്തെ ഒറ്റപ്പെടുത്തി കനത്ത വേലിക്കെട്ടുകള്‍ക്കുള്ളില്‍ കാലികളെപ്പോലെ (കാലികളോടൊപ്പവും) കെട്ടിയിടപ്പെട്ട ഒരു ജനത. 21-ാം നൂറ്റാണ്ടിലും അന്ധകാരയുഗങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ ലോകം ലജ്ജിക്കേണ്ടിയിരിക്കുന്നു.

സിഞ്ജിയാങ് പാര്‍ട്ടി സെക്രട്ടറിയായി ചെന്‍ക്വന്‍ഗോ 2016 ല്‍ നിയമിതനായതിനു ശേഷം കമ്യൂണിസ്റ്റ് കാര്‍ക്കശ്യം കൂടുതല്‍ പ്രകടമായി. ട്രെയിന്‍,ബസ് സ്റ്റാന്റെ്, റോഡുകള്‍ തുടങ്ങിയ പൊതു ഇടങ്ങളിലുടനീളം ഉയ്ഗൂറുകള്‍ക്കു മാത്രമായി ക്യാമറകള്‍, ഐറിസ് സ്‌കാനര്‍, മെറ്റല്‍ ഡിറ്റക്റ്ററുകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഡി.എന്‍.എ സാമ്പിളുകള്‍ നിര്‍ബന്ധപൂര്‍വം ശേഖരിച്ച് ഒരു ബയോളജിക്കല്‍ ഡാറ്റാബേസ് വികസിക്കുന്നതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2017 ല്‍ കുടുംബമായിത്തീരുക (becoming family) എന്ന പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സിന്‍ജിയാങിലെ വീടുകളിലേക്ക് കടന്നുചെന്ന് സ്ഥിരതാമസമാക്കുകയുണ്ടായി. ഉയ്ഗൂറുകളുടെ ജീവിതരീതികള്‍ നിരീക്ഷിക്കുകയും അവരുടെ സ്വകാര്യതകളില്‍പോലും മതപരമായ സാംസ്‌കാരിക അടയാളങ്ങളുണ്ടെങ്കില്‍ ഭരണകൂടത്തിന് റിപ്പോര്‍ട്ട് ചെയ്യുകയുമാണ് ഇതിനു പിന്നില്‍. അഭിവാദ്യരീതികള്‍, നമസ്‌കാരം, ഹലാല്‍ ഭക്ഷണം, തല മറക്കല്‍, താടി തുടങ്ങിയ സ്വത്വ ചിഹ്നങ്ങള്‍ വരെ ഭീകര നിയമത്തിന്റേയും ഭീകരതയുടേയും പരിധിയില്‍ വരുന്നതിനാല്‍ അവക്കെല്ലാം കൂച്ചുവിലങ്ങിടുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഗാര്‍ഹികാധിനിവേശം. സ്വകാര്യതകള്‍ ചോര്‍ത്തിക്കൊടുക്കുന്നവര്‍ക്കും നോമ്പ്, പ്രാര്‍ഥനകള്‍ തുടങ്ങിയ മതാനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുന്നവരെക്കുറിച്ച അറിയിപ്പുകള്‍ക്കും വന്‍തുകകളാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലെ ഹാന്‍ വംശീയതയുമായി ചേര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ന്യൂനപക്ഷവിരുദ്ധത കടുത്ത ഫാഷിസം തന്നെയാണ്. ഉക്രൈയ്‌നില്‍ റഷ്യന്‍ വംശീയത പയറ്റി ക്രീമിയ പിടിച്ചെടുത്ത കമ്യൂണിസ്റ്റ് ചരിത്രവും, മാവോസെതുങിന്റെ സാംസ്‌കാരിക അടിച്ചമര്‍ത്തലുകളും ലോകം മറന്നിട്ടില്ല.

വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ അബ്ദുറഹീം ഹെയ്തിയെ തടങ്കലിലിട്ട് എട്ടുവര്‍ഷത്തിനുശേഷം അദ്ദേഹം കൊല്ലപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ദുരൂഹവധത്തെത്തുടര്‍ന്ന് ആഗോള മനുഷ്യാവകാശ ശബ്ദങ്ങള്‍ ചൈനക്കെതിരെ വന്‍തോതിലുണ്ടായി. ബുദ്ധിജീവികളുള്‍പ്പെടുന്ന നിരവധി പൊതു വ്യക്തിത്വങ്ങളെയാണ് നിരവധി വര്‍ഷങ്ങളായി ചൈന രഹസ്യകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. മതപണ്ഡിതനായ മുഹമ്മദ് സാലിഹ് ഹാജി തടവിലിരിക്കെ മരണപ്പെടുകയുണ്ടായി. മിതവാദ ബുദ്ധിജീവി ഇല്‍ഹാം തൊഹ്തി, പ്രഫഷണല്‍ ഫുട്‌ബോളര്‍ ഇര്‍ഫാന്‍ ഹെസിം, പ്രമുഖ സംഗീതജ്ഞന്‍ അബലാബന്‍ അയ്യൂബ്, സിന്‍ജിയാംങ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാഹിലെ ദാവൂദ് തുടങ്ങിയ പ്രമുഖര്‍ തടങ്കല്‍ ജീവിതത്തിലാണ്.

പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ ചൈനക്കെതിരായാല്‍ ചൈനീസ് സാമ്പത്തികസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. പശ്ചിമേഷ്യയുമായുള്ള ഇറക്കുമതി വ്യാപാരമേല്‍ക്കോയ്മ ചൈനീസ് സമ്പദ്സ്ഥിതിക്ക് അവഗണിക്കാവതല്ല. തുര്‍ക്കിയാണ് ഏറ്റവുമൊടുവില്‍ ചൈനയുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. സാമ്പത്തികശക്തിയുള്ള കമ്യൂണിസ്റ്റ് രാജ്യമെന്ന നിലയില്‍ ചൈനയോടുള്ള എതിര്‍പ്പിനാലാണ് അമേരിക്ക ഉയ്ഗൂറുകള്‍ക്കൊപ്പം നില്‍ക്കുന്നത്. വിവിധ രാഷ്ട്രങ്ങള്‍ ദുഷ്‌ചെയ്തികള്‍ക്കെതിരെ ചൈനയെ സമ്മര്‍ദ്ധപ്പെടുത്തേണ്ടതുണ്ട്.

വിമോചനത്തിന്റെ പ്രത്യയശാസ്ത്രമായ കമ്യൂണിസത്തിന്റെ ആത്യന്തികത തീവ്രദേശീയതയിലേക്കും വംശീയതയിലേക്കും എത്തുന്നതാണെന്നതിന് ചരിത്രം സാക്ഷി. ജനാധിപത്യം തൊട്ടുതീണ്ടാത്ത വംശീയ സമീപനങ്ങള്‍ ഇല്ലാതാക്കുന്നത് പാര്‍ശ്വവല്‍കൃതരെയും മാനവികതയെയുമാണ്. കമ്യൂണിസ്റ്റ് ഗാനങ്ങളും പ്രതിജ്ഞകളും നിര്‍ബന്ധപൂര്‍വം ആലപിപ്പിക്കുകയും സ്വന്തം വിശ്വാസപ്രമാണങ്ങളുടെ പേരില്‍ പീഡിപ്പിക്കുകയും ചെയ്യുന്ന ഫാഷിസത്തിന്റെ സാംസ്‌കാരികമായ അസഹിഷ്ണുതകളും തുടച്ചു നീക്കലുകളും വിവരണാതീതമാണ്. സ്വയം നിര്‍ണയാവകാശത്തിന്റെ ജീവശ്വാസം പോലും അനുവദിക്കാത്ത ഉയ്ഗൂറനുഭവങ്ങളും വിവിധ കമ്യൂണിസ്റ്റ് സന്ദര്‍ഭങ്ങളിലെ കാര്‍ക്കശ്യ പരിണതികളും അനവധിയാണ്. ചോരയിലെ ചുകപ്പിനെപ്പോലും വേര്‍തിരിച്ചു കാണുന്നവര്‍ മാവോവാദികളുടെ സാങ്കല്‍പിക വിപ്ലവങ്ങള്‍ക്കുമേല്‍ നിറതോക്കുകള്‍ ഗര്‍ജിക്കുമ്പോള്‍ വെടിയുണ്ടകള്‍ക്കും ചുവപ്പുനിറമാകുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757