Opinion

ആയിരം പിന്നിട്ട ആഘോഷ ഭരണം – വൈ. രിജു

 

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കിയതിന്റെ അര്‍മാദാഘോഷങ്ങളിലായിരുന്നു കഴിഞ്ഞ ഫെബ്രുവരി 20 മുതല്‍ 27 വരെ കേരള സര്‍ക്കാര്‍. ഈ ഉത്സവം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്; നിരവധി പ്രതിസന്ധികള്‍ക്കിടയിലും കേരളത്തെ പുതിയൊരു ദിശയിലേക്കു നയിക്കാനും പുരോഗതിയുടെയും വികസനത്തിന്റെയും പാത വെട്ടിത്തെളിക്കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ പ്രളയം കടന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനാണ് പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാരിന്റെ ഊന്നലും കരുതലും.

പ്രളയാനന്തര നവകേരള സൃഷ്ടിയിലാണ് തങ്ങളുടെ കരുതലും ഊന്നലും എന്ന് നിരന്തരം ആവര്‍ത്തിക്കുന്ന സര്‍ക്കാര്‍ പക്ഷേ, ദൗത്യം മറന്ന് പ്രകടനപരതയിലും വെറും വീരസ്യം പറച്ചിലുമാണ് അഭിരമിക്കുന്നത്. അഞ്ഞൂറോളം പേരുടെ ജീവനാശവും, റോഡും വീടും ജീവനോപാധികളുമടക്കം നാല്‍പ്പതിനായിരം കോടി രൂപയുടെ നാശനഷ്ടങ്ങളുമാണ് മഹാപ്രളയം വരുത്തിവെച്ചത്. ദുരന്തനിവാരണത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തെല്ലും സജ്ജമല്ലാതിരുന്ന സര്‍ക്കാരിനെ യഥാര്‍ഥത്തില്‍ സംരക്ഷിച്ച് നിര്‍ത്തിയത് മലയാളി ഉയര്‍ത്തിയ മഹിതമായ സാഹോദര്യബോധവും മാനവിക മൂല്യങ്ങളുമാണ്. മത്സ്യത്തൊഴിലാളികളും സന്നദ്ധ സംഘടനകളും മത രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകളും യുവാക്കളുമെല്ലാം കൈകോര്‍ത്ത് പിടിച്ച് കേരളത്തെ കരകയറ്റാന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ലോഭമായ സഹകരണമാണ് കേരളത്തിന് പുതുജീവന്‍ നേടി കൊടുത്തത്. ആസൂത്രണ പിഴവിന്റെയും അനാസ്ഥയുടെയും നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടും ദുരന്തം മുന്‍നിര്‍ത്തി ഏറെ സൗമനസ്യമാണ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ പോലും സര്‍ക്കാരിനോട് പുലര്‍ത്തിയത്.

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമായി
സഹായധനവും സാമഗ്രികളും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തി. മുന്‍ അനുഭവങ്ങളില്‍ നിന്നും ഭിന്നമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ ആളുകള്‍ കൂടുതല്‍ വിശ്വാസത്തിലെടുക്കുകയും കൂടുതല്‍ സഹായം അതിലേക്ക് വന്നുചേരുകയും ചെയ്തു. സ്‌കൂള്‍ കലോത്സവങ്ങള്‍ ഒഴിവാക്കുക, കായിക മേള പരിമിതപ്പെടുത്തുക, ചലച്ചിത്രമേളയുടെ സര്‍ക്കാര്‍ സഹായം ഗണ്യമായി വെട്ടിക്കുറച്ച് ആഘോഷങ്ങള്‍ ഒഴിവാക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ഒഴിവാക്കുക.. തുടങ്ങി ദുരന്തത്തെ അതിജയിക്കാന്‍ ഒട്ടേറെ സാമ്പത്തിക അച്ചടക്ക നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോടും ജീവിത ചിലവ് ചുരുക്കി നവകേരള നിര്‍മിതിയില്‍ ഭാഗഭാക്കാവാന്‍ മുഖ്യമന്ത്രി ഉപദേശിച്ചു. ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നുവെങ്കിലും പൊതുവെ കേരളം അതിനെ സ്വീകരിച്ചു. ഇരട്ടിയിലേറെ പ്രവേശന ഫീസ് നല്‍കിയാണ് ആളുകള്‍ ചലച്ചിത്ര മേളക്കെത്തിയത്. ജീവനക്കാരും അധ്യാപകരും തങ്ങളോടുള്ള വെല്ലുവിളി (സാലറി ചലഞ്ച്) ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിന് നല്‍കി.
എന്നാല്‍, 2018 സെപ്തംബര്‍ 28ന് പുറത്തുവന്ന സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിധിയോടെ സര്‍ക്കാരിന്റെ നവകേരളത്തിനെ കുറിച്ച കരുതല്‍ തകിടം മറിയുകയും അത് ‘നവോത്ഥാന ‘ത്തിന് വഴിമാറുന്ന കാഴ്ചയുമാണ് കേരളം കണ്ടത്. പ്രളയദുരിതം അതിജീവിച്ച് ഒന്നര മാസം പിന്നിടുമ്പോള്‍ തന്നെ സാമ്പത്തിക അച്ചടക്കത്തിന് ഉപദേശിച്ച സര്‍ക്കാര്‍ കോടികള്‍ പൊടിച്ചു കൊണ്ടുള്ള ഭരണഘടനാ സംരക്ഷണ ആചരണങ്ങള്‍ക്കും അഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും നവംബര്‍ മാസത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം മെഗാഷോകളുടെയും കലാമേളകളുടെയും അകമ്പടിയോടെ കൊണ്ടാടി. എന്‍.ജി.ഒകളെ ഉപയോഗിച്ചുകൊണ്ടുള്ള ‘ ംല വേല ുലീുഹല ‘ ‘ആര്‍പ്പോ ആര്‍ത്തവം ‘ ഉത്സവങ്ങള്‍ വേറെയും.

വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍ത്തവം അഭിമാനമാണ് ‘ എന്ന പക്ഷാചരണം കാമ്പസുകളിലും നഗരങ്ങളിലും. അടിസ്ഥാന സഹായധനമായി പ്രഖ്യാപിച്ച 10,000 രൂപ പോലും ലഭ്യമാവാത്ത നൂറുകണക്കിന് പ്രളയബാധിതര്‍ ബാക്കി നില്‍ക്കേയാണ് ആഘോഷങ്ങള്‍ തകൃതിയായത്.
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഊന്നല്‍ മാറിയ സര്‍ക്കാര്‍ കൂടുതല്‍ വാശിയോടെ നവോത്ഥാനത്തിന്റെ പുരാരേഖകളുമായി രംഗത്തിറങ്ങി. ഭരണകക്ഷി സംഘടനകള്‍ കേരളമാകെ നവോത്ഥാന സദസ്സുകളുമായി രംഗം കൊഴുപ്പിച്ചു. പിന്നെ ജനുവരി ഒന്നിന് തീര്‍ത്ത വനിതാ മതില്‍. സര്‍ക്കാര്‍ സംവിധാനങ്ങളേയും ഉദ്യോഗസ്ഥന്‍മാരേയും അടക്കം ഉപയോഗിച്ചുകൊണ്ട് കേരളം ഇളക്കിമറിച്ച പ്രചാരണമാണ് മതിലിനായി സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായൊഴുക്കിയത് കോടിക്കണക്കിന് ഉറുപ്പികയും.

ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തിയ മനുഷ്യര്‍ തകര്‍ന്നടിഞ്ഞ കൂരകള്‍ക്ക് മുന്നില്‍ എങ്ങിനെ ജീവിക്കുമെന്നോര്‍ത്ത് സ്തംഭിച്ച് നില്‍ക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ ആഘോഷമേളകള്‍ അരങ്ങേറിയത്. ആയിരം ദിനാഘോഷത്തിനായി കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച മെഗാ ഇവന്റുകളോട് ജനങ്ങള്‍ കാണിച്ച വിമുഖതയിലറിയാം അവരുടെ അസ്വസ്ഥത. ആളൊഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ നടത്തിയ ഈ ഉത്സവങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ തുലച്ചത് ഒന്‍പത് കോടി രൂപയാണ്. ഇവിടെയാണ് നാമോര്‍ക്കേണ്ടത്, ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഒരു കച്ചവടക്കാരന് പോലും അത് നേടി കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടാണ് 1000 ദിനത്തിന്റെ ആനന്ദത്തില്‍ സ്വപ്നം കാണാന്‍ കഴിയാത്ത മുന്നേറ്റമാണ് കേരളം നേടിയതെന്നും, ഇവിടെ പലതും നടക്കുമെന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നു എന്നുമൊക്കെ മുഖ്യമന്ത്രി വീമ്പു പറയുന്നത്.
1972ല്‍ ടി.കെ ദിവാകരന്‍ പൊതുമരാമത്ത് മന്ത്രി ആയിരിക്കേ വിഭാവനം ചെയ്ത പദ്ധതിയാണ് 13 കിലോമീറ്റര്‍ നീളം വരുന്ന കൊല്ലം ബൈപാസ്. അരനൂറ്റാണ്ടടുക്കുമ്പോള്‍ അത് പൂര്‍ത്തിയാക്കിയതിന്റെ പേരിലാണ് മൂന്നു മുന്നണികളും അവകാശവാദമുന്നയിച്ച് വികസന വീരസ്യം മുഴക്കുന്നത്. ഇങ്ങിനെ തന്നെ കണ്ണൂര്‍ വിമാനത്താവളവും കൊച്ചിന്‍ മെട്രോയുമൊക്കെയാണ് ആ നേട്ടങ്ങളില്‍ ഉയര്‍ത്തി കാട്ടിയത്.
സൈക്കിള്‍ വാങ്ങാന്‍ ഇട്ട് കൂട്ടിയതും കെട്ടുതാലി വിറ്റതും മുണ്ട്മുറുക്കി ഉടുത്തു സമ്പാദിച്ചതുമൊക്കെ ദുരിതാശ്വാസ നിധിയിലേക്ക് കൊണ്ടെത്തിച്ചത് നിങ്ങളുടെ നവകേരള പെരുമ്പറ കേള്‍ക്കാനല്ല; നാടിന്റെ പുനര്‍നിര്‍മാണം യാഥാര്‍ഥ്യമാക്കാനാണെന്ന് കേരളം ഈ ഭരണത്തോട് പറയേണ്ട സമയം കൂടിയാണിത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757