interviewOpinion

വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് രാജ്യത്തിന്റെ ഭാവി മുന്നില്‍ വെച്ചുള്ള നിലപാട് – ഹമീദ് വാണിയമ്പലം

 

വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം അത്തരമൊരു തീരുമാത്തിനടയാക്കിയ സാഹചര്യത്തെപ്പറ്റി ജനപക്ഷം സ്റ്റാഫ് പ്രതിനിധിയോട് സംസാരിക്കുന്നു.

2019 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്താണ്?
ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതി നിര്‍ണായകമാണ് 2019 ലെ പൊതുതെരെഞ്ഞെടുപ്പ്. 2014ലെ തെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ ഭരണഘടന മുന്നോട്ടുവെച്ച അടിസ്ഥാന മൂല്യങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള നീക്കങ്ങളായിരുന്നു നടത്തിയത്. അടല്‍ ബിഹാരി വാജ്‌പേയി ഭരണ കാലത്തേക്കാള്‍ സംഘ്പരിവാറിന്റെ സമ്പൂര്‍ണ നിയന്ത്രണമായിരുന്നു മോദി സര്‍ക്കാരിനുണ്ടായിരുന്നത്. അന്ന് ഘടക കക്ഷികളുടെ പിന്തുണയിലായിരുന്നു ബി.ജെ.പി ഭരിച്ചതെങ്കിലും 2014ല്‍ കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് മാത്രമായി ഉണ്ടായിരുന്നു. അത് അപകടത്തിന്റെ തോത് പലിയ അളവില്‍ വര്‍ധിപ്പിച്ചു.

എന്തുകൊണ്ടാണ് പാര്‍ട്ടി കേരളത്തില്‍ മത്സരിക്കാതിരുന്നത്?
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മത്സരിക്കാതിരിക്കുക എന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണ്. പക്ഷേ, അതിലപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. ഒരു നിലക്കും ബി.ജെ.പി ഇനി അധികാരത്തില്‍ വരാന്‍ പാടില്ല. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ല.

മോദി ഭരണം ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്നു എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
സംഘ്പരിവാറിന്റെ അടിസ്ഥാന ദര്‍ശനം വംശീയതയിലധിഷ്ഠിതമായ ദേശീയതയാണ്. സാമൂഹ്യ നിയന്ത്രണം സവര്‍ണ്ണാധിപത്യത്തിലധിഷ്ഠിതമായ ജാതിശ്രേണികളുടെ സ്ഥാപനത്തിലൂടെ ആര്‍.എസ്.എസിനും സാമ്പത്തികാധിപത്യം സ്വദേശ വിദേശ കോര്‍പറേറ്റുകള്‍ക്കും എന്നതാണ് അവരുടെ അടിസ്ഥാന ലക്ഷ്യം. സ്വാതന്ത്യ സമരത്തെ എതിര്‍ത്തതും ഈസ്റ്റിന്ത്യാ കമ്പനിയുടെ പാദസേവകരായി അവരുടെ മുന്‍ഗാമികള്‍ നിലകൊണ്ടതും അതിനാലാണ്. ഈ ലക്ഷ്യത്തിന് കടക വിരുദ്ധമാണ് ഇന്ത്യയുടെ ഭരണഘടന. അത് രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും സാമൂഹ്യ നീതിയുലൂന്നിയ ജനസമൂഹത്തിന് വഴികാട്ടിയുമാണ്. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ വിശ്വാസ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയവയെല്ലാം സംഘ്പരിവാറിന്റെ എതിര്‍ വശത്താണുള്ളത്.

ഭരണഘടന ഈ നിലയില്‍ നില്‍ക്കുന്നത് അവരുടെ സാധ്യതകളെ ഇല്ലാതാക്കും. നേരിട്ട് ഭരണഘടനയെ ഇല്ലാതാക്കാനുള്ള ഭൂരിപക്ഷം അവര്‍ക്ക് ലഭിക്കാത്തതിനാല്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ആദ്യം വരുതിയിലാക്കാനാണ് അവര്‍ ശ്രമിച്ചത്. നോട്ട് നിരോധം പോലുള്ള സെന്‍സിറ്റീവായ സാമ്പത്തിക ഇടപെടലുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. റിസര്‍വ് ബാങ്കിന്റെ ആ അധികാരം കൈയേറിയാണ് പ്രധാനമന്ത്രി നോട്ട് നിരോധിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി സംഘ്പരിവാര്‍ വിധേയനായ ആളെ തേടി ഒടുവില്‍ അത്തരത്തിലുള്ള സാമ്പത്തിക വിദഗ്ദരെ കിട്ടാത്തതിനാല്‍ ചരിത്രത്തില്‍ ബിരുദമുള്ള വ്യക്തിയെ അത്തരമൊരു വലിയ പദവിയിലിരുത്തിയിരിക്കുന്നു. ചരിത്ര ഗവേഷണ കൗണ്‍സില്‍, എന്‍.സി.ആര്‍.ടി, തെരെഞ്ഞെടുപ്പ് കമ്മീഷന്‍, കോടതികള്‍ തുടങ്ങിയവയിലെല്ലാം സംഘ്പരിവാര്‍ സമാനമായ കൈകടത്തുലുകള്‍ നടത്തുകയാണ്.
ജി.എസ്.ടി പോലുള്ള നികുതി ഘടനകള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തെ ഇല്ലാതാക്കി. ഫെഡറലിസം എന്ന ഭരണഘടനാ തത്വത്തിന്റെ നഗ്‌നമായ ലംഘനമാണ് മോദി സര്‍ക്കാരിന്റെ തൊഴില്‍ നിയമത്തിലും മോട്ടോര്‍ വാഹന നിയമ ഭേദഗതിയിലും അടക്കം കാണാനാവുന്നത്. അധികാര വികേന്ദ്രീകരണവും ഫെഡറലിസവും ഇല്ലാതാക്കി കേന്ദ്രീകൃത സവര്‍ണാധിപത്യം എന്ന പ്രാകൃത രീതിയിലേക്ക് നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്നത്.

രാജ്യത്ത് വര്‍ഗീയാക്രമണങ്ങളും പശുവിന്റെ പേരിലുള്ള കൊലകളും ശക്തിപ്പെടുന്നത് ഈ കേന്ദ്രീകൃത ആധിപത്യത്തിന്റെ ഭാഗമാണോ?
തീര്‍ച്ചയായും. പശുവിന്റെ പേരില്‍ ദലിതരേയും മുസ്‌ലിംകളേയും ആസൂത്രിതമായാണ് കൊല്ലുന്നത്. ആള്‍ക്കൂട്ടക്കൊല എന്നാണ് പൊതുവേ അത്തരം കൊലകളെ വിളിക്കാറ്. അത് സംഭവത്തിന്റെ ഗൌരവത്തെ ലഘൂകരിക്കുന്നതാണ്. പെട്ടെന്നുതോന്നിയ വികാരാവേശത്തില്‍ ചിലയാളുകള്‍ നടത്തിയ കൊലകളല്ല അഖ്‌ലാഖിന്റെ കൊലമുതലുള്ള അത്തരം കൊലപാതകങ്ങള്‍. ആസൂത്രിതമായി പരിശീലിക്കപ്പെട്ട സംഘങ്ങള്‍ കൃത്യമായ പദ്ധതിയോടെ നടപ്പാക്കിയ അരുംകൊലകളാണ് അവയെല്ലാം. ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെയും അത്തരത്തിലാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ഗൗരി ലങ്കേഷ്, അഖ്ലാഖ്, കല്‍ബുര്‍ഗി, പെഹ്ലുഖാന്‍, ജുനൈദ് അങ്ങനെ തുടങ്ങി നിരവധി രക്തസാക്ഷികളാണ് രാജ്യത്തുണ്ടായത്. ഇതെല്ലാം സംഘ്പരിവാറിന്റെ ആസൂത്രിത പദ്ധതികളില്‍ നിന്ന് രൂപപ്പെട്ട ഹീനമായ മനുഷ്യ കുരുതികളാണ്. ദലിത് ജനവിഭാഗങ്ങളോടുള്ള അസഹിഷ്ണുതയുടെ മൂര്‍ത്ത രൂപമാണ് ഗുജറാത്തിലെ ഉനയില്‍ കണ്ടത്. നിരവധി ദലിതരെ ചുട്ടുകൊല്ലുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചു.

2014ല്‍ മോദി അധികാരത്തില്‍ വരാനുള്ള കാരണം അതിന് മുന്‍പുള്ള മന്‍മോഹന്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരമായിരുന്നല്ലോ. അഴിമിതി കോര്‍പറേറ്റ് സൗഹൃദ സാമ്പത്തിക സമീപനങ്ങള്‍ എന്നിവയെല്ലാം കാരണമാണല്ലോ അത്തരമൊരു ജനവികാരം രാജ്യത്തുണ്ടായത്. അതിപ്പോഴും പ്രസക്തമായ കാര്യങ്ങളല്ലേ?
അഴിമതിയും കോര്‍പ്പറേറ്റ് വത്കരണവും പതിന്‍മടങ്ങാണ് വര്‍ധിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ പേരടക്കം അഴിമതി ആരോപണത്തില്‍ വരുന്നുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ എ മുല്‍ ഇസെഡ് വരെ 26 അക്ഷരങ്ങളിലും തുടങ്ങുന്ന അഴിമതി കഥകളുണ്ട് മോദിയുടെയും വിവിധ ബി.ജെ.പി നേതാക്കളുടെ പേരില്‍. ംംം.രീൃൃൗുാേീറശ.രീാ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ് തന്നെ ഈ അഴിമതി കഥകളുടെ വിശദീകരണമായി നിലവിലുണ്ട്.
രാജ്യത്തിന്റെ പ്രതിരോധ മേഖലയടക്കം സ്വകാര്യ കുത്തകള്‍ക്ക് പതിച്ചുകൊടുക്കുന്ന തീരുമാനങ്ങളാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. റാഫേല്‍ ഇടപാട് അതിന്റെ വ്യക്തമായ തെളിവാണ്. എച്ച്.എ.എല്ലിനെ ൃപ്പോലെ പൊതുമേഖലയിലെ പരിചയ സമ്പന്നരായ കമ്പനിയെ ഒഴിവാക്കി കളിപ്പാട്ട വിമാനം പോലും ഉണ്ടാക്കിയിട്ടില്ലാത്ത അംബാനിയുടെ കമ്പനിക്കായി പ്രധാന മന്ത്രി നേരിട്ട് ഡീല്‍ നടത്തി എന്നാണ് ആരോപണം തെളിവുകളടക്കം വന്നിരിക്കുന്നത്.

പൊതുമേഖല-ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ കോര്‍പറേറ്റുകള്‍ നിരവധിയാണ്. വിജയ്മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി, മെഹുല്‍ ചോസ്‌കി, ലളിത് മോദി തുടങ്ങി ഈ പട്ടിക വലുതാണ്. അതില്‍ ഒരു മോദി ഇപ്പോള്‍ ലണ്ടനില്‍ അറസ്റ്റിലായി. വേറേയും മോദിമാര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. 29 വന്‍ വ്യവസായികളാണ് ഇത്തരത്തില്‍ വിദേശത്തേക്ക് മുങ്ങിയത്. ലഭ്യമായ കണക്കനുസരിച്ച് 40000 കോടി രൂപയാണ് ഇവരെല്ലാം കൂടി തിരിച്ചടക്കാതെ വായ്പയെടുത്തത്. ഇവര്‍ക്ക് രാജ്യം വിടാനുള്ള എല്ലാ സൗകര്യങ്ങളും ഭരണ കക്ഷിയാണ് ചെയ്തുകൊടുത്തത്.

കോണ്‍ഗ്രസിന് 60 വര്‍ഷം കൊണ്ട് സാധിക്കാത്തത് തങ്ങള്‍ സാധിച്ചു എന്ന് മോദി അവകാശപ്പെടുന്നത് ഈ അഴിമതികള്‍ മുന്‍ നിര്‍ത്തിയാണ്. അമിത് ഷായുടെ പുത്രന്‍ ജയ്ഷായുടെ കമ്പനിയാ ടെംപിള്‍ എന്റര്‍പ്രൈസസ് 2013-2014 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 6,230 രൂപയുടെയും 1,724 രൂപയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. 2013-14 ല്‍ 5,796 രൂപ ഇന്‍കം ടാക്സ് റിട്ടേണായി കമ്പനിക്ക് ലഭിച്ചു. 2014-15 കാലയളവില്‍ റവന്യൂ വരുമാനം 50,000 രൂപയും ലാഭം 18, 728 രൂപയുമായി. എന്നാല്‍, 2015-16 കാലയളവില്‍ ടെംപിള്‍ എന്റര്‍പ്രൈസസിന്റെ റവന്യൂ 80.5 കോടിരൂപയായി ഉയര്‍ന്നു. അതായത് 16 ലക്ഷം ശതമാനം വളര്‍ച്ചയാണ് കമ്പനി ഒറ്റ വര്‍ഷം കൊണ്ട് നേടിയെടുത്തത്. ഇത്തരം ഭീമമായ അഴിമതി കോണ്‍ഗ്രസിന്റെ കാലത്ത് പോലും രാജ്യത്തുണ്ടായിട്ടില്ല. തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളാണ് തുച്ഛമായ തുകക്ക് അദാനി ഗ്രൂപ്പിന് കൈമാറിയിരിക്കുന്നത്. ഇനിയും നൂറുകണക്കിന് ഉദാഹരണങ്ങളുണ്ട്. ഇതെല്ലാം അഴിമതിയും കോര്‍പറേറ്റിസവും രാജ്യത്ത മുന്‍പെങ്ങുമുള്ളതിനേക്കാള്‍ ഭീകരമായി എന്ന് വ്യക്തമാക്കുന്നവയാണ്.

വിലക്കയറ്റം ചെറുക്കുമെന്നും പ്രതി വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പെട്രോള്‍ വില 50ല്‍ എത്തിക്കുമെന്നും പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നെല്ലാം ബി.ജെ.പി തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നല്ലോ. ഇതേപ്പറ്റി നിതിന്‍ ഗഡ്ഗരി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പിന്നീട് പ്രതികരിച്ചത് ഇതെല്ലാം ജുംലകളായിരുന്നു എന്നാണ്. സ്ഥിതിഗതികള്‍ ഗുരുതരമാണ്. നോട്ട് നിരോധമടക്കമുള്ള ഭ്രാന്തന്‍ തീരുമാനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല കരകയറാനാകാത്തവണ്ണം താഴ്ത്തി. കാര്‍ഷിക മേഖല തകര്‍ന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് 84000 കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്തത്. പ്രതിദിനം ശരാശരി 46 പേര്‍. അന്താരാഷ്ട്ര വിപണിയില്‍ എത്ര കുറഞ്ഞാലും ഇന്ധനവില ഇന്ത്യയില്‍ കുറയില്ല. ലോക ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ 133ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി അസ്ഥിര രാഷ്ട്രീയ സ്ഥിതിയുള്ള അയല്‍ രാജ്യങ്ങളേക്കാളൊക്കെ വളരെ താഴെ. ആഗോള വിശപ്പ് സൂചികയിലാകട്ടെ 103-ാം സ്ഥാനവും. സൈനിക ശക്തിയില്‍ നാലാം സ്ഥാനത്തുള്ള രാജ്യത്താണ് ഈ സ്ഥിതിയുള്ളത്. വിഭവങ്ങളുടെ കുറവല്ല ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് പ്രീണന നയങ്ങളാണ് രാജ്യത്തെ ക്ഷേമ രാഷ്ട്രമാക്കുന്നതില്‍ നിന്ന് തടയുന്നത്. പ്രതിവര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തവര്‍ നോട്ട് നിരോധനത്തിലൂടെ രണ്ട് ലക്ഷത്തോളം തൊഴില്‍ കേന്ദ്രങ്ങളും സംരഭങ്ങളും അടച്ചുപൂട്ടിച്ച നിലയാണ് സൃഷ്ടിച്ചത്. രണ്ട് കോടിയലധികം തൊഴിലവസരങ്ങളാണ് ഇതുമൂലം ഇല്ലാതായത്. മോദിയുടെ അഞ്ച് വര്‍ഷ ഭരണം 50 വര്‍ഷം രാജ്യത്തെ പുറകോട്ട് നടത്തിക്കഴിഞ്ഞു.

കോര്‍പറേറ്റ് വത്കരണവും അഴിമതിയും വിലക്കയറ്റവും മാത്രമാണോ പ്രശ്‌നങ്ങള്‍ എങ്കില്‍ മുന്‍ കാലങ്ങളിലെ സര്‍ക്കാരുകളും പ്രതികളല്ലേ?
കോര്‍പറേറ്റ് അനുകൂല സമീപനവും അഴിമതിയുമെല്ലാം മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, അതിലപ്പുറം രാജ്യം സുസ്ഥിരമായി നില നില്‍ക്കണോ വേണ്ടയോ എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നു. നമ്മുടെ ബഹുസ്വരതയും അതിനെ മനോഹരമായി കൂട്ടയിണക്കിയ ഭരണഘടനയുമാണ് ഈ രാജ്യത്തെ സുസ്ഥിര രാജ്യമാക്കി നില നിര്‍ത്തുന്നത്. അത് നശിപ്പിക്കുക എന്നതാണ് സംഘ്പരിവാറിന്റെ സൂക്ഷ്മ പദ്ധതി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം അവര്‍ക്ക് ലഭിച്ചില്ല എന്നതു മാത്രമാണ് അവര്‍തക്ക് വിഘആതമായി ഉള്ളത്. ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്.

എന്തുകൊണ്ടാണ് കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്? ബി.ജെ.പി പക്ഷം അത്ര പ്രസക്തമല്ലാത്ത കേരളത്തില്‍ എല്‍.ഡി.എഫും ഓപ്ഷനായിരുന്നില്ലേ?
കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. രണ്ടു കൂട്ടരും എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പിഎം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ല.

യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസാകട്ടെ രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയോ ഉള്ള ഏക പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂ. കേരളത്തിലെ മൂന്നുവര്‍ഷത്തെ ഇടതു ഭരണമാകട്ടെ തികച്ചും ജനവിരുദ്ധമാണ്. കേരളം നേരിട്ട പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മാണത്തിന് പോലും ക്രിയാത്മകമായ കാഴ്ചപ്പാട് പുലര്‍ത്താന്‍ അവര്‍ക്കായിട്ടില്ല. അക്കാര്യത്തില്‍ അവര്‍ ഇരുട്ടില്‍ തപ്പുകയാണ്. പല സന്ദര്‍ഭങ്ങളിലും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രീതിയിലുള്ള പോലീസ് നയമാണ് ഇടതുപക്ഷവും പുലര്‍ത്തിയിട്ടുള്ളത്. കേരളത്തിലെ ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി അടിച്ചമര്‍ത്തുകയും സമര പ്രവര്‍ത്തകരെ ഭീകരമുദ്ര ചാര്‍ത്തുകയും ചെയ്യുകയാണ് എല്‍.ഡി.എഫും സി.പി.എമ്മും. ദേശീയപാത സമരം, പുതുവൈപ്പ് സമരം, കീഴാറ്റൂര്‍ സമരം, ഗെയില്‍ സമരം, ആലപ്പാട് സമരം തുടങ്ങി നിരവധി സംഭവങ്ങളില്‍ അത് വ്യക്തമായതാണ്. കേരളത്തെ പോലീസ് രാജാക്കുന്ന തരത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും എല്‍.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിരിക്കുന്നു. ഭരണകക്ഷിയായ സി.പി.എം തന്നെ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താക്കളായി സംസ്ഥാനത്തെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന സാഹചര്യവും ഉണ്ട്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് പാര്‍ലമെന്റിലേക്കാണെങ്കിലും സംസ്ഥാന ഭരണത്തേയും വിലയിരുത്തപ്പെടേണ്ടതായി വരും.

പലപ്പോഴും കോണ്‍ഗ്രസ് അടക്കമുള്ള മതേതര ചേരിയുടെ വിശാല സഖ്യത്തിന് തടസ്സം നില്‍ക്കുന്നത് സിപിഎമ്മാണ്. സിപിഎമ്മിലെ കേന്ദ്ര നേതൃത്വം മതേതര സഖ്യത്തിന് വേണ്ടി ശ്രമിക്കുമ്പോഴെല്ലാം തടയിടാറുള്ളത് കേരളത്തിലെ സി.പി.എം നേതൃത്വമാണ്. അവരാണ് രാജ്യത്തെ സി.പി.എമ്മിലെ പ്രബല വിഭാഗം എന്നതുകൊണ്ട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് ഇത് മറികടക്കാനാവാത്ത നിസ്സഹായതയുമുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് കേരളത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പാര്‍ട്ടി സ്വന്തം നിലക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമോ ഘടകകക്ഷിയോ അല്ല. ഇത് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യത്തിലുള്ള നിലപാടാണ്. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമായ തീരുമാനമാണ്.

തെരെഞ്ഞെടുപ്പാനന്തരം എല്‍.ഡി.എഫും പിന്തുണക്കാനൊരുങ്ങത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംവിധാനത്തെയാണ്. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എമ്മുമായി പരസ്യ സഖ്യത്തിനൊരുങ്ങിയതാണ്. സീറ്റ് തര്‍ക്കം മൂലമാണ് അത് ഇപ്പോഴും പൂര്‍ണരൂപത്തിലാവാത്തത്. തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയിലാണ് കോണ്‍ഗ്രസും സി.പി.എമ്മും. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ തമിഴ്‌നാട്ടില്‍ ഈ സഖ്യത്തിനാണ്. തെരെഞ്ഞെടുപ്പാനന്തരം മതേതര പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനായി ഒന്നിക്കും എന്ന സൂചനകളാണ് നല്‍കുന്നത്. ഇത് സ്വാഗതാര്‍ഹമാണ്. തെരെഞ്ഞെടുപ്പു ഫലത്തെ കൂടി അനുകൂലമാക്കാവുന്ന വിധം ഇക്കാര്യം വോട്ടിംഗില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി ചെയ്യുന്നു എന്ന വ്യത്യാസമേയുള്ളൂ.

കേരളത്തില്‍ ഏതെങ്കിലും മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് ജയ സാധ്യത രൂപപ്പെട്ടാലോ?
നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ഒരു മണ്ഡലത്തിലും ബി.ജെ.പിക്ക് ജയസാധ്യതയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഏതെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒന്നാമതോ രണ്ടാമതോ എത്തിയേക്കും എന്ന സാഹചര്യം രൂപപ്പെട്ടാല്‍ ആ മണ്ഡലത്തില്‍ ജയസാധ്യതയുള്ളത് യു.ഡി.എഫിനല്ല എന്നു വരികില്‍ മാത്രം പൊതു തത്വം മാറ്റി ആ മണ്ഡലത്തില്‍ ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. നിലവിലെ രാഷ്ട്രീയ സ്ഥിതി അനുസരിച്ച് അങ്ങിനെ ഒരു സാഹചര്യം കേരളത്തിലെവിടെയുമില്ല എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. തെരെഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് വിശാല മതേതര സര്‍ക്കാര്‍ രൂപപ്പെടും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757