editorial

ഒന്നും ശരിയാകാത്ത ആയിരം ദിനങ്ങള്‍

 

എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും – ഇതായിരുന്നു ആയിരം ദിവസങ്ങള്‍ക്ക് മുന്‍പ് കേരളം സ്വീകരിച്ച വാക്യം. വലിയ പ്രതീക്ഷ ജനത്തിന് നല്‍കിയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ 2016 മെയ് 19ന് അധികാരത്തിലേറിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണരീതികളുടെ ഫോട്ടോസ്റ്റാറ്റാകാനാണ് അന്നുമുതല്‍ കേരള സര്‍ക്കാര്‍ ശ്രമിച്ചത്. പ്രധാനമന്ത്രി മോദിയും അപ്രസക്തമായ കാബിനറ്റും എന്ന പോലെ മുഖ്യമന്ത്രി പിണറായിയും അപ്രസക്തരായ മന്ത്രിമാരും എന്നതാണ് കേരളം കണ്ട സമവാക്യം.
മാവോയിസ്റ്റ് വേട്ടയെന്ന പേരിലെ വ്യാജ ഏറ്റുമുട്ടല്‍ കൊല, ജനകീയ സമരങ്ങള്‍ക്ക് നേരേയുള്ള പോലീസിന്റെ കടന്നാക്രമണം, കണ്ണൂരിലെ കൊലപാതക പരമ്പരകള്‍, കൊടിഞ്ഞിയിലെ ഫൈസല്‍ വധം, റിയാസ് മൗലവി വധം, മത പ്രബോധകര്‍ക്ക് നേരെയുള്ള ആര്‍.എസ്.എസ് ആക്രമണങ്ങളും അക്രമികളെ വെറുതെ വിട്ട് ഇരകള്‍ക്കെതിരെ കള്ളക്കേസ് തുടങ്ങി സംഘ്പരിവാര്‍ പോലീസിന്റെ സമീപനവും നയവുമാണ് പിണറായി വിജയന്റെ പോലീസും തുടര്‍ന്നത്. രമണ്‍ ശ്രീവാസ്തവ എന്ന കുപ്രസിദ്ധനായ മുന്‍ ഡി.ജി.പിയെ ഉപദേഷ്ടാവാക്കിയതും വിവാദമായി.
അതിനിടെയുണ്ടായ മഹാപ്രളയം മറയാക്കി പബ്ലിക് റിലേഷനിലൂടെ പിണറായി വിജയന്‍ അതിമാനുഷനാണെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്തു. പ്രളയമെന്ന മഹാദുരന്തത്തെ ജാതി-മത-കക്ഷി ഭേദമന്യെ സംഘടനകളും വ്യക്തികളും കൂട്ടായ്മകളും ഒന്നിച്ച് നേരിട്ടതിനെ തന്റെ മാത്രം മിടുക്കായാണ് പിണറായിയുടെ പി.ആര്‍ ടീം ചിത്രീകരിച്ചത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിലും ശേഷമുള്ള പുനര്‍ നിര്‍മ്മാണത്തിലും വന്‍ പൂജ്യമായിരുന്നു. നവകേരളം നിര്‍മിക്കുമെന്ന് വീമ്പു പറഞ്ഞ മുഖ്യമന്ത്രി പ്രളയ കാര്യം ഇപ്പോള്‍ മിണ്ടുന്നില്ല. നഷ്ടങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയാക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍
അതിനിടയിലാണ് ശബരിമല വിഷയത്തിലെ കോടതി വിധി വന്നത്. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നത്തെ കക്ഷി ചേര്‍ന്ന വൈകാരികമായി സമീപിച്ച സര്‍ക്കാര്‍ സംഘ്പരിവാറിന് അഴിഞ്ഞാടാനുള്ള വളമൊരുക്കി. നവോത്ഥാന നായകനായി പിണറായിയെ ചിത്രീകരിച്ചാണ് പിന്നീട് കാര്യങ്ങള്‍ സര്‍ക്കാരും ഇടതുപക്ഷവും കൈകാര്യം ചെയ്തത്.

വനിതാമതിലും നവോത്ഥാന സംഘടനാ സംഗമവുമൊക്കെ സാമൂഹ്യനീതിയും സംവരണവും ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ അധികാര പങ്കാളിത്തവുമൊക്കെ ഇല്ലാതാക്കുന്നതിന് പിടിച്ച മറ മാത്രമായിരുന്നു. കെ.എ.എസിലെ രണ്ടു സ്ട്രീമുകളിലെ സംവരണ നിഷേധം, ദേവസ്വം നിയമനങ്ങളിലെ 10 ശതമാനം സമ്പത്തിക സംവരണം, കേന്ദ്ര സര്‍ക്കാരിന്റെ മുന്നാക്ക സംവരണ ബില്ലിന് പിന്തുണ തുടങ്ങി നവോത്ഥാനത്തിന്റെ എതിര്‍ ദിശയിലൂടെ നടന്ന് സവര്‍ണാധിപത്യത്തിന് കുട പിടിക്കുകയായിരുന്നു സര്‍ക്കാര്‍.

രാഷ്ട്രീയ കൊല പാതകങ്ങളെന്ന പേരിലെ കുടിപ്പക കൊലപാതകങ്ങള്‍ തുടര്‍ക്കഥയായി. ആയിരം ദിനം തികയുന്ന ദിവസമാണ് കാസര്‍കോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്. 29 രാഷ്ട്രീയ കൊലകളാണ് ആയിരം ദിവസത്തിനുള്ളില്‍ നടന്നത്. അതില്‍ കൂടുതലും ആഭ്യന്തര വകുപ്പിന് നിയന്ത്രണമുള്ള പിണറായി വിജയന്റെ പാര്‍ട്ടിക്കാരാണ് നടത്തിയത്. വിലക്കയറ്റം തടയുന്നതിനോ കേരളം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ അല്ല സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. ഭൂരഹിതരുടെ ഭൂമി പ്രശ്നവും സര്‍ക്കാരിന്റെ അജണ്ടയിലില്ല. അടച്ചുപൂട്ടിയ ബാറുകളും മദ്യശാലകളും തുറക്കാനും അദാനിയുടെ പദ്ധതികള്‍ വിജയിപ്പിക്കാനും കോര്‍പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുവാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആയിരം ദിവസത്തിനുള്ളില്‍ എല്ലാം ശരിയായത് മദ്യ മാഫിയകള്‍ക്കും ഭൂമി കയ്യേറ്റക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും കൊലയാളി സംഘങ്ങള്‍ക്കുമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757