Opinion

മലയാളിയുടെ സംവരണപോരാട്ടങ്ങളുടെ നാള്‍വഴികള്‍ – കെ. നജാത്തുല്ല

 

ഇന്ന് കേരളമെന്ന് അറിയപ്പെടുന്ന പ്രദേശത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനം കൃഷിയില്‍ മാത്രം പരിമിതപ്പെട്ട ഭൂതകാലം കഴിഞ്ഞുപോയിട്ടുണ്ട്. കച്ചവടമാണ് ഒരു പ്രദേശത്തെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരുന്നത്. പക്ഷേ, ജാതിവ്യവസ്ഥ വാണിരുന്ന കേരളത്തില്‍ വര്‍ണാശ്രമധര്‍മപ്രകാരമുള്ള മൂന്നാം വിഭാഗമായിരുന്ന വൈശ്യര്‍ ഇല്ലായിരുന്നു. വൈശ്യരായിരുന്നു കച്ചവടം ചെയ്തിരുന്നത്. മറ്റ് വിഭാഗങ്ങള്‍ക്കാകട്ടെ കടല്‍കടന്നുള്ള യാത്രക്ക് മതപരമായ വിലക്കുണ്ടായിരുന്നു. കേരളത്തിന്റെ കച്ചവടവ്യാപരങ്ങളാവട്ടെ, കടലിനെ ആശ്രയിച്ചുമായിരുന്നു. ഫലത്തില്‍ കേരളത്തില്‍ വ്യാപാരത്തിന് പ്രമുഖ്യം ലഭിക്കാതിരിക്കുകയും സ്വാഭാവികമായും അടഞ്ഞതും സങ്കുചിത മനസ്സുള്ളതുമായ സമൂഹമായി കേരളീയ സമൂഹം ഏറെക്കാലം തുടരുകയും ചെയ്തു.

ജാതിവ്യവസ്ഥയില്‍ അമര്‍ന്നിരുന്ന കേരളത്തിന് ജീവിതത്തേയും മനഷ്യനേയും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകള്‍ ലഭിച്ചത് അറബികളുടെ കച്ചവടയാത്രകളിലൂടെയാണ്. ഉദാരത, മതാതീത ബന്ധം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങള്‍ കേരളം പഠിക്കുന്നത് കച്ചവടവുമായെത്തിയ വിദേശികളില്‍ നിന്നാണ്. കച്ചവടം വിജയിക്കണമെങ്കില്‍ ജാത്യാതീതവും മതാതീതവുമായ ബന്ധങ്ങളും സാഹോദര്യം, സഹിഷ്ണുത, ഉദാരത, സമത്വം തുടങ്ങിയ മൂല്യങ്ങളും അനിവാര്യമാണല്ലോ. അറിവിന്റേയും അധികാരത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തെ കുറിച്ചുള്ള ബോധം പകര്‍ന്നുനല്‍കിയ ഈ ഘട്ടത്തിലാണ് സംവരണപോരാട്ടങ്ങളുടെ ഭ്രൂണാവസ്ഥയെ നമുക്ക് കണ്ടെത്താനാവുക. തങ്ങളെവിടെ നില്‍ക്കുന്നു എന്നും തങ്ങളുടെ അവകാശങ്ങള്‍ എന്തെല്ലാമെന്നും കീഴാള വിഭാഗങ്ങള്‍ തിരിച്ചറിയുന്നതും അവര്‍ക്ക് ചിലതെല്ലാം വകവെച്ചുകൊടുത്തില്ലെങ്കില്‍ ജാതിവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന മതംപോലും അവശേഷിക്കില്ലെന്ന് മേലാള വിഭാഗം മനസ്സിലാക്കുന്നതുമെല്ലാം ഇതിന്റെ ചുവടുപിടിച്ചാണ്.

ജോലിയിലും വിദ്യാഭ്യാസത്തിലും മലയാളികള്‍ക്ക് സംവരണം വേണമെന്നാവശ്യപ്പെട്ട് വലിയ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്ന ഒരു നാട്ടിലാണ്, അത്തരം പ്രക്ഷോഭങ്ങള്‍ സാമൂഹിക നവോത്ഥാനത്തില്‍ വലിയ പങ്ക് വഹിച്ച നാട്ടിലാണ്, പുരോഗമനമെന്നവകാശപ്പെടുന്ന നാട്ടിലാണ് സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നത്. യഥാര്‍ഥത്തില്‍ കേരളത്തില്‍ സംവരണം സാമൂഹിക നവോത്ഥാനത്തോടും തിരിച്ചും കടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സംവരണ വിരുദ്ധമായ ഏത് നീക്കവും കേരളത്തെ നവോത്ഥാനപൂര്‍വ ഭ്രാന്താലയത്തിലാണ് എത്തിക്കുക.

മലയാളി മെമ്മോറിയല്‍
1817 മുതല്‍ 1872 വരെയുള്ള കാലയളവില്‍, തമിഴ്, മറാഠാ ബ്രാഹ്മണരായ ദിവാന്‍മാരുടെ സ്ഥാനലബ്ധിക്കും ഭരണത്തിനും തിരുവിതാംകൂര്‍ സാക്ഷ്യം വഹിച്ചു. തിരുവിതാംകൂര്‍ സര്‍വീസില്‍ ഒഴിവ് വരുമ്പോഴെല്ലാം തമിഴ് ബ്രാഹ്മണരായ ആളുകളെ ഇറക്കുമതി ചെയ്ത് ആ സ്ഥാനങ്ങളില്‍ അവരോധിക്കുക എന്ന രീതിയായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. ദിവാന്‍മാരാകട്ടെ, സ്വന്തം ബന്ധുക്കളെ തല്‍സ്ഥാനങ്ങളില്‍ നിയമിക്കുന്നതില്‍ ഉത്സാഹിച്ച സ്വാര്‍ഥംഭരികളുമായിരുന്നു. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള നിരവധി പേര്‍ രാജ്യത്തുണ്ടായിരുന്നെങ്കിലും അവരൊന്നും പരിഗണിക്കപ്പെട്ടില്ല. ശ്രീമൂലം തിരുനാളിന്റെ കാലത്ത് ദിവാനായി രാമറാവുവും രാജാവിന്റെ വിശ്വസ്തന്‍ ശരവണനും ഭരണകാര്യങ്ങളില്‍ മേധാവിത്തം നേടിയ കാലമാണ് തിരുവിതാംകൂറിലെ ഏറ്റവും ജീര്‍ണമായ കാലം. സ്വാഭാവികമായും ഇതേ കാലത്ത് തന്നെയാണ് ഭരണകൂട നിലപാടുകള്‍ക്കെതിരെയുള്ള പ്രതിശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങിയതും.

തങ്ങളുടെ പരാധീനതകളും അവകാശങ്ങളും വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ഒരു വിഭാഗം അവിടെ നിന്നുതന്നെ ഉയര്‍ന്നുവന്നു. സാമൂഹിക അസമത്വങ്ങള്‍ക്കും അനീതിക്കുമെതിരെ ചിന്തിക്കുന്ന അഭ്യസ്തവിദ്യരായ പോരാളികളാണ് പിന്നീട് ചരിത്രത്തെ മുന്നോട്ട് നയിച്ചത്. സി.കെ കൃഷ്ണപിള്ള, എം. കൊച്ചുകൃഷ്ണപ്പണിക്കര്‍, സി.വി. രാമന്‍പിള്ള, പി. അയ്യന്‍പിള്ള, വി.ഐ കേശവപിള്ള, വി. താണുപിള്ള തുടങ്ങിയവര്‍ 1884ല്‍ മലയാളിസഭ രൂപീകരിച്ചു. വിജ്ഞാനവ്യാപനത്തെ സഹായിക്കുക, സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, വിവാഹസമ്പ്രദായം നവീകരിക്കുക എന്നീ നടപടികളിലൂടെ മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയായാണ് മലയാളി മെമ്മോറിയല്‍ ഉണ്ടാകുന്നത്.

യോഗ്യരായ സ്വന്തം നാട്ടിലെ മലയാളികളെ തഴഞ്ഞ് തമിഴ് അയ്യര്‍മാരേയും അയ്യങ്കര്‍മാരേയും രായര്‍മാരേയും കൊണ്ട് ദിവാന്‍, ദിവാന്‍ പേഷ്‌കാര്‍ തുടങ്ങിയ രാജകീയ സര്‍വീസ് നിറക്കുന്ന ഭരണകൂട നടപടിക്ക് എതിരെ നാനാജാതി മതസ്ഥരായ പതിനായിരത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം കെ.പി ശങ്കരമേനോന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധിസംഘം മഹാരാജാവിന് 1891 ജനുവരിയില്‍ 11 ന് സമര്‍പ്പിച്ചു. ഇതാണ് മലയാളി മെമ്മോറിയല്‍ അവകാശ പത്രിക എന്നറിയപ്പെടുന്നത്. ജി.പി പിള്ള, കെ.പി പത്മനാഭമേനോന്‍, എം.കെ പത്മനാഭപിള്ള, നിധീരി വക്കീല്‍, നാഗര്‍കോവില്‍ ശിവന്‍പിള്ള, കാവാലം നീലകണ്ഠപ്പിള്ള എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. തിരുവിതാംകൂറുകാരായ സ്വദേശികള്‍ക്ക് സംസ്ഥാന ഭരണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം നിഷേധിക്കുന്നതിലെ കടുത്ത അനീതിയും, സ്വജനപക്ഷപാതം മാത്രം മാനദണ്ഡമാക്കിക്കൊണ്ട് നാടിന്റെ രക്ഷാധികാര്യത്വം വീതംവെക്കുന്നതിലൂടെ സംസ്ഥാന ഭരണത്തിന്റെ ഉന്നതങ്ങളില്‍നിന്ന് സ്വദേശികളെ ഒഴിവാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജാവിനെ ധരിപ്പിക്കുക എന്നതായിരുന്നു മെമ്മോറിയലിന്റെ പ്രധാന ലക്ഷ്യം.

അധികാര പങ്കാളിത്തത്തിനുവേണ്ടിയുളള ഇന്ത്യയിലെ തന്നെ ആദ്യത്തെ സംഘടിത മുന്നേറ്റമായി ഇതിനെ വിശേഷിപ്പിക്കാം. അക്കാലത്ത് പുറത്തിറക്കിയ ലഖുലേഘയില്‍നിന്നും തമിഴ് ബ്രാഹ്മാണാധിപത്യത്തിനെതിരെ കത്തിനിന്നിരുന്ന വികാരവിക്ഷോഭങ്ങളെ വായിച്ചെടുക്കാവുന്നതാണ്. ജനകീയ സമര നേതാക്കളില്‍ പ്രമുഖനായ ജി.പി. പിള്ളയുടെ ‘തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്’ എന്ന ലഖുലേഘയില്‍ ഇങ്ങനെ കാണാം: ‘വിദേശികളായ ഉദ്യോഗസ്ഥവൃന്ദത്തിനുവേണ്ടി പണിയെടുക്കുന്ന വെള്ളംകോരികളും, വിറകുവെട്ടികളുമായി എക്കാലവും കഴിയാന്‍ വിധിക്കപ്പെട്ടവരാണോ സ്വദേശികളായ തിരുവിതാംകൂറുകാര്‍? ഭൂഗോളമൊട്ടാകെ തിരഞ്ഞുനോക്കിയാല്‍ പോലും തിരുവിതാംകൂറുകാരെ പോലെ സ്വന്തം രാജ്യത്ത് ഭരണപങ്കാളിത്തവും ജന്മാവകാശം പോലും നിഷേധിക്കപ്പെട്ടവരും വിദേശികള്‍ക്ക് വിധേയരായിക്കഴിയാന്‍ വിധിക്കപ്പെട്ടവരുമായ ഒരു ജനവിഭാഗം അധിവസിക്കുന്ന മറ്റൊരു രാഷ്ട്രത്തെ എവിടെയെങ്കിലും കാട്ടിത്തരുവാന്‍ ചരിത്രത്തിനുപോലും കഴിയുമെന്ന് തോന്നുന്നില്ല.’

നാനാജാതിമതസ്ഥര്‍ക്ക് ഒപ്പിടാന്‍ സാധിച്ചുവെന്നത് മലയാളി മെമ്മോറിയലിന്റെ ഏറ്റവും പ്രധാന സവിശേഷതയായി പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. നായര്‍, സുറിയാനി, മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, ഈഴവര്‍ എന്നിങ്ങനെ എല്ലാ ജനവിഭാഗങ്ങളുടേയും ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്നതായി മെമ്മോറിയല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതിനൊരു മറുവശമുണ്ട്. നായര്‍ സമുദായക്കാര്‍ ഉള്‍പ്പെടുന്ന മലയാളി സഭക്കുവേണ്ടി അവകാശപത്രിക സമര്‍പ്പിക്കുക എന്നതാണ് പദ്ധതിയിട്ടതും സംഭവിച്ചതും. നായന്‍മാര്‍ രാജ്യത്തെ ആകെ ജനസംഖ്യയുടെ 19 ശതമാനം മാത്രമാണുണ്ടായിരുന്നത്. അംഗബലത്തിലുണ്ടായ ഈ കുറവ് പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈഴവ, ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടെകൂട്ടി ജനകീയ സ്വഭാവം നല്‍കിയത്. വിദ്യാഭ്യാസമില്ലാത്ത, ഉദ്യോഗത്തിന് യോഗ്യരല്ലാത്തവരെന്ന മുദ്രയടിച്ച് മുസ്‌ലിം സമുദായക്കാരെ മെമ്മോറിയലിന്റെ ഭാഗമാക്കിയിരുന്നുമില്ല. പത്രികയില്‍ ഒപ്പിട്ടവരുടെ വിശദാംശങ്ങളില്‍ നിന്നും ഇക്കാര്യം ബോധ്യമാവും. 10038 പേരാണ് പത്രികയില്‍ ഒപ്പിട്ടത്. ഇതില്‍ തന്നെയും നായര്‍ മേധാവിത്തം കാണാവുന്നതാണ്. ഒപ്പിന്റെ കൂടെ പൂര്‍ണമായ പേരും തൊഴിലും രേഖപ്പെടുത്തിയിരിക്കുന്നത് 250 പേര്‍ മാത്രമാണ്. അവയില്‍ ആദ്യത്തെ 222 പേരില്‍ 168 പേരും നായര്‍ സമുദായക്കാരാണ്.

മൂന്നുമാസത്തിലധികം കാലം ഗവണ്‍മെന്റ് മെമ്മോറിയലിനോട് പ്രതികരിച്ചില്ല. നീണ്ട മൗനത്തിനൊടുവില്‍, മെമ്മോറിയലിലെ അവകാശവാദങ്ങളെ നിഷേധിച്ചുകൊണ്ടുള്ള ഒരു സന്ദേശം 1891 ഏപ്രില്‍ 21ന് കെ.പി ശങ്കരമേനോന് കൈമാറി. അതേസമയം, അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി പരമാവധി ആറ് അംഗങ്ങളുള്ള പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഗവണ്‍മെന്റ് സമ്മതിച്ചു. നാനാജാതി മതസ്ഥര്‍ പങ്കെടുത്തു എന്നവകാശപ്പെട്ട മലയാളി മെമ്മോറിയല്‍ വിജയിച്ചപ്പോള്‍ അവരെയെല്ലാവരെയും ഒഴിവാക്കി നായര്‍ സമുദായം മാത്രം അതിന്റെ ഗുണഫലങ്ങള്‍ കയ്യടക്കുകയായിരുന്നു. (മലയാളി മെമ്മോറിയലില്‍ സാധാരണക്കാരും കീഴാളരുമായ തമിഴ് സംസാരിക്കുന്ന തിരുവിതാംകൂറുകാരെ തീരെ പരിഗണിച്ചിരുന്നില്ല. മലയാളി മെമ്മോറിയലില്‍ തങ്ങള്‍ പരിഗണികപ്പെട്ടില്ല എന്ന മനോഭാവം അവര്‍ക്കുണ്ടായി. പിന്നീട് തമിഴ് ബ്രാഹ്മണരുടെ നേതൃത്വത്തില്‍ തമിഴ്‌സ്വത്വവാദം ബഹുജന പിന്തുണയോടെ കരുത്താര്‍ജിക്കാന്‍ കാരണമായി. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടന്നപ്പോള്‍ കേരളത്തിന് വലിയൊരു ഭാഗം തമിഴ്‌നാടിന് നല്‍കേണ്ടി വന്നത് ഇക്കാരണത്താലാണ്. അതേസമയം തമിഴ് സംസാരിക്കുന്ന ന്യൂനപക്ഷം ആ മേഖലകളില്‍ ഇന്നും അധിവസിക്കുന്നു.) ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവര്‍ക്ക് പ്രത്യേക സംവരണവും പരിഗണനയും ആവശ്യപ്പെട്ട്, ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭം രൂപംകൊണ്ടത്.

ഈഴവ മെമ്മോറിയല്‍
കേരളം കണ്ട ഐതിഹാസിക പോരാട്ടങ്ങളില്‍പെട്ട ഒന്നായിരുന്നു ഈഴവ മെമ്മോറിയല്‍. തിരുവിതാംകൂറില്‍ ജോലി ലഭിക്കാതെ മൈസൂര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന ഡോ. പല്‍പ്പുവും മലബാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ സഹോദരനുമൊക്കെ മലയാളി മെമ്മോറിയലില്‍ ഒപ്പിട്ടവരായിരുന്നു. പക്ഷേ, പിന്നീട് ഡോ. പല്‍പ്പുവിന്റെ തന്നെ നേതൃത്വത്തിലായിരുന്നു ഈഴവ മെമ്മോറിയല്‍ പ്രക്ഷോഭവും അരങ്ങേറിയത്. നായന്‍മാര്‍ കയ്യടക്കിയ സര്‍ക്കാര്‍ സര്‍വീസില്‍ ഈഴവര്‍ക്ക് സംവരണം വേണമെന്ന ആവശ്യമായിരുന്നു ഈഴവ മെമ്മോറിയലിന് പിന്നില്‍. 1892 ഓഗസ്റ്റില്‍ ശങ്കരസുബ്ബയ്യര്‍ ദിവാനായി സ്ഥാനമേറ്റതോടുകൂടി ഗവണ്‍മെന്റിന്റെ ഔദ്യോഗിക നയങ്ങള്‍ നായര്‍ സമുദായത്തിനനുകൂലമായി തുടങ്ങി. അതോടെ നായര്‍ സമുദായക്കാര്‍ സംസ്ഥാന സര്‍വീസിലേക്ക് ധാരളമായി കടന്നുവന്നു. പ്രക്ഷോഭം നടത്തി തമിഴ് ബ്രാഹ്മണര്‍ ഒഴിവാക്കപ്പെട്ട സ്ഥാനങ്ങളൊക്കെ നായര്‍ വിഭാഗങ്ങള്‍ സമര്‍ഥമായി കയ്യടക്കി. ക്രിസ്ത്യന്‍, ഈഴവ വിഭാഗങ്ങള്‍ ഒരേസമയം ഗവണ്‍മെന്റില്‍നിന്നും നായര്‍ സമുദായത്തില്‍നിന്നും കൂടുതല്‍ അകലാന്‍ ഇത് കാരണമായി.

16167 ഉദ്യോഗങ്ങളില്‍ അഞ്ച് രൂപ വരെ ശമ്പളമുളള ശിപായി, പൊലീസ് തുടങ്ങിയ ജോലികള്‍ ചെയ്തുവന്നത് ഹിന്ദുക്കളും ക്രിസ്ത്യാനികളുമാണ്. പത്ത് രൂപക്ക് മുകളില്‍ മാസശമ്പളമുളള 3407 തസ്തികകളില്‍ 1650 പേര്‍ മലയാളി ഹിന്ദുക്കളും 1444 പേര്‍ പരദേശി ഹിന്ദുക്കളും 272 പേര്‍ ക്രിസ്ത്യാനികളുമായിരുന്നു. 50 രൂപക്ക് മുകളില്‍ ശമ്പളമുളള 279 ഉദ്യോഗങ്ങളില്‍ 33 എണ്ണം ഇംഗ്ലീഷുകാരായിരുന്നു. അവശേഷിക്കുന്ന 246ല്‍ 120 വിദേശ ബ്രാഹ്മണരായിരുന്നു.

ഹിന്ദുക്കളില്‍ തന്നെ ഏറ്റവും കഷ്ടം ഈഴവരുടെ സ്ഥിതിയായിരുന്നു. ഈഴവരുള്‍പ്പെടെയുള്ള അവര്‍ണ വിഭാഗങ്ങളെ തിരുവിതാംകൂറില്‍ അഞ്ച് രൂപയില്‍ കൂടുതല്‍ മാസശമ്പളമുള്ള തസ്തികകളില്‍ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറിയ അവര്‍ണര്‍ക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചപ്പോള്‍ ഈഴവര്‍ക്ക് യാതൊരു ആനുകൂല്യങ്ങളും അനുവദിച്ചിരുന്നില്ല. തൊഴില്‍ രംഗത്ത് മാത്രമല്ല, സ്‌കൂള്‍ പ്രവേശനത്തിനും സാമൂഹ്യപദവിയിലുമെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി.

തിരുവിതാംകൂറിലെ ഈഴവര്‍ അഥവാ തിയ്യര്‍ ജനസംഖ്യയില്‍ രണ്ടാമതായിരുന്നു. തിരുവിതാംകൂറിലെ മറ്റു വിഭാഗങ്ങള്‍, മലബാറിലെ തിയ്യര്‍ എന്നിവരെ അപേക്ഷിച്ച് ഈഴവ സമുദായം ഏറെ പിറകിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഈഴവരുടെ പ്രശ്‌നങ്ങള്‍ രാജകൊട്ടാരത്തിലെത്തിക്കുന്നതിന് ഈഴവ മെമ്മോറിയര്‍ സമര്‍പ്പിക്കണമെന്ന് തീരുമാനിക്കപ്പെടുന്നത്. ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത് ഡോ. പല്‍പ്പുവായിരുന്നു. ഡോ. പല്‍പ്പുവാകട്ടെ, തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും അപേക്ഷ തിരസ്‌കരിക്കപ്പെട്ടിരുന്നു. ദിവാനുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഈഴവ സമുദായത്തിന് ഏറ്റവും മെച്ചപ്പെട്ട പരിഗണന നല്‍കണമെന്ന് ഡോ. പല്‍പ്പു മഹാരാജാവിനോട് അഭ്യര്‍ഥിച്ചു.

നീണ്ട എട്ട് മാസങ്ങള്‍ക്ക് ശേഷവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായില്ല. ഇതേപ്പറ്റി അന്വേഷിക്കാനായി തിരുവനന്തപുരത്തെത്തിയ ഡോ. പല്‍പ്പുവിന് റവന്യൂ ഒഴികെയുള്ള വകുപ്പുകളില്‍ ഈഴവ സമുദായാംഗങ്ങള്‍ക്ക് അവരുടെ യോഗ്യതക്കനുസൃതമായ നിയമനം നല്‍കാമെന്ന് ശങ്കരസുബ്ബയ്യര്‍ ഉറപ്പുനല്‍കി. എന്നാല്‍, ഇതറിഞ്ഞയുടന്‍ ഉദ്യോഗത്തിനായി അപേക്ഷിച്ച ബിരുദധാരികള്‍ക്ക് സമുദായാംഗങ്ങള്‍ക്ക് ‘ഉദ്യോഗസ്ഥാനങ്ങളില്‍ ഒഴിവില്ല’ എന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഉത്തരവാദിത്തരഹിതമായ ഈ മറുപടിയാണ് 1896 സെപ്തംബര്‍ 3ന് 13107 ഈഴവ സമുദായാംഗങ്ങള്‍ ഒപ്പിട്ട ഒരു അവകാശ പത്രിക കൂടി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കാരണമായത്. ഈ പത്രികയുടെയും സൂത്രധാരന്‍ ജി.പി പിള്ളയായിരുന്നു. എന്നാല്‍, അവയൊന്നും പ്രയോജനം ചെയ്തില്ല.

ഈഴവ മെമ്മോറിയലിലൂടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ലഭ്യമായില്ലെങ്കിലും കീഴാള വിഭാഗങ്ങളുടെ ആത്മവീര്യമുയര്‍ത്തിയ പോരാട്ടമായി ഈഴവ മെമ്മോറിയല്‍ മാറി. പലതരത്തിലുള്ള ഭീഷണികളേയും പ്രലോഭനങ്ങളേയും അതിജീവിച്ചാണ് ഇത്രയും പേര്‍ ഈഴവര്‍ മെമ്മോറിയലില്‍ ഒപ്പുവെച്ചത്.
സ്‌കൂളുകളിലേക്കും സര്‍ക്കാര്‍ സര്‍വീസിലേക്കും പ്രവേശനം അനുവദിക്കുക എന്നതായിരുന്നു ഈഴവ മെമ്മോറിയലിലെ മുഖ്യ ആവശ്യം. പ്രസ്തുത അവകാശപത്രികക്ക് നേരേ തീര്‍ത്തും നിഷേധാത്മകമായ സമീപനം കൈകൊണ്ട ദിവാന്‍ ശങ്കരസുബ്ബയ്യര്‍ ഈഴവരുടെ അവകാശങ്ങള്‍ അംഗീകരിച്ചു നല്‍കിയില്ല. ഡോ. പല്‍പ്പു സമരവുമായി മുന്നോട്ടുപോയി. ടി.കെ മാധവന്‍, കുമാരനാശാന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഈഴവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിന് ശക്തി പകര്‍ന്നു. അവര്‍ണര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിലാണ് ഈ പോരാട്ടം കലാശിച്ചത്.

നിവര്‍ത്തന പ്രക്ഷോഭം
1931-1938 കാലത്ത് ചിത്തിരത്തിരുനാള്‍ മഹാരാജാവിന്റെ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരുടെ മുന്‍കൈയില്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരത്തോടുള്ള എതിര്‍പ്പ് നിവര്‍ത്തന പ്രക്ഷോഭമായി രൂപപ്പെടുകയായിരുന്നു. രാജ്യത്ത് നടപ്പാക്കിയ ഭരണപരിഷ്‌കരണത്തിലൂടെ യോഗ്യതയുള്ള ക്രൈസ്തവ, ഈഴവ, മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് നിയമനിര്‍മ്മാണസഭയിലും ഉദ്യോഗത്തിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടുകൊണ്ടായിരുന്നു പ്രക്ഷോഭം. മൂന്ന് സമുദായക്കാരും ഒന്നിച്ച് ചേര്‍ന്ന് സ്ഥാപിച്ച സംയുക്ത പാര്‍ട്ടി കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.

1937ല്‍ നടന്ന സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ബഹിഷ്‌കരിക്കാനും അനീതികള്‍ക്കെതിരെ പ്രതിഷേധിക്കാനും സമരസമിതി ആഹ്വാനം ചെയ്തു. അത് ഫലം കാണുകയും ചെയ്തു. പ്രക്ഷോഭത്തിന്റെ ഫലമായി സര്‍ക്കാര്‍ ‘ദി ട്രാവന്‍കൂര്‍ പബ്ലിക് സര്‍വീസ് റിക്രൂട്ട്മെന്റ് കമ്മിറ്റി’യെ നിയമിച്ചു. സര്‍ക്കാര്‍ സര്‍വീസിലേക്ക് കഴിവും സമുദായ മുന്‍ഗണനയും പാലിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. നിയമസഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചു. വിവിധ സമുദായങ്ങള്‍ക്ക് നിയമസഭാസീറ്റുകള്‍ സംവരണം ചെയ്തു. സി. കേശവന്‍, ടി.എം വര്‍ഗീസ്, പി.കെ കുഞ്ഞ്, എന്‍.വി ജോസഫ് എന്നിവരാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. ജാതിവിവേചനത്തെ പ്രാദേശികമായല്ല, ദേശീയതലത്തില്‍ തന്നെ പരിഗണിക്കണമെന്ന് കേരളത്തില്‍ നിന്ന് ആദ്യമായി ഉന്നയിച്ചത് നിവര്‍ത്തന പ്രക്ഷോഭമാണ്. സര്‍ സി.പി നിവര്‍ത്തന പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ ശ്രമിച്ചെങ്കിലും വെല്ലസ്‌ലി പ്രഭുവിന്റെ ഇടപെടല്‍ കാരണം പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയായിരുന്നു.

പൗരസമത്വ പ്രക്ഷോഭം
1918-19 കാലത്ത് പൗരസമത്വവാദ പ്രക്ഷോഭം ആരംഭിക്കുന്നത് ഈഴവര്‍ക്കും അഹിന്ദുക്കള്‍ക്കും റവന്യൂ വകുപ്പില്‍ പ്രവേശനം ലഭിക്കണമെന്ന ആവശ്യവുമായാണ്. ക്രിസ്ത്യാനികള്‍ക്ക് റവന്യൂ വകുപ്പില്‍ മുന്‍പ്തന്നെ പ്രവേശനം ലഭിച്ചിരുന്നു. ഇത് ഇല്ലാതാക്കാന്‍ വേണ്ടി ദിവാനായിരുന്ന ശങ്കരസുബ്ബയ്യര്‍ റവന്യൂ വകുപ്പ് ദേവസ്വം വകുപ്പില്‍ ലയിപ്പിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധമാണ് പൗരസമത്വ പ്രക്ഷോഭമായി രൂപമാര്‍ജിച്ചത്. പൗരസമത്വവാദസംഘം എന്നൊരു സംഘടനയും ഇതിന്റെ ഭാഗമായുണ്ടായി. 1919 ഏപ്രിലില്‍ കോട്ടയത്ത് സംഘടിപ്പിച്ച പൗരസമത്വ സമ്മേളനം ശ്രദ്ധേയമായി. 14 ഹിന്ദുക്കളും 11 ക്രിസ്ത്യാനികളും ചേര്‍ന്ന ഒരു സംഘം ഗവണ്‍മെന്റിന് നിവേദനം സമര്‍പ്പിച്ചു. റവന്യൂ വകുപ്പിലെ 3964 ഉദ്യോഗങ്ങളുണ്ടായിരുന്നതില്‍ അഹിന്ദുക്കള്‍ക്കും അവര്‍ണ ഹിന്ദുക്കള്‍ക്കും കേവലം 147 ഉദ്യോഗങ്ങളേയുണ്ടായിരുന്നുള്ളൂ എന്ന വസ്തുത നിവേദനത്തില്‍ പ്രത്യേകം എടുത്തുകാട്ടിയിരുന്നു. ക്ഷേത്രപ്രവേശന പ്രക്ഷോഭം, സമുദായ പ്രാതിനിധ്യവാദം, ഉത്തരവാദ പ്രക്ഷോഭം തുടങ്ങിയവയെല്ലാം പൗരസമത്വ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണെന്ന് പറയാവുന്നതാണ്.

സാമുദായിക പരിവര്‍ത്തന പ്രക്ഷോഭങ്ങള്‍
1907ല്‍ പുലയ സമുദായ നേതാവായ അയ്യങ്കാളി തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘം സ്ഥാപിച്ചു. പ്രധാനമായും താഴെതട്ടിലുള്ളവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതായിരുന്നു സംഘം ലക്ഷ്യമിട്ടത്. 1912ല്‍ കൊച്ചിയില്‍ കൃഷ്ണാതി ആശാന്റെ നേതൃത്വത്തില്‍ അവകാശങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ ആരംഭിച്ചു. കരയില്‍ സ്ഥലം ലഭിക്കാത്തതിനാല്‍ കായലില്‍ വഞ്ചികള്‍ കൂട്ടിയിട്ട് പലകകള്‍ നിരത്തിയാണ് സമരം നടത്തിയത്.

1910ല്‍ പണ്ഡിറ്റ് കെ.പി കറുപ്പന്‍ വാലസമുദായ പരിഷ്‌കരണസഭ രൂപവത്കരിച്ചു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ ഇല്ലാതാക്കാനായി 190ല്‍ രൂപം കൊണ്ട യോഗക്ഷേമസഭയുടെ ലക്ഷ്യങ്ങളില്‍ ആധുനിക വിദ്യാഭ്യാസരീതിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു.
1917ല്‍ കൊച്ചിയിലെ ചെറായിയില്‍ ഈഴവരുടെ ഉന്നമനത്തിനായി കെ.അയ്യപ്പന്‍ സ്ഥാപിച്ച സഹോദര സമാജവും ഓര്‍ക്കേണ്ടതാണ്.

മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം
മേല്‍പറഞ്ഞ പ്രക്ഷോഭങ്ങളും സമരങ്ങളുമെല്ലാം അവര്‍ണ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളും അധികാര പങ്കാളിത്തവും നേടിയെടുക്കാനായിരുന്നെങ്കില്‍ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ഐക്യകേരളത്തിന്റെ രൂപീകരണാനന്തരം ഒരു പ്രദേശമപ്പാടെ അപരവല്‍ക്കരിക്കപ്പെടുന്നതിനെതിരെ നടത്തിയ സമരമാണ്. ഏതെങ്കിലും വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ടുള്ള സമരമായിരുന്നില്ല അത്. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ വലിയതോതില്‍ അവഗണിക്കപ്പെട്ട പ്രദേശമാണ് മലബാര്‍. കേരള വികസന മാതൃകയുടെ അപരസ്ഥാനമാണ് മലബാര്‍. ഈ വസ്തുത കേരളീയ പൊതുസമൂഹത്തിന് ബോധ്യപ്പെടാവുന്ന വിധത്തില്‍ സ്ഥിതിവിവരക്കണക്കുകളോടെ അവതരിപ്പിക്കപ്പെട്ടു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

കേരള രൂപീകരണത്തിന് ശേഷം വിവിധ ജില്ലകളായി മലബാര്‍ മുറിക്കപ്പെട്ടെങ്കിലും പൊതുവില്‍ വിവേചനം നിലനിന്നിരുന്നു. 2011 സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് പ്രത്യക്ഷ പ്രചാരണവുമായി രംഗത്തിറങ്ങിയതെങ്കിലും വിദ്യാഭ്യാസ മേഖലയിലെ വിവേചനത്തിനെതിരെ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പോലുള്ള സംഘടനകള്‍ 2006 മുതല്‍ തന്നെ രംഗത്തുണ്ടായിരുന്നു. 2007ല്‍ കോഴിക്കോട് ആഴ്ചവട്ടം സ്‌കൂളില്‍ നടന്ന പ്രവേശോല്‍സവത്തോടനുബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എം.എ ബേബി നയിച്ച ഘോഷയാത്രക്ക് മുന്നിലേക്ക് എസ്.ഐ.ഒയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എടുത്തുചാടിയതോടെയാണ് വിഷയം സംസ്ഥാന ശ്രദ്ധയിലെത്തുന്നത്. എം.ഇ എസ്, എം.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി, ഐ.എന്‍.എല്‍, ബി.എസ്.പി എന്നീ സംഘടനകളും മലബാറിലെ പൊതുവ്യക്തിത്വങ്ങളും പ്രക്ഷോഭത്തിന്റെ തുടക്കം മുതലുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ വിഘടനവാദമെന്നും അനാവശ്യസമരമെന്നും മുദ്രകുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് കേരളം അതിനെ യാഥാര്‍ഥ്യമായി അംഗീകരിക്കുകയായിരുന്നു. സമഗ്രമായി വിഷയത്തെ അഭിമുഖീകരിക്കാന്‍ കേരളഭരണകൂടം ഇനിയും തയ്യാറായിട്ടില്ലെങ്കിലും പൊതുനയങ്ങളില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചിട്ടുണ്ട്.

ഓരോ ബജറ്റും മലബാറിനെ പൊതുസമൂഹത്തിന്റെ നിശിത വിലയിരുത്തലിന് വിധേയമാകുന്ന സാഹചര്യവുമുണ്ടായിത്തീര്‍ന്നു. ചുരുക്കത്തില്‍ കേരള ചരിത്രം പരിശോധിച്ചാല്‍ വിവിധ മത,സാമുദായിക, ജാതി വിഭാഗങ്ങളാണ് സംവരണ പോരാട്ടങ്ങളുടെ നായകത്വം വഹിച്ചത്. മാത്രമല്ല സാമുദായ നവോത്ഥാന മുന്നേറ്റങ്ങളും സംവരണ പോരാട്ടങ്ങളും ഒന്നിച്ചാണ് കേരളത്തില്‍ മുന്നോട്ടുപോയത്. ഇതിന്റെ മറുവശം കേരളത്തിന്റെ സംവരണ പോരാട്ടത്തിനും നവോത്ഥാനത്തിനും പിറകില്‍ മതേതര ബോധം സവിശേഷ പങ്ക് വഹിച്ചില്ലെന്ന് കൂടിയാണ്. പക്ഷേ, മുന്‍പ് സംവരണത്തിലൂടെ മുന്നോട്ടുപോയവര്‍ സംവരണ വിരുദ്ധവര്‍ത്തമാനങ്ങള്‍ ഇക്കൂട്ടരോടൊപ്പം ചേര്‍ന്ന് പറയുന്നു എന്നത് വിരോധാഭാസമാണ്. പങ്ക് പറ്റി മറ്റുപിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തിനെതിരെ സംസാരിക്കുന്നു എന്ന വിരോധാഭാസമാണ് ഇന്ന് നടക്കുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757