Opinion

ഓരോ തെരഞ്ഞെടുപ്പ് കാലത്തും സംവരണ നയം അട്ടിമറിക്കപ്പെടുന്നു – ജസ്റ്റിസ് കെമാല്‍ പാഷ

 

ഫോറം ഫോര്‍ ഡെമോക്രസി എറണാകുളത്ത് നടത്തിയ ‘ഭരണഘടനാ പ്രശ്‌നങ്ങളും കാലിക സംഭവങ്ങളും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം.

നിലനില്‍പിന്റെ പ്രശ്‌നമായി മാറിയിരിക്കുന്നു ഇത്, നമ്മുടെ ഭരണഘടന അട്ടിമറിക്കപ്പെടുമോ എന്ന ഭയമുണ്ട് ജനങ്ങളുടെ മനസ്സില്‍. അത് ഇവിടത്തെ ന്യൂനപക്ഷങ്ങളേയും അവര്‍ണരേയും സംബന്ധിച്ചിടത്തോളം വലിയ ഭീതിയാണത്. ഈ നാട് മുഴുവന്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് മനസ്സിലാകും ഓരോ സ്ഥലത്തും കാണുന്നത് ആ ഭീതിയാണ്. നമ്മുടേത് പോലെ ബൃഹത്തായ ഭരണഘടന ലോകത്ത് വേറെയില്ല. ലോകം മുഴുവന്‍ അടക്കി ഭരിച്ച ബ്രിട്ടന് എഴുതപ്പെട്ട ഭരണഘടനയില്ല. അമേരിക്കന്‍ ഭരണഘടനയില്‍ വെറും ആറ് ആര്‍ട്ടിക്കിള്‍ മാത്രമേ ഉള്ളൂ. നമ്മുടെ ഭരണഘടനയില്‍ 395 വകുപ്പുകള്‍ വരാന്‍ കാരണം നമ്മുടെ സ്വഭാവ സവിശേഷതകള്‍ തന്നെയാണ് എന്ന് കരുതാം. നമ്മുടെ സംസ്‌കാരങ്ങളുടെ വ്യത്യാസമാണ്, സംസ്‌കാരത്തിലുണ്ടായിരുന്ന മൂല്യച്യുതിയാണ് ആര്‍ട്ടിക്കിള്‍ 17; തൊട്ടുകൂടായ്മക്കെതിരെയുള്ള വകുപ്പ്. ലോകത്ത് ഒരു ഭരണഘടനയിലും അങ്ങിനെയൊരു വകുപ്പില്ല. ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നമുക്ക് അപമാനമുണ്ടാക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 17 എന്ന് പറയാം, പക്ഷേ ഡോ. അംബേദ്കര്‍ കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ഭരണഘടനയുടെ ഡ്രാഫ്റ്റ് അവതരിപ്പിച്ചപ്പോള്‍ ഏറ്റവും കയ്യടി നേടിയത് ഈ വകുപ്പാണ്, തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇല്ലാതാക്കാനുള്ള വകുപ്പ്. ഇവിടെ ഒരു ജനത ചവിട്ടേറ്റ് കിടക്കുകയായിരുന്നു വര്‍ഷങ്ങള്‍. അവരെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയായിരുന്നു അവര്‍ണരെ. ആരാണ് ഈ സവര്‍ണര്‍? ആരാണ് അവര്‍ണര്‍?

ഭരണഘടനാ മൂല്യങ്ങളും സുപ്രീംകോടതി വിധിയും വിമര്‍ശനാത്മകമായി വ്യാഖ്യാനിക്കാനും അത് നടപ്പിലാക്കാനും മുന്നിട്ടിറങ്ങേണ്ടത് എന്ന് ഭൂരിപക്ഷമെന്ന് അഹങ്കരിക്കുന്നവര്‍ കരുതുന്നത് തന്ത്രിമാരെ പോലുള്ളവരെയാണ്. സുപ്രീംകോടതി വിധിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തന്ത്രിയുടെ അടുത്തേക്ക് പോകുന്ന ഒരു കാഴ്ചപ്പാടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

ഭരണഘടന മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ ഒരു ആശയമാണ് തുല്യത. ലിംഗനീതി നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ഒന്നാണ്. ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞതുപോലെ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയം അതിന്റെ ആമുഖമാണ്. അതില്‍ പറഞ്ഞിരിക്കുന്നത് We the people of India having Solemnly declared to constitute India into a Sovereign, Socialist, Secular, Democratic Republic. നമ്മുടേത് പരമാധികാരമുള്ള രാജ്യമാണ്, നമ്മളൊക്കെ ഈ രാജ്യത്ത് പരമാധികാരികളാണ്. ഇവിടുത്തെ കലക്ടീവ് ഇലക്ടറേറ്റ് ആണ് പരമാധികാരി അല്ലാതെ ഇവിടെ വേറെ പരമാധികാരികളൊന്നും ഇല്ല. ഇവിടെ പരമാധികാരി വോട്ട് ചെയ്യുന്ന നമ്മളാണ്. പട്ടിണിപ്പാവങ്ങളാണ് കലക്ടീവ് ഇലക്ടറേറ്റില്‍ കൂടുതലും. അവര്‍ തീരുമാനിക്കും എന്താണ് നടക്കേണ്ടതെന്ന്.

സ്ത്രീ സമത്വം, മതനിരപേക്ഷത, ഇവയിലൂന്നിയാവണം സമൂഹം. പക്ഷേ നമ്മളിന്ന് കാണുന്നതെന്താണ്? ഭൂരിപക്ഷത്തെ നയിക്കുന്നു എന്ന് അവകാശപ്പെടുന്ന ചില സംഘടനകള്‍ ചെയ്യുന്നതെന്താണ് എന്ന് നമ്മള്‍ കാണുന്നുണ്ട്. ഈ റിപ്പബ്ലിക് ദിനത്തിന് ശേഷം വളരെയധികം വേദനിപ്പിച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പ്രചരിക്കപ്പെട്ടു. മഹാത്മാ ഗാന്ധിയെ, ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു രണ്ടാമത്. വീണ്ടും കാണിക്കുകയാണ്, കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടി. അത് കഴിഞ്ഞ് കത്തിക്കുകയാണ് ഗാന്ധിയുടെ രൂപം. നമ്മളെവിടെപ്പോയി നില്‍ക്കുന്നു ഈ ജനങ്ങള്‍, ഇത് കാണുന്നവര്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലദേശവും രാഷ്ട്രവും ഭരണകൂടവും എന്താണെന്ന് തിരിച്ചറിയാത്ത ഭരണകൂടം. ഭരണകൂടത്തെ, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍, ഏതെങ്കിലും മന്ത്രിമാരെ വിമര്‍ശിച്ചാല്‍, രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ചാല്‍ ദേശദ്രോഹമായി കണക്കാക്കപ്പെടുന്ന നാടാണ് നമ്മുടേത്. എത്ര എഴുത്തുകാര്‍ അകത്ത് കിടക്കുന്നു. എഴുതാന്‍ അവകാശമില്ല അവര്‍ക്ക് അവരുടെ ആശയം കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്നില്ല, അവരുടെ മനസ്സിലുള്ളത് പറഞ്ഞാല്‍ അത് ദേശദ്രോഹം എന്ന് ചിത്രീകരിക്കപ്പെടുകയാണ്.

നമ്മുടെ ഭരണാധികാരികളെ വിമര്‍ശിക്കാന്‍ നമ്മള്‍ പരമാധികാരികള്‍ക്ക് അവകാശമില്ലേ? ഇന്ന് എന്ത് എഴുതണം, എന്ത് കഴിക്കണം, എന്ത് പറയണം, എന്ത് പ്രവര്‍ത്തിക്കണം ഇതെല്ലാം തീരുമാനിക്കപ്പെട്ടിരിക്കുകയാണ്. ജീവിക്കാനുള്ള അവകാശം, അതില്‍ പെടുന്നതല്ലേ ഇതെല്ലാം? ഞാനെന്ത് ചിന്തിക്കണം എന്നതിലേക്ക് കടക്കുകയാണ് ഇപ്പോള്‍. എന്റെ ചിന്തയില്‍ എന്ത് സ്വപ്നം കാണണം ഞാന്‍, ഒരു നല്ല ഭാരതം സ്വപ്നം കാണാന്‍ അവകാശമില്ലേ ഒരു പൗരന്? അതിലേക്ക് വരെ കടന്നുകയറ്റമാണ്, എവിടെയാണ് ജീവിക്കാനുള്ള അവകാശം? നമ്മുടെ ഭരണഘടന പറയുന്ന ജീവിക്കാനുള്ള അവകാശമൊന്നും നമുക്കാര്‍ക്കും ഇല്ല ഇവിടെ. മതങ്ങളുടെ കാര്യത്തില്‍ സുപ്രീംകോടതി എന്തിന് ഇടപെടുന്നു എന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. ആര്‍ട്ടിക്കിള്‍ 25, ഏത് മതവും പിന്തുടരാനുള്ള അവകാശം, മൗലിക അവകാശങ്ങളില്‍ പെടുന്നതാണ്.

തുല്യത ഭരണഘടനയുടെ അടിത്തറയില്‍ ഉള്ളതാണ്. തുല്യത നമ്മുടെ ഏറ്റവും വലിയ സ്വത്താണ്. അത് അടിസ്ഥാന തത്വം അല്ല എന്ന് പറഞ്ഞത് ജസ്റ്റിസ് മാത്യു ആണ്, ഞാനതിനോട് വിയോജിക്കുന്നു. കാരണം തുല്യത നമ്മുടെ മുഖമുദ്ര തന്നെയാണ്. ആര്‍ട്ടിക്കിള്‍ 14, നിയമത്തിന് മുന്നില്‍ തുല്യത, തുല്യ നിയമ സംരക്ഷണം എന്നത് ഏറ്റവും വലുതല്ലേ നമുക്ക് ആണ്. തുല്യത അടിസ്ഥാന തത്വമായി തുടരുന്നത്രയും കാലം ഹൈക്കോടതിക്കും സുപ്രീം കോടതിക്കും അധികാരമില്ലേ അത് പറയാന്‍? അവര്‍ക്കേ അധികാരമുള്ളൂ അവരത് പറയും അതല്ലാതെ ഇവിടത്തെ മന്ത്രിയോ തന്ത്രിയോ മുക്രിയോ പൂജാരിയോ അച്ചനോ ഒന്നുമല്ല തീരുമാനിക്കേണ്ടത്. തീരുമാനിക്കുന്നത് കോടതി തന്നെയാണ്. ആ വിഷയം കോടതി തീരുമാനിച്ചാല്‍ ഞങ്ങളതിനെ അനുസരിക്കില്ല എന്ന് പറഞ്ഞാല്‍ അതെന്ത് കാഴ്ചപ്പാടാണ്?

ആള്‍ക്കൂട്ടം, ആള്‍ക്കൂട്ട ഭീകരത എന്താണ് കുറേയാളുകള്‍ കൂടി ഇതിനെ തടസ്സപ്പെടുത്താന്‍ പോകുമ്പോള്‍ അത് ആള്‍ക്കൂട്ട ഭീകരതയല്ലേ ഇവിടെ എന്ത് നടക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും, ഇന്ന് നടക്കുന്നതാണ് ശരി, നാളെയും ഇത് തന്നെ നടക്കണം, മറ്റന്നാളും ഇത് തന്നെ നടക്കണം, കാലങ്ങളോളം ഇത് തന്നെ നടക്കണം എന്ന് പറഞ്ഞാല്‍ നമ്മുടെ സമൂഹം വളരുമോ നമ്മുടെ സംസ്‌കാരം വളരുമോ രാജ്യം വികസിക്കുമോ എന്തെങ്കിലും വ്യത്യാസമുണ്ടാകുമോ സ്റ്റാറ്റസ്‌ക്വോ അല്ലെ ഉണ്ടാകുന്നത് എന്നത്തേക്കും ഇത് വേണം എന്ന് പറയുന്നതല്ലേ ഭീകരവാദം അതല്ലേ തീവ്രവാദം ആ രീതിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ലിംഗനീതിയെപ്പറ്റി പുതിയ കാഴ്ചപ്പാടുകള്‍ വേണം. സവര്‍ണ വര്‍ഗത്തിന്റെ തീരുമാനം അതില്‍ എടുക്കും, അതായിരിക്കണം തീരുമാനം ഇല്ലെങ്കില്‍ വേറെയൊന്നും വേണ്ട എന്ന് പറയുന്നത് ആള്‍ക്കൂട്ട കൊല പോലെയുള്ള ആള്‍ക്കൂട്ട ഭീകരതയാണ്. ഓരോ ന്യൂനപക്ഷങ്ങളെ സംഹരിക്കാന്‍ ആള്‍ക്കൂട്ടങ്ങള്‍ മുമ്പോട്ടുവരികയാണ്. ഏറ്റവും വലിയ ക്രൈം അല്ലേ നമ്മുടെ രാജ്യത്താകെ നടക്കുന്നത്. ഇത് നമ്മളിവിടെ വളരെക്കുറച്ചേ കാണുന്നുള്ളൂ എങ്കിലും എന്തുമാത്രമാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത് അതങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്.

സംവരണ നയത്തില്‍ പുതിയ നിയമം കൊണ്ടുവരികയാണ്.
നമ്മുടെ ഭരണഘടനയിലെ സംവരണം, ആര്‍ട്ടിക്കിള്‍ 15, ആര്‍ട്ടിക്കിള്‍ 16 അതില്‍ ആര്‍ട്ടിക്കിള്‍ 15(4), ആര്‍ട്ടിക്കിള്‍ 16(4) പ്രധാനമാണ്. ആര്‍ട്ടിക്കിള്‍ 15(4)ല്‍ പ്രത്യേക സംരക്ഷണം കൊടുക്കേണ്ടത് പിന്നാക്ക സമുദായങ്ങള്‍ക്കാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് എന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരെയാണ് ആര്‍ട്ടിക്കിള്‍ 15(4) പരിഗണിക്കുന്നത്. ഡോ. അംബേദ്കര്‍ ആദ്യത്തെ നിയമമന്ത്രി ആയിരിക്കെ സംവരണ നയം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ച ശ്രദ്ധേയമായൊരു കാര്യമുണ്ട്, ആളുകള്‍ മറന്നുപോയിട്ടുണ്ട് അത്. ഒമ്പതം?ഗ ഭരണഘടനാ ബെഞ്ച് ഇന്ദിരാ സാഹ്നി കേസില്‍ അത് ചര്‍ച്ച ചെയ്തിട്ടുണ്ട്.1992ല്‍. ജസ്റ്റിസ് കൊച്ചുതൊമ്മന്‍ ഉള്‍പ്പെടെയുള്ള ബെഞ്ചാണ്.

 

ഡോ.അംബേദ്കറുടെ ഭാഷയില്‍ സാമൂഹ്യമായ പിന്നാക്കാവസ്ഥ, സാമൂഹ്യമായ അധപതനം എന്ന് തന്നെ പറയാം, അതുപോലെ തന്നെയാണല്ലോ ആളുകളെ കണക്കാക്കിയിരുന്നത്, സാമൂഹ്യമായ അധപതനമാണ് സാമ്പത്തികമായ അധപതനത്തിലേക്ക് നയിച്ചത്, വിദ്യാഭ്യാസമില്ലായ്മയിലേക്ക് നയിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് അദ്ദേഹം പറഞ്ഞത്, അതിന് കാരണം സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നില്‍ ആകാന്‍ കാരണം സാമൂഹ്യമായ അധപതനമാണ് ഇത് രണ്ടിലേക്കും നയിച്ചത്. അത് മറന്നുകൊണ്ട് ഭരണഘടനയുടെ അന്തസത്ത തന്നെ അട്ടിമറിക്കപ്പെടുകയാണ്. സംവരണം എന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. അതാണ് ഭരണഘടനയുടെ നയം. നരസിംഹ റാവു ഗവണ്മെന്റ് ഒരിക്കല്‍ സാമ്പത്തിക സംവരണം കൊണ്ടുവന്നല്ലോ, അതിലാണ് 1992ല്‍ ഇന്ദ്ര സാഹ്‌നി കേസില്‍ വിധി വന്നത്, അതെടുത്ത് ദൂരെ കളഞ്ഞതല്ലേ. കാരണം, ഇത് നമ്മുടെ ഭരണഘടനയില്‍ വിഭാവനം ചെയ്യുന്നതല്ല. ഭരണഘടന ഒരിക്കലും സാമ്പത്തിക സംവരണത്തെ വിഭാവനം ചെയ്യുന്നില്ല. 50 ശതമാനത്തില്‍ കൂടുതല്‍ സംവരണം പാടില്ല. പക്ഷേ, സാമ്പത്തിക സംവരണം സുപ്രീംകോടതി വിധിയെ അട്ടിമറിക്കുകയല്ലേ അട്ടിമറിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ അതല്ലെങ്കില്‍ ന്യായമായ എന്തെങ്കിലും കാരണങ്ങളോ സംഗതികളോ ഉണ്ടെങ്കില്‍ നമുക്കിത് പറയാം, നേരെമറിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മതവിഭാഗങ്ങളെ ജാതിവിഭാഗങ്ങളെ മുന്നോട്ട് കൊണ്ടുവരാന്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള മഹത്തായ ഉദ്ദേശ്യത്തോടുകൂടി ഏര്‍പ്പെടുത്തിയ സംവരണ നയം അട്ടിമറിക്കലിലൂടെ ഭരണഘടനയെ അട്ടിമറിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമുള്ള ഭീതി ന്യായമല്ലേ?

ഒരിക്കലും ഭൂരിപക്ഷത്തിന് ഇല്ലാത്ത അവകാശങ്ങള്‍ ന്യൂനപക്ഷത്തിന് കിട്ടണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഈ ഭൂരിപക്ഷത്തോടൊപ്പം നീങ്ങാന്‍ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉള്ള അവകാശങ്ങള്‍ അവര്‍ക്ക് കിട്ടട്ടെ, അത്രയും മതി അത് പരിരക്ഷിക്കപ്പെടണം. അത് പരിരക്ഷിക്കുന്നതിന് പകരം ഒരു ഇലക്ഷന്‍ സ്റ്റണ്ട് അല്ലേ ഇത് ഓരോ ഇലക്ഷന്‍ വരുമ്പോഴും സംവരണ നയത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടാക്കിക്കൊണ്ടിരിക്കും, ഇതാണ് കാഴ്ചപ്പാട്. ഇതുപോലുള്ള ഓരോ അട്ടിമറികളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന പൂര്‍ണമായും അട്ടിമറിക്കപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ആര്‍ട്ടിക്കിള്‍ 32 നമ്മുടെ ഭരണഘടനയില്‍ ഉള്ളിടത്തോളം കാലം ഭരണഘടനയുടെ മൂല്യങ്ങള്‍ക്കെതിരായിട്ടുള്ള എന്ത് നയം വന്നാലും അത് വിലയുള്ളതല്ല. അത് അസാധുവാണ്. അതുകൊണ്ട് അട്ടിമറിക്കപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, കോടതി അതേപോലെ നിലയുറപ്പിച്ചാല്‍. ഏതൊരു ഭരണഘടനാ ഭേദഗതിയും ആര്‍ട്ടിക്കിള്‍ 32 അനുസരിച്ച് അസാധുവാണെങ്കില്‍ അത് അസാധുവാണെന്ന് പറയാന്‍ കോടതികള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഭരണഘടന അട്ടിമറിക്കപ്പെടും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അട്ടിമറിക്കപ്പെട്ടാല്‍ കോടതികള്‍ അതില്‍ ഇടപെടും, ഇടപെടണം അതാണ് വേണ്ടത്. ഭരണഘടനയേയും ഫെഡറല്‍ സിസ്റ്റത്തേയും അട്ടിമറിക്കുന്ന എന്തൊക്കെയാണ് നമ്മള്‍ കാണുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏറ്റവും വിലയേറിയതാണ് ഫെഡറല്‍ സംവിധാനം. ഫെഡറല്‍ സിസ്റ്റത്തെ അട്ടിമറിക്കുന്ന ഭരണം വന്നാല്‍ വലിയ ബുദ്ധിമുട്ടാണ്, ഡല്‍ഹിയില്‍ കാണുന്നില്ലേ? ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ കയ്യുംകാലും കെട്ടിയിട്ടിരിക്കുകയല്ലേ? എന്നിട്ട് ഭരിക്കാന്‍ പറയുകയല്ലേ? ഇലക്ഷന്‍ അടുക്കുമ്പോള്‍ ചെയ്യുന്ന ഇത്തരം സര്‍ക്കസുകളൊക്കെ സഹിക്കേണ്ടത് നമ്മളല്ലേ? ഇത്തരം കാര്യങ്ങളെപ്പറ്റി ജനങ്ങള്‍ക്ക് അവബോധം വേണം.

ഇന്ത്യയില്‍ ശതകോടീശ്വരന്മാരില്‍ ഒരാള്‍ ഉടന്‍ പാപ്പരായി പ്രഖ്യാപിക്കപ്പെടും. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ആ പാര്‍ട്ടിയുടെ നേതാവ് പറഞ്ഞത് അവന്‍ പാപ്പരാകണം എന്നാണ്. ഇതാണ് അവരുടെ വിവരം. പക്ഷേ ഈ ജനങ്ങളുടെ പണമാണ് അയാള്‍ കൊണ്ടുപോയിരിക്കുന്നത്. ആര്‍ക്കാണ് നഷ്ടം വരുന്നത് പാപ്പരായാല്‍ ഇന്ത്യയിലെ ജനങ്ങളാണ് പാപ്പരാകുന്നത്, ഇത് ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. ഒരു ഇന്റലക്ച്വല്‍ വര്‍ക്കിന് ആരും പോകുന്നില്ല, അത് ചെയ്യാറുള്ളവര്‍ വീട്ടുതടങ്കലില്‍ കഴിയുന്നു. എന്തുപറഞ്ഞാലും അത് ദേശദ്രോഹമായി ചിത്രീകരിക്കപ്പെടുകയാണെങ്കില്‍ അത് നിര്‍ഭാഗ്യവശാല്‍ ഭരണഘടനയിലെ ഒരു വകുപ്പ് ഉപയോഗിച്ചുകൊണ്ടാണ്. ഇത്തരം അട്ടിമറികളെക്കുറിച്ച് പഠിക്കുക.’

പകര്‍ത്തിയെഴുത്ത് : മൃദല ഭവാനി

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757