keralanews

സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് ഐക്യാഹ്വാനമുയർത്തി  സംവരണാവകാശ കൺവെൻഷൻ

 

കൊച്ചി: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് സംവരണ സമുദായങ്ങളേയും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരേയും അണിനിരത്തി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സംവരണാവകാശ കൺവെൻഷൻ തീരുമാനിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവകാശവും സാമൂഹിക നീതിയും നിരാകരിക്കുന്നതാണ് സാമ്പത്തിക സംവരണത്തിന് മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലെന്നും അതിന് കൂട്ടുനിന്നവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.
ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥയിൽ മാറ്റം വരരുതെന്നാഗ്രഹിക്കുന്ന സർക്കാരുകളാണ് കേന്ദ്രത്തിലും സംസ്ഥാനത്തുമുള്ളത്. സാഹോദര്യത്തിലധിഷ്ഠിതമായ പോരാട്ടത്തിലൂടെ മാത്രമേ സാമൂഹിക നീതി സ്ഥാപിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
നടപടി ക്രമങ്ങൾ പാലിക്കാതെ തിടുക്കത്തിലാണ് സംവരണം അട്ടിമറിക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. സംവരണീയ സമുദായങ്ങളുടെ സാമൂഹിക സ്ഥിതി പോലും പരിശോധിക്കാതെയുള്ള ഏകപക്ഷീയ നിലപാടാണ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് അധ്യക്ഷത വഹിച്ചു.
ദലിത് ആക്ടിവിസ്റ്റ് കെ.കെ. കൊച്ച്, ധീവരസഭാ നേതാവ് വി. ദിനകരൻ, അഡ്വ. കെ.പി. മുഹമ്മദ് (കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്), പി.എ. മുജീബ് റഹ്മാൻ (പി.ഡി.പി), കുട്ടപ്പൻ ചെട്ടിയാർ (വണിക വൈശ്യ സംഘം), കെ.കെ. ബാബുരാജ്, സജി കൊല്ലം (ഡി.എച്ച്.ആർ.എം പ്രസിഡന്റ്), ടി.ബി. വിജയകുമാർ (എഴുത്തച്ഛൻ സമാജം), വി.ആർ. ജോഷി (പിന്നോക്ക ക്ഷേമ വികസന വകുപ്പ് മുൻ ഡയറക്ടർ), രാമചന്ദ്രൻ മുല്ലശ്ശേരി (സാംബവ മഹാസഭ), സി.എസ്. മുരളി (കെ.ഡി.എം.എസ്.), ഷമീർ ഫലാഹി (ഐ.എസ്.എം), ടി.കെ. രാജഗോപാൽ (കെ.പി.എം.എസ്), പി.കെ. രാധാകൃഷ്ണൻ (ഐ.ഡി.എഫ്), അഡ്വ. പി.ഒ. ജോൺ (എൻ.ഡി.എൽ.എഫ്), ലൂക്കോസ് നീലംപേരൂർ (സീഡിയൻ), ബി. കുഞ്ഞുമുഹമ്മദ് (മെക്ക സംസ്ഥാന ട്രഷറർ), എം.എം. അഷറഫ് (എം.ഇ.എസ്), സുകുമാരൻ (എസ്.എൻ ട്രസ്റ്റ്), രാധാകൃഷ്ണൻ കാവുംകണ്ടത്തിൽ (കെ.ഡി.എഫ്) തുടങ്ങിയവർ പങ്കെടുത്തു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ നന്ദിയും പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757