interviewOpinion

സവര്‍ണ സംവരണം ഇന്ത്യയെ നൂറുവര്‍ഷം പിന്നോട്ട് നടത്താനുള്ള ശ്രമം – ജസ്റ്റിസ് വി. ഈശ്വരയ്യ / മൃദുല ഭവാനി

 

ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വി. ഈശ്വരയ്യ ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചു. രാജ്യത്തെങ്ങും സവര്‍ണ സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനകളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യ പിന്നാക്ക വിഭാഗ ഫെഡറേഷന്‍ പ്രസിഡണ്ടാണ് ജസ്റ്റിസ് ഈശ്വരയ്യ. സവര്‍ണ സാമ്പത്തിക സംവരണ നിയമത്തിനെതിരെ അഖിലേന്ത്യാ പിന്നാക്ക വിഭാഗ ഫെഡറേഷനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട് ജസ്റ്റിസ് ഈശ്വരയ്യ.

വെറും രണ്ടു ദിവസങ്ങള്‍ മാത്രമെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച സാമ്പത്തിക സംവരണം പാര്‍ലമെന്റിന്റെ ഇരു സഭകളും വോട്ട് ചെയ്ത് നിയമമാക്കിയത്. ഇന്ത്യന്‍ ഭരണഘടനാ ഭേദഗതികളുടേയോ നിയമനിര്‍മാണത്തിന്റേയോ ചരിത്രത്തില്‍ ഇത്രയും വേഗത്തില്‍ നിയമമാക്കപ്പെട്ട ഒരു ബില്‍ കാണാന്‍ കഴിയില്ല. ഈ വിചിത്രമായ വേഗത്തെപ്പറ്റി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്? ഇതാദ്യമായാണോ ഒരു ബില്‍ രണ്ടു ദിവസത്തിനുള്ളില്‍ നിയമമായി പാസാക്കപ്പെടുന്നത്?

അതെ, ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. രാജ ഭരണത്തില്‍ ഇതുപോലെ ഒറ്റ രാത്രി കൊണ്ട് നിയമങ്ങള്‍ കൊണ്ടുവരാം. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഇത് രാജഭരണമല്ല. ഇത് ഇന്ത്യന്‍ ജനതയുടെ പരമാധികാര രാജ്യമാണ്. ഭൂരിപക്ഷം ജനപ്രതിനിധികളും യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും സവര്‍ണരാണ് നയിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍, മായാവതി നയിക്കുന്ന ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളൊഴികെ മറ്റെല്ലാ പാര്‍ട്ടികളേയും നയിക്കുന്നത് സവര്‍ണരാണ്. ഡിസംബര്‍ ഏഴിന് രണ്ടുമണിക്ക് മന്ത്രിസഭ ബില്‍ പാസാക്കുന്നു. എട്ടാം തിയതി ലോക്‌സഭ ഭരണഘടനാഭേദഗതി ബില്‍ പാസാക്കുന്നു. ഒമ്പതാം തീയതി രാജ്യസഭയും ബില്‍ പാസാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതാണ് ഈ നിയമം, എന്നാല്‍ ‘സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍’ എന്ന പ്രയോഗം ഭരണഘടനയില്‍ എവിടെയും ഉപയോഗിച്ചതായി കാണാന്‍ കഴിയില്ല. വിവേചനത്തിന് എതിരായാണ് തുല്യത എന്ന ആശയം. വിവേചനത്തിന് എതിരായാണ് ഭരണഘടനയുടെ അടിസ്ഥാനമെന്ന നിലയില്‍ സമത്വം മുന്നോട്ടുവെക്കപ്പെടുന്നത്. മൗലിക അവകാശങ്ങളാണ് അടിസ്ഥാനം. ആമുഖമാണ് അടിസ്ഥാനം. നാല്‍പത്തെട്ട് മണിക്കൂറിനുളളില്‍ അവര്‍ ഈ ബില്‍ നിയമമാക്കാന്‍ കാരണം ഏതാണ്ട് എല്ലാ പാര്‍ട്ടികളിലും സവര്‍ണര്‍ക്ക് ആധിപത്യമുള്ളതുകൊണ്ടാണ്. പാര്‍ലമെന്റിന്റെ അവസാനത്തെ സെഷന്‍ ആയിരുന്നു അത്. അടുത്തത് ബഡ്ജറ്റ് സെഷനായിരിക്കും. അതുകൊണ്ടാണ് സവര്‍ണരെ കൊണ്ട് ഈ ഭരണഘടന ഭേദഗതി ബില്‍ അവര്‍ അവതരിപ്പിച്ചത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരികെ കൊണ്ടുവരാനും ഹിന്ദു രാഷ്ട്രം നിര്‍മിക്കാനുമുള്ള ബിജെപിയുടേയും ആര്‍എസ്എസിന്റേയും കൃത്യമായ പദ്ധതിയാണ് ഈ ഭരണഘടനാ ഭേദഗതി ബില്‍. രണ്ട് വര്‍ഷം മുന്‍പ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിക്കുകയുണ്ടായി, ‘ആരക്ഷണ്‍ കോ സമീക്ഷാ കര്‍നാ’ അതായത്, സാമൂഹ്യ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലല്ലാതെ, സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ ‘സംവരണ നയം പുനഃപരിശോധിക്കണം’ എന്നാണു മോഹന്‍ ഭഗവത് ആവശ്യപ്പെട്ടത്. എന്നാല്‍, അതിനെതിരെ രാജ്യത്താകമാനം എതിര്‍പ്പുകളുയര്‍ന്നപ്പോള്‍ അവര്‍ നിശബ്ദരായി. എന്നിട്ട് പെട്ടെന്നൊരു ദിവസം എസ്.സി, എസ്.ടി വിഭാഗങ്ങളേയും മറ്റു പിന്നാക്ക വിഭാഗങ്ങളേയും പുറന്തള്ളിക്കൊണ്ട്, സവര്‍ണര്‍ക്ക് സംവരണം നല്‍കികൊണ്ടുള്ള ഒരിക്കലും നീതീകരിക്കാനാവാത്ത ഈ ഭരണഘടന ഭേദഗതി അവര്‍ കൊണ്ടുവന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്ന് പറയപ്പെടുന്ന സവര്‍ണര്‍ക്കാണ് സാമ്പത്തിക സംവരണം നല്‍കുന്നത്, ആരാണു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍?

അവര്‍ ദരിദ്രരല്ല, അവര്‍ സമ്പന്ന വിഭാഗമാണ്. പക്ഷേ, സവര്‍ണര്‍ കയ്യടക്കി വെച്ചിരിക്കുന്ന മാധ്യമ സ്ഥാപനങ്ങളാണ് അവരെ ദരിദ്രരായി ചിത്രീകരിക്കുന്നത്. അവര്‍ റിക്ഷ വലിക്കുന്നവരല്ല, അവര്‍ ഓട്ടോ ഡ്രൈവര്‍മാരല്ല, അവര്‍ കര്‍ഷക തൊഴിലാളികള്‍ അല്ല, അവര്‍ മണ്‍പാത്രങ്ങളുണ്ടാക്കുന്നവരല്ല. എന്നാല്‍, അവര്‍ നികുതി അടക്കുന്നവരാണ്, വാര്‍ഷിക വരുമാനം ഉള്ളവരാണ്, നഗര പ്രദേശങ്ങളില്‍ അഞ്ചേക്കര്‍ ഭൂമി ഉള്ളവരാണ്, ആയിരം സ്‌ക്വയര്‍ഫീറ്റ് ഫ്‌ളാറ്റ് സ്വന്തമായി ഉള്ളവരാണ്. ഇവര്‍ ദരിദ്രരാണ് എന്ന് എങ്ങനെയാണു പറയുന്നത്? പിന്നാക്ക വിഭാഗം എന്നാല്‍ സാമൂഹികമായ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവര്‍, തൊട്ടുകൂടായ്മ അനുഭവിക്കുന്നവര്‍, അങ്ങിനെ പല തരത്തില്‍ വിവേചനങ്ങള്‍ നേരിടുന്നവര്‍. മുന്‍പ് പൊതുകിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ അവകാശമില്ലാതിരുന്നവര്‍. അവര്‍ക്ക് പ്രത്യേക ശ്മശാനങ്ങളുണ്ട്. അശുദ്ധമായ, താഴ്ന്ന തൊഴിലുകളാണ് അവര്‍ ചെയ്യുന്നത്. മുടി വെട്ടുകയും തുണി നെയ്യുകയും പാത്രങ്ങള്‍ കഴുകുകയും മത്സ്യബന്ധനം നടത്തുകയും മലം കോരുകയും നഗരം വൃത്തിയാക്കുകയും ചെയ്യുന്നവര്‍. ജാതിയുടേയും അതുകാരണം ചെയ്യേണ്ടിവരുന്ന തൊഴിലിന്റേയും അടിസ്ഥാനത്തില്‍ വിവേചനം അനുഭവിക്കുന്നവര്‍. ആര്‍ട്ടിക്കിള്‍ 15 പറയുന്നത് ആരും വിവേചനം നേരിടരുത് എന്നും എല്ലാവരും തുല്യരായി പരിഗണിക്കപ്പെടണം എന്നുമാണ്. ആര്‍ട്ടിക്കിള്‍ 16ഉം 17ഉം പറയുന്നത് നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും നിയമം സംരക്ഷിക്കപ്പെടണം എന്നുമാണ്. ഈ വിവേചനം ഇല്ലാതാക്കാനുള്ളതാണ് സംവരണ നയം. വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണ നയം സംവരണം ഉറപ്പാക്കുന്നു.

ഭരണഘടന തയ്യാറാക്കിയപ്പോള്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും പാര്‍ലമെന്റ്-അസംബ്ലി പ്രാതിനിധ്യത്തിലുമുള്ള സംവരണം ദലിതര്‍ക്കും ആദിവാസികള്‍ക്കും മാത്രമായിരുന്നു. പ്രാദേശിക ഭരണസംവിധാനങ്ങളില്‍ സംവരണം ഉണ്ടായിരുന്നില്ല. മറ്റു പിന്നാക്ക വിഭാഗങ്ങള്‍ പിന്നീട് സംവരണീയരായി പരിഗണിക്കപ്പെട്ടു. പിന്നാക്കാവസ്ഥ എന്നാല്‍ ദലിതരും ആദിവാസികളും മറ്റു പിന്നാക്ക വിഭാഗങ്ങളും അനുഭവിക്കുന്ന അവസ്ഥയാണ്. ആര്‍ട്ടിക്കിള്‍ 340 അനുസരിച്ചാണ് മറ്റു പിന്നാക്ക വിഭാഗങ്ങള്‍ സംവരണീയരായത്. അതിനുവേണ്ടിയാണ് മണ്ഡല്‍ കമീഷന്‍ നിയമിക്കപ്പെട്ടത്. രാജ്യമാകെ സഞ്ചരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന ജനങ്ങളേയും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളേയും രേഖപ്പെടുത്തി. ഇവ പരിഹരിക്കാന്‍ നടപ്പിലാക്കേണ്ടതായിട്ടുള്ള പദ്ധതികളും നിര്‍ദ്ദേശിച്ചു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസമേഖലയിലും തൊഴിലിലും 27 ശതമാനം സംവരണം ആവശ്യപ്പെട്ടു. പൊതുമേഖലയിലും സംവരണം ആവശ്യപ്പെട്ടു. ആദ്യം തൊഴില്‍ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി; വിദ്യാഭ്യാസ മേഖലയില്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇന്നുവരേയും 12 ശതമാനം പോലും സംവരണം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 54 ശതമാനം വരുന്ന പിന്നാക്ക വിഭാഗ ജനസംഖ്യയില്‍ 12 ശതമാനമാണ് തൊഴില്‍ പ്രാതിനിധ്യം.

ഈ 12 ശതമാനം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് കിട്ടാതിരിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിനാല്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന് പദ്ധതിയുണ്ടാക്കി. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മതിയായ സംവരണം ലഭിക്കുന്നില്ല, അപ്പോഴാണ് സവര്‍ണര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നത്. അക്കാരണത്താലാണ് ഇതൊരു തിന്മ നിറഞ്ഞ പദ്ധതിയാണ് എന്ന് പറയുന്നത്. സത്യസന്ധമല്ലാത്ത, ഭരണഘടനയെ തകര്‍ക്കുന്ന രീതിയിലുള്ള, സാമൂഹ്യനീതി എന്ന ആശയത്തെ തകര്‍ക്കുന്ന, തുല്യതയെ ഇല്ലായ്മ ചെയ്യുന്ന നിയമമാണിത്. പിന്നാക്ക വിഭാഗങ്ങളെ തള്ളിക്കൊണ്ടും ഒഴിവാക്കിക്കൊണ്ടുമാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുന്നത്. അതിനാല്‍ ഈ നിയമം ഭരണഘടനാവിരുദ്ധമാണ്. അവര്‍ പിന്നാക്ക ജാതി വിഭാഗങ്ങളെ തൊട്ടുകൂടാത്തവരായാണ് കണക്കാക്കുന്നത്; ഭരണഘടനാപരമായി തൊട്ടുകൂടാത്തവര്‍. രാജാക്കന്‍മാരുടെ യോഗത്തിനിടെ നഗ്‌നയാക്കപ്പെട്ട ദ്രൗപദിയെപ്പോലെയാണ് ഇപ്പോള്‍ ഭരണഘടന. ഭരണഘടന വിവസ്ത്രമാക്കപ്പെട്ടിരിക്കുകയാണ്. അവര്‍ ഭരണഘടനയെ ബഹുമാനിക്കുന്നില്ല. വികാരങ്ങളെ അവര്‍ മാനിക്കുന്നില്ല. പിന്നാക്ക ജാതി വിഭാഗങ്ങളോട് ഒരു തരത്തിലും പ്രതിബദ്ധതയില്ല. രാം മന്ദിര്‍, ഹിന്ദുത്വം ഇതിന്റെയെല്ലാം മറവില്‍ പിന്നാക്ക ജാതി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനാണ് അവരുടെ പദ്ധതി. ആരാണ് ഈ ജനാധിപത്യ രാജ്യം ഭരിക്കുന്നത്? ഇതൊരു ജനാധിപത്യ രാജ്യമാണോ? നമ്മുടെ പ്രതിനിധികള്‍ ഭരണപക്ഷത്ത് ഇല്ല. യൂണിയന്‍ ക്യാബിനറ്റ് മന്ത്രിമാരെ നോക്കിയാല്‍ പേരിനുള്ള എസ്.സി/എസ്.ടി മന്ത്രിമാരെ ഒഴിച്ചാല്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ട ഒരു ക്യാബിനറ്റ് മന്ത്രി പോലും ഇല്ല. മുന്നാക്ക ജാതിക്കാരാണ് സെക്രട്ടറിമാര്‍. ഒ.ബി.സി വിഭാഗത്തിനായി പ്രത്യേക മന്ത്രാലയം ഇല്ല. പ്രത്യേക ബഡ്ജറ്റോ ഒ.ബി.സി വിഭാഗത്തിനായി പ്രത്യേക ഉപപദ്ധതികളോ ഇല്ല. പിന്നാക്ക ജാതി വിഭാഗങ്ങളോട് എന്തുതരം വിവേചനമാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്?

ബി.ജെ.പിയുടെ വിനാശകരമായ ഈ പദ്ധതിക്കെതിരെ ഇന്ത്യയിലെ പിന്നാക്ക ജാതി വിഭാഗങ്ങള്‍ പ്രക്ഷോഭം തുടങ്ങിക്കഴിഞ്ഞു. ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഞാന്‍, ഇപ്പോള്‍ പിന്നാക്ക ജാതിവിഭാഗങ്ങളുടെ കൂട്ടായ്മയായ അഖിലേന്ത്യ പിന്നാക്ക വിഭാഗ ഫെഡറേഷന്റെ നേതൃത്വം വഹിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും നമ്മള്‍ ഈ നിയമത്തിനെതിരെ സംഘടിക്കുകയാണ്. നമ്മള്‍ സുപ്രീംകോടതിയില്‍ റിട്ട് പെറ്റിഷനും സമര്‍പ്പിച്ചിട്ടുണ്ട്.

മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം 27 ശതമാനം സംവരണം ഒ.ബി.സി വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യയിലെമ്പാടും വലിയ പ്രക്ഷോഭങ്ങളുണ്ടായി. സവര്‍ണര്‍ ബസുകളും പൊതുമുതലും അഗ്‌നിക്കിരയാക്കി. ഇത് മെറിറ്റിനും തുല്യതക്കും എതിരാണ് എന്ന രീതിയിലാണ് അവര്‍ പ്രക്ഷോഭമുണ്ടാക്കിയത്. പക്ഷേ, അന്തിമമായി സുപ്രീംകോടതി മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചു. വളരെ സംഘടിതവും സമര്‍ഥരുമായ ഒരു സമുദായമായതിനാല്‍ ആര്‍ക്കെങ്കിലും തുല്യമായ പരിഗണനയും നീതിയും എവിടെ നിന്നെങ്കിലും കിട്ടുന്നു എന്നറിഞ്ഞാല്‍ അതേപ്പറ്റി അവര്‍ വലിയ ഒച്ചയും ബഹളവുമുണ്ടാക്കും. അങ്ങിനെ എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ അസഹിഷ്ണുക്കളാകും. പിന്നാക്ക ജാതി വിഭാഗക്കാര്‍ പലപ്പോഴും പലതിനോടും വഴങ്ങി ജീവിക്കുന്നവരാണ്, അവര്‍ സംഘടിതരല്ല. അവര്‍ക്ക് ഈ ഭേദഗതിയുടെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല. പക്ഷേ, അവര്‍ പ്രബുദ്ധരാവുകയാണ്; അവര്‍ സംഘടിക്കുകയാണ്.

ഈ നിയമത്തിനെതിരെ സവര്‍ണര്‍ തെരുവിലിറങ്ങേണ്ടതല്ലേ?

സവര്‍ണരും ഈ നിയമത്തിനെതിരെ തെരുവിലിറങ്ങേണ്ടതാണ്. പക്ഷേ, അവര്‍ക്ക് സത്യസന്ധതയില്ല, ആത്മാര്‍ത്ഥതയില്ല, മാനവികതയില്ല. അതുകൊണ്ടാണ് അവര്‍ സാമ്പത്തിക സംവരണത്തിനെതിരെ തെരുവിലിറങ്ങാത്തത്. നമ്മള്‍ ദരിദ്രരായ സവര്‍ണരോട് സംസാരിക്കുന്നുണ്ട്. അവരെ ബോധവല്‍കരിക്കുന്നുണ്ട്. ദിവസക്കൂലി തൊഴിലാളികളായ, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരായ സവര്‍ണരോട് സംസാരിക്കുന്നുണ്ട്. ഈ നിയമം നിങ്ങള്‍ക്ക് ഉപകാരപ്പെടാന്‍ പോകുന്നില്ലെന്നും സമ്പന്നരായ സവര്‍ണരാണ് ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകാന്‍ പോകുന്നത് എന്നും നമ്മള്‍ അവരോടു പറയുന്നുണ്ട്. ഈ ഭരണഘടനാഭേദഗതിക്കെതിരെ തെരുവിലിറങ്ങാന്‍ നമ്മള്‍ അവരോട് ആവശ്യപ്പെടുന്നുണ്ട്. ഭരണഘടനക്കേറ്റ ആഘാതം പരിഹരിക്കാനുള്ള, സംവരണം അതിന്റെ സാമൂഹ്യനീതി മാനദണ്ഡത്തോടെ നിലനിര്‍ത്താനുള്ള മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ ആവശ്യപ്പെടുന്നുണ്ട്. അല്ലെങ്കില്‍ സാമൂഹിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങള്‍ അടക്കമുള്ള എല്ലാ പിന്നാക്ക വിഭാഗങ്ങള്‍ക്കും സംവരണം നല്‍കുക, കാരണം അവരും അതിനര്‍ഹരാണ്, കൂടാതെ അവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ്. 95 ശതമാനം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പിന്നാക്ക ജാതിവിഭാഗങ്ങളെ പുറത്താക്കി, സവര്‍ണരിലെ ക്രീമിലെയറിന് മാത്രമായി സംവരണം നല്‍കുകയാണ് ചെയ്യുന്നത്. എത്രമാത്രം അനീതിയാണിത്? ആരുമത് തിരിച്ചറിയുന്നില്ല. അങ്ങേയറ്റം കടുത്ത നടപടിയാണിത്. നിര്‍ഭാഗ്യമെന്നുപറയട്ടെ, ബി.എസ്.പിയും എസ്.പിയും ഈ ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്തത്. സവര്‍ണരുടെ സംഘടിത ബലത്തെ അവര്‍ക്ക് ഭയമാണ്. കൂടാതെ പിന്നാക്ക ജാതിവിഭാഗങ്ങള്‍ ബുദ്ധിയില്ലാത്തവരാണെന്നും അവര്‍ പ്രസ്തുത ബില്ലിനെ എതിര്‍ക്കില്ലെന്നും ശബ്ദമുയര്‍ത്തില്ലെന്നുമാണ് അവര്‍ കരുതുന്നത്. അതുകൊണ്ടു തന്നെയാണ് അവര്‍ പിന്നാക്ക ജാതിവിഭാഗങ്ങളെ പരിഗണിക്കാതിരിക്കുന്നത്. എന്നാല്‍, പിന്നാക്ക ജാതിക്കാര്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്താനും പ്രസ്തുത പിന്നാക്ക വിഭാഗ നേതാക്കളെ സാമൂഹിക നീതിയെ ഒറ്റുകൊടുത്തവരെന്ന് മുദ്രകുത്താനും തീരുമാനിച്ചിരിക്കുന്നു. ബില്ലിനെതിരെ വോട്ട് ചെയ്ത മുസ്ലിം ലീഗിനെയും എ.ഐ.എം.ഐ.എമ്മിനെയും, പ്രസ്തുത ബില്ലിനെതിരെ നിലകൊണ്ട രാഷ്ട്രീയ ജനതാദള്‍, ഡി.എം.കെ, എ.ഡി.എം.കെ എന്നീ പാര്‍ട്ടികളേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു.

സര്‍വ്വകലാശാല പ്രൊഫസര്‍മാരുടെ നിയമനത്തില്‍ റോസ്റ്റര്‍ സിസ്റ്റം നിര്‍ത്തലാക്കിയ അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി അംഗീകരിച്ചത് ഈയടുത്താണല്ലോ. അത് സംവരണത്തിനെതിരെയുളള മറ്റൊരു അതിക്രമമല്ലേ?

എസ്.സി-എസ്.ടി വിഭാഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും സംവരണം നിഷേധിക്കാനുള്ള നീക്കമാണിത്. സംവരണമേര്‍പ്പെടുത്തിയില്ലെങ്കില്‍ എല്ലാ സീറ്റുകളും സവര്‍ണ വിഭാഗങ്ങള്‍ കൊണ്ടുപോകും. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തിതകളില്‍ ഒന്നില്‍പോലും സംവരണമില്ല. പ്രസ്തുത തസ്തികകളില്‍ ഒ.ബി.സി പ്രാതിനിധ്യം വട്ടപൂജ്യമാണെന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ക്രീമിലെയറിന്റെ പേരില്‍ ഗ്രൂപ്പ് വണ്‍ ഓഫീസര്‍ തസ്തികകള്‍ ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. സവര്‍ണര്‍ മാത്രമേ പ്രസ്തുത തസ്തികകള്‍ കൈയാളുകയുള്ളു എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ചെയ്യുന്നത്. അവര്‍ ബോധപൂര്‍വം കര്‍ശനമായി ക്രീമിലെയര്‍ സംവരണം നടപ്പിലാക്കുകയാണ്; ക്രീമിലെയര്‍ ഉദാരവത്കരിക്കുന്നില്ല. പിന്നാക്ക ജാതി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നല്‍കുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസമേഖല ദേശസാത്കരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കണം. പ്രാഥമികാരോഗ്യ മേഖലയും ദേശസാത്കരിക്കണം. എല്ലാവര്‍ക്കും തുല്യപരിഗണനയും തുല്യമായ ആരോഗ്യ പരിരക്ഷയും ഉറപ്പാക്കണം, കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കണം, എം.എന്‍.ആര്‍.ഇ.ജി.ഇ.എ പദ്ധതി കാര്‍ഷിക മേഖലയും മറ്റു ചെറുകിട വ്യവസായങ്ങളുമായി ബന്ധിപ്പിക്കണം. സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തണം, അതില്‍ എസ്.സി- എസ്.ടി, ഒ.ബി.സി സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണം. പാര്‍ലമെന്റിലും ഹൈക്കോടതി ജഡ്ജ് നിയമനങ്ങളിലും നിയമസഭകളിലും 50 ശതമാനം പിന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അഖിലേന്ത്യ പിന്നാക്ക വിഭാഗ ഫെഡറേഷന് ഒരു ഫൂലെ അംബേദ്കര്‍ അജണ്ടയാണ് ഉള്ളത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ ജനങ്ങളെ ഐക്യപ്പെടുത്താന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ്.

രാജ്യത്തെങ്ങും സംവരണത്തെപ്പറ്റി ജാതിപരമായ മുന്‍വിധികള്‍ നിലനില്‍ക്കുന്നുണ്ട്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ഒരു ആനുകൂല്യമാണ് സംവരണം എന്ന ഒരു ധാരണ ഇവിടെയുണ്ട്. എന്നാല്‍, സംവരണം ഒരിക്കലുമൊരു സാമൂഹ്യനീതി നയമായി മനസ്സിലാക്കപ്പെടുന്നില്ല. ഡോ. ബി.ആര്‍ അംബേദ്കറുടെ ഏതാണ്ടെല്ലാ എഴുത്തുകളും പ്രഭാഷണങ്ങളും പൊതുവ്യവഹാരങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ്.
അതു ശരിയാണ്. അംബേദ്കറുടേയും ഫൂലെയുടേയും തത്ത്വങ്ങള്‍ ജനകീയവത്കരിക്കാത്തത് ബോധപൂര്‍വം തന്നെയാണ്. സാമൂഹ്യനീതി എന്ന സങ്കല്‍പത്തില്‍ നിന്നും അവര്‍ ജനങ്ങളെ മാറ്റിനിര്‍ത്തുകയാണ്.

സംവരണത്തിനും ഭരണഘടനക്കും എതിരെ നടത്തുന്ന അതിക്രമങ്ങള്‍ക്ക് കാരണം ജാതീയമായ ഈ മുന്‍വിധിയല്ലേ?

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അധിനിവേശം നടത്തിയ സമയത്ത്, ഇവിടുത്തുകാരുടെ വിശ്വാസ വ്യവസ്ഥയെ തകര്‍ക്കാതെ ഇന്ത്യ കീഴടക്കാന്‍ കഴിയില്ലെന്നാണ് മെക്കാളെ ചിന്തിച്ചത്. ഇതായിരുന്നു ഇന്ത്യയുടെ വിശ്വാസ വ്യവസ്ഥ തകര്‍ക്കപ്പെടാന്‍ കാരണം. ഇന്ത്യ ഒരു ദരിദ്ര രാജ്യമായിരുന്നെന്ന് പറയപ്പെട്ടു. ശിലായുഗത്തില്‍ നിന്നും പൗരസമൂഹത്തിലേക്കാണ് ഇന്ത്യ വികസിച്ചത്. എന്നാല്‍, ആരോഗ്യ സമ്പല്‍സമൃദ്ധമായ, സന്തോഷം കളിയാടി നിന്നിരുന്ന ഒരു അതിവികസിത രാജ്യമായിരുന്നു ഇന്ത്യ എന്ന വസ്തുത ഇവിടെ നിലനില്‍ക്കുന്നുണ്ട്.

തക്ഷശില, നളന്ദ സര്‍വകലാശാലകള്‍ ഇവിടെയുണ്ടായിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ആളുകള്‍ ഇന്ത്യയിലേക്ക് പഠനാവശ്യാര്‍ഥവും മറ്റും വന്നിരുന്നു. പക്ഷേ, അവര്‍ നമ്മെ സ്വന്തം ചരിത്രത്തെ മറന്നവരാക്കി മാറ്റി. ബ്രിട്ടീഷുകാര്‍ നമ്മുടെ പ്രതാപകാലത്തെ കുറിച്ച ഓര്‍മകളെ ഇല്ലാതാക്കി. ഇതേരീതി പിന്‍പറ്റിയാണ് സവര്‍ണര്‍ ഇന്ന് രാജ്യം ഭരിക്കുന്നത്. അംബേദ്കറുടെ ചിന്തകള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചില്ല. ആര്‍ക്കും സാമൂഹ്യനീതിയെക്കുറിച്ച് അറിവില്ല, അഭിഭാഷകര്‍ക്കോ അധ്യാപകര്‍ക്കോ തൊഴിലാളികള്‍ക്കോ കുട്ടികള്‍ക്കോ ആര്‍ക്കും തന്നെ അംബേദ്കര്‍ ആരാണ് എന്നറിയില്ല. അംബേദ്കര്‍ മഹാനായ ഒരു ദാര്‍ശനികനാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും മാത്രമായുള്ള ഒരാള്‍ അല്ല അംബേദ്കര്‍. ഇന്ത്യയിലെ ഓരോ പൗരന്റേയും ആളാണ് അംബേദ്കര്‍. ചൂഷണവും അടിച്ചമര്‍ത്തലും വിവേചനും ഇല്ലാതാക്കി സമത്വത്തിലധിഷ്ഠിതമായ ഒരു ജാതിരഹിത സമൂഹത്തിന്റെ നിര്‍മാണമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ലൈംഗിക വ്യാപാരത്തിനടക്കമുള്ള മനുഷ്യക്കടത്ത് ഇവിടെ നിരോധിക്കുന്നുണ്ടോ? ഏതു ജാതിയില്‍ പെട്ടവരാണ് മനുഷ്യക്കടത്തിന് ഇരയാവുന്നത്? പിന്നാക്ക വിഭാഗങ്ങളില്‍ പെട്ടവര്‍ മാത്രമാണ് അതിന്റെ ഇരകള്‍, ദാരിദ്ര്യമാണ് കാരണം. ബാലവേല ചെയ്യേണ്ടിവരുന്നത് ആര്‍ക്കാണ്? സവര്‍ണര്‍ക്കല്ല, പിന്നാക്ക ജാതിവിഭാഗങ്ങളില്‍പെട്ടവര്‍ മാത്രമാണ് ബാലവേല ചെയ്യുന്നത്.

തുണി കഴുകല്‍, മുടി വെട്ടല്‍, മത്സ്യബന്ധനം, ഭിക്ഷ യാചിക്കല്‍ പോലെയുള്ള അശുദ്ധമായ ജോലികളിലാണ് അവര്‍ ഏര്‍പ്പെടുന്നത് എന്ന കാരണത്താല്‍ എന്തൊരു വിവേചനമാണ് അവരോട് കാണിക്കുന്നത്? സവര്‍ണരുടെ മനഃശാസ്ത്രം തന്നെ ദലിത് ആദിവാസി പിന്നാക്ക ജാതി വിഭാഗങ്ങളോടുള്ള അറപ്പും വെറുപ്പും നിറഞ്ഞതാണ്. നിങ്ങള്‍ക്ക് മനുഷ്യത്വമില്ലേ? ഫൂലെയും അംബേദ്കറും ഇതെല്ലാം ഇല്ലാതാകുന്നതാണ് സ്വപ്നം കണ്ടത്. പക്ഷേ, ഇതൊന്നും സ്‌കൂള്‍ തലത്തിലോ കോളേജ് തലത്തിലോ നിങ്ങള്‍ പഠിപ്പിക്കുന്നില്ല. മാധ്യമങ്ങളിലൂടെ ആരുംതന്നെ ഈ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ സംവരണം മെറിറ്റിനെ ബാധിക്കുമെന്ന് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. മണ്ഡല്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അവര്‍ പറഞ്ഞു, സംവരണം മെറിറ്റിനെ ബാധിക്കുമെന്ന്. ഈ രാജ്യം ഭരിച്ചിരുന്നത് ബ്രാഹ്മണരും ബനിയകളും ക്ഷത്രിയരുമാണ്. അവര്‍ സ്വാര്‍ഥരാണ്. മനുഷ്യത്വമില്ലാത്തവരാണ് അവര്‍. പിന്നാക്ക വിഭാഗങ്ങളാണ് യഥാര്‍ഥ ദേശീയവാദികള്‍. അവരാണ് ഇന്ത്യയുടെ സമ്പത്ത് ഉത്പാദിപ്പിക്കുന്നത്. ഭരണവര്‍ഗത്തിന് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. എന്നിട്ട് നിങ്ങള്‍ അവരോട് ഇങ്ങിനെയാണോ പെരുമാറുന്നത്?

ഭരണഘടനയെ സംരക്ഷിക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ട ഒരു സമയമാണിത്. വലിയൊരു വിഭാഗം ജനങ്ങളുള്ളപ്പോള്‍ ഭരണഘടനയുടെ മൂല്യം മനസ്സിലാക്കുകയോ അംഗീകരിക്കുകയോ ചെയ്യാത്തപ്പോള്‍ ഭരണഘടനക്ക് മേലുള്ള അതിക്രമങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കേണ്ടത് എത്രത്തോളം പ്രധാനമാണ്? അവര്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു രാഷ്ട്രത്തില്‍ നീതി എന്ന ആശയത്തെ എങ്ങിനെയാണ് പുനര്‍നിര്‍മിക്കേണ്ടത്?

ആര്‍.എസ്.എസ് പദ്ധതിക്ക് നാം തടയിടേണ്ടതുണ്ട്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചപ്പോള്‍ മണ്ഡലിനെതിരായ വികാരങ്ങളുമായി അവര്‍ അയോധ്യയിലേക്ക് രഥയാത്ര നടത്തി. അന്ന് അവര്‍ സാമൂഹ്യനീതി മുന്നേറ്റത്തെ അട്ടിമറിച്ചു. ഇന്നും അവര്‍ അതുതന്നെയാണ് ചെയ്യുന്നത്. അവര്‍ ഭരണഘടനയെ ബലാത്സംഗം ചെയ്യുകയാണ്, ഭരണഘടനയിലൂടെ അയിത്തം നടപ്പിലാക്കുകയാണ്, ഭരണഘടനയുടെ അടിത്തറ തകര്‍ക്കുകയാണ്, ഭരണഘടനയുടെ അടിസ്ഥാന ഘടന തകര്‍ക്കുകയാണ്, യഥാര്‍ഥ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജാതിവിഭാഗങ്ങളെ മാറ്റിനിര്‍ത്തുകയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇപ്പോള്‍ ഉണര്‍ന്നില്ലെങ്കില്‍, ജനങ്ങളെ ബോധവത്കരിക്കുന്നില്ലെങ്കില്‍ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന സംവിധാനം തന്നെ ഇല്ലാതാകും. പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയാല്‍ സംവരണ തസ്തികകളില്‍ പത്ത് ശതമാനം സവര്‍ണര്‍ തന്നെയായിരിക്കും നിയമിതരാകുക. ഈ ഭരണവര്‍ഗം മാത്രം ഭരണം കൈയാളുന്ന, നമ്മളെല്ലാവരും അവര്‍ക്കുവേണ്ടി മാത്രം ജോലി ചെയ്യുന്ന ഒരു നൂറുവര്‍ഷം മുന്‍പുള്ള ഇന്ത്യയെ അവര്‍ തിരികെ കൊണ്ടുവരും.

ഇതിനകം തന്നെ സുപ്രീംകോടതിയില്‍ ഈ നിയമത്തിനെതിരെ റിട്ട് പെറ്റിഷനുകള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനയും രണ്ട് അഭിഭാഷകരും ചില വ്യക്തികളും റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തു. ഈ റിട്ട് പെറ്റിഷനുകള്‍ എങ്ങിനെയാണ് സവര്‍ണ സംവരണത്തിനെതിരായ പോരാട്ടത്തെ സഹായിക്കുക?

യൂത്ത് ഫോര്‍ ഇക്വാലിറ്റി ഒരു കപട സംഘടനയാണ്. അവര്‍ സവര്‍ണരാണ്. അവരെ ആര്‍.എസ്.എസും ബി.ജെ.പിയുമാണ് പിന്തുണക്കുന്നത്. ആത്മാര്‍ഥതയില്ലാത്തവരാണവര്‍. ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ജസ്റ്റിസ് വി. ഈശ്വരയ്യ എന്ന നിലയിലും അഖിലേന്ത്യാ പിന്നാക്ക വിഭാഗ ഫെഡറേഷന്‍ പ്രസിഡണ്ട് എന്ന നിലയിലും സുപ്രീം കോടതിയില്‍ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ ഡി.എം.കെ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തു. ഹരിയാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലും റിട്ട് പെറ്റിഷനുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ റിട്ട് പെറ്റിഷനുകളെല്ലാം ഒരുമിച്ച് സുപ്രീംകോടതി പരിഗണിക്കും. യൂത്ത് ഫോര്‍ ഇക്വാലിറ്റിക്ക് ഇത്തരം ഗൂഢ ഉദ്ദേശ്യങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. നിയമയുദ്ധം തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ത്യയിലെങ്ങും ഞങ്ങള്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കും. ജനങ്ങളെ ബോധവല്‍കരിക്കുകയും പിന്നാക്ക വിഭാഗങ്ങളെ കാത്തിരിക്കുന്ന അപകടത്തെ എങ്ങിനെ പ്രതിരോധിക്കാമെന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യും.

വ്യക്തികള്‍ക്ക് റിട്ട് പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ കഴിയില്ലേ?

വ്യക്തികള്‍ക്കു റിട്ട് പെറ്റിഷന്‍ സമര്‍പ്പിക്കാം. കാരണം, മൗലിക അവകാശങ്ങളെ ആണ് ഈ നിയമം ബാധിക്കുന്നത്. എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍ പെട്ട വിദ്യാസമ്പന്നരായ യുവാക്കളോടും സവര്‍ണരിലെ ദിവസക്കൂലിക്കാരായ ദരിദ്രരോടും ഈ നിയമത്തിനെതിരെ റിട്ട് പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാരണം, ഇവരുടെ മൗലിക അവകാശങ്ങളെയാണ് ഈ നിയമം ബാധിച്ചിരിക്കുന്നത്. അവരെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്ന സവര്‍ണര്‍ ഒരിക്കലും ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകില്ല. ഈ പത്ത് ശതമാനം സംവരണത്തില്‍ നിന്നും പിന്നാക്ക ജാതിവിഭാഗങ്ങള്‍ നിയമവിരുദ്ധമായി ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ജനറല്‍ ക്വാട്ടയില്‍ സെലക്ഷന്‍ കിട്ടാനുള്ള അവരുടെ സാധ്യത 50 ശതമാനത്തില്‍ നിന്നും 40 ശതമാനമായി കുറയുകയും ചെയ്യും. അവരെയാണ് ഈ നിയമം നേരിട്ട് ബാധിക്കുന്നത്. ഏതൊരാള്‍ക്കും ഹൈക്കോടതിയില്‍ റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്യാം. സര്‍ക്കാരിന് കോടതി സമയം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഗവണ്‍മെന്റ് മറുപടി നല്‍കിയാല്‍ രണ്ടുമാസങ്ങള്‍ കൊണ്ട് ഈ പെറ്റിഷനുകള്‍ പരിഗണിക്കും.

പ്രക്ഷോഭത്തിലൂടെ മാത്രമേ ഈ പ്രശ്‌നത്തിലേക്ക് സര്‍ക്കാരിന്റേയും ഹൈക്കോടതികളുടേയും ശ്രദ്ധ എത്തിക്കാന്‍ കഴിയൂ. 2019ലെ തെരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടിയെ പരാജയപ്പെടുത്തണം. ഒരിക്കലും അവര്‍ക്ക് വോട്ട് ചെയ്യരുത്. യാതൊരു ദയാദാക്ഷിണ്യവും കാണിക്കരുത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757