interviewOpinion

രാഷ്ട്രത്തിന്റെ നന്മക്ക് വേണ്ടി മോദി ഭരണത്തിന് അന്ത്യം കുറിക്കണം – പ്രകാശ് രാജ് / യാസര്‍ ഖുതുബ്

 

ആക്റ്റിവിസ്റ്റും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് കടുത്ത മോദി വിമര്‍ശകനാണ്. വ്യത്യസ്ത ഭാഷകള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ഒരു ബഹുഭാഷ വിദഗ്ധന്‍. മികച്ച നടനും നിര്‍മാതാവിനുമുള്ള ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുള്ള പ്രകാശ് രാജ് ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തിലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ധാരാളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രതിനിധിയായിട്ടുള്ള ഇദ്ദേഹം സാംസ്‌കാരിക സംവാദങ്ങളിലും സജീവമായി ഇടപെടുന്നു. തെലുങ്കാനയിലെ മഹബൂബ് നഗര്‍ ജില്ലയിലെ കുണ്ടറടപ്പള്ളെ എന്ന ഗ്രാമവും കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗ ജില്ലയിലെ ബന്‍ഡറലഹട്ടി എന്ന ഗ്രാമവും ദത്തെടുത്ത്, അവിടങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. തന്റെ സുഹൃത്തായിരുന്ന ഗൗരി ലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് കൂടുതല്‍ സജീവമായി സോഷ്യല്‍/പൊളിറ്റിക്കല്‍ ആക്റ്റിവിറ്റികളിലും ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകാന്‍ തുടങ്ങി. ‘ നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.
യാസര്‍ ഖുതുബ് : ‘നമ്മെ വിഴുങ്ങുന്ന മൗനം’ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. മലയാളത്തിലടക്കം വളരെ പെട്ടെന്ന് രണ്ടാം പതിപ്പ് ഇറങ്ങി. പുസ്തകത്തെക്കുറിച്ച് എന്താണ് ജനങ്ങളുമായി പങ്കുവെക്കാനുള്ളത്.

പ്രകാശ് രാജ്: ഇത് ഞാന്‍ ഒരു പുസ്തകം എഴുതണം എന്ന് കരുതി നടത്തിയ ഒരു രചനയല്ല. മനസ്സില്‍ ഊറിക്കൂടിയ ചിന്തകള്‍ പകര്‍ത്തുകയായിരുന്നു. മുന്‍പ് പല പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും എന്താണ് ഒരു രചനയുടെ തീക്ഷണത, എഴുതിക്കഴിയുമ്പോള്‍ ഉള്ള മനസ്സിന്റെ ആശ്വാസം മുതലായവ ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കി. ഇപ്പോള്‍ പുതിയ പുസ്തകങ്ങള്‍ എഴുതാനുള്ള തയ്യാറെടുപ്പില്ല. ഭാവിയില്‍ ചിലപ്പോള്‍ എഴുതിയേക്കാം. എന്തായാലും ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു ആക്റ്റിവിറ്റി തന്നെയാണ് ഇതും. അഭിനയത്തില്‍ നിന്നും വളരെ വിഭിന്നമായ ഒരു വൈകാരിക തലം കൂടിയുണ്ട് എഴുത്തിന്. സിനിമകളില്‍ സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. പുസ്തക രചനയില്‍ മുഴുനീളെ നമ്മുടെ മനസ്സില്‍ തീവ്ര ഭാവങ്ങളും ചിന്തകളും കടന്നുപോകുന്നു, അത് അനുഭവിക്കുന്നു. ഞാന്‍ വായന ഇപ്പോഴും തുടരുന്നു. എന്റെ ബാഗില്‍ ഇപ്പോള്‍ ഒരു മറാത്തി നോവല്‍ ഉണ്ട്. അതാണിപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ഭാഷകള്‍ അറിയുന്നതിലൂടെ ആ പ്രദേശത്തെ മനസ്സിലാക്കാന്‍ കഴിയും. അവരുടെ സംസ്‌കാരങ്ങള്‍ അടുത്തറിയാന്‍ സാധിക്കും. നമ്മുടെ കാഴ്ചപ്പാട്ടുകള്‍ വിശാലമാകും. നമ്മള്‍ കൂടുതല്‍ നല്ല മനുഷ്യരാകും. അടിസ്ഥാനപരമായി അതാണ് നമുക്ക് ആവശ്യം. പ്രതേകിച്ചും ഈ കാലഘട്ടത്തില്‍.

എന്തായിരുന്നു പുസ്തകം എഴുതാനുള്ള സാഹചര്യം?
സുഹൃത്തുക്കളുടെ കൂടെ ചില വനയാത്രകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടു. അവരില്‍ ചിലര്‍ നിര്‍ബന്ധിച്ചതിനാല്‍ പരിസ്ഥിതിയെ കുറിച്ച് ‘ഉദയവാണി’യില്‍ ഒന്ന് രണ്ട് ലേഖനങ്ങള്‍ എഴുതി. ഇത്തരം പംക്തികളും ആനുകാലികങ്ങളും പുസ്തകമായി ഇറങ്ങിയാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തും എന്ന് അവര്‍ നിര്‍ബന്ധിച്ചതിനാല്‍ ആണ് ‘നമ്മെ വിഴുങ്ങുന്ന മൗനം’ എന്ന പുസ്തകം പിറവികൊള്ളുന്നത്. ലേഖനസമാഹാരം, യാത്ര പോലെതന്നെയാണ് എനിക്ക്. പരിചയമില്ലാത്ത വായനക്കാരാണ് എന്റെ ശക്തി. പ്രകൃതി, പരിസ്ഥിതി വിഷയങ്ങളില്‍ എനിക്ക് വികാരപരമായ ഒരു അറ്റാച്ച്‌മെന്റ്് ഉണ്ട്. കൃഷിഭൂമി നശിപ്പിച്ച് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതിനും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ബാങ്കുകള്‍ക്കെതിരെയും ഞാന്‍ നിരന്തരം ശബ്ദിക്കാറുണ്ട്. ജീവിതത്തിന്റെ വൈകാരികതകളും സന്തോഷങ്ങളും മനനം ചെയ്യാറുണ്ട്. ഇതെല്ലാം ചേര്‍ത്താണ് ആ പുസ്തകം എഴുതിയിട്ടുള്ളത്. ‘മൗനം’ എന്നത് യുവാക്കളുടേയും പൊതുജനങ്ങളുടേയും പ്രതികരണമില്ലായ്മയെ സൂചിപ്പിക്കാനാണ് ഞാന്‍ ഉദ്ദേശിച്ചത്. പുസ്തകത്തില്‍ പറയുന്നത് പോലെ ഒരു നാട്ടിലെ കിണറ്റില്‍ അല്ലെങ്കില്‍ കുളത്തില്‍ പായല്‍ കെട്ടിക്കിടക്കുന്നു എന്നതിനര്‍ഥം ആ നാട്ടിലെ യുവാക്കള്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്നാണ്. അവര്‍ കിണറ്റിലിറങ്ങാനോ, അതിലൊരു കല്ലെറിയാനോ പോലും ഉത്സാഹം കാണിക്കുന്നില്ല. അഥവാ, ഗ്രാമം വൃദ്ധാശ്രമങ്ങളായിരിക്കുന്നു എന്നര്‍ഥം. ഇത് ഞാന്‍ ആലങ്കാരികമായി ഒരു നാടിന്റെ പ്രതികരണമില്ലായ്മയെ കുറിച്ച് പറഞ്ഞതാണ്. അല്ലാതെ യുവാക്കളെ കുറിച്ചല്ല. ഇന്നത്തെ യുവത്വം കൂടുതല്‍ കര്‍മോത്സുകമാണ് എന്നുതന്നെയാണ് എന്റെ വിശ്വാസവും അനുഭവവും.

നരേന്ദ്ര മോദിയുടേയും ബി.ജെ.പിയുടേയും കടുത്ത വിമര്‍ശകനാണ് താങ്കള്‍. എന്തായിരുന്നു ഇങ്ങിനെ ഒരു പൊളിറ്റിക്കല്‍ ലൈന്‍ സ്വീകരിക്കാന്‍ ഉണ്ടായ കാരണം?

ഒന്നാമതായി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മതേതരത്വത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കും എതിരാണ് എന്നതാണ്. വര്‍ഗീയത മാത്രമാണ് അവരുടെ പ്രവര്‍ത്തന മാര്‍ഗം. രാമരാജ്യം, രാമക്ഷേത്രം എന്നിവയെക്കുറിച്ച് വാചാലരാകുന്നു, അതേകുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, അയോധ്യയിലെ ജനങ്ങളുടെ ജീവിത നിലവാരം അന്വേഷിച്ച് നോക്കാന്‍ ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ തയ്യാറുണ്ടോ? വളരെ പരിതാപകരമാണ് അവരുടെ സ്ഥിതി. മോദിയുടെ മുഴുവന്‍ ഭരണ പരിഷ്‌കാരങ്ങളും ഈ നിലയില്‍ തന്നെയായിരുന്നു. ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി, സൃഷ്ടിക്കപ്പെടുമെന്ന് പറഞ്ഞ തൊഴിലവസരങ്ങള്‍ ഒന്നുമുണ്ടായില്ല. നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ വഴി ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. മാവോയിസ്റ്റുകള്‍ എന്ന് പറഞ്ഞ് ദലിത്, ആദിവാസികളേയും വംശീയ വിദ്വേഷം പറഞ്ഞ് മുസ്‌ലിംകളേയും ക്രിസ്ത്യാനികളേയും വേട്ടയാടുന്നു. മനസ്സാക്ഷിയും പ്രതികരണശേഷിയുമുള്ള പൗരന് ഇതിനെതിരെ മിണ്ടാതിരിക്കാന്‍ കഴിയില്ല. മോദി പറയുന്നത് അന്‍പത് വര്‍ഷം ഇന്ത്യയില്‍ ബി.ജെ.പി ഭരിക്കുമെന്നാണ്. ഇത് പറയാന്‍ ആരാണിദ്ദേഹം? ജനങ്ങളല്ലെ കാര്യങ്ങള്‍ തീരുമാനിക്കുക? നാലുമാസം കഴിഞ്ഞാല്‍ അദ്ദേഹം വെറുമൊരു എം.പിആയിത്തീരും. എന്തായാലും മോദിക്ക് എതിരെ മൗനം പാലിക്കാന്‍ ഞാന്‍ തയ്യാറല്ല. ഇതൊരു വ്യക്തിക്കെതിരെയുള്ള പ്രവര്‍ത്തനമല്ല, അദ്ദേഹം ചെയ്ത് കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രതികരണമാണ്; ഇത് തുടരുക തന്നെ ചെയ്യും. മോദി ഗുജറാത്ത് കലാപം മുതല്‍ രാജ്യത്തോട് ചെയ്ത അക്രമങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. കോടിക്കണക്കിന് പണം ചിലവഴിച്ച് പ്രതിമ നിര്‍മിക്കുന്നു. അതേസമയം, കേരളം പ്രളയ പുനരധിവാസ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി പണം ചോദിക്കുമ്പോള്‍ കേന്ദ്രത്തിന്റെ കയ്യില്‍ പണം ഇല്ല. മനുഷ്യര്‍ക്ക് വെറും 100 കോടി സഹായം നല്‍കുമ്പോള്‍ പതിനായിരക്കണക്കിന് കോടികള്‍ പ്രതിമക്ക് വേണ്ടി ചെലവഴിക്കുന്നു. ഇത്തരക്കാരെ എങ്ങിനെ നേതാക്കള്‍ എന്ന് വിളിക്കാനാവും. എന്ത് ദീര്‍ഘ ദൃഷ്ടിയാണ് ഇവര്‍ക്കുള്ളത്?

ഗൗരി ലങ്കേഷിന്റെ മരണം താങ്കളെ എങ്ങനെയാണ് സ്വാധീനിച്ചത്?

ഞാന്‍ ഒരു കംഫര്‍ട്ട് സോണില്‍ (comfort zone) ജീവിക്കുന്ന ആളായിരുന്നു. അതേസമയം, രാജ്യത്തിന്റേയും ജനങ്ങളുടേയും പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. പക്ഷേ, അതിലൊരിക്കലും സജീവമായി ഇടപെടാറുണ്ടായിരുന്നില്ല. പിന്നീടാണ് ഞാന്‍ ഒരു ഗ്രാമം ഏറ്റെടുക്കുന്നതും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്നതും. ഗ്രാമം ദത്തെടുത്തപ്പോള്‍ സര്‍ക്കാരും അവിടെ എന്നെ സഹായിക്കാന്‍ വന്നിരുന്നു. ഗൗരിയുമായി പല കാര്യത്തിലും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അതിനര്‍ഥം ഞങ്ങള്‍ ശത്രുക്കള്‍ ആയിരുന്നു എന്നല്ല. ഞങ്ങള്‍ എപ്പോഴും നല്ല കൂട്ടുകാര്‍ ആയിരുന്നു. അവളുടെ അഭാവത്തില്‍ ഞാന്‍ കാര്യങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നു. അവ ഞാന്‍ ഇപ്പോള്‍ മനസ്സിലാകുന്നു; അവള്‍ എന്തിനായിരുന്നു വ്യവസ്ഥിതിയുമായി പോരാടിയതെന്ന്. അവളുടെ വാക്കുകള്‍ മൂര്‍ച്ചയേറിയതായിരുന്നു. അവളുടെ തിരോധാനം, നാം അവളെ തനിച്ചാക്കി എന്ന കുറ്റബോധം എന്നില്‍ സൃഷ്ടിക്കുന്നു. ഇപ്പോള്‍ അവളെ പിന്തുണക്കുക, ആ മൂല്യങ്ങള്‍ പിന്തുടരുക എന്നതിനര്‍ഥം നിശബ്ദത കൈവെടിയുക എന്നാണ്, ആരെയും ഭയപ്പെടാതിരിക്കുക. അതാണ് നമ്മുടെ ദൗത്യം.

ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. ചിലപ്പോള്‍ നമ്മുടെ ചോദ്യങ്ങള്‍ തെറ്റ് ആയേക്കാം. എങ്കില്‍ പോലും നാം പുതിയ കാര്യങ്ങള്‍ പഠിക്കും. സമൂഹത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ചോദ്യം ചോദിക്കാനുള്ള നമ്മുടെ അവകാശത്തെ കുറിച്ച് നാം ബോധവാന്മാരാകണം. നമ്മുടെ നേതാക്കളേക്കാള്‍ ശക്തി നമുക്കാണെന്ന ബോധം ഉണ്ടാക്കണം. ജനങ്ങളാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. എങ്കില്‍ മാത്രമേ പൊതുമണ്ഡലത്തിലെ പുഴുക്കുത്തുകള്‍ നീക്കം ചെയ്യാന്‍ സാധിക്കൂ. ചോദ്യങ്ങള്‍ ചോദിക്കാന്‍ ആദ്യം നമ്മള്‍ ഭയരഹിതമായ ഒരു സമൂഹം സൃഷ്ടിക്കണം. ഗൗരിയുടെ പിതാവ് പി. ലങ്കേഷ്, തേജസിനി എന്നിവര്‍ എന്റെ രക്ഷാധികാരികളായിരുന്നു. അവരായിരുന്നു പല സിനിമാ നാടക പ്രവര്‍ത്തങ്ങളിലും എന്നെ സഹായിച്ചത്. എന്നില്‍ മൂല്യങ്ങളും രാഷ്ര്ട്രീയ ബോധങ്ങളും ഉണ്ടാക്കിയതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്.

താങ്കള്‍ രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ച വ്യക്തിയായിരുന്നു. ഇപ്പോള്‍, പാര്‍ലമെന്റിലേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് പറയുകയും അതിനുവേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയും ചെയ്തിരിക്കുന്നു?

ഇത് തിന്മക്ക് എതിരെയുള്ള പോരാട്ടമാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര വൈവിധ്യങ്ങള്‍ക്കും വേണ്ടിയുള്ള സമരമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലാണ് ഞാന്‍ ജീവിതത്തെ പുതിയ വീക്ഷണകോണിലൂടെ ഗൗരവകരമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. അതുപോലെതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തിന്മകളെ കുറിച്ചും. ഞാന്‍ ഇതുവരെ പറഞ്ഞ തത്വങ്ങളിലും കാര്യങ്ങളിലും ഉറച്ചുനിന്ന് അതിനെതിരെ പ്രായോഗിക തലത്തില്‍ പോരാടുക എന്നതാണ് ഈ ഇലക്ഷനില്‍ മത്സരിക്കുന്നതിന്റെ ലക്ഷ്യം.

ഒരു സിനിമാ നടന്‍ എന്ന പേരില്‍ ജനങ്ങളില്‍ നിന്നും അകലം പാലിക്കുന്ന ആളല്ല ഞാന്‍. കലാക്ഷേത്രയുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം തെരുവുനാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജനങ്ങളുടെ ഇടയിലാണ്് ഞാന്‍ ജീവിക്കുന്നത്. പിന്നെ, പലരും എന്നെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായാണ് കണ്ടിട്ടുള്ളത്; സിനിമാ നടന്‍ എന്ന ലേബലില്‍ അല്ല. എന്റെ പ്രദേശവാസികള്‍ക്കെല്ലാം ഞാനൊരു സോഷ്യല്‍ വര്‍ക്കര്‍ ആണ്;സിനിമാനടനല്ല. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങളുമായി ഞാന്‍ ഇടപഴകുന്നു. വ്യത്യസ്ത സമുദായങ്ങളുമായും ഞാന്‍ സൗഹൃദം പാലിക്കുന്നു. സ്വകാര്യ ജീവിതത്തില്‍ ഞാന്‍ ഒരു നിരീശ്വരവാദി ആണെങ്കിലും, വ്യത്യസ്ത വിഭാഗങ്ങളുടെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഞാന്‍ ബഹുമാനിക്കുന്നു.

എനിക്ക് മണ്ഡലത്തിലെ ജനങ്ങളുമായി നേര്‍ക്കുനേര്‍ സംസാരിക്കാനുള്ള അവസരം ഉണ്ട്. ഇവിടെയുള്ള ധാരാളം യുവാക്കളേയും വിദ്യാര്‍ത്ഥികളേയും തെരുവ് കച്ചവടക്കാരേയും എല്ലാം ഞാന്‍ സ്ഥിരമായി കാണാറുണ്ട്. ഈ അവസരത്തില്‍ ഒരു കാര്യം മാത്രമാണ് സൂചിപ്പിക്കാനുള്ളത്, മുന്‍പ് പല പാര്‍ട്ടികളും ചെയ്യുന്നതുപോലെ വോട്ട് ലഭിക്കാന്‍ പണം ഇറക്കേണ്ട ഗതികേട് എനിക്കില്ല. ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പുണ്ട്. ഇത് ഞാന്‍ ജനിച്ചു ജീവിച്ച മണ്ഡലമാണ്. ഞാന്‍ പത്താം ക്ലാസ് പഠിച്ച ശാന്തിനഗര്‍ പ്രൈമറി സ്‌കൂളും ഇന്ത്യന്‍ ഹൈസ്‌കൂളും ഈ പാര്‍ലമെന്റ് മണ്ഡലത്തിന് കീഴിലാണ് ഉള്ളത്. ഞാന്‍ പഠിച്ച സെന്റ് തോമസ് കൊമേഴ്‌സ് കോളേജും ഇവിടെത്തന്നെയാണ്. എന്റെ നാടക പരിശീലന കളരികളും ഇവിടെത്തന്നെ ആയിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും കലാകാരന്‍ എന്ന നിലയിലുമുള്ള എല്ലാ പഠനങ്ങളും വളര്‍ച്ചകളും ഇവിടെ നിന്നുതന്നെയായിരുന്നു.

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള പാര്‍ട്ടികള്‍ അവരുടെ പാര്‍ട്ടിയില്‍ ചേരാന്‍ വേണ്ടി ക്ഷണിച്ചിരുന്നു. യഥാര്‍ഥത്തില്‍ ഞാന്‍ ആരാണെന്നും എന്റെ പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എന്താണെന്നും എല്ലാവര്‍ക്കും അറിയാം. ഞാന്‍ ആര്‍ക്കെതിരെയാണ് മത്സരിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം. ഭരണഘടന പറയുന്നത് പാര്‍ട്ടികളെ തെരഞ്ഞെടുക്കാന്‍ അല്ലല്ലോ; ജനങ്ങള്‍ക്കാണ് മത്സരിക്കാനുള്ള അവകാശം. ഞാന്‍ മതേതരത്വം സംരക്ഷിക്കാനാണ് മത്സരിക്കുന്നത്. എന്നെ സംബന്ധിച്ച് എനിക്ക് പ്രസിഡണ്ടോ ഹൈക്കമാന്‍ഡുളോ ഇല്ല. ഞാന്‍ സര്‍വ സ്വതന്ത്രനാണ്.

താങ്കളുടെ സ്ഥാനാര്‍ഥിത്തം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന് പറയപ്പെടുന്നുണ്ട്?
മതേതര വോട്ടുകള്‍ ഭിന്നിക്കാതെ നോക്കേണ്ട അവസരമാണിത് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പാര്‍ട്ടികള്‍ മതേതരമാണോ എന്നതാണ് ചിന്തിക്കേണ്ട മറ്റൊരു വസ്തുത. അവര്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഞാന്‍ പാര്‍ട്ടി ഇല്ലാതെ മത്സരിക്കുന്നത്. പാര്‍ട്ടികള്‍ ഭൂരിപക്ഷവും മതേതരത്വം സംരക്ഷിക്കുന്നതില്‍ ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. അതിനാല്‍ പാര്‍ട്ടികളുടെ മതേതരത്വ ജല്‍പനങ്ങള്‍ സ്വീകരിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ല. പാര്‍ട്ടിക്കാരുടെ മതേതരത്വം സംരക്ഷിക്കേണ്ട ബാധ്യത എനിക്കുമില്ല. ഇത് അവരുടെ ഒരു ക്ലീഷേ വാദം മാത്രമാണ്. മറ്റു ആളുകളെ തടഞ്ഞുനിര്‍ത്താന്‍ അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന അടവാണിത്. രാഷ്ട്രീയക്കാര്‍ നല്ലവര്‍ ആയിരുന്നെങ്കില്‍ ജനങ്ങള്‍ ഇങ്ങിനെ കഷ്ടപ്പെടുകയോ ഇങ്ങിനെ മത്സരരംഗത്ത് ഇറങ്ങേണ്ട ആവശ്യമോ ഉദിക്കില്ലായിരുന്നു.

സംസ്ഥാനത്തെ ശക്തമായ സിവില്‍ സൊസൈറ്റി കൂടാതെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നുണ്ട്. ഓട്ടോ ഡ്രൈവര്‍മാരടക്കം ഇപ്പോള്‍ത്തന്നെ എനിക്കായി പ്രചാരണം തുടങ്ങിയിട്ടുണ്ട്. കോളേജ് വിദ്യാര്‍ഥികളും യുവാക്കളും ധാരാളമായി എന്റെ വളണ്ടിയര്‍ വിങ്ങില്‍ ചേര്‍ന്നുകഴിഞ്ഞു. എന്റെ പ്രവര്‍ത്തങ്ങള്‍ ഒരു സംവാദം കൂടിയാണ്. ജനങ്ങളോടും യുവാക്കളോടും ചര്‍ച്ച നടത്താനുള്ള അവസരം സൃഷ്ടിക്കുന്നു. എല്ലായിടത്തും മാറ്റങ്ങള്‍ കാണുന്നു. പല വിദ്യാര്‍ഥികളും എന്നെ ശ്രവിക്കുന്നു. കുറച്ചുപേരെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഇലക്ഷനില്‍ തോറ്റാല്‍ വീണ്ടും മത്സരിക്കണം. ഇത് മാറ്റത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഞാന്‍ മാത്രമായി ചെയ്യേണ്ട കാര്യമല്ല. എല്ലാവരുടേയും ഉത്തരവാദിത്തമാണ്.

സാമൂഹിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്ര പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും എന്താണ് താങ്കളുടെ കാഴ്ചപ്പാട്? എന്താണ് ജനങ്ങളോടും യുവാക്കളോടും പറയാനുള്ളത്?

അടിസ്ഥാനപരവും മൗലികവുമായ നയങ്ങളും പദ്ധതികളും ആവിഷ്‌കരിക്കുക, അതിനനുസരിച്ച് പോളിസികള്‍ ഉണ്ടാക്കുക എന്നതാണ് അഭിലഷണീയം. അഞ്ചുവര്‍ഷം കഴിയുമ്പോള്‍, ഭരണം കഴിയുമ്പോള്‍ പാര്‍ട്ടികള്‍ മറ്റുള്ളവര്‍ ചെയ്തതിനെ വിമര്‍ശിക്കുക എന്ന നയത്തോട് എനിക്ക് യോജിപ്പില്ല. എല്ലാ കാര്യങ്ങളിലും അടിസ്ഥാനപരമായിത്തന്നെ വിഷയങ്ങളെ സമീപിക്കുകയും അവയെ കുറിച്ച് ചിന്തിക്കുകയും ചെയ്യണം. ഉദാഹരണത്തിന്, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍. അവരുടെ ഭക്ഷണം, വിദ്യാഭ്യാസം, തൊഴില്‍ ഇവയെക്കുറിച്ചെല്ലാം നാം ബോധവാന്‍മാരാകണം. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു ശാശ്വതമായ പരിഹാരം ഉണ്ടാക്കണം. ചെറിയ ചില സബ്‌സിഡികള്‍ കൊണ്ടോ നാണയത്തുട്ടുകള്‍ കൊണ്ടോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. ദീര്‍ഘവും സുസ്ഥിരവുമായ വികസന പദ്ധതികളാണ് എന്റെ സ്വപ്നങ്ങള്‍. കര്‍ഷകരുടെ വിളകള്‍ക്ക് മാന്യമായ വില നല്‍കണം, അതുപോലെതന്നെ വിലവര്‍ധനവ് നിയന്ത്രിക്കാനും കഴിയണം. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കുവേണ്ടി വ്യക്തമായ മിഷനുകള്‍ ഉണ്ടായിരിക്കണം. പൗരന്മാര്‍ക്ക്, എന്റെ ധനമാണ് നിങ്ങള്‍ ചെലവഴിക്കുന്നത്, നിങ്ങള്‍ എനിക്ക് സേവനം ചെയ്യണം എന്ന് ഭരണകര്‍ത്താക്കളോട് പറയാന്‍ കഴിയണം. ജനങ്ങളാണ് ഭരിക്കുന്നവരുടെ മികവിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശമുള്ള ആളുകള്‍. നമ്മുടെ ഭരണീയരെ കൂടുതല്‍ അക്കൗണ്ടബിള്‍ ആക്കുക, റെസ്‌പോണ്‍സിബിള്‍ ആക്കുക എന്നിവ നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മള്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുക. അല്ലാതെ നമ്മുടെ വ്യക്തിപരമായ ചെറിയ കാര്യങ്ങള്‍ രാഷ്ട്രീയക്കാരെ ഉപയോഗിച്ച് നടത്തിക്കൊണ്ടുപോകാനുള്ള ഉപകരണങ്ങളാക്കുകയല്ല നാം ചെയ്യേണ്ടത്.

നമ്മള്‍ ഒരു ഗവര്‍മെന്റിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവര്‍ ജനങ്ങളുടെ ഭരണാധികാരികളാണ്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ക്ക് യാതൊരു അധികാരവുമില്ല. എല്ലാവരോടും തുല്യനീതിയോടെ പെരുമാറണം. അവരെ മതങ്ങളുടെ പേരില്‍ വിഭജിക്കരുത്. പ്രധാനമന്ത്രി പറയുന്നത് ‘ഞങ്ങള്‍ മേഘാലയയിലെ 22 ക്രിസ്ത്യന്‍ നേഴ്സുമാരെ രക്ഷിച്ചു എന്നാണ്. എന്തുകൊണ്ട് അദ്ദേഹം എല്ലാം മതത്തിന്റെ പേരില്‍ എണ്ണുന്നു. ഈ ഒരു കണ്ണിലൂടെ മാത്രമേ ഇന്ന് ഇന്ത്യ ഭരിക്കുന്നര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ. എം.പിയും കേന്ദ്രമന്ത്രിയുമായ ഡോ. അനന്ത് കുമാര്‍ ഹെഗ്—ടൗ പത്രക്കാരുടെ മുന്നില്‍ വെച്ച് വെല്ലുവിളിയായി പറഞ്ഞത് ‘മുസ്‌ലിംകള്‍ ലോകത്ത് നിന്ന് പൂര്‍ണമായി തുടച്ചുനീക്കപ്പെട്ടാല്‍ മാത്രമേ ലോകത്ത് സമാധാനം നിലവില്‍ വരൂ’ എന്നായിരുന്നു. (പല മീഡിയക്കാരും ഈ സമയങ്ങളില്‍ നിശബ്ദത പാലിക്കുന്നു എന്നത് മറ്റൊരു വിഷയം). അവ വൈറല്‍ ആകുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന അനന്ത് കുമാര്‍ ഹെഗ്ഡെയെ പോലുള്ളവര്‍ ഭരണഘടനയെ പോലും വെല്ലുവിളിക്കുന്നു. വെറും പുരോഹിതനായ യോഗി ആതിഥ്യനാഥ് യു.പി സംസ്ഥാനത്തിന്റെ ഭരണാധികാരിയായി ന്യൂനപക്ഷങ്ങളുടെ മനസ്സുകളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നു. ഇവരില്‍ രാജ്യത്തിന് എന്ത് പ്രതീക്ഷയാണ് പുലര്‍ത്താന്‍ കഴിയുക.

ഇനി ജനങ്ങള്‍ നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുത്താല്‍ അതും ഞാന്‍ അംഗീകരിക്കും. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ഉള്ള നാടാണ് ഇന്ത്യ. മോദിയോടല്ല എന്റെ എതിര്‍പ്പ്. അദ്ദേഹം പിന്തുടരുന്ന ആശയങ്ങളോടാണ്. ആരെല്ലാം അധികാരത്തില്‍ വരുന്നവോ അവരെല്ലാം ദുഷിക്കുന്നതാണ് നാം കാണുന്നത്. അവരോട് പ്രതികരിക്കുക. അത്തരം ഒരു പ്രതിപക്ഷം ആയിരിക്കും ഞാന്‍ എല്ലായിപ്പോഴും. ജനങ്ങള്‍ പ്രതികരിച്ചാല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. ജനാധിപത്യത്തിനേ വളര്‍ച്ച ഉണ്ടാകൂ.

രാജ്യത്തിന്റെ രണ്ടു പ്രധാന നേതാക്കള്‍ ആയിരുന്നു ഗാന്ധിയും അംബേദ്കറും. ഇവരെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഇന്നും നടക്കുന്നു. ആര്‍ക്കാണ് വീക്ഷണപരമായി താങ്കള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്, അല്ലെങ്കില്‍ ആര്‍ക്കാണ് ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം?

രണ്ടുപേരും ഇന്ത്യക്കാരുടെ വലിയ നേതാക്കളായിരുന്നു. ഇവര്‍ മാത്രമല്ല, നെഹ്‌റുവും വലിയ നേതാവായിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ആയിരുന്നു. ആരെയും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഗാന്ധിയുടെ സത്യസന്ധതയും അംബേദ്കറുടെ ധൈര്യവും ഇന്ന് ആര്‍ക്കും ഇല്ല. പ്രത്യേകിച്ചും ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവര്‍ പഴയ നേതാക്കളുമായി ഒരു ചെറിയ താരതമ്യത്തിന് പോലും അര്‍ഹരല്ല. മറാഠയിലും കര്‍ണാടകയിലും ആന്ധ്രയിലും ഇപ്പോഴും അംബേദ്കര്‍ക്കുള്ള സ്വാധീനം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സംവരണത്തെക്കുറിച്ച് എന്തു പറയുന്നു?

വിദ്യാഭ്യാസം, ആരോഗ്യം, വികസനം എന്നിവയാണ് അടിസ്ഥാന പ്രശ്‌നങ്ങള്‍. അല്ലാതെ ഫേക്ക് ന്യൂസ് നിര്‍മാണം കൊണ്ട് ജീവിക്കാന്‍ കഴിയില്ല. കഴിഞ്ഞ വര്‍ഷം, ‘ ഞാനും അര്‍ബന്‍ നക്‌സല്‍ ‘ എന്ന ബാനര്‍ ധരിച്ച് ഞങ്ങള്‍ ബാഗ്ലൂര്‍ സാഹിത്യ ഉത്സവത്തിന്റെ വേദിയില്‍ പോയിരുന്നു. യഥാര്‍ഥത്തില്‍ പല ട്രൈബല്‍ വിഭാഗങ്ങളുടേയും അടിസ്ഥാന പ്രശ്‌നം തൊഴിലില്ലായ്മയും വിശപ്പുമാണ്. അവ നമ്മള്‍ പരിഹരിക്കണം. അതിന് മുന്തിയ പരിഗണന നല്‍കണം. റിസര്‍വേഷനുകള്‍ പലപ്പോഴും രാഷ്ട്രീയ മുതലെടുപ്പ് മാത്രമായി മാറുകയാണ്. പ്രയോഗിക തലത്തില്‍ എത്തുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മുന്നാക്ക സംവരണം പോലും ഇലക്ഷന്‍ അജണ്ട ആയി മാത്രമേ ഞാന്‍ കരുതുന്നുള്ളൂ.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757