keralanews

ഭൂരഹിതരുടെ പ്രതിഷേധമിരമ്പി വെൽഫെയർ പാർട്ടി താലൂക്കോഫീസ് മാർച്ച്

 

കോന്നി : നൂറുകണക്കിന് ഭൂരഹിതരുടെ പ്രതിക്ഷേധമിരമ്പി കോന്നി താലൂക്കോഫീസിലേക്ക് മാർച്ച് നടത്തി. സീറോ ലാന്റ്‌ലെസ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടും ഇതുവരെ ഭൂമി ലഭിക്കാത്ത ഭൂരഹിതരാണ് അടിയന്തിരമായി കൈയേറ്റ ഭൂമികളേറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ മാർച്ചിൽ അണിനിരന്നത്. കേരളത്തിലെ സർക്കാരുകൾ ഭൂരഹിതരെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്നും ഹാരിസണെ പോലുള്ള വൻകിട കൈയേറ്റക്കാരുടെ അടിയാളന്മാരാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാരെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന അസി.സെക്രട്ടറി മിർസാദ് റഹ്മാൻ പ്രസ്താവിച്ചു. ഭൂമിക്ക് പകരം ഫ്‌ലാറ്റ് എന്ന വാഗ്ദാനം നൽകുന്ന പിണറായി സർക്കാരിന്റെ ലൈഫ് പദ്ധതി വെറും തട്ടിപ്പ് മാത്രമാണ്. ഭൂരഹിതരെ തൃശങ്കുവിൽ നിർത്തുകയാണ് ഈ പദ്ധതിയുടെ ഉദ്ദേശം. ഹാരിസണിന് ഹൈക്കോടതിയലും സുപ്രിം കോടതിയിലും കേസ് തോറ്റുകൊടുത്ത് പിണറായി സർക്കാർ കേരളത്തിലെ ഭൂമി തോട്ടം മാഫിയക്ക് തീറെഴുതിക്കഴിഞ്ഞു. ഹിരിസണടക്കമുള്ള വൻകിട ഭൂ മാഫിയ കൈവശം വെച്ചിരിക്കുന്ന 5 ലക്ഷം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് കേരളത്തിലെ ഭൂരഹിതർക്ക് വിതരണം ചെയ്യാനും ഭൂപ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനും സമഗ്ര ഭൂ നിയമം നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ഭൂസമരസമിതി സംസ്ഥാന കോഡിനേറ്റർ ഷഫീഖ് ചോഴിയക്കോട്, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അജി പാലമല, ജില്ലാ ജനറൽ സെക്രട്ടറി മാജിദ, അജിത്ത് മാന്തുക, അബ്ദുൽ ഹമീദ്, അബ്ദുൽ ഖാദർ, കൃഷ്ണൻകുട്ടി, പൊന്നമ്മ, തുടങ്ങിയവർ മാർച്ചിനെ അഭിസംബോധന ചെയ്തു. താലൂക്ക് ഓഫീസ് മാർച്ചിന് ഭൂസമരസമിതി വില്ലേജ് കൺവീനർമാരായ പൊന്നമ്മ, അംബിക, രാഗിണി, സീത, റഹീമ ബീവി, പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757