Opinion

സാഹോദര്യം, മാനവികത നവോത്ഥാന ചരിത്രത്തിന്റെ രാഷ്ട്രീയ വായന – സമദ് കുന്നക്കാവ്

 

പുസ്തകം

പ്രളയാനന്തര കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് ആശയങ്ങളാണ് മാനവികതയും സാഹോദര്യവും. വെള്ളപ്പൊക്കാനന്തര കേരളത്തില്‍ സമാനതകളില്ലാത്ത വിധം കാഴ്ചവെക്കപ്പെട്ട പങ്കുവെപ്പുകള്‍, കൊടുക്കല്‍ വാങ്ങലുകളെല്ലാം കേരളീയ നവോത്ഥാനം മുന്നോട്ടുവെച്ച മാനവികതയുടേയും സാഹോര്യത്തിന്റേയും ശോഭനമായ തുടര്‍ച്ചകളാണ് എന്ന് നമ്മള്‍ ഒരുഭാഗത്ത് പറഞ്ഞുകൊണ്ടിരിക്കുന്നു. മറുഭാഗത്താകട്ടെ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലരങ്ങേറിയ പുതിയ സംഭവ വികാസങ്ങള്‍ അതേ മാനവികതയില്‍ നിന്നും സാഹോദര്യത്തില്‍ നിന്നുമുള്ള പിന്‍മടക്കമാണെന്നും വിലയിരുത്തപ്പെടുന്നു. കേരളത്തിന്റെ ചരിത്രത്തിലെ പ്രബുദ്ധവും വിധ്വംസകവുമായ ഈ രണ്ടുഘട്ടത്തേയും ചേര്‍ത്തുവെച്ച് വായിക്കാനുള്ള ശ്രമമാണ് ഡോ. ബി. രാജീവന്‍ തന്റെ ‘പ്രളയാനന്തര മാനവികത’ എന്ന പുസ്തകത്തില്‍ നടത്തുന്നത്. കേരളീയ നവോത്ഥാനത്തിന്റെ വിരിമാറില്‍ എഴുതിവെക്കപ്പെട്ട, അപര സ്‌നേഹത്തില്‍ ചാലിച്ചെടുത്ത, സാഹോദര്യമെന്ന കേന്ദ്ര പ്രമേയത്തില്‍ നിന്ന് ശബരിമല സംഭവാനന്തരം കേരളത്തില്‍ മുഴങ്ങിയ അപര വിദ്വേഷത്തില്‍ ഊട്ടപ്പെട്ട ആക്രോശങ്ങളിലേക്കുള്ള ചരിത്രപരമായ വഴിദൂരമെത്ര എന്ന അന്വേഷണമാണ് ഈ പുസ്തകം. അതാകട്ടെ ആത്യന്തികമായി സംഘ്പരിവാര്‍ ഫാഷിസം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നേടിയെടുത്ത രാഷ്ട്രീയ വളര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്.

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്ര രഹസ്യങ്ങള്‍ വിവരിക്കാനും നവ ഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയര്‍ന്നുവരുന്ന പ്രസ്ഥാനങ്ങളേയും പുതിയ ജനസഞ്ചയേത്തയും അടയാളപ്പെടുത്താനുമാണ് ഗ്രന്ഥകാരന്‍ ശ്രമിക്കുന്നത്. പ്രളയം, ശബരിമല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട രണ്ട് ലേഖനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സംഘ്പരിവാര്‍ രാഷ്ട്രീയവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട് ബി. രാജീവന്‍ എഴുതിയ ലേഖനങ്ങളും അദ്ദേഹവുമായി നടത്തപ്പെട്ട അഭിമുഖങ്ങളുമാണ് ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലുഷമായിത്തീര്‍ന്ന കേരള രാഷ്ട്രീയമാണ് ആദ്യ രണ്ടു ലേഖനങ്ങള്‍ പങ്കുവെക്കുന്നതെങ്കില്‍, മറ്റു പഠനങ്ങള്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ദേശീയതലത്തില്‍ വിശകലനം ചെയ്യുന്നവയാണ്. മഹാത്മാഗാന്ധിയുടെ വധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ജനത പുറന്തള്ളിയ സംഘ്പരിവാര്‍ രാഷ്ട്രീയം മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം പിന്നിലാക്കി ഇന്ന് ഇന്ത്യ ഭരിക്കുന്ന ഒരു രാഷ്ട്രീയശക്തിയായി എങ്ങിനെ വളര്‍ന്നു? എന്താണ് ഈ വിജയത്തിലേക്ക് അവരെ നയിച്ച രാഷ്ട്രീയ രസതന്ത്രം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഗ്രന്ഥകര്‍ത്താവ് വായനക്കാര്‍ക്ക് കണ്ടെത്തിത്തരുന്നത്.

ശുദ്ധ പൈതൃകത്തിന്റേയും സാംസ്‌കാരിക ദേശീയതയുടേയും പൊയ്ക്കാലുകളില്‍ കയറിയാണ് സംഘ്പരിവാര്‍ ഫാഷിസം എന്നും മാനവികതയെ കടന്നാക്രമിച്ചിട്ടുള്ളത്. ന്യൂനപക്ഷ – കീഴാള വിരുദ്ധമായ പൊതു ഹിന്ദു സമൂഹത്തെ ആശയപരമായി സ്ഥാപിച്ചെടുത്ത് ഒരു അഖണ്ഡ ഹിന്ദു രാഷ്ട്രത്തെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. ചരിത്രത്തിലെ ഏറ്റവും ഭയാനകമായ അധികാര സംവിധാനങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ വലിയ പങ്ക് പൗരസമൂഹത്തിന്റെ സാംസ്‌കാരിക ഇടങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവ് സംഘ്പരിവാറിന് നല്ലവണ്ണമുണ്ട്. ഈയൊരു സാംസ്‌കാരിക മണ്ഡലത്തെ കള്‍ചറല്‍ നാഷണലിസം എന്ന ഭ്രാന്തന്‍ ചിന്തയിലേക്ക് വികസിപ്പിച്ചെടുത്തു എന്നിടത്താണ് സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വിജയം. ജനാധിപത്യപരമായ ആശയസംവാദങ്ങള്‍ക്ക് അകാലമരണം സംഭവിക്കുന്ന ഇക്കാലത്ത് ശരാശരി മലയാളിയുടെ കാഴ്ചകള്‍ക്കും ഹിന്ദുത്വ ത്തിന്റെ പാട കെട്ടിയിരിക്കുന്നു. അതുവഴി ഫാഷിസത്തിന്റെ സാംസ്‌കാരിക ബോധങ്ങള്‍ക്ക് കേരളത്തിന്റെ പൊതുബോധത്തിനകത്ത് കൂടുതല്‍ സ്വാധീനം കൈവന്നിരിക്കുന്നു. കേരളത്തെ സംസ്‌കാര രഹിതരാക്കിക്കൊണ്ടും ഹിംസാത്മകവും പ്രാകൃതവുമായ രീതിയില്‍ പരിവര്‍ത്തിപ്പിച്ചുകൊണ്ടുമുള്ള സംഘ് രാഷ്ട്രീയത്തിന്റെ കുതിപ്പിന് ഇന്ന് രഥവേഗം കൈവന്നിരിക്കുന്നു. തെരഞ്ഞെടുപ്പിലെ ലാഭ- നഷ്ടങ്ങള്‍ക്കപ്പുറം വലിയൊരു രാഷ്ട്രീയ-സാംസ്‌കാരിക മൂലധനമായി തങ്ങളുടെ സവര്‍ണാധിപത്യത്തെ സ്ഥാപിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചിരിക്കുന്നു. സാംസ്‌കാരികമായ ഈ സവര്‍ണ യുക്തികള്‍ക്ക് നമ്മുടെ സാമൂഹ്യ മണ്ഡലത്തിനകത്ത് ലഭ്യമാകുന്ന സ്വീകാര്യതയുടെ ലക്ഷണമാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തില്‍ സംജാതമായിരിക്കുന്നതെന്ന് ബി. രാജീവന്‍ പറഞ്ഞുവെക്കുന്നു.

കേരളത്തിന്റെ പ്രബുദ്ധമായ നവോത്ഥാന പാരമ്പര്യത്തെ തകര്‍ക്കാന്‍ ഒരു മാര്‍ഗവും കാണാതെ കുഴങ്ങി നിന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് മുന്‍പില്‍ ശബരിമല വിഷയത്തിലൂടെ പുതിയൊരു വാതില്‍ തുറന്ന് കിട്ടിയിരിക്കുകയാണ്. സ്ത്രീ പ്രവേശനം അനുവദിക്കുന്ന പുതിയ കോടതി വിധിയോടെ ശബരിമലയിലെ പൂര്‍വാചാരങ്ങളും അതിലൂടെ ഹിന്ദുക്കളുടെ വിശ്വാസ സ്വാതന്ത്ര്യം തന്നെയും തകര്‍ക്കപ്പെടുകയാണെന്ന് മുറവിളി കൂട്ടിക്കൊണ്ട് എല്ലാ ജാതികളിലും വര്‍ഗങ്ങളിലും പെട്ട ഹിന്ദുമത വിശ്വാസികളെ അവര്‍ കേരളമെമ്പാടും തെരുവിലിറക്കാന്‍ തുടങ്ങിയിരിക്കുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ സ്ത്രീ സമൂഹത്തെ തന്നെ തെരുവില്‍ ഇറക്കിക്കൊണ്ടാണ് അവര്‍ സമരമുഖം ശക്തിപ്പെടുത്തുന്നത്. സംഘ്പരിവാര്‍ നേടിയ ഈ സാംസ്‌കാരിക അധീശത്വത്തിനെതിരെ കേരളം അതിന്റെ എല്ലാ സാംസ്‌കാരിക ശക്തികളേയും സിദ്ധികളേയും പുറത്തെടുത്ത് രംഗത്ത് വരേണ്ടിയിരിക്കുന്നു എന്ന് ‘കേരളം സംഘ്പരിവാറിന്റെ ആലിംഗനത്തിലോ ‘ എന്ന ലേഖനത്തിന്റെ അവസാനത്തില്‍ രാജീവന്‍ ആവശ്യപ്പെടുന്നു. സ്ത്രീകളേയും സാധാരണക്കാരേയും കോടതി വിധിക്കെതിരെ അണിനിരത്താന്‍ ശ്രമിക്കുന്ന സവര്‍ണ പുരുഷ മേലാളന്‍മാര്‍ക്കെതിരെ പുതിയ സമരമുഖം തുറക്കപ്പെടുന്നു എന്ന ശുഭസൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. സമീപകാലത്ത് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന സ്ത്രീ രാഷ്ട്രീയ നവോത്ഥാനത്തെ അത്തരമൊരു പുരോഗമന ജനസഞ്ചയമായിക്കൊണ്ടാണ് അദ്ദേഹം നോക്കി കാണുന്നത്. കുടുംബവും തൊഴിലിടവും പാര്‍ട്ടിയും മത സ്ഥാപനങ്ങളും തുടങ്ങി പുരുഷ സമഗ്രാധിപത്യത്തിന്റെ എല്ലാ മേഖലകളിലും പണ്ടൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം സ്വതന്ത്ര സ്ത്രീ മുന്നേറ്റം ഉണ്ടായി കഴിഞ്ഞിരിക്കുന്നു. മൂന്നാറിലെ ‘പൊണ്‍പിളൈ ഒരുമൈ ‘ സമരം തുടങ്ങി നഴ്‌സുമാരുടെ വമ്പിച്ച പ്രക്ഷോഭം മുതല്‍ സമീപകാലത്തെ കന്യാസ്ത്രീകളുടെ സമരം, വനിത മതില്‍ വരെയുള്ള രാഷ്ട്രീയ സംഭവങ്ങളെ ഉദാഹരിച്ചുകൊണ്ട് മേല്‍ വാദത്തിന് കരുത്തുപകരാനും അദ്ദേഹം ശ്രമിക്കുന്നു.

പുസ്തകത്തിലെ ശ്രദ്ധേയമായ ലേഖനങ്ങളിലൊന്നാണ് വിമോചന സമരത്തെക്കുറിച്ചുള്ള പഠനം. വിമോചന സമരം എങ്ങിനെ കേരളത്തിന്റെ ചരിത്രത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനനുകൂലമായ സാഹചര്യമൊരുക്കിക്കൊടുത്തു എന്ന അന്വേഷണമാണ് ഈ പഠനത്തില്‍ അദ്ദേഹം നടത്തുന്നത്. ഇന്ത്യയിലും കേരളത്തിലും സംഘ്പരിവാര്‍ നേടിയ രാഷ്ട്രീയവും സാംസ്‌കാരികവുമായ അധീശത്വം ശൂന്യതയില്‍ നിന്ന് രൂപപ്പെട്ട് വന്നതല്ല. മറിച്ച്, കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ എണ്ണയിട്ട യന്ത്രം കണക്കെ അവര്‍ നടത്തിയ ചിട്ടയായ ഫാഷിസ്റ്റ് ഇടപെടലുകളുടെ ഭാഗമായി കൊണ്ടുകൂടിയാണ്. അതിലാകട്ടെ നമ്മുടെ ചരിത്രത്തിനും ചരിത്രത്തിന്റെ പാഠരൂപങ്ങള്‍ക്കും നാഭീനാള ബന്ധമുണ്ട്. ദേശീയതക്കും ദേശീയ പ്രസ്ഥാനത്തിനും അതിന്റേതായ പങ്കുണ്ട്. സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളടക്കമുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് കരുത്തേകിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ചുവടുറക്കുവാനുള്ള അത്തരമൊരു സൈദ്ധാന്തിക പരിസരം വിമോചന സമരം എങ്ങനെ ഒരുക്കികൊടുത്തു എന്ന് രാജീവന്‍ അന്വേഷിക്കുന്നു.

കേരളത്തിലെ നായര്‍ – ഈഴവ സംഘര്‍ഷങ്ങളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ പുലര്‍ത്തിയ നിലപാടില്ലായ്മയുമെല്ലാം വിമോചന സമരത്തെക്കുറിച്ചുള്ള വിശകലനത്തില്‍ കടന്നുവരുന്നു. വിമോചന സമരത്തോടെ ഭാരത കേസരി എന്ന പദവിയിലേക്കുയര്‍ന്ന മന്നത്ത് പത്മനാഭനും ആര്‍. ശങ്കറും എന്‍.എസ്.എസ്സിന്റേയും എസ്.എന്‍.ഡി.പിയുടേയും നേതാക്കന്‍മാര്‍ എന്ന സ്ഥാനം ഉപയോഗപ്പെടുത്തി ഈ രണ്ടു സമുദായ സംഘടനകളേയും ഹിന്ദു മഹാമണ്ഡലത്തിന് കീഴില്‍ ഒരൊറ്റ സംഘടനയാക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടിക്കുവേണ്ടി നടന്ന എല്ലാ ജനാധിപത്യ പ്രക്ഷോഭങ്ങളേയും അട്ടിമറിക്കുന്നതിന് വേണ്ടി രാജാവിന്റേയും ദിവാന്റേയും പക്ഷത്ത് നിലയുറപ്പിച്ച സംഘടനയായിരുന്നു എന്‍.എസ്.എസ്. അവര്‍ണ ഹിന്ദുക്കളേയും ന്യൂനപക്ഷങ്ങളായ അഹിന്ദുക്കളേയും ഭരണത്തില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും പാടെ മാറ്റിനിര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ന്യൂനപക്ഷ വിരുദ്ധ പ്രസ്ഥാനത്തിന്റെ ആചാര്യനും നേതാവുമായിരുന്നു മന്നത്ത് പത്മനാഭനെന്ന് ഉദ്ധരണികളുടേയും തെളിവുകളുടേയും പിന്‍ബലത്തില്‍ രാജീവന്‍ സമര്‍ഥിക്കുന്നു.

നിവര്‍ത്തന പ്രക്ഷോഭകാലത്ത് ഗവണ്‍മെന്റിന്റേയും ദിവാന്റേയും ഭാഗത്ത് നിന്നുകൊണ്ട് മന്നം നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പലതും കുപ്രസിദ്ധമാണ്. വിമോചന സമരത്തിന് ഏതാണ്ട് ഒരു പതിറ്റാണ്ട് മുന്‍പ് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുക്കളെ ഐക്യപ്പെടുത്തുന്നതിന് വേണ്ടി മന്നത്തിന്റേയും ശങ്കറിന്റേയും നേതൃത്വത്തില്‍ രൂപപ്പെട്ടുവന്ന പ്രസ്ഥാനമായിരുന്നു ഹിന്ദു മഹാമണ്ഡലം. ആ ഹിന്ദു മഹാമണ്ഡലകാലത്താണ് മന്നം തന്റെ പേരില്‍ നിന്നും പിള്ള എന്ന ജാതി ചിഹ്നം ഉപേക്ഷിച്ചത്. ദേവസ്വം ബോര്‍ഡ് അംഗങ്ങളെന്ന നിലയില്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ആധുനിക അഖില ഭാരത ഹിന്ദുമതത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചത് മന്നവും ശങ്കറുമാണ്. ക്ഷേത്രങ്ങളില്‍ ഗീതാ പാരായണവും പുരാണ പാരായണവും നടത്തുക, മത പ്രസംഗങ്ങള്‍ എല്ലാ ക്ഷേത്രങ്ങളിലും ഉത്സവകാലത്തെ പ്രധാന പരിപാടി ആക്കുക, ബഹുജനങ്ങളെ ആകര്‍ഷിക്കുന്ന ഹൈന്ദവ സാംസ്‌കാരിക പരിപാടിയാക്കി ക്ഷേത്രോല്‍സവങ്ങളെ മാറ്റുക തുടങ്ങിയ പുതിയ ആചാരരീതികള്‍ നടപ്പാക്കുന്നത് മന്നവും ശങ്കറും ചേര്‍ന്നാണ്. അങ്ങിനെ ഒരു ഏകീകൃത ഹിന്ദു ജനതയെ സൃഷ്ടിക്കുന്നതിനും ഹൈന്ദവ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി മന്നവും ശങ്കറും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഗുണകരമായി മാറി എന്നതു മാത്രമല്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ആന്തരികമായി തകര്‍ക്കുകയും ചെയ്തു.

ഭൂരഹിതരും കര്‍ഷക തൊഴിലാളികളും മറ്റു ദരിദ്ര വിഭാഗങ്ങളുമടങ്ങുന്ന സാധാരണക്കാര്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിന് കീഴിലേക്ക് വഴിമാറുന്ന കാലം കൂടിയായിരുന്നു അത്. അത്തരത്തില്‍ ജനകീയ പിന്തുണ കുറഞ്ഞുകൊണ്ടിരുന്ന നാഷ്ണല്‍ കോണ്‍ഗ്രസിനെ മന്നത്തിനോ ശങ്കറിനോ പേടിയുമുണ്ടായിരുന്നില്ല. ഇതിനിടക്ക് ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനെതിരെ തന്നെ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. അതേ കാലത്തുതന്നെയാണ് ശബരിമല ക്ഷേത്രം അഗ്‌നിക്കിരയാക്കപ്പെടുന്നത്. അത് ക്രിസ്ത്യാനികള്‍ കരുതികൂട്ടി ചെയ്ത ഒരു വര്‍ഗീയ പ്രതികാരമാണെന്ന ഹിന്ദുക്കളുടെ സംശയത്തെ ആളിക്കത്തിക്കാനും അതില്‍ നിന്ന് ഊര്‍ജം സംഭരിക്കാനും ശങ്കറിന്റേയും മന്നത്തിന്റേയും ഹിന്ദു മഹാമണ്ഡലത്തിനും ഡെമോക്രാറ്റിക് കോണ്‍ഗ്രസിനും കഴിഞ്ഞു. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും ലയിച്ച് കേരളീയ ഹൈന്ദവ പ്രസ്ഥാനമായി മാറുന്നതിനുള്ള തീരുമാനമുണ്ടാവുന്നതും ഇക്കാലയളവിലാണ്. 1959 മെയ് മാസത്തില്‍ കൊല്ലത്ത് വെച്ച് നടന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് ഈ രണ്ട് സംഘടനകളും തമ്മിലുള്ള ലയന പ്രമേയം പാസാക്കപ്പെട്ടു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീ നാരായണ ഗുരുവിന്റെ സന്ദേശത്തെ വിശാല ഹിന്ദു സമുദായ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമായി ദുര്‍വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു മേല്‍ പ്രമേയം തയ്യാറാക്കപ്പെട്ടത്. ഇത്തരത്തില്‍ മന്നത്തിന്റേയും ശങ്കറിന്റേയും നേതൃത്വത്തിലാണ് കേരളീയ സമൂഹത്തില്‍ ഹിന്ദു വര്‍ഗീയ വാദത്തിന്റെ വേരോട്ടം ശക്തമാകുന്നതെന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു.

ആര്‍.എസ്.എസ്സിന്റെ ആശയധാരകളോട് മന്നമടക്കമുള്ളവര്‍ പുലര്‍ത്തിയ ഊഷ്മളമായ ബന്ധത്തെക്കുറിച്ചും രാജീവന്‍ വിശദീകരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന ക്രിസ്ത്യന്‍ സ്വാധീനത്തോട് ആദ്യം മുതലേ അസഹിഷ്ണുത ഉണ്ടായിരുന്ന ശങ്കറും മന്നവും വിമോചന സമരത്തിന് തൊട്ടുമുന്‍പും ആര്‍.എസ്.എസിനോട് ബന്ധപ്പെട്ട് ഹിന്ദു മഹാസഭയെന്ന ആശയം സജീവമായി നിലനിര്‍ത്തിക്കൊണ്ടിരുന്നു. 1958ലെ മന്നത്തിന്റെ ചില ഡയറിക്കുറിപ്പുകള്‍ അവര്‍ നടത്തിക്കൊണ്ടിരുന്ന ഹിന്ദു വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതായി രാജീവന്‍ പറയുന്നു. 1958 മെയ് 13ന് ഗോള്‍വാള്‍ക്കര്‍ക്ക് എറണാകുളത്ത് കൊടുത്ത സ്വീകരണ യോഗത്തില്‍ അധ്യക്ഷന്‍ മന്നമായിരുന്നു. അന്ന് ഡയറിയില്‍ മന്നം ഇങ്ങിനെ കുറിച്ചു: ’13 ന് ഗോള്‍വാള്‍ക്കറുടെ സ്വീകരണ യോഗം. ഞാന്‍ അധ്യക്ഷന്‍. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് വിമാനത്തില്‍ രണ്ട് മണിക്ക് മുന്‍പെത്തി. അവിടെ നിന്ന് കാറില്‍ എന്നെ പ്രഭുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഗുരുജിയുമൊരുമിച്ച് ടി.ഡി ഹാളിലെത്തി. അവിടത്തെ ചടങ്ങില്‍ പങ്കുകൊണ്ടു. 5 മണിക്ക് ആര്‍.എസ്.എസ്സിന്റെ പൊതുയോഗം എന്റെ അധ്യക്ഷതയില്‍ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി 8 മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു.’

വിശാല ഹിന്ദു ഐക്യത്തിനുവേണ്ടി മന്നവും ശങ്കറും അടങ്ങുന്ന സംഖ്യകക്ഷികള്‍ നടത്തിയ കീഴാള വിരുദ്ധവും സവര്‍ണവല്‍കൃതവുമായ ഈ രാഷ്ട്രീയ മുന്നേറ്റമാണ് പിന്നീട് വിമോചന സമരത്തില്‍ ചെന്നെത്തിപ്പെടുന്നത്. അങ്ങിനെ ന്യൂനപക്ഷങ്ങളുടേയും കീഴ്ജാതിക്കാരുടേയും മതപരവും ജാതിപരവും സാമ്പത്തികവുമായ യഥാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സവര്‍ണ സമൂഹങ്ങള്‍ക്കുവേണ്ടി അവര്‍ണ – ന്യൂനപക്ഷ സമൂഹങ്ങളെക്കൊണ്ട് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിപ്പിക്കാന്‍ വിമോചന സമരത്തിന്റെ നേതൃത്വത്തിന് സാധിച്ചു. അങ്ങിനെ ഭൂമിയില്ലാത്ത നായരും ഈഴവനും ക്രിസ്ത്യാനിയും ‘ഭൂനയ ബില്ല് അറബിക്കടലില്‍ ‘ എന്ന് വിളിച്ചു. പാവപ്പെട്ട നായര്‍ താനും ജന്മിയാണെന്ന് ഭാവിച്ച് ആ മുദ്രാവാക്യം മറ്റുള്ളവര്‍ക്ക് വിളിച്ചു കൊടുത്തു. വിമോചന സമരത്തില്‍ സ്വയമറിയാതെ സ്വന്തത്തോട് തന്നെ ചെയ്ത കീഴാള സമൂഹത്തിന്റെ ഈ അതിക്രമം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും കാണാന്‍ കഴിയുന്നുണ്ടെന്ന് രാജീവന്‍ സൂചിപ്പിക്കുന്നു. മതവികാരത്തെ ഊതിപ്പെരുപ്പിച്ചുകൊണ്ട് വിമോചന സമര കാലത്തെ ഓര്‍മപ്പെടുത്തുന്ന വിധത്തില്‍ സ്ത്രീകളേയും സാധാരണക്കാരേയും തെരുവിലിറക്കാന്‍ സംഘ്പരിവാറിന് ഇന്ന് സാധിച്ചിരിക്കുന്നു. കേരളത്തില്‍ ഹിന്ദു മതവും ആചാരങ്ങളും അപകടത്തില്‍ എന്ന പ്രതീതി സൃഷ്ടിച്ച് ഹിന്ദു മതത്തിന്റേയും ഹിന്ദുക്കളുടേയും ഒരേയൊരു രക്ഷാകവചം തങ്ങള്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് കഴിഞ്ഞിരിക്കുന്നു. കേരള രാഷ്ട്രീയത്തില്‍ പ്രയോഗിക്കുന്ന സംഘ്പരിവാറിന്റെ പുതിയ തന്ത്രങ്ങള്‍ക്കെതിരെ നവോത്ഥാന ചരിത്രത്തിലുള്ള മാനവികതയുടേയും സാഹോദര്യത്തിന്റേയും പാരമ്പര്യങ്ങളെ വീണ്ടെടുത്ത് പ്രതിരോധിക്കണമെന്നാണ് രാജീവന്‍ മുന്നോട്ടുവെക്കുന്ന ആശയം.

നാം കൊണ്ടാടുന്ന ആധുനികതയുടെ മൗലികമായ അപൂര്‍ണത അത് നമ്മുടെ ആധുനികതയല്ല എന്നതാണ്. അധിനിവേശത്തോടൊപ്പം അതിന്റെ കാരണവും ഫലവുമെന്ന നിലയിലാണ് ഇന്ത്യയില്‍ ദേശീയ ആധുനികത പിറവി കൊള്ളുന്നത്. ആധുനികതയുടെ ചരിത്ര ഘട്ടത്തില്‍ യൂറോപ്പില്‍ പിറവിയെടുത്ത യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചുവടൊപ്പിച്ചുകൊണ്ട് ഇന്ത്യയിലും കേരളത്തിലുമുണ്ടായ സാമൂഹികമായ ഉണര്‍വുകളെയാണ് ആധുനികത എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്നത്. അറിവിന്റേയും അധികാരത്തിന്റേയും ശരി രൂപങ്ങളായി യൂറോപ്യന്‍ മാതൃകകളെ ഉയര്‍ത്തിക്കാട്ടിയും കോളനി ജനതയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങളേയും പാരമ്പര്യങ്ങളേയും അപരമായി തരംതാഴ്ത്തികൊണ്ടുമാണ് അധിനിവേശ ആധുനികത ഇന്ത്യയിലും കേരളത്തിലും പ്രവര്‍ത്തനമാരംഭിച്ചത്. അതുകൊണ്ടുതന്നെ മാനവികത, സാഹോദര്യം, സാമൂഹികത മുതലായവയുടെ അനുഭവങ്ങളും മാതൃകകളും കേരളത്തിന്റെ ചരിത്ര പാരമ്പര്യത്തിലുണ്ടെന്ന അവബോധം ആധുനികതയുടെ ജ്ഞാനമണ്ഡലത്തില്‍ ഇടം നേടിയില്ല. യൂറോപ്പിനെ കേന്ദ്രമാക്കുന്ന ഈ ലോകാവബോധത്തിന്റെ വാഴ്ത്തുപാട്ടുകാരായാണ് പുരോഗമന ഇടതുപക്ഷക്കാര്‍ പോലും മാറിയത്. മതവും മതേതരത്വവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം അനുഭവിക്കുന്ന പ്രതിസന്ധികളുടെയെല്ലാം അടിസ്ഥാനം യൂറോപ്പിനെ കേന്ദ്രീകരിക്കുന്ന ഈ ‘ശരി’ ബോധങ്ങളാണ്. എന്നാല്‍, വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ അറിവിന്റെ കേന്ദ്രസ്ഥാനമായി യൂറോപ്പ് പ്രതിഷ്ഠിക്കപ്പെടുന്നതിനോടുള്ള വിയോജിപ്പ് ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്നു. മതവും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാണ് യൂറോപ്യന്‍ മതനിരപേക്ഷതക്കുള്ളതെങ്കില്‍ ഇന്ത്യയിലെ മതേതരത്വം വിവിധ മത-ഗോത്ര സമൂഹങ്ങള്‍ തമ്മിലുണ്ടായ കൊടുക്കല്‍ വാങ്ങലുകളിലൂടെ രൂപപ്പെട്ടുവന്നതാണെന്ന് രാജീവന്‍ സമര്‍ഥിക്കുന്നു. മതപരവും സാംസ്‌കാരികവുമായ ഈ വൈവിധ്യങ്ങളുടെ കരുത്തുതന്നെയാണ് കേരളത്തെ പ്രളയത്തിന്റെ നിലയില്ലാകയത്തില്‍ നിന്നും ഉയര്‍ത്തി കൊണ്ടുവന്നതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. വിശാല ഹിന്ദു ഐക്യമെന്ന പൊള്ളവാദത്തില്‍ കെട്ടിപൊക്കപ്പെടുന്ന സംഘ്പരിവാര്‍ രാഷ്ട്രീയ ഗോപുരത്തെ കരുത്തേറിയ നവോത്ഥാന പാഠങ്ങളുടെ ചരിത്ര ദണ്ഡുപയോഗിച്ച് ധൂളിയാക്കിക്കളയാനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്. കേരളീയ നവോത്ഥാനത്തെക്കുറിച്ച അക്കാദമിക നിലവാരമുള്ള ഒരു പഠനഗ്രന്ഥം എന്നതു പോലെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ സത്യസന്ധമായി പകര്‍ത്താനുള്ള വൈജ്ഞാനിക ഇടപെടല്‍ കൂടിയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757