Opinion

ദുര്‍ബലമാകുന്ന എന്‍.ഡി.എ; വിശാല മതേതര സഖ്യവും ദിശയറിയാത്ത ഇടതുപക്ഷവും – സജീദ് ഖാലിദ്

 

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നുകഴിഞ്ഞു. പാര്‍ലമെന്റിന്റെ അവസാന സെഷനും നടന്നുകഴിഞ്ഞു. അഞ്ച് വര്‍ഷത്തെ സമ്പൂര്‍ണ ഭരണ പരാജയം മറച്ചുവെക്കാന്‍ വാഗ്ദാന പെരുമഴയായ പ്രകടനപത്രികാ സമാനമായ ബജറ്റ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ചു. അഞ്ച് വര്‍ഷമായി സമ്പൂര്‍ണ മൗനത്തിലായിരുന്ന പല വിഷയങ്ങളിലും വലിയ വര്‍ത്തമാനങ്ങളാണ് നിലനില്‍ക്കാത്ത, പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മാറ്റി അവതരിപ്പിക്കുന്ന, ബജറ്റില്‍ പിയൂഷ് ഗോയല്‍ പറഞ്ഞുവെച്ചത്.

മധ്യവര്‍ഗത്തെ കയ്യിലെടുക്കാന്‍ ഇന്‍കം ടാക്സ് പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുമെന്നും കര്‍ഷകര്‍ക്ക് 6000 രൂപ പ്രതിവര്‍ഷം നല്‍കുമെന്നുമെല്ലാം ബജറ്റ് പറയുന്നു. ഇതൊന്നും നടക്കില്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ 15 ലക്ഷം വാഗ്ദാനം പോലെ മറ്റൊരു വലിയ ജുംല മാത്രമാണെന്നും ബജറ്റ് അവതരിപ്പിച്ചവര്‍ക്കും കേട്ടവര്‍ക്കുമറിയാം. എങ്ങാനും ബിരിയാണി കൊടുത്താലോ എന്നുപറഞ്ഞതുപോലെ ചിലരെങ്കിലും വിശ്വസിച്ചാലോ എന്ന തരത്തിലുള്ള വിടുവായത്തം മാത്രമാണ് അവയെല്ലാം. എന്തായാലും ഒരു കാര്യം വ്യക്തമാണ്. സുതാര്യവും ജനാധിപത്യപരവുമായി തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പിയും എന്‍.ഡി.എ സഖ്യവും വലിയ പരാജയം ഏറ്റുവാങ്ങും. അത് ബി.ജെ.പിക്കും ഉറപ്പായി എന്നതാണ് അവസാന കച്ചിത്തുരുമ്പുകളന്വേഷിച്ചുള്ള അവരുടെ പരക്കം പാച്ചില്‍ വ്യക്തമാക്കുന്നത്. അഞ്ച് സംസ്ഥാങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പും ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളുമെല്ലാം അവയുടെ വ്യക്തമായ സൂചനകളാണ്.

രാജ്യം വലിയ പ്രതിസന്ധിയിലാണ് പോകുന്നത്. സാമ്പത്തിക മേഖല താറുമാറായി. കര്‍ഷകരും ചെറുകിട വ്യാപാരികളും നിലനില്‍പിനായി പ്രയാസപ്പെടുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വേ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആശങ്കാകരമായി വര്‍ധിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. ആഗോള വിശപ്പ് സൂചികയിലുള്ള (Globel Hunger Index) 119 രാജ്യങ്ങളില്‍ 103ാം സ്ഥാനമാണ് ഇന്ത്യയുടേത്. ഗുരുതരമായ വിശപ്പ് നിലവാരമുള്ള (Serious Hunger Level) 45 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കടുത്ത ആഭ്യന്തര പ്രശ്നങ്ങളിലുഴലുന്നവയും രാഷ്ട്രീയ സ്ഥിരതയില്ലാത്തതുമായ ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്‍മാര്‍, പാകിസ്ഥാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളേക്കാള്‍ താഴെയാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. 156 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ച ലോക ഹാപ്പിനെസ് ഇന്‍ഡക്സില്‍ 133ാം സ്ഥാനമാണ് ഇന്ത്യയുടേത്. 2015ല്‍ 117 ഉം 2016ല്‍ 118 ഉം 2017ല്‍ 122 ഉം ആയിരുന്നു ഇത്. അടിക്കടി ഗ്രാഫ് താഴേക്ക് പോവുകയാണ്.

നോട്ടുനിരോധവും ജി.എസ്.ടിയും ബാങ്കുകളെ ദുര്‍ബലപ്പെടുത്തി. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കിന്റെ അധികാരങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയും സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളാന്‍ നിയോഗിക്കപ്പെട്ട റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് പോലും രാജിവെച്ചൊഴിയേണ്ടുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്തു. ഇപ്പോള്‍, ചരിത്രത്തില്‍ ബിരുദമുള്ളയാളെ റിസര്‍വ് ബാങ്കിന്റെ തലപ്പത്തിരുത്തി രാജ്യത്തെ കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടുചോറുവാരിക്കുന്ന സര്‍ക്കസുകാരനെപ്പോലെ രാജ്യത്തിന്റെ കരുതല്‍ ധനശേഖരത്തിലും സര്‍ക്കാര്‍ കൈവെച്ചു കഴിഞ്ഞു. ഇനിയൊന്നും ബാക്കിയില്ലാത്ത ഭയാനകമായ ഭാവികാലമാണ് രാജ്യത്തെ കാത്തുനില്‍ക്കുന്നത്.

ദുര്‍ബലമാകുന്ന എന്‍.ഡി.എ
വംശീയമായി രാജ്യത്തെ ജനങ്ങളെ ചേരി തിരിച്ച് അടിസ്ഥാന പ്രശ്നങ്ങളെ മറച്ചുപിടിക്കാം എന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കരുതുന്നത്. അതിനായുള്ള എല്ലാ അടവും അവര്‍ പയറ്റും എന്നിരിക്കെയാണ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്നത്. പല സഹചാരികളും എന്‍.ഡി.എ വിട്ടുകഴിഞ്ഞു. മോദി അധികാരത്തിലേറിയ ശേഷം 16 പാര്‍ട്ടികളാണ് എന്‍.ഡി.എ വിട്ടത്. ഹരിയാന ജനഹിത് കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി ആയിരുന്നു ആദ്യം (2014ല്‍) എന്‍.ഡി.എ സഖ്യം വിട്ടത്. അതുവരെ ദുര്‍ബലമായിരുന്ന ഹരിയാനയില്‍ ചുവടുറപ്പിക്കാനയി മാത്രമായിരുന്നു ചില പ്രാദേശിക പാര്‍ട്ടികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയത്. ഹരിയാന നിയമസഭയില്‍ ഏവരേയും അമ്പരപ്പിച്ച് ഭൂരിപക്ഷം നേടിയതോടെ പ്രാദേശിക സഖ്യങ്ങളുടെ ആവശ്യമില്ലാതായ ബി.ജെ.പി, തങ്ങളെ അവഗണിക്കുന്നതിനാലാണ് അവര്‍ എന്‍.ഡി.എ വിട്ടത്. അതേവര്‍ഷം ഡിസംബറില്‍ തന്നെ തമിഴ്നാട്ടിലെ ബി.ജെ.പി സഖ്യത്തിലെ വൈകോയുടെ മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകവും (എം.ഡി.എം.കെ) എന്‍.ഡി.എ വിട്ടു. അധികം വൈകാതെ വിജയ്കാന്തിന്റെ ദേശീയ മൂര്‍പ്പോക്ക് ദ്രാവിഡ കഴകവും (ഡി.എം.ഡി.കെ) വണ്ണിയര്‍ സമുദായത്തിന്റെ പാര്‍ട്ടിയായ പാട്ടാളിമക്കള്‍ കക്ഷിയും മുന്നണി വിട്ടു. 2016ലെ തമിഴ്നാട് അസംബ്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പി പുലര്‍ത്തുന്ന സവര്‍ണ വംശീയ രാഷ്ട്രീയത്തിനോടുള്ള എതിര്‍പ്പ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണായ തമിഴ്നാട്ടില്‍ തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലില്‍ മുന്നണി വിടാന്‍ ഇവരെ പ്രേരിപ്പിച്ചത്.

2016ല്‍ കേരള തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എന്‍.ഡി.എ ഘടക കക്ഷിയായ എ.വി താമരാക്ഷന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പി (ബി) യും മുന്നണി വിട്ടു. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേനാ പാര്‍ട്ടിയുടെ ഊഴമായിരുന്നു അടുത്തത്. തുടക്കത്തില്‍ ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്തിയെങ്കിലും അധികം വൈകാതെ തന്നെ ജനസേനാ പാര്‍ട്ടിയും ബി.ജെ.പിയുമായി സഖ്യം വേണ്ടന്ന് തീരുമാനിക്കുകയായിരുന്നു. 2017ല്‍ മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ സ്വാഭിമാനി പക്ഷ പാര്‍ട്ടി കര്‍ഷകരോടുള്ള മോദി സര്‍ക്കാരിന്റേയും മഹാരാഷ്ട്ര സര്‍ക്കാരിന്റേയും വിവേചനത്തില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ വിട്ടു. ഇതിനിടയില്‍ ബീഹാറില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) മുന്നണി വിട്ട് ലാലു പ്രസാദുമായി മഹാസഖ്യമുണ്ടാക്കിയെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോയി.

2018 ആയതോടെ എന്‍.ഡി.എയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ശക്തിപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവന്നുകൊണ്ടിരിക്കുന്ന ആന്ധ്രാപ്രദേശില്‍ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ വിട്ടു എന്നു മാത്രമല്ല രാജ്യത്ത് പ്രതിപക്ഷ ഐക്യത്തിനുവേണ്ടി കഠിന ശ്രമങ്ങളുടെ മുന്‍പന്തിയില്‍ തന്നെ ചന്ദ്രബാബു നായിഡു സ്ഥാനം പിടിക്കുകയും ചെയ്തു. നിതീഷ്‌കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ട സന്ദര്‍ഭത്തില്‍ ബി.ജെ.പി പക്ഷത്തോടൊപ്പം ഉറച്ചുനിന്ന് ബീഹാറിലെ മുഖ്യമന്ത്രിയായ ജിതിന്‍ റാം മാഞ്ചി രൂപം നല്‍കിയ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച തങ്ങളോടുള്ള അവഗണനക്കെതിരെ 2018 ജനുവരിയില്‍ എന്‍.ഡി.എ വിട്ടു.

15 വര്‍ഷമായി ബി.ജെ.പി സഖ്യത്തിലുണ്ടായിരുന്ന നാഗാ പീപ്പിള്‍ ഫ്രണ്ടിന്റെ ഊഴമായിരുന്നു അടുത്തത്. 2018 ഫെബ്രുവരിയില്‍ നാഗാലാന്റിലെ പ്രാദേശിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് അവര്‍ മുന്നണി വിട്ടത്. ബി.ജെ.പിക്ക് ഡാര്‍ജിലിംഗില്‍ നിന്ന് ഒരിക്കല്‍ വിജയിക്കാന്‍ ശക്തമായി പിന്തുണ നല്‍കിയ ഗൂര്‍ഖ മുക്തി മോര്‍ച്ച ബി.ജെ.പി വാഗ്ദാനം ചെയ്ത ഗുര്‍ഖാലാന്റ് സംസ്ഥാന രൂപീകരണത്തില്‍ നിന്ന് വ്യതിചലിച്ചതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടതാണ് പിന്നീട് കണ്ടത്. കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി മുന്നണിയിലുണ്ടായിരുന്ന കര്‍ണാടക പ്രഗ്യവന്ത ജനതാപാര്‍ട്ടി, എന്‍.ഡി.എ സഖ്യമുപേക്ഷി ച്ച് കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിന് പിന്തുണ നല്‍കി. കേരളത്തില്‍ സി.കെ ജാനു നേതൃത്വം നല്‍കുന്ന ആദിവാസ ഗോത്ര മഹാസഭയുടെ രാഷ്ട്രീയ രൂപമായി വന്ന ജനാധിപത്യ രാഷ്ട്രീയ സഭ തങ്ങള്‍ക്ക് ബി.ജെ.പി നേതൃത്വം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടു. ഇപ്പോള്‍ ഇടതുപക്ഷവുമായാണ് അവര്‍ സഹകരിക്കുന്നത്.

ബി.ജെ.പിക്ക് ഏറ്റവും വലിയ തിരിച്ചടി നല്‍കിയ കൊഴിഞ്ഞുപോക്ക് ജമ്മു കശ്മീരിലെ മെഹ്ബൂബ മുഫ്തി നയിക്കുന്ന പി.ഡി.പിയുടേതാണ്. ബി.ജെ.പിയുടെ കാശ്മീരിലെ ഭരണപങ്കാളിത്തമാണ് ഇതുവഴി ഇല്ലാതായത്. ഇപ്പോള്‍ രാഷ്ട്രപതി ഭരണമുള്ള കശ്മീരില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി വലിയ തിരിച്ചടി നേരിടും. കേന്ദ്ര മന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി മുന്നണി വിട്ട ഉപേന്ദ്ര കുശവാഹ നയിക്കുന്ന ആര്‍.എല്‍.എസ്.പിയുടെ തീരുമാനവും ബി.ജെ.പിക്ക് വലിയ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ആര്‍.എല്‍.എസ്.പിയോടൊപ്പം ബീഹാറിലെ തന്നെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും എന്‍.ഡി.എ വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ബി.ജെ.പി സഖ്യം അവസാനിപ്പിച്ചത് അസം ഗണപരിഷത്താണ്. വളരെ പെട്ടെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലെ ഉള്ളടക്കത്തില്‍ പ്രതിഷേധിച്ചാണ് ദീര്‍ഘകാല ബി.ജെ.പിയുടെ സഹകാരികളായ എ.ജി.പി, എന്‍.ഡി.എ വിട്ടത്. മേല്‍ പറയപ്പെട്ട പാര്‍ട്ടികള്‍ എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചതാണെങ്കില്‍ വേറേ കുറച്ച് പാര്‍ട്ടികള്‍ എന്‍.ഡി.എയില്‍ നിലനില്‍ക്കെത്തന്നെ ഏതു സമയവും മുന്നണി വിട്ടേക്കാം എന്ന സാഹചര്യത്തിലാണ്. ബി.ജെ.പിയുടെ ഏറ്റവും ആദ്യത്തെ സഖ്യകക്ഷിയും സന്തത സഹചാരിയുമായ ശിവസേന ഇപ്പോള്‍ എന്‍.ഡി.എയില്‍ തന്നെയാണെങ്കിലും ബി.ജെ.പിയുടെ മുഖ്യ വിമര്‍ശകരുടെ റോളിലാണുള്ളത്. രാംവിലാസ് പസ്വാനും മകന്‍ ചിരാഗും ചേര്‍ന്ന് നയിക്കുന്ന ലോക്ശക്തി പാര്‍ട്ടിയും വേര്‍പിരിയാനുള്ള സമയം നോക്കി നടക്കുകയാണ്.

മേഘാലയില്‍ ബി.ജെ.പി പിന്തുണയോടെ ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ബി.ജെ.പിയുടെ നയത്തില്‍ അസ്വസ്ഥരാണ്. മുഖ്യമന്ത്രിയായ എന്‍.പി.പി നേതാവ് കോണ്‍റാഡ് സാംഗ്മ തന്നെ ഏത് സമയവും എന്‍.ഡി.എ വിടാം എന്ന സൂചന നല്‍കുന്നു. ബി.ജെ.പിയിലെ തന്നെ പ്രധാന നേതാക്കളായ ശത്രുഘ്നന്‍ സിന്‍ഹ, യശ്വന്ത് സിന്‍ഹ, അരുണ്‍ ശൂരി തുടങ്ങിയവര്‍ ഇന്ന് മോദി സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരാണ്. രാഷ്ട്രീയമായ വലിയ തിരിച്ചടി നേരിടുന്ന മുന്നണിയില്‍ നിന്ന് കൊഴിഞ്ഞുപോക്കുകള്‍ സ്വാഭാവികമാണ്. കേരളത്തിലെ ബി.ഡി.ജെ.എസിന് ഇടതുപക്ഷത്ത് നിന്നോ യു.ഡി.എഫില്‍ നിന്നോ വ്യക്തമായ ഉറപ്പ് ലഭിച്ചാല്‍ അവരും എന്‍.ഡി.എ വിടാനുള്ള സാധ്യതയുണ്ട്.

ഘടകകക്ഷികളെ ദുര്‍ബലരാക്കുകയും അവരുടെ അണികളെ വിഴുങ്ങുകയും ചെയ്യുക എന്ന അമിത് ഷായുടെ സമീപനവും ഈ കൊഴിഞ്ഞുപോക്കിന് നിദാനമാകുന്നുണ്ട്. ദലിത് ആദിവാസി പിന്‍ബലമുള്ള പാര്‍ട്ടികളാണ് കൊഴിഞ്ഞുപോയവരില്‍ കൂടുതലും. അത്തരം ജനവിഭാഗങ്ങളോടുള്ള ബി.ജെ.പിയുടെ സമീപനവും പ്രശ്നത്തിന്റെ കാതലാണ്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടും നിര്‍ണായകമാണ്.

ഇനിയും രൂപപ്പെടാത്ത വിശാല മതേതര സഖ്യം
ഒരു ഭാഗത്ത് എന്‍.ഡി.എ ദുര്‍ബലപ്പെടുകയും ബി.ജെ.പി രാജ്യത്തെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടിട്ടും അതിനെ രാഷ്ട്രീയമായി സ്വരൂപിക്കാന്‍ രാജ്യത്തെ മതേതര പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നതും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. കോണ്‍ഗ്രസാണ് രാജ്യത്തെ വലിയ മതേതര രാഷ്ട്രീയ പാര്‍ട്ടി എന്നതില്‍ തര്‍ക്കമില്ല. നിലവില്‍ പാര്‍ലമെന്റില്‍ അവര്‍ക്കുള്ളത് 44 സീറ്റാണ്. അംഗീകൃത പ്രതിപക്ഷ പാര്‍ട്ടിയാകണമെങ്കില്‍ വേണ്ടിയിരുന്നത് 54 സീറ്റാണ്. അതുപോലും ഇല്ലാത്ത ചരിത്രത്തിലെ ഏറ്റവും വലിയ ദുര്‍ബലാവസ്ഥയിലാണ് രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം കയ്യാളേണ്ടി വന്നത്. എന്നാല്‍, തന്നെക്കുറിച്ചുള്ള എല്ലാ മുന്‍ധാരണകളേയും മാറ്റിമറിക്കാനും ആത്മവിശ്വാസത്തോടെ നേതാവ് എന്ന നിലയില്‍ ഉയരാനും ചുരുങ്ങിയ നാളുകൊണ്ട് രാഹുലിന് കഴിഞ്ഞു.

പാര്‍ലമെന്റിലെ ഉജ്വലമായ പ്രകടനങ്ങളിലൂടെ, പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാതിരിക്കുന്ന മോദിയുടെ ദൗര്‍ബല്യത്തെ തുറന്നുകാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സ്വതവേ പരാജിതന്റെ ബോഡിലാംഗ്വേജില്‍ നിന്ന് ജേതാവിന്റെ ശരീരഭാഷ അദ്ദേഹം ആര്‍ജിച്ചെടുത്തത് കോണ്‍ഗ്രസിന് തെല്ലൊന്നുമല്ല ഊര്‍ജ്ജം നല്‍കുന്നത്. എങ്കിലും അദ്ദേഹത്തിന് കോണ്‍ഗ്രസിനെ എത്ര സീറ്റുവരെ എത്തിക്കാനാവും എന്നത് വലിയ ചോദ്യമാണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റാണല്ലോ. ആ മാജിക് സംഖ്യയുടെ സമീപത്തുള്ള ഒരു സംഖ്യയില്‍ പോലും ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് എത്താനാവില്ല. നൂറ്റന്‍പത് സീറ്റിലെങ്കിലും കോണ്‍ഗ്രസിനെ എത്തിക്കുക എന്നത് പോലും അത്ര എളുപ്പമുള്ള കാര്യമല്ല. മണ്ഡല്‍ കാലത്തെ രാഷ്ട്രീയ ചലനത്തില്‍ കാലിടറിവീണ യു.പി, ബീഹാര്‍ ബെല്‍റ്റില്‍ ഇനിയും സ്വന്തമായി നില്‍ക്കാനുള്ള ത്രാണി കോണ്‍ഗ്രസ് നേടിയിട്ടില്ല. ഇതിനിടയില്‍ പ്രിയങ്കയുടെ അപ്രതീക്ഷിത വരവ് ഈ ബെല്‍റ്റില്‍ കോണ്‍ഗ്രസ്സിന് ഉത്തേജകമാകും. അത് എത്ര സീറ്റുകള്‍ നേടിക്കൊടുക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല. എങ്കിലും ഈ മേഖലയില്‍ ഒന്ന് പോരാടാനുള്ള ശക്തി കോണ്‍ഗ്രസിന് ഉണ്ടാക്കാനായിട്ടുണ്ട്. ബീഹാറില്‍ ഘടകകക്ഷിയായ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി അടിയുറച്ച് കൂടെനില്‍ക്കുന്നത് കരുത്താണ്. പക്ഷേ, യു.പിയില്‍ ഒരു സഖ്യം രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

80 സീറ്റുള്ള യു.പിയില്‍ രാഹുലും സോണിയയും വിജയിച്ച അമേത്തിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിന്റെ കൈയിലുള്ളത്. നിലവില്‍ അതിലധികം നേടണമെങ്കില്‍ മറ്റ് കക്ഷികളുടെ അകമഴിഞ്ഞ സഹായം വേണം. അത് ഉണ്ടാക്കിയെടുക്കുന്നതിലാണ് ഇതുവരെ കോണ്‍ഗ്രസ് വിജയം കാണാത്തത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഇതിന് കാരണമായിട്ടുണ്ട്. ബി.എസ്.പി, എസ്.പി എന്നീ കക്ഷികള്‍ക്ക് ചെറിയ തോതില്‍ രാഷ്ട്രീയ അടിത്തറയുള്ള രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും അവരെ പരിഗണിച്ച് കൂടെ നിര്‍ത്തുന്നതില്‍ അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയാതെ പോയി. അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലാണ് ഇതിന്റെ ആഘാതം ശക്തമാകുക എന്ന്.

മായാവതിയും അഖിലേഷും ചേര്‍ന്ന് രൂപീകരിച്ച തെരഞ്ഞെടുപ്പ് സഖ്യത്തിന് യു.പിയില്‍ വലിയ ചലനങ്ങളുണ്ടാക്കാനാവും. ഇതില്‍ കോണ്‍ഗ്രസിന് പ്രവേശിക്കാനാവാത്തത് വലിയ നഷ്ടമാണ്. പ്രിയങ്കയുടെ വരവ് ഈ സഖ്യത്തെ എങ്ങിനെ ബാധിക്കുമെന്ന് കാത്തിരുന്നുകാണാം. മഹാരാഷ്ട്രയിലാകട്ടെ എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം രൂപപ്പെട്ടുവെങ്കിലും ചില കുരുക്കുകള്‍ ഇനിയും അഴിയാനുണ്ട്. പ്രകാശ് അംബേദ്കറുടെ ബാരിപ്പ ബഹുജന്‍ മഹാസംഘുമായി എന്‍.സി.പി നടത്തുന്ന സഖ്യനീക്കങ്ങളാണ് പ്രശ്നമാവുന്നത്. ബാരിപ്പ ബഹുജന്‍ മഹാസംഘിനോടൊപ്പെം ഉവൈസിയുടെ എം.ഐ.എമ്മും ഉണ്ട്. എം.ഐ.എമ്മിനെ കൂടാതെ സഖ്യമാകാം എന്നതാണ് കോണ്‍ഗ്രസ് നിലപാടെങ്കിലും എം.ഐ.എമ്മില്ലാതെ ആരുമായും സഖ്യത്തിനില്ല എന്ന പ്രകാശ് അംബേദ്കറുടെ വാദത്തില്‍ തട്ടിനില്‍ക്കുകയാണ് സഖ്യ ചര്‍ച്ചകള്‍. ഇവിടെ ഈ സഖ്യം രൂപപ്പെട്ടാല്‍ വലിയ മുന്നേറ്റം നടത്താന്‍ ആ സഖ്യത്തിനാകും.

പഞ്ചാബില്‍ താരതമ്യേനെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഹിന്ദി മേഖലയിലെ രാജസ്ഥാനിലും ഹരിയാനയിലും മധ്യപ്രദേശിലും ഹിമാചലിലും ഉത്തരഖണ്ഡിലും ജാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്-ബി.ജെ.പി നേര്‍ക്കുനേര്‍ മത്സരമാണെങ്കിലും നിര്‍ണായകമായ വോട്ടുള്ള പ്രാദേശിക പാര്‍ട്ടികള്‍ ഇവിടെയുണ്ട്. അവയുമായി ധാരണയിലെത്തിയാല്‍ സാധ്യത ഏറെ ഉയരും. ഗുജറാത്തിലും സ്ഥിതി സമാനമാണ്.

പശ്ചിമ ബംഗാളിലാകട്ടെ മമതുമായി വിശാല സഖ്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മമതക്ക് മറ്റാരുടേയും സഹായം വേണ്ട എന്ന നിലപാടാണുള്ളത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇടപെട്ട് മമതയെ അനുനയിപ്പിച്ചില്ലെങ്കില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് നിലവിലുള്ള നാല് സീറ്റുകള്‍ നിലനിര്‍ത്താന്‍ പോലും കഴിയില്ല. എന്നു മാത്രമല്ല, അഞ്ചിലധികം സീറ്റുകളില്‍ ബി.ജെ.പി സാധ്യത തെളിയുന്നുമുണ്ട്. സമാനമാണ് നോര്‍ത്ത് ഈസ്റ്റിലെ സ്ഥിതി. അസമില്‍ എ.യു.ഡി.എഫുമായി തന്ത്രപരമായ സഖ്യ നീക്കങ്ങള്‍ നടന്നില്ലെങ്കില്‍ വലിയ തിരിച്ചടിയാകും ലഭിക്കുക. നാഗാലാന്റ്, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ കയ്യിലെടുത്ത് മുന്നേറാനുള്ള ബി.ജെ.പി നീക്കത്തെ തടയിടാന്‍ അവിടങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വേണ്ടത്ര കഴിഞ്ഞിട്ടില്ല.

തെക്കേ ഇന്ത്യയിലാണ് താരതമ്യേന സുരക്ഷിത സ്ഥിതിയുള്ളത്. എങ്കിലും ആന്ധ്രയിലും തെലങ്കാനയിലും പ്രാദേശിക പാര്‍ട്ടികളോട് മത്സരിച്ച് തോല്‍ക്കാനായിരിക്കും കോണ്‍ഗ്രസ്സിന് വിധി. കര്‍ണാടകയില്‍ ഇപ്പോള്‍ ഭരണത്തിലുള്ള ജനതാദള്‍ സഖ്യം തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ വലിയ സാധ്യതകളുണ്ട്. പക്ഷേ, കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍ ഏറെ സംയമനം പാലിക്കേണ്ടി വരും. യു.പി.എ ഘടക കക്ഷിയായ ഡി.എം.കെയുമായി നിലവിലുള്ള സഹകരണം തമിഴ്നാട്ടില്‍ നിന്നും ഏതാനും സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിക്കും. സീറ്റ് വിഭജനത്തില്‍ എത്ര സീറ്റ് വിട്ടുകിട്ടും എന്നത് പ്രധാനമാണ്. കേരളത്തില്‍ മുന്നണി ഘടകകക്ഷികളായ ലീഗും കേരള കോണ്‍ഗ്രസും എല്ലാ തവണയുമുള്ള രീതിതന്നെ തുടര്‍ന്നാല്‍ കേരളവും വലിയ പ്രശ്നങ്ങളില്ലാതെ കടക്കാം. ഓര്‍ക്കേണ്ട ഒരു കാര്യം, 16ാം ലോക്സഭയില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ അംഗങ്ങളെ സംഭാവന ചെയ്തത് കേരളത്തില്‍ നിന്നാണ് എന്നതാണ്. ഒഡീഷയില്‍ ബി.ജെ.പി വലിയ ശ്രദ്ധകൊടുക്കുന്നത് മുന്നില്‍ കണ്ട് നവീന്‍ പട്നായികുമായി ധാരണയെത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് വീണ്ടും വട്ടപൂജ്യമാവും എന്നു മാത്രമല്ല ബി.ജെ.പിക്ക് ഏതാനും പേരെ വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞേക്കും. ഗോവയിലെ രണ്ട് സീറ്റും നേടിയെടുക്കണമെങ്കില്‍ പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തണം.

നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ മെരുക്കിയെടുത്ത് പരമാവധി വിട്ടുവീഴ്ച ചെയ്തും ചെറുകക്ഷികളെ അംഗീകരിച്ചും വിശാല സഖ്യം രൂപവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസ്സ്
നേതൃത്വത്തിന് മുന്നിലുള്ള വഴി. പക്ഷേ, തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിട്ടും അത്തരമൊരു സഖ്യം രൂപവല്‍കരിക്കാനായിട്ടില്ല. നിലവിലുള്ള അവസ്ഥയില്‍ കോണ്‍ഗ്രസിന് 150 സീറ്റിലെക്കെത്തുക എന്നതു പോലും വലിയ പ്രയാസമാണ്. കോണ്‍ഗ്രസ്സ് ഇതര പ്രാദേശിക മതേതര പാര്‍ട്ടികളെല്ലാം കൂടി 150 സീറ്റെങ്കിലും കരസ്ഥമാക്കാനിടയുണ്ട്. 272 എന്ന മാജിക് സംഖ്യയിലേക്ക് കോണ്‍ഗ്രസിന് എത്ര സംഭാവന ചെയ്യാനാവും എന്നതാണ് വലിയ ചോദ്യം

ഇല്ലാതാകുന്ന ഇടതുപക്ഷം
ഇന്ത്യയില്‍ പ്രതിപക്ഷ ഐക്യം ഉണ്ടായ എല്ലാ തെരഞ്ഞെടുപ്പുകളിലും പ്രാദേശിക രാഷ്ട്രീയ കക്ഷികളെ അണിനിരത്തി ജനകീയ സഖ്യം കെട്ടിപ്പടുക്കുന്നതില്‍ അതി നിര്‍ണായക പ ങ്ക് വഹിച്ചതും മേല്‍കൈ നേടിയതും സി.പി.എമ്മായിരുന്നു. 1989ലും 1996ലും 2004ലുമെല്ലാം പ്രതിപക്ഷ സഖ്യങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിലേക്കെത്തിക്കാനും നിര്‍ണ്ണായകമായ വിജയം കൈവരിക്കാനും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആകെ ചര്‍ച്ച ചെയ്യപ്പെടുന്നത് കേരളത്തില്‍ മാത്രമാണ്. ദേശീയതലത്തിലെ ഇടതുപക്ഷത്തെ ഘടകകക്ഷിയായ ആര്‍.എസ്.പി കേരളത്തില്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല എന്ന സി.പി.എം നിലപാട് രാജ്യത്തെ വിശാല സഖ്യത്തിന് വരുത്തുന്ന പരുക്കിനേക്കാള്‍ അത് തങ്ങളെത്തന്നെയാണ് ദോഷകരമായി ബാധിക്കുക എന്ന് തിരിച്ചറിയാത്തതായി രാജ്യത്തുള്ളത് സി.പി.എം നേതൃത്വം മാത്രമായിരിക്കും.

അവരുടെ നെടുങ്കോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ നിലവിലുള്ള രണ്ട് സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ സി.പിഎമ്മിനാവില്ല. ത്രിപുരയിലാകട്ടെ രണ്ട് സീറ്റും നഷ്ടപ്പെടും. കേരള ജനത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊതുവേ കോണ്‍ഗ്രസ്സിനോട് ചാഞ്ഞ സമീപനമാണ് പുലര്‍ത്താറുള്ളത്. 2004ലാണ് അതിന് വിപരീതമായി കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ഇടതുപക്ഷത്തിന് 18 സീറ്റ് നേടിക്കൊടുത്തത്. അന്നാകട്ടെ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസുമായി അടവ് നയത്തില്‍ സഖ്യമുണ്ടായിരുന്നു. തമിഴ്നാട്ടിലും പഞ്ചാബിലുമൊക്കെ അത് പരസ്യ സഖ്യവുമായിരുന്നു. ഇക്കുറി അത്തരമൊരു സമീപനം പോയിട്ട് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള സാഹചര്യത്തിലെങ്കിലും കോണ്‍ഗ്രസിന് സി.പി.എം പിന്തുണ നല്‍കുമോ എന്നുറപ്പില്ല. ഇത് കേരളത്തില്‍ ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നല്‍കാനുള്ള കാരണമാകും. കേരളത്തിലെ യു.ഡി.എഫിന്റെ ദൗര്‍ബല്യങ്ങള്‍ കൊണ്ട് മാത്രം ലഭിക്കുന്ന സീറ്റുകളിലാണ് സി.പി.എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും പ്രതീക്ഷ.

കേരളത്തിന് പുറത്ത് സി.പി.എമ്മിന് സീറ്റ് ലഭിക്കാനിടയുള്ള സാഹചര്യങ്ങളൊന്നും നിലവിലില്ല. ഇടതുപക്ഷത്തെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐക്കാകട്ടെ കോണ്‍ഗ്രസുമായി ഏതെങ്കിലും തരത്തില്‍ ധാരണയാകാനിടയുണ്ടായാല്‍ അതുവഴി രണ്ടോ മൂന്നോ സീറ്റ് കേരളത്തിന് പുറത്ത് ലഭിച്ചേക്കും. ബീഹാറില്‍ വിശാല സഖ്യത്തിന്റെ പിന്തുണ ലഭിച്ചാല്‍ കനയ്യകുമാര്‍ മത്സരിക്കുന്ന ബേഗുസാറായില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്. പഞ്ചാബിലും കോണ്‍ഗ്രസ് ധാരണയുണ്ടെങ്കില്‍ മാത്രം അവര്‍ക്ക് ചില സാധ്യതകളുണ്ട്. അത്തരം സാധ്യതകള്‍ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിലാണ് പാര്‍ലമെന്റിലെ അവരുടെ സാന്നിധ്യവും ബന്ധപ്പെട്ടിരിക്കുന്നത്.

ഏതായാലും ദേശീയ കക്ഷി എന്ന നിലയിലെ തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുന്ന എണ്ണം സീറ്റുകള്‍ ലഭിക്കാതെ, പാര്‍ലമെന്റില്‍ ഏതാണ്ട് അപ്രസക്തമായ സ്ഥിതിയില്‍ തന്നെയാകും ഇക്കുറിയും സി.പി.എമ്മുണ്ടാവുക. ആര്‍.എസ്.പിക്കാകട്ടെ ഇന്ത്യയില്‍ തങ്ങളുടെ ഏക സീറ്റ് നിലനിര്‍ത്തണമെങ്കില്‍ സി.പി.എമ്മിനെ തോല്‍പിക്കേണ്ടി വരും. വിചിത്രമായ കാര്യം, ഇന്ത്യയില്‍ ഒരു ഇടതുപക്ഷ പാര്‍ട്ടിക്ക് ലഭിക്കുമെന്ന് ഇപ്പോള്‍ പറയാവുന്ന ഏക സീറ്റ് കേരളത്തിലെ കൊല്ലം മാത്രമാണ്. ഇടതുപക്ഷത്തെ മറ്റ് പാര്‍ട്ടികളായ ഫോര്‍വേര്‍ഡ് ബ്ലോക്കിനോ എസ്.യു.സി.ഐക്കോ ആര്‍.എം.പി.ഐക്കോ രാജ്യത്തെങ്ങും സീറ്റൊന്നും ലഭിക്കില്ല.

രാജ്യത്ത് മതേതര ബദല്‍ ഉയര്‍ത്തി സംഘ്പരിവാറിനെ പരാജയപ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള നിരവധി ചെറുപാര്‍ട്ടികള്‍ വിധി നിര്‍ണായക ശക്തികളായി വിവിധ സംസ്ഥാനങ്ങളിലുണ്ട്. അത്തരം പാര്‍ട്ടികളേയും ഗ്രൂപ്പുകളേയും അവരവരുടെ സ്വാഭിമാനത്തെ പരിഗണിച്ച് കൂടെ നിര്‍ത്തുക എന്ന വലിയ ബാധ്യത കോണ്‍ഗ്രസ് അടക്കമുള്ള മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. അതിലെത്രത്തോളം അവര്‍ വിജയിക്കുന്നു എന്നതിലാണ് രാജ്യത്തിന്റെ ഭാവി.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757