Opinion

സി.പി.എമ്മിന്റെ മലപ്പുറംപെരുമ സംഘ്പരിവാറിനോടുള്ള സവര്‍ണ ഒരുമ – സുഫീറ എരമംഗലം

 

ആലപ്പാട് നടക്കുന്ന കരിമണല്‍ ഖനനവിരുദ്ധ സമരത്തെ വിമര്‍ശിക്കുവാന്‍ വ്യവസായമന്ത്രി ഇ.പി ജയരാജന്‍ ഉപയോഗിച്ചത് ഫാഷിസത്തിന്റെ ടൂള്‍ തന്നെയാണ്. നാഴികക്ക് നാല്‍പതുവട്ടം ന്യൂനപക്ഷ സംരക്ഷണ വായ്ത്താരി മുഴക്കുന്ന സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ടവരില്‍ നിന്നുതന്നെ മുസ്‌ലിം ന്യൂനപക്ഷത്തെ അപരവല്‍കരിക്കുന്ന പ്രസ്താവനകളുണ്ടാവുന്നത് അവരെ സംബന്ധിച്ച് ആശയക്കുഴപ്പങ്ങള്‍ അങ്കുരിപ്പിക്കുന്നതാണ്.

ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തുനിന്നെത്തിയവരാണ്, അവര്‍ രാത്രികാലങ്ങളില്‍ വന്ന് കരിമണല്‍ കടത്തിക്കൊണ്ടുപോകുന്ന കവര്‍ച്ചക്കാരാണ് എന്നെല്ലാം ആരോപിച്ചു. ശേഷം ഏതെങ്കിലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവിക്കുന്നതാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ബാലിശമായ മറുപടിയാണ് മന്ത്രി നല്‍കിയത്. അതേക്കുറിച്ച് തനിക്കെന്നല്ല മറ്റെല്ലാവര്‍ക്കും വ്യക്തമായ ധാരണയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത് (മുന്‍വിധിയുടെ തീര്‍പ്പ്). കൂടാതെ കടലില്ലാത്ത മലപ്പുറത്തുകാര്‍ കടലിന്റെ വിഷയം ചര്‍ച്ച ചെയ്യുന്നതിനെയും മന്ത്രി പരിഹസിച്ചു. ഇനിമുതല്‍ മലയുള്ളവര്‍ മാത്രം മലയെക്കുറിച്ച് ചിന്തിക്കുകയും കടലുള്ളവര്‍ കടലോളം ചിന്തിക്കുകയും ചെയ്യാം. ഒരു പ്രദേശനാമം അധിക്ഷേപ പദമാക്കുക എന്ന ഫാഷിസ്റ്റ് ബോധനിര്‍മിതിയുടെ സഫലസ്വരമാണത്. മണ്ണില്ലാത്തവന്റെ കണ്ണീര്‍ പാപമായിരിക്കാം. പ്രാണനുള്ളിടത്തോളം പ്രാണന്റെ നിലനില്‍പിനായുള്ള അതിജീവന സമരങ്ങള്‍ അധികാരത്തിന്റെ ശിലാഹൃദയങ്ങളില്‍ വിവേചനത്തിന്റെ അചേതനങ്ങളായ ചോദ്യങ്ങളേയാണ് ഉയര്‍ത്തുന്നത്. മനുഷ്യന്റെ വിമോചന സ്വപ്നങ്ങള്‍ക്കും ജനാധിപത്യ സമരങ്ങള്‍ക്കും എന്നുമുതലാണ് സി.പി.എം അതിരിട്ടു തുടങ്ങിയത്. എന്നായാലും ആ അതിരുകള്‍ ഫാഷിസത്തിന്റെ മുള്ളുവേലികളാണെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു. നിങ്ങള്‍ നോവിക്കുന്നത് ഭരണകൂട മുന്‍വിധികളാല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഒരു ദേശത്തെയും ദേശവാസികളെയുമാണ്. ജനകീയസമരങ്ങളെ അപലപിക്കാനും അടിച്ചമര്‍ത്താനും സി.പി.എം സ്വീകരിക്കുന്ന രീതി അവരുന്നയിക്കുന്ന വര്‍ഗീയവിരുദ്ധ രാഷ്ട്രീയത്തിന്റെ നേര്‍വിപരീതമാണ്.

ഇതാദ്യമായല്ല മലപ്പുറം ജില്ലക്കെതിരെ സി.പി.എം തങ്ങളുടെ അസഹിഷ്ണുത വെളിവാക്കുന്നത്. വി.എസ് അച്യുതാനന്ദന്‍ 2005 ഏപ്രിലില്‍ നടത്തിയ കോപ്പിയടി പ്രസ്താവന വിവാദമായതാണ്. മലപ്പുറത്തെ കുട്ടികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നത് കോപ്പിയടിച്ചാണെന്നാണ് അന്ന് വി.എസ് പറഞ്ഞത്. 2017ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലെ ലീഗിന്റെ വിജയത്തെ വര്‍ഗീയ വോട്ടുകളുടെ വിജയം എന്നാണ് ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. മലപ്പുറത്തിന്റെ ഉള്ളടക്കംതന്നെ വര്‍ഗീയമാണ് എന്ന പരാമര്‍ശമാണ് അദ്ദേഹം അന്ന് നടത്തിയത്. ദേശീയപാത സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇരകളുടെ സമരത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വിമര്‍ശിച്ചതും തീവ്രവാദികളുടെ വിധ്വംസക പ്രവര്‍ത്തനമെന്നാണ്. ഗെയില്‍ പൈപ്പ് ലൈനെതിരായ സമരത്തെ മലപ്പുറം തീവ്രവാദികളുടെ സമരമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അവഹേളിക്കുകയുണ്ടായി. ബി.ജെ.പി നേതാക്കളുടെ വിഷവ്യാജങ്ങളെ ആവര്‍ത്തിക്കുന്നത് സവര്‍ണബോധങ്ങളാല്‍ ക്രമീകരിക്കപ്പെട്ട മനോഘടനയില്‍ നിന്നുകൊണ്ടാണ്. ഇത് അധീശചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്.

ന്യൂനപക്ഷത്തോടുള്ള ഈ ഇരട്ട സമീപനവും സന്ദേഹവും ഇടതുപക്ഷത്തിന്റെ ആന്തരിക ദുര്‍ബലതയില്‍ നിന്നുളവാകുന്നതാണ്. ഫാഷിസത്തെ എതിരിടുന്നവര്‍ ഫാഷിസ്റ്റ് ചായം തങ്ങളിലേക്ക് ചിതറിത്തെറിക്കുകയും പടരുകയും ചെയ്യുന്നതിനെ ഗൗരവതരമായിക്കാണുന്നില്ല. ഹിന്ദുത്വ ഫാഷിസത്തെ അഭിസംബോധന ചെയ്യുന്ന സമാനയുക്തികൊണ്ടുതന്നെ പ്രതിശബ്ദങ്ങളെയൊന്നടങ്കം അളക്കുന്ന ജനാധിപത്യ വിരുദ്ധമായ വിശകലന രീതിയാണവര്‍ സ്വീകരിക്കുന്നത്.

ഇത് പഴുത് നല്‍കുന്നത് ഭൂരിപക്ഷ വര്‍ഗീയ രാഷ്ട്രീയത്തിനാണ്. പരമ്പരാഗതമായ ചാപ്പകുത്തലുകള്‍ക്ക് പുറമെ, മതചിഹ്നങ്ങളേയും സംസ്‌കാരത്തിലൂന്നിയ ജീവിതത്തേയും അപരപ്പെടുത്തുകയും പീഢാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് വര്‍ത്തമാനങ്ങള്‍ ഇന്ന് ചൈനയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഉയിഗൂര്‍ മുസ്‌ലിംകളുടെ ജീവിതത്തെ നരകീയമാക്കുകയാണ് കമ്യൂണിസ്റ്റ് ഭരണകൂടം അവിടെ. അവരുടെ മതചിഹ്നങ്ങളേയും സാംസ്‌കാരിക അടയാളങ്ങളേയും തുടച്ചുനീക്കുന്നതോടൊപ്പം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വംശീയ ഉന്‍മൂലനങ്ങള്‍ക്കുമാണ് ഉയ്ഗൂര്‍ വംശജര്‍ വിധേയമായിക്കൊണ്ടിരിക്കുന്നത്. വിരല്‍ത്തുമ്പില്‍ പ്രദേശ ദൂരങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ സൈബര്‍കാലത്ത് മലപ്പുറത്തെ പ്രസ്താവനകളും ഉയ്ഗൂര്‍ വാര്‍ത്തകളും പ്രത്യയശാസ്ത്ര സൂചികകളാല്‍ താരതമ്യം ചെയ്യുന്നതില്‍ അസാംഗത്യമൊന്നുമില്ല. അപരവല്‍കരണം, ഫാഷിസം, മതം, ദേശം എന്നിവ സംഗമിക്കുന്നത് നമുക്കിവിടെ കാണാം.

മതവിരുദ്ധതയില്‍ അടരുകളില്ലാതാവുകയും ചരിത്രത്തിലും വര്‍ത്തമാനത്തിലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തെ മര്‍ദ്ദക വിഭാഗവുമായി സമീകരിക്കുകയും ചെയ്യുന്നതാണ് ഇടത് പ്രത്യശാസ്ത്രത്തിന്റെ അശാസ്ത്രീയത. ഹിന്ദുത്വത്തെ മതം എന്ന തലത്തിലല്ല, മതത്തെ ദുരുപയോഗിക്കുന്ന വര്‍ഗീയ രാഷ്ട്രീയമായാണ് വായിക്കപ്പെടേണ്ടത്. ജനകീയ സമരങ്ങള്‍ നയിക്കുന്നവര്‍ മതഭൂഷകളുടെ പേരില്‍ ചാപ്പകുത്തപ്പെടുന്നത് ജനാധിപത്യ വിരുദ്ധതയല്ലാതെ മറ്റെന്താണ്? മതേതര ഫാഷിസത്തിന്റെ മനുഷ്യാവകാശ ലംഘനത്തിലൂന്നിയ അപായപ്പെടുത്തലുകളെ നവരാഷ്ട്രീയത്തിന്റെ ചലനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും. മതഫാഷിസവും മതേതര ഫാഷിസവും വളഞ്ഞിട്ട് തല്ലുന്ന ഇരകള്‍ ആ വളവില്‍ സംഗമിക്കുന്നവരെ തിരിച്ചറിയുന്നുണ്ട്.

അധിനിവേശ വിരുദ്ധ പോരാട്ടം
പെരുമ്പടപ്പ്, നെടിയിരുപ്പ്, വള്ളുവനാട്, വെട്ടത്ത് നാട്, പരപ്പനാട് എന്നീ സ്വരൂപങ്ങള്‍ മുന്‍പ് മലപ്പുറം ജില്ലയില്‍ നിലനിന്ന നാട്ടുരാജ്യങ്ങളാണ്. ബ്രഹ്മസ്വം, ദേവസ്വം എന്നീ വരേണ്യാധികാരങ്ങള്‍ക്കായിരുന്നു മുഴുവന്‍ ഭൂമിയുടേയും ഉടമാവകാശം. ടിപ്പുവിന്റെ ഭരണകാലത്ത് ഭൂവുടമകളായ ജന്‍മിമാര്‍ നിശ്ചിത വിഹിതം നികുതി നല്‍കണമെന്ന് ഉത്തരവിറക്കി. അല്ലാത്തവരുടെ ഭൂമി കണ്ടുകെട്ടി. ഈ സന്ദര്‍ഭത്തിലാണ് തിരുവിതാംകൂറിലേക്ക് ബ്രാഹ്മണ പലായനമുണ്ടായത്. മൂന്നാം മൈസൂര്‍ യുദ്ധാനന്തരമുണ്ടായ ശ്രീരംഗപട്ടണം ഉടമ്പടിയോടെ മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനതയിലായി. തിരുവിതാംകൂറില്‍ നിന്ന് ബ്രാഹ്മണരെ തിരികെ കൊണ്ടുവന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയെടുത്ത കുടിയാന്‍മാരായ മുസ്‌ലിംകളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഭൂമി പിടിച്ചെടുത്ത് ബ്രാഹ്മണ ജന്മിമാര്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത് വന്‍പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. 150 വര്‍ഷത്തോളം നീണ്ടുനിന്ന അധിനിവേശ വിരുദ്ധ പോരാട്ടത്തിലേക്കാണ് ഇത് വഴിതുറന്നത്. വൈദേശികാധിപത്യങ്ങള്‍ക്കെതിരെ ദീര്‍ഘകാലം നിലകൊണ്ടതിന്റെ ഫലമായി സാമ്പത്തികമായും സാമൂഹികമായും പിന്‍തള്ളപ്പെട്ട ഒരു ജനത അവരുടെ സ്വത്വത്തിലുള്‍ച്ചേര്‍ന്ന പ്രതിരോധ ഉള്ളടക്കത്തിന്റെ പേരിലാണ് നിരന്തരമായ മാറ്റിനിര്‍ത്തപ്പെടലുകര്‍ക്ക് ശരവ്യമായിത്തീരുന്നത്. ഈ മാറ്റിപ്രതിഷ്ഠ സമൂഹബോധ നിര്‍മിതിയുടെ മിക്ക തലങ്ങളിലുമുണ്ട്.


മലപ്പുറം രൂപീകരണത്തിന്റെ ചരിത്ര പാശ്ചാത്തലം
ബ്രിട്ടീഷ്‌കാലം മുതല്‍ക്ക് തന്നെ അധികാരികളുടെ കണ്ണിലെ കരടായിരുന്നു മലപ്പുറം. വിദേശ മേല്‍ക്കോയ്മക്കെതിരെ സന്ധിയില്ലാസമരം നടത്തിയ മലബാര്‍ മുസ്‌ലിംകളെ കണ്ടാല്‍ വെടിയുതിര്‍ക്കാന്‍ കല്‍പിക്കുന്ന മാപ്പിള ഔട്‌റേജസ് ആക്റ്റ് വരെ നിലനിന്ന ചരിത്രമാണുള്ളത്. സവര്‍ണ മാടമ്പിമാരും വെള്ളക്കാരനും തോളോടുതോള്‍ ചേര്‍ന്ന ഘട്ടത്തില്‍ നാടിന്റെ സ്വാതന്ത്ര്യത്തിനായി സധൈര്യം നിലകൊണ്ടവര്‍ ഭൗതികമായ പിന്നാക്കാവസ്ഥയിലായത് സ്വാഭാവികമാണ്. ഇതിനെ മറികടക്കുവാന്‍ ഒരു റവന്യൂ ജില്ലയുടെ അനിവാര്യത ബോധ്യപ്പെടുത്തിയത് അന്നത്തെ മുസ്‌ലിം ലീഗ് ആണ്. ഇ.എം.എസ് സര്‍ക്കാരിന് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടിവന്ന ജില്ലാ രൂപീകരണത്തെ സംബന്ധിച്ച ഇടത് സര്‍ക്കാരിന്റെ ചഞ്ചല സമീപനം ചരിത്രകാരനായ എം.സി വടകര തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

‘1967 ല്‍ സപ്തകക്ഷി മന്ത്രിസഭയുടെ മിനിമം പരിപാടിയില്‍ മലപ്പുറം ജില്ലാ രൂപീകരണം ഉള്‍പെടുത്തണമെന്ന് ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ഇ.എം.എസ് താനും മലപ്പുറം ജില്ലക്കാരനാണെന്ന് പറഞ്ഞു. മിനിമം പരിപാടിയില്‍ ഈ വിഷയം എഴുതേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ അത് അനുവദിച്ചുതരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, പിന്നീട് വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായപ്പോള്‍ ഇ.എം.എസ് അല്‍പം മടിച്ചുനിന്നു. റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയും കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഇതുസംബന്ധിച്ച് ഇ.എം.എസും ബാഫഖി തങ്ങളും തമ്മില്‍ വാഗ്വാദം നടന്നതായി ആര്‍. പ്രസന്നന്‍ ‘നിയമസഭയില്‍ നിശബ്ദനായി’ എന്ന തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മലപ്പുറം ജില്ല അനുവദിക്കാമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഒരുവേള ഇ.എം.എസ് പറഞ്ഞപ്പോള്‍ ജുബ്ബയുടെ കീശയില്‍നിന്ന് ബാഫഖി തങ്ങള്‍ ടേപ്പ്‌റെക്കോര്‍ഡര്‍ പുറത്തെടുത്തു. ബെല്‍ജിയം നിര്‍മിതമായ ആ ടേപ്പ് റെക്കോര്‍ഡറില്‍ ഇ.എം.എസിന്റെ വാഗ്ദാനം ബാഫഖി തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒടുവില്‍ സപ്തകക്ഷി മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചു’.

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലിയിലൂടെയാണ് മലപ്പുറം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണാരംഭത്തില്‍ ബോംബെ പ്രൊവിന്‍സിന്റെ ഭാഗമായിരുന്ന മലപ്പുറം പിന്നീട് മദ്രാസ് പ്രസിഡന്‍സിയിലെ മലബാറിന്റെ ഭാഗമായി. പ്രമുഖ ജില്ലയായിരുന്ന മലബാര്‍ കേരളപ്പിറവിക്കുശേഷം പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ മൂന്നുജില്ലകളായി വിഭജിക്കപ്പെട്ടു. കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂര്‍ താലൂക്കുകളും പാലക്കാട് ജില്ലയിലെ പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് 1969 ജൂലൈ 16ന് മലപ്പുറം ജില്ല രൂപീകരിച്ചത്. ജില്ലാ രൂപീകരണത്തിന്റെ ആലോചനാഘട്ടം മുതല്‍ക്കുതന്നെ നിരവധി പ്രതിഷേധ സ്വരങ്ങള്‍ ഉടലെടുത്തുകൊണ്ടിരുന്നു. കേരളഗാന്ധി എന്നറിയപ്പെട്ട കെ. കേളപ്പന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ജില്ലയുടെ രൂപവത്കരണത്തോട് സമരം പ്രഖ്യാപിച്ചു. നിയുക്ത ജില്ലയിലുടനീളം കോഴിക്കോട് കളക്ടറേറ്റുവരേയും മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭറാലി നടത്തപ്പെട്ടു. കോണ്‍ഗ്രസ് യുവനേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് അന്ന് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ റാലി നടത്തപ്പെട്ടത്.

അപരവത്കരണം
ഒരു പ്രത്യേക ജനവിഭാഗം ഭൂരിപക്ഷമായി നിലകൊള്ളുന്നു എന്ന കാരണത്താലാണ് മലപ്പുറം അന്നുതല്‍ ഇന്നുവരെ നിരന്തരമായി അപരവല്‍കരിക്കപ്പെടുന്നത് എന്നത് പകല്‍പോലെ തെളിഞ്ഞുകിടക്കുന്നതാണ്. രാഷ്ട്രീയ ബോധ്യങ്ങളിലുള്‍ച്ചേര്‍ന്ന് കിടക്കുന്ന വംശീയ മുന്‍വിധികളാലാണ് ഒരു പ്രദേശം നിരന്തരം മാറ്റിനിര്‍ത്തലുകള്‍ക്ക് ഇരയാകുന്നത്. കുട്ടിപ്പാക്കിസ്ഥാന്‍ എന്ന അപരനാമം മലപ്പുറത്തിന് നല്‍കിയത് വര്‍ഗീയതയുടെ പേരില്‍ വിമര്‍ശന മേല്‍വിലാസമുള്ള കെ. കേളപ്പനാണ്. മലപ്പുറത്തെ ഏതു കടകളിലും ഒന്നാന്തരം ബോംബുകള്‍ കിട്ടുമെന്ന പരാമര്‍ശം മോഹന്‍ലാല്‍ സിനിമയിലുണ്ട്. ഇതിഹാസ സിനിമകളുടെ ഭാഷാന്തരത്തിലും ദുഷ്ട കഥാപാത്രങ്ങള്‍ മലപ്പുറം ചുവയില്‍ സംസാരിക്കുന്നവരായാണ് ചിത്രീകരിച്ചിട്ടുള്ളത്. ഉന്നതകുലജാതരെ മഹത്വവല്‍കരിക്കുന്ന സിനിമകള്‍ അധമവല്‍കരിക്കുന്നത് ന്യൂനപക്ഷ, കീഴാള വിഭാഗങ്ങളെയാണ്.

രാഷ്ട്രീയ ബോധ്യങ്ങളിലുള്‍ച്ചേര്‍ന്നുകിടക്കുന്ന വംശീയ മുന്‍വിധികളാലാണ് ഒരു ദേശം നിരന്തരമായി ദേശദ്രോഹ വിചാരണക്ക് കാത്തുനില്‍ക്കേണ്ടിവരുന്നത്. മതസ്വത്വത്തിന്റെ പേരില്‍ സാമൂഹികമായും രാഷ്ട്രീയമായും അപഹസിക്കപ്പെടുന്നതിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ ഹൈന്ദവ ഫാഷിസത്തിന്റെ അടിയൊഴുക്കുകളെ കണ്ടെത്താം. പാക്കിസ്ഥാന്‍ എന്ന അപരത്തെ നിലനിര്‍ത്തിയാണ് ഇന്ത്യന്‍ ഫാഷിസം അതിന്റെ പാത സുഗമമാക്കിയത്. അന്യാധീനഭീതിയും സ്വാധീനഭീതിയുമാണ് പ്രദേശങ്ങളെ പ്രശ്‌നവല്‍കരിക്കുവാന്‍ ഫാഷിസം എന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദിനെ രാമജന്മഭൂമി എന്ന അന്യാധീന ഭീതിയുയര്‍ത്തി ഇല്ലാതാക്കിയെങ്കില്‍ കശ്മീരിനേയും മലപ്പുറത്തേയും പോലുള്ളവയെ മുസ്‌ലിംസ്വാധീന ഭീതിയുയര്‍ത്തി അന്യവല്‍കരിക്കുന്നു. ദേശീയ സങ്കല്‍പത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ സങ്കല്‍പമാണ് ന്യൂനപക്ഷങ്ങളുടെ കേന്ദ്രീകൃത പ്രതലത്തെപ്പോലും സംശയത്തോടെ സമീപിക്കുന്നതിന് നിമിത്തമായിട്ടുള്ളത്. സാംസ്‌കാരിക ബഹുത്വത്തിന്റെ നാട്ടില്‍ മതപരമായ പ്രാദേശിക വികേന്ദ്രീകരണങ്ങള്‍ സംഭവിച്ചതിനുപിന്നില്‍ മതസങ്കുചിതത്വമല്ല; ചരിത്രപരവും സാംസ്‌കാരികവുമായ ആദാന-പ്രദാനങ്ങളാണ്. അവ അടയാളപ്പെടുത്തുന്നത് പ്രതിരോധത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തെയാണ്.


വികസന വിവേചനം
ഭരണകൂടത്തിന്റെ വന്‍പിഴയായി ഈ ജില്ലയെ സംഘ്പരിവാര്‍ ആഘോഷിക്കുമ്പോഴും വികസനമുരടിപ്പിന്റെ വാര്‍ത്തകള്‍ അവഗണനയുടെ നേര്‍ചിത്രത്തേയാണ് വരച്ചുകാട്ടുന്നത്. 3000 ചതുരശ്ര കി.മീ വിസ്തീര്‍ണമുള്ള മലപ്പുറം ജില്ല വലിപ്പത്തില്‍ മൂന്നാം സ്ഥാനത്തും ജനസംഖ്യയില്‍ ഒന്നാമതുമാണ്. വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളും ഉപരിപഠന-ഗവേഷണ സ്ഥാപനങ്ങളും ഭരണ നിര്‍വഹണ കാര്യാലയങ്ങളും അവയിലെ തൊഴില്‍ പങ്കാളിത്തനിരക്കും, അടിസ്ഥാനസൗകര്യങ്ങളും മറ്റു ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യാനുപാതികമായി തുലോം തുഛമാണ്. സുവര്‍ണ ജൂബിലിയാഘോഷിക്കേണ്ട വേളയിലും സന്തുലിത വികസനം ചര്‍ച്ചയാകാതെ തീവ്രവാദപട്ടം പതിച്ചുകിട്ടുന്ന ജഢാവസ്ഥയിലാണ് ജില്ലയുള്ളത്.
സംഘ്പരിവാറിന്റെ വിശേഷണങ്ങള്‍
ബി.ജെ.പി നേതാക്കളുടെ മലപ്പുറം സുവിശേഷങ്ങള്‍കൂടി പറയാതിരിക്കുക വയ്യ. ബി.ജെ.പി ദേശീയ നേതാവായ സുബ്രഹ്മണ്യം സ്വാമി മുസ്‌ലിംകളല്ലാത്തവര്‍ക്ക് മലപ്പുറത്ത് ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാവുകയില്ല എന്നു പറഞ്ഞത് 2017ലാണ്. മലപ്പുറത്തുകാരിയായ നിരുപമറാവു ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. കശ്മീരിലെ ഹിന്ദുക്കളെപ്പോലെയാണ് മലപ്പുറവും എന്നും സ്വാമി ട്വീറ്റ് ചെയ്യുകയുണ്ടായി. പ്രശ്‌നകലുഷിത മേഖലയായതിനാല്‍ മലപ്പുറം ജില്ലയില്‍ സൈനിക ഭരണം ഏര്‍പ്പെടുത്തണമെന്ന ഗമണ്ടന്‍ വാദവുമായി സ്വാമി വീണ്ടും വരികയുണ്ടായി. 2015ല്‍ വെള്ളാപ്പള്ളി നടേശന്‍ കേരളത്തിലുടനീളം നടത്തിയ സമത്വമുന്നേറ്റ യാത്രയിലെ മുഖ്യ പ്രചരണം മലപ്പുറം വര്‍ഗീയ രാജ്യമായി എന്നതായിരുന്നു. ബി.ജെ.പി ബുദ്ധിജീവി നേതാവ് എന്‍. ഗോപാലകൃഷ്ണന്‍ മലപ്പുറത്തെ സ്ത്രീകളുടെ മാതൃധര്‍മത്തെ അപഹസിച്ചത് ഓരോ മലപ്പുറത്തുകാരിയുടേയും സ്‌ത്രൈണതയെ വ്രണപ്പെടുത്തുന്നതായിരുന്നു. മലപ്പുറത്തെ പെണ്ണുങ്ങള്‍ പന്നികളെപ്പോലെ കുട്ടികളെ പ്രസവിച്ചുകൂട്ടുന്നു എന്നായിരുന്നു ആ വിഷവാചകം. തീവ്രവാദ കേന്ദ്രമായിട്ടാണ് ബി.ജെ.പി ദേശീയതലത്തിലും മലപ്പുറത്തെ പ്രതിഫലിപ്പിക്കുന്നത്.

എന്നാല്‍, ബി.ജെ.പിയുടെ ചുവടൊപ്പിച്ച് സി.പി.എം ആടിക്കൊണ്ടിരിക്കുന്നത് അവരുടെ ന്യൂനപക്ഷ വിരുദ്ധതയെ നഗ്‌നപ്പെടുത്തുവാന്‍ ഉപകരിക്കും. അതോടൊപ്പം ഭൂരിപക്ഷ വിഭാഗങ്ങളുടെ പിന്തുണയര്‍ഹിക്കും എന്നത് മലപ്പുറത്തെ സംബന്ധിച്ചിടത്തോളമെങ്കിലും മൗഢ്യമാണ്. മലപ്പുറത്തിന് പുറത്തുള്ളവര്‍ വിവിധാവശ്യങ്ങള്‍ക്കായി നിരവധികാലം മുന്‍പ് മുതല്‍ക്കേ അവിടേക്ക് യാത്രതിരിച്ചവരാണ്. മലപ്പുറം ജില്ലയെക്കുറിച്ച അപസ്വരങ്ങള്‍ക്ക് വിപരീതമായി അവിടത്തെ ഊഷ്മളവും സൗഹാര്‍ദപൂര്‍ണവുമായ സാമൂഹിക അന്തരീക്ഷത്തില്‍ ആകൃഷ്ടരായി അവിടം സ്ഥിരതാമസമാക്കിയവരായി ഒരുപാടുപേരെ കാണാം. ഭൂരിപക്ഷ ജനസംഖ്യയായി പ്രത്യേക വിഭാഗങ്ങളുള്ള മറ്റു ജില്ലകളും നിലനില്‍ക്കുന്ന നാട്ടില്‍ മലപ്പുറത്തെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിനെ ഇസ്‌ലാമോഫോബിക് ആയ കാലഘട്ടത്തില്‍ നിന്നുകൊണ്ടുകൂടിയാണ് വായിക്കേണ്ടത്. ആഗോളതലത്തില്‍ വലതുപക്ഷം വംശീയതയെ അടിസ്ഥാനമാക്കി വളരുന്നത് മുസ്‌ലിം പ്രതിനിധാനത്തെ ഭീകരവല്‍കരിച്ചുകൊണ്ടാണ്. ഈ വംശീയതയും ജാതീയതയും തന്നെയാണ് ഇന്ത്യന്‍ ഫാഷിസത്തിന്റെ മുഖമുദ്രയും. നവലിബറല്‍ നയങ്ങളോട് മൃദുസമീപനം പുലര്‍ത്തുന്ന കമ്യൂണിസത്തിന് വലതുപക്ഷ പ്രതിരോധത്തിനായുള്ള ഊര്‍ജം കൈവരിക്കണമെങ്കില്‍ വലതുപക്ഷ വിരുദ്ധങ്ങളായ നവരാഷ്ട്രീയ മുന്നേറ്റങ്ങളെ തിരിച്ചറിയല്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമാണ് അടിച്ചമര്‍ത്തപ്പെടുന്നവരുടെ പക്ഷമായി അതിന് നിലനില്‍പുള്ളൂ. അവിടെയാണ് അതിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ പ്രസക്തി നിര്‍ണായകമാകുന്നതും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757