environmentOpinion

ചക്കംകണ്ടം കായല്‍ ഒരു നാടിന്റെ കണ്ണീര്‍പ്പുഴ – ഖാസിം സെയ്ദ്

 

ശുദ്ധവായു ശ്വസിച്ചും ശുദ്ധജലം കുടിച്ചും ജീവിക്കുക എന്നത് ഏതൊരു പൗരന്റേയും മൗലികമായ അവകാശമാണ്. എന്നാല്‍, പതിറ്റാണ്ടുകളായി ഈ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടവരാണ് ഗുരുവായൂര്‍ ചക്കംകണ്ടത്തെ ജനങ്ങള്‍. സമൃദ്ധമായ ശുദ്ധജലവും പാടങ്ങളും തോടുകളും പുഴയുമൊക്കെയുള്ള പ്രകൃതി രമണീയമായ പ്രദേശമായിരുന്നു ചക്കംകണ്ടം. നെല്‍കൃഷി, മത്സ്യബന്ധനം, കക്ക വാരല്‍, ചകിരി മൂടല്‍, ചളി വാരല്‍ തുടങ്ങിയ പരമ്പരാഗത തൊഴിലുകള്‍ ചെയ്ത് ജീവിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാര്‍ ഭൂരിഭാഗവും. ചക്കംകണ്ടം കായലും നെല്‍പാടങ്ങളും തോടുകളും അന്നാട്ടുകാര്‍ക്ക് മാത്രമല്ല സമീപ പ്രദേശത്തുകാര്‍ക്കും ആശ്രയമായിരുന്നു. എന്നാല്‍, കുറെ വര്‍ഷങ്ങളായി ലക്ഷക്കണക്കിനാളുകളുടെ വിസര്‍ജനം നിറക്കാനുള്ള തുറന്ന കക്കൂസ് ടാങ്കായി ഇപ്പോള്‍ ചക്കംകണ്ടം മാറിയിരിക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്ര നഗരിയില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ ചക്കംകണ്ടത്ത് എത്താന്‍ തുടങ്ങിയിട്ട് നാല്‍പത് വര്‍ഷത്തിലേറെയായി. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലിയതോടും ചെറിയതോടും വഴിയാണ് മാലിന്യങ്ങള്‍ ചക്കംകണ്ടം കായലിലേക്ക് ഒഴുകിയെത്തുന്നത്. അവിടന്ന് കനോലി കനാലിലൂടേയും തോടുകളിലൂടേയും ചേറ്റുവ പുഴയിലേക്കും എത്തിച്ചേരുന്നു. ഈ മാലിന്യങ്ങള്‍ ചക്കംകണ്ടം കായലിനേയും പ്രദേശത്തെ അയ്യായിരത്തോളം കുടുംബങ്ങളുടെ സൈ്വര്യ ജീവിതത്തേയുമാണ് താറുമാറാക്കിയത്. മനുഷ്യ വിസര്‍ജ്യത്തിന്റെ രൂക്ഷഗന്ധം ഉയര്‍ത്തുന്ന ഇവിടത്തെ വായു കാരണം പ്രദേശത്തുകാര്‍ സാമൂഹ്യമായും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കായല്‍ കരയിലെ കണ്ണീരിന് അടുത്തകാലത്തൊന്നും പരിഹാരമുണ്ടാകാനിടയില്ലെന്ന് സ്ഥിതിഗതികള്‍ നിഷ്പക്ഷമായി വിലയിരുത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. അത്രമാത്രം വ്യാപ്തിയുള്ള ദുരന്തമാണ് മാലിന്യ പ്രശ്‌നം വരുത്തിവെച്ചിട്ടുള്ളത്. എന്നിട്ടും ഇവിടത്തെ അയ്യായിരത്തോളം കുടുംബങ്ങളുടെ കണ്ണീരിന് ഒരു വിലയും കല്‍പിക്കാന്‍ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ കഴിഞ്ഞിട്ടില്ല.

ചക്കംകണ്ടത്തെ ജനങ്ങളോടുള്ള അധികാരികളുടെ നെറികേട് അറിയാന്‍ തുറന്നിട്ട വാഹനത്തിലൂടെ ഒരുവട്ടം അതുവഴി യാത്ര ചെയ്താല്‍ മതിയാകും. നഗരവത്കരണത്തിന്റെ ഭാഗമായി നടപ്പാക്കിയ വികലമായ വികസനത്തിന്റെ ദുരന്തഫലമാണ് നാല്‍പത് വര്‍ഷത്തിലേറെയായി ചക്കംകണ്ടത്തെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു നഗരത്തിലെ മുഴുവന്‍ വിസര്‍ജ്യവും ഏറ്റുവാങ്ങാനാണ് ഈ ഗ്രാമത്തിലെ ജനത വിധിക്കപ്പെട്ടത്. ഗുരുവായൂരിലെ ലോഡ്ജുകളുടേയും ഹോട്ടല്‍, റിസോര്‍ട്ട്, ഫ്‌ളാറ്റുകളുടേയും ഉടമകളും നടത്തിപ്പുകാരും അധികാരികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വലിയ ശൃംഗലയാണ് ഈ ദുരന്തം വരുത്തിവെച്ചത്.

1952ലാണ് ഗുരുവായൂരില്‍ ആദ്യ ലോഡ്ജ് സ്ഥാപിക്കപ്പെട്ടത്. തുടര്‍ന്നിങ്ങോട്ട് എഴുപത് വര്‍ഷംകൊണ്ട് ഗുരുവായൂരില്‍ ഉയര്‍ന്നത് ഇരുന്നൂറോളം ലോഡ്ജുകളാണ്. അതിലുമേറെ ഹോട്ടലുകളും അഞ്ഞൂറിലധികം ഫ്‌ളാറ്റുകളും വേറെ. ഓരോ വര്‍ഷവും നാല് കോടിയിലേറെ ഭക്തജനങ്ങളാണ് ഗുരുവായൂരില്‍ എത്തുന്നത്. ഇവരുടെയെല്ലാം വിസര്‍ജ്യമുള്‍പ്പടെയുള്ള മാലിന്യമാണ് രണ്ട് തോടുകളിലൂടെയായി നേരിട്ട് ചക്കംകണ്ടം കായലിലേക്കെത്തുന്നത്. മാരകമായ കോളിഫോം ബാക്ടീരിയകളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുന്നു ഈ മേഖലയിലെ ജലാശയങ്ങള്‍. ചക്കംകണ്ടം കായലിന്റെ കൈത്തോടുകള്‍ തൊട്ടടുത്ത പ്രദേശങ്ങളായ ചാവക്കാട് നഗരസഭ, പാവറട്ടി, ഒരുമനയൂര്‍, മുല്ലശ്ശേരി പഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്നതാണ്. ഈ പ്രദേശങ്ങളിലേയും കിണറുകളും കുളങ്ങളും ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. മേഖലയിലെ മത്സ്യബന്ധനവും കൃഷിയും ഇല്ലാതായി. ചക്കംക ണ്ടത്തെ ജനങ്ങള്‍ ഇപ്പോള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് വാട്ടര്‍ അതോറിറ്റിയെയാണ്. ശുദ്ധജലമെന്ന് വിശ്വസിച്ച് ഉപയോഗിക്കുന്ന ആ വെള്ളത്തിലും മാലിന്യം കലര്‍ന്നിരിക്കുന്നു.

മാലിന്യ സംസ്‌കരണ പ്ലാന്റ്
ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ തൊണ്ണൂറ്റഞ്ച് ശതമാനം പണിയും 2010ല്‍ പൂര്‍ത്തീകരിച്ചതായാണ് സര്‍ക്കാര്‍ രേഖകളിലുള്ളത്. എന്നാല്‍, മൂന്ന് കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഗുരുവായൂരില്‍ നിന്നും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്കുള്ള പൈപ്പിടല്‍ എട്ടു വര്‍ഷമായിട്ടും പൂര്‍ത്തിയായിട്ടില്ലെന്നതാണ് വിരോധാഭാസം. വിഷയത്തില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും അധികൃതരുടെ നിഷേധാത്മക മനോഭാവവും വ്യക്തമാണ്. കൊച്ചി ആസ്ഥാനമായുള്ള നവീന്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനി 5.61 കോടി രൂപക്കാണ് സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം ഏറ്റെടുത്തത്. 2007ല്‍ ആരംഭിച്ച നിര്‍മാണം 2010ല്‍ 95 ശതമാനം പൂര്‍ത്തീകരിച്ചതായി വാട്ടര്‍ അതോറിറ്റിയും, പൈപ്പിടല്‍ പ്രവര്‍ത്തി തൊണ്ണൂറ് ശതമാനം കഴിഞ്ഞതായും 2018 ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗുരുവായൂര്‍ നഗരസഭയും അവകാശപ്പെടുന്നു. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയും വെട്ടിപ്പും നടന്നിട്ടുള്ളതായും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.

തീര്‍ത്താലും തീരാത്ത പ്രശ്‌നങ്ങള്‍
മാലിന്യ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഗുരുവായൂര്‍ നഗരം മുതല്‍ ചക്കംകണ്ടം വരെയുള്ള റോഡ് വിസര്‍ജ്യത്തില്‍ മുങ്ങുമെന്നാണ് ഈ പദ്ധതി വിലയിരുത്തുമ്പോള്‍ മനസ്സിലാകുക. അത്രമാത്രം അശാസ്ത്രീയമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നഗരത്തില്‍ നിന്നുള്ള വീതിയേറിയ റോഡിലൂടെ ഒഴുകിവരുന്ന മാലിന്യം 11 സെന്റീമീറ്റര്‍ വ്യാസത്തിലുള്ള പൈപ്പുകള്‍ വഴിയാണ് ഒഴുക്കിവിടുന്നത്. ചക്കംകണ്ടം പ്രദേശത്ത് എത്തുമ്പോള്‍ മാത്രമാണ് പൈപ്പുകള്‍ 31.5 സെന്റീമീറ്റര്‍ വ്യാസത്തിലാകുന്നത്. (11 സെ.മീറ്ററില്‍ വണ്ണം കുറഞ്ഞ പൈപ്പിലൂടെ മാലിന്യം ഒഴുകുന്നത് കൂടുതല്‍ ദോഷകരമാകുമെന്ന് ആരോപിച്ച് മാലിന്യ സംസ്‌കരണശാല വിരുദ്ധ സമിതി നേരത്തെ തന്നെ രംഗത്തുണ്ട്.) വണ്ണം കുറഞ്ഞ പൈപ്പിലൂടെ ഒഴുക്കാന്‍ തടസ്സമാകുന്ന മാലിന്യങ്ങള്‍ മാന്‍ഹോളിലൂടേയും മറ്റും പുറത്തുചാടാനുള്ള സാധ്യതയും കൂടുതലാണ്. ഈ പൈപ്പുകള്‍ ഗുരുവായൂരിലെ ചിലയിട ങ്ങളില്‍ മാത്രമാണ് ബന്ധിപ്പിക്കുന്നത്. പൈപ്പുകള്‍ ഇടാത്ത ഭാഗത്തും സ്ഥാപനങ്ങളില്‍ നിന്നു മുള്ള മാലിന്യം പഴയതുപോലെതന്നെ തോടുകള്‍ വഴി ഒഴുക്കേണ്ടിയും വരും. (ഗുരുവായൂരിലെ ലോഡ്ജുകളിലും മറ്റും അനധികൃതമായി സെപ്റ്റിക് ടാങ്ക് ഉണ്ടാക്കി വിസര്‍ജ്യം ഒഴുകുന്നതിനാലാണ് റോഡുകള്‍ വഴി മാലിന്യം എത്തുന്നത്.) പദ്ധതി വന്നാലും അതില്‍ മാറ്റമുണ്ടാകില്ല എന്ന്് നാട്ടുകാര്‍ ആശങ്കിക്കുന്നു.

പരിഹാരം
ഗുരുവായൂരില്‍ നിന്നുള്ള മാലിന്യ പ്രശ്‌നത്തിന് പരിഹാരം ഒന്നു മാത്രമേയുള്ളു, അത് ഉറവിടത്തില്‍ സംസ്‌കരിക്കുക എന്നതാണ്. ലോഡ്ജുകളായാലും ഹോട്ടലുകളായാലും ഉറവിടമാലിന്യ സംസ്‌കരണത്തിന് സൗകര്യമൊരുക്കാത്തവര്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുത്. ഇക്കാര്യം കര്‍ശനമായി നടപ്പിലാക്കാന്‍ ധൈര്യമുള്ള ഭരണനേതൃത്വമാണ് ഗുരുവായൂരിന് ആവശ്യം. അതില്ലാത്തതാണ് ചക്കംകണ്ടത്തിന് ശാപമാകുന്നതെന്ന് ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സി.ആര്‍. ഹനീഫ പറഞ്ഞു. ഇതേ ആവശ്യമാണ് സമരമുഖത്തുള്ള നൗഷാദ് തെക്കുംപുറവും പൗരാവകാശ വേദിയും ആവശ്യപ്പെടുന്നത്. ചക്കംകണ്ടത്ത് മാലിന്യം സംസ്‌കരണ പ്ലാന്റ് വേണമെന്നല്ല ജനങ്ങളുടെ ആവശ്യം. പൊതുവെ ഈര്‍പമുള്ള പ്രദേശമായ (Wetland) ചക്കംകണ്ടത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് ഏത് വിധത്തില്‍ വന്നാലും വിജയകരമായിരിക്കില്ല. സംസ്‌കരണശേഷമുള്ള സ്ലഡ്്ജ് ഉണക്കാനും മറ്റും സൗകര്യപ്രദമായ ഭൂപ്രദേശമല്ല ഇവിടം. വര്‍ഷക്കാലമായാല്‍ വെള്ളക്കെട്ടുയരുന്ന മേഖലയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത് അശാസ്ത്രീയമായിരിക്കുമെന്നും സമരപ്രവര്‍ത്തകര്‍ പറയുന്നു.

സമരമുഖം
മാറിമാറിവന്ന സര്‍ക്കാരുകളൊക്കെയും മാലിന്യ പ്രശ്‌നത്തില്‍ മുതലക്കണ്ണീരൊഴുക്കി വന്നെങ്കിലും പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ആര്‍ക്കും ഇന്നേവരെ കഴിഞ്ഞിട്ടില്ല. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്് ഗുരുവായൂര്‍ മാലിന്യ വിരുദ്ധ സമരസമിതി ശക്തമായി രംഗത്തുണ്ട്. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി, വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി, എസ്.ഡി.പി.ഐ, സി.പി.ഐ എം.എല്‍, എസ്.യു.സി.ഐ തുടങ്ങിയ പാര്‍ട്ടികളും സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമി, തണല്‍ ജീവകാരുണ്യ സാംസ്‌കാരിക വേദി, ബി.ബി.സി തങ്ങള്‍ ഫൗണ്ടേഷന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, മരുതയൂര്‍ ഹരിശ്രീ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങിയ സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757