Opinion

പൗരത്വ ഭേദഗതി ബില്‍; വിവേചനത്തെ കൂട്ടുപിടിക്കുന്ന ‘ജനാധിപത്യ’ കാലം – ഗോകുല്‍ കെ.എസ്

 

രണ്ട് നൂറ്റാണ്ട് കാലത്തോളം നീണ്ടുനിന്ന കോളനിവാഴ്ചക്ക് അന്ത്യംകുറിച്ചുകൊണ്ട് ഇന്ത്യാരാജ്യം ഒരു സ്വതന്ത്ര റിപബ്ലിക് ആയിട്ട് എഴുപത് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടില്‍ പാശ്ചാത്യ-സാമ്രാജ്യത്വ ശക്തികളുടെ കോളനികളായിരുന്ന പല രാജ്യങ്ങളും സ്വാതന്ത്ര്യാനന്തരം പട്ടാളഭരണത്തിലേക്കും ഏകാധിപത്യത്തിലേക്കും വിഭജനങ്ങളിലേക്കും രാഷ്ട്രീയ-സാമൂഹിക അരക്ഷിതാവസ്ഥയിലേക്കും കാലിടറി വീണു. എന്നാല്‍, ഇത്രയേറെ മതങ്ങളും ജാതികളും വര്‍ഗങ്ങളും ഉണ്ടായിരുന്നിട്ടും എഴുപത് വര്‍ഷക്കാലം കാര്യമായ പരിക്കുകളൊന്നുമില്ലാതെ ഇന്ത്യ നിലകൊണ്ടത് ഇവിടത്തെ ജനാധിപത്യ വ്യവസ്ഥിതിയുടേയും ഭരണഘടനയുടേയും നീതിന്യായ വ്യവസ്ഥയുടേയും മതേതരത്വ മൂല്യങ്ങളുടേയും കരുത്തുകൊണ്ടാണ്. എന്നാല്‍, 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഈ ഐക്യത്തിനും അഖണ്ഡതക്കും കോട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

2018 ഡിസംബര്‍ 31ന് മുന്‍പായി പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ‘മുസ്‌ലിംകളല്ലാത്ത’ എല്ലാവര്‍ക്കും പൗരത്വ അവകാശം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ (Citizenship (Amendment) Bill, 2019) ലോക്സഭ പാസ്സാക്കിയിരിക്കുന്നു. ഒരു പ്രത്യേക മതവിഭാഗത്തിലെ പൗരന്‍മാരെ മാത്രം ഒഴിവാക്കി, മതത്തിന്റെ പേരില്‍ തന്നെ വിവേചനം കാണിക്കുന്ന ഒരു നിയമം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ സഭ കൈയടിച്ച് പാസ്സാക്കിയിരിക്കുന്നു. ഭരണഘടനയില്‍ എഴുതി വെച്ചിരിക്കുന്ന മൗലിക അവകാശങ്ങളെ ഇത്ര പ്രത്യക്ഷമായി ധിക്കരിക്കുന്ന, പരിഹസിക്കുന്ന ഒരു നിയമം ചരിത്രത്തില്‍ തന്നെ ഉണ്ടാകില്ല. പല മതക്കാരും നൂറ്റാണ്ടുകളായി ഒന്നിച്ചുവസിക്കുന്ന രാജ്യത്ത് ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയിരുന്ന ‘ഭിന്നിപ്പിച്ചു ഭരിക്കല്‍’ (Divide and Rule) നയത്തെ ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജാതിയുടേയോ മതത്തിന്റേയോ വര്‍ഗത്തിന്റേയോ വര്‍ണത്തിന്റേയോ വിവേചനമില്ലാതെ എല്ലാ മനുഷ്യരേയും തുല്യരായി കാണേണ്ട ജനാധിപത്യ ഭരണകൂടം തന്നെ നീതിയെ കൊലപ്പെടുത്തി ജനങ്ങളെ ചേരിതിരിച്ചിരിക്കുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കപ്പെടുന്നു എന്നത് മാത്രമല്ല ഈ നിയമ ഭേദഗതിയുടെ പ്രശ്നം. മുസ്‌ലിംകള്‍ ഈ ദേശം വിട്ടുപോകേണ്ടവരാണെന്നും ഈ രാജ്യത്തിന്റെ ചരിത്രത്തില്‍പോലും ഇടം നല്‍കേണ്ടവരല്ല എന്നും ആരോപിച്ച് കലാപങ്ങളിലൂടെയും ആള്‍ക്കൂട്ടക്കൊലയിലൂടെയും കൊന്നൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന സംഘ്പരിവാറിന്റെ ആശയങ്ങളെ ആവാഹിച്ച സര്‍ക്കാരാണ് ഭരണത്തിലുള്ളത്. അവര്‍ നടപ്പിലാക്കുന്ന നിയമമാണ് ഇതെന്ന് വിസ്മരിച്ചു കൂടാ. സര്‍ക്കാരിനെതിരായ ജനരോക്ഷം ദൈനംദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത തവണയും അധികാരത്തില്‍ തുടരുന്നതിന് സവര്‍ണ ഹൈന്ദവ വോട്ടുകള്‍ ഉറപ്പുവരുത്താനുള്ള തന്ത്രംകൂടിയാണ് ഈ മുസ്‌ലിം വിരുദ്ധ ബില്‍. 1955ലെ പൗരത്വ നിയമം (Citizenship Act, 1955) ഭേദഗതി ചെയ്യുന്നതിന് 2016 ജൂലായ് 19നാണ് ‘പൗരത്വ നിയമ ഭേദഗതി ബില്‍’ (Citizenship Act (Amendment) Bill) എന്ന ആശയം മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. സ്വാതന്ത്രത്തിന് മുന്‍പ് ഇന്ത്യയില്‍ നിന്ന് മുറിച്ചുമാറ്റപ്പെട്ട മൂന്ന് രാജ്യങ്ങളായ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളെ തുടര്‍ന്ന് നാടുവിടേണ്ടിവരികയോ നാടുകടത്തപ്പെടുകയോ വഴി ഇന്ത്യയില്‍ അഭയം തേടിയ ആറ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കണം എന്നതാണ് ഭേദഗതി. ഈ ആറ് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഹിന്ദു, സിഖ്, ജൈനമതം, ബുദ്ധമതം, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മൂന്ന് രാജ്യങ്ങളും മുസ്‌ലിം രാജ്യങ്ങളായതിനാല്‍ അവിടങ്ങളിലെ ന്യൂനപക്ഷം ഇവരൊക്കെ തന്നെയാകുമല്ലോ. (പക്ഷേ, പാക്കിസ്ഥാനില്‍ പല തരത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്ന ‘അഹ്മദീയ’ (Ahmadiyya) മുസ്‌ലിംകളെ സൗകര്യപൂര്‍വം ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.) ഇത്രയും അധികം ആളുകള്‍ ഇന്ത്യയിലേക്ക് പല കാലഘട്ടങ്ങളിലായി കുടിയേറിയതിന്റെ പിന്നില്‍ മതം ഏല്‍പ്പിച്ച മുറിവുകള്‍ മാത്രമായിരുന്നു എങ്കില്‍ അതില്‍ നല്ലൊരു ഭാഗം പേരും മുസ്‌ലിംകളായത് എങ്ങിനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. അനധികൃതമായി കുടിയേറുന്നവര്‍ക്ക് പൗരത്വം നല്‍കുന്നത് വിലക്കുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള നിയമത്തിന് മാറ്റം വരുത്തുമ്പോള്‍ മുസ്‌ലിംകളല്ലാത്ത മറ്റെല്ലാവര്‍ക്കും മാത്രമായി പൗരത്വം സാധ്യമാക്കുന്ന ഭേദഗതി കൊണ്ടുവരുന്നതില്‍ എന്ത് ന്യായമാണ് സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്?

ഈ അവസരത്തില്‍ ഇതിനോട് കൂട്ടിച്ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യം ‘ഹിന്ദു അഭയാര്‍ഥികള്‍ക്ക്’ തങ്ങള്‍ അധികാരത്തിലേറിയാല്‍ പൗരത്വം നല്‍കും എന്ന തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ബി.ജെ.പിയുടെ വാഗ്ദാനമാണ്. ഈ ബില്ലിലെ മറ്റൊരു ഭേദഗതി പ്രകാരം ഈ മൂന്ന് രാജ്യങ്ങളിലേയും മേല്‍പറഞ്ഞ ആറ് മതങ്ങളില്‍പെട്ടവര്‍ക്ക് മാത്രമായി ഒരു ഇളവ് കൂടി നല്‍കുന്നുണ്ട്. മുന്‍പ് പതിനൊന്ന് വര്‍ഷം ഇന്ത്യയില്‍ താമസിക്കുന്ന (citizenship by naturalization ) ഒരാള്‍ക്ക് ഇന്ത്യന്‍ പൗരനാകാന്‍ കഴിയുമായിരുന്നു എങ്കില്‍ ഇവര്‍ക്ക് മാത്രം ഇനി ഇന്ത്യന്‍ പൗരന്‍ ആകാന്‍ ഏഴ് വര്‍ഷ കാലാവധി മാത്രം മതിയാകും. ഈ പറഞ്ഞവയെല്ലാം 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയവര്‍ക്ക് ബാധകമാകുന്ന കാര്യങ്ങളാണ്. എന്ത് മാനദണ്ഡം വെച്ചാണ് ഈ തീയതി തീരുമാനിച്ചിരിക്കുന്നത് എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ഇന്ത്യയിലേക്ക് കൃത്യമായ രേഖകള്‍ ഇല്ലാതെ വന്നവരോ പുതുക്കേണ്ട രേഖകള്‍ പുതുക്കാതെ ഇരിക്കുകയും ചെയ്യുന്നവരേയോ ആണ് നിയമ പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ (illegal migrants) എന്ന് വിളിക്കുന്നത്. പക്ഷേ, 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരവും അതിന്റെ പശ്ചാത്തലത്തിലുണ്ടായ കലാപങ്ങളിലും അകപ്പെട്ട ലക്ഷകണക്കിന് ആളുകളാണ് ആ വര്‍ഷം അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് ഒഴുകിയത്. ഇതുപോലെ പിന്നീട് പലപ്പോഴായി രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും ദാരിദ്ര്യം മൂലവും മറ്റു പല കാരണങ്ങളാലും ഇന്ത്യയിലേക്ക് കുടിയേറിയവര്‍ ഏറെയാണ്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും മുസ്‌ലിംകളാണ്. ഇതേസമയം കൃത്യമായ രേഖകളില്ലാത്തവരെ പൗരത്വ പട്ടിക തയാറാക്കി ഒഴിവാക്കുന്ന വിചിത്രമായ നടപടി അസമില്‍ പുരോഗമിക്കുകയാണ്. പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത് വരെ എത്തിനില്‍ക്കുന്ന അസമിലെ ഗുരുതരമായ അവസ്ഥക്ക് കൊളോണിയല്‍ കാലഘട്ടത്തോളം പഴക്കമുണ്ട്. അസം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഈ പുതിയ ഭേതഗതി ബില്ലിനെ ശക്തമായി എതിര്‍ക്കുന്നവരാണ്. അസം എതിര്‍ക്കുന്നത് ആര്‍ക്കും പൗരത്വം നല്‍കരുത് എന്നാവശ്യപ്പെട്ടുകൊണ്ടാണ്.

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളില്‍ ഒന്നായ മതനിരപേക്ഷതയെ (Secularism) വെല്ലുവിളിക്കുന്നു എന്നത് മാത്രമല്ല പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ പ്രശ്‌നം. സമത്വ മൗലിക അവകാശങ്ങളുടെ കീഴില്‍ വരുന്ന Article 14 ന്റെ നഗ്‌നമായ ലംഘനം കൂടിയാണ് ഈ ബില്‍. ‘ഇന്ത്യാ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ‘ഒരു വ്യക്തിയുടേയും’ നിയമത്തിന് മുന്നിലെ സമത്വമോ, നിയമത്തിന്റെ തുല്യസംരക്ഷണമോ മതം, വര്‍ഗം, ജാതി, ലിംഗം, ജന്‍മനാട് എന്നിവയുടെ പേരില്‍ നിഷേധിക്കാന്‍ രാജ്യത്തിന് കഴിയില്ല എന്നാണ് ഭരണഘടനയില്‍ പറയുന്നത്. (The State shall not deny to any person equality before the law or the equal protection of the laws within the territory of India Prohibition of discrimination on grounds of religion, race, caste, sex or place of birth (India Kanoon)). ഇത്തരത്തിലൊരു മൗലിക അവകാശം തന്നെ നിലനില്‍ക്കുമ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ അനധികൃത കുടിയേറ്റക്കാരെ ഭരണകൂടം തന്നെ വേര്‍തിരിക്കുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. ഈ ബില്ലിനെതിരെ തുറന്നടിച്ച് ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നത് എന്‍.ഡി.എയുടെ സഖ്യകക്ഷികളായ അസം ഗണപരിഷത്ത് (AGP) ആണ്. ലോക്‌സഭയില്‍ ഈ നിയമം പാസ്സായത് വഴി സര്‍ക്കാരിന്റെ സഖ്യം വിട്ട് പുറത്തുപോയി അവര്‍. ഇതിന്റെ പ്രധാന കാരണം തന്നെ വലിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 1985ല്‍ ഒപ്പുവെച്ച Assam Accordന് നേരെ വിപരീതമായാണ് പുതിയ ഭേദഗതി ബില്‍ വന്നിരിക്കുന്നത് എന്നതാണ്. 2014 വരെ കുടിയേറിയവര്‍ പൗരന്‍മാരാകുന്നത് അസമിലെ സാമൂഹിക സാമ്പത്തിക സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും എന്നുള്ള ആശങ്കയാണ് അസം ഗണപരിഷത്ത് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്കുള്ളത്. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ലോക്‌സഭയില്‍ പറഞ്ഞത് ഹിന്ദുക്കള്‍ക്ക് പോകാന്‍ വേറൊരിടം ഇല്ല എന്നാണ്. അത് ശരിവെച്ചാല്‍തന്നെ മുസ്‌ലിംകള്‍ ഈ രാജ്യം വിട്ടുപോകണം എന്നുപറയുന്നതിന് എന്തുണ്ട് ന്യായം.

ദേശീയ പൗരത്വ രജിസ്റ്റര്‍ 1971 മാര്‍ച്ച് 24ന് ശേഷം ഇന്ത്യയിലേക്ക് വന്ന രേഖകള്‍ ഇല്ലാത്ത എല്ലാ ആളുകളേയും പട്ടികയില്‍ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞത്. പൗരത്വ ഭേദഗതി നിലവില്‍ വരികയാണെങ്കില്‍ മുസ്‌ലിംകള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകും. എത്ര വിദഗ്ധമായാണ് തങ്ങളുടെ മുസ്‌ലിം വിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കും എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള ചെറിയ ചെറിയ തടസങ്ങള്‍ ഇത്തരത്തിലുള്ള നിയമങ്ങളിലൂടെയും മറ്റും ഇല്ലാതാക്കുകയാണ് മോദി ഭരണകൂടം. ഇത്രത്തോളം വര്‍ഗീയത കലര്‍ന്ന ഒരു നിയമം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടാവുകയില്ല. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ നടത്തുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളെ ചോദ്യംചെയ്യാന്‍ മതേതര പാര്‍ട്ടികള്‍ വിമുഖത കാണിക്കുന്നത് അപകടകരമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നാടകങ്ങള്‍ എന്നതിന് അപ്പുറത്തായി ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത് എന്ന തിരിച്ചറിവ് ഉണ്ടായേതീരൂ.

അസം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രക്ഷുബ്ധമായ അന്തരീക്ഷം സൃഷ്ടിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്ന ബി.ജെ.പിയുടെ ഇലക്ഷന്‍ തന്ത്രംകൂടിയാണ്് പൗരത്വ നിയമ ഭേദഗതി ബില്‍. ഈ നിയമത്തെ പ്രാദേശിക രാഷ്ട്രീയ മുതലെടുപ്പായി മാത്രം കണ്ടിട്ട് കാര്യമില്ല. സാമൂഹികമായി ഈ നിയമം സൃഷ്ടിക്കാന്‍ പോകുന്ന വിള്ളലുകള്‍ വളരെ വലുതാണ്. അധികാരത്തിലേറിയ നാള്‍ മുതല്‍ തന്നെ ചരിത്രം വളച്ചൊടിച്ച് മുസ്‌ലിംകളെ അധിനിവേശക്കാര്‍ എന്ന് വരുത്തിത്തീര്‍ത്തു. പശുവിന്റെ പേരില്‍ വംശഹത്യയും ആള്‍ക്കൂട്ട ആക്രമണങ്ങളും കലാപങ്ങളും നടത്തി. ഇപ്പോഴിതാ പൗരന്റെ അടിസ്ഥാന അവകാശമായ പൗരത്വം തന്നെ എടുത്തുകളയുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

മുഖ്യധാരാ മാധ്യമങ്ങളില്‍ പലതും ഒരു പരിധിവരെ ചര്‍ച്ച ചെയ്യുന്നത് അസമിലേയും ത്രിപുരയിലേയും മണിപ്പൂരിലേയും പ്രശ്‌നങ്ങള്‍ മാത്രമാണ്. ഈ നിയമത്തിലെ മുസ്‌ലിം വിരുദ്ധത ചര്‍ച്ചയാകുന്നില്ല. സുപ്രീംകോടതിയാണ് ജനാധിപത്യ സംവിധാനത്തിലെ അവസാനത്തെ പ്രതീക്ഷ. അവിടെ നീതി ലഭിക്കുക തന്നെ ചെയ്യും എന്ന് വിശ്വസിക്കാം. ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനം ആയതിനാല്‍ തന്നെ ജുഡീഷ്യല്‍ റിവ്യൂ നടത്തുമ്പോള്‍ ഈ മുസ്‌ലിം വിരുദ്ധ നിയമം പരമോന്നത നീതിപീഠം എഴുതിത്തള്ളും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ല എങ്കില്‍ ഈ രാജ്യത്തിന്റെ ഭാവിതന്നെ മാറ്റിമറിച്ചേക്കും. നിയമങ്ങള്‍ അപ്രസക്തമാകുന്ന കാലത്ത് അക്രമമാണ് ഏറ്റവും വലിയ ആയുധം എന്ന് ജനങ്ങള്‍ കരുതിയാല്‍, അതിനെതിരെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ ഉണ്ടായാല്‍ ഒരു രാഷ്ട്രീയ-സാമൂഹിക ആഭ്യന്തര യുദ്ധമായി അത് മാറും. ഈ രാജ്യത്ത് എത്രയോ വിഷയങ്ങളില്‍ ആണ് നിയമനിര്‍മാണം അടിയന്തരമായി നടക്കാന്‍ ഉള്ളത്. എത്രയോ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം ലഭിക്കാന്‍ ഉള്ളത്. അതിനൊന്നും പരിഗണന നല്‍കാതെ രാഷ്ട്രീയ അജണ്ടകള്‍ക്കും മുതലെടുപ്പ് രാഷ്ട്രീയത്തിനും മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു സര്‍ക്കാരിനേയും രാഷ്ട്രീയ പ്രസ്ഥാനത്തേയും ആവശ്യമുണ്ടോ എന്ന് പുനര്‍വിചിന്തനം നടത്തേണ്ടത് ജനങ്ങളാണ്. പൗരത്വ ഭേദഗതി ബില്‍ യാഥാര്‍ഥ്യമാകാന്‍ ഇനിയും കടമ്പകള്‍ ഉണ്ട്. പക്ഷേ, അധികാരം ദുരുപയോഗം ചെയ്യാന്‍ ഒരു മടിയും ഇല്ലാത്തവരാകുമ്പോള്‍ ഈ തടസ്സങ്ങളൊക്കെ മാഞ്ഞുപോകും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757