Opinion

കുത്തക സോഫ്റ്റുവെയറുകള്‍ നീണാല്‍ വാഴെട്ട, വിപ്ലവം മാത്രം വിജയിക്കട്ടെ – എം. ഷിബു

 

കുത്തകകളെല്ലാം, അത് എന്ത് സ്വഭാവത്തിലുള്ളതായാലും തങ്ങളുടെ പരമ്പരാഗത ശത്രുക്കളാണെന്നതാണ് ഇടതുപാര്‍ട്ടികളുടെ പ്രഖ്യാപിത നിലപാട്. ജന്‍മിത്വം, കുത്തക, ദുഷ്പ്രഭുത്വം തുടങ്ങിയ പദാവലികള്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പരിസരത്ത് പ്രത്യക്ഷ ശത്രുപക്ഷത്താണെന്നതിന് എതിര്‍വാക്കില്ല. അത്രത്തോളം അമര്‍ഷത്തോടെയാണ് ഇടതുധാര എപ്പോഴും സ്വകാര്യ സ്വത്തുടമാവകാശത്തേയും കുത്തകവത്കരണത്തേയും നോക്കിക്കാണുന്നത്.

കാലാകാലങ്ങളില്‍ സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരുകളുടെയെല്ലാം ഭരണനയങ്ങളില്‍ ഈ കുത്തക വിരുദ്ധ സ്വഭാവം പ്രകടവുമാണ്. പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള കുത്തകവിരുദ്ധ പ്രക്ഷോഭങ്ങളുടെ ഊര്‍ജവും ആവേശവും ഭരണത്തിലെത്തുേമ്പാള്‍ കടലാസില്‍ അച്ചടിക്കുന്ന നയങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ എക്കാലത്തും പാര്‍ട്ടി ശ്രമിക്കാറുമുണ്ട്. എന്തൊക്കെയാണെങ്കിലും ഭരണത്തിന്റെ ബ്ലൂപ്രിന്റായി ചൂണ്ടിക്കാട്ടുന്നത് ഈ നയങ്ങള്‍ തന്നെയാണ്. മദ്യനയം, തൊഴില്‍നയം, ആരോഗ്യനയം, വ്യവസായനയം എന്നിങ്ങനെ ആധികാരത്തിലേറി ആദ്യഘട്ടത്തില്‍ കരട് അടക്കം പ്രഖ്യാപിച്ച് ഭരണം തുടങ്ങുകയാണ് പതിവും. കൃത്യമായ രാഷ്ട്രീയ ലൈനുണ്ടെങ്കിലും പ്രായോഗിക തലത്തിലെ സാഹചര്യങ്ങള്‍ക്കൊത്ത് ലേശം ചില വെള്ളം ചേര്‍ക്കലുകളും കണ്ണടക്കലുകളുമെല്ലാം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട് എന്നതും വസ്തുതയാണ്. രാഷ്ട്രീയ ഭേദമന്യേ വിവിധ അഭിപ്രായങ്ങളെ വികസനത്തിനായി ഏകോപിപ്പിക്കേണ്ട പൊതുഭരണകൂടം എന്ന സമീപനത്തിലാണ് ഇത്തരം നേരിയ നയവ്യതിയാനങ്ങള്‍ ന്യായീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുക.

അതേ സമയം ‘നയം ഒന്നും, നടപ്പിലാക്കല്‍ മറ്റൊന്നും’ എന്നത് ഇടത് ഭരണകൂടങ്ങളില്‍ ഒരിക്കലും സംഭവ്യമല്ല. പ്രത്യയശാസ്ത്ര സത്യസന്ധത എന്നതിനപ്പുറം പൊതുസമൂഹത്തില്‍ നിന്നുള്ള ചോദ്യം ചെയ്യലുകളും പാര്‍ട്ടിക്കുള്ളില്‍നിന്ന് തന്നെയുള്ള വിയോജിപ്പും വിമര്‍ശനവുമടക്കം നയനിലപാടില്‍ കര്‍ക്കശ സ്വഭാവമുളളതാക്കാന്‍ കാലകാലങ്ങളിലെ ഇടതുസര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കാറുണ്ട്. കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പില്‍നിന്ന് ദിനേന പുറത്തുവരുന്ന വാര്‍ത്തകള്‍ ഘടകവിരുദ്ധമാണ്. കുത്തകകള്‍ക്കെതിരെ ശക്തമായി വാദിക്കുന്ന നിലപാടുകള്‍ ഐ.ടി നയത്തില്‍ എഴുതിവെക്കുകയും അതേസമയം കുത്തകള്‍ക്ക് പരവതാനി വിരിക്കുകയും ചെയ്യുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ കുറിച്ച് വാചാലമാവുകയും മറുവശത്ത് പരാശ്രയത്വത്തിന്റെ നുകം ഏറ്റുവാങ്ങും വിധം കുത്തക സോഫ്റ്റ്‌വെയറുകളെ സാര്‍വത്രികമാക്കുന്ന ഇടപെടലുകളാണ് അധികാരത്തിന്റെ അരമനകളില്‍ നിന്നുണ്ടാകുന്നത്. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് നിരന്തരം പോരാടി നേടിയ മികവുകളുടെ അടിവേരറുക്കുക കൂടിയാണ് പുതിയ ഇടപെടലുകള്‍.

ഐ.ടി നയം നോക്കുകുത്തി, മൈക്രോ സോഫ്റ്റിന് പരവതാനി
ഇടതുസര്‍ക്കാരിന്റെ പുതിയ ഐ.ടി നയം പറയുന്നത് ഇങ്ങിനെയാണ് ‘സര്‍ക്കാരിന്റെ നയരുപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും സ്വതന്ത്ര ഓപ്പണ്‍ സോഴ്‌സ് സോഫ്ട്‌വെയറുകളുടെ പങ്ക് വളരെ നിര്‍ണായകമാണ്. അത്തരം സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയും അതിലേക്കെത്താന്‍ നടപടികള്‍ സ്വീകരിക്കുക എന്നതുമാവും സര്‍ക്കാര്‍ നയം. പൊതുമുതല്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വിവര സാങ്കേതിക സംവിധാനങ്ങളില്‍ ഇത്തരം സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം നിര്‍ബന്ധമാക്കും. ഈ മേഖലയില്‍ 2007ലെ ഐ.ടി നയം വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ നടപ്പില്‍ വരുത്താനുളള നടപടികള്‍ കൈക്കൊള്ളും’….

ഒറ്റനോട്ടത്തില്‍ തന്നെ കാര്യങ്ങള്‍ വ്യക്തം. സ്വതന്ത്ര സോഫ്റ്റ്‌വെയറാണ് ഞങ്ങളുടെ മുദ്രാവാക്യമെന്നാണ് പ്രഖ്യാപനം. എന്നാല്‍, ഫലത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. 2018 നവംബര്‍ അവസാനത്തില്‍ ഐ.ടി വകുപ്പ് ഒരു ഉത്തരവിറക്കുകയുണ്ടായി. ‘േൈമക്രാസോഫ്റ്റിന്റെ വിന്‍ഡോസ് 10 ‘ വാങ്ങുന്നതിന് വില നിശ്ചയിച്ചുള്ള വിജ്ഞാപനമാനമായിരുന്നു ഇത്. ആവശ്യമുള്ള വകുപ്പുകള്‍ക്ക് മറ്റുനടപടികെളാന്നും പാലിക്കാതെ ഈ സോഫ്റ്റ്‌വെയര്‍ വാങ്ങാനുള്ള സ്വാതന്ത്ര്യമാണ് അനുവദിച്ചത്. ഏതെങ്കിലും മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇല്ലാതിരിക്കുകയും കുത്തക സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ നിര്‍ബന്ധമാകുകയും ചെയ്യുന്ന ഘട്ടത്തില്‍ ബന്ധെപ്പട്ട വകുപ്പ് കാര്യകാരണസഹിതം സര്‍ക്കാരില്‍ അപേക്ഷ സമര്‍പിച്ച് അനുമതി വാങ്ങണമെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഇതിനെ അപ്രസക്തമാക്കിയുള്ള പുതിയ സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടായത്. ഫലത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിര്‍ബന്ധമാക്കുമെന്ന് ഐ.ടി. നയത്തില്‍ അടിവരയിടുമ്പോള്‍ തന്നെ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും യഥേഷ്ടം കുത്തക സോഫ്റ്റ്‌വെയറുകള്‍ വാങ്ങാനുള്ള എല്ലാവഴികളും തുറക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കേന്ദ്രീകൃത പര്‍ച്ചെയ്‌സ് സംവിധാനത്തിന്റെ മറപിടിച്ച് മൈക്രോസോഫ്റ്റ് കമ്പനിയുമായി ചര്‍ച്ച നടത്തി വില നിശ്ചയിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.

മൈക്രോസോഫ്റ്റിന് പരവതാനി വിരിക്കുന്ന ഈ ഉത്തരവ് ഫലത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്ത് സംസ്ഥാനം കൈവരിച്ച മുന്നേറ്റങ്ങളുടേയും നേട്ടങ്ങളുടേയും കടക്കല്‍ കത്തിവെക്കല്‍ കൂടിയാണ്. സാമ്പത്തിക ബാധ്യതയും പരാശ്രിതത്തവും ഇല്ലാത്ത സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ കേരളത്തിലെ ഇ-ഗവേണന്‍സ്, വിദ്യാഭ്യാസ മേഖലകള്‍ വ്യാപകവും വിജയകരവുമായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കൈറ്റ് (ഐ.ടി അറ്റ് സ്‌കൂള്‍) സ്വതന്ത്ര സോഫ്റ്റവെയറുകളുടെ വിജകരമായ പരീക്ഷണത്തിന് ഉദാഹരണമാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ കമ്പ്യൂട്ടര്‍ സിലബസും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഏറ്റവും കൂടുതല്‍ ഇ-ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സെക്രട്ടേറിയറ്റ് അടക്കം സര്‍ക്കാര്‍ ഓഫീസുകളില്‍ സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ നിര്‍മാണത്തിനും പ്രചാരണത്തിനുമായി ഐ.ടി വകുപ്പിന് കീഴില്‍ ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപണ്‍സോഴ്‌സ് സോഫ്റ്റ്‌വെയര്‍ (ഐ.സി ഫോസ്) നിലവിലുണ്ട്. പുതിയ ഉത്തരവ് വഴി സര്‍ക്കാര്‍ ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാവുക. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് വിവരം.

സംഭവം വിവാദമായതോടെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സാക്ഷാല്‍ വി.എസ് അച്യുതാന്ദന്‍ കുത്തക സോഫ്റ്റ്‌വെയര്‍ നീക്കം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കണമെന്ന മുന്നണി നയത്തിന് വിരുദ്ധമായ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് വി.എസ് കത്തിലൂടെ ആവശ്യപ്പെട്ടത്. 2001-2006 വരെ നടന്ന മൈക്രോസോഫ്റ്റ് വിരുദ്ധ പ്രേക്ഷാഭങ്ങളുടെ തുടര്‍ച്ചയായാണ് പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നിര്‍ബന്ധമാക്കിയതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. മറ്റുസംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ ഈ ചുവടുവെപ്പ് മാതൃകയായിരുന്നു. ശേഷം വന്ന യു.ഡി.എഫ് സര്‍ക്കാര്‍ പോലും ഉത്തരവില്‍ ഭേദഗതിവരുത്താന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ േൈമക്രാസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിന് ഉത്തരവിറങ്ങിയ സാഹചര്യം പരിശോധിക്കണമെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നുമായിരുന്നു കുത്തകസോഫ്റ്റ്‌വെയര്‍ വിരുദ്ധ പോരാളി കൂടിയായ വി.എസിന്റെ ആവശ്യം. പക്ഷേ, പലതിലുമെന്ന പോലെ ഈ വിഷയത്തിലേയും വി.എസിന്റെ ഇടപെടലുകള്‍ക്ക് ബന്ധപ്പെട്ടവര്‍ മുഖം കൊടുത്തില്ല എന്നതാണ് തുടര്‍ സംഭവങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. വിവാദ ഉത്തരവ് ഇനിയും പിന്‍വലിച്ചിട്ടില്ലെന്നത് ഈ നിഗമനങ്ങള്‍ക്ക് അടിവരയിടുന്നു.
സ്വകാര്യ സോഫ്റ്റ്‌വെയറിനായി ‘ഇ-ഓഫീസലും’ കൈവെക്കുന്നു
ഫയല്‍ നീക്കം സുഗമവും സുതാര്യവുമാക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ഫയല്‍ കൈമാറ്റ സംവിധാനമാണ് ഇ-ഓഫീസ്. കമ്പ്യൂട്ടര്‍ അധിഷ്ഠിതവും കടലാസ് രഹിതവുമായ ഓഫീസ് എന്നതാണ് ഇ-ഓഫീസിന്റെ പ്രത്യേകത. അനാവശ്യ ഇടപെടലുകള്‍ക്കും തിരുത്തലുകള്‍ക്കും ചവിട്ടിപ്പിടുത്തങ്ങള്‍ക്കും വൈകിപ്പിക്കലുകള്‍ക്കും ഇടം നല്‍കാതെ ഫയല്‍ കൈമാറ്റം സുതാര്യവും സത്യസന്ധവുമായി എന്നതാണ് ഇ-ഓഫീസിലുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ സംഭവിച്ചത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.െഎ.സി) വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് ഇ-ഓഫീസ്. തുടക്കത്തില്‍ ഇ-ഓഫീസിനെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നിരവധി ശ്രമങ്ങളുണ്ടായിരുന്നു. തെറ്റായ വിവരങ്ങളും ഫയല്‍ നെയിമുകളും നല്‍കലും പ്രിന്റ് എടുപ്പിച്ച് ഒപ്പിട്ട് നല്‍കലുമടക്കം ലക്ഷ്യത്തിന് കടകവിരുദ്ധമായ ഇടപെടലുകളായിരുന്നു നടന്നത്. ചില വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇഫയലിന്റെ പ്രിന്റ്ഔട്ട് ആവശ്യപ്പെടുകയും ഈ പ്രിന്റില്‍ ഉത്തരവിട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇ-ഫയലിന്റെ സ്വഭാവം നഷ്ടപ്പെടുകയും പേപ്പര്‍ ഫയലായി മാറുകയും ചെയ്തു.

ഇ-ഫയല്‍ പ്രിന്റെടുത്ത് പരിശോധിക്കുന്ന രീതിയായിരുന്നു മറ്റൊന്ന്. സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ ലഭിക്കുന്നതിന് മാത്രമായി ഫയലിലെ വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഏതെങ്കിലും രേഖ അപ്‌ലോഡ് ചെയ്യുന്ന പ്രവണതയും ഇ-ഓഫീസിനെ കാര്യമായി ബാധിച്ചിരുന്നു. പ്രസക്തമല്ലാത്ത വിവിരങ്ങള്‍ സൈറ്റില്‍ പ്രത്യക്ഷപ്പെടാന്‍ ഇതുവഴി കാരണമായി. സര്‍ക്കാര്‍ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ എല്ലാവകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയതോടെ അട്ടിമറി നീക്കങ്ങള്‍ക്ക് അല്‍പം ശമനമുണ്ടായി. എന്നാല്‍, ഇത്തരം നീക്കങ്ങെളെയെല്ലാം അതിജീവിച്ച് ലക്ഷ്യപ്രാപ്തിയിലേക്കെത്തുന്നതിനിടെയാണ് സ്വകാര്യ സോഫ്റ്റ്‌വെയറിന് വഴിയൊരുക്കാനായി ഇ-ഓഫീസിനെ പിഴുതെറിയാനുള്ള തിരക്കിട്ട നീക്കം നടക്കുന്നത്. സര്‍ക്കാര്‍ സെക്രട്ടറിമാരുടെ സമിതിയില്‍ വിഷയം ചര്‍ച്ചചെയ്യുകയും തുടര്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ വിവരം.

നിലവിലെ ഇ-ഓഫീസ് സോഫ്റ്റ്‌വെയറിന് പോരായ്മയുണ്ടെന്ന് വ്യാപകമായ പ്രചാരണമാണ് ഉന്നതതലടങ്ങളിലടക്കം ഇപ്പോള്‍ നടക്കുന്നത്. സോഫ്റ്റ്‌വെയറില്‍ എന്തെങ്കിലും പോരായ്മയോ കൂട്ടിച്ചേര്‍ക്കേലാ (അപ്‌ഡേഷനോ) ആവശ്യമെങ്കില്‍ എന്‍.ഐ.സി തന്നെ ചെയ്യാമെന്ന ഉറപ്പ് നിലനില്‍ക്കുമ്പോഴാണ് ലക്ഷങ്ങളുടെ അധിക ചെലവിന് കളമൊരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സെക്രട്ടേറിയറ്റ് അനക്‌സിലെ ഇ-ഓഫീസ് സംവിധാനം കൂട്ടത്തോടെ പണിമുടക്കിയിരുന്നു. സാമ്പത്തിക വര്‍ഷാവാസനത്തിലെ ധൃതിപിടിച്ച ഫയല്‍ കൈമാറ്റം നടക്കുന്നതിനിടയിലാണിത് സംഭവിച്ചത്. ഇ-ഓഫീസ് സോഫ്റ്റ്‌വെയറിലെ ശേഷിക്കുറവിനേയും സാങ്കേതികമായ അപര്യാപ്തതയേയും കുറിച്ച് വ്യാപക പ്രചാരണമാണ് ഇതോടനുബന്ധിച്ച് നടന്നത്. എന്നാല്‍, അന്വേഷണത്തില്‍ അനക്‌സിലേക്കുള്ള ഇ-ഓഫീസ് സംവിധാനത്തിന്റെ കേബിളുകള്‍ മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇ-ഓഫീസിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ സകലപരിധിയും വിട്ട് നടക്കുന്നുവെന്നതാണ് ഇത് തെളിയിക്കുന്നത്. കുറച്ചുകാലത്തേക്ക് വലിയ അനക്കങ്ങളുണ്ടായില്ലെങ്കിലും ഏതാനും മാസങ്ങളായി അട്ടിമറി നീക്കം വീണ്ടും സജീവമാണ്.

പരാധീനതകള്‍ മറികടന്ന് മികച്ച നേട്ടങ്ങളോടെ ലക്ഷ്യത്തിലേക്ക് അടുക്കുന്ന ഘട്ടത്തിലാണ് ഇ-ഓഫീസിനെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത് എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം. ഐ.ടി.മിഷന്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് പ്രവര്‍ത്തന മികവ് അടിവരയിടുന്നത്. സംസ്ഥാനത്ത് പ്രതിമാസം 800,000 ഇലക്‌ട്രോണിക് ഫയല്‍ കൈമാറ്റമാണ് നടക്കുന്നത്. സെക്രട്ടേറിയറ്റിലെ 54 വകുപ്പുകളിലും 14 കളക്ടറേറ്റിലും 100 ശതമാനം ഫയല്‍ ഇടപാടുകളും ഇ-ഓഫീസിലേക്ക് മാറിക്കഴിഞ്ഞു. ആര്‍.ഡി.ഒ ഒഫീസുകളില്‍ 50 ശതമാനവും ഇലക്‌ട്രോണിക് ഫയല്‍ സംവിധാനത്തിലേക്ക് കൂടുമാറി. സംസ്ഥാനത്തെ 19 ഡയറക്ടറേറ്റുകള്‍ പൂര്‍ണമായും കടലാസ് രഹിത ഇ-ഓഫീസുകളാണ്. ശേഷിക്കുന്ന 27 ഡയറക്ടറേറ്റുകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ജീവനക്കാര്‍ക്കുള്ള പരിശീലനമടക്കം നടത്തിയാണ് പഞ്ചായത്തുകളില്‍ ഇ-ഓഫീസിന് മണ്ണൊരുക്കുന്നത്. സമീപഭാവിയില്‍ കേന്ദ്ര-സംസ്ഥാന ഫയല്‍ ഇടപാടുകള്‍ ഇ-ഓഫീസ് പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്നാണ് വിലയിരുത്തല്‍. കേരളത്തിന് പിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഡല്‍ഹി, തെലുങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഇ-ഓഫീസ് പാതയിലുണ്ട്. മാത്രമല്ല, പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഓരോ വകുപ്പിലും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.

ഇ-ഫയലിലെ മികവ് ഇങ്ങനെ:

സെക്രട്ടറിയേറ്റ് വകുപ്പുകളില്‍ മികവ് ഇങ്ങനെ:
വകുപ്പ് ഇ-ഫയല്‍നീക്കം
ഫിനാന്‍സ് 243303
തദ്ദേശം 27703
ആഭ്യന്തരം 27129
മരാമത്ത് 25598
റവന്യ 21345
പൊതുവിദ്യാഭ്യാസം 22314
ആരോഗ്യം 16992
വ്യവസായം 12307
മികച്ച കളക്ടറേറ്റുകള്‍ ഇവ:

കളക്ടറേറ്റുകള്‍ ഇ-ഫയല്‍നീക്കം
കോഴിക്കോട് 13826
കണ്ണൂര്‍ 12568
എറണാകുളം 10512
വയനാട് 8147
മലപ്പുറം 7794

മികച്ച ഡയറക്ടറേറ്റുകള്‍ ഇവ:
ഡയറക്ടറേറ്റുകള്‍ ഇ-ഫയല്‍നീക്കം
എംപ്ലോയ്‌മെന്റ് 20952
വാണിജ്യനികുതി 17206
മൃഗസംരക്ഷണം 22595
രജിസ്‌ട്രേഷന്‍ 10378
സര്‍വേ 7602
(അവലംബം: ഐ.ടി മിഷന്‍ റിപ്പോര്‍ട്ട്)

ഈ മികവുകള്‍ക്ക് മുന്നിലാണ് മൊണ്ടിന്യായങ്ങള്‍ നിരത്തി ഈ ഓഫീസിനെ സ്വകാര്യ സോഫ്റ്റ്‌വെയറിനായി അപ്രസക്തമാക്കുന്നത്. നീക്കം യാഥാര്‍ഥ്യമായല്‍ അതീവ രഹസ്യ സ്വഭാവമുള്ള രേഖകളടക്കം കൈകാര്യം ചെയ്യേണ്ട ഫയല്‍ കൈമാറ്റ സംവിധാനം സ്വകാര്യ കമ്പനികളുടെ കരങ്ങളിലേക്ക് പോകും. സോഫ്റ്റ്‌വെയര്‍ മാറുന്നതോടെ സംവിധാനത്തിന്‍ മേലുള്ള സര്‍ക്കാറിന്റെ നിയന്ത്രണം നഷ്ടപ്പെടും. സാങ്കേതിക സഹായത്തിനെന്ന പേരില്‍ കമ്പനി നിയോഗിക്കുന്നവരാകും പിന്നീട് സോഫ്റ്റ്‌വെയറിന്റെ ദൈനംദിന കാര്യങ്ങള്‍േപാലും കൈകാര്യം ചെയ്യുക. വാര്‍ഷിക മെയിന്റനന്‍സ് കൂടി കരാറിലുള്‍പ്പെടുമെന്നതിനാല്‍ വിശേഷിച്ചും. ഓരോ വകുപ്പും കാശ്മുടക്കി സോഫ്റ്റ്‌വെയര്‍ വാങ്ങേണ്ടി വരും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ച് അമിതമായ പരാശ്രയത്തത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക.

സമാന സ്വഭാവത്തിലുള്ള സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന കേരള സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) ഈ നിസ്സഹായാവസ്ഥയുടെ തികഞ്ഞ ഉദാഹരണമാണ്. പ്രതിവര്‍ഷം നാല് കോടി രൂപ വീതം ചെലവഴിക്കാന്‍ നിര്‍ബന്ധിതമാകുന്നുവെന്ന് മാത്രമല്ല, സോഫ്റ്റ്‌വെയറില്‍ സര്‍വകലാശാലക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സാഹചര്യവുമാണുളളത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നടപ്പാക്കിയും കുത്തക സോഫ്റ്റ്‌വെയറുകളെ പടിക്ക് പുറത്ത് നിര്‍ത്തിയതുമാണ് സംസ്ഥാനത്തെ ഇ-ഗവേര്‍ണന്‍സ് സംവിധാനത്തെ കരുത്തുറ്റതും മറ്റുസംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ മാതൃകാപരമാക്കിയതും. ഈ മുന്നേറ്റങ്ങളെ പിന്നോട്ടടിപ്പിക്കുന്നതാണ് പുതിയ നീക്കങ്ങള്‍. സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍ നീക്കം കൈകാര്യം ചെയ്യുന്ന ഐഡിയ, മെസേജ് എന്നീ സോഫ്റ്റ്‌വെയറുകള്‍ 2010ല്‍ എന്‍.ഐ.സി തയ്യാറാക്കിയതായിരുന്നു. ഇതില്‍ സ്വകാര്യകമ്പനി ഏതാനും മാറ്റങ്ങള്‍ വരുത്തി പിന്നീട് മറ്റൊരു പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്കെത്തിക്കുകയായിരുന്നു. ഇതിന് സമാനമായ രീതിയിലാണ് സെക്രട്ടേറിയറ്റിലേക്കും സ്വകാര്യ കമ്പനിക്ക് വഴിയൊരുക്കുന്നത്.

തദ്ദേശവകുപ്പിലും പടിയടക്കല്‍
തദ്ദേശവകുപ്പില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഒഴിവാക്കി പകരം സ്വകാര്യ ഏജന്‍സിയുടെ ഐ.ബി.പി.എം.എസ് (Intelligent Building Plan Monitoring System) നാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐ.കെ.എം)ന്റെ ‘സങ്കേതം’ സോഫ്റ്റ്വെയര്‍ ഉപേക്ഷിച്ചാണ് കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഈ സ്വകാര്യ സോഫ്റ്റ്വെയര്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ തീരുമാനം എന്നതിന് പുറമേ മറ്റുചില ദുരൂഹതകളും ഇതില്‍ ഉയരുന്നുന്നുണ്ട്. സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് സേങ്കതം ഒഴിവാക്കി ഐ.ബി.പി.എം.എസ് സോഫ്റ്റ്വെയറിന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് വഴിയൊരുക്കിയത്. തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ പൈലറ്റ് പദ്ധതി എന്ന രീതിയിലായിരുന്നു തുടക്കം. 2018 ഒക്‌ടോബര്‍ ഒന്നു മുതല്‍ കോഴിക്കോട് ഒഴികെയുള്ള കോര്‍പറേഷനുകളില്‍ സോഫ്റ്റ്വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങി. 2009ല്‍ സമാനമായ ആവശ്യത്തിന് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്വെയറുമായെത്തി മടങ്ങിയ കമ്പനിയാണ് പുതിയ സോഫ്റ്റ്വെയറിന് പിന്നിലുമെന്നാണ് വിവരം. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സോഫ്റ്റ്വെയര്‍ നിര്‍മിക്കുകയെന്ന പ്രധാന ദൗത്യമാണ് ഐ.കെ.എമ്മിനുള്ളത്. സങ്കേതം സോഫ്റ്റ്വെയറിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ കമ്പനിയുടെ സോഫ്റ്റ്വെയറിനായി കോടികള്‍ മുടക്കുന്നതെന്നാണ് എടുത്തുപറയേണ്ടത്. കെട്ടിട നിര്‍മാണത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് സ്വകാര്യ കമ്പനിയായ ഐ.ബി.പി.എം.എസിനെ ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്റ് സൂപ്പര്‍ വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) പ്രത്യക്ഷ സമരരംഗത്തുണ്ടെങ്കിലും സര്‍ക്കാര്‍ മുഖവിലക്കെടുത്തിട്ടില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757