Opinion

IBPMS – കുത്തക സോഫ്റ്റ്‌വെയറുകളെ എഴുന്നെള്ളിക്കുമ്പോള്‍

 

കെട്ടിട നിര്‍മാണ അതിവേഗ അനുമതിയുടെ പേരില്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച ചില പ്രഖ്യാപനങ്ങള്‍ കെട്ടിട നിര്‍മാണ തൊഴില്‍ മേഖലയേയും, സാധ്യതകളേയും വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്. എന്ന് മാത്രമല്ല നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതുമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സ്വീകരിച്ച് അനുവാദം നല്‍കുന്ന സമ്പ്രദായം ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. ഒരുപരിധിവരെ അഴിമതി തടയാനും കാലതാമസം കൂടാതെ അനുമതി ലഭ്യമാക്കാനും ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണ രീതിയിലൂടെ കഴിയും. ഉദ്യോഗസ്ഥര്‍ നിയമങ്ങളെ തങ്ങള്‍ക്ക് തോന്നുംവിധം വളച്ചൊടിക്കുന്നതും ഏറെക്കുറെ ഇല്ലാതാക്കാനും ഈ രീതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ സാധ്യതകളെയെല്ലാം മുന്നില്‍വെച്ചുകൊണ്ടായിരുന്നു ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണ രീതി പൊതുവില്‍ സ്വീകാര്യത നേടിയത്.

ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പണം സംസ്ഥാനത്ത് നടപ്പിലാക്കിയ ഘട്ടത്തില്‍ ബഹുരാഷ്ട്ര കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കുത്തക സോഫ്റ്റ് വെയര്‍ കമ്പനിയായ ഓട്ടോകാഡ് ഡ്രോയിംഗ് സോഫ്റ്റ് വെയറിനെ ഈ മേഖലയില്‍ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (I.K.M.) ‘സങ്കേതം’ എന്ന പേരില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ തയ്യാറാക്കിയതും മറ്റു ഡ്രോയിംഗ് സോഫ്റ്റ് വെയറുകളെക്കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഓണ്‍ലൈന്‍ സമ്പ്രദായം നടപ്പാക്കിയതും. എന്നാല്‍, അതിവേഗ പെര്‍മിറ്റ് സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കാനും കെട്ടിട നിര്‍മാണ നിയമം പൂര്‍ണമായും കമ്പ്യൂട്ടര്‍ പരിശോധിച്ച് പെര്‍മിറ്റ് കൊടുക്കുന്ന രീതി നടപ്പിലാക്കാനും എന്ന് പറഞ്ഞുകൊണ്ട് IBPMS (Intelligent Building Plan Monitoring System) എന്ന പുതിയ ഒരു സ്വകാര്യ സോഫ്റ്റ് വെയര്‍ രംഗത്ത് ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. അമൃത് നഗരം എന്ന് നാമകരണം ചെയ്ത ഈ പദ്ധതിയിലൂടെ കുത്തക സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

എന്തുകൊണ്ട് IBPMS എതിര്‍ക്കപ്പെടുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ഐ.ടി നയം. നിലവില്‍ ഉപയോഗിച്ചുവരുന്ന സങ്കേതം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന് പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍കൃത പെര്‍മിറ്റ് നല്‍കുവാന്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് കുറ്റമറ്റതാക്കാന്‍ കഴിവും പ്രാപ്തിയുമുള്ള സാങ്കേതിക വിദഗ്ധര്‍ തങ്ങള്‍ക്ക് ഉണ്ടെന്ന് ഐ.കെ.എം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍കരിക്കുന്നതിന് വേണ്ടി സ്ഥാപിതമായ സര്‍ക്കാര്‍ ഏജന്‍സിയാണ് ഐ.കെ.എം. ഇവരാണ് സങ്കേതം അടക്കം തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന എട്ട് സോഫ്റ്റ് വെയറുകള്‍ നിര്‍മിച്ചിരിക്കുന്നത്) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരിക്കെ അവരെ പ്രയോജനപ്പെടുത്താതെ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്വകാര്യ കമ്പനിനിയുടെ IBPMS എന്ന സോഫ്റ്റ് വെയര്‍ രംഗത്തിറക്കിയിരിക്കുകയാണ്. കോടികളാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് നല്‍കുന്നത്. ഈ കമ്പനിയാകട്ടെ മുന്‍പ്് ഉണ്ടായതുപോലെ ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഓട്ടോകാഡ് കമ്പനിയുമായി ഒരു കച്ചവട ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ചിലവുകുറഞ്ഞ മറ്റ് ഡ്രോയിംഗ് സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെന്നിരിക്കെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഓട്ടോകാഡ് മാത്രമേ പ്ലാന്‍ സമര്‍പണത്തിനായി IBPMS മുഖേന സാധിക്കൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ഡിസൈനര്‍മാരുടെ തൊഴിലിന് ഭീഷണിയും സാധാരണക്കാര്‍ക്ക് അധിക ബാധ്യത വരുത്തി വെക്കുന്നതുമാണ്. ഇതുമൂലം നഗരസഭകള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത വരുത്തിത്തീര്‍ക്കുമെന്നതും യാഥാര്‍ഥ്യമാണ്.

തയ്യാറെടുപ്പില്ലാതെ നടപ്പിലാക്കാന്‍ ഉത്തരവിടുന്നു
സംസ്ഥാനത്ത് അമൃത് നഗരം പദ്ധതിയില്‍ ഉള്‍പ്പെട്ട ആറ് കോര്‍പറേഷനുകളിലും മൂന്ന് നഗരസഭകളിലും ഇപ്പോള്‍ അതിവേഗ പെര്‍മിറ്റ് എന്ന പേരില്‍ സങ്കേതം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നിര്‍ത്തലാക്കി IBPMS എന്ന കമ്പനിയെ ചുമതലപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ഡിസംബര്‍ അഞ്ചാം തീയതി ഉത്തരവ് ഇറക്കിയിട്ടുണ്ട്. തുടര്‍ന്ന് 2018 ഡിസംബര്‍ 31 ന് മറ്റ് നഗരസഭകളിലും നടപ്പിലാക്കാനും ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, നഗരസഭകളില്‍ ഇതിനായി ഒന്നും സംവിധാനിച്ചിട്ടില്ല. നടപ്പിലാക്കിയ സ്ഥലങ്ങളില്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. ഇത് നിര്‍മാണ മേഖലയെ തന്നെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയാതെ ലൈസന്‍സികളും, പൊതുജനവും നഗരസഭകളും ഒരുപോലെ പ്രതിസന്ധിയിലാണ്.

സുവേഗ എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സര്‍ക്കാരിന്റെ അംഗീകാരത്തോടെ കോഴിക്കോട് ടൗണ്‍ പ്ലാനിംഗ് വിഭാഗവും, കോര്‍പറേഷനും ചേര്‍ന്ന് അതിവേഗ പെര്‍മിറ്റിനായി സുവേഗ എന്ന പേരില്‍ ഇന്റലിജന്റ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ തയ്യാറാക്കുന്ന ഏത് ഡ്രോയിംഗ് സോഫ്റ്റ്‌വെയറും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്വതന്ത്ര രീതിയില്‍ തയ്യാറാക്കപ്പെട്ട ഒന്നാണ് സുവേഗ. സംസ്ഥാനത്തൊട്ടാകെ ഇത് നടപ്പിലാക്കുമെന്ന് അതിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തേയും അട്ടിമറിക്കപ്പെട്ടിരിക്കുന്നു.

തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നുമുതല്‍ IBPMS സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കിയെങ്കിലും അനുമതി നല്‍കുന്നതില്‍ പൂര്‍ണ പരാജയമാണ് ഉണ്ടായിട്ടുള്ളത്. 307 അപേക്ഷകള്‍ സമര്‍പ്പിച്ചതില്‍ ആറ് എണ്ണത്തിന് മാത്രമാണ് അനുമതി ലഭിച്ചത്. IBPMS സോഫ്റ്റ് വെയര്‍ സാങ്കേതികമായി പൂര്‍ണ സജ്ജമല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ സംഭവിച്ചത്. ഇത്തരത്തില്‍ സാങ്കേതികമായി സങ്കീര്‍ണതകളുള്ള സോഫ്റ്റ് വെയറാണ് ഇപ്പോള്‍ മറ്റിടങ്ങളിലും കൊണ്ടുവരുന്നത്. ഈ സന്ദര്‍ഭത്തിലാണ് സുതാര്യമല്ലാത്തതും, വലിയ സാമ്പത്തിക ബാധ്യത വരുന്നതുമായ IBPMS എന്ന സ്വകാര്യ സോഫ്റ്റ്‌വെയറിനും ഓട്ടോകാഡ് എന്ന കുത്തക കമ്പനിക്കുമെതിരെ സമരവുമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത്.

സമരം മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍
# നിലവില്‍ ഉപയോഗിക്കുന്ന ഓണ്‍ലൈന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നതിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറായ സങ്കേതം സാങ്കേതിക മികവുള്ളതാക്കി നടപ്പിലാക്കുക. അതോടൊപ്പം സുവേഗ എന്ന സോഫ്റ്റ്‌വെയറും നടപ്പിലാക്കുക.
# എല്ലാ ഡ്രോയിംഗ് സോഫ്റ്റ്‌വെയറും ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഓണ്‍ലൈന്‍ പരിഷ്‌കരണം നടപ്പാക്കുക.
# കോടികള്‍ കൊയ്യാന്‍ ബഹുരാഷ്ട്ര കുത്തക കമ്പനിയായ ഓട്ടോകാഡിന് അവസരം നല്‍കാതിരിക്കുക.
# ലൈസന്‍സികള്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത വരുത്തുന്ന പരിഷ്‌കരണങ്ങള്‍ പിന്‍വലിക്കുക.
# സാങ്കേതിക മികവ് തെളിയിക്കാത്ത IBPMS അടിച്ചേല്‍പ്പിക്കാതിരിക്കുക.
# പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി നഗരസഭകളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുക. സങ്കേതം പുനഃസ്ഥാപിക്കുക.
# സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കുക. സ്വകാര്യ കമ്പനികളെ ഒഴിവാക്കുക.
# നഗരസഭാ ഉദ്യോഗസ്ഥരുടെ അധികാരം സ്വകാര്യ കമ്പനിയില്‍ നിക്ഷിപ്തമാക്കുന്നത് തടയുക.
# നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിയില്‍ വന്നിട്ടുള്ള ഏരിയ പരിധി എടുത്ത് മാറ്റുക.
# കാലഹരണപ്പെട്ട മാസ്റ്റര്‍പ്ലാന്‍ പുതുക്കി പ്രസിദ്ധീകരിക്കുക.

ലെന്‍സ്‌ഫെഡ് (ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍) പുറത്തിറക്കിയ ലഘുലേഖയെ അവലംബിച്ചുകൊണ്ട് തയ്യാറാക്കിയത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757