Opinion

പ്രളയാനന്തര കാല്‍പനിക ബജറ്റ് – കെ. ബിലാല്‍ ബാബു

 

കാല്‍പനിക ഭാവനകളാല്‍ സമ്പന്നമാക്കാവുന്ന ഒരു പ്രബന്ധം തയ്യാറാക്കാന്‍ വിശ്വസിച്ചേല്‍പ്പിക്കാന്‍ കഴിയാവുന്നയാളാണ് സംസ്ഥാനത്തെ ധനകാര്യ മന്ത്രിയെന്ന് വീണ്ടും തെളിയുകയാണ്. സംസ്ഥാന ബജറ്റ് ഭാവനകളുടെ ആശയലോകമല്ല. വസ്തുതകളാണ് കണക്കുകളുടെ പിന്‍ബലത്തില്‍ ബജറ്റില്‍ ഉണ്ടാകേണ്ടത്. ഭാവനാപൂര്‍ണമായ പദ്ധതികളാകാം. പക്ഷേ, അവക്ക് ആധാരമായ വസ്തുതകള്‍ ഉണ്ടാകണം.

കാവ്യശകലങ്ങളുടെ ആധിക്യമില്ലാത്ത ഡോ. തോമസ് ഐസക്കിന്റെ ആദ്യ ബജറ്റ് എന്നാണ് ഒരു സാമൂഹിക മാധ്യമ സുഹൃത്ത് സംസ്ഥാന ബജറ്റിനെക്കുറിച്ച ആദ്യ പ്രതികരണം കുറിച്ചത്. പെയ്‌തൊഴിയാത്ത അസാമാന്യ ഭാവനകള്‍ ധാരാളമുള്ളതിനാലാകണം കാല്പനികതയുടെ കവികളെ ഇത്തവണ ധനമന്ത്രി ഒഴിവാക്കിയത്.

സംസ്ഥാനം നേരിട്ട അതിഭീകരമായ പ്രളയത്തിന് ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഇത്. നവകേരള നിര്‍മാണമെന്ന ഇടത് സര്‍ക്കാറിന്റെ തന്നെ ആപ്തവാക്യത്തെ കേരള ജനത ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പ്രഖ്യാപനങ്ങളുടെയും സങ്കല്‍പങ്ങളുടെയും പുറത്ത് കേരളം പ്രതീക്ഷിച്ചിരുന്ന എല്ലാ സ്വപ്നങ്ങളെയും ധനമന്ത്രി അവസാനിപ്പിച്ചിരിക്കുന്നു. സ്ഥിരം വാചകക്കസര്‍ത്തുകള്‍ക്കപ്പുറം പുതിയ കേരളത്തെ നിര്‍മ്മിക്കുന്നതിന് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന പരാജയ പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബജറ്റ്. നവകേരളത്തിന് ഇരുപത്തി അഞ്ച് പദ്ധതികളെന്ന പേരില്‍ ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളില്‍ പ്രളയാനന്തര പുനര്‍നിര്‍മാണവുമായി നേരിട്ട് ബന്ധമുള്ളതോ സഹായകരമാകുന്നതോ ആയ പദ്ധതികളുടെ എണ്ണം അഞ്ച് പോലുമില്ല. നിലനില്‍ക്കുന്നതോ നടന്നു കൊണ്ടിരിക്കുന്നതോ ആയ പ ദ്ധതികളെയും പരിപാടികളെയും ആവര്‍ത്തിക്കുകയോ അല്ലെങ്കില്‍ അവയെ സര്‍ക്കാറിന്റെ കണക്ക് പുസ്തകത്തിലേക്ക് വരവ് വെക്കാനാകും വിധമുള്ള പൊടിപ്പും തൊങ്ങലും തുന്നിച്ചേര്‍ക്കുന്ന ജോലിയാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിലൂടെ ചെയ്തത്. ഇരുപത്തി അഞ്ച് പദ്ധതികളിലെ ആദ്യ ഇനമായ വ്യവസായ പാര്‍ക്കുകളും കോര്‍പറേറ്റ് നിക്ഷേപങ്ങളും എന്നത് ബഹുരാഷ്ട്ര കോര്‍പറേറ്റ് മൂലധനത്തെ തടസ്സങ്ങളില്ലാതെയും നിയന്ത്രണങ്ങളില്ലാതെയും പ്രത്യേക സാമ്പത്തിക മേഖലകളിലേക്ക് കൊണ്ട് വരാനുള്ള അതി ഭാവനയുടെ പ്രതിഫലനം മാത്രമാണ്. തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത നികുതി രഹിതമോ നാമമാത്ര നികുതി ചുമത്തപ്പെടുന്ന തോ ആയ കോര്‍പ്പറേറ്റ് സര്‍വാധികക്കാരുടെ വിശുദ്ധ സ്വര്‍ഗത്തിലേക്കുള്ള വാതിലുകള്‍ മലര്‍ക്കെ തുറക്കുക എന്നതാണ് ഇടതു സര്‍ക്കാറിന്റെ നവകേരള സങ്കല്‍പമെന്ന യാഥാര്‍ത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. കോര്‍പറേറ്റ് ചങ്ങാത്തത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മാറുന്നു എന്നത് കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മേഖലക്ക് നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ്. പേരില്‍ ഇടത് നയങ്ങളും പ്രവര്‍ത്തിയില്‍ സാമ്പത്തിക ഉദാരീകരണത്തിന്റെ പേരിലുള്ള അവകാശ നിഷേധങ്ങളും എതിര്‍പ്പുകളൊന്നും വകവെക്കാതെ മുന്‍വാതിലിലൂടെ കേരളത്തിലേക്ക് ആനയിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിന് ബജറ്റ് അടിവരയിടുന്നു.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്ന പണത്തിന്റെ മുഴുവന്‍ സ്രോതസ്സും ജനങ്ങള്‍ സംഭാവന ചെയ്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ് എന്നാണ് മനസ്സിലാകുന്നത്. ജനകീയ വിഭവ സമാഹരണം നടത്തി സന്നദ്ധ സേവന പ്രര്‍ത്തനങ്ങള്‍ നടത്തേണ്ട സര്‍ക്കാറിതര സംഘടനകളുടെ നിലവാരത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ മനഃപൂര്‍വ്വം താഴുകയാണ്. ജനാധിപത്യ സംവിധാനത്തിലെ അധികാരം സിവില്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പ്രത്യക്ഷമാകേണ്ടത്. 3229 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനയായി ബജറ്റ് രേഖയിലുള്ളത്. കേന്ദ്ര മാനദണ്ഡപ്രകാരം നാമമാത്ര ധനസഹായമാണ് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് നഷ്ടപരിഹാരമായി ലഭിക്കുന്നത് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നഷ്ടപരിഹാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കേണ്ടി വന്നത്.1732.70 കോടി രൂപ ഈ ഇനത്തില്‍ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇതേ വരെ ചിലവഴിച്ചിരിക്കുന്നു. കേന്ദ്ര മാനദണ്ഡങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ച് സംസ്ഥാന താത്പര്യം സംരക്ഷിക്കാനല്ല, ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ ഫണ്ട് എന്നതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ എളുപ്പവഴിയായി ബൈപ്പാസ് ചെയ്തു എന്ന യാഥാര്‍ത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. രാഷ്ട്രീയ തീരുമാനങ്ങളിലൂടെ ഭരണതലത്തില്‍ ഉണ്ടാകേണ്ട ക്രിയാത്മക നടപടികള്‍ പോലും കൃത്യമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിലൂടെ വെളിപ്പെടുന്നത്.

പ്രളയം സംസ്ഥാനത്തെ ജനങ്ങള്‍ക്കുണ്ടാക്കിയ വരുമാന നഷ്ടം പതിനയ്യായിരം കോടി രൂപയാണ് എന്നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിലൂടെ വ്യക്തമാക്കിയത്. ജീവനോപാധി വികസനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന വാക്കിനപ്പുറം പ്രായോഗികമാകുന്ന പദ്ധതികളെ സംബന്ധിച്ച് ഒഴിഞ് മാറി ദേശീയ തൊഴിലുറപ്പ് പദ്ധതി അടക്കമുള്ള പദ്ധതികളെ അവതരിപ്പിക്കുകയാണ് ധനകാര്യ മന്ത്രി. ഈ കേന്ദ്ര പദ്ധതിക്കായുടെ സംസ്ഥാന വിഹിതമായി 230 കോടി രൂപ മാത്രമാണ് മാറ്റി വെച്ചിട്ടുള്ളത്. നഗരപ്രദേശങ്ങളിലെക്കുള്ള സംസ്ഥാന പദ്ധതിയായ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം 50 കോടിയില്‍ നിന്ന് 75 കോടി യായാണ് വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവുകളൊന്നും ജീവനോപാദി തകര്‍ത്ത പ്രളയ ബാധിതരെ സഹായിക്കുന്നതല്ല. ചെറുകിട-ഇടത്തരം കച്ചവടക്കാരുടെ നാശനഷ്ടത്തിന് ചില വായ്പ പദ്ധതികളല്ലാതെ മറ്റ് യാതൊരു ആശ്വാസവും സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് നിര്‍ദേശങ്ങളില്ല. കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ വര്‍ദ്ധനവ് പരിശോധിച്ചാല്‍ കേരളത്തിലെ പ്രളയബാധിതര്‍ ജീവിതോപാദികള്‍ തിരിച്ച് പിടിച്ചു എന്നതിന് തെളിവാണെന്ന വിചിത്ര ന്യായത്തിലൂടെയുള്ള വെല്ലുവിളിയാണ് ബജറ്റ് പ്രസംഗത്തിലുള്ളത്.

സംസ്ഥാന സര്‍ക്കാറാണോ കിഫ്ബി യാണോ സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റ് ഏജന്‍സി എന്ന് സംശയിക്കുമാണ് തീവ്രമാണ് ധനമന്ത്രിയുടെ കിഫ്ബി പ്രേമം. കിഫ് ബി വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു 2018-19 ബജറ്റ്. പ്രളയത്തില്‍ ആ വാഗ്ദാനങ്ങളെല്ലാം ഒലിച്ച് പോയതിനാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കിഫ്ബി വാഗ്ദാനങ്ങളുടെ സാമൂഹിക വിലയിരുത്തല്‍ ഉണ്ടാകില്ല എന്ന് ധനമന്ത്രിക്കറിയാം. സംസ്ഥാന ബജറ്റിന് പുറത്തുള്ള ധന വിനിയോഗ സംവിധാനമായി കിഫ്ബി മാറിയിരിക്കുന്നു. ജി.എസ്.ടി സംസ്ഥാന ബജറ്റിന്റെ വരവിനങ്ങളെ പുറത്ത് നിന്ന് നിയന്ത്രിക്കുന്നത് പോലെ കിഫ്ബി ചിലവുകളെയും വികസന പദ്ധതികളെയും സമാന്തരമായി നിയന്ത്രിക്കുകയാണ്. ജി. എസ്.ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ നികുതി നിര്‍ദേശങ്ങളെ നിയന്ത്രണ വിധേയമാക്കിയതിന് സമാനമായ സാഹചര്യം കിഫ്ബി സംസ്ഥാനത്തെ ചില വിനങ്ങളെ നിയന്ത്രിക്കും എന്നതില്‍ സംശയമില്ല.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം, ക്ഷാമബത്ത വര്‍ദ്ധനവ് എന്നിവ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനങ്ങള്‍ രസകരമാണ്. 2018 ജനുവരിയിലും ജൂലൈയിലും കുടിശ്ശികയായ ക്ഷാമബത്താ ഗഡുക്കള്‍ അനുവദിക്കുന്നതിന് 2019 ഏപ്രില്‍ വരെ സമയം നീട്ടിയിരിക്കുന്നു. 2019 ജൂലൈയില്‍ നടത്തേണ്ട ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ പോലും നിയമിക്കാതെ പരിഷ്‌കരണം നടപ്പാക്കും എന്ന കേവല പ്രഖ്യാപനത്തിലൂടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷത്തേക്ക് ഒളിച്ചോടിയിരിക്കുന്നു. ശമ്പള പരിഷ്‌കരണത്തിനായി തുകയൊന്നും വകയിരുത്തിയിട്ടുമില്ല. അതിഭീകരമായ ഒരു പ്രകൃതി ക്ഷോഭത്തെ അഭിമുഖീകരിച്ച സംസ്ഥാനത്തെ സിവില്‍ ഭരണകൂടത്തിനകത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി സര്‍ക്കാറിന് മുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഭരണതലത്തില്‍ ഇപ്രകാരം ഉണ്ടാകേണ്ട സുപ്രധാനമായ മാറ്റങ്ങളെ സംബന്ധിച്ച യാതൊരു ആശയവും ബജറ്റ് മുന്നോട്ട് വെക്കുന്നില്ല. ദുരന്തനിവാരണ മാനേജ്‌മെന്റ് ശാക്തീകരിക്കുന്നതിനായി ഒരു രൂപ പോലും നീക്കി വെച്ചിട്ടുമില്ല.

സംസ്ഥാന ബജറ്റ് നിത്യജീവിത ചിലവ് വര്‍ദ്ധിപ്പിക്കുന്നതാണെന്നും വിലക്കയറ്റത്തെ സഹായിക്കുന്നതാണെന്നുമുള്ള പൊതു വികാരമാണ് മാധ്യമങ്ങളടക്കം പങ്ക് വെച്ചത്. അതിനെ ചോദ്യം ചെയ്ത് ധനകാര്യ മന്ത്രി ഫെയ്‌സ് ബുക്ക് പേജിലൂടെ പറഞ്ഞത് 12,18, 28 നികുതി സ്ലാബുകളിലേ പ്രളയ സെസ്സ് ഉള്ളൂ എന്നതിനാല്‍ വിലക്കയറ്റം സംഭവിക്കില്ല എന്നായിരുന്നു. എന്നാല്‍ ബജറ്റ് പ്രസംഗത്തിന്റെ 248 -)ീ ഖണ്ഡികയില്‍ ജി.എസ്.ടി നല്‍കിയ നികുതി ഇളവുകള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിച്ചില്ല എന്നത് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ കയറ്റി വിലക്കയറ്റത്തിന് കാരണക്കാര്‍ കേന്ദ്ര നയങ്ങളാണ് എന്ന ന്യായം അവതരിപ്പിക്കുന്നുണ്ട്. ഇളവുകളുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയാത്തവരാണ് നികുതി വര്‍ദ്ധനവ് വിലക്കയറ്റത്തിന് കാരണമാകില്ല എന്ന ന്യായം പറയുന്നത്. സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്ത വന്‍കിടക്കാരുടെ പാട്ടക്കുടിശ്ശിക എഴുതിതള്ളാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് വരുന്ന ഭൂരഹിതരെ ഫ്‌ലാറ്റുകളിലേക്ക് ഒതുക്കാന്‍ തിരക്ക് കൂട്ടുന്നവരാണ് വന്‍കിട കമ്പനികളുടെയും ഭൂ സാമിമാരുടെയും പാട്ടം ഇളവ് ചെയ്യുന്നതിന് ശ്രമിക്കുന്നത്. ഭൂരഹിതരുടെ പ്രശ്‌നങ്ങളെ ബജറ്റ് അഭിമുഖീകരിക്കുന്നു പോലുമില്ല. കൊട്ടിപ്പാടിയ ഭൂപരിഷ്‌കരണത്തിന് പുറത്തായിപ്പോയ സാധാരണക്കാരെ ഇനിയും അവഗണിക്കാനാണ് ഇടതുഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ധന ഉത്തരവാദിത്ത നിയമം സംസ്ഥാനത്തിന് മേല്‍ റവന്യൂ കമ്മി ഇല്ലാതാക്കുന്നതിന് ചുമത്തുന്ന അമിത സമ്മര്‍ദ്ദത്തെക്കുറിച്ച് ധനമന്ത്രി വാചാലമാകുന്നുണ്ട്. മൂലധന ചിലവുകളെ സംബന്ധിച്ച തെറ്റായ ധാരണകളാണ് അതിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ റവന്യൂ കമ്മി ഇതേ ധന ഉത്തരവാദിത്ത നിയമത്തിന്റെ ചുവട് പിടിച്ച് ഇല്ലാതാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുവെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. ഇടത് കൂടുതല്‍ കൂടുതല്‍ വലതാ കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ ഇടത് പക്ഷമാണെന്ന വാഗ്‌ധോരണിക്ക് ഒരു കുറവുമുണ്ടാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. നിയോ ലിബറലിസം മുതല്‍ കോര്‍പറേറ്റ് വിധേയത്വം വരെ നീളുന്ന തങ്ങളുടെ വലത് ചായ് വിനെ ഒളിച്ചു വെക്കാന്‍ കഴിയാത്ത വിധം പ്രത്യക്ഷമാക്കാന്‍ ഇടത് സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നു എന്നതാണ് തോമസ് ഐസക്കിന്റെ പുതിയ ബജറ്റ് കേരളത്തോട് തുറന്ന് പറയുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757