Opinion

ഒ.ബി.സി ഉപജാതി സംവരണവും മുസ്‌ലിംകളും – ഇ.കെ റമീസ്

 

ഇന്ത്യയിലെ ഇതര പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) സംവരണത്തിനുള്ളില്‍ പ്രത്യേക ഉപജാതി സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കമീഷനെ നിശ്ചയിക്കുകയുണ്ടായി. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് രോഹിണി അധ്യക്ഷയായി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കമീഷന്‍ നിലവില്‍ വന്നത്. നിലവിലെ ഒ.ബി.സി കാറ്റഗറിക്കകത്ത് 2600ല്‍ പരം സമുദായങ്ങളുണ്ട്. ഇതില്‍ സംവരണത്തിന്റെ ആനുകൂല്യങ്ങളൊക്കെയും താരതമ്യേനെ മെച്ചപ്പെട്ട മേല്‍ത്തട്ടിലുള്ള ജാതികള്‍ക്കാണ് ലഭിക്കുന്നത് എന്ന പ്രശ്നം കാലങ്ങളായി ഉന്നയിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ആനുകൂല്യത്തിന്റെ വിതരണത്തിലുള്ള അസമത്വത്തെ കുറിച്ച് പരിശോധിക്കാനും ഒ.ബി.സി കാറ്റഗറിയെ ഉപവിഭാഗങ്ങളാക്കി തിരിക്കാനുള്ള സാധ്യതകളും വ്യവസ്ഥകളും നിര്‍ദ്ദേശിക്കാനുമാണ് കമീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആദ്യം പന്ത്രണ്ടാഴ്ച്ച കാലാവധി നിശ്ചയിച്ച കമീഷന്‍ പലതവണ കാലാവധി നീട്ടി വാങ്ങുകയും ഒടുവില്‍ വിപുലമായ ജാതി സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയുമാണ്. ഒ.ബി.സി പട്ടികയില്‍ വരുന്ന ജാതി, ഉപജാതികളുടെ ദേശീയ തലത്തിലുള്ള കണക്കെടുപ്പിന് 200 കോടിയാണ് കമീഷന്‍ പ്രാഥമികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒ.ബി.സി സംവരണം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്തിയ നടപടിയാണ്. അതിനുവേണ്ടിയുള്ള സമരങ്ങളും സംവരണം നടപ്പിലാക്കുന്നതിനെതിരെ ഉയര്‍ന്നുവന്ന ഉന്നതജാതി പ്രതിസമരങ്ങളുമൊക്കെ രാജ്യത്തെ ഏറെ പ്രക്ഷുബ്ധമാക്കിയിട്ടുണ്ട്. സാമൂഹിക നീതിയെ ഉയര്‍ത്തിപ്പിടിച്ച പിന്നാക്ക രാഷ്ട്രീയം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എതിര്‍ പക്ഷത്താണ് നിലകൊണ്ടത്. പിന്നാക്ക രാഷ്ട്രീയത്തെ മുന്നോട്ടുവെച്ച സമാജ് വാദി പാര്‍ട്ടിയുടേയും ആര്‍.ജെ.ഡിയുടേയുമൊക്കെ ജനകീയ അടിത്തറ നിലവിലെ ഒ.ബി.സിക്കകത്തെ ഉയര്‍ന്ന സമുദായങ്ങളായ യാദവ, കുറുമി വിഭാഗങ്ങളാണ്. പിന്നാക്ക രാഷ്ട്രീയവും ഒ.ബി.സി സംവരണവും ഏറെ ഗുണം ചെയ്തതും ആ സമുദായങ്ങള്‍ക്കും സമാനമായി മറ്റു സംസ്ഥാനങ്ങളിലെ പ്രമുഖ ശൂദ്ര ജാതികള്‍ക്കുമാണ് എന്ന് കാണാം. ‘യഥാര്‍ഥ അര്‍ഹരിലേക്ക് എത്തുന്നില്ല’ എന്ന സംവരണവുമായി ബന്ധപ്പെട്ട സ്ഥിരം പല്ലവിയെ പരിഗണിക്കുന്നതോടൊപ്പം ഒ.ബി.സി ജാതികളിലെ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങളെ തങ്ങളിലേക്കടുപ്പിക്കുക എന്ന ബി.ജെ.പി അജണ്ടയാണ് കമീഷന് പിന്നില്‍ എന്ന് സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) ഡയറക്ടര്‍ സജ്ഞയ് കുമാര്‍ അടക്കമുള്ള ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒ.ബി.സി കാറ്റഗറിയെ ഉപവിഭാഗങ്ങളായി തിരിക്കണം എന്ന ആശയത്തിനാകട്ടെ ഏറെ പഴക്കവുമുണ്ട്. നടപ്പിലാക്കപ്പെട്ടില്ലെങ്കിലും കാക്ക കലേല്‍ക്കര്‍ കമീഷന്‍ രണ്ട് കാറ്റഗറിയായി ഒ.ബി.സിയെ വിഭജിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ബിഹാര്‍, കര്‍ണാടക ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ഉപവര്‍ഗീകരണം നിലവിലുണ്ട്. ഏതായാലും കമീഷന്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കില്ല. സംവരണത്തിന്റെ ജാതീയമായ അടിത്തറയെ എടുത്തുകളയാന്‍ ഈ ഗവണ്‍മെന്റ് പരിശ്രമിക്കുന്ന പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന്റെ സ്വഭാവമെന്തായിരിക്കുമെന്ന് ഊഹിക്കുകയും എളുപ്പമല്ല. എന്നാല്‍, ഒ.ബി.സിയെ ഉപവിഭാഗമായി തിരിക്കുവാനുള്ള ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളെ മുഴുവനായും ഒ.ബി.സിക്കകത്ത് ഉള്‍പ്പെടുത്തി അവര്‍ക്ക് അതിനകത്ത് പത്ത് ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയെ പരിശോധിക്കുകയാണ് ഈ ലേഖനം.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും എന്നാല്‍ ഒരടി പോലും മുന്നോട്ടുപോവാത്തതുമായ പ്രശ്നമാണ്. ഒന്നാം യു.പി.എ കാലത്ത് നിയമിച്ച സച്ചാര്‍ കമീഷന്‍ കൃത്യമായ കണക്കുകളുടെ വെളിച്ചത്തില്‍ മുസ്‌ലിംകളുടെ ശോചനീയമായ പിന്നാക്കാവസ്ഥയെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, അതിനൊക്കെ ശേഷവും മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സച്ചാര്‍ കമീഷനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച പരിമിതമായ നടപടികള്‍ വലിയ മാറ്റമെന്നും സൃഷ്ടിച്ചിട്ടില്ല എന്ന് രണ്ടാം യു.പി.എയുടെ അവസാന കാലത്ത് സച്ചാറാനന്തര വിലയിരുത്തല്‍ കമീഷനായ കുണ്ടു കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇതേ കാര്യം തന്നെ മറ്റു പല പുതിയ പഠനങ്ങളും അടിവരയിടുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം പ്രതീക്ഷിതമാണെന്നും അതിനെ മറികടക്കാന്‍ കൃത്യമായ അധികാര പങ്കാളിത്ത പദ്ധതികള്‍ ഉണ്ടാവണമെന്നും ന്യൂനപക്ഷ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യ സമരകാലത്തുതന്നെ ചൂണ്ടിക്കാണിച്ചതും, ബ്രിട്ടീഷ് ഗവണ്‍മെന്റ് ആ വാദത്തെ അംഗീകരിച്ചതുമാണ്. എന്നാല്‍, പിന്നീട് നടന്ന രാഷ്ട്രീയ പ്രക്രിയയില്‍ മുസ്‌ലിംകളുടെ മുഖ്യധാരാ സംഘടിത രാഷ്ട്രീയം ഇന്ത്യയില്‍ നിന്ന് വേറിട്ട് പോവാന്‍ ആവശ്യമുന്നയിക്കുകയും അത് യാഥാര്‍ഥ്യമാവുകയും ചെയ്ത സാഹചര്യം ഭരണഘടനാ രൂപീകരണ വേളയില്‍ ന്യൂനപക്ഷങ്ങളുടെ പ്രത്യേക പദവികളെല്ലാം തന്നെ ഉപേക്ഷിക്കുന്നതില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വെല്‍ഫെയര്‍/അധികാരപങ്കാളിത്ത പദ്ധതിയായ സംവരണത്തില്‍ നിന്ന് അതിനേറ്റവും അര്‍ഹരായ മുസ്‌ലിംകള്‍ പിന്തള്ളപ്പെട്ടതെങ്ങിനെയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. ഹിന്ദു വിഭാഗം 74 ശതമാനവും, ക്രിസ്ത്യാനികള്‍ 66.3 ശതമാനവും സംവരണത്താല്‍ സംരക്ഷിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ കേവലം 41.5 ശതമാനം മാത്രമാണ് സംവരണത്തിന്റെ പരിധിക്കുള്ളിലുള്ളത്. ഒരു മതവിഭാഗമെന്ന നിലയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നവരാണ് ഏറ്റവുമധികം സംവരണത്തിന് പുറത്ത് നില്‍ക്കുന്നത് എന്ന വിരോധാഭാസമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.

ന്യൂനപക്ഷങ്ങളുടെ വിവേചനങ്ങള്‍ക്കിരയാവാനും പിന്നാക്കം പോകാനുമുള്ള സാഹചര്യത്തെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ സംവരണം നല്‍കണം എന്ന ആശയം ഭരണഘടനാ നിര്‍മാണസഭയില്‍ തന്നെ ഉപേക്ഷിക്കപ്പെടുകയും പട്ടികജാതി സംവരണം ഹിന്ദുക്കള്‍ക്ക് മാത്രമായി നിജപ്പെടുത്തുകയും ചെയ്തതോടെ മുസ്‌ലിംകള്‍ക്ക് സംവരണ സാധ്യതയുണ്ടായത് ഒ.ബി.സിക്കകത്ത് മാത്രമാണ് (വളരെ കുറഞ്ഞ -0.6%- മുസ് ലിംകള്‍ മാത്രമാണ് പട്ടിക വര്‍ഗത്തിലുള്ളത്). എന്നാല്‍, എല്ലാ പിന്നാക്ക വിഭാഗങ്ങളേയും നിരാശപ്പെടുത്തിക്കൊണ്ട് സ്വാതന്ത്ര്യാനന്തരം 40 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാത്രമാണ് ഒ.ബി.സി സംവരണം കേന്ദ്രത്തില്‍ യാഥാര്‍ഥ്യമായത്. നേരത്തേ പല സംസ്ഥാനങ്ങളും വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന ഒ.ബി.സി ലിസ്റ്റ് തയ്യാറാക്കിയിരുന്നു. മണ്ഡല്‍ കമീഷന്‍ തയ്യാറാക്കിയ ലിസ്റ്റിലും സംസ്ഥാന ലിസ്റ്റുകളിലും പൊതുവായി ഉള്‍പ്പെട്ട സമുദായങ്ങള്‍ മാത്രമാണ് കേന്ദ്ര ഒ.ബി.സി ലിസ്റ്റില്‍ ഇടം നേടിയത്. മുസ്‌ലിംകളില്‍ നിന്നും കുറഞ്ഞ വിഭാഗങ്ങള്‍ മാത്രമാണ് ഒ.ബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. 2005 ലെ കണക്കുകള്‍ പ്രകാരം ബംഗാളിലെ മുസ്‌ലിംകളില്‍ കേവലം 2.4 ശതമാനവും (മമതാ ബാനര്‍ജി അധികാരത്തിലേറിയ ശേഷം അനുകൂല നടപടികളുണ്ടായിട്ടുണ്ട്) അസമിലെ മുസ്‌ലിംകളുടെ മൂന്ന് ശതമാനവും മാത്രമാണ് സംസ്ഥാന ഒ.ബി.സി ലിസ്റ്റുകളിലുള്‍പ്പെട്ടത്. ഇന്ത്യയില്‍ തന്നെ മുസ്‌ലിംകള്‍ ധാരാളമുള്ളതും എന്നാല്‍, ഏറെ പിന്നാക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങളാണ് ഇവയെന്നോര്‍ക്കണം. രംഗനാഥ് മിശ്ര കമീഷന്റെ കണക്കുകള്‍ പ്രകാരം 52 മുസ്‌ലിം സമുദായങ്ങള്‍ മാത്രമാണ് കേന്ദ്ര ഒ.ബി.സി ലിസ്റ്റിലുള്ളത്. എന്നാല്‍, 162 സമുദായങ്ങള്‍ വിവിധ സംസ്ഥാന ലിസ്റ്റുകളിലുണ്ട്.

സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട സമുദായങ്ങളുടെ മൂന്നില്‍ രണ്ടും കേന്ദ്ര ലിസ്റ്റിന് പുറത്താണ്. മുസ്‌ലിംകളെ ഒ.ബി.സിക്കകത്ത് ഉള്‍പ്പെടുത്തുന്നതിന് മണ്ഡല്‍ കമീഷന്‍ സ്വീകരിച്ച മാനദണ്ഡവും പ്രതികൂലമായാണ് ഭവിച്ചത്. ഏതെങ്കിലും അഹിന്ദു സമുദായങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത അയിത്ത ജാതിക്കാര്‍, കുലത്തൊഴിലിനാല്‍ അറിയപ്പെടുന്നവരോ, ഹിന്ദു ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സമാനരോ ആയ ഇതര മതസ്ഥര്‍ എന്നതായിരുന്നു മണ്ഡല്‍ നിശ്ചയിച്ച മാനദ്ണ്ഡം. പല ഹിന്ദു അയിത്ത/പിന്നാക്ക ജാതികളും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടും സമുദായമായി തന്നെ നിലനില്‍ക്കുന്നുണ്ട് എന്നതും അവര്‍ സോഷ്യല്‍ മൊബിലിറ്റി കൈവരിച്ചിട്ടില്ല എന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍, വലിയ അര്‍ഥത്തില്‍ കലര്‍പ്പുകളിലൂടെ രൂപപ്പെടുന്ന മുസ് ലിം ജനസാമാന്യത്തെ മനസ്സിലാക്കാന്‍ ഈ മാനദണ്ഡം മാത്രം മതിയാവില്ല. ഉദാഹരണത്തിന് കേരളത്തിലെ മലബാറിലെ മുസ്‌ലിം സമുദായമെടുക്കുക; അതില്‍ അറബ് പരമ്പരയുള്ളവരും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയവരും കേരളത്തിലെ നാനാ ജാതികളില്‍ നിന്നും പല കാലഘട്ടങ്ങളിലായി മതപരിവര്‍ത്തനം നടത്തിയവരുമുണ്ട്; അതില്‍ നിന്ന് ഹിന്ദു സമുദായത്തിന് തുല്യമായ ഏതെങ്കിലും ജാതിയെ വേര്‍തിരിച്ചെടുക്കുക അസാധ്യമാണ്. അത്തരത്തിലുള്ള മുസ്‌ലിം ജനസാമാന്യം ഒ.ബി.സിക്ക് പുറത്തായി എന്നതാണ് മണ്ഡലിന്റെ മാനദണ്ഡങ്ങളുടെ പ്രശ്നം. ചുരുക്കത്തില്‍ മുസ്‌ലിംകള്‍ക്ക് സംവരണത്തിനുള്ള ഏക സാധ്യതയായ ഒ.ബി.സിക്കകത്തും അവര്‍ വളരെ കുറച്ചുമാത്രമാണ് കാലമിത്രയായിട്ടും ഉള്‍പ്പെട്ടിട്ടുള്ളത്.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ എന്നത് ഇന്ന് സര്‍വാംഗീകൃതമായ കാര്യമാണ്. ഇവിടെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം, മുസ്‌ലിംകളില്‍ പിന്നാക്കം നില്‍ക്കുന്നവരെന്ന് സര്‍ക്കാര്‍ അംഗീകരിച്ചവര്‍ മാത്രമല്ല, മറിച്ച് സംവരണേതരരായ, ‘മുന്നാക്ക’ മുസ്‌ലിംകളും ഏറെ പിന്നാക്കമാണ് എന്നുള്ളതാണ്. സച്ചാര്‍ കമീഷന്‍ ‘പിന്നാക്ക മുസ്‌ലിംകളുടേയും’ ‘മുന്നാക്ക മുസ്‌ലിംകളുടേയും’ കണക്കുകള്‍ ഹിന്ദു പിന്നാക്ക വിഭാഗവുമായി താരതമ്യം ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ പങ്കാളിത്തം, കേന്ദ്ര സര്‍വീസുകള്‍, യൂണിവേഴ്സിറ്റി, സ്റ്റേറ്റ് സര്‍വീസുകള്‍ എന്നിവയിലെ പ്രാതിനിധ്യം, ദാരിദ്ര്യം തുടങ്ങിയ സൂചകങ്ങളിലെല്ലാം തന്നെ മുന്നാക്ക മുസ്‌ലിംകള്‍ തന്നെയും പിന്നാക്ക ഹിന്ദുവിനേക്കാളും ഏറെ പിറകിലാണ്; പിന്നാക്ക മുസ്‌ലിംകളുടെ കാര്യം കൂടുതല്‍ മോശവും. ഉദാഹരണത്തിന് 20 വയസ്സിന് മുകളിലുള്ളവരുടെ ഉന്നത വിദ്യാഭ്യാസത്തിലുള്ള പങ്കാളിത്തം പരിശോധിച്ചാല്‍ പിന്നാക്ക ഹിന്ദുവിന്റേത്, 6.2 ഉം, മുന്നാക്ക മുസ്‌ലിമിന്റേത് 5.2 ഉം പിന്നാക്ക മുസ്‌ലിമിന്റേത് 4.1 ശതമാനവുമാണ്. ഈ കണക്കുകള്‍ പ്രകാരം മുഴുവന്‍ മുസ്‌ലിംകളും ഒ.ബി.സി ലിസ്റ്റില്‍ പെടാതിരിക്കുന്നതിന് ന്യായമൊന്നുമില്ല. കേരളം, കര്‍ണാടക, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയതുപോലെ മുസ്‌ലിം ജനസാമാന്യത്തെ മുഴുവന്‍ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. സംസ്ഥാന, കേന്ദ്ര ലിസ്റ്റുകളുടെ അന്തരം ഇല്ലാതാക്കി ഇരു ലസ്റ്റുകളിലുമുള്‍പ്പെടുത്തണം. പറയപ്പെടുന്നതുപോലെ ഏറെ മുന്നാക്കം നില്‍ക്കുന്ന മുസ്‌ലിം വിഭാഗങ്ങളുണ്ടെങ്കില്‍ അവരെ കണ്ടെത്തി അരിച്ചു കളയാമെന്നല്ലാതെ മുസ്‌ലിം ജനസാമാന്യത്തെ ഒ.ബി.സി ലിസ്റ്റിനും അതുവഴി സംവരണത്തിനും പുറത്തുനിര്‍ത്തുന്നത് അക്ഷന്തവ്യമായ തെറ്റ് എന്നേ പറയാനാവൂ.

മുസ്‌ലിം ജനസാമാന്യത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിയമപരമോ മറ്റോ ആയ തടസ്സങ്ങളൊന്നും തന്നെയില്ല. മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ (other backward classse) എന്നതിലെ വര്‍ഗങ്ങള്‍ (classes) എന്നത് സമുദായങ്ങളാവാമെന്ന് പ്രസിദ്ധമായ 92ലെ ഇന്ദ്രാ സാഹ്‌നി കേസിലെ സുപ്രീംകോടതി വിധി വ്യക്തമാക്കിയതാണ്. ഒരു സമുദായത്തെ മുഴുവനായും (entire community) സംവരണത്തിന് പരിഗണിക്കുന്നതിന് തടസ്സമില്ല എന്നും വിധിന്യായം വിശദമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസപരമായി ഏറെ പാരമ്പര്യമുള്ളവരും കോടീശ്വരന്‍മാരുമൊക്കെ ഉള്‍ക്കൊള്ളുന്നവരും കേരളത്തിലുടനീളം ഏറെ വൈവിധ്യം പുലര്‍ത്തുന്നവരുമായ ഈഴവ/തിയ്യ സമുദായത്തേയും, യു.പിയില്‍ യാദവ സമുദായത്തേയുമൊക്കെ ഒന്നായി കണ്ട് സംവരണം നല്‍കുന്നത് ഇത്തരത്തിലാണ്. അതേ മാനദണ്ഡം വെച്ച് ഇന്ത്യയിലെ മുസ്‌ലിംകളേയും ഒന്നായി കണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ജാതിശ്രേണിയിലെ താഴ്ന്ന നില, സമുദായത്തിലെ ഭൂരിപക്ഷത്തിന്റേയും വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കുറവ്, വ്യവസായം, കച്ചവടം തുടങ്ങിയവയിലെ പ്രാതിനിധ്യക്കുറവ് എന്നിങ്ങനെ നാല് മാനദണ്ഡങ്ങളാണ് കാക്ക കലേല്‍ക്കര്‍ കമീഷന്‍ പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് മുന്നോട്ടുവെച്ചത്. അതില്‍ ഹിന്ദു ജാതി വ്യവസ്ഥയിലെ താഴ്ന്ന അവസ്ഥയെ ഭരണകൂടത്തിന്റേയും ഭൂരിപക്ഷത്തിന്റേയും ഭാഗത്തുനിന്നുള്ള വിവേചനം എന്ന് മാറ്റിയാല്‍ ആ മാനദണ്ഡങ്ങള്‍ ഇന്ന് ഏറ്റവുമധികം ഒത്തുചേരുന്ന സമുദായം ഇന്ത്യയില്‍ മുസ്‌ലിംകളാണ് എന്ന് കണക്കുകള്‍ സഹിതം നിഷ്പ്രയാസം സ്ഥാപിക്കാന്‍ കഴിയും. പ്രത്യേകിച്ചും, തീവ്ര ഹൈന്ദവ ശക്തികളുടെ അധികാരാരോഹണത്തിന് ശേഷം വര്‍ഗ/ജാതി വ്യത്യാസമില്ലാതെ എല്ലാ മുസ്‌ലിംകളും ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങള്‍ക്കും ഭരണകൂട വിവേചനങ്ങള്‍ക്കും ഇരയാവുന്നുണ്ട് എന്ന് കൂടുതല്‍ വ്യക്തമായ സാഹചര്യത്തില്‍. കര്‍ണാടക സര്‍ക്കാര്‍ നേരത്തെ തന്നെ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ണാടകയിലെ മുസ്‌ലിംകള്‍ മുഴുവന്‍ പിന്നാക്കമാണ് എന്ന് സ്ഥാപിച്ച് അവരെ മുഴുവനായി ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്; സമാന മാതൃക കേന്ദ്രത്തിന് സ്വീകരിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നും തന്നെയില്ല.

ഇനി മുസ്‌ലിംകള്‍ക്ക് ഒ.ബി.സിക്കകത്ത് ഉപ സംവരണം നല്‍കേണ്ടതുണ്ടോ എന്നുള്ളതാണ് പരിശോധിക്കേണ്ടത്. ഒ.ബി.സിയെ ഉപവിഭാഗങ്ങളായി തിരിക്കുന്നതിന്റെ അടിസ്ഥാനം ഒ.ബി.സിക്കകത്തുതന്നെ സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ എത്താത്തവരിലേക്ക് അത് വ്യാപിപ്പിക്കുക എന്നതാണ്. സച്ചാര്‍ കമീഷനെ ഉദ്ധരിച്ച് മേല്‍ സൂചിപ്പിച്ചതുപോലെ എല്ലാ സൂചകങ്ങളിലും ഒ.ബി.സി ഹിന്ദുവിനേക്കാള്‍ വളരെയേറെ പിറകിലാണ് മുസ്‌ലിംകള്‍, അവരിലെ ഒ.ബി.സിക്കാര്‍ പ്രത്യേകിച്ചും. സച്ചാര്‍ കമ്മീഷന്‍ തന്നെ ഒ.ബി.സിയെ ഏറ്റവും പിന്നാക്ക വിഭാഗങ്ങള്‍ (most backward classes) എന്ന് കൂടെ വര്‍ഗീകരിച്ച് ഒ.ബി.സി മുസ്‌ലിംകളെ അതിലുള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സച്ചാറിനും ശേഷം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട രംഗനാഥ് മിശ്ര കമീഷന്‍ ന്യൂനപക്ഷങ്ങള്‍ക്ക്, അതില്‍ മുസ്‌ലിംകള്‍ക്ക് സവിശേഷമായി സംവരണം നല്‍കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മൊത്തം ന്യൂനപക്ഷങ്ങള്‍ക്ക് 15 ശതമാനവും അതില്‍ മുസ്‌ലിംകള്‍ക്ക് 10 ശതമാനവും സംവരണം നല്‍കണമെന്നാണ് മിശ്ര കമീഷന്‍ നിര്‍ദ്ദേശിച്ചത്. ന്യൂനപക്ഷ സംവരണത്തിന് ഭരണഘടനാ ഭേദഗതി വേണ്ടിവരും എന്നുള്ളതിനാല്‍ മിശ്ര കമ്മീഷന്‍ തന്നെ എളുപ്പത്തില്‍ അടിയന്തിരമായി നടപ്പിലാക്കാം എന്ന നിലയില്‍ ഒ.ബി.സിക്കകത്ത് ന്യൂനപക്ഷങ്ങള്‍ക്ക്-മുസ്‌ലിംകള്‍ക്ക് സവിശേഷമായും-സംവരണം നല്‍കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഥവാ ഒ.ബി.സിക്കകത്ത് മുസ്‌ലിംകള്‍ക്ക് ഉപസംവരണം നല്‍കുന്നതിന് പുതിയ പഠനങ്ങളുടേയോ കമീഷനുകളുടേയോ, ഭരണഘടനാ ഭേദഗതിയുടേയോ ആവശ്യമില്ല, മറിച്ച് നിലവിലുള്ള കമീഷന്‍ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മാത്രം മതി. നിലവില്‍ കേരള, കര്‍ണാടക സര്‍ക്കാരുകള്‍ ഒ.ബി.സിക്കകത്ത് മുസ്‌ലിംകള്‍ക്ക് ഉപസംവരണം നല്‍കുന്നുണ്ട്. കേരളത്തില്‍ ഒ.ബി.സിയെ എട്ട് വിഭാഗങ്ങളാക്കി തിരിച്ച് അതില്‍ മുസ്‌ലിംകള്‍ക്ക് 12 ശതമാനം ഉപസംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ മുസ്‌ലിംകളെ ഏറെ പിന്നാക്കം (more backward) എന്ന് തരംതിരിച്ച് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദത്തിലും മുസ്‌ലിംകളെ ഒ.ബി.സിക്കകത്ത് പ്രത്യേക വിഭാഗമായി പരിഗണിച്ച് സംവരണമേര്‍പ്പെടുത്തണം. ഒ.ബി.സി ഉപജാതി സംവരണത്തില്‍ ഏറ്റവും അടിയന്തിരമായ പരിഗണനയര്‍ഹിക്കുന്നതും ജനസംഖ്യ കൊണ്ടും പിന്നാക്കാവസ്ഥ കൊണ്ടും ഉപസംവരണത്തിനര്‍ഹതയുള്ളതും മുസ്‌ലിംകള്‍ക്കാണ്.

എത്ര ശതമാനം സംവരണം മുസ്‌ലിംകള്‍ക്കേര്‍പ്പെടുത്താം, അല്ലെങ്കില്‍ ഏര്‍പ്പെടുത്തണം എന്നതാണ് പിന്നീടുള്ള കാര്യം. മണ്ഡല്‍ കമീഷന്റെ കണക്ക് പ്രകാരം 52 ശതമാനമാണ് ഒ.ബി.സി വിഭാഗത്തിന്റെ മൊത്തം ജനസംഖ്യ; മണ്ഡലിന് ശേഷം നിരവധി സമുദായങ്ങള്‍ ഒ.ബി.സി ലിസ്റ്റിലുള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്, എന്നാല്‍ ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിടാത്തതിനാല്‍ അവരുടെ കൃത്യമായ ജനസംഖ്യ നിശ്ചയിക്കുക എളുപ്പമല്ല. സംവരണത്തിന് 50 ശതമാനം എന്ന പരിധിയുള്ളതിനാല്‍ നിലവില്‍ 27 ശതമാനമാണ് ഒ.ബി.സി സംവരണമേര്‍പ്പെടുത്തിയിട്ടുള്ളത്. 61ാം എന്‍.എസ്.എസ്.ഒ സര്‍വേ പ്രകാരം (ഇതിന്റെ കണക്കുകള്‍ മണ്ഡല്‍ അടിസ്ഥാനപ്പെടുത്തിയ 1931 സെന്‍സസുമായി വ്യത്യാസമുണ്ടാവും) മൊത്തം ഒ.ബി.സിയുടെ 15.8 ശതമാനമാണ് അതിനകത്തെ മുസ്‌ലിംകള്‍. എന്നാല്‍, ഇത് മുസ്‌ലിംകളുടെ കേവലം 39.5 ശതമാനം മാത്രമാണ് എന്നതും പരിഗണിക്കണം. അഥവാ മുസ്‌ലിം ജനസാമാന്യത്തെ മുഴുവനായി ഒ.ബി.സിക്കകത്ത് ഉള്‍ക്കൊള്ളിക്കണമെന്ന ആവശ്യത്തെ മുഖവിലക്കെടുത്താല്‍ ഒ.ബി.സിക്കകത്തെ മുസ്‌ലിംകളുടെ അനുപാതം ഇരട്ടിയിലധികമായി വര്‍ധിക്കും. അപ്രകാരം ആറുമുതല്‍ പത്തുവരെ ശതമാനം സംവരണം അവര്‍ക്ക് നിലവിലുള്ള സംവരണ വ്യവസ്ഥക്കനുസരിച്ച് തന്നെ ഏര്‍പ്പെടുത്താവുന്നതാണ്. 2012ലെ യു.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിംകള്‍ക്ക് ഒ.ബി.സിക്കകത്ത് 4.5 ശതമാനം സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. മിശ്ര കമീഷന്‍ നിലവിലുള്ള സാഹചര്യം പരിഗണിച്ച് ആറ് ശതമാനം സംവരണമാണ് മുസ്‌ലിംകള്‍ക്ക് ഒ.ബി.സിക്കകത്ത് നിര്‍ദേശിച്ചത്. എന്നാല്‍, ഈ കണക്കുകള്‍ മുസ്‌ലിംകളിലെ ജനസാമാന്യത്തെ ഒ.ബി.സിയിലുള്‍പ്പെടുത്തിയാലുണ്ടാവുന്ന അനുപാതമാറ്റത്തെ പരിഗണിക്കാതെയാണ് എന്ന് കാണാം. അതേ പോലെ 50 ശതമാനപ്പരിധി ഭേദിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഒരുമിച്ച സ്ഥിതിക്ക് ഒ.ബി.സി സംവരണത്തോത് മൊത്തമായുയര്‍ത്തി മുസ്‌ലിംകള്‍ക്ക് അവരുടെ ജനസംഖ്യാനുപാതികമായ 12-14 ശതമാനം ഉപസംവരണം ഒ.ബി.സിക്കകത്ത് ഏര്‍പ്പെടുത്താവുന്നതാണ്. ഇതിനൊന്നും തന്നെ ഭരണഘടനാ ഭേദഗതിയോ പുതിയ പഠനങ്ങളോ ആവശ്യമില്ല എന്നതാണ് യാഥാര്‍ഥ്യം. 2019 ലോക്സഭ ഇലക്ഷന് മുന്നോടിയായി ഒ.ബി.സിക്കകത്ത് മുസ്‌ലിം സംവരണമെന്ന തീര്‍ത്തും ന്യായവും അനിവാര്യവുമായ ആവശ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന, മുസ്‌ലിംകളുടെ പ്രാതിനിധ്യത്തേയും ക്ഷേമത്തേയും മുഖവിലക്കെടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊക്കെ ഉത്തരവാദിത്തമുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757