Opinion

മോദിക്കണോമിക്‌സും, അക്കൗണ്ടുകളിലെ പതിനഞ്ച് ലക്ഷവും – വിഷ്ണു.ജെ

 

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ചിന്നംവിളി മുഴങ്ങിക്കഴിഞ്ഞു. തന്ത്രങ്ങളും മറുതന്ത്രങ്ങളും തികച്ചും പ്രൊഫഷണല്‍ സ്വഭാവത്തില്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കണക്കും കൈയും നിരത്തി അഭിമുഖീകരിക്കുന്ന തെരഞ്ഞെടുപ്പ് നാളുകളാണ് വരാനിരിക്കുന്നത്. കണക്കുകള്‍ തന്നെയായിരിക്കും മുന്‍കാല തെരഞ്ഞെടുപ്പുകളേക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുക. കാരണം, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത് സാമ്പത്തിക മേഖലക്കായിരുന്നു.

ഒരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടിലേക്ക് 15 ലക്ഷം നല്‍കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം സ്വദേശത്തെത്തിച്ച് വിതരണം ചെയ്യുമെന്നായിരുന്നു മോദി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ സൗകര്യം പൂര്‍വം മറക്കുകയെന്ന പതിവ് മോദിയും ആവര്‍ത്തിച്ചു. ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് 15 ലക്ഷം എത്തിയില്ലെന്ന് മാത്രമല്ല സമാനതകളില്ലാത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്തു. 2019 തെരഞ്ഞെടുപ്പിന് ശേഷം ഏത് പാര്‍ട്ടി അധികാരത്തിലെത്തിയാലും അവര്‍ക്ക് പെട്ടന്ന് മറികടക്കാവുന്ന സാമ്പത്തിക തളര്‍ച്ചയല്ല ഇന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരിക്കുന്നത്.

കടം വര്‍ധിക്കുന്നു
മോദി ഭരണം നാലര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഇന്ത്യക്കാരനുമുള്ള കടബാധ്യത അനുദിനം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 82 ലക്ഷം കോടിയാണ് നിലവില്‍ ഇന്ത്യയുടെ കടബാധ്യത. മോദിയുടെ ഭരണകാലയളവില്‍ കടബാധ്യതയില്‍ 49 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2014 ജൂണിലെ കണക്കുപ്രകാരം 54,90,763 കോടി രൂപയുണ്ടായിരുന്ന കടമാണ് 2018ല്‍ 82,03,253 കോടിയായി വര്‍ധിച്ചത്. 48 ലക്ഷം കോടിയുണ്ടായിരുന്ന പൊതുകടം 51.7 ശതമാനം വര്‍ധിച്ച് 73 ലക്ഷം കോടിയായിട്ടുണ്ട്. ആഭ്യന്തര കടമാവട്ടെ 54 ശതമാനം വര്‍ധിച്ച് 68 ലക്ഷം കോടിയായി. നടപ്പ് സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 6.24 ലക്ഷം കോടിയാണെങ്കിലും ആദ്യത്തെ എട്ടുമാസം കൊണ്ടുതന്നെ ഇത് 114.8 ശതമാനം വര്‍ധിച്ച് 7.17 ലക്ഷം കോടിയായിട്ടുണ്ട്.

കടം വര്‍ധിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ധനകമ്മി ക്രമാതീതമായി ഉയരുന്നതിന് പൊതുകടം വര്‍ധിക്കുന്നത് കാരണമാവും. ജനുവരി അവസാനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇന്ത്യയുടെ ധനകമ്മി സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും ഉയരുകയാണ്. ഇതിനിടെയാണ് കടം വര്‍ധിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വരുന്നത്.

മോദിക്കണോമിക്‌സിന്റെ പരാജയം
സാമ്പത്തിക രംഗത്ത് നരേന്ദ്ര മോദിയെന്ന ഭരണാധികാരി പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പുറത്തുവരുന്ന കണുക്കുകള്‍ വ്യക്തമാക്കുന്നു. വിദേശ രാജ്യങ്ങളിലെ കള്ളപ്പണം ഉപയോഗിച്ച് രാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ വികസനം എന്ന ഉട്ടോപ്യന്‍ സ്വപ്നമായിരുന്നു മോദി കണ്ടത്. നടക്കില്ലെന്ന് അറിഞ്ഞിട്ടും 15 ലക്ഷമെന്ന മോഹനവാഗ്ദാനം നല്‍കുകയെന്ന സാഹസത്തിനും മോദി മുതിര്‍ന്നു. വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ മോദി പോയപ്പോള്‍ ഇന്ത്യന്‍ ബാങ്കുകളിലെ കിട്ടാകടം വര്‍ധിക്കുന്നത് സര്‍ക്കാരറിഞ്ഞില്ല. മോദി ഭരണത്തിന് കീഴിലാണ് വിജയ് മല്യയും നീരവ് മോദിയും മെഹുല്‍ ചോക്‌സിയുമെല്ലാം ഇന്ത്യ വിട്ടത്. ബാങ്കുകളിലെ കിട്ടാകടം സമ്പദ്‌വ്യവസ്ഥക്ക് സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല. ബാങ്കുകളിലെ പ്രതിസന്ധി മറികടക്കാന്‍ പ്രഖ്യാപിച്ച മൂലധന സമാഹരണത്തിനുള്ള പദ്ധതി സര്‍ക്കാരിന് പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രാജ്യത്തിനായി ചിലവഴിക്കേണ്ട പണം പൊതുമേഖല ബാങ്കുകളുടെ ധൂര്‍ത്ത് പരിഹരിക്കാനായി ഉപയോഗിക്കേണ്ടി വന്നു. ഇതുമൂലം സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയാണ്.

നോട്ടുനിരോധനവും ജി.എസ്.ടിയും തന്നെയാണ് സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാനായി പ്രഖ്യാപിച്ച നോട്ട് നിരോധനം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തന്നെ നട്ടെല്ലൊടിക്കുകയായിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ കരുത്തായിരുന്ന അസംഘടിത മേഖല പൂര്‍ണമായും തകര്‍ന്നതോടെ രാജ്യം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നോട്ടുനിരോധനം മൂലം അസംഘടിത മേഖലയിലുണ്ടായ തൊഴില്‍ നഷ്ടം ജനങ്ങളുടെ നിത്യജീവിതത്തേയും ബാധിച്ചു. സമ്പദ്‌വ്യവസ്ഥയില്‍ ക്രയവിക്രയം കുറയുന്നതിന് ഇത് കാരണമായി. ഈ തീരുമാനം മൂലം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് എട്ടില്‍ നിന്ന് 6.8 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ പല പാദങ്ങളിലും വളര്‍ച്ചാനിരക്ക് കുറഞ്ഞ് തന്നെയായിരുന്നു.

ഇതിന് പിന്നാലെയെത്തിയ ജി.എസ്.ടിയും തിരിച്ചടിയായി. ജി.എസ്.ടി വന്നതോടെ കേന്ദ്രസര്‍ക്കാരിന്റെ നികുതി പിരിവില്‍ വന്‍ കുറവുണ്ടായി. നികുതി പിരിവ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച പദ്ധതികളൊന്നും ഫലം കാണുന്നില്ല. സര്‍ക്കാരിന്റെ നികുതി വരുമാനം കുറയുന്നത് ധനകമ്മി വര്‍ധിക്കുന്നതിനുള്ള കാരണമായി. മുന്നൊരുക്കങ്ങളില്ലാതെയാണ് ജി.എസ്.ടി നടപ്പിലാക്കിയതെന്ന വിമര്‍ശനങ്ങള്‍ ആദ്യം തന്നെ ഉയര്‍ന്നിരുന്നു. ഈ രണ്ട് തീരുമാനങ്ങളും സമ്പദ്‌വ്യവസ്ഥയില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

കരകയറല്‍ എളുപ്പമാവില്ല
സമ്പദ്‌വ്യവസ്ഥയിലെ തകര്‍ച്ചയില്‍ നിന്നുള്ള കരകയറല്‍ എളുപ്പമാവില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. രാജ്യത്തെ തൊഴിലുകള്‍ വന്‍തോതില്‍ നഷ്ടപ്പെടുകയാണ്. ഏകദേശം രണ്ട് കോടിയിലേറെ തൊഴിലുകള്‍ കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ടുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വര്‍ഷംതോറും ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയെങ്കിലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതുമില്ല. പഴയത് നഷ്ടപ്പെടുകയും ചെയ്തു. തൊഴിലുകള്‍ ഇല്ലാതാവുന്നതോടെ രാജ്യം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയേയാവും അഭിമുഖീകരിക്കുക. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുക എന്നതാണ് പ്രതിസന്ധി മറികടക്കുന്നതിന് ആദ്യമായി ചെയ്യേണ്ടത്. ഇതിന് പുറമേ ധനകമ്മി കുറക്കുകയും വേണം. ബാങ്കുകളിലെ കിട്ടാകടവും ഇന്ത്യന്‍ വിപണികളില്‍ നിന്നുള്ള പണത്തിന്റെ വിദേശത്തേക്കുള്ള ഒഴുക്കും തടഞ്ഞാല്‍ മാത്രമേ ഇനി വരുന്ന സര്‍ക്കാരിന് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമെങ്കിലും കാണാന്‍ കഴിയു. പക്ഷേ, അത് അത്ര എളുപ്പമാവില്ല. 2014ലെ അവസ്ഥയിലേക്ക് സമ്പദ്‌വ്യവസ്ഥയെ എത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഇതിനെല്ലാം പുറമേയാണ് സമ്പദ്‌വ്യവസ്ഥയെ റിലയന്‍സിന് മുന്നില്‍ അടിയറവെക്കാനുള്ള നീക്കങ്ങളും നടക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കും ഡി.ടി.എച്ച് സേവനങ്ങളിലേക്കുമാണ് റിലയന്‍സ് ഇനി കടന്നുകയറാന്‍ നോക്കുന്നത്. ഇതോടെ ഒരു കോര്‍പറേറ്റ് വ്യവസായിക്ക് മുമ്പില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പൂര്‍ണമായും കീഴടങ്ങുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഒരു വ്യവസായിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന സമ്പദ് വ്യവസ്ഥ ഒട്ടും ഗുണകരമാവില്ല. മുകേഷ് അംബാനിയെ കൂടി മറികടന്നുകൊണ്ട് മാത്രമേ സമ്പദ്‌വ്യവസ്ഥയെ ശുദ്ധീകരിക്കുന്ന പ്രക്രിയക്ക് തുടക്കം കുറിക്കാന്‍ പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരിന് സാധിക്കുകയുള്ളു. അപ്പോഴും തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന മോദി പറഞ്ഞ 15 ലക്ഷം എന്ന് കിട്ടുമെന്ന ചോദ്യം ബാക്കിയാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757