interviewOpinion

കേരള ഗവണ്‍മെന്റ് ഐ.ടി നയങ്ങള്‍ തിരുത്തണം – റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ / യാസര്‍ ഖുത്തുബ്

 

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ മീഡിയകളിലെ നിറസാന്നിധ്യമാണെങ്കിലും നമുക്കറിയാത്തതും നാം ഇതുവരെ വായിച്ചിട്ടില്ലാത്തതുമായ മറ്റൊരു മുഖമുണ്ട് ആ വലിയ മനുഷ്യന്; സവിശേഷ ചര്യകളുടേതുംലളിത നിഷ്ഠകളുടേതുമായ ഒരു സ്വാത്വിക ജീവിതം. ഈ രീതിയില്‍ ഒരു മനുഷ്യന് ഇക്കാലത്ത് ജീവിക്കുക അസാധ്യമാണ്. എന്നാല്‍, അത് സാധ്യമാണെന്ന് കാണിച്ചുതരുന്ന ഒരുജീവിതമാണ് റിച്ചാര്‍ഡ് സ്റ്റാള്‍മാന്റേത്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത്, ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും അധികംവ്യക്തിപരമായ സംഭാവനകള്‍ നല്‍കിയ മനുഷ്യനാണ് സ്റ്റാള്‍മാന്‍. പക്ഷേ, വിവരസാങ്കേതിക വിദ്യയും അതിന്റെ ഗുണഫലവുമായി നാം ഗണിക്കുന്ന 99% കാര്യങ്ങളും സ്റ്റാള്‍മാന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. അദ്ദേഹം അതിനെല്ലാം എതിരാണ് എന്നറിയുമ്പോഴാണ് നാം അത്ഭുതപ്പെടുക. ‘ടെക്കി റിബല്‍’ എന്നോ ‘സാങ്കേതിക രംഗത്തെഗാന്ധിയന്‍’ എന്നോഅദ്ദേഹത്തെ വിശേഷിപ്പിക്കാം. അത്രയും ലളിതവും അനതിസാധാരണത്വവും നിറഞ്ഞതാണ് ആ ജീവിതം.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാറില്ല. ഒരൊറ്റ സോഷ്യല്‍ മീഡിയകളിലും അക്കൗണ്ട്ഇല്ല.’ആമസോണില്‍’ നിന്നും ഇതുവരെ പര്‍ച്ചെയ്‌സ് നടത്തിയിട്ടില്ല. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധങ്ങള്‍ വാങ്ങുന്ന പതിവുമില്ല. ഊബര്‍ (Uber) ടാക്‌സി ഉപയോഗിക്കാറില്ല. തമ്പ്/റെറ്റിന വെരിഫിക്കേഷന്‍ തുടങ്ങിയവ ഉള്ള സ്ഥലങ്ങളിലോ കമ്പനികളിലോ അദ്ദേഹം ഇതുവരെ പ്രവേശിച്ചിട്ടില്ല. കൊക്കോകോള ഉല്‍പന്നങ്ങള്‍ ഒന്നും ഉപയോഗിക്കാറില്ല. ടൈ ധരിക്കാറില്ല. രാവിലെ ഉറക്കം ആയതിനാല്‍ പ്രഭാത ഭക്ഷണം എന്ന പതിവില്ല. ഹോളിഡേ എന്ന കണ്‍സെപ്റ്റും ഇല്ല. ഇങ്ങിനെസവിശേഷതകള്‍ നിറഞ്ഞതാണ് ഈ അമേരിക്കക്കാരന്റെ ജീവിതം.

വിദ്യാര്‍ഥി ആയിരിക്കുന്ന കാലത്ത്, പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട് എന്‍.ഐ.ടിയില്‍ വെച്ച് റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഈ ലേഖകന്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ-കേരള സന്ദര്‍ശനം കൂടിയായിരുന്നു അത്. പിന്നീട് അദ്ദേഹം പലതവണ കേരളവും ഇന്ത്യയും സന്ദര്‍ശിച്ചു. നമുക്കെല്ലാം സുപരിചിതനായി. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. ടെക്‌നോളജിയിലും അതിന്റെ പ്രയോഗത്തിലും പല മാറ്റങ്ങളും സംഭവിച്ചു. അതേസമയം സ്റ്റാള്‍മാന്‍ പഴയ ഊര്‍ജസ്വലതയോടെ ഫണ്ടമെന്റല്‍ ചിന്തകളുമായിഇപ്പോഴും ഈ രംഗത്ത് നിലകൊള്ളുന്നു. നമുക്ക് പരിചിതമല്ലാത്ത അദ്ദേഹത്തിന്റെ വ്യക്തിജീവിതം അടുത്തറിയുക എന്നതു കൂടിയാണ് ഈ അഭിമുഖ സംഭാഷണത്തിന്റെ ഉദ്ദേശ്യം.

താങ്കള്‍ പല തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ഇവിടുത്തെ ആളുകളേയും രീതികളേയും കുറിച്ച് നന്നായി അറിയാം. ഇത്തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ എന്താണ് അനുഭവപ്പെടുന്നത്?
എനിക്ക് ജനങ്ങളോട് അല്ല പറയാനുള്ളത്. ഗവണ്‍മെന്റിനോടാണ് ഒരു കാര്യം ആവശ്യപ്പെടാനുള്ളത്. കേരള സര്‍ക്കാര്‍ സ്വതന്ത്ര സോഫ്റ്റ്വെയറുമായി വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ലിനക്‌സിന് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. കുത്തക സോഫ്റ്റ്വെയറുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാല്‍, ഈയടുത്ത് ഗവണ്‍മെന്റ് പുറത്തിറക്കിയ ഒരു ഉത്തരവുപ്രകാരം പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ വിപുലമായി ഉപയോഗിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത ശ്രദ്ധിച്ചിരുന്നു. കേരളത്തിലുള്ള പല കൂട്ടുകാരും മെയില്‍ വഴിയും മറ്റും ഇക്കാര്യം എന്നെ അറിയിക്കുകയായിരുന്നു. എന്തായാലും ഗവണ്‍മെന്റ് ഇത്തരം അനാവശ്യമായ കാര്യങ്ങളില്‍ നിന്നും പിന്തിരിയണം എന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. നമ്മുടെ സ്വാതന്ത്ര്യത്തെ ബലി കഴിക്കുകയും അതുപോലെ സാമ്പത്തികമായും കൂടുതല്‍ നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്ന ഇത്തരം ഇടപാടുകളില്‍ നിന്നും ജനകീയ സര്‍ക്കാരുകള്‍ മാറിനില്‍ക്കുകയാണ് ചെയ്യേണ്ടത്. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവരെ മുന്‍പ് കണ്ടിട്ടുണ്ട്. അവരോടെല്ലാം ഞാന്‍ ഫ്രീ സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് ഉണര്‍ത്തിയിരുന്നു. ഇന്ത്യ ഗവണ്‍മെന്റിനോടും ചില കാര്യങ്ങള്‍ ഉണര്‍ത്താനുണ്ട്.

എന്താണ് ഇന്ത്യ ഗവണ്മെന്റിനോട് പറയാനുള്ള കാര്യം?

ഈയടുത്ത് ഇന്ത്യയിലെ സുപ്രീംകോടതി ആധാറിനെതിരെ ഒരു വിധി പ്രഖ്യാപിച്ചു. വളരെ സ്വാഗതാര്‍ഹമായ കാര്യമാണ് അത്. ജനങ്ങളുടെ ഐഡന്റിറ്റിയേയും സ്വാതന്ത്ര്യത്തേയും കുരുക്കില്‍ ഇടുന്ന ഒരു അനാവശ്യ സംഭവമാണ് ആധാര്‍. ഒരു സിവിലൈസ്ഡ് ജനതക്ക് ആവശ്യമില്ലാത്ത കാര്യമാണ് സര്‍വൈലന്‍സ് (Surveillance). പൗരന്‍മാര്‍ എന്ത് ചെയ്യുന്നു, അവര്‍ എവിടെപ്പോകുന്നു എന്ന് കുറ്റവാളികളെപ്പോലെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുക എന്നത് അവരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്തലാണ്. ഇതൊരിക്കലും അനുവദിച്ച് കൊടുക്കരുത്. അതിനാല്‍ തന്നെ ഞാന്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഗവണ്‍മെന്റ് അതിനെതിരെ നില്‍ക്കരുത്. വിധിയെ അംഗീകരിക്കണം.

കോടതി വിധി ഉണ്ടെങ്കിലും ഇതിനെതിരെ ഇനിയും നിയമങ്ങള്‍ വന്നേക്കാം. മാത്രമല്ല ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുമില്ല. അപ്പോള്‍ എന്ത് ചെയ്യും?
കോടതി വിധിക്കെതിരെ ഗവണ്‍മെന്റ് ചിലപ്പോള്‍ നിയമം പാസ്സാക്കി എന്നിവരും. അതിനെതിരെ ശക്തമായ ജനകീയ കാമ്പയിന്‍ നടക്കണം. ഉത്തരവാദപ്പെട്ട മന്ത്രിമാരേയും ഡിപ്പാര്‍ട്ടുമെന്റിനേയും ജനങ്ങള്‍ നിരന്തരം ബന്ധപ്പെട്ട് തങ്ങളുടെ പ്രതിഷേധം അറിയിക്കണം. വെറും ഇലക്‌ട്രോണിക് രൂപത്തില്‍ മാത്രമാവരുത് നമ്മുടെ പ്രതികരണങ്ങള്‍. അതായത് SMS/ഇമെയില്‍ വഴിയോ മറ്റോ അയക്കുന്നവ ഒരുപക്ഷേ അധികം ശ്രദ്ധ കിട്ടണമെന്നില്ല. ആവശ്യമെങ്കില്‍ പേപ്പറും പേനയുമെടുത്ത് എഴുതി അവര്‍ക്ക് അയക്കണം. അവരുടെ ഫോണ്‍നമ്പറുകളില്‍ വിളിച്ച് നിരന്തരം ഇതിനെതിരെ പ്രതിഷേധം അറിയിക്കണം. എങ്കില്‍ ഒരുപക്ഷേ ഇലക്‌ട്രോണിക് മെസ്സേജിനേക്കാള്‍ കൂടുതല്‍ പ്രതികരണം ഉണ്ടായിരിക്കാം. പലപ്പോഴും ഇമെയിലുകള്‍ ഡംപ് ചെയ്യുന്നതിനാല്‍ അതിനു വേണ്ടത്ര പരിഗണന ലഭിക്കുകയില്ല. ഈയടുത്ത് ഞാന്‍ എന്റെ ഒരു പഴയ കൂട്ടുകാരന് പേപ്പറില്‍ എഴുതി ഒരു കത്തയച്ചത് അവന് വലിയ അത്ഭുതം സൃഷ്ടിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഇക്കാലത്ത് വലിയ പ്രതിഫലനം ഉണ്ടാകും.

താങ്കള്‍ ഇന്ത്യക്ക് വേണ്ടി ഒരു കാമ്പയിന്‍ തന്നെ ആരംഭിച്ചിരുന്നു. ‘ Don’t be tracked pay cash’ എന്ന ആ കാമ്പയിനിന്റെ ബട്ടന്‍ താങ്കള്‍ ഇപ്പോഴും ഷര്‍ട്ടില്‍ അണിയുന്നു.എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഇത്വ്യാജമായ ‘ക്യാഷ് ലെസ്’ എക്കണോമിക്കും അതിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കും എതിരെ ഉള്ള ഒരു പ്രതിരോധമാണ്. നമ്മള്‍ പര്‍ച്ചേസുകളും മറ്റു സാമ്പത്തിക ഇടപാടുകളും മുഴുവന്‍ ക്രെഡിറ്റ് കാര്‍ഡും മറ്റു വഴികളിലൂടെയുമാകുമ്പോള്‍, നമ്മുടെ ഡാറ്റയും സ്വകാര്യതയും മറ്റുള്ളവര്‍ കവരുകയാണ്. അവര്‍ നമ്മെ നിരന്തരം പിന്തുടരുന്നു. രണ്ട് ബില്യണ്‍ ആളുകളുടെ ഷോപ്പിംഗ് ഹാബിറ്റുകള്‍ മാസ്റ്റര്‍ കാര്‍ഡും ഗൂഗിളും തമ്മില്‍ പങ്കുവെക്കുന്നു. ഇനി ഓഫ് ലൈന്‍ ഷോപ്പിംഗ് ആണ് നടത്തുന്നത് എങ്കില്‍ പോലും ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ ഹിസ്റ്ററി ഉപയോഗപ്പെടുത്തി നമ്മുടെ ഷോപ്പിംഗ് ടേസ്റ്റുകള്‍ക്ക് അനുസരിച്ചുള്ള പരസ്യങ്ങള്‍ നമ്മുടെ മൊബൈല്‍/ഡെസ്‌ക്‌ടോപ് വാളുകളില്‍ കാണിക്കുന്നു. ഇത് വലിയൊരു പരസ്യ ബിസിനസ് ആണ്. അതുകൊണ്ട് ഗൂഗിള്‍ ലൊക്കേഷന്‍ ഓഫ് ചെയ്തിടുക. സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പരമാവധി കാഷ് (നോട്ടുകള്‍) ആയി തന്നെ ഉപയോഗിക്കുക. നമ്മുടെ പ്രൈവസി കാത്തുസൂക്ഷിക്കുക. ഇതാണ് ആ കാമ്പയിനിന്റെ ഉദ്ദേശ്യം. നോട്ടിന്റെ ഉപയോഗം നിലനിര്‍ത്തുക. അതിനുവേണ്ടിയാണ് ഇത്തരം ബാഡ്ജുകള്‍ ഞങ്ങള്‍ വില്‍പന നടത്തുന്നത്. അത് ബോധവല്‍കരണവും ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷനുള്ള ഒരു ഫണ്ട് റൈസിംഗ് കൂടിയുമാണ്. നിങ്ങള്‍ക്ക് ഇത്തരം ‘Don’t be tracked Pay cash’ ബട്ടണുകള്‍ വാങ്ങി, അല്ലെങ്കില്‍ പ്രാദേശികമായി ഉണ്ടാക്കി വില്‍പന നടത്താവുന്നതും ക്യാമ്പയിനില്‍ പങ്കെടുക്കാവുന്നതുമാണ്.

വിരലടയാളങ്ങള്‍, റെറ്റിന തുടങ്ങിയവ പലപ്പോഴും പല ഗവണ്‍മെന്റ് ഓഫീസുകളിലും നല്‍കേണ്ടിവരുന്നു. താങ്കള്‍ ഇത്തരം നിയമങ്ങള്‍ക്ക് എതിരാണ് എന്നറിയാം. സ്റ്റേറ്റിന്റെ നിയമങ്ങള്‍ ആകുമ്പോള്‍ ഇവ അനുസരിക്കല്‍ പൗരന്‍മാര്‍ക്ക് നിര്‍ബന്ധമായിത്തീരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യാന്‍ കഴിയുക?

അവ അനുസരിക്കാതിരിക്കുക എന്നത് തന്നെയാണ് ഇതിനുള്ള ഉത്തരം. നിയമങ്ങള്‍ ലംഘിക്കാന്‍ കൂടി ഉള്ളതാണ്. അവ ലംഘിച്ച് നാം പ്രതിഷേധിക്കണം. ഇന്ത്യക്ക് അത്തരം ഒരു വലിയ പാരമ്പര്യം തന്നെ ഉണ്ട്. ഗാന്ധിജിയുടെ സമരമുറ തന്നെ ആയിരുന്നല്ലോ അത്. നിയമ ലംഘനവും ബഹിഷ്‌കരണവും ഇക്കാലത്തും വളരെ പ്രസക്തമാണ്. കമ്പനിയില്‍ വിരലടയാള/റെറ്റിന സെക്യൂരിറ്റി തുടങ്ങിയവ ഉള്ള സ്ഥലങ്ങളിലോ കമ്പനികളിലോ ഞാന്‍ പ്രവേശിക്കാറില്ല. അത്തരം രാജ്യങ്ങളിലും പോകാറില്ല. എന്റെ സ്വാതന്ത്ര്യത്തെ അടിയറവെക്കാന്‍ ഞാന്‍ തയ്യാറല്ല. ഇങ്ങിനെ എല്ലാ മനുഷ്യരും ചിന്തിച്ചാല്‍ ഇത്തരം നിയമങ്ങള്‍ താനേ ഇല്ലാതാകും.

കോപ്പി ലെഫ്റ്റ് എന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് താങ്കള്‍. കോപ്പി റൈറ്റ് നിയമങ്ങള്‍ മാനുഷിക വിരുദ്ധമാണെന്ന് വിശ്വസിക്കുന്നു. അങ്ങിനെയാണ് ജി.പി.എല്‍ GPL (ജനറല്‍ പബ്ലിക് ലൈസന്‍സി)ന് തുടക്കം. ഫ്രീ സോഫ്റ്റ്വെയറുകള്‍ വ്യാപകമായി ജി.പി.എല്‍ ആണ് ഉപയോഗിക്കുന്നത്. ഫ്രീ സോഫ്റ്റ്വെയറിന്റെ അടിസ്ഥാനം ലളിതമായി വിശദീകരിക്കാമോ?

പലരും തെറ്റിദ്ധരിക്കുന്നത് പോലെ ഫ്രീ സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്നാല്‍ സൗജന്യം എന്ന അര്‍ഥത്തില്‍ അല്ല ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ക്കുള്ള പരമമായ സ്വാതന്ത്ര്യമാണത് ലക്ഷ്യം വെക്കുന്നത്. വിശദാംശം ഫ്രീ സോഫ്റ്റ്വെയര്‍വെബ് സൈറ്റുകളില്‍ലഭിക്കുന്നതാണ്. നാല് തരം സ്വാതന്ത്ര്യങ്ങള്‍ അടങ്ങുന്നതാണ് ഫ്രീ സോഫ്റ്റ്വെയറും ഓപ്പണ്‍ സോഫ്റ്റ്വെയറും.
ഫ്രീഡം സീറോ (Freedom 0): ഒരു പ്രോഗ്രാം റണ്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം അഥവാ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം.
ഫ്രീഡം 1(Freedom 1): ഒരു പ്രോഗ്രാമിനെ പഠിക്കാനും അത് എഡിറ്റ് ചെയ്യാനും അഥവാ മാറ്റങ്ങള്‍ വരുത്താനുമുള്ള സ്വാതന്ത്ര്യം.
ഫ്രീഡം 2(Freedom 2): അത് പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം. അതായത് നമ്മള്‍ ഫ്രീയായി മറ്റുള്ളവര്‍ക്ക് നല്‍കുക അതുമല്ലെങ്കില്‍,മാറ്റം വരുത്തി വില്‍പനക്കുള്ള സ്വാതന്ത്ര്യം എന്നിവയാണ് ഉദ്ദേശിക്കുന്നത്.
ഫ്രീഡം 3 (Freedom 3): പ്രോഗ്രാം ഇന്‍പ്രൂവ് (Improve) ചെയ്യാനുള്ള സ്വാതന്ത്ര്യം. അതായത് മുഴുവന്‍ കമ്മ്യൂണിറ്റിക്കും ഗുണപ്രദമാകുന്ന രീതിയില്‍ മോഡിഫിക്കേഷനുകള്‍ വരുത്തി പുതിയ വേര്‍ഷനുകള്‍ ഇറക്കാനുള്ള സ്വാതന്ത്ര്യം.

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ നേതൃത്വം നല്‍കിയ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ (എഫ്.എസ്.എഫ്) തത്വങ്ങളും പിന്നീട് രൂപംകൊണ്ട ഓപണ്‍സോഴ്‌സ് സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരുടേയും ഒരു അംബ്രല്ല ബോഡിയാണ്FOSS (ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍). അടിസ്ഥാന തത്വങ്ങളില്‍ ഇവരണ്ടും ഒന്നാണെങ്കിലും എഫ്.എസ്.എഫ് (FSF) സ്വീകരിച്ചിരിക്കുന്നത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ തിയറിയും ഓപണ്‍സോഴ്‌സ് രൂപീകരിച്ചിരിക്കുന്നത് OSI (ഓപ്പണ്‍സോഴ്‌സ് ഇനീഷ്യേറ്റീവ്) അനുസരിച്ചുള്ള നിര്‍വചനങ്ങളുമാണ്.

ഓപണ്‍ സോഫ്റ്റ്വെയര്‍ കമ്മ്യൂണിറ്റിയില്‍നിന്ന് താങ്കള്‍ വിട്ടുനില്‍ക്കാന്‍ കാരണം ?
എഡിറ്റിങ്ങിനും നിയന്ത്രണത്തിലും വ്യക്തികള്‍ക്ക് പരിപൂര്‍ണ അവകാശം ഉള്ളപ്പോള്‍ തന്നെ അതിന്റെ നിര്‍മാണത്തില്‍ കമ്പനികള്‍ക്കും അവകാശം നല്‍കുന്ന തരത്തിലുള്ള കുറച്ചുകൂടി എന്റര്‍പ്രൈസസ് ലെവലിലുള്ള മോഡലാണ് OSI. അവയാണ് ഇന്‍ഡസ്ട്രിയില്‍ കൂടുതലായി ഉപയോഗിക്കുന്നത്. കമ്മ്യൂണിറ്റിഎന്ന നിലയില്‍ ഞാന്‍ അവരുടെ പ്രവര്‍ത്തനങ്ങളേയും സംഭാവനകളേയും വിലമതിക്കുന്നു. പക്ഷേ, ഞാന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എഫ്.എസ്.എഫ് (FSF) ല്‍ തന്നെയാണ്. ഓപണ്‍ സോഴ്‌സുമായി എനിക്ക് നയങ്ങളില്‍ ചില വിയോജിപ്പുകള്‍ ഉണ്ട്. ഞാന്‍ എന്റെ അടിസ്ഥാന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നു.
(ഇന്ത്യയിലും ഏഷ്യയിലും അടക്കം പല ഓപണ്‍ സോഴ്‌സ് കോണ്‍ഫറന്‍സുകളുടേയും സമ്മിറ്റുകളുടേയും മുഖ്യ പ്രായോജകരും സ്‌പോണ്‍സര്‍മാരും ഇപ്പോള്‍ മൈക്രോസോഫ്റ്റ് അടക്കമുള്ളവരാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്).

കോപിറൈറ്റിന്റെ പ്രധാന പ്രശനം എന്താണ്?

കോപ്പി റൈറ്റുകള്‍ ഉള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള്‍ (Proprietary Software) ആണെങ്കില്‍ നമുക്ക് അതിന്റെ പൂര്‍ണമായ സോഴ്‌സ് കോഡ് ഒരിക്കലും ലഭിക്കുകയില്ല. അതിനുള്ളില്‍ എന്താണ് എഴുതിയിട്ടുള്ളത് എന്ന് നമുക്ക് അറിയാന്‍ കഴിയുക അസാധ്യമാണ്. അത് കമ്പനിക്ക് മാത്രമേ അറിയുകയുള്ളൂ. അതിനാല്‍ ഇത്തരം സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കുന്ന നമ്മുടെ ഉപകരണങ്ങളുടെ പൂര്‍ണമായ നിയന്ത്രണം നമ്മുടെ പക്കല്‍ ആവുകയില്ല. അഥവാ കമ്പനികള്‍ക്ക് നമ്മുടെ ഉപകരണത്തിന് മുകളില്‍ പൂര്‍ണ അധികാരമുണ്ടെന്നര്‍ഥം. മാത്രമല്ല, നിശ്ചിത കാലാവധി കഴിഞ്ഞാല്‍ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തന രഹിതമാകുന്നതിനുവേണ്ടി ഉള്ള മാല്‍വെയറുകളും ഇത്തരം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളില്‍ ഉണ്ടായിരിക്കും. അവര്‍ ലൈസന്‍സ് പുതുക്കാന്‍ നമ്മുടെകയ്യില്‍നിന്ന്വീണ്ടും പണം ഈടാക്കുന്നു. ഇതിനെല്ലാം എതിരായി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സിസ്റ്റങ്ങളില്‍ പൂര്‍ണ നിയന്ത്രണം നല്‍കുക എന്നതാണ് ഫ്രീ സോഫ്റ്റ്വെയറിന്റെ അടിസ്ഥാനം.ഒരിക്കല്‍ അത് വാങ്ങിച്ചുകഴിഞ്ഞാല്‍ അത് നമ്മുടേതാണ്. പിന്നീട് അതില്‍ മാറ്റങ്ങള്‍ വരുത്താനും, മാറ്റിയ കോഡുകള്‍ വില്‍പനക്കുള്ള അധികാരവും ഉപഭോക്താവിനാണ്.

സൗജന്യമായി ലഭിക്കുന്ന സോഫ്റ്റ്വെയറുകള്‍ക്ക് (ഫ്രീവെയറുകള്‍)എപ്പോഴുംഎതിരാണല്ലോ താങ്കള്‍. എന്തുകൊണ്ടാണത്?

തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരു ഫ്രീവെയറുകളും ആപ്പുകളും നമ്മുടെ ലാപ്‌ടോപ്പിലോ മൊബൈലിലോ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നാണ് എന്റെ പക്ഷം. കമ്പനികള്‍ ഒന്നും കാണാതെ ഉപഭോക്താവിന് ഫ്രീ നല്‍കുകയില്ല. ഇത്തരം ഫ്രീവെയറുകളുടെ ഉള്ളില്‍ എന്തെങ്കിലും Spywork അഥവാ ചാരക്കണ്ണുകള്‍ ഉണ്ടായിരിക്കും. ഏറ്റവും ചുരുങ്ങിയത് നമ്മുടെ ഡാറ്റയും നമ്മുടെ സ്വകാര്യ വിവരങ്ങളും ഇവ കമ്പനിക്ക് എത്തിച്ചുകൊടുക്കും. സ്മാര്‍ട്ട് സിറ്റി എന്നുപറഞ്ഞാല്‍ അത് സര്‍വൈലന്‍സിന്റെ ഒരു സ്‌പൈ സിറ്റിയാണ്. നമ്മള്‍ ചെയ്യുന്നത് എല്ലാം രേഖപ്പെടുത്തുന്നു. ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന ഇത്തരം സ്മാര്‍ട്ട് സിറ്റികള്‍ക്ക് ഞാന്‍ എതിരാണ്. നമ്മെ സദാ പിന്തുടര്‍ന്ന്, കുറ്റവാളികളെപ്പോലെ മുഴുസമയവും പിന്തുടര്‍ന്ന് കൊണ്ടിരിക്കുന്ന സി.സി.ടി.വിക്കും എതിരാണ്. അതിനെയും മിക്ക വേദികളിലും വെച്ച് ഞാന്‍ രൂക്ഷമായി വിമര്‍ശിക്കാറുണ്ട്.ഇവ ഭൂരിപക്ഷത്തിന്റേയും ഒരു ഡ്യൂട്ടി ബിഗ് ബ്രദറിനു നമ്മുടെ ഡാറ്റ എത്തിച്ചു കൊടുക്കുക എന്നതാണ്. ഫേസ്ബുക്, ഗൂഗിള്‍, നെറ്റ്്ഫ്‌ളിക്‌സ്, ട്വിറ്റര്‍, ആമസോണ്‍, ഊബര്‍, സ്‌കൈപ്പ്, ആപ്പിള്‍, ഇബുക്ക് തുടങ്ങിയ ഇരുപത്തിയഞ്ച് കമ്പനികളുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ എന്താണ് പ്രശ്‌നം എന്ന് എന്റെ വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് അവ വായിച്ചുനോക്കാവുന്നതാണ്. ഇവ ഒന്നും ഞാന്‍ ഉപയോഗിക്കാറില്ല.

ധാരാളം യാത്ര ചെയ്യാറുള്ള ആളാണല്ലോ. യാത്രകളിലെ പ്രത്യേക ചര്യകള്‍ എന്തൊക്കെയാണ്?

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എന്നാല്‍, യാത്രകളില്‍ വളരെ മിതത്വം പാലിക്കുന്നു. ബിസിനസ് ക്ലാസ്സുകള്‍ പൊതുവെ ഉപയോഗിക്കാറില്ല. എക്കണോമിക് ടിക്കറ്റുകളും എക്കണോമിക് ഫ്‌ളൈറ്റുകളും ആണ് ഇഷ്ടം. ട്രെയിനില്‍ പോകാവുന്ന ദൂരമാണെങ്കില്‍ ട്രെയിന്‍ തന്നെ തെരഞ്ഞെടുക്കുന്നു. വളരെ അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ചെറിയ യാത്രക്ക് വേണ്ടി വിമാനം ഉപയോഗിക്കാറുള്ളൂ. കേരളത്തില്‍ വരുമ്പോള്‍ കോഴിക്കോട് നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുമുള്ള യാത്രകളെല്ലാം ട്രെയിനില്‍ തന്നെ. അവ തന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നു, അതാണ് കൂടുതല്‍ സൗകര്യപ്രദം എന്നും കരുതുന്നു.ഇനി നഗരങ്ങളിലോ മറ്റുസ്ഥലങ്ങളിലോ പോയാലും അവിടങ്ങളില്‍ ഹോട്ടലുകളില്‍ താമസിക്കുക അപൂര്‍വമാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള കൂട്ടുകാരുടെ വീടുകളിലാണ് അന്തിയുറക്കം. എന്റെ ബാഗില്‍ എപ്പോഴും ഊതിനിറക്കാന്‍ കഴിയുന്ന ഒരു എയര്‍ബെഡ് കൂടി ഞാന്‍ കൊണ്ടുനടക്കുന്നു. കൂട്ടുകാരുടെ വീട്ടിലെത്തിയാല്‍ ആദ്യം ഇതില്‍ കാറ്റ് ഊതി നിറക്കുക എന്നതാണ് കൂട്ടുകാരനുമൊരുമിച്ചുള്ള ഒരു ജോലി. എന്നിട്ട് അതില്‍ ശാന്തമായ ഉറക്കം. ഇനി പരിപാടി നടത്തുന്നത് കോളേജുകളോ മറ്റു സ്ഥാപനങ്ങളും ആണെങ്കില്‍ അവരുടെ റൂമുകളിലും കിടക്കാന്‍ റെഡിയാണ്. വായു സഞ്ചാരമുള്ള ഒരു കൊച്ചുമുറി ആയാല്‍ മാത്രം മതി. ഹോട്ടലുകളില്‍ താമസിക്കുന്നതിനേക്കാള്‍മുന്‍ഗണന കൊടുക്കുന്നത് അതിനാണ്.

ഫോട്ടോ എടുക്കുന്നവരോടുള്ള താങ്കളുടെ ആദ്യ കണ്ടീഷന്‍, അവ സോഷ്യല്‍ മീഡിയകളില്‍ പോാസ്റ്റ് ചെയ്യരുത് എന്നാണ്. ഫോട്ടോ എടുക്കുന്നതിന് മുന്‍പ് സ്മാര്‍ട്ട് ഫോണിലെ ലൊക്കേഷന്‍ ഓഫ് ചെയ്തു ഇടണം എന്നും നിര്‍ദേശിക്കുന്നു.

എന്തുകൊണ്ടാണ് ഇത്രമാത്രം ജാഗ്രത?

ഞാന്‍ എവിടെയാണെന്നും എന്ത് ചെയ്യുന്നു എന്നും മറ്റു കമ്പനികളെ ബോധ്യപ്പെടുത്തേണ്ടതില്ല. അവര്‍ എന്നെ പിന്തുടരേണ്ട ആവശ്യവുമില്ല. എന്റെ സ്വകാര്യത പിന്തുടരാന്‍ അവര്‍ക്ക് എന്ത് അവകാശം എന്നാണ് ചോദ്യം. എന്റെ ജീവിതത്തില്‍ ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. എന്നാലും എന്റെ സ്വകാര്യത എന്നത് എന്റെ അവകാശമാണ്. അതൊരു പോരാട്ടമാണ്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ഞാന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ ചിരിയും എനിക്ക് ഇഷ്ടമല്ല.

താങ്കളെ കമ്യൂണിസം സ്വാധീനിച്ചിട്ടുണ്ടോ?

ഇല്ല ഞാന്‍ ഒരിക്കലും ഒരു കമ്യൂണിസ്റ്റ് അല്ല. അത് എന്റെ ആശയങ്ങള്‍ക്ക് എതിരാണ്.ഞാന്‍ വിശ്വസിക്കുന്നത് മനുഷ്യരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അത് നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പൗരന്മാരെ നിരന്തരം വീക്ഷിക്കുകയായിരുന്നു അഥവാ പിന്തുടരുകയായിരുന്നു സോവിയറ്റ് യൂണിയന്റെ ഒരു പ്രധാന പണി. കമ്പനികളും രാഷ്ട്രങ്ങളും പൗരന്മാര്‍ക്ക് മുകളില്‍ നടത്തുന്ന ഇത്തരം Surveillance കള്‍ക്ക് എതിരാണ് എന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. Surveillance ഇല്ലാത്ത രാജ്യമാണ് എന്റെ സ്വപ്നം.
ഇന്നത്തെ ലോകത്ത് അത് സാധ്യമാണോ? നിത്യജീവിതത്തില്‍ അത്യാവശ്യമായ പല ടെക്‌നോളജികളും ഉപയോഗിക്കുമ്പോള്‍ നമ്മുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുക സാധാരണമല്ലേ? അതിനാല്‍ ഇത്തരം തത്വങ്ങള്‍ പ്രായോഗികമാണോ?

തത്വങ്ങള്‍ അപ്രായോഗികമല്ല; പ്രായോഗികമാണ്. നമുക്ക് അതിനുള്ള ധൈര്യം ഉണ്ടോ എന്നതാണ് പ്രധാനം. നമുക്ക് അത് ആവശ്യമില്ല എന്ന് മനസ്സിലാക്കി ഉപയോഗിക്കാതിരുന്നാല്‍ പ്രശ്‌നമൊന്നുമില്ല. നമ്മുടെ കഴുത്തില്‍ മറ്റുള്ളവരുടെ ചങ്ങലകള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി ആര്‍ജവമുള്ള ജീവിതമാണ് നമുക്ക് സ്വാതന്ത്ര്യം നല്‍കുക. അതിനുവേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനങ്ങള്‍.ഞാന്‍ കൂട്ടുകാരുടെ വീടുകളില്‍ താമസിക്കുമ്പോള്‍ പോയാല്‍ അവിടെ സി.സി.ടി.വി, ഗൂഗിള്‍ ടോക്ക് തുടങ്ങിയവ ഉണ്ടെങ്കില്‍ അവിടെ നില്‍ക്കാറില്ല. ഊബര്‍ (Uber) ടാക്‌സിയില്‍ നമ്മുടെ ലൊക്കേഷന്‍ പേര് ഫോണ്‍ നമ്പര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യണം. അതിനാല്‍ അത് ഉപയോഗിക്കാന്‍ ഞാന്‍ തയ്യാറല്ല. പേരും മൊബൈല്‍ നമ്പറും ഒന്നും കൊടുക്കാതെ തന്നെ അനോണിമസ് ആയി ടാക്‌സി ഉപയോഗിക്കാനുള്ള സൗകര്യം അവര്‍ ഏര്‍പ്പെടുത്തണം. അല്ലാത്തപക്ഷം അത് നമ്മുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണ്.നാം ഒരു ബുക്ക് വായിച്ചാല്‍ ഏതുവരെ വായിച്ചു എന്ന് ആമസോണ്‍ കിന്‍ഡിലിനു മനസ്സിലാവും. ഏതെല്ലാം വായിച്ചു എന്ന ലിസ്റ്റും അവരുടെ കയ്യില്‍ കാണും. അതിനാല്‍ ഞാന്‍ അതും ഉപയോഗിക്കാറില്ല.

ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുക അവരുടെ വ്യക്തിപരമായപ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക എന്നിവയാണ് ഒരു സിവിലൈസ്ഡ് (പരിഷ്‌കൃത) ജനാധിപത്യ റിപ്പബ്ലിക് ചെയ്യേണ്ടത്.എന്നാല്‍, ലോകത്ത് മറിച്ചാണ് കാര്യങ്ങള്‍. ഭരണാധികാരികള്‍ തങ്ങളുടെ ഭരണം നിലനിര്‍ത്തുന്നതിനാണ് ഇത്തരം Surveillance കാര്യങ്ങള്‍ ചെയ്യുന്നത്.ഇന്ത്യയിലെ ആധാറിലൂടെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഗവണ്‍മെന്റും ഉദ്യോഗസ്ഥരും കൈക്കലാക്കുന്നു. അതുവഴി അവരെ നിരന്തരം പിന്തുടരുന്നു. അടുത്ത് സുപ്രീംകോടതി ആധാറിനെതിരെ ഒരു വിധി പ്രസ്താവിച്ചു. വളരെ സ്വാഗതാര്‍ഹമാണത്.അമേരിക്കയിലുംപൗരന്മാരുടെ സ്വകാര്യ ജീവിതത്തെ പിന്തുടരുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ട്.ആ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ എനിക്ക് വളരെ വിഷമവും എതിര്‍പ്പുമുണ്ട് പ്രസ്തുത പ്രവര്‍ത്തനങ്ങളോട്.ഇന്ത്യയടക്കം പലപ്പോഴും അമേരിക്കയെയാണ് പിന്തുടരുന്നത്.

ഹാക്കര്‍മാരുടെ പിതാവ് കൂടി ആയാണ് സ്റ്റാള്‍മാന്‍ അറിയപ്പെടുന്നത്.തന്നെ സമീപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇപ്പോഴും ടീഷര്‍ട്ടുകളിലുംസ്റ്റിക്കറുകളും ഓട്ടോഗ്രാഫായി ആവേശപൂര്‍വം എഴുതിക്കൊടുക്കുന്നത്’ഹാപ്പി ഹാക്കിംഗ് ‘ എന്ന വാക്യമാണ്.

ഹാക്കിങ്ങിനെ കുറിച്ചു എന്തുപറയുന്നു?

പൊളിറ്റിക്കല്‍ അഡ്വക്കസി, എത്തിക്കല്‍ ആക്‌സസ് എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.ആളുകളെ തടഞ്ഞുവെക്കുക എന്നത് അവരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റവും മനുഷ്യത്വ വിരുദ്ധവുമാണ് (crime against humanity). 1970കളില്‍ എം.ഐ.ടി ലാബില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് തന്നെ, കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ പാസ്വേഡുകള്‍ വെച്ച് പരിമിതപ്പെടുത്തുന്നതിനെതിരെ ശക്തമായി വിമര്‍ശിച്ചിരുന്നു.1977ല്‍ എം.ഐ.ടിയിലെ ലബോറട്ടറി ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് (LCS), പാസ്സ്വേര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പാസ്സ്വേര്‍ഡുകള്‍ ഡീക്രിപ്റ്റ്ചെയ്യുകയും തന്റെ സഹപ്രവര്‍ത്തകരോട് പാസ്സ്വേര്‍ഡ് ശൂന്യമാക്കി ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 20 ശതമാനത്തോളം ആളുകള്‍ അത് അനുസരിച്ചു. ഇതായിരുന്നു ഒരു സാമൂഹിക ഹാക്കിങ്ങിന് തുടക്കം. ഇത്തരം കാമ്പയിനുകള്‍ പിന്നീട് നയിച്ചിട്ടുണ്ട്. കൂടെ ലാബില്‍ ഉണ്ടായിരുന്ന അന്നത്തെ സഹപ്രവര്‍ത്തകരാണ് പിന്നീട് ലോകത്തിലെ അറിയപ്പെടുന്ന ഹാക്കര്‍മാര്‍ ആയി മാറിയത്. ഗ്രീന്‍ലബ്‌ളാട്ട്, ടോംനൈറ്റ് തുടങ്ങിയവര്‍ ഉദാഹരണമാണ്.എന്റെജീവിത കഥ കൂടി പറയുന്ന ‘ഹാക്കര്‍സ്ഡിഷ്ണറി’യില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഹാക്കിങ് നശീകരണത്തിനല്ല ഉപയോഗിക്കുന്നത്, കുത്തക വല്‍കരണത്തിന് എതിരെയാണ്.

സ്റ്റാള്‍മാന്റെ ടെക്‌നിക്കല്‍ സംഭാവനകള്‍:
കമ്പനികള്‍, രാഷ്ട്രങ്ങള്‍ തുടങ്ങിയവയുടെ Surveillance ന് എതിരെ ഒരു രാഷ്ട്രീയ റിബലിനെ പോലെ സന്ധിയില്ലാ സമരം ചെയ്യുന്ന റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പുതിയ ടെക്‌നോളജികളെ എതിര്‍ക്കുന്ന വെറുമൊരു ആക്ടിവിസ്റ്റ് അല്ല. പഴയകാലം മുതല്‍ തന്നെ സാങ്കേതിക വിദ്യകളിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങുകളിലും കോഡിങ്ങിലും അഗ്രഗണ്യനായ ഒരു ടെക്‌നോക്രാറ്റ് കൂടിയാണ്. 1971ല്‍ അമേരിക്കയിലെ എം.ഐ.ടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറിയില്‍ പ്രോഗ്രാമര്‍ ആണ്. പിന്നീട് 1974-ലാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം എടുക്കുന്നത്. 1967ല്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ ഐ.ബി.എം കമ്പ്യൂട്ടറുകളുടെ മാനുവലുകള്‍ സമ്പൂര്‍ണമായി പഠിച്ചു മനസിലാക്കിയിരുന്നു. 1970ല്‍ FORTRAN പ്രോഗ്രാം എഴുതി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വളരെ ശ്രദ്ധേയമായ ‘ഇന്റലിജന്‍സ് ബാക്ക് ട്രാക്കിംഗ് ‘ 1977ലാണ് ജേര്‍ണലില്‍പ്രസിദ്ധീകരിച്ചത്. അതനുസരിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ പലകാര്യങ്ങളും ഇപ്പോഴും നടക്കുന്നത്. വളരെ സ്‌ട്രോങ്ങ് ആയ ഒരു അല്‍ഗോരിതമായിരുന്നു അത്. കമ്പ്യൂട്ടര്‍ ലോകത്തെ ആദ്യത്തെ എക്സ്റ്റന്‍സിബ്ള്‍ എഡിറ്ററായ Emacs 1976ല്‍ സ്റ്റാള്‍മാന്‍ ആണ് ഡവലപ്പ് ചെയ്തത്. ഇത് കൂടാതെ വ്യക്തിപരമായി ധാരാളം കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ടൂളുകള്‍ അദ്ദേഹം സ്വയം നിര്‍മിച്ചിട്ടുണ്ട്. GNU Compiler Collection, GNO Symbolic Debugger (gdb) തുടങ്ങിയവ അതില്‍ ഏതാനും ചിലതാണ്.
സാധാരണഗതിയില്‍ സോഫ്റ്റ്വെയര്‍ പ്രോഗ്രാമിങ്് നടത്തുന്ന എഞ്ചിനീയര്‍മാര്‍ കുറച്ചുകാലം കഴിഞ്ഞ് അതിന്റെ ഡിസൈനിങ്ങും ആര്‍ക്കിടെക്ചറല്‍ കാര്യങ്ങള്‍ തുടങ്ങിയവയിലാണ് സാധാരണ ശ്രദ്ധിക്കാറുള്ളത്. അഥവാ എക്‌സ്പീരിയന്‍സ് ആയിക്കഴിഞ്ഞാല്‍ പൊതുവേ ആരും കോഡിങ് ചെയ്യാറില്ല എന്നര്‍ഥം. അതേസമയം സ്റ്റാള്‍മാന്റെ കാര്യം വളരെ വിഭിന്നമാണ്. അദ്ദേഹം ഇപ്പോഴും കോഡിങ്ങും ബഗ്ഫിക്‌സിംഗും (മറ്റുള്ളവര്‍ ചെയ്തതിലെ തെറ്റ് തിരുത്തലുകള്‍) ചെയ്യുന്നു. സമയം ഒരിക്കലും വെറുതെ ചെലവഴിക്കാറില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പ്രോഗ്രാമിങ്ഒരു ഹോബിയാണ്. അതിനാല്‍ ഒഴിവുസമയം ലഭിക്കുമ്പോള്‍, കമ്മ്യൂണിറ്റി അപ്‌ഡേറ്റുകളും തിരുത്തുകളും മറ്റും അറുപത് പിന്നിട്ട കാലത്തും അദ്ദേഹം ചെയ്യുന്നു. യുവാക്കളുടെ ആവേശത്തോടെ അദ്ദേഹം ഇപ്പോഴും ചെയ്യുന്നു.

കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിന് വന്നപ്പോള്‍ അദ്ദേഹത്തിന്റെബാഗില്‍ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷന്‍ ടീഷര്‍ട്ടുകളും ബാഡ്ജുകളും സ്റ്റിക്കറുകളും ഉണ്ടായിരുന്നു. അദ്ദേഹം പരിപാടിക്കിടെ അവ വില്‍പന നടത്തി. അയ്യായിരത്തില്‍ താഴെയുള്ള ചെറിയ ഒരു സംഖ്യയാണ് ഇങ്ങനെ കിട്ടിയത്. എങ്കിലും അദ്ദേഹം ആത്മാര്‍ഥതയോടെ എല്ലായിടത്തും ഇങ്ങനെ വില്‍പന നടത്തുന്നു. കൂടാതെ സ്റ്റേജില്‍വെച്ച് ലേലം വിളിയിലൂടെ മറ്റൊരു ചെറിയ തുകയും തന്റെ ഫൗണ്ടേഷന് വേണ്ടി ഫണ്ട് റൈസിംഗ് നടത്തി. ഇത് പല കാണികളിലും കൗതുകമുണര്‍ത്തി. തനിക്ക് സ്വാതന്ത്ര്യമുള്ള എല്ലാ വേദികളും അദ്ദേഹം ഇങ്ങനെ ഫ്രീ സോഫ്റ്റ്വെയര്‍ ഫൗണ്ടേഷനുവേണ്ടി ലേലം വിളിച്ച് ചെറിയ സംഖ്യകള്‍ പിരിച്ചെടുക്കാറുണ്ട്. ഇരുപത്തഞ്ചിലധികം യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഹോണററി ഡോക്ടറേറ്റും പ്രൊഫസര്‍ഷിപ്പും നല്‍കി ആദരിച്ചിട്ടുള്ള ഒരു വലിയ മനുഷ്യനാണ് 100 രൂപയുടെയും 200 രൂപയുടെയും സ്റ്റിക്കറുകളും ബാഡ്ജുകളുമായി ഒരു അവധൂതനെപ്പോലെ പരിപാടികളില്‍ കറങ്ങി നടക്കുന്നത്. കെ.എല്‍.എഫ് സംഘാടകര്‍ സമ്മാനമായി നല്‍കിയ ഉപഹാരം കൊച്ചിയിലെ സിനഗോഗിന്റെ പെയിന്റിംഗ് ആയിരുന്നു. ഒരു കൊച്ചുകുട്ടിയുടെ നിഷ്‌കളങ്കതയോടെ അദ്ദേഹം ആ പെയിന്റിംഗ് കുറച്ചുനേരം നോക്കിയിരുന്നു. അതിന് ഭാരം കൂടുതലാണെന്ന് പറഞ്ഞ് സംഘാടകരെ തിരിച്ചേല്‍പ്പിച്ചു. ബാഗില്‍ ആ സ്ഥലത്ത് വില്പനക്കുള്ള രണ്ട് ടീഷര്‍ട്ടുകള്‍ കൂടി കരുതിവെക്കാം എന്നാണ് മൊമെന്റോ ഒഴിവാക്കുന്നതിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ഇങ്ങിനെ അത്ഭുതം തീര്‍ക്കുന്ന ഒരു ജീവിതമാണത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757