editorialOpinion

പൊള്ളയായ വാഗ്ദാനങ്ങള്‍ നിറച്ച ബജറ്റുകള്‍

കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ നമ്മുടെ മുന്നിലെത്തിക്കഴിഞ്ഞു. ജനാധിപത്യ സര്‍ക്കാരിന്റെ ധനവിനിയോഗങ്ങളുടെ ധവള പത്രമായാണ് ബജറ്റുകളെ കണക്കാക്കുന്നത്. പക്ഷേ, കഴിഞ്ഞ കുറച്ച് കാലങ്ങളായി ബജറ്റുകള്‍ വെറും വാഗ്ദാന പ്രഭാഷണങ്ങളാണ്. മഹാപ്രളയത്തിന് ശേഷമുള്ള കേരള സര്‍ക്കാരിന്റെ ബജറ്റ് കാതുകൂര്‍പ്പിച്ചാകണം കേരള ജനത കേട്ടത്. കേട്ടവരെ പാടേ നിരാശരാക്കുന്ന ബജറ്റ് അവതരണമാണ് തോമസ് ഐസക് നടത്തിയത്. നവകേരളത്തെക്കുറിച്ച് യാതൊരു ഭാവനയും ബജറ്റിലില്ല. പല സന്ദര്‍ഭങ്ങളിലായി മന്ത്രിമാര്‍ പ്രഖ്യാപിച്ച ചില പുനരധിവാസ പദ്ധതികളെ നവകേരള നിര്‍മാണത്തിന്റെ ഇരുപത്തഞ്ച് പദ്ധതികളായി അവതരിപ്പിച്ചു എന്നുമാത്രം.

നികുതി ഘടനയില്‍ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ പരമാവധി വെട്ടിച്ചുരുക്കിയ ജി.എസ്.ടിക്കാലത്തും നികുതിക്കുമേല്‍ കൈവെക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തി എല്ലാറ്റിനും നികുതി വര്‍ധിപ്പിച്ചു എന്നതാണ് കേരള ബജറ്റിന്റെ മറ്റൊരു ഹൈലൈറ്റ്. നികുതി വര്‍ധിപ്പിക്കാനാവത്തതിന് പ്രളയ സെസും ഏര്‍പ്പെടുത്തി. മുന്‍കാലങ്ങളില്‍ ബജറ്റില്‍ തന്നെ നടത്തിയ വാഗ്ദാനങ്ങള്‍ പലതും പാതിവഴിയില്‍ നില്‍ക്കെ വീണ്ടും ചില വാഗ്ദാനങ്ങള്‍ നല്‍കാനും ധനമന്ത്രി മറന്നില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച അന്‍പത് കോടിയില്‍നിന്ന് ഒരു രൂപ പോലും ചിലവിടാതെ ഇപ്പോള്‍ ഇരുപത് കോടി രൂപയുടെ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ദുരന്ത ബാധിതരുടെ കണ്ണില്‍ പൊടിയിടുകയാണ്. ഇത്തരം വാഗ്ദാനങ്ങള്‍ നിരവധിയുണ്ട് ബജറ്റില്‍.

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റാകട്ടെ കോമഡി ഷോക്ക് സമാനമാണ്. അഞ്ച് പൂര്‍ണ വര്‍ഷങ്ങള്‍ ലഭിച്ചിട്ടും നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലാത്ത കാര്യങ്ങളാണ് വാഗ്ദാനം നല്‍കിയത്. കാലാവധി തീര്‍ന്ന തങ്ങളുടെ സര്‍ക്കാരിന് ഒരിക്കലും നടപ്പാക്കേണ്ടിവരാത്ത പദ്ധതികളാണ് പ്രഖ്യാപിച്ച് കൂട്ടിയിരിക്കുന്നത്. എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം ഇട്ടുകൊടുക്കുമെന്ന് മോദി പറഞ്ഞതുപോലെയുള്ള പെരുംനുണകളാണ് കേന്ദ്രബജറ്റ്. സാമ്പത്തിക മേഖലയാകെ തകര്‍ത്ത സര്‍ക്കാര്‍, വരാനിരിക്കുന്ന സര്‍ക്കാരിന്റെ പിടലിയില്‍ വെച്ചുകൊടുത്ത ബാധ്യത മാത്രമാണിത്.

കേന്ദ്രമാകട്ടെ, സംസ്ഥാനമാകട്ടെ അങ്ങേയറ്റം യാഥാര്‍ഥ്യബോധത്തോടെ കൈകാര്യം ചെയ്യേണ്ട ബജറ്റുകളെ വെറും വാഗ്ദാന പ്രസംഗങ്ങളാക്കുന്നതിനെ ചോദ്യം ചെയ്യാന്‍ പോലും നിയമ നിര്‍ണാണ സഭകളില്‍ ആളില്ല എന്നതാണ് നമ്മുടെ ജനാധിപത്യത്തിന് വന്നുഭവിച്ച ഗതികേട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757