Opinion

സംവരണ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ – ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍

‘കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മുഴുവന്‍ സ്ട്രീമിലും സംവരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് കേരളത്തിലെ പ്രമുഖ ചിന്തകരും എഴുത്തുകാരും നല്‍കിയ ഐക്യദാര്‍ഢ്യ സന്ദേശങ്ങള്‍.

സാമ്പത്തിക സംവരണം ഭരണഘടനാ തത്വത്തിന് എതിരാണ്
സണ്ണി എം കപിക്കാട്

കേരള സര്‍ക്കാരിന്റെ സംവരണ അട്ടിമറിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ വളരെ പ്രധാനപ്പെട്ട മുന്നേറ്റമായി മാറേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍, കേരളത്തിലെ ഭരണമേഖലയില്‍ സംവരണം അട്ടിമറിക്കാനുള്ള നിരവധിയായ നീക്കങ്ങള്‍ പലരൂപത്തില്‍ നടന്നുവരുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രഖ്യാപിത നയംതന്നെ സാമ്പത്തിക സംവരണമാണെന്നിരിക്കെ അതിനെതിരെ സംവരണീയ വിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന, ഭരണഘടനാ തത്വങ്ങളില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളേയും സംഘടിപ്പിച്ചുകൊണ്ടുള്ള വിശാലമായ മുന്നേറ്റമായി കേരളത്തില്‍ ഈ സമരം മാറേണ്ടതുണ്ട്. രാഷ്ട്രീയമായി മാത്രമല്ല നിയമപരമായും ഈ അനീതിയെ ചോദ്യം ചെയ്യണം. ഈ നടപടിയില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ നമ്മുടെ പോരാട്ടങ്ങള്‍ക്ക് കഴിയണം. സാമ്പത്തിക സംവരണം എന്നത് ഭരണഘടനാ തത്വത്തിന് എതിരാണ് എന്നത് മാത്രമല്ല പ്രധാനം. വര്‍ഷങ്ങളായി സംവരണം നിലനില്‍ക്കുന്നുണ്ടെങ്കിലും നാളിതുവരെ അതിനെ പലരൂപത്തില്‍ അട്ടിമറിക്കുകയും നിര്‍വീര്യമാക്കുകയും ചെയ്യുന്നതുകൊണ്ട് അതിന്റെ ഗുണഭോക്താക്കളായ സംവരണീയ വിഭാഗങ്ങള്‍ ഇപ്പോഴും പിന്നാക്കം തന്നെയാണ് എന്നതാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തെ മുന്‍നിര്‍ത്തി സംവരണത്തെ ലഘൂകരിക്കാനോ നിര്‍വീര്യമാക്കാനോ ഉള്ള എല്ലാ നീക്കങ്ങള്‍ക്കെതിരെയും നമുക്ക് ഒരുമിച്ചു പോരാടാം.

സാമൂഹ്യനീതി ഉറപ്പാക്കിയാല്‍ മാത്രമേ സാമൂഹ്യാധികാരം ഉണ്ടാവുകയുളളൂ
സി എസ് ചന്ദ്രിക

സംവരണം സംബന്ധിച്ച് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ എന്ത് വില കൊടുത്തും സംരക്ഷിച്ചേ മതിയാകൂ. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഇപ്പോഴും അധികാരത്തിലും വിഭവങ്ങളിലും വിദ്യാഭ്യാസത്തിലും തൊഴിലിലും ഒരു തരത്തിലുമുള്ള അവകാശവും നേടാന്‍ കഴിഞ്ഞിട്ടില്ല. ആ സാഹചര്യത്തില്‍ തുല്യ അവകാശവും സാമൂഹ്യനീതിയും നേടാന്‍ കഴിയാതെ പോയവരുടെ അവകാശത്തെ അട്ടിമറിക്കുന്ന രീതിയിലുള്ള സവര്‍ണ സാമ്പത്തിക സംവരണം നിയമപരമായി തന്നെ ശരിയല്ല; അതില്‍ നീതിയില്ല. നിയമപരമോ സാമൂഹ്യമായോ ഉള്ള നീതി അതിലില്ല. അതിനാല്‍ ഇത്തരം നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ തിരുത്തുക എന്നത് ഏറ്റവും വലിയ ഉത്തരവാദിത്വം ആണ്. അത് നിര്‍വഹിക്കാന്‍ നമ്മളെല്ലാം പ്രതിജ്ഞാബദ്ധരാണ്. ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ് റിസര്‍വേഷന്‍ വിത്തിന്‍ റിസര്‍വേഷന്‍. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ തുല്യനീതി അടിസ്ഥാനമാക്കിയുള്ള സംവരണത്തെ കുറിച്ചാണ് ആലോചിക്കേണ്ടത്. അല്ലാതെ മുന്നാക്കം നില്‍ക്കുന്ന ജാതി വിഭാഗങ്ങളുടെ സംവരണത്തെ കുറിച്ചല്ല. കാരണം, സാമൂഹ്യനീതി ഉറപ്പാക്കിയാല്‍ മാത്രമേ സാമൂഹ്യാധികാരം ഉണ്ടാവുകയുളളൂ.

കെ.എ.എസിന്റെ മുഴുവന്‍ സ്ട്രീമുകളിലും സംവരണം ഏര്‍പ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന സമരം തികച്ചും ഈ സമയത്ത് അനിവാര്യമാണ്. ഇന്ത്യ മുഴുവന്‍ ജാതി വിഭജിതമാണ്. ജാതി ഹിന്ദുത്വത്തിന്റെ രാഷ്ട്രീയാധിപത്യം വളരെ മേല്‍കൈ നേടിയിട്ടുള്ള ഒരു സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ മുഴുവന്‍ ഭരണതലങ്ങളിലും ജാതി ഹിന്ദുത്വത്തിന്റെ ഡോമിനേഷന്‍ വീണ്ടും ഉറപ്പിക്കാന്‍ മാത്രമാണ് സംവരണ അട്ടിമറി ഉപകരിക്കുക. അതൊരിക്കലും സംഭവിക്കാന്‍ പാടില്ല. സംവരണത്തെ രാഷ്ട്രീയമായി കാണാതിരിക്കലാണത്. ഇപ്പോള്‍ തന്നെ ഉന്നത ഉദ്യോഗങ്ങളിലും സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളിലും എത്ര ദലിതരും ആദിവാസികളും സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് ജനവിഭാഗങ്ങളും ഉണ്ട്?; വളരെ വളരെ കുറവാണ്. ഇതിന്റെ ഒരു കണക്ക് സര്‍ക്കാര്‍ പുറത്തിറക്കണം. അപ്പോള്‍ വസ്തുത അറിയാന്‍ കഴിയും. എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. എല്ലാ സംവരണവും പട്ടിക വിഭാഗങ്ങള്‍ക്കാണെന്നും ബാക്കിയുള്ളവര്‍ക്ക് ഒരവസരവും കിട്ടുന്നില്ല എന്നും. ഇത് തെറ്റായ പ്രചാരണമാണ്. ഇത് തുറന്ന് കാണിക്കാന്‍ ഒരു ഡാറ്റാബെയ്‌സ് ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരു തരത്തിലും സംവരണ നിഷേധം നടത്താന്‍ പാടില്ല. ഇത്തരം നീക്കങ്ങള്‍ പാടെ ഉപേക്ഷിച്ചേ മതിയാകൂ. കാരണം, കേരളത്തില്‍ ഒരു കീഴാള മുന്നേറ്റം നടന്നുകൊണ്ടിരിക്കുകയാണ്. സവര്‍ണ കേന്ദ്രീകരണത്തിനെതിരായ വലിയ രാഷ്ട്രീയ മുന്നേറ്റത്തിന്റെ സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ സംവരണ നിഷേധ നീക്കം സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സാമ്പത്തിക സംവരണം എന്ന സംജ്ഞ നിര്‍മിച്ചത്
ഇ.എം.സിന്റേയും മറ്റു ഇടതുപക്ഷ ബ്രഹ്മണ്യത്തിന്റേയും വക്താക്കള്‍
കെ.കെ ബാബുരാജ്

ഇന്ത്യയിലെ സാമൂഹിക ജനാധിപത്യം രൂപപ്പെട്ടിട്ടുള്ളത് വ്യത്യസ്ത ജനവിഭാഗങ്ങളുമായി ഭരണകൂടം നിലനിര്‍ത്തിയിട്ടുള്ള ചില കരാറുകളുടെ അടിസ്ഥാനത്തിലാണ്. സംവരണം പോലുള്ള ‘തുല്യത അംഗീകാര നടപടികളെ’ മേല്‍പറഞ്ഞ തരം കരാറുകളായിട്ടാണ് കാണേണ്ടത്. ദലിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായങ്ങള്‍, സ്ത്രീകള്‍, ദാരിദ്ര്യം അനുഭവിക്കുന്ന മുന്നാക്കക്കാര്‍ അടക്കമുള്ള ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും വിവിധതരത്തിലുള്ള സംവരണങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിനെ അവരുടെ അധികാരപങ്കാളിത്തവും ശാക്തീകരണവുമായി കണ്ണിചേര്‍ത്ത് കാണുന്നതിന് പകരം കേവല തൊഴില്‍ ദാന പദ്ധതിയായി ചിത്രീകരിക്കുന്നത് വരേണ്യവാദപരമാണ്.

ഇന്ത്യയില്‍ സംവരണത്തിനെതിരെയുള്ള കുരിശു യുദ്ധം തുടക്കം മുതലേ ഉണ്ട്. പുരോഗമനകാരിയായിരുന്ന നെഹ്റു മുതല്‍ തീവ്ര കമ്യൂണിസ്റ്റുകളില്‍ പലരും സംവരണത്തെ അനുകൂലിക്കാത്തവര്‍ ആയിരുന്നു. ദാരിദ്ര്യം എന്ന ഒറ്റ പ്രശ്‌നത്തിലേക്ക് സാമൂഹിക ജനാധിപത്യത്തെ വെട്ടിച്ചുരുക്കുകയായിരുന്നു ഇവര്‍ എന്ന് കാണാം. എന്നാല്‍, സംവരണത്തോടുള്ള സവര്‍ണ വിദ്വേഷത്തിന് ‘മെറിറ്റിനെ’ ആധാരമാക്കി ദൂരവ്യാപകമായ പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിട്ടത് കേരളത്തിലെ ഇ.എം.എസ് മന്ത്രിസഭയാണ്. ഇന്നത്തെ സകല പിന്തിരിപ്പന്‍മാരും പറയുന്ന സാമ്പത്തിക സംവരണം എന്ന സംജ്ഞ നിര്‍മിച്ചത് ഇവരാണ്.
ഇ.എം.സിന്റേയും മറ്റു ഇടതുപക്ഷ ബ്രഹ്മണ്യത്തിന്റേയും വക്താക്കള്‍ വരച്ച നേര്‍വരയിലൂടെ സഞ്ചരിച്ചുകൊണ്ടാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍ ദേവസ്വം നിയമനങ്ങളില്‍ സാമ്പത്തിക സംവരണവും, കെ.എ.എസ് നിയമനങ്ങളില്‍ സംവരണ നിഷേധവും നടപ്പിലാക്കുന്നത്. ഒരു വശത്ത് ഭരണഘടനാ ധാര്‍മികതയെപ്പറ്റിയും നവോത്ഥാന മൂല്യങ്ങളെപ്പറ്റിയും വാചാലരാകുന്നവര്‍ മറുവശത്ത് അതിനെതിരെ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. തീര്‍ച്ചയായും സമൂഹത്തിലെ ആഭിജാത്യ, വരേണ്യ വിഭാഗങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇത്തരം നിലപാടുകളെടുക്കുന്നത്.

അനീതിക്കെതിരെ ഒറ്റക്കെട്ടായി പോരാടണം
കടക്കല്‍ ജുനൈദ്
(ജനറല്‍ സെക്രട്ടറി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍)

ഭരണഘടനാദത്തമായ സംവരണത്തെ അട്ടിമറിക്കാനും വെള്ളം ചേര്‍ക്കാനും കാലങ്ങളായി ഒളിഞ്ഞും തെളിഞ്ഞും ഗൂഢമായ ശ്രമങ്ങള്‍ നടന്നുവരികയാണ.് എന്നാല്‍, സര്‍ക്കാര്‍ സര്‍വീസില്‍ ഐ.എ.എസുകാരെ പോലെ ഭരണം നടത്താന്‍ പുതുതായി സൃഷ്ടിക്കുന്ന കെ.എ.എസ്സില്‍ സംവരണത്തെ കശാപ്പു ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യക്ഷമായിത്തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. സാമ്പത്തിക സംവരണം നടപ്പാക്കാന്‍ വഴിയൊരുക്കുന്ന നിലപാടാണ് സി.പി.എം പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. സാമൂഹിക നീതിക്ക് വിരുദ്ധമായ നിലപാട് പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആപല്‍കരവും വേദനാജനകവുമാണ്.

കെ.എ.എസിന്റെ മൂന്ന് സ്ട്രീമുകളിലും നിയമനം നടത്തുന്നത് പി.എസ്.സി പരീക്ഷ മുഖേനയാണ് എന്നിരിക്കെ രണ്ടും മൂന്നും സ്ട്രീമുകള്‍ ബൈ ട്രാന്‍സ്ഫര്‍ കാറ്റഗറിയാക്കി ചിത്രീകരിച്ച് സംവരണം നിഷേധിക്കുന്നത് തികഞ്ഞ വഞ്ചനയാണ്. കേരളീയസമൂഹത്തെ വിഡ്ഢികള്‍ ആക്കുന്ന നടപടി കൂടിയാണിത്. ചിലരെ ചിലപ്പോഴെങ്കിലും വിഡ്ഢികളാക്കാം എങ്കിലും, എല്ലാവരേയും എല്ലായ്‌പ്പോഴും വിഡ്ഢികളാക്കാം എന്ന് വ്യാമോഹിക്കരുത.് ഒരുകാലത്ത് സി.പി.എമ്മിന്റെ പൊന്നാപുരം കോട്ടയായിരുന്ന പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ ഇന്നത്തെ ദയനീയസ്ഥിതി എങ്ങിനെയാണ് ഉണ്ടായത് എന്ന് ഏവര്‍ക്കും ബോധ്യമുള്ളതാണ്. കേരളത്തിലും പാര്‍ട്ടിയുടെ ഏറ്റവും വലിയ അടിത്തറ പിന്നാക്കവിഭാഗങ്ങള്‍ ആണെന്നത് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. ജനസംഖ്യാനുപാതികമായ കണക്കുകള്‍ പരിശോധിച്ചാല്‍ ഉദ്യോഗ-തൊഴില്‍ മേഖലകളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നത തസ്തികകളിലെ നാമമാത്രമായ പങ്കാളിത്തം കൂടി നിഷേധിക്കാന്‍ മാത്രമാണ് പുതിയ നിയമം വഴിയൊരുക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും നീതി നിഷേധവുമാണ്. സമൂഹത്തിന്റെ സമതലത്തില്‍ നിന്നും പിന്നാക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ട പതിതകോടി ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ചവിട്ടി മെതിക്കാനുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരില്‍ പ്രതിരോധത്തിന്റെ പടയണി തീര്‍ക്കേണ്ടത് അനിവാര്യമാണ്. അതിന് എല്ലാവരും യോജിച്ച നിലപാടുകള്‍ സ്വീകരിക്കണം.

സംവരണം നിഷേധിക്കുന്ന ഇടതുസര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനം
മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്.
പ്രൊഫ. ടി.ബി വിജയകുമാര്‍
വൈസ് പ്രസിഡന്റ്, അഖില കേരള എഴുത്തച്ഛന്‍ സമാജം

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ നിയമനങ്ങളില്‍ രണ്ടു സ്ട്രീമുകളില്‍ ദലിത്, ഈഴവര്‍, മുസ്‌ലിം, ലത്തീന്‍ കാത്തലിക്സ്, ഒ.ബി.സി എന്നിവര്‍ക്ക് സംവരണം നിഷേധിക്കുന്നതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് അഖില കേരള എഴുത്തച്ചന്‍ സമാജം അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. സംവരണം നിഷേധിക്കുന്ന ഇടതുസര്‍ക്കാരിന്റെ ഈ ഫാസിസ്റ്റ് സമീപനം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണ്. ഇത് സവര്‍ണ സമുദായങ്ങളെ പ്രത്യേകിച്ച് എന്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നതിനാണ്. പിന്നാക്ക ജനവിഭാഗങ്ങളുടെ വോട്ട് വാങ്ങിയെടുത്ത ശേഷം അവരോട് ചെയ്യുന്ന കൊടും ചതിയാണിത്. ഇടതുപക്ഷം ചെയ്യുന്ന സ്വയംകൃതാനര്‍ഥമാണിത്. കടുത്ത ജനാധിപത്യ വിരുദ്ധവും അധാര്‍മികവും ക്രൂരവുമായ ഈ കുറ്റകൃത്യത്തിനെതിരെ ഇച്ഛാശക്തിയോടെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങള്‍ പോരാടണം. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിന് ചരിത്രം മാപ്പ് നല്‍കില്ല.

സംവരണത്തെ തുരങ്കം വെക്കുന്ന നടപടികള്‍ സ്വീകാര്യമല്ല
അഡ്വ. സി.കെ വിദ്യാസാഗര്‍
എസ് എന്‍ ഡി പി യോഗം മുന്‍ സംസ്ഥാന പ്രസിഡണ്ട്

സംവരണ വ്യവസ്ഥകളിലൂടെ 50 ശതമാനം തസ്തികകള്‍ സംവരണ സമുദായങ്ങള്‍ക്ക് (പട്ടികജാതി-പിന്നാക്ക വിഭാഗങ്ങള്‍ക്ക്) ലഭിക്കാന്‍ നിയമവ്യവസ്ഥകള്‍ ഘനീഭവിച്ചിട്ടുള്ള കാലത്ത് അതിനെ തുരങ്കം വെക്കുന്ന നടപടികള്‍ സ്വീകാര്യമല്ല. സാമൂഹ്യനീതി തത്വശാസ്ത്രങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഈ നിലപാട് ഭൂഷണമല്ല. കെ.എ.എസ് നിയമ-ഭരണയന്ത്രത്തിന്റെ നയരൂപീകരണ മേഖലയിലേക്കുള്ള ഉദ്യോഗ നിയമനങ്ങളാണ്. ഭരണയന്ത്രത്തിന്റെ നിര്‍ണായക ചക്രങ്ങള്‍ തിരിക്കുന്ന കൈകളില്‍ ആണ് അധികാരം കുടിയിരിക്കുന്നത്. അധികാരം അധഃസ്ഥിതരിലേക്ക് എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി ഇന്നും ഇന്ത്യന്‍ സാഹചര്യത്തില്‍ വളരെ വലുതാണ്. സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്ന അനിഷേധ്യ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്, അധഃസ്ഥിതര്‍ക്ക് അധികാരപങ്കാളിത്തം ലഭ്യമാക്കാനുള്ള അവസരങ്ങള്‍ ലോപിപ്പിച്ച് കളയുന്ന നടപടികള്‍ സ്വീകാര്യമല്ല: തിരുത്തപ്പെടേണ്ടതാണ്.

സര്‍ക്കാരിന്റെ സംവരണ നിഷേധനീക്കം സവര്‍ണ ലോബിയെ തൃപ്തിപ്പെടുത്താന്‍
ഡോ. ടി.ടി ശ്രീകുമാര്‍

സംവരണത്തില്‍ വെള്ളം ചേര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രിസഭയോളം പഴക്കമുണ്ട്. ഇന്നത് വലിയൊരു സാമൂഹിക വിപത്ത് തന്നെ ആയി മാറിയിരിക്കുന്നു. പ്രത്യയശാസ്ത്രപരമായി കേരളത്തിന്റെ പൊതുബോധത്തെ സംവരണത്തിനും അതിന്റെ ഭരണഘടനാ തത്വങ്ങള്‍ക്കും എതിരായി തിരിക്കുന്നതിലാണ് മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളും ഭരണ നേതൃത്വങ്ങളും എപ്പോഴും ശ്രമിച്ചിട്ടുള്ളത്. അവര്‍ ഒരു വലിയ പരിധി വരെ ഇക്കാര്യത്തില്‍ വിജയം കണ്ടിട്ടുമുണ്ട്. ഓരോ ഘട്ടത്തിലും സംവരണത്തിന്റെ ഭരണഘടനാപരമായ അര്‍ഥത്തില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ പല കോണുകളില്‍ നിന്നായി ഉണ്ടായിട്ടുണ്ട്. നിരവധി കോടതി വ്യവഹാരങ്ങള്‍ക്ക് അത് കാരണമായിട്ടും ഉണ്ട്. എന്‍.എസ്.എസ് പോലുള്ള സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യമായി എപ്പോഴും മുന്നോട്ടുവെച്ചിട്ടുള്ളത് ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം എന്ന ആശയമാണ്. കേരളത്തിലെ ഇടതു-വലതു നേതൃത്വങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈ മുദ്രാവാക്യത്തിന് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. സമൂഹത്തില്‍ പൊതുവേ ജാതി അടിസ്ഥാനത്തിലുള്ള നീതിപൂര്‍വകമായ സംവരണ സംവിധാനം അധാര്‍മികമാണ് എന്ന കാഴ്ചപാട് മേല്‍ക്കൈ നേടുന്നത് ഈ സമീപനത്തിന്റെ ഫലമായിക്കൂടിയാണ്.

ഓരോരോ മേഖലകളിലായി സംവരണ തത്വങ്ങള്‍ അട്ടിമറിച്ചുകൊണ്ട് ക്രമേണ കേരളത്തില്‍ സംവരണം അതിന്റെ ആത്യന്തികമായ ലക്ഷ്യം നേടുന്നതില്‍ നിന്ന് തടയുക എന്ന ഗൂഢലക്ഷ്യമാണ് സംവരണ വിരുദ്ധ സവര്‍ണ ലോബിക്കുള്ളത് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ പല നീക്കങ്ങളും ഈ വഴിക്കുള്ള സവര്‍ണ ലോബിയെ തൃപ്തിപ്പെടുത്തുന്നതുമാണ്. സര്‍ക്കാരിന്റെ താല്‍പര്യം ഭരണഘടനയിലെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതല്ല, മറിച്ച് സവര്‍ണ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണഘടനയെ തന്നെ അട്ടിമറിക്കുക എന്നതാവുന്നത് ഒട്ടും ആശാസ്യമായ കാര്യമല്ല.

കേരളത്തിന്റെ പൊതുബോധത്തില്‍ ഇപ്പോള്‍ ആഴത്തില്‍ വേരുകള്‍ ഇറങ്ങിയിട്ടുള്ള സംവരണ വിരുദ്ധ പ്രത്യയശാസ്ത്രത്തോടും അതിന്റെ പിന്നിലെ പ്രേരക ശക്തികളായ രാഷ്ട്രീയ നേതൃത്വത്തോടും പൊരുതുക എന്നത് രാഷ്ട്രത്തിന്റെ മതേതര റിപബ്ലിക്കന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ജനാധിപത്യ വാദികളുടെ അടിയന്തിര കടമ ആയിരിക്കുകയാണ്. ഒരു വശത്ത് നവോത്ഥാന വാചാടോപവും മറുവശത്ത് അതിന്റെ മൂല്യങ്ങളുടേയും നീക്കിയിരുപ്പുകളുടേയും നഗ്‌നമായ നിഷേധവും എന്ന ഇരട്ടത്താപ്പാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള സമരങ്ങളില്‍ പ്രധാനമായ ഒന്നാണ് ഇപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ള സംവരണ സംരക്ഷണ സമരം. കേരളത്തിന്റെ പുതിയ സിവില്‍ സര്‍വീസ് കേഡറായ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ മൂന്ന് സ്ട്രീമുകളിലെ നിയമനങ്ങളില്‍ രണ്ട് സ്ട്രീമുകളില്‍ സംവരണം ഒഴിവാക്കുന്നത് സര്‍ക്കാര്‍ സമീപനം തുറന്നു കാട്ടുക എന്നുള്ളത് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ മുദ്രാവാക്യമാണ്. .

ഈ സമരത്തോടോപ്പം നിന്നുകൊണ്ടോ സ്വന്തം നിലയിലോ ഈ അനീതിയെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പൊതുസമൂഹം ഏറ്റെടുക്കേണ്ടതും മുന്നോട്ട് കൊണ്ടുപോകേണ്ടതും വിജയിപ്പിക്കേണ്ടതുമാണ് ഈ സമരം എന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ ഭരണ നേതൃത്വങ്ങളുടെ സംവരണ വിരുദ്ധ തുടര്‍ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് കെ.എ.എസ് നിയമനങ്ങളില്‍ പ്രയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെതിരായ സമരം ഒറ്റപ്പെട്ടതല്ല. ഭരണകൂടത്തിന്റെ സംവരണത്തിന് എതിരായ പൊതുസമീപനത്തിന്റെ രാഷ്ട്രീയമായ കാപട്യങ്ങള്‍ തുറന്നുകാട്ടുന്ന സമരം കൂടിയാണിത്. ഈ സമരം വിജയിക്കുക എന്നാല്‍ അത് ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നീതിബോധത്തിന്റെ വിജയം കൂടി ആയിരിക്കും.

മിസ്റ്റര്‍ എ.കെ ബാലന്‍, അത് ദേവസ്പര്‍ശമല്ല. അത് ഭരണഘടനാ സ്പര്‍ശമാണ്
ഒ.പി രവീന്ദ്രന്‍
ദലിത് ആക്ടിവിസ്റ്റ്, എഴുത്തുകാരന്‍

‘മിസ്റ്റര്‍ എ.കെ ബാലന്‍, അത് ദേവസ്പര്‍ശമല്ല. അത് ഭരണഘടനാ സ്പര്‍ശമാണ്.. ‘
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ശാന്തിപ്പണിക്കായി തെരഞ്ഞെടുക്കപ്പെട്ട 70 പേരില്‍ ഏഴ് പട്ടികജാതിക്കാര്‍ കടന്നുകൂടിയത് ദേവസ്പര്‍ശമായി വ്യാഖ്യാനിച്ചുകളഞ്ഞ ഒരു പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുളള നാടാണ് സമകാലിക കേരളം. എന്‍.എസ്.എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി, ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടും എന്ന മുന്‍ തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറുകയും നിയമനങ്ങള്‍ നടത്താനായി ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുകയും, ഹൈന്ദവേതര സമുദായങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ക്ക് യോഗ്യതയില്ലെന്ന് സ്ഥാപിച്ച് ഹൈന്ദവേതര സംവരണീയരുടെ 18 ശതമാനം സംവരണം എടുത്ത് 10 ശതമാനം മുന്നോക്കക്കാര്‍ക്കും മൂന്ന് ശതമാനം ഈഴവര്‍ക്കും മൂന്ന് ശതമാനം മറ്റ് പിന്നാക്കക്കാര്‍ക്കും രണ്ട് ശതമാനം പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും കൂടി നല്‍കുകയായിരുന്നു ഇടത് ജനാധിപത്യ സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ നിലവില്‍ 94 ശതമാനം പ്രാതിനിധ്യമുളള മുന്നോക്ക സമുദായങ്ങള്‍ക്ക് (ഭരണഘടനാ വിരുദ്ധമായി)10 ശതമാനം കൂടി കൂട്ടിനല്‍കിയ സര്‍ക്കാര്‍ തന്നെയാണ് 70 ല്‍ ഏഴ് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ ദേവസ്വം ശാന്തിക്കാരനായതിനെ അതേ മന്ത്രിസഭയിലെ പട്ടികജാതി വകുപ്പ് മന്ത്രിയെക്കൊണ്ട് ദേവസ്പര്‍ശം ചൊരിഞ്ഞു എന്നൊക്കെ പറഞ്ഞ് കോരിത്തരിപ്പിക്കുന്നത്. 70 ല്‍ ഏഴ് എന്നത് 10 ശതമാനം സംവരണം മാത്രമേ ആകുന്നുള്ളൂ. വര്‍ധിപ്പിച്ച രണ്ട് ശതമാനം സംവരണ പോസ്റ്റുകള്‍ പോലും ഉറപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വാസ്തവം!? മാത്രമല്ല, 70 ല്‍ ഏഴ് എന്നത് (10% സംവരണം) കേരളത്തിലെ ദലിതരുടെ ഭരണഘടനാ സ്പര്‍ശമാണ്. അത് ദേവസ്പര്‍ശമാണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ ഭരണഘടനാ ലംഘനത്തെ ന്യായീകരിക്കുന്ന വന്‍ചതികള്‍ ഒളിഞ്ഞിരിക്കുന്നു എന്നതാണ് തിരിച്ചറിയേണ്ടത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട അതേ സര്‍ക്കാര്‍ തന്നെയാണ് ദേവസ്വം നിയമനങ്ങള്‍ക്ക് പ്രത്യേക ബോര്‍ഡ് രൂപീകരിച്ചിട്ടുള്ളത്. രണ്ട് ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്ന എയ്ഡഡ് മേഖലയില്‍ പി.എസ്.സി നിയമനം നടപ്പാക്കണമെന്നും സംവരണം ഏര്‍പ്പെടുത്തണമെന്നുമുള്ള ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടക്കുകയാണ്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (രണ്ടും മൂന്നും സ്ട്രീം) സംവരണം ഒഴിവാക്കി, ദലിതരുടേയും ന്യൂനപക്ഷങ്ങളുടേയും പിന്നാക്കക്കാരുടേയും ഭരണഘടനാ അവകാശങ്ങളെ റദ്ദ് ചെയ്യുന്ന സര്‍ക്കാരിന്റെ നടപടികളേയും ഈ ചതിയുടെ ഭാഗമായി കാണേണ്ടതുണ്ട്. എന്‍.എസ്.എസിന്റേയും സംഘ്പരിവാറിന്റേയും തോളില്‍ കയ്യിട്ട്, സംവരണീയരുടെ ഭരണഘടനാ അവകാശങ്ങള്‍ക്കെതിരെയുള്ള കേരള സര്‍ക്കാരിന്റെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കേണ്ടതുണ്ട്.

ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കാന്‍ അനുവദിക്കരുത്
കെ എസ് ഹരിഹരന്‍
ആര്‍.എം.പി.ഐ ദേശീയ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം

‘കേരളത്തിലെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥ തലത്തില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന സംവരണാനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണ്. സംവരണ പ്രശ്‌നത്തില്‍ സവര്‍ണ സമുദായങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടുകളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത്. സ്വാഭാവികമായും ഭരണഘടന ഉറപ്പുനല്‍കുന്ന നല്‍കുന്ന അവകാശങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്.

റിസര്‍വേഷന്‍ ഒരു എക്‌സിറ്റാകുന്നു
സി എസ് രാജേഷ്
കവി, ആക്റ്റിവിസ്റ്റ്

‘സമാന്തരമായി ഒരു കുഴി കുഴിച്ചുചെന്നല്ലാതെ കുഴല്‍ക്കിണറില്‍ വീണ ഒരു കുട്ടിയെ എങ്ങിനെ രക്ഷിച്ചെടുക്കാമെന്നാണ്? വീണു കിടക്കുന്നത് ഈ രാജ്യത്തെ ഒരു ജനസമൂഹം തന്നെയാകുമ്പോള്‍ സംവരണമെന്നാകുന്നു ആ സമാന്തര പോംവഴിക്ക് പേര്. അത് വീഴ്ചയല്ല കൈയും കാലും കെട്ടിയിട്ടുള്ള തള്ളിയിടലാണെന്ന് തിരിച്ചറിയുന്നവരാണ് നമ്മള്‍. അതേ, റിസര്‍വേഷന്‍ ഒരു എക്‌സിറ്റാകുന്നു. എക്‌സിറ്റുമാത്രമാകുന്നു. സമുദ്രനിരപ്പിനേക്കാള്‍ താഴെ പതിച്ച ഒരു ജനത സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക ഉന്നതിയിലേക്കും അധികാര പങ്കാളിത്തത്തിലേക്കും വീണ്ടെടുക്കപ്പെടാനുള്ള പരിഹാരം. അതുകൊണ്ട് സംവരണമെന്ന സാമൂഹ്യനീതി മുദ്രാവാക്യമുയര്‍ത്തിയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ സമരത്തിന് എന്റെ വിജയാശംസകള്‍.’

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757