Opinion

മുന്നാക്ക സംവരണം; ആര്‍.എസ്.എസിന്റെ ട്രോജന്‍ കുതിരകളാകുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും – സജീദ് ഖാലിദ്

ട്രോജന്‍ കുതിരകള്‍ എന്നത് ചരിത്ര പ്രാധാന്യമുള്ള പ്രയോഗമാണ്. ഗ്രീക്കുകാര്‍ ട്രോയിക്കെതിരെ നടത്തിയ യുദ്ധത്തെയാണ് ട്രോജന്‍ യുദ്ധമായി ഗ്രീക്ക് പുരാണത്തില്‍ പറയപ്പെടുന്നത്. ട്രോയിയുടെ രാജകുമാരനായ പാരിസ്, സ്പാര്‍ട്ടയുടെ രാജാവായ മെനിലോസിന്റെ ഭാര്യ ഹെലനെ അപഹരിച്ചു കൊണ്ടുപോയതിനാലുള്ള അപമാനത്താലാണ് യുദ്ധം ആരംഭിച്ചത്. 1194-1184 ക്രി.മു ആണ് യുദ്ധം നടന്നതെന്ന് പുരാണത്തില്‍ പറയുന്നു. പത്തുവര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ ഒന്‍പതുവര്‍ഷം ഒരു വിഭാഗത്തിനും ജയിക്കാനായില്ല, പത്താമത്തെ വര്‍ഷം, ഒഡിസ്യൂസിന്റെ നിര്‍ദേശ പ്രകാരം പൊള്ളയായ കുതിരയെ നിര്‍മിച്ച് അതിനുള്ളില്‍ ഗ്രീക്ക് യോദ്ധാക്കള്‍ ഒളിച്ചിരുന്നു. ഈ കുതിരയെ അഥീനദേവിക്ക് സമര്‍പിച്ചതായി കാണിച്ച് ട്രോയിയില്‍ ഉപേക്ഷിച്ചു. പരാജിതരായെന്ന് നടിച്ച് ഗ്രീക്കുകാര്‍ പുറം കടലില്‍ ഒളിച്ചിരുന്നു. വിജയിച്ചുവെന്ന് ധരിച്ച് ട്രോയിക്കാര്‍ കുതിരയെ കോട്ടവാതില്‍ പൊളിച്ച് നഗരത്തിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോയി. രാത്രി കുതിരക്കുള്ളിലെ യോദ്ധാക്കള്‍ പുറത്തിറങ്ങി പുറം കടലില്‍ ഒളിച്ചിരുന്ന കൂട്ടാളികള്‍ക്ക് അടയാളം നല്‍കി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ ട്രോജന്‍ സേന പരാജയപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ഒറ്റ രാത്രി കൊണ്ട് തയ്യാറാക്കി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സംവരണ ബില്ലില്‍ കോണ്‍ഗ്രസും സി.പി.എം അടക്കമുള്ള ഇടതുപക്ഷവും മറ്റ് മതേതര പ്രതിപക്ഷ പാര്‍ട്ടികളും മതേതര സംരക്ഷണം എന്ന പൊള്ളയായ ട്രോജന്‍ കുതിരക്കുള്ളില്‍ പതുങ്ങിയിരിക്കുകയായിരുന്നു. സമയവും സന്ദര്‍ഭവും ഒത്തുവന്നപ്പോള്‍ ആര്‍.എസ്.എസിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഇവരുടെ യോദ്ധാക്കാള്‍ കുതിരിക്കുള്ളില്‍ നിന്ന് പുറത്തു ചാടി. ഭരണഘടനയേയും രാജ്യത്തെ സാമൂഹ്യ നീതിയേയും ആര്‍.എസ്.എസ് താത്പര്യത്തിന് വേണ്ടി പരാജയപ്പെടുത്തി. അല്ലെങ്കിലും സംവരണം, സാമൂഹ്യ നീതി, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗങ്ങള്‍ എന്നൊക്കെ കേള്‍ക്കുന്നത് അരോചകമാണ് ഇവിടെയുള്ള ഒട്ടുമിക്ക പാര്‍ട്ടികള്‍ക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് ജാതിയില്ല എന്ന പ്രയോഗമാണ് മിക്ക പാര്‍ട്ടികളും നടത്താറുള്ളത്. അല്ലെങ്കില്‍ ഒരു സി.പി.എമ്മുകാരനോട് പോളിറ്റ് ബ്യൂറോയില്‍ എന്തുകൊണ്ട് ദലിതരില്ല എന്ന ചോദ്യം ചോദിച്ചു നോക്കൂ. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി എന്തുകൊണ്ട് ദലിതര്‍ വരാറില്ല എന്ന ചോദ്യം ഉയര്‍ത്തി നോക്കൂ. നമുക്ക് ജാതിയില്ല എന്ന റെഡിമെയ്ഡ് ഉത്തരം നാമജപം പോലെ ഉരുവിടും. സി.പി.എം അടക്കമുള്ള മതേതര പാര്‍ട്ടികളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ജാതിമത പരിഗണനകള്‍ക്കതീതമായാണ് നിയമനങ്ങളെങ്കില്‍ എന്തുകൊണ്ടാണ് ഒരിക്കലും ദലിതരാരും വരാത്തത്. ആപാര്‍ട്ടിയിലെ അംഗങ്ങളുടെ അനുപാതം പരിശോധിച്ചാല്‍ ദലിതരും ഒ.ബി.സികളുമായിരിക്കുമല്ലോ കൂടുതല്‍. നേതാക്കളുടെ അനുപാതം പരിശോധിച്ചോളൂ. തലകുത്തനേ മറിച്ചിട്ട സ്ഥിതിയാണ്.

സി.പി.എമ്മിലെ മാത്രം പ്രശ്നമാണ് ഇതെന്നു പറയാനാവില്ല. ഇക്കഴിഞ്ഞ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം പരിശോധിച്ചോളൂ. എത്ര ശതമാനമാണ് ഇവിടങ്ങളിലെ മുസ്‌ലിം ക്രിസ്ത്യന്‍ പ്രാതിനിധ്യം സംസ്ഥാന അസംബ്ലിയിലുണ്ടായിട്ടുള്ളത്. തെലങ്കാന മാത്രമാണ് ഏതാണ്ട് ജനസംഖ്യാനുപാതികമായി മുസ്‌ലിംകള്‍ നിയമസഭയിലുള്ളത്. അതുതന്നെ മജിലിസിനെപ്പോലെയുള്ള സാമുദായിക അജണ്ട ഉയര്‍ത്തുന്ന പാര്‍ട്ടി ഉള്ളതുകൊണ്ടാണ്. പേരിനും പൊടിപ്പിനും പുട്ടിന് തേങ്ങാ എന്ന പോല മതേതരത്വം പറയുന്ന പാര്‍ട്ടികള്‍ കാര്യത്തോടടുക്കുമ്പോള്‍ മത ന്യൂനപക്ഷങ്ങളോടും പിന്നാക്ക സമുദായങ്ങളോടും കാട്ടുന്ന സമീപനം ഇതാണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നീക്കത്തെ കാണാന്‍. ജാതിബദ്ധമായ സമൂഹത്തില്‍ ഭരണഘടനാപരമായി തുല്യനീതി ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയായാണ് സംവരണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അംബേദ്കറടക്കമുള്ള ഭരണഘടനാ ശില്‍പികള്‍ ലക്ഷ്യം വച്ചത്്. സംവരണത്തിന്റെ സാമ്പ്രദായിക തത്വങ്ങളെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കുകൂടി സംവരണം എന്നത് പിന്നീട് ഭരണഘടന അംഗീകരിച്ചു. പിന്നീട് മണ്ഡല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവരണം പിന്നാക്കവിഭാഗങ്ങള്‍ക്കുകൂടി വ്യാപിപ്പിച്ചു. സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും (ഭരണഘടന ആര്‍ട്ടിക്കിള്‍ 15(4)) സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഇല്ലാത്തവര്‍ക്ക് (ഭരണഘടന ആര്‍ട്ടിക്കിള്‍ 16(4)), സാമൂഹ്യ അനീതികളില്‍ നിന്നും എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ട ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഭരണഘടന ആര്‍ട്ടിക്കിള്‍ 46) എന്നിങ്ങനെയാണ് ഭരണഘടനാ പ്രകാരമുള്ള സംവരണം. 1992ലെ ഇന്ദ്രാ സാനി കേസിന്റെ വിധിയെ തുടര്‍ന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് സാമ്പത്തിക സംവരണ വാദത്തെ തള്ളി. പക്ഷേ, സംവരണം ലഭിക്കേണ്ടുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ ക്രീമിലെയറിനെ സംവരണ പരിധിയില്‍ നിന്നൊഴിവാക്കി. അതായത് പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയതാണ് സംവരണം.

നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മുന്നാക്ക സംവരണ ബില്‍ ആ അര്‍ഥത്തില്‍ നില നില്‍ക്കുന്നതല്ല. ഒരു തസ്തികയില്‍ സംവരണം നടപ്പാക്കുമ്പോള്‍ 50 ശതമാനത്തിലധികം സംവരണം പാടില്ല എന്ന പൊതു തത്വത്തെ നേരത്തേ തന്നെ പല സംസ്ഥാനങ്ങളും മറികടന്നിട്ടുണ്ട്. ആ നിലക്കാണ് നിലവിലെ 50 ശതമാനം സംവരണം നിലനിര്‍ത്തിക്കൊണ്ട് മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് പത്തു ശതമാനം സംവരണം എന്ന ആശയം മോദി സര്‍ക്കാര്‍ ബില്ലിലൂടെ കൊണ്ടു വരുന്നത്. നിലവിലെ സംവരണത്തിന് തടസ്സമാകുന്നില്ല എന്നും സംവരണ സമുദായങ്ങള്‍ക്ക് നഷ്ടമുണ്ടാകുന്നില്ല എന്നും വാദിക്കുന്നു. എന്നാല്‍, വസ്തുത അതല്ല. രാജ്യത്ത് സംവരണ സമുദായങ്ങള്‍ 85 ശതമാനത്തിലധികം വരും. അവര്‍ക്കാകെ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നത് 50 ശതമാനം തസ്തികകളിലാണ്. അതില്‍ തന്നെ സംവരണ അട്ടിമറിമൂലം വലിയ തോതിലുള്ള ബാക്ക് ലോഗ് നില നില്‍ക്കുന്നുണ്ട്. ഇതിന്റെ വ്യക്തമായ കണക്കുകള്‍ ഒരിക്കലും ഒരു സര്‍ക്കാരും പുറത്തുപറയുന്നില്ല. അവശേഷിച്ച 50 ശതമാനം ജനറല്‍ മെറിറ്റാണ്. എല്ലാവര്‍ക്കും-സംവരണ സമുദായങ്ങള്‍ക്കും സംവരണമില്ലാത്തവര്‍ക്കും-ഓരേപോലെ അവകാശപ്പെട്ടതാണ്. അതില്‍ നിന്നാണ് 10 ശതമാനം മുന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമായി മാറ്റുന്നത്. മത്സരിച്ച് മുന്നിലെത്താനുള്ള സംവരണ സമുദായങ്ങളുടെ അവകാശത്തിലെ പത്തു ശതമാനമാണ് ഇല്ലാതാക്കുന്നത്. സംവരണ സമുദായങ്ങളുടെ അവസരം ഇല്ലാതാകുന്നില്ല എന്നാരെങ്കിലും പറഞ്ഞാല്‍ അതിനര്‍ഥം സംവരണമില്ലാത്ത സ്ഥലങ്ങളില്‍ സംവരണ സമുദായത്തിലെ അംഗങ്ങള്‍ക്ക് പ്രവേശനമേ ഇല്ല എന്ന് വ്യംഗ്യമായി പ്രഖ്യാപിക്കുന്നു എന്നതാണ്. ഇന്ത്യയിലെ അനുഭവം അതാണ്. റിസര്‍വേഷന്‍ ഇല്ല എന്നതിനര്‍ഥം 100 ശതമാനം മുന്നാക്കക്കാര്‍ക്കായി സംവരണം ചെയ്യപ്പെട്ടു എന്നതാണ്.

രാജ്യത്തെ സാമൂഹ്യ വിവേചനത്തിന് കാരണം ജാതി തന്നെയാണ്. ഉന്നത തസ്തികകളില്‍ നിന്ന് ദലിത് ഉദ്യോഗസ്ഥര്‍ റിട്ട. ചെയ്യുമ്പോള്‍ അവരുടെ സീറ്റുകള്‍ പുണ്യാഹം തളിച്ച് ശുദ്ധീകരിക്കുന്ന അയിത്താചരണം കേരളമടക്കം രാജ്യത്ത് പല ഭാഗത്തുമുള്ളത് പരസ്യമായ രഹസ്യമാണ്. പട്ടാളക്കാരന്റെ പിതാവായ മുഹമ്മദ് അഖ്ലാഖ് കൊല ചെയ്യപ്പെട്ടത് ദരിദ്രനായതുകൊണ്ടല്ല. അദ്ദേഹം സാമൂഹ്യ വിവേചനം കല്‍പിക്കപ്പെട്ട സമൂഹത്തില്‍ ജനിച്ചു എന്നതിനാലാണ്. രാജ്യത്ത് സാമ്പത്തിക സംവരണ വാദികള്‍ മറക്കുന്നത് ഈ വസ്തുതയെയാണ്. സാമ്പത്തിക സംവരണ വാദം ഉയര്‍ത്തുന്നത് ആര്‍.എസ്.എസ് ആണ്. അവര്‍ ആ ന്യായം ഉയര്‍ത്തുന്നതിന്റെ കാരണം വ്യക്തമാണ്. രാജ്യത്ത് സവര്‍ണ വരേണ്യ ആധിപത്യം ഒരിക്കലും അവസാനിക്കരുത് എന്നതാണ് അവരുടെ ഉദ്ദേശ്യം. അതിനപ്പുറം ദലിതുകള്‍ അടിമകളായിരിക്കണമെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന മതന്യൂന പക്ഷങ്ങള്‍ പൗരത്വം ഇല്ലാത്ത ബഹിഷ്‌കൃതരാകണം എന്നതും അവരുടെ പരസ്യ അജണ്ടയാണ്. അത്തരമൊരു അജണ്ടയുള്ളവര്‍ കൊണ്ടുനടക്കുന്ന സാമ്പത്തിക സംവരണ വാദത്തെ ഇടതുപക്ഷവും കോണ്‍ഗ്രസും പിന്തുണക്കുന്നു എന്നതിലാണ് വലിയ അപകടമുള്ളത്.


സി.പി.എമ്മിന്റെ എക്കാലത്തേയും നിലപാട് സാമ്പത്തിക സംവരണം എന്നതായിരുന്നു. രാജ്യത്ത് മണ്ഡല്‍ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്ന 1980 കളുടെ അവസാന നാളുകളില്‍ ഒരിക്കല്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ വേദിയില്‍ നിന്ന് തൊട്ടടുത്തു കാണുന്ന എലൈറ്റ് ഹോട്ടലിനെ നോക്കി ഇ.എം.എസ് നടത്തിയ പ്രസംഗം സി.പി.എമ്മിന്റെ താത്പര്യം വക്തമാക്കുന്നതാണ്. എലൈറ്റ് ഹോട്ടലുടമ മുസ്‌ലിമാണെന്നും അയാള്‍ സംവരണമുള്ള വിഭാഗത്തിലാണെന്നും ഹോട്ടലിലെ പാചകക്കാരന്‍ ഒരു നായരാണെന്നും അയാള്‍ സംവരണമില്ലാത്ത വിഭാഗത്തിലാണെന്നും ആണ് ഇ.എം.എസ് പറഞ്ഞത്. അധികാര പങ്കാളിത്തത്തിനുള്ള, സാമൂഹ്യനീതിക്കായുള്ള ഭരണഘടനാ ടൂളിനെ ദരിദ്രര്‍ക്ക് ജോലി നല്‍കുന്ന ഏര്‍പ്പാടാക്കണമെന്ന് എത്ര ലാഘവത്തോടെയാണ് അന്നത്തെ സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ് പറഞ്ഞ് പോയത്.

കേരളത്തില്‍ 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് കണ്ടത്. അതില്‍ സുപ്രധാനമായിരുന്നു ദേവസ്വം നിയമനങ്ങളിലെ മുന്നാക്ക സംവരണം. ആ തിരുമാനമെടുത്ത ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മോദി സര്‍ക്കാരിനോട് ഒരു വെല്ലുവിളി നടത്തിയിരുന്നു. മുന്നാക്കക്കാര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു ആ വെല്ലുവിളി. എത്ര അനായാസമാണ് കൊടിയേരി ആര്‍.എസ്.എസ് നിലപാട് ആര്‍.എസ്.എസ് നടത്തണമെന്ന് വെല്ലു വിളിച്ചത്. കേരളത്തിലെ പുതിയ സിവില്‍ സര്‍വീസായ കെ.എ.എസില്‍ മൂന്നില്‍ രണ്ടുഭാഗം സംവരണതത്വമില്ലാതെ നടപ്പാക്കാന്‍ തീരുമാനിച്ച പിണറായി വിജയന് മോദി സര്‍ക്കാരിന്റെ മുന്നാക്ക സംവരണത്തെ തുള്ളിച്ചാടി സ്വാഗതം ചെയ്യാതിരിക്കാനാവില്ലല്ലോ.

കോണ്‍ഗ്രസിന്റേയും ബി.എസ്.പിയുടേയുമൊക്കെ നിലപാട് കാണുമ്പോള്‍ ആര്‍.എസ്.എസിന്റെ കുഴിയില്‍ അവര്‍ വീണു എന്നു വ്യക്തമാകും. ഇരുതല മൂര്‍ച്ചയുള്ള വാളായാണ് ബി.ജെ.പി മുന്നാക്ക സംവരണ ബില്ല് കൊണ്ടുവന്നത്. ഭരണഘടനാ ഭേദഗതിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. പ്രതിപക്ഷം എതിര്‍ത്താല്‍ പാസാകില്ല. പാസായില്ലെങ്കില്‍ മുന്നാക്കക്കാര്‍ക്ക് വേണ്ടി പടനയിച്ച ധീര രക്തസാക്ഷിയാകാം. പാസായാല്‍ ജേതാക്കളാകാം. രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പി പരാജയപ്പെടാനുള്ള കാരണം മുന്നാക്ക വോട്ടില്‍ വന്ന വിള്ളല്‍ കൂടിയാണ്. അത് തിരിച്ചുപിടിക്കാന്‍ ഇതിനേക്കാള്‍ വലിയ ഉപാധിയില്ല. ദിലിത് ഒ.ബി.സി വിഭാഗങ്ങളെ നിസാരമായി കൂടെ നിര്‍ത്താനാകും എന്നത് അവരെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ആ കുഴിയിലാണ് രാജ്യത്തെ കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ വീണത്. രാജ്യത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വി.പി.സിംഗ് മുന്നോട്ട് വന്നപ്പോള്‍ റിപ്പോര്‍ട്ടിനെ നിരുപാധികം പിന്താങ്ങിയ രണ്ടു പാര്‍ട്ടികള്‍ സി.പി.ഐയും ജനതാദളുമാണ്. ക്രീമിലെയര്‍ വാദത്തെയും സി.പി.ഐ ശക്തമായി എതിര്‍ത്തു. സാമുദായിക സംവരണത്തില്‍ ഒരു തരത്തിലും വെള്ളം ചേര്‍ക്കാന്‍ പാടില്ല എന്ന നിലപാടായിരുന്നു സി.പി.ഐയുടേത്. പക്ഷേ, സി.പി.ഐയുടെ ഏക അംഗത്തിന് (കേരളത്തില്‍ നിന്നുള്ള സി.എന്‍ ജയദേവനാണ് ലോക്സഭയിലെ ഏക സി.പി.ഐ അംഗം) ആര്‍.എസ്.എസ് താത്പര്യത്തിനായി കൊണ്ടുവന്ന ബില്ലിനെ എതിര്‍ക്കാനായില്ല എന്ന ചരിത്ര ദുരന്തത്തിനും സാക്ഷ്യം വഹിച്ചു. ബില്ലിനെ എതിര്‍ത്തത് മുസ്‌ലിം ലീഗിലെ രണ്ട് എം.പിമാരായ ഇ.ടി ബഷീറും കുഞ്ഞാലിക്കുട്ടിയും എ.ഐ.എം.എ അംഗം അസദുദ്ദീന്‍ ഉവൈസിയും മാത്രമാണ്.

ആര്‍.എസ്.എസിനെ യുദ്ധത്തില്‍ വിജയിപ്പാക്കനുള്ള ട്രോജന്‍ കുതിരയാകുകയാണ് കോണ്‍ഗ്രസും ഇടതുപക്ഷവും രാജ്യത്തെ മറ്റ് മതേതര പാര്‍ട്ടികളും. പൊള്ളയായ അവരുടെ ഉള്ളില്‍ ആര്‍.എസ്.എസ് പോരാളികള്‍ പതുങ്ങിയിരിക്കുന്നു. മതേതര ശക്തികള്‍ ആര്‍.എസ്.എസിനെ പരാജയപ്പെടുത്തും എന്ന നില വന്നപ്പോള്‍ ട്രോജന്‍ കുതിരക്കുള്ളില്‍ മറഞ്ഞിരുന്ന ഒളിയുദ്ധക്കാര്‍ പുറത്തു വന്നു. കേവലം മുന്നാക്ക സംവരണം എന്നതിനല്ല രാജ്യത്തിലെ ഭരണഘടനയെ ഘട്ടം ഘട്ടമായി ദുര്‍ബലപ്പെടുത്തുക എന്നതിനാണ് കോണ്‍ഗ്രസും സി.പി.മ്മും ജനുവരി എട്ടിന് പാര്‍ലമെന്റില്‍ കയ്യൊപ്പ് ചാര്‍ത്തിയത്. ഒപ്പം മതേതര ജനാധിപത്യ പാര്‍ട്ടികള്‍ എന്ന നിലയില്‍ നിന്നുള്ള ഇവരുടെ മരണ വാറണ്ടിലും.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757