Opinion

മുന്നാക്ക സംവരണം; മോദിയുടെ തെരഞ്ഞെടുപ്പ് പൂര്‍വ സര്‍ജിക്കല്‍ സ്‌ട്രൈക്ക് – എസ്.എ അജിംസ്

ഇതെഴുതാനിരിക്കുമ്പോാള്‍ മോദി തന്റെ തെരഞ്ഞെടുപ്പ് പൂര്‍വ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലെ പ്രഖ്യാപിച്ച മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്കുള്ള പത്തു ശതമാനം സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിട്ടുണ്ട്. കോണ്‍ഗ്രസും സി.പി.എമ്മും സഭയില്‍ ബില്ലിനെ അനുകൂലിച്ചു. മൂന്നംഗങ്ങള്‍ മാത്രമാണ് എതിര്‍ത്തത്. അസദുദ്ദീന്‍ ഉവൈസിയും കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും. എ.ഐ.ഡി.എം.കെ ഇറങ്ങിപ്പോയി. രാജ്യസഭയിലും ബില്ല് പാസാകുമെന്നുറപ്പായി. ബില്ലിന്റെ നിയമസാധുത സുപ്രീം കോടതിയുടെ കൂടി റിവ്യൂവിന് ബാധകമാണ്. സംവരണ പരിധി അന്‍പത് ശതമാനത്തില്‍ താഴെ മാത്രമേ പാടുള്ളൂവെന്ന സുപ്രീം കോടതിയുടെ മുന്‍ കാല വിധി തിരുത്തണം. എന്നാല്‍, അത് ഈ ഭരണഘടനാ ഭേദഗതിക്ക് ബാധകമല്ലെന്നും സാമുദായികാടിസ്ഥാനത്തിലുള്ള സംവരണത്തിനേ അത് ബാധകമാവൂ എന്നുമാണ് അരുണ്‍ ജെയ്റ്റ്ലി ലോക്‌സഭയില്‍ പറഞ്ഞത്. അതായത്, ഇത് സാമ്പത്തിക സംവരണമാണെന്ന്. ബില്ല് അവതരിപ്പിച്ച സാമൂഹ്യ നീതി മന്ത്രി താവര്‍ചന്ദ് ഗഹലോത്ത് പറഞ്ഞത് സുപ്രീം കോടതി ഇത് അംഗീകരിക്കുമെന്നുറപ്പുണ്ടെന്നാണ്.

മോദി ഈ സംവരണ നീക്കം പ്രഖ്യാപിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒറ്റക്കെട്ടായി ഇത് ഒരു തെരഞ്ഞെടുപ്പ് ജുംലയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുന്നാക്ക സംവരണം എന്ന ആശയത്തെ തള്ളിക്കളഞ്ഞത് ദ്രാവിഡ മുന്നേറ്റ കഴകം മാത്രമാണ്. അവര്‍ക്കാകട്ടെ ലോക്‌സഭയില്‍ പ്രാതിനിധ്യമില്ല. രാജ്യസഭയില്‍ അഞ്ചംഗങ്ങള്‍ മാത്രവും. ദലിത്-ബഹുജന്‍ രാഷ്ട്രീയമുയര്‍ത്തി പിടിക്കുന്ന മായാവതിയും സമാജ്‌വാദി പാര്‍ട്ടിയും മുന്‍പേ ഈ നീക്കത്തെ പിന്തുണച്ചവരാണ്. മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയാല്‍ പിന്തുണക്കുമെന്ന് മായാവതി കഴിഞ്ഞ ആഗസ്തില്‍ എന്‍.ഡി.എയെ അറിയിച്ചിരുന്നു. എസ്പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു ഇത്.

എന്നാല്‍, തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന മുസ്‌ലിം ലീഗിന്റെ രണ്ട് എം.പിമാരും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. അസദുദ്ദീന്‍ ഉവൈസി ബില്ലിനെ എതിര്‍ത്ത് ലോക്‌സഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമായി. സാമൂഹ്യനീതിയേയും ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം എന്ന ആശയത്തേയും വഞ്ചിക്കുന്നതാണ് ബില്ലെന്ന് ഉവൈസി സഭയില്‍ തുറന്നടിച്ചു. എ.ഐ.ഡി.എം.കെ വോട്ട് ചെയ്യാതെ സഭയില്‍ നിന്നിറങ്ങിപ്പോയി. താത്വികമായി മുന്നാക്ക സംവരണത്തെ എതിര്‍ത്തായിരുന്നില്ല ഇറങ്ങിപ്പോക്ക്. മോദി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം എല്ലാവര്‍ക്കും കിട്ടിയാല്‍ ഈ സംവരണത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോയെന്നായിരുന്നു അവരുടെ ന്യായം. ലല്ലുപ്രസാദ് യാദവിനും സമാജ് വാദി പാര്‍ട്ടിക്കും ലോക്‌സഭയില്‍ അംഗങ്ങളുണ്ടായിരുന്നു. അവരാരും എതിര്‍ത്ത് വോട്ടു ചെയ്തില്ല.

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ എന്ന പ്രയോഗം തന്നെ ഒരു ഓക്‌സിമോറോണ്‍ (വിരുദ്ധോക്തി) ആണ്. തണുത്ത ചൂടുവെള്ളം എന്നൊക്കെ പറയുന്ന പോലെ. എന്നാല്‍, സംവരണ വിരുദ്ധരുടെ എക്കാലത്തെയും ഒളിയജണ്ടയായിരുന്നു ഈ പ്രയോഗം. പൊതുവെ സാമുദായിക സംവരണത്തെ എതിര്‍ക്കുന്നവരൊരിക്കലും മുന്നാക്കക്കാരിലെ പിന്നാക്കക്കാരുടെ സംവരണത്തെ എതിര്‍ത്തിട്ടില്ല. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്‍ ചരിത്രമുള്ള ആം ആദ്മി പാര്‍ട്ടി ബില്ലിനെ അനുകൂലിച്ചത് ഉദാഹരണം. ബിജെപിയാകട്ടെ, സാമുദായിക സംവരണം നിര്‍ത്തലാക്കണമെന്നും സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നുമുള്ള ആര്‍.എസ്.എസ് നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചിരുന്നുമില്ല. പിന്നാക്ക പ്രതിനിധാനമുള്ള ചില പാര്‍ട്ടികളുടെയെങ്കിലും മുന്നണി സഹകരണം സാധ്യമാക്കണമെന്ന അവരുടെ പാര്‍ലമെന്ററി മോഹം തന്നെ കാരണം. എന്നാല്‍, റഫാല്‍ വിഷയത്തില്‍ പ്രതിരോധത്തിലായ ബി.ജെ.പിയുടെ പ്രതിപക്ഷത്തിന് മേലുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആയി മാറി ഈ നീക്കം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മുന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിനുണ്ടാക്കിയിട്ടുള്ള സ്വാധീനം മൂലം പ്രത്യക്ഷത്തില്‍ ഈ ബില്ലിനെ എതിര്‍ക്കുന്നത് കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്ന് അവര്‍ക്കും ബി.ജെ.പിക്കുമറിയാം. തെരഞ്ഞെടുപ്പ് ജുംലയാണെന്ന് ആരോപിച്ചിട്ടും അവര്‍ ബില്ലിനനുകൂലമായി വോട്ട് ചെയ്തു. മായാവതിയാണ് ഇക്കാര്യത്തിലെ ബി.ജെ.പിയുടെ മറ്റൊരു തുറുപ്പു ചീട്ട്.

ബ്രാഹ്മണ-ബഹുജന്‍ വോട്ടുകളില്‍ കണ്ണുവെച്ച് മഴവില്‍ സഖ്യമുണ്ടാക്കാനുള്ള ശ്രമം മായാവതി മുന്‍പേ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുന്നാക്ക സംവരണം മായാവതി എന്‍.ഡി.എയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അഴിമതിക്കേസുകളിലെ സി.ബി.ഐ അന്വേഷണം എന്ന ഉമ്മാക്കി വെച്ച് ബി.ജെ.പി ബി.എസ്.പി ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളെ വലയിലാക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുമായി തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന് ബി.ജെ.പി തടയിട്ടതിന്റെ കൂടി പരിണിതഫലമാണീ ബില്‍ എന്ന് വ്യക്തം. ഉത്തര്‍പ്രദേശില്‍ എസ്.പി- ബി.എസ.്പി സഖ്യസാധ്യത നിലനില്‍ക്കെ, സമാന ആവശ്യം തെരഞ്ഞെടുപ്പു വാഗ്ദാനമായി ഉയര്‍ത്തിയ എസ്.പിയും ബില്ലിനെ അനുകൂലിച്ചു. അങ്ങനെയെങ്കില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് മല്‍സരിക്കാനും മുന്നാക്ക വോട്ടുകള്‍ ആകര്‍ഷിക്കാനും ഈ പിന്തുണ സഹായിക്കും. അപ്പോഴും മുസ്‌ലിം-ദലിത്-പിന്നാക്ക വോട്ടുകള്‍ ആര്‍ക്ക് പോകുമെന്ന ചോദ്യം ബാക്കിയാണ്. മുന്നാക്ക സംവരണം വഴി സംവരണത്തെ തന്നെ അട്ടിമറിക്കാന്‍ കൂട്ടുനിന്ന ബി.എസ്.പി, എസ്.പി, കോണ്‍ഗ്രസ് എന്നിവയില്‍ ആരെ ഈ സമുദായങ്ങള്‍ പിന്തുണക്കും? ബഹുജന്‍ രഷ്ട്രീയത്തിന്റെ സമകാലിക നിസഹായാവസ്ഥയാണ് ഇത് വെളിപ്പെടുത്തുന്നത്.

മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ ചര്‍ച്ചയായപ്പോള്‍ ഹാജരാവാതിരുന്ന കുഞ്ഞാലിക്കുട്ടക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കിയ താക്കീത് ഫലിച്ചുവെന്ന് ഇ.ടി മുഹമ്മദ് ബഷീറിനൊപ്പം മുന്നാക്ക സംവരണ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്ത കുഞ്ഞാലിക്കുട്ടിയുടെ നടപടി തെളിയിക്കുന്നു. കടുത്ത വിമര്‍ശമാണ് ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിം ലീഗിനും ഏല്‍ക്കേണ്ടി വന്നത്. എന്തായാലും ചരിത്രപരമായ രാഷ്ട്രീയ പ്രതിനിധാനം എതിര്‍ത്ത് വോട്ട് ചെയ്തതിലൂടെ അവര്‍ നിര്‍വഹിച്ചു. മുത്തലാഖ് വിഷയത്തിലെന്ന പോലെ ഇക്കാര്യത്തിലും ചരിത്രപരമായ ഇടപെടല്‍ നടത്തിയത് അസദുദ്ദീന്‍ ഉവൈസിയാണ്. ബില്ലിനെ എതിര്‍ത്ത് അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയില്‍ നടത്തിയ പ്രസംഗം യുക്തിസഹവും ഭരണഘടനാ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഉവൈസിയുടെ പാര്‍ട്ടി ഡെക്കാന്‍ ബെല്‍റ്റില്‍ നിന്ന് ഇന്ത്യയൊട്ടാകെ സ്വാധീനം നേടാന്‍ സഹായകരമാണ് സമീപകാലത്തെ അവരുടെ രാഷ്ട്രീയ ഇടപെടലുകള്‍.

ഇടതു രാഷ്ട്രീയ കക്ഷികളുടെ നിലപാടില്‍ അല്‍ഭുതമൊന്നുമില്ല. കോണ്‍ഗ്രസിനെ പോലെ തന്നെ ഇതൊരു തെരഞ്ഞെടുപ്പ് നാടകമാണെന്ന് ആദ്യം പ്രതികരിച്ച സി.പി.എമ്മും തങ്ങളെല്ലാക്കാലത്തും സാമുദായിക സംവരണത്തോടൊപ്പമാണെന്ന് വാദിച്ച സി.പി.ഐയും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. നേരത്തെ ദേവസ്വം ബോര്‍ഡില്‍ മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മും എല്‍.ഡി.എഫും സംവരണത്തിന് അനുകൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ രണ്ടാമതൊന്നാലോചിക്കാന്‍ പിണറായിക്ക് കാത്തിരിക്കേണ്ട കാര്യമില്ല. കാരണം, അവരുടെ പാര്‍ട്ടിയുടെ പരമ്പരാഗത നിലപാടാണിത്. മാത്രമല്ല, ശബരിമല വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസിനെ പ്രീതിപ്പെടുത്താനുള്ള സുവര്‍ണാവസരവും.

എന്നാല്‍, സാമൂഹ്യനീതിയുടെ കാര്യത്തില്‍ തത്വാധിഷ്ഠിത നിലപാട് സ്വീകരിക്കുന്നുവെന്ന് തോന്നിപ്പിച്ച പിണറായി വിജയന്‍, ശബരിമല വിഷയത്തിലും നവോത്ഥാന പ്രസംഗങ്ങളിലും പിന്നാക്ക വിഭാഗങ്ങളുടെ കയ്യടി വാങ്ങി മുന്നേറുമ്പോഴാണ് മോദിയുടെ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കുണ്ടാവുന്നത്. വനിതാ മതിലിന് തുടക്കം കുറിച്ച് അയ്യങ്കാളി പ്രതിമയില്‍ മാല ചാര്‍ത്തുന്ന പിണറായി വിജയന്റെ ചിത്രത്തെ പരിഹാസ്യമാക്കുന്നതാണ് എന്തായാലും സംവരണ വിഷയത്തിലെ നിലപാട്. പിണറായി വിജയനെ നവോത്ഥാന നായകനാക്കാന്‍ മല്‍സരിക്കുന്നവരെ കണ്ണുതുറപ്പിക്കേണ്ടതും ശബരിമല വിഷയത്തില്‍ ചുളുവില്‍ നവോത്ഥാന നായകപട്ടം നേടിയെടുക്കാനുള്ള പിണറായി വിജയന്റെ പാഴ്ശ്രമമാണെന്ന തിരിച്ചറിവുണ്ടാക്കേണ്ടതുമാണീ നിലപാട്.

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ, വിശിഷ്യാ സി.പി.എമ്മിന്റെ എക്കാലത്തെയും നിലപാട് ഇത് തന്നെയായിരുന്നു. സംവരണം എന്നും അവരുടെ കണ്ണിലെ കരടാണ്. അതിന് കാരണമായി അവര്‍ പലപ്പോഴും പറയാറുള്ളത്, സംവരണം ജാതി കാലുഷ്യം വര്‍ധിപ്പിച്ചുവെന്നാണ്. മണ്ഡല്‍ പ്രക്ഷോഭകാലത്ത് പ്രകാശ് കാരാട്ട് ഇത് സംബന്ധിച്ച് എഴുതിയ ലേഖനത്തില്‍ ഇത് പറയുന്നുണ്ട്. നാല് പതിറ്റാണ്ട് കാലത്തെ മുതലാളിത്ത വികസനത്തിന്റെ ഭാഗമായി പിന്നാക്ക വിഭാഗത്തില്‍ ഒരു വിഭാഗം സാമ്പത്തികമായ ഉന്നതി നേടിയെന്നും പലരും ഭൂവുടമകളാണെന്നും പീപ്പിള്‍സ് ഡെമോക്രസിയിലെഴുതിയ ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, ഒ.ബി.സി സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം നടപ്പാക്കണമെന്നും കാരാട്ട് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.

സുപ്രീം കോടതി ക്രീമിലെയര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നതിന് മുന്‍പ് തന്നെ. കേരളത്തിലാകട്ടെ, ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തും മുന്‍പ് തന്നെ ഇവിടെ പിന്നാക്ക സംവരണം നിലനിന്നിരുന്നു. അതോടെ, ഭരണഘടനാനുസൃതമായ ദലിത് സംവരണവും നേരത്തെയുണ്ടായിരുന്ന പിന്നാക്ക സംവരണവും നിലനിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നാല്‍, ഇ.എം.എസിന്റെ സംവരണ വിരുദ്ധത അടങ്ങിയിരുന്നില്ല. ആദ്യ ഭരണപരിഷ്‌കരണ കമ്മീഷന്‍ ഇ.എം.എസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് തന്നെ സാമുദായിക സംവരണം സര്‍ക്കാര്‍ സര്‍വീസിലെ ഗുണമേന്‍മ ഇല്ലാതാക്കിയെന്നായിരുന്നു. ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ (അതിലാണല്ലോ സംവരണ സമുദായങ്ങള്‍ക്ക് ഏറ്റവുമധികം നിയമനങ്ങള്‍ ലഭിക്കുന്നതും) പി.എസ്.സിയില്‍ നിന്ന് മാറ്റി ജില്ലാ അടിസ്ഥാനത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അതിലൂടെ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. അപ്പോള്‍ സംവരണം ഒഴിവാക്കാമല്ലോ. കൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരന്‍ ഇ.എം.എസിനെ വേദിയിലിരുത്തി ഈ റിപ്പോര്‍ട്ടിനെതിരെ നടത്തിയ പ്രസംഗം കുളത്തൂര്‍ പ്രസംഗമെന്ന പേരില്‍ പ്രസിദ്ധമാണ്.

”സമുദായ പ്രാതിനിധ്യവാദത്തെ എതിര്‍ക്കാന്‍ കാര്യക്ഷമതാ വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്ന മുഖ്യമന്ത്രിയാണ് സാമുദായിക പ്രാതിനിധ്യത്തിനും പ്രാദേശിക പ്രാതിനിധ്യത്തിനും പരിഗണന നല്‍കി ഈ മന്ത്രിസഭ തട്ടിക്കൂട്ടിയുണ്ടാക്കിയത്. ഈ മന്ത്രിസഭയുടെ പ്രാതിനിധ്യത്തെ ചൊല്ലി അദ്ദേഹത്തിന് വലിയ അഭിമാനമുണ്ടു താനും. പ്രാതിനിധ്യ വ്യവസ്ഥ കാര്യക്ഷമതക്ക് ഉദ്യോഗസ്ഥ മണ്ഡലത്തിലെ കാര്യക്ഷമതക്ക് ഹാനികരമാവുമെന്ന റിപ്പോര്‍ട്ടില്‍ ആദ്യം ഒപ്പുവെച്ചത് അദ്ദേഹം തന്നെയാണ്. ഈ റിപ്പോര്‍ട്ടും പൊക്കിപ്പിടിച്ച് കാബിനറ്റിന്റെ അംഗീകാരത്തിന് ചെല്ലുന്ന മുഖ്യമന്ത്രിക്ക് എന്ത് സ്വീകരണമായിരിക്കും സംവരണ മുദായാംഗങ്ങളായ ചാത്തനും മജീദും ഗൗരിയും ഗോപാലനും നല്‍കുന്നതെന്ന് മുഖ്യമന്ത്രി ആലോചിച്ച് കാണില്ല’ (കുളത്തൂര്‍ പ്രസംഗം, കെ സുകുമാരന്‍, ഉദ്ധരണം- സംവരണപ്രശ്‌നം (പേജ് 83) എഡി. എം.ആര്‍ സുദേഷ്)

സംവരണ വിരുദ്ധ റിപ്പോര്‍ട്ട് തയ്യാറാക്കിയ ആദ്യ ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായ ഇ.എം.എസ് ആണ് അതിലാദ്യം ഒപ്പുവെച്ചത്. അതിലെ മറ്റംഗങ്ങള്‍ ജോസഫ് മുണ്ടശേരി, എന്‍.ഇ.എസ് രാഘവാചാരി, വി.കെ.എന്‍ മേനോന്‍, എച്ച്.ഡി. മാളവ്യ, പി.എസ് നടരാജ പിള്ള, ജി പരമേശ്വരന്‍ പിള്ള എന്നിവരായിരുന്നു. നെട്ടൂര്‍ ദാമോദരന്‍ കമ്മിറ്റി എന്ന പേരില്‍ ഇ.എം.എസ് തന്നെ നിയോഗിച്ച ഒരു കമ്മിറ്റി 1971ല്‍ മറ്റൊരു റിപ്പോര്‍ട്ടും സമാനസ്വഭാവത്തില്‍ സമര്‍പ്പിച്ചിരുന്നു. കെ.സുകുമാരനെ പോലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് ഈ ചോദ്യം ഉന്നയിക്കാന്‍ പിന്നാക്ക സമുദായത്തില്‍ നിന്ന് ഇന്നാരുമില്ല. ദലിത് സമുദായ സംഘടനകള്‍ വനിതാമതിലെന്ന നവോത്ഥാന ദൗത്യത്തിന് പിണറായിക്ക് പിന്തുണ നല്‍കി അദ്ദേഹത്തെ നവോത്ഥാന നായകനാക്കാനുള്ള ശ്രമത്തിലുമാണ്. ഈ നിര്‍ണായക ദശാസന്ധിയില്‍ ആ രാഷ്ട്രീയ പ്രതിനിധാനം ആര് നിര്‍വഹിക്കുമെന്ന ചോദ്യം പ്രസക്തമാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757