Opinion

കലാപകേരളവും മുഖ്യമന്ത്രിയും – അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കലാപം സംസ്ഥാന വ്യാപകമായപ്പോള്‍ സ്വയരക്ഷക്ക് സി.പി.എം പ്രവര്‍ത്തകര്‍തന്നെ കല്ലും വടിയുമായി തെരുവിലിറങ്ങി നിയമം കയ്യിലെടുത്തു. പന്തളത്ത് വിശ്വാസികളുടെ പ്രകടനത്തില്‍ അണിചേര്‍ന്ന ചന്ദ്രന്‍ ഉണ്ണിത്താനെന്ന വിശ്വാസിയുടെ ജീവന്‍ സംരക്ഷിക്കേണ്ട ഭരണഘടനാ ഉത്തരവാദിത്തവും മുഖ്യമന്ത്രിയുടേതായിരുന്നു. പാര്‍ട്ടി ഓഫീസിന് മുകളില്‍നിന്ന് സി.പി.എം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞാണ് കുടുംബത്തിന്റെ തൂണും ആശ്രയവുമായ ആ 55കാരനെ തലക്ക് പരിക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചത്. മരണകാരണം ഹൃദയസ്തംഭനമെന്ന് വ്യാഖ്യാനിച്ച മുഖ്യമന്ത്രിയുടെ വിശ്വാസ്യതയുടെ ഗ്രാഫ് ജനങ്ങളുടെ മനസില്‍ ഏറെ ഇടിഞ്ഞുകഴിഞ്ഞു. ഈ സംഭവത്തില്‍ പൊലീസ് കേസില്‍ മൂന്ന് സി.പി.എം അംഗങ്ങളെ പ്രതിചേര്‍ത്തത് ദേശീയ തലത്തില്‍തന്നെ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗിച്ചു.

പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും അല്ല യഥാര്‍ത്ഥ പ്രതി. കമ്യൂണി സ്റ്റ് മുക്ത കേരളമെന്ന അജണ്ട മുന്നോട്ടുവെച്ച ആര്‍.എസ്.എസ് നിയന്ത്രിക്കുന്ന മോദിയുടെ കേന്ദ്ര ഗവണ്മെന്റും അതിന്റെ വിവിധ ഏജന്‍സികളുമാണ്. ഇതൊക്കെ അറിഞ്ഞിട്ടും അറിയാത്ത മട്ടിലാണ് മുഖ്യമന്ത്രി. ശബരിമല പ്രശ്നത്തിന്റെ ആകെത്തുക അതാണ്.

അത്ഭുതം തോന്നുന്നു, ശബരിമലയില്‍ യുവതീപ്രവേശം ഉറപ്പുവരുത്തുന്നതിനേക്കാള്‍ അടിയന്തര അജണ്ടകള്‍ ഈ ഗവണ്മെന്റിന് മുന്‍പില്‍ മരവിച്ചു കിടക്കുമ്പോള്‍. നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനഃസൃഷ്ടിക്കാന്‍ ബി.ജെ.പിയും അവരുടെ പ്രധാനമന്ത്രിയുമൊഴികെ സംസ്ഥാനത്തെ ജനങ്ങളും ലോകത്തെമ്പാടുമുള്ള മലയാളികളും ഒന്നിച്ച് അണിചേര്‍ന്നിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ലോകരാഷ്ട്രങ്ങളില്‍നിന്നും മനുഷ്യത്വമുള്ളവരുടെ സഹായം കേരളത്തിനുനേരെ നീളുകയും ചെയ്തു. എന്നിട്ടും ശാസ്ത്രീയവും പരിസ്ഥിതിക്കനുസൃതവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള കേരളത്തിന്റെ പുനര്‍നിര്‍മിതി എന്ന അടിയന്തര കടമ ഇപ്പോള്‍ ഒരു ദുഃസ്വപ്നംപോലെയായി.

എങ്ങനെയാണ്, എന്തുകൊണ്ടാണ് ആ അടിയന്തര ലക്ഷ്യങ്ങളെ തകര്‍ക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയില്‍ മുഖ്യമന്ത്രി ചെന്നുവീണത്? സംഘ് പരിവാറിന് രാഷ്ട്രീയ മുതല്‍ക്കൂട്ട് നിരന്തരം ഉണ്ടാക്കിക്കൊടുക്കുന്നത്? ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന രാഷ്ട്രീയ സമസ്യയാണത്.

പ്രളയദിനങ്ങളിലെന്നപോലെ സംസ്ഥാനത്തെ ജനശക്തിയെ ആകെ ഏകോപിപ്പിച്ച് സര്‍ക്കാറിന് പിന്നില്‍ അണിനിരത്താന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങളിലൂന്നിയ കുറുക്കുവഴിയിലേക്കാണ് സര്‍ക്കാറിനേയും ഇടതുമുന്നണിയേയും മുഖ്യമന്ത്രി തെളിച്ചത്. നൂറുദിവസത്തിനകം പ്രഖ്യാപിക്കാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മുന്നണിയുടെ അജണ്ടകളെ പരോക്ഷമായി സഹായിക്കുന്നതായി ഈ നീക്കങ്ങള്‍.

ശബരിമല പ്രശ്നത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ നിഷ്‌ക്രിയവും നോക്കുകുത്തിയുമാക്കുകയും പാര്‍ട്ടിക്കാരനായ ദേവസ്വം മന്ത്രിയെ തള്ളിപ്പറയുകയും ചെയ്തു മുഖ്യമന്ത്രി. സി.പി.എം ചരിത്രത്തിലില്ലാത്തവിധം മുഖ്യമന്ത്രിയുടെ നയങ്ങള്‍ക്ക് ഏറാന്‍മൂളുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. ഏറ്റവുമൊടുവില്‍ തന്ത്രി ഒഴിഞ്ഞുപോകുകയാണ് വേണ്ടതെന്നുകൂടി മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ‘ശക്തനും നിശ്ചയദാര്‍ഢ്യക്കാരനുമായ ഭരണാധികാരിയാണ് താനെന്ന്’ മാധ്യമങ്ങളിലൂടെ എഴുതിപ്പിക്കാനും മുഖ്യമന്ത്രിയുടെ കൈക്ക് ശക്തികൂട്ടുക എന്ന മുദ്രാവാക്യം മറ്റുള്ളവരെക്കൊണ്ട് വിളിപ്പിക്കാനുമാണോ? അതോ തീര്‍ത്തും വ്യക്തിപരമായ ഏതെങ്കിലും അടിയന്തര പ്രശ്നങ്ങളുടെ കുരുക്ക് മുഖ്യമന്ത്രിക്കുണ്ടോ? പരിശോധിക്കേണ്ട സ്ഥിതിയുണ്ട്.

ഹിന്ദുത്വ ശക്തികളുടെ ശബരിമല കര്‍മസമിതിയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞു. കേരള പുനര്‍നിര്‍മാണ അജണ്ട മുന്നോട്ടുവെച്ച് എന്‍.ഡി.എയിലും യു.ഡി.എഫിലും അണിനിരന്ന ജനവിഭാഗങ്ങളില്‍ പിളര്‍പ്പുണ്ടാക്കി ഗവണ്മെന്റിന് പിന്നില്‍ അണിനിരത്താന്‍ ശ്രമിക്കുന്നില്ല. അതിനുള്ള അടവുനയം സി.പി.എമ്മിന്റെ മുതിര്‍ന്ന പി.ബി അംഗത്തിന് സ്വീകരിക്കാനാവാത്തത് എന്തുകൊണ്ടെന്ന ചോദ്യവും വ്യക്തിപരമല്ല. മുഖ്യമന്ത്രി നൂറുവട്ടം ആവര്‍ത്തിക്കുന്ന നവോത്ഥാന മൂല്യങ്ങളുടെ ചരിത്രാടിത്തറയില്‍നിന്നുകൂടി ഉയരുന്നതാണത്.

ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ശബരിമല പ്രക്ഷോഭത്തിന് സമാന്തരമായി കോണ്‍ഗ്രസിന്റെ മുന്‍കൈയില്‍ യു.ഡി.എഫ് നടത്തിപ്പോന്ന സമാന്തര പ്രക്ഷോഭവും യുവതീപ്രവേശത്തോടെ വഴിതിരിയുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിയമം കയ്യിലെടുത്ത് അരങ്ങേറിയ ഫാഷിസ്റ്റ് അക്രമങ്ങളെ കോണ്‍ഗ്രസ് അപലപിച്ചത് കാണാതെയല്ല. തീവ്ര പ്രക്ഷോഭമെന്ന ബി.ജെ.പി അജണ്ടക്ക് സമാനമായ തീവ്ര പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് പ്രതിപക്ഷനേതാവ് നടത്തിയ പ്രഖ്യാപനത്തിന്റെ അര്‍ഥം.

വിമോചന സമരത്തിന്റേതുപോലെ പുതിയ രൂപത്തിലുള്ള ഒരു വിശാല രാഷ്ട്രീയ മുന്നണി പ്രയോഗത്തില്‍ വരുത്താനുള്ള നീക്കങ്ങളാണ് യഥാര്‍ഥത്തില്‍ കാണുന്നത്. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടേതുപോലെ ഹിന്ദുത്വ വര്‍ഗീയതയും കമ്യൂണിസ്റ്റ് വിരുദ്ധതയും തീതുപ്പുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയുടെ വേലി ചാടിപ്പോകാതിരിക്കാന്‍ കൂടിയുള്ള നയംമാറ്റമാകാമിത്. പ്രധാനമന്ത്രിയെ നേരില്‍കണ്ട് ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയെ മറികടന്ന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ കൂട്ടായി നീങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് അത് തടഞ്ഞത്. തെരഞ്ഞെടുപ്പടുത്ത സ്ഥിതിയില്‍ അണിയറക്കുള്ളിലെ വേവലാതിപൂണ്ടുള്ള യു.ഡി.എഫ് നീക്കങ്ങളാണ് ഇത് വെളിപ്പെടുത്തുന്നത്.

നക്സലൈറ്റുകളെ ശബരിമലയില്‍ മുഖ്യമന്ത്രി കയറ്റി എന്ന അതിശക്തമായ പ്രചാരണമാണ് രണ്ടുമൂന്നു ദിവസങ്ങളായി ദേശീയ ദൃശ്യമാധ്യമങ്ങളില്‍ സംഘ്പരിവാറിന്റെ കേരളത്തില്‍നിന്നുള്ള വക്താക്കള്‍ അടിച്ചുകയറ്റുന്നത്. അല്ലെങ്കിലും സംസ്ഥാന ഗവണ്മെന്റിനെ പ്രതിരോധിക്കാനും സംഘ്പരിവാറിനെ തുറന്നുകാട്ടാനും കേന്ദ്രനേതാക്കളായും പാര്‍ലമെന്റംഗങ്ങളായും ഡല്‍ഹിയിലുള്ളവര്‍ക്കുപോലും ഇടപെടാനോ നേരിടാനോ കഴിയുന്നില്ല.

മുഖ്യമന്ത്രിക്കും തന്റെ നിലപാടുകള്‍ ദേശീയതലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഭരണഘടനയെപോലും ചവിട്ടിമെതിക്കുന്ന കലാപശ്രമങ്ങളെ തുറന്നുകാട്ടാനും കഴിയുന്നില്ല. വിമോചനസമരം കത്തിപ്പടര്‍ത്തിയപ്പോഴും സര്‍ക്കാറിനെ പിരിച്ചുവിട്ടപ്പോഴും കേരളത്തിന്റെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ദേശീയതലത്തില്‍ നടത്തിയ ഇടപെടലുകള്‍ ഇപ്പോഴും ചരിത്രത്തില്‍ തുടിക്കുമ്പോള്‍.

രണ്ടു പക്ഷത്തുനിന്നുമുള്ള ഈ രാഷ്ട്രീയ കളികള്‍ കേരളത്തെയും അതിന്റെ ജനാധിപത്യ മുന്നേറ്റത്തെയും എവിടെകൊണ്ടുചെന്ന് എത്തിക്കുമെന്ന ഉത്ക്കണ്ഠയും അനിശ്ചിതത്വവുമാണ് പുതുവര്‍ഷത്തില്‍ തുറിച്ചുനോക്കുന്നത്. ഒരു കലാപകേരളത്തെ ഏതു പാര്‍ട്ടിക്കാരായാലും ജനങ്ങള്‍ പിന്തുണക്കില്ലെന്ന് ആദ്യം മനസിലാക്കേണ്ടത് നവോത്ഥാനമൂല്യങ്ങള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ്. ജനങ്ങളെ പ്രകോപിപ്പിച്ച് തെരുവിലിറക്കാന്‍ അവസരം കൊടുക്കാതിരിക്കേണ്ടതും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണ്. വിശ്വാസത്തിന്റെ പേരില്‍ ഭ്രാന്തിളക്കിവിട്ടാല്‍ പൊലീസിനെകൊണ്ടും പട്ടാളത്തെകൊണ്ടും അതു തടയാനാകില്ല. പൊലീസ് സേനയെ നയിക്കുന്ന മുഖ്യമന്ത്രിക്ക് അതെങ്കിലും അറിയേണ്ടതാണ്.

എന്നാല്‍ അതിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തില്‍നിന്നും ഗവണ്മെന്റില്‍നിന്നും ഉണ്ടാകുന്നത്. എപ്പോഴാണ് മുഖ്യമന്ത്രി ഇനി ഇത് തിരിച്ചറിയുക? ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച ഗവര്‍ണറുടെ വിശദീകരണം തേടല്‍, അതിനുമേല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വരാന്‍പോകുന്ന ഇടപെടല്‍, മോദി മന്ത്രിസഭ വക 356-ാം വകുപ്പിന്റെ സാധ്യതാപഠനം ഇതൊക്കെ നടന്നതിനുശേഷമോ?

കടപ്പാട് : vallikkunnuonline.wordpress.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757