Opinion

എന്തുകൊണ്ട് തൊഴിലാളി പണിമുടക്ക് – അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ്

നവ ഉദാരീകരണ സാമ്പത്തിക നയങ്ങളുടെ അനിവാര്യമായ പരിണിതിയായിരുന്നു ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന്റെ തകര്‍ച്ച. 1991 മുതല്‍ കോണ്‍ഗ്രസായിരുന്നു ഇതിന്റെ പ്രയോക്താക്കള്‍. ഇടക്കാലത്ത് വന്ന വാജ്‌പേയി ഗവണ്‍മെന്റ് പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റൊഴിക്കലിന് മാത്രമായി മന്ത്രാലയം സ്ഥാപിച്ച് തങ്ങളുടെ മുതലാളിത്ത ദാസ്യം തെളിയിച്ചു. പെട്രോള്‍ വില നിര്‍ണയാധികാരം മുതല്‍ ആധാര്‍ നിയമം വരെ വ്യാപിച്ചുകിടക്കുന്ന യു.പി.എയുടെ കോര്‍പറേറ്റ് വിധേയത്വം കര്‍ഷകരുടേയും സാധാരണക്കാരുടേയും നട്ടെല്ലൊടിച്ചു. അസംതൃപ്തരായ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വാഗ്ദാനങ്ങള്‍ വാരിയെറിഞ്ഞും വര്‍ഗീയത ഊതിക്കത്തിച്ചും 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറി. മതേതര ശക്തികളുടെ തമ്മില്‍തല്ല് അവര്‍ക്ക് വഴി എളുപ്പമാക്കി.

രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വിതക്കുകയാണ് മോദി സര്‍ക്കാര്‍. നോട്ട്‌നിരോധനമെന്ന അപ്രഖ്യാപിത സാമ്പത്തിക അടിയന്തിരാവസ്ഥ കര്‍ഷകരുടേയും കച്ചവടക്കാരുടേയും തൊഴിലാളികളുടേയും നിത്യജീവിതത്തെ തകിടം മറിച്ചു. ധൃതിപിടിച്ച് നടപ്പാക്കിയ ജി.എസ്.ടി എരിതീയില്‍ എണ്ണയൊഴിച്ചു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരം കോര്‍പറേറ്റ് ചങ്ങാതിമാര്‍ക്ക് വീതം വെക്കാനുള്ള ശ്രമത്തില്‍ പ്രതിഷേധിച്ചാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ രാജിവെച്ചൊഴിഞ്ഞത്. പതിനഞ്ച് ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എന്ന വാഗ്ദാനം മറന്നവര്‍ക്ക് മൂവായിരം കോടിയുടെ പ്രതിമ നിര്‍മാണത്തില്‍ മറവി ബാധിച്ചില്ല. രാഷ്ട്രപിതാവിന്റെ പേരില്‍ ഗുജറാത്ത് അറിയപ്പെടരുതെന്ന സംഘ് കുത്സിത ബുദ്ധിയാണ് പട്ടേല്‍ പ്രതിമയുടെ പിന്നിലെ രാഷ്രട്രീയമെന്ന് ഇതിനകം പല സാമൂഹിക നിരീക്ഷികരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തിക മാനേജ്‌മെന്റില്‍ സമ്പൂര്‍ണ പരാജയമാണ് മോദി സര്‍ക്കാര്‍. രൂപയുടെ വിലയിടിവും വിലക്കയറ്റവും മൂലം ജീവിതം ദുസ്സഹമായവരാണ് സാധാരണക്കാരെങ്കില്‍ ഉല്‍പന്നങ്ങള്‍ക്ക് നാമമാത്ര വിലപോലും ലഭിക്കാതെ ആത്മഹത്യാവക്കിലാണ് കര്‍ഷകരും ചെറുകിട ഉല്‍പാദകരും. ശതകോടീശ്വരന്‍മാരുടേയും വായ്പാ തട്ടിപ്പുകാരുടേയും അഛാദിന്‍ ആണ് മോദി ഭരണകാലം.

സംഘ്പരിവാര്‍ പടര്‍ത്തുന്ന അരക്ഷിതാവസ്ഥയുടെ ഏറ്റവും വലിയ ഇരകള്‍ ദലിതുകളും ന്യൂനപക്ഷങ്ങളുമാണ്. സത്യസന്ധരായ പോലീസ് ഓഫീസര്‍മാരും ജഡ്ജിമാരും രാജ്യത്ത് ആസൂത്രിതമായി കൊലചെയ്യപ്പെടുന്നു. കേന്ദ്ര സര്‍വകലാശാലകളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ പോലും ഈ സംഘ് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഇരകളായിത്തീരുന്നു. രോഹിത് വെമുലയും നജീബ് അഹമ്മദും സംഘ് ഫാഷിസത്തിന്റെ നേരിട്ടുള്ള രക്തസാക്ഷികളാണ്. ആര്‍.എസ്.എസ് തിട്ടൂരം നടപ്പാക്കുന്ന അപ്പാറാവുമാര്‍ മാത്രം ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടുന്നു.

കടുത്ത തൊഴിലാളി വിരുദ്ധ നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്ഥിരം തൊഴിലാളികള്‍ എന്നത് സങ്കല്‍പ്പമാകും വിധമുള്ള നിയമഭേദഗതികള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സമ്പൂര്‍ണ വഞ്ചനയാണ്. PFRDA നിയമം റദ്ദാക്കുക മാത്രമാണ് ഏക പരിഹാരം. കോര്‍പറേറ്റ് പ്രീണനത്തിന്റെ കാര്യത്തില്‍ മത്സരിക്കുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തൊഴിലാളികളുടെ സംഘടിത പോരാട്ടവും രാഷ്ട്രീയമായ പ്രതിരോധവും വഴി മാത്രമേ ഈ ആവശ്യം നേടിയെടുക്കാനാവൂ.

കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കാനല്ല, അവ പിന്തുടരുന്നതിലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. മുതലാളിത്ത സൗഹൃദം പ്രവര്‍ത്തിയിലുടനീളം വെച്ചുപുലര്‍ത്തുമ്പോഴും മുതലാളിത്ത വിരുദ്ധതയെന്ന പ്രഭാഷണ കാപട്യം മാത്രമാണ് ഇടതിനെ വലതില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന് ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ എഴുതിവെച്ച ഇടതുസര്‍ക്കാര്‍ അത് പരിശോധിക്കാനുള്ള കമ്മിറ്റിയെ നിയോഗിക്കാന്‍ മാത്രം രണ്ട് വര്‍ഷമാണെടുത്തത്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള രണ്ട് ഗഡു ക്ഷാമബത്ത കുടിശ്ശിക ഇനിയും ബാക്കിയുണ്ട്.

സംസ്ഥാനത്തെ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്തിന്റെ വഴിയായിരുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തന ചിലവിന്റെ പേരില്‍ ഏകീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ചുമട്ട് തൊഴിലാളികളുടെ പണിയെടുക്കാനുള്ള അവകാശം പോലും നിയമ ഭേദഗതികളിലൂടെ പരിമിതപ്പെടുത്താനുള്ള ശ്രമം നടത്തുന്നത് ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരാണ്. അവസരവാദികളായ ഇടത്-വലത് സംഘടനകള്‍ തന്നെയാണ് അധ്യാപകരുടേയും ജീവനക്കാരുടേയും ന്യായമായ അവകാശ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ലോകബാങ്കിനും ഐ.എം.എഫിനും ഏറ്റവും പ്രിയപ്പെട്ട ഗീതാ ഗോപിനാഥ് ആയിരുന്നു എന്നത് യാദൃശ്ചികമായിരുന്നില്ല. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സൗജന്യ കണ്‍സള്‍ട്ടന്‍സി സേവനം വാഗ്ദാനം ചെയ്ത കെ.പി.എം.ജിയുടെ ‘മഹത്വം’ കേരളത്തിലെ മാധ്യമങ്ങളാണ് പുറത്ത് കൊണ്ടുവന്നത്. പുനര്‍നിര്‍മാണത്തിനായി ലോകബാങ്ക്, എ.ഡി.ബി വായ്പകളെ ആശ്രയിക്കാന്‍ ഇടതുഗവണ്‍മെന്റിന് യാതൊരു മടിയുമില്ല. സംസ്ഥാന ബജറ്റിന് പുറത്തുള്ള ധനവിനിയോഗ സംവിധാനമായി കിഫ്ബി മാറിക്കഴിഞ്ഞിരിക്കുന്നു.

ഭരണഘടനാപരമായി പട്ടിക വിഭാഗങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും അവകാശപ്പെട്ട സാമുദായിക സംവരണത്തെ തുരങ്കം വെക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതോടൊപ്പം ദേവസ്വം ബോര്‍ഡിലടക്കം മുന്നാക്ക സംവരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയും ചെയ്യുന്നു. സംവരണ വിരുദ്ധ സമീപനത്തില്‍ ഇടത്-സംഘ് സമാനത പ്രബുദ്ധ കേരളത്തെ അമ്പരപ്പിക്കുന്ന ഒന്നാണ്. നിയമ സെക്രട്ടറിയുടേയും പട്ടിക വിഭാഗ കമ്മീഷന്റേയും ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞുകൊണ്ടാണ് കെ.എ.എസിന്റെ രണ്ട്, മൂന്ന് ധാരകളില്‍ സംവരണം അട്ടിമറിച്ചിരിക്കുന്നത്. പ്രതിലോമകരവും ഭരണഘടനാ വിരുദ്ധവുമായ ഈ നിലപാട് തിരുത്തിയേ തീരൂ.

സംഘ്പരിവാര്‍ ഫാഷിസമാണ് രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ എല്ലാ വൈവിധ്യങ്ങളെയും തച്ചുതകര്‍ത്ത് സംഘ്ഫാസിസത്തിന്റെ ഏക ശിലാത്മകമായ സവര്‍ണബോധത്തെ പ്രതിഷ്ഠിക്കാനുള്ള സംഘ്പരിവാര്‍ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് മതേതര ശക്തികള്‍ ഐക്യപ്പെടേണ്ട സന്ദര്‍ഭമാണിത്. രാജ്യവ്യാപകമായി ജനപക്ഷത്ത് നില്‍ക്കുന്ന ഒരു ബദല്‍ രാഷ്ട്രീയചേരി ശക്തിപ്പെടേണ്ടതുണ്ട്. പാര്‍ലമെന്ററി അധികാരത്തിന്റെ ശീതളഛായയേറ്റ പരമ്പരാഗത രാഷ്ട്രീയകക്ഷികള്‍ക്ക് പകരം തൊഴിലാളികളുടേയും കര്‍ഷകരുടേയും സാധാരണക്കാരുടേയും മുന്‍കൈയില്‍ പുതിയ അധികാര രാഷ്ട്രീയം രൂപപ്പെടേണ്ടതുണ്ട്. സാമൂഹികവും സാംസ്‌കാരികവുമായ ഫെഡറലിസത്തെ മുന്നോട്ട് വെക്കുന്ന ഒന്നായിരിക്കും അത്. മൂല്യബോധമുള്ള ജനപക്ഷ രാഷ്ട്രീയമാണ് രാജ്യനിവാസികള്‍ക്ക് മുന്നിലുള്ള ഏക പരിഹാരം. രാജ്യത്തെ ദലിത്-പിന്നാക്ക ജനവിഭാഗങ്ങളുടെ മുന്‍കൈയില്‍ രൂപപ്പെടുന്ന ആ രാഷ്ട്രീയ മുന്നേറ്റമാണ് ഭാവിയുടെ ഇന്ത്യയെ നിര്‍ണയിക്കുക.

അടിച്ചമര്‍ത്തപ്പെട്ട എല്ലാ ജനവിഭാഗങ്ങളും ഇന്ന് പോരാട്ടത്തിന്റെ പാതയിലാണ്. യോജിക്കാവുന്ന എല്ലാ മേഖലകളിലും ഒന്നിച്ചുനിന്ന് രാജ്യത്തിന് വേണ്ടി കരുത്തുറ്റ പോരാട്ടം ആവശ്യപ്പെടുന്ന ഈ സവിശേഷ സാഹചര്യത്തിലാണ് തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിച്ച 2019 ജനുവരി 8,9 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക്. രാജ്യത്തിന്റെ സ്വാതന്ത്ര്യം, വിവിധ ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുവാനും, തൊഴിലവകാശങ്ങള്‍ ഉറപ്പുവരുത്താനുമുള്ള പോരാട്ടമാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളില്‍ മൗലികമായ തിരുത്തലുകളാണ് ഈ സമരം ആവശ്യപ്പെടുന്നത്.

(ദേശീയ പണിമുടക്കിന്റെ ഭാഗമായി അസോസിയേഷന്‍ ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് – അസറ്റ് സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച ലഘുലേഖ)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757