keralanewspress release

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യ മുതലാളിമാര്‍ക്ക് തീറെഴുതുന്നു

 

ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും വിദേശ മദ്യവും ബിയറും വൈനും വില്‍ക്കാന്‍ അനുമതി; ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യ മുതലാളിമാര്‍ക്ക് തീറെഴുതുന്നു

കേരളത്തെ സമ്പൂര്‍ണമായി മദ്യലോബികള്‍ക്ക് തീറെഴുതി നല്‍കുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ബാറുകളില്‍ വിദേശ നിര്‍മിത വിദേശ മദ്യവും ബിയര്‍ പാര്‍ലറുകളില്‍ വിദേശ നിര്‍മിത വിദേശ ബിയറും വൈനും വില്‍ക്കാനുള്ള അനുമതി നല്‍കിയത് അവസാനത്തെ ഉദാഹരണം മാത്രമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ ബാറുകളെല്ലാം തുറക്കാനുള്ള അനുമതി നല്‍കുക വഴി തെരെഞ്ഞെടുപ്പ് സമയത്ത് എല്‍.ഡി.എഫ് നല്‍കിയ വാഗ്ദാനം ലംഘിച്ചുകൊണ്ടാണ് മദ്യ ലോബികള്‍ക്കായുള്ള വിടുപണി സര്‍ക്കാര്‍ ആരംഭിച്ചത്. ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ക്കെതിരെ വന്ന കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന പാതകളെ പഞ്ചായത്ത് റോഡുകളാക്കി പ്രഖ്യാപിക്കുക വഴി സര്‍ക്കാര്‍ നാണം കെട്ടകളികളാണ് കളിച്ചത്. മദ്യ ലോബിക്കുവേണ്ടി കോടതി കയറാനും സര്‍ക്കാര്‍ മുന്നില്‍ നിന്നു. മദ്യശാലകളും സ്‌കൂളുകളും തമ്മിലെ ദുരപരിധി കുറച്ചുകൊണ്ടുള്ള ഉത്തരവിറക്കാനുള്ള ധാര്‍ഷ്ട്യവും സര്‍ക്കാര്‍ കാണിച്ചു. കേരളം കണ്ട വലിയ അഴിമതികളിലൊന്നായിരുന്നു പുതുതായി ബ്രുവറികളും ഡിസ്റ്റലറികളും അനുവദിക്കാനുള്ള നീക്കം. ഇല്ലാത്ത കമ്പനികളുടെ പേരില്‍ ഇഷ്ടക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥലമടക്കം നല്‍കി മദ്യ നിര്‍മാണ ശാലകള്‍ തുടങ്ങാനുള്ള നീക്കം വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടേയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും മദ്യവിരുദ്ധ പ്രവര്‍ത്തകരുടേയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വന്‍ അഴിമതിയാണ് ബ്രുവറി അനുവദിച്ചതിലൂടെ ജനങ്ങള്‍ക്ക് വെളിപ്പെട്ടത്. മദ്യം സുലഭമായി ലഭ്യമാക്കാനാണ് എന്നാണ് എക്‌സൈസ് മന്ത്രി അന്ന് ബ്രൂവറി അനുവദിച്ചതിനെ സംബന്ധിച്ച് പറഞ്ഞിരുന്നത്.

മദ്യവര്‍ജനം നടപ്പാക്കും എന്ന് വാദ്ഗാനം നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ മദ്യലോബികള്‍ക്ക് ദാസ്യവേല ചെയ്യുന്നത് ലജ്ജാകരമാണ്. തെരെഞ്ഞെടുപ്പ് സമയത്ത് മദ്യലോബികളുമായി സി.പി.എമ്മും എല്‍.ഡി.എഫും രഹസ്യധാരണ രൂപപ്പെടുത്തിയരുന്നതായുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ഓരോ നടപടികളും. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നതായി മദ്യ വ്യവസായി ബിജു രമേശ് പല സന്ദര്‍ഭങ്ങളിലും വെളിപ്പെടുത്തിയിരുന്നു. ഇതിന് കൊടിയേരി ബാലകൃഷ്ണന്‍ ഇന്നുവരെ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല.

ഇടതുസര്‍ക്കാര്‍ വന്നതിന് ശേഷം മദ്യവിരുദ്ധ പ്രവര്‍ത്തകരേയും മദ്യവിരുദ്ധ സമരങ്ങളേയും വേട്ടയാടുകയാണ്. മാഫിയകള്‍ക്ക് മാത്രമാണ് എല്ലാ സംരക്ഷണവും നല്‍കുന്നത്. 2016 ഏപ്രില്‍ മാസത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ ജനങ്ങളോട് നല്‍കിയ വാഗ്ദാനങ്ങളല്ല, ബിജു രമേശിന്റെ വെളിപ്പെടുത്തലുകളില്‍ പറഞ്ഞ കാര്യങ്ങളാണ് പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരള സര്‍ക്കാരിന്റെ മദ്യ നയരൂപീകരണത്തില്‍ സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തേക്കാള്‍ മദ്യലോബികള്‍ക്കാണ് സ്വാധീനമുള്ളത്. കേരളത്തില്‍ ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. പത്തുവര്‍ഷം കൊണ്ട് ഖജനാവിന് വരുമാന നഷ്ടം കൂടാതെ സമ്പൂര്‍ണ മദ്യ നിരോധം നടപ്പാക്കുന്നതിനുള്ള പാക്കേജ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി സര്‍ക്കാരിനും ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും സമര്‍പിച്ചിരുന്നു. ആ പാക്കേജും പരിഗണിച്ചാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം എന്ന തീരുമാനം കൊണ്ടുവന്നത്. അതിനെ ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചു. വിദേശ നിര്‍മിത മദ്യം വില്‍ക്കാനായി ബാറുകള്‍ക്ക് നല്‍കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കണം. മുന്‍ സര്‍ക്കര്‍ തുടങ്ങിവെച്ച ഘട്ടം ഘട്ടം മദ്യനിരോധം എന്ന നിലപാട് തിരികെ കൊണ്ടുവരികയും വേണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ആവശ്യപ്പെടുന്നു.

(2018 ഡിസംബര്‍ 20ന് എറണാകുളം പ്രസ്സ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത പത്രകുറിപ്പ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എ സദീഖ് എന്നിവര്‍ പങ്കെടുത്തു.)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757