Opinion

പൗര സ്വാതന്ത്ര്യം ഹനിക്കുന്ന പുതിയ സൈബര്‍ നിയമം – യാസര്‍ ഖുതുബ്

2018 ഡിസംബര്‍ 20ന് അര്‍ധരാത്രി മോദി സര്‍ക്കാര്‍ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപന പ്രകാരം രാജ്യത്തെ ഏജന്‍സികള്‍ക്ക് ഇനിമുതല്‍ പൗരന്മാരുടെ കമ്പ്യൂട്ടറുകള്‍ മുന്‍ അനുമതികള്‍ ഇല്ലാതെ ഏതുസമയത്തും പരിശോധിക്കാം. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാം. പൗര സ്വാതന്ത്ര്യത്തിനുനേരെ സൂക്ഷ്മ ദൃഷ്ടികള്‍ അയക്കുന്ന ഈ പുതിയ ഉത്തരവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമമാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആകറ്റ് 2000ല്‍ (IT Act 2000) ഉള്‍പ്പെടുന്ന സെഷന്‍ 69(1) ന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. ഇത് യഥാര്‍ഥത്തില്‍ ആര്‍ട്ടിക്കിള്‍ 19(2) പ്രകാരമുള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്ന നിയമമാണ്. ഫ്രീഡം ഓഫ് എക്്‌സ്പ്രഷനും ഫ്രീഡം ഓഫ് സ്പീച്ചും ആണ് ആര്‍ട്ടിക്കിള്‍ 19 ഉറപ്പുനല്‍കുന്നത്. ഐ.ടി ആക്റ്റ്, 2009 ഫെബ്രുവരി അഞ്ചിന് ഭേദഗതി ചെയ്തിരുന്നു. അന്ന് അതില്‍ കൂട്ടിച്ചേര്‍ത്ത ചട്ടങ്ങള്‍ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നവയായിരുന്നു. അസ്വാഭാവിക സന്ദേശങ്ങള്‍ അയച്ചാല്‍ പൗരന്മാരെ മൂന്ന് വര്‍ഷം ജയിലില്‍ ഇടാനും പിഴ ചുമത്താനും അന്നത്തെ ഭേദഗതി, 66(A) പ്രകാരം നിര്‍ദേശിച്ചു. എന്നാല്‍, ഇത് ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് 66(A) എന്ന വകുപ്പ് സുപ്രീംകോടതി 2015 മാര്‍ച്ചില്‍ റദ്ദാക്കി. പിന്നീട്, 2018 ല്‍ വന്ന വിശദമായ ആധാര്‍ വിധിയിലും, സൈബര്‍ ലോകത്തെ മൗലികാവകാശങ്ങളെ കുറിച്ചും റൈറ്റ് ടു ഇന്‍ഫര്‍മേഷ നെ കുറിച്ചും പറയുന്ന ഭാഗത്ത് ഐ.ടി ആക്റ്റിലെ 69 വകുപ്പും വിമര്‍ശന വിധേയമാക്കിയിരുന്നു. ഇതും പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നത് തന്നെയായിരുന്നു വിഷയം. ഇതിനെയെല്ലാം മറികടക്കാനുള്ള വിദ്യയായാണ് പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വെക്കാതെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ ഒപ്പുവെച്ച് ഇറക്കിയ, മോദി സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ (moving/transmitted) ആയിരുന്നു മുന്‍പ് കൂടുതലായി അന്വേഷണ വിധേയമാക്കിയിരുന്നവ. (ഉദാഹരണം: ഈമെയില്‍, ടെലിഫോണ്‍ കോള്‍, എസ്.എം.എസ് തുടങ്ങിയവ). എന്നാല്‍, പുതിയ നിയമമനുസരിച്ച് ഒരാളുടെ കമ്പ്യൂട്ടറിലെ എന്തും അധികാരികള്‍ക്ക് പരിശോധിക്കാം. നാല് വിഭാഗത്തിലുള്ളവ (generated, transmitted, received, stored) പരിശോധിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പിടിച്ചെടുക്കുക, നിരീക്ഷണം ഏര്‍പ്പെടുത്തുക, രഹസ്യ രൂപങ്ങളില്‍ സൂക്ഷിച്ചവ യഥാര്‍ഥ രൂപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക (interception, monitoring, decryption) എന്നീ മൂന്ന് അധികാരങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു. ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി), സി.ബി.ഐ, ദേശീയ സുരക്ഷ ഏജന്‍സി (എന്‍.ഐ.എ), ക്യാബിനറ്റ് സെക്രട്ടറിയേറ്റ് (RAW), ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ് (ജമ്മു കാശ്മീര്‍, നോര്‍ത്ത്-ഈസ്റ്റ്, ആസാം), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ദല്‍ഹി പോലീസ് ഡയറക്ടര്‍ തുടങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് പുതിയ നിയമപ്രകാരം അധികാരങ്ങള്‍ ലഭിക്കുന്നത്. ഇതുകൂടാതെ ടാക്‌സ്, റവന്യൂ, എന്‍ഫോഴ്‌സ്‌മെന്റ് എന്നീ ഡിപാര്‍ട്ട്‌മെന്റുകള്‍ക്കും അധികാരം ലഭിക്കുന്നു. പുതിയ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട് എന്നത് ഇതില്‍നിന്നുതന്നെ വ്യക്തമാണ്.

പലപ്പോഴും തീവ്രവാദികളെന്ന് സംശയിച്ചും ആരോപിച്ചും പിടികൂടുന്നവരില്‍നിന്ന് ‘തെളിവുകള്‍’ ആയി കണ്ടെടുക്കുന്ന വസ്തുക്കളാണ് ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ്, മൊബൈല്‍ സിം, നെറ്റ് സെറ്റര്‍ തുടങ്ങിയവ. അന്തര്‍ സംസ്ഥാന ബന്ധം, അന്താരാഷ്ട്ര ഗൂഢാലോചന തുടങ്ങിയ കാര്യങ്ങള്‍ എഴുതി ചേര്‍ക്കാനും ഫാബ്രിക്കേറ്റ് ചെയ്യാനും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന സ്ഥിരം ഉരുപ്പടികളാണ് ഇവയെല്ലാം. പിടികൂടുന്ന വ്യക്തികളെ വ്യത്യസ്ത ഏജന്‍സികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കൈമാറാനും ഈ ‘തെളിവുകള്‍’ എളുപ്പത്തില്‍ ഉപയോഗപ്പെടുത്തുന്നു. സൈബര്‍ സാക്ഷരത ഇല്ലാത്ത ജഡ്ജിമാരും വിഷയം രാജ്യസുരക്ഷയും കൂടി ആകുമ്പോള്‍ ഇത്തരം കേസില്‍ ഉള്‍പ്പെടുന്നവര്‍ ആജീവനാന്തം കഷ്ടപ്പെടുന്നു. പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയില്‍ പോലീസുകാര്‍ക്ക് ആവശ്യാനുസരണം ഡാറ്റ കയറ്റുവാനും എളുപ്പത്തില്‍ സാധിക്കും. അവ വലിയ തെളിവുകളായി കോടതിയില്‍ പ്രത്യക്ഷപ്പെടും. ഉള്ളടക്കം വെരിഫൈ ചെയ്യാതെ പലപ്പോഴും കോടതികള്‍ അത് അംഗീകരിക്കുകയും ചെയ്യും.

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു കേസാണ് ഗുല്‍ബര്‍ഗയില്‍ നിന്നുള്ള സഹീറുദ്ദീന്‍ അഹമ്മദ്, നിസാര്‍ അഹമ്മദ് എന്നിവരുടേത്. ഭീകരവാദിയാണ് എന്ന് ആരോപിച്ച് 23 വര്‍ഷമാണ് ഇരുവരും തടവില്‍ കിടന്നത്. അവസാനം നിരപരാധികളാണെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്തു. നിസാര്‍ അഹമ്മദ് കേസുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ പോലീസുകാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്ന തെളിവുകളെ കുറിച്ച് പറയുന്നുണ്ട്. രണ്ട് വലിയ ട്രോളികളില്‍ നിറയെ റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്നു. അത് ഒരിക്കലും ജഡ്ജിമാര്‍ പരിശോധിക്കാറുണ്ടായിരുന്നില്ല. അതിലെ ഫ്‌ളോപ്പി ഡിസ്‌കുകളുടെ കാര്യം പലപ്പോഴും പോലീസും ജഡ്ജിയും എല്ലാം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ആ ഫ്‌ളോപ്പി ഡിസ്‌ക് കോടതിയില്‍ ഒരിക്കലും ഓപണ്‍ ചെയ്തിട്ടില്ല പോലും. അക്കാലത്ത് കമ്പ്യൂട്ടറോ ഫ്‌ളോപ്പിയോ ഇല്ലാത്ത ഒരു മനുഷ്യനായിരുന്നു നിസാര്‍ അഹമ്മദ് എന്നത് മറ്റൊരു വസ്തുത. ഇതാണ് രാജ്യത്തെ അന്വേഷണങ്ങളുടെ ചിത്രം. അതിനാല്‍ പുതിയ നിയമം ആരെയാണ് കൂടുതല്‍ ബാധിക്കുക എന്ന് പറയേണ്ടതില്ല. യൂറോപ്യന്‍ യൂണിയനുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കി നിയമങ്ങള്‍ പാസാക്കുന്ന സമയത്താണ് ഇന്ത്യയില്‍ മോദിയും അമേരിക്കയില്‍ ട്രംപും ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് കൂടുതല്‍ കൂച്ചുവിലങ്ങുകള്‍ ഇടുന്ന നിയമങ്ങള്‍ കൊണ്ടുവരുന്നത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757