Opinion

നവോത്ഥാന ചരിത്രത്തെ തലതിരിച്ച് വായിക്കുമ്പോള്‍ സംഭവിക്കുന്നത് – കെ.ടി ഹുസൈന്‍

 

വനിതാ മതില്‍ കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുകയും അതിന് തൊട്ടുടനെ തന്നെ ശബരിമലയിലെ സ്ത്രീപ്രവേശനം സാധ്യമാക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിലരുടെ കണ്ണിലെങ്കിലും കേരളത്തിന്റെ പുതിയ നവോത്ഥാന നായകനായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്ത്രീപ്രവേശം സുപ്രീം കോടതി വിധിയോട് കൂടി തന്നെ അനായാസം സാധ്യമാകേണ്ടതായിരുന്നു. പക്ഷേ, അതിനെ നേരത്തെ അനൂകൂലിച്ച സംഘ്പരിവാര ശക്തികള്‍ അമിത് ഷായുടെ ഉപദേശ പ്രകാരമാണെന്ന് തോന്നുന്നു അതില്‍ രാഷ്ട്രീയ മുതലെടുപ്പിന് അവസാരമുണ്ടെന്ന് മനസ്സിലാക്കി കോടതി വിധിയെ കേരള സര്‍ക്കാറിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമായി മാറ്റിയതോടെയാണ് മുഖ്യമന്ത്രിക്ക് ചുളിവില്‍ ഒരു നവോത്ഥാന നായകനാകാന്‍ അവസരം ഒത്ത് കിട്ടിയത്. തീര്‍ത്തും ജൈവ പ്രക്രിയയായ ആര്‍ത്തവം അശുദ്ധമാണെന്ന സങ്കല്‍പത്തില്‍ ശബരിമല ദര്‍ശനം യുവതികള്‍ക്ക് നിഷേധിക്കുന്നത് സ്ത്രീയുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ തീര്‍ത്തും സ്ത്രീ വിരുദ്ധവും അവരുടെ മനുഷ്യാവകാശത്തിന് നേരെയുള്ള വെല്ലുവിളിയും തന്നെയാണ്. ശബരിമലയിലൊഴികെ ഇന്ത്യയിലെ മറ്റൊരു ഹൈന്ദവ ക്ഷേത്രത്തിലും ഇപ്രകാരം ആര്‍ത്തവത്തിന്റെ പേരില്‍ ദര്‍ശനത്തിന് വിലക്കുണ്ടെന്ന് തോന്നുന്നില്ല.

കോടതി വിധിയേയും അത് നടപ്പാക്കാനുള്ള ഭരണകൂടത്തിന്റെ ഇഛയെയും മസില്‍ പവര്‍ കൊണ്ട് നേരിടാനും സ്ത്രീകളെ പോലും അതിന് മറയാക്കാനും സംഘ്പരിവാര്‍ രംഗത്തിറങ്ങിയപ്പോള്‍ അതിനെതിരായ പൊതുബോധം വളര്‍ത്താന്‍ വനിതാ മതില്‍ എന്ന ആശയം ഉയര്‍ത്തിയതിനെയും പഴുതടച്ച രീതിയില്‍ അത് പ്രയോഗ വല്‍കരിക്കാന്‍ കാണിച്ച മിടുക്കിനെയും വില കുറച്ച് കാണേണ്ടതുമില്ല. പക്ഷേ, ഒരു ഭരണഘടനാ ബാധ്യത നിര്‍വഹിച്ചതിനേയും സംഘാടക മികവ് പ്രദര്‍ശിപ്പിച്ചതിനേയും വലിയ നവോത്ഥാനമായും അതിന്റെ പേരില്‍ പിണറായി വിജയനെ നവോത്ഥാന നായകനായും കൊണ്ടാടുമ്പോഴാണ് ഈ കൊണ്ടാട്ടം അദൃശ്യമാക്കുന്ന കാര്യങ്ങളേയും അതിനകത്ത് ഒളിപ്പിച്ചുവെച്ച വഞ്ചനയേയും പരിശോധിക്കേണ്ടി വരുന്നത്. എന്തായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ യഥാര്‍ഥ ഉള്ളടക്കമെന്നും അതിന്റെ നിര്‍വാഹക ശക്തികള്‍ ആരെല്ലാമായിരുന്നുമുള്ള അന്വേഷണത്തിലൂടെ മാത്രമേ ഈ പരിശേധന ഫലപ്രധ മാവുകയുള്ളൂ.

ഇന്ത്യന്‍ നവോത്ഥാനം നടന്ന പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകള്‍ തന്നെയാണ് കേരളീയ നവോത്ഥാനത്തിന്റേയും കാലം. പക്ഷേ, ഇന്ത്യന്‍ നവോത്ഥാനത്തില്‍ നിന്ന് കേരളീയ നവോത്ഥാനം വ്യത്യാസപ്പെടുന്നത് അതിന്റെ കീഴാള ഉള്ളടക്കവും അത് ഉയര്‍ത്തിപ്പിടിച്ച സാമൂഹിക നീതി സങ്കല്‍പവുമാണ്. രാജാ റാം മോഹന്‍ റായിയുടെ ബ്രഹമ്‌സമാജവും സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജവം പിന്നെ, സ്വാമി വിവേകാനന്ദനുമാണല്ലോ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാന നിര്‍വാഹക ശക്തികള്‍. ഈ മൂന്ന് പേരും ശുദ്ധ സവര്‍ണരായിരുന്നുവെന്ന് മാത്രമല്ല അവരുടെ പ്രവര്‍ത്തന മണ്ഡലം സവര്‍ണരെ ഉദ്ധരിക്കലുമായിരുന്നു. സതിക്കെതിരായ പൊതുബോധം ഉയര്‍ത്തിക്കൊണ്ട് വന്നതാണല്ലോ രാജാറാം മോഹന്‍ റായിയെ പരിഷ്‌കര്‍ത്താവാക്കിയത്. സതി എന്ന ആചാരം ഇന്ത്യയിലെ സവര്‍ണരിലല്ലാതെ കീഴാളരില്‍ ഒരു കാലത്തും ഉണ്ടായിരുന്നില്ല. മാത്രമല്ല, അവരുടെ നവോത്ഥാനം ആശയപരമായി സെമിറ്റിക്ക് മതങ്ങളോട് പ്രത്യേകിച്ച് ഇസ്‌ലാമിനോടുള്ള പ്രതികരണവും ആയിരുന്നു. വേദങ്ങളിലേക്ക് മടങ്ങുക എന്ന അവരുടെ ആഹ്വാനത്തിലും വിഗ്രഹാരാധനയോടുള്ള നിഷേധാത്മകമായ അവരുടെ സമീപനത്തിലുമെല്ലാം ഈ പ്രതികരണമാണ് നമുക്ക് കാണാനാകുന്നത്. രാജാറാം മോഹന്‍ റായിയും ദയാനന്ദ സരസ്വതി ഏകേശ്വര വിശ്വാസികളും വിഗ്രഹാരാധനയെ എതിര്‍ത്തവരുമായിരുന്നല്ലോ.

സ്വമീ വിവേകാനന്ദനാകട്ടെ സവര്‍ണാധിഷ്ടിതമായ ഹൈന്ദവ മതത്തിന്റെ മഹത്വം ലോക തലത്തില്‍ ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. അവര്‍ക്കെല്ലാവര്‍ക്കും അയിത്തത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും അത് അവരുടെ അടിസ്ഥാന പ്രവര്‍ത്തനമായിരുന്നില്ല. അതിനാല്‍ ഇന്ത്യന്‍ നവോത്ഥാനമെന്നത് അതിന്റെ സത്തയിലും ഉള്ളടക്കത്തിലും സാമൂഹിക പരിവര്‍ത്തനമോ പരിഷ്‌ക്കരണമോ ആയിരുന്നില്ല, മറിച്ച് അത് തികച്ചും ഹിന്ദു മത നവോത്ഥാനം തന്നെയായിരുന്നു. ഒരു തരത്തില്‍ ഹിന്ദു മതത്തിന്റെ സെമിറ്റിക്ക് വല്‍കരരണമാണ് ഇന്ത്യന്‍ നവോത്ഥാനത്തിലൂടെ നടന്നത് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സ്വാമി ദയാനന്ദ സരസ്വതിയാകട്ടെ പ്രകോപനമായ രീതിയില്‍ ഇസ്‌ലാമിനേയും ക്രിസ്തു മതത്തേയും അപര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് തന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ചുരുക്കത്തില്‍ രാജാറാം മോഹന്റായിയും സ്വാമി ദയാനന്ദ സരസ്വതിയും സ്വാമി വിവേകാനന്ദനും നിര്‍വാഹകത്വം വഹിച്ച ഇന്ത്യന്‍ നവോത്ഥാനമാണ് പില്‍കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും സാംസ്‌കാരിക പദ്ധതിയുടേയും അടിപ്പടവായത്. ഏതാണ്ട് ഇതേ കാലത്ത് തന്നെ സാമൂഹിക നീതി ഉയര്‍ത്തി പിടിച്ച് മഹാത്ത്മ ജോതി ബെ ഫൂലെയും ഡോക്ടര്‍ അംബേദ്ക്കറും നടത്തിയ കീഴാള മുന്നേറ്റങ്ങളാകട്ടെ ഈ നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തോടും സംസ്‌കാരത്തോടും സാംസ്‌കാരിക പദ്ധതികളോടും ക്യത്യമായി ഇടയുന്നതിനാല്‍ ഇന്ത്യന്‍ നവോത്ഥാനത്തില്‍ ഒരിക്കലും എണ്ണപ്പെടുകയുണ്ടായില്ല.

എന്നാല്‍, കേരളീയ നവോത്ഥാനത്തിന്റെ നിര്‍വാഹക ശക്തികള്‍ അധികവും കീഴാളരായതിനാല്‍ അത് ഹിന്ദുമത നവോത്ഥാനം എന്നതിനേക്കാള്‍ സാമൂഹിക പരിവര്‍ത്തനമായിരുന്നു. ആചാര പരിഷ്‌ക്കരണമായതിനാല്‍ സാമൂഹിക നീതിയും സമത്വവും മനുഷ്യന്റെ അന്തസ്സും ഉയര്‍ത്തി പിടിക്കാനുള്ള സമരങ്ങളും പ്രക്ഷോഭങ്ങളുമായിരുന്നു അതിന്റെ ഉള്ളടക്കം. ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം മാത്രമാണ് അതിന് ആത്മീയ പരിവേഷം നല്‍കിയത്. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ അതിന്റെ നിര്‍വാഹക ശക്തികളായ അയ്യങ്കാളി, ഡോ. പല്‍പ്പു, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍ തുടങ്ങിയവരുടെ നവോത്ഥാന പദ്ധതിയില്‍ നാരായണ ഗുരുവിന്റേത് പോലെ ആചാര പരിഷ്‌ക്കരണമേ ഉണ്ടായിരുന്നില്ല. അയങ്കാളിയുടെ ഭൂമിക്കും കൂലിക്കും വേണ്ടിയുള്ള കര്‍ഷക സമരങ്ങള്‍, വഴി നടക്കാനുള്ള അവകാശത്തിനും കീഴാളരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും വേണ്ടി അയങ്കാളി തന്നെ നടത്തിയ വില്ലുവണ്ടി സമരം, കല്ലുമാല സമരം, മുലക്കര വിരുദ്ധ സമരം, കീഴാളരുടെ, പ്രത്യേകിച്ച് ഈഴവരുടെ തൊഴില്‍ അവകാശത്തിന് വേണ്ടി ഡോ. പല്‍പ്പു നേത്യത്വം നല്‍കിയ ഈഴവ മെമ്മോറിയല്‍, സി. കേശവന്‍ മുന്നില്‍ നിന്ന് ഈഴവരും മുസ്‌ലിംകളും കൃസ്ത്യാനികളും സംയുക്തമായി ഭരണ തലത്തിലും ഉദ്യാഗ തലത്തിലും തങ്ങളുടെ സമുദായത്തിന്റെ പ്രാതിനിധ്യത്തിന് വേണ്ടി നടത്തിയ നിവര്‍ത്തന പ്രക്ഷോഭം, സഹോദരന്‍ അയ്യപ്പന്റെ പന്തിഭോജനം തുടങ്ങിയവയായിരുന്നു കേരളീയ നവോത്ഥാനത്തിന്റെ യഥാര്‍ഥ ഉള്ളടക്കം. ഇവയൊന്നും ആചാരപരിഷ്‌ക്കരണമായിരുന്നില്ല. സാമൂഹിക നീതിയും മനുഷ്യന്റെ അന്തസ്സുമായിരുന്നു അവ മുന്നേട്ടുവെച്ച ആശയങ്ങള്‍.

കേരളീയ നവോഥാനത്തില്‍ ആചാര പരിഷ്‌ക്കരണവുമായി ബന്ധമുള്ള വല്ലതും ഉണ്ടെങ്കില്‍ അത് ക്ഷേത്ര പ്രവേശന വിളംബരത്തിന് കാരണമായ വൈക്കം സത്യാഗ്രഹവും ശ്രീ നാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും മാത്രമാണ്. അതാകട്ടെ കേരളീയ നവോത്ഥാനത്തില്‍ സവര്‍ണര്‍ക്ക് ഇടം നേടാനും പില്‍ക്കാലത്ത് സവര്‍ണ-അവര്‍ണ വ്യത്യാസമില്ലാതെ എല്ലാവിധ ഹൈന്ദവ ആചാരങ്ങളേയും സവര്‍ണ ഹിന്ദുത്വത്തിന് ഹൈജാക്ക് ചെയ്യാനും അവസരമൊരുക്കുന്നതുമായിരുന്നു. ഇതില്‍ വൈക്കം സത്യാഗ്രഹത്തെ ഒരു സമരം എന്ന് പോലും പറയാന്‍ പറ്റില്ല. കാരണം, സവര്‍ണ താല്‍പര്യങ്ങള്‍ക്ക് യാതൊരു വിധ പരിക്കും പറ്റാതെ സവര്‍ണരുമായി മഹാത്മാ ഗാന്ധി നടത്തിയ ഒരു ഒത്തുതീര്‍പ്പ് മാത്രമായിരുന്നു വൈക്കം സത്യാഗ്രഹം. പിണറായി വനിതാ മതിലിന്റെ കാര്യത്തില്‍ ചെയ്തത് പോലെ മഹാത്മാഗാന്ധി ഹൈന്ദേവതരരെയെല്ലാം മാറ്റി നിര്‍ത്തി എന്ന സവിശേഷത കൂടിയുണ്ട് വൈക്കം സത്യാഗ്രഹത്തിന.് സാമൂഹിക നീതിയുടെ കാര്യത്തിലാകട്ടെ, പരിഷ്‌ക്കരണത്തിന്റെ കാര്യത്തിലാകട്ടെ സവര്‍ണരുടെ സൗമനസ്യം തേടുക എന്ന ഗാന്ധിയന്‍ രീതിശാസ്ത്രം തന്നെയയാണ് വൈക്കം സത്യാഗ്രഹത്തിലും തെളിഞ്ഞ് കണ്ടത്. ഗാന്ധിയും ഡോ. അംബേദ്ക്കറും തമ്മിലുള്ള അടിസ്ഥാന വൈരുധ്യം ഇവിടെയായിരുന്നല്ലോ. അതെന്തോ ആകട്ടെ മന്നത്ത് പത്മനാഭന്‍, കെ.പി കേശവ മേനോന്‍ തുടങ്ങിയ സവര്‍ണരായി സ്ഥാനക്കയറ്റം കിട്ടിയ കേരള ശൂദ്രര്‍ക്ക് കേരളീയ നവോത്ഥാനത്തില്‍ ഇടം നേടിക്കൊടുത്തത് വൈക്കം സത്യാഗ്രഹമാണ്. കേരളീയ നവോത്ഥാനം മുന്നോട്ടുവെച്ച എല്ല പുരോഗമനപരമായ ആശയങ്ങളേയും ചവിട്ടിമെതിക്കാന്‍ നേത്യത്വം നല്‍കിയ നായര്‍ സര്‍വീസ് സൊസൈറ്റി ഇപ്പോഴും കേരളീയ നവോത്ഥാനത്തിന്റെ അവകാശികളായി ചമയുന്നത് വൈക്കം സത്യാഗ്രഹത്തില്‍ മന്നത്ത് പത്മനാഭന്റെ പങ്കാളിത്തത്തിലാണ്. ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠക്ക് പ്രതീകാത്മക പ്രാധാന്യമെ ഉള്ളൂ.

കേരളീയ നവോത്ഥാനത്തിന്റെ ചാലക ശക്തിയായിത്തീരുമാറ് ശ്രീനാരായണ ഗുരു ഉയര്‍ത്തിവിട്ട സമത്വം എന്ന ആശയത്തെ ചെറുതായി കാണുകയല്ല. മറിച്ച് കേരളീയ നവോത്ഥാനത്തെ സൂക്ഷ്മമായി വായിച്ചാല്‍ ആചാരപരമായ പരിഷ്‌ക്കരണത്തിന് തീരെ ചെറിയ സ്ഥാനമേ ഉള്ളൂ എന്ന് വ്യക്തമാക്കാന്‍ വേണ്ടി മാത്രമാണ് വൈക്കം സത്യാഗ്രഹം സവര്‍ണരുമായി നടത്തിയ ഒത്ത് തീര്‍പ്പ് മാത്രമാണെന്നും അരുവിപ്പുറം പ്രതിഷ്ഠക്ക് പ്രതീകാത്മ പ്രാധാന്യമെ ഉള്ളൂ വെന്നും പറഞ്ഞത്. യഥാര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ റാഡിക്കലായ മാറ്റം വരുത്തിയ നവോത്ഥാന സംരംഭങ്ങള്‍ അയങ്കാളിയുടെ നേതൃത്തില്‍ നടന്ന കാര്‍ഷിക ഭൂസമരങ്ങളും അധികാര പങ്കാളിത്തത്തിന് വേണ്ടി ഡോക്ടര്‍ പല്‍പ്പു മുന്നില്‍ നിന്ന് നയിച്ച ഈഴവ മെമെമ്മോറിയലും മുസ്‌ലിംകളും കൃസ്ത്യാനികളും ഈഴവരും സംയുക്തമായി നടത്തിയ നിവര്‍ത്തന പ്രക്ഷോഭവുമായിരുന്നുവെന്നതാണ് വസ്തുത. അവസര സമത്വത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള സമരങ്ങളായിരുന്നു ഇതെല്ലാം. അയങ്കാളിയുടെ കര്‍ഷക സമരങ്ങളാണ് പില്‍ക്കാലത്ത് കേരളത്തില്‍ നടന്ന എല്ലാ കര്‍ഷക സമരങ്ങളുടേയും മാതാവ്. തിരുവിതാംകൂറില്‍ കാര്‍ഷിക അടിമകള്‍ ഇല്ലാതാക്കിയത് അയങ്കാളിയുടെ കര്‍ഷക സമരങ്ങളാണ്. യാതൊരു കൂലിയം ഇല്ലാതെ പറയര്‍, പുലയര്‍ തുടങ്ങിയവര്‍ അടിമകളെ പോലെയാണ് ജന്‍മിമാരുടെ ക്യഷിയിടത്തില്‍ ജോലി ചെയ്തിരുന്നത്. കൃഷിയിടത്തിലെ സമ്പൂര്‍ണ ജോലി ബഹിഷ്‌കരണമായിരുന്നു അയങ്കാളിയുടെ സമരമുറ. പുതുതായി ക്യഷിയിറക്കാനോ ഇറക്കിയ വിള കൊയ്‌തെടുക്കാനോ പണിക്കാരെ കിട്ടാതെ ജന്‍മികള്‍ക്ക് മുട്ടു മടക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.

തിരുവിതാംകൂറില്‍ അയിത്തം കാരണം കീഴാളരെ വഴിനടക്കാന്‍ അനുവദിക്കാത്ത സവര്‍ണരെ കായികമായി നേരിടാനും അയങ്കാളി മടിച്ചില്ല. തന്റെ വില്ലുവണ്ടി സമരത്തെ തടയാന്‍ വന്ന സവര്‍ണരെ കായികമായിത്തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കീഴാളര്‍ നേരിട്ടു. സ്ത്രീകള്‍ക്ക് മുലക്കച്ച ധരിക്കാനും കീഴാളര്‍ തങ്ങളുടെ അധമത്വത്തിന്റെ ചിഹ്ന്‌നമായി കഴുത്തില്‍ അണിയാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കല്ലുമാലക്കെതിരയും അദ്ദേഹം സമരം നയിച്ചു. വൈക്കം സത്യാഗ്രഹം പോലെ ഒത്തുതീര്‍പ്പ് സമരങ്ങളായിരുന്നില്ല ഇതൊന്നും.

അതേസമയം അയങ്കാളിയുടെ കര്‍ഷക ഭൂസമരങ്ങളാണ് കേരളത്തിലെ കര്‍ഷക സമരങ്ങളുടെ മാതാവ് എന്ന് പറയുമ്പോള്‍ പ്രത്യേകം പറയേണ്ട മറ്റൊന്നുണ്ട്. അതെന്തെന്നാല്‍ അയങ്കാളിയുടെ കര്‍ഷക സമരങ്ങളുടെ തട്ടകം തിരുവിതാംകൂര്‍ ആയിരുന്നുവെന്നും മലബാറില്‍ അതിനും മുന്‍പ്തന്നെ ഭൂബന്ധങ്ങളില്‍ വലിയ മാറ്റം വരുത്തിയ കാര്‍ഷിക സമരങ്ങളും കാര്‍ഷിക പരിഷ്‌ക്കരണങ്ങളും നടന്നിരുന്നുവെന്നുമുള്ള വസ്തുതയാണത്. മലബാറില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉടനീളം നടന്ന മാപ്പിള സമരങ്ങളും അതിന് മുന്‍പ് നടന്ന ടിപ്പുവിന്റെ കാര്‍ഷിക പരിഷ്‌ക്കരണവുമായിരുന്നു അത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂഹി നവോത്ഥാനത്തിന് അയങ്കാളിയെ പോലുള്ളവരെ രംഗത്തിറക്കിയ ജന്‍മിത്വ ചൂഷണവും തജന്യമായ അയിത്തം പോലുള്ള സാമൂഹിക ദുരാചാരങ്ങളും തിരുവിതാംകൂറിനെ പോലെ മലബാറില്‍ അക്കാലത്ത് അത്ര ശക്തമായിരുന്നില്ല. അതിന് കാരണം മേല്‍പറഞ്ഞ സമരങ്ങളും പരിഷ്‌കരണങ്ങളുമായിരുന്നു.

തമാശ അതല്ല, പില്‍ക്കാലത്ത് കയ്യൂര്‍, കരിവെള്ളൂര്‍ കര്‍ഷ സമരങ്ങളുടെ പേരില്‍ വല്ലാതെ ഊറ്റംകൊണ്ട മാര്‍ക്‌സിസ്റ്റുകാരുടെ കേരളീയ ആചാര്യനായ സഖാവ് ഇ.എം.എസിന്റെ കേരളത്തെ കുറിച്ച ചരിത്രത്തിന്റെ ആദ്യ പതിപ്പുകളില്‍ അയ്യങ്കാളിയോ അദ്ദേഹം നയിച്ച കാര്‍ഷിക സമരങ്ങളോ ഉണ്ടായിരുന്നില്ല. അക്കിടി മനസ്സിലായപ്പോള്‍ പിന്നീടെപ്പോഴോ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇതേ ഇ.എം.എസ് പരശുരാമന്‍ മഴുവെറിഞ്ഞാണ് കേരളം ഉണ്ടായത് എന്ന കേരളോല്‍പത്തിയിലെ മിത്ത് ചരിത്ര വസ്തുതയല്ലെങ്കിലുംഅതിന് സാംസ്‌കാരിക പ്രാധാന്യമുണ്ടെന്ന് ‘കേരളം മലയാളികളുടെ മാതൃഭൂമി’എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയ ആളാണ്.

അയങ്കാളിയുടെ സമരം കഴിഞ്ഞാല്‍ കേരളീയ നവേത്ഥാനത്തില്‍ അത്യുച്ചത്തില്‍ പറയപ്പെടേണ്ട ഒന്നാണ് 1932- 38 കാലത്തെ നിവര്‍ത്തന പ്രക്ഷോഭം. ഈഴവരുടേയും മുസ്‌ലിംകളുടേയും കൃസ്ത്യാനികളുടേയും അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള സമരമായിരുന്നു അത്. നിയമ നിര്‍മാണ സഭയില്‍ ജനസംഖ്യാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യവും സര്‍ക്കാര്‍ സര്‍വീസില്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ക്ക് സംവരണവുമാണ് നിവര്‍ത്തന പ്രക്ഷോഭം ഉയര്‍ത്തി പിടിച്ചത്. അത് നേടിയെടുക്കുന്നതില്‍ ഈ പ്രക്ഷോഭം വിജയിക്കുകയും ചെയ്തു. എന്നാല്‍, പില്‍ക്കാലത്ത് കേരള നവോത്ഥാനത്തെ കുറിച്ച് ചര്‍ച്ചകളിലും സംവാദങ്ങളിലും സാമൂഹിക നീതിയും അധികാര പങ്കാളിത്തവും ഉയര്‍ത്തിപ്പിടിച്ച അയങ്കാളിയുടെ കാര്‍ഷിക സമരങ്ങളും നിവര്‍ത്തന പ്രക്ഷോഭവും അപ്രധാനമാവുകയും കേവലം ആചാരപരമായ വൈക്കം സത്യാഗ്രഹവും അരുവിപ്പുറം പ്രതിഷ്ഠയും വന്‍ പ്രാധാന്യം നേടിയെടുക്കുകയും ശ്രീ നാരായണ ഗുരു വിഗ്രഹ വല്‍കരിക്കപ്പെടുകയുമാണുണ്ടായത്. സാമൂഹിക നീതിക്കും പാര്‍ശ്വവല്‍കൃതരുടെ അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള മേല്‍ സമരങ്ങളുടെ തുടര്‍ച്ചകളെ ഇല്ലാതാക്കുകയും അട്ടിമറിക്കുകയുമാണ് അതിന്റെ രാഷ്ട്രീയമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

വനിതാ മതിലിന്റേയും ശബരിമല സ്ത്രീ പ്രവേശനത്തിന്റേയും പേരില്‍ പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കുമ്പോഴും ഇതേ അട്ടിമറി മറ്റുരീതിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. അയങ്കാളി തുടങ്ങിവെച്ച കര്‍ഷ സമരങ്ങളെ ഹൈജാക്ക് ചെയ്ത് കൊട്ടി ഘോഷിക്കപ്പെട്ട ഭൂപരിഷ്‌ക്കരണത്തിന്റെ ഗുണഫലങ്ങളില്‍ നിന്ന് അയങ്കാളിയുടെ സമുദായമായ ദലിതുകളേയും ആദിവാസികളേയും മാറ്റി നിര്‍ത്തിയ ചരിത്രമാണ് പിണറായിയുടെ പാര്‍ട്ടിയുടേത്. നാണ്യവിള തോട്ടങ്ങളേയും വനഭൂമിയേയും ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയാണ് അത് സാധിച്ചത്. ഫലമോ ലക്ഷകണക്കിന് ദലിതുകളും ആദിവാസികളും ഭൂരഹിതരാവുകയും പഴയ കോവിലകം ജന്‍മികളേക്കാള്‍ പതിന്‍മടങ്ങ് കരുത്തരായ ഹാരിസനേയും ടാറ്റയേയും പോലുള്ള വന്‍കിട ജന്‍മികല്‍ പിറക്കുകയും ചെയ്തു. വൈദേശിക സര്‍ക്കാര്‍ പണ്ട് കോവിലകം ജന്‍മികള്‍ക്കാണ് ഒത്താശ ചെയ്തുകൊടുത്തതെങ്കില്‍ ഇന്നത്തെ ജനാധിപത്യ സര്‍ക്കാറുകള്‍ ടാറ്റയേയും ഹാരിസനേയും പോലുള്ള വന്‍കിട ജന്‍മികള്‍ക്കാണ് കാവലിരിക്കുന്നത്. ഇവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന എല്ലാ സമരങ്ങളോടും നവോത്ഥാന നായകനായി വാഴ്ത്തപ്പെടുന്ന പിണറായി മുഖം തിരിക്കുകയാണ്.

മറുഭാഗത്ത് നിവര്‍ത്തന പ്രക്ഷോഭത്തിന്റെ അടിത്തറയായ സാമുദായിക സംവരണം എന്നതില്‍ വെള്ളം ചേര്‍ത്ത് അതില്‍ സാമ്പത്തിക വശം തിരുകിക്കയറ്റാന്‍ നെട്ടൂര്‍ കമ്മീഷന്‍ മുതല്‍ ശ്രമിച്ചവരാണ് പിണറായിയുടെ പാര്‍ട്ടി. കേന്ദ്രത്തില്‍ തങ്ങള്‍ പിന്തുണച്ച വി.പി സിംഗ് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോഴും പൂര്‍ണ മനസ്സോടെയല്ല ഇടത് പാര്‍ട്ടികള്‍ അതിനെ പിന്തുണച്ചത്. ഇപ്പോള്‍, പുതുതായി ഉണ്ടാക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റ് സര്‍വീസില്‍ സംസവരണ അട്ടിമറിക്ക് നേത്യത്വം നല്‍കുകയാണ് പിണറായി സര്‍ക്കാര്‍. അതിനാല്‍, കേരളീയ നവോത്ഥാനം ആചാരപരം എന്നതിനേക്കാള്‍ സാമൂഹിക നീതിക്കും അവശ വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളായിരുന്നുവെന്ന് ഉറക്കെ പറയുകയും അതിന്റെ തുടര്‍ച്ചകളെ അട്ടിമറിക്കാനും നവോത്ഥാന ചരിത്രത്തെ തലതിരിച്ച് വായിക്കാനും ശ്രമിക്കുന്നതിനെ തുറന്ന് കാണിക്കുകയും ചെയ്യേണ്ടതുണ്ട്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757