featuredOpinion

കര്‍ഷക രോഷത്തിന്റെ കാരണങ്ങള്‍?

 

രാജ്യത്തെ പരിതാപകരമായ കാര്‍ഷിക അവസ്ഥയുടെ പരിണിതഫലമായി തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കര്‍ഷകര്‍ സമരത്തിനായി തെരുവിലിറങ്ങുന്നതിന് നമ്മള്‍ സാക്ഷികളാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് ഹരിദ്വാറില്‍ നിന്ന് ആരംഭിച്ച കര്‍ഷകരുടെ മാര്‍ച്ച് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള കടുത്ത അക്രമത്തിലാണ് കലാശിച്ചത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, ഡീസല്‍ വില നിയന്ത്രിക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍, ദല്‍ഹി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ കെട്ടി കര്‍ഷകരെ നഗരത്തില്‍ പ്രവേശിക്കുന്നത് തടയുകയാണ് ഡല്‍ഹി പോലീസ് ചെയതത്. കൂടാതെ സമരം പിരിച്ചുവിടാനായി ജലപീരങ്കി, കണ്ണീര്‍ വാതക പ്രയോഗം മുതലായവയും പോലീസ് കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. തുടര്‍ന്ന് നഗരത്തില്‍ സി.ആര്‍.പി.പി സെക്ഷന്‍ 144 പ്രകാരം നിരോധനാഞ്ജ പ്രഖ്യാപിക്കുകയും നാലില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് തടയുകയും ചെയ്തു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ചെയ്തത്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുകയെന്നത് കര്‍ഷകരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ്. കഴിഞ്ഞ മാസം ഒരു ലക്ഷത്തോളം വരുന്ന കര്‍ഷകരും, കര്‍ഷകത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ ദല്‍ഹി രാംലീലാ മൈതാനിയിലെ പ്രതിഷേധത്തിലും കഴിഞ്ഞ വര്‍ഷത്തെ കിസാന്‍ ലോങ് മാര്‍ച്ചിലും, മാര്‍ച്ച് മാസത്തില്‍ മുംബൈയില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളിലും ഇതേ ആവശ്യങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചത്.

ഈയിടെയായി രാജ്യത്ത് തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക സമരങ്ങളെ നിലവിലുള്ള വ്യാപകമായ സാമ്പത്തിക പ്രതിസന്ധിയുമായി ചേര്‍ത്ത് വായിക്കാനാണ് ഇനി പറയുന്ന കാര്യങ്ങളിലൂടെ ശ്രമിക്കുന്നത്.
1. ഗ്രാമീണ-കര്‍ഷക സ്വത്വത്തിന് വേണ്ടിയുള്ള അന്വേഷണങ്ങള്‍
ഉദാരവല്‍കരണത്തിന് ശേഷമുള്ള സാമ്പത്തിക-സാമൂഹിക മാറ്റങ്ങളും രാജ്യത്തെ കര്‍ഷകര്‍ക്കിടയില്‍ അസാമാന്യവിധത്തിലുള്ള സ്വത്വ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വലിയ പ്രക്ഷോഭങ്ങള്‍ക്ക് പ്രധാനമായും ഈ പ്രതിസന്ധി വഴിയൊരുക്കി. സുധീര്‍ കുമാര്‍ സുത്താര്‍ 2018ല്‍ എഴുതിയ ഒരു ലേഖനത്തില്‍ ഈ പ്രതിഭാസത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ വെച്ച് പ്രതിഷേധങ്ങളും സമരങ്ങളും സ്വാഭിമാനം തിരിച്ചുപിടിക്കാനും സംരക്ഷിക്കാനുമുള്ള വഴിയായി ജനങ്ങള്‍ കാണുന്നുവെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. ആ അര്‍ഥത്തില്‍ കര്‍ഷക സമരങ്ങള്‍ സാമൂഹികമായും സാംസ്‌കാരികമായും അവര്‍ നേരിടുന്ന അനീതികള്‍ പ്രകടിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.
നിലവിലെ സാഹചര്യത്തില്‍ തുടര്‍ച്ചയാകുന്ന കര്‍ഷക സമരങ്ങള്‍ പുതിയ സ്വത്വത്തിന് വേണ്ടിയുള്ള അവരുടെ അന്വേഷണങ്ങളുടെ രാഷ്ട്രീയ ആവിഷ്‌കരണമാണ്. ഈ പുതിയ സ്വത്വമെന്നത് വ്യക്തിയും ഉണ്മയും സ്വാഭിമാനവും കൂട്ടായ്മയും കൂടിച്ചേര്‍ന്ന ഒന്നാണ്. നഗരവല്‍കരണത്തിന്റെ നിരാശയില്‍ നിന്നും, വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് കൂടുതല്‍ ഇടം നല്‍കുന്ന പുതിയ രീതിയിലുള്ള ഗ്രാമീണ സങ്കല്‍പ്പത്തെ കുറിച്ചുള്ള പ്രതീക്ഷയില്‍ നിന്നും കൂടിയാണ് ഇത്തരത്തിലുള്ള ഒരു അന്വേഷണമുണ്ടാവുന്നത്. നഗരങ്ങളിലെ സര്‍വ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന ഗ്രാമങ്ങള്‍ എന്ന പുതിയ ചിന്തയില്‍ കൂടി അധിഷ്ഠിതമാണിത്. ഗ്രാമ-നഗര സങ്കല്‍പങ്ങളില്‍ ഇടയിലായിപ്പോകുന്ന കാര്‍ഷികമേഖലയില്‍ സംഭവിച്ച സങ്കീര്‍ണമായ പ്രതിപ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ് നിലവിലുള്ള ഗ്രാമീണ-നാഗരിക അജണ്ടകളെ കവച്ചുവെക്കുന്ന ഇത്തരത്തിലുള്ള രാഷ്ട്രീയവല്‍കരണം. കാര്‍ഷിക പ്രശ്നങ്ങളും, നഗര വിരുദ്ധ വികാരങ്ങളും കൂടിച്ചേര്‍ന്ന് വലിയ സ്വത്വ പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വ്യക്തി എന്ന നിലയില്‍ മാത്രമല്ല, കൂട്ടായ്മയെന്ന നിലയിലും കര്‍ഷരുടെ സ്വത്വത്തെ ചോദ്യചിഹ്‌നമാക്കുന്നു. വ്യക്തിപരമായ നിലയില്‍ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങളുടെ ഫലമായി നഷ്ടപെടുന്ന ആത്മാഭിമാനവും അന്തസ്സും തിരിച്ചുപിടിക്കാനുള്ള ത്വരയാണ് ഈ അന്വേഷണത്തെ നയിക്കുന്നത്.

2.പ്രതിസന്ധിയുടെ വിവിധ മുഖങ്ങള്‍
രാജ്യത്തെ കര്‍ഷകരുടെ പ്രതിസന്ധിയെന്നത് തികച്ചും യാഥാര്‍ഥ്യമായ ഒരു വസ്തുതയാണ്. എന്നാല്‍, കര്‍ഷക പ്രശ്നങ്ങള്‍ എല്ലാം തന്നെ ഒരൊറ്റ വീക്ഷണ കോണില്‍ നിന്നും നോക്കി കാണാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. അതിന് വിവിധ മാനങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് 1980ല്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുമായി സാമ്യങ്ങളുണ്ട്. എന്നാല്‍, ഈ സമരങ്ങളുടെ ചരിത്രവും, അതാത് സമയങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും, സാമ്പത്തികാവസ്ഥയും എല്ലാം പരിശോധിക്കുകയാണെങ്കില്‍ ഇവയെ വ്യത്യസ്തമായി തന്നെ നോക്കിക്കാണാനാവും. കഴിഞ്ഞ രണ്ട് ദശകങ്ങളിലായി സര്‍വസാധാരണമായി സംഭവിച്ചതും എന്നാല്‍, ഏറ്റവും അപകടകരമായതുമായ ഒരു മാറ്റമെന്തെന്നാല്‍ ദേശീയ സമ്പദ്ഘടനയില്‍ കാര്‍ഷിക മേഖലയുടെ പങ്കില്‍ സംഭവിച്ച ഇടിവാണ്. സ്വാതന്ത്രാനന്തര ഇന്ത്യന്‍ സമ്പദ്ഘടനയെ ഏകദേശം പകുതിയോളം താങ്ങിനിര്‍ത്തിയത് കാര്‍ഷിക മേഖലയായിരുന്നെങ്കില്‍ നിലവില്‍ അത് 15ശതമാനത്തിലും കുറഞ്ഞ പങ്കാണ് വഹിക്കുന്നത്. നഗര-കാര്‍ഷകികേതര മേഖലകള്‍ ദേശീയ സമ്പത്തിക മേഖലക്ക് നല്‍കുന്ന സംഭാവന വളരെ കൂടുതലാണെന്ന് മാത്രമല്ല, അതിന്റെ വളര്‍ച്ച വളരെ വേഗത്തിലുമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ അളവ് ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും, ഗ്രാമീണ മേഖലകളില്‍ പോലും കാര്‍ഷികേതര വരുമാന മാര്‍ഗങ്ങളാണ് വളരെ വേഗത്തില്‍ വികസിച്ച് കൊണ്ടിരിക്കുന്നത്. സ്വന്തമായി കൃഷിഭൂമിയുള്ളവരും അതില്‍ കൃഷി നടത്തുന്നവരും പോലും വരുമാന മാര്‍ഗങ്ങള്‍ക്കായി മറ്റ് ജോലികള്‍ ചെയ്യുന്നുണ്ട്. നിലവില്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഗ്രാമീണ കുടുംബങ്ങള്‍ എണ്ണത്തില്‍ താരതമ്യേന കുറവാണ്. ഗ്രാമീണ മേഖലകളില്‍ പോലും കൃഷിയില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതല്‍ മറ്റു തൊഴിലുകളില്‍ നിന്നാണ് ലഭ്യമാകുന്നത്.
3.കാര്‍ഷിക മേഖലയിലെ ഘടനാപരമായ മാറ്റങ്ങള്‍
രാജ്യത്തെ കൃഷിയിലെ ഘടനാപരമായ മാറ്റത്തെ കുറിച്ചും, കര്‍ഷക പ്രതിസന്ധികളെ കുറിച്ചും പതിറ്റാണ്ടുകളായി പഠനം നടക്കുന്നുണ്ട്. ഉദാഹരണത്തിന് 2008ല്‍ ഇറങ്ങിയ ടി.എന്‍ ധന്‍ഘാരയുടെ പുസ്തകമായ പോപ്പുലിസം ആന്‍ഡ് പവറില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ ചരിത്രത്തെ കുറിച്ചുള്ള വിശദമായ പഠനം തന്നെയുണ്ട്. ഇതിലൂടെ അദ്ദേഹം ഹരിതവിപ്ലവത്തിന് ശേഷമുള്ള ഇന്ത്യയിലെ കാര്‍ഷിക പ്രതിസന്ധി കാര്‍ഷിക സമ്പദ് വ്യവസ്ഥുടെ ഘടനാപരമായ മാറ്റത്തിന്റെ ലക്ഷണങ്ങളാണെന്ന് ചൂണ്ടികാട്ടുന്നുണ്ട്. കര്‍ഷക തൊഴിലാളിയില്‍ നിന്നും കര്‍ഷകനിലേക്കുള്ള മാറ്റത്തെ ധന്‍ഘാരെ തന്റെ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു. ഇതില്‍ നിന്നും സംഭവിച്ച പ്രധാന മാറ്റം ഉല്‍പാദകനായ കര്‍ഷകന്‍ ഭൂവുടമയെ ആശ്രയിക്കുന്നതില്‍ നിന്നും കമ്പോളത്തെ ആശ്രയിക്കുന്നതിലേക്ക് മാറിയെന്നതാണെന്ന് ധന്‍ഘാരെ വ്യക്തമാക്കുന്നു. ഈ പുതിയ വിഭാഗത്തിലെ അധികപേരും പാരമ്പര്യമായി കൃഷി ചെയ്തിരുന്നവരാണെങ്കില്‍ കൂടി കമ്പോളത്തിന് വേണ്ടി വലിയ അളവില്‍ കൃഷി ചെയ്യുന്ന ന്യൂനപക്ഷമായ വന്‍കിട കൃഷിക്കാരോട് കിടപിടിക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.

4.കര്‍ഷക ആത്മഹത്യകളും കടബാധ്യതയും
2006ല്‍ മഹാരാഷ്ട്രയില്‍ ഗണ്യമായി വര്‍ധിക്കുന്ന കര്‍ഷക ആത്മഹത്യകളെ കുറിച്ച് വിവരിച്ച് ശ്രീജിത്ത് മിശ്രയുടെ ലേഖനം വന്നിരുന്നു. ഒരു പതിറ്റാണ്ടിന് ശേഷവും കര്‍ഷക ആത്മഹത്യകള്‍ ഒരു മാറ്റവുമില്ലാതെ സംസ്ഥാനത്ത് തുടരുകയാണ്. കാര്‍ഷിക വായ്പകളാണ് ഇതിന്റെ പ്രാഥമിക കാരണമായി ചൂണ്ടികാട്ടപെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആത്മഹത്യചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സംശയിക്കപെടുന്നു. ആധികാരികമായ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ തന്നെ ഈ സംശയം ഉറപ്പിക്കുക സാധ്യമല്ല. ആത്മഹത്യ എന്നത് വിവിധ ഘടകങ്ങളുടെ സങ്കീര്‍ണമായ പ്രതിപ്രവര്‍ത്തനങ്ങളാണ്. ഒരു കൂട്ടം അപകടകരമായ ഘടകങ്ങളിലൂടെ ഓരേ സമയം ഒരു വ്യക്തി കടന്ന് പോവുകയോ, അതല്ലെങ്കില്‍ നമ്മള്‍ മലസ്സിലാക്കുന്ന സാഹചര്യങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ മറ്റൊന്തോ കാരണങ്ങളുമാകാം ആത്മഹത്യക്കുകാരണം. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിഷയത്തില്‍ കുറഞ്ഞത് രണ്ട് ഭീഷണിപെടുത്തുന്ന സാഹചര്യങ്ങള്‍ എങ്കിലും നേരിട്ടിരുന്നുവെന്നാണ് അന്വേഷണങ്ങളില്‍ നിന്നും വ്യക്തമായത്. കൂടിയത് ഒമ്പത് സാഹചര്യങ്ങളിലൂടെ ഒരേ സമയം കടന്ന് പോയവരുണ്ട്. അതില്‍ സര്‍വസാധാരണ കാരണം കട ബാധ്യത തന്നെയായിരുന്നു(86ശതമാനം പേര്‍). ഈ കാരണങ്ങള്‍ ഉള്ളവരില്‍ 44 ശതമാനം ആളുകള്‍ കടം തിരിച്ചടക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ അപമാനിക്കപെട്ടിരുന്നു. 33 ശതമാനം പേര്‍ ഉടനെ പണം തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കപെട്ടിരുന്നു. അടുത്ത പ്രധാന കാരണം സാമ്പത്തിക നിലയിലെ തകര്‍ച്ചയാണ്(74ശതമാനം). സാമ്പത്തിക തകര്‍ച്ചയും കടബാധ്യതയും വ്യത്യസ്തമാണ്; എന്നാല്‍, പരസ്പരം ബന്ധപെട്ടു കിടക്കുന്നതും. കടബാധ്യതകള്‍ തീര്‍ക്കാന്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നത് സാമ്പത്തിക നിലയിലെ തകര്‍ച്ചക്ക് വിഴിവെക്കുന്ന പോലെ തന്നെ തിരിച്ചും സംഭവിക്കുന്നു.
5.കുത്തക മുതലാളിത്തമായി മാറുന്ന ഭരണകൂടം
കൃഷിഭൂമി മറ്റ് സ്ഥാപിത താര്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണകൂടം പിടിച്ചെടുക്കുമ്പോള്‍ പലപ്പോഴും ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധങ്ങളെ സര്‍ക്കാരുകള്‍ ഗൗനിക്കാറില്ല. ഈ വര്‍ഷം തന്നെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ 2005-06 കാലഘട്ടത്തില്‍ പഞ്ചാബില്‍ നടന്ന ഒരു ഭുമി ഏറ്റെടുക്കലിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജനങ്ങളുടെ ഭാഗത്ത് നിന്ന് ആക്രമണോത്സുകമായ പ്രതിഷേധങ്ങളിലേക്ക് വഴിവെച്ച ഈ ഭൂമി ഏറ്റെടുക്കലില്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കെതിരായാണ് സര്‍ക്കാരിന്റെ നടപടിയെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ജനങ്ങളുടെ ഈ പ്രതിഷേധം മുഖവിലക്കെടുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയും ചെയ്തതോടെ വ്യവസായികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊളേളുന്നതെന്ന അനുമാനം ശ്കതമായി.

ഭൂപരിഷ്‌കരണ നയങ്ങളില്‍ നിന്നും, ഭൂമി ഏറ്റെടുക്കലുകളിലേക്ക് ഭരണകൂടങ്ങള്‍ തിരിഞ്ഞതോടെ സാമൂഹിക നന്മയെ പ്രതി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരില്‍ നിന്നും കുത്തകവ്യവസായികളുടെ നിലയിലേക്ക് ഭരണകൂടങ്ങള്‍ അധഃപതിച്ചു. ഒരു വശത്ത് ഫലഭൂവിഷ്ടമായ കൃഷിയിടങ്ങള്‍ ബലംപ്രയോഗിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ആരംഭിക്കുകയും, മറുവശത്ത് ഇതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളും കര്‍ഷകരുടെ ദുരിതങ്ങളും ഫലപ്രദമായി നേരിടുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. ഭൂമി ഏറ്റെടുത്ത് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഈ സ്ഥലങ്ങള്‍ ഉപയോഗിക്കാതെ കിടന്നു. ഇതിനാല്‍ ബാധിക്കപെട്ട ജനങ്ങളുടെ ശബ്ദത്തിന് നേരെ വ്യവ്സഥാപിത ഭരണ സമ്പ്രദായങ്ങളൊക്കെ തന്നെയും കണ്ണടച്ചു. പഞ്ചാബിലെ മുഖ്യമന്ത്രി ഗ്രാമങ്ങള്‍ തോറും ജനങ്ങളെ നേരിട്ട് കേള്‍ക്കുന്നതിനായി സങ്കക് ദര്‍ശന്‍ എന്ന പരിപാടി സംഘടിപ്പിച്ചു. എന്നാല്‍, ഈ കര്‍ഷകരുടെ പരാതികള്‍ മാത്രം ആരും ചെവി കൊണ്ടില്ല. പുനരധിവാസത്തിന്റെ അപര്യാപ്തതയും, മറ്റൊരു ഉപജീവനമാര്‍ഗം കണ്ടുപിടിക്കാന്‍ സാധിക്കാത്തതും ഈ ജനങ്ങളുടെ അവസ്ഥ സാമൂഹികമായി അധഃപതിച്ച ഓന്നായി മാറി.
6.വിളകളുടെ താങ്ങുവിലകള്‍ പര്യാപ്തമാണൊ?
മഹാരാഷ്ട്രയില്‍ വിളകള്‍ക്ക് നല്‍കുന്ന കുറഞ്ഞ താങ്ങുവിലയും, കര്‍ഷകര്‍ക്ക് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന മറ്റ് തരത്തിലുള്ള പിന്തുണകളും അപകടകരമാം വിധം ചെറുതാണ്. എന്നാല്‍, സംസ്ഥാനത്തെ കൂടിയ പെര്‍കാപിറ്റ ഇന്‍കം കാണിച്ച് ഈ യാഥാര്‍ഥ്യം മറച്ച് വെക്കപെടുന്നു.
മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ഈ വിധത്തിലുള്ള ദുരവസ്ഥയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാര്‍ നാണ്യവിളകളോട് വ്യക്തമായി കാണിക്കുന്ന മുന്‍തുക്കമാണെന്ന് അമിത് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്രയില്‍ കരിമ്പ് കൃഷി മാത്രമാണ് മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകളും ഭരണത്തെ നിയന്ത്രിക്കുന്ന മറ്റ് സാമ്പത്തിക ശക്തികളും പ്രോല്‍സാഹിപ്പിക്കുന്നത്. അതേസമയം ധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും കൃഷി ചെയ്യുന്ന കര്‍ഷകരുടെ വിധി നിര്‍ണയിക്കുന്നത് കമ്പോളങ്ങളാണ്. ഇവര്‍ക്ക് വളരെ തുച്ഛമായ പിന്തുണ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. സംസ്ഥാനത്തെ ഭൂവുടമകളില്‍ അധികപേരും ചെറുകിട കര്‍ഷകരാണെന്നതാണ്(രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവര്‍) സത്യം. അതുകൊണ്ട് തന്നെ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ജലസേചന സൗകര്യങ്ങളും ഉയര്‍ന്ന താങ്ങുവിലയും ഇവരുടെ നിലനില്‍പിന് അത്യന്താപേക്ഷികമാണ്. എന്നാല്‍, ഇത്തരത്തിലുള്ള യാഥാര്‍ഥ്യങ്ങളെ പാടെ അവഗണിക്കുന്നതാണ് സംസ്ഥാനത്തിന്റെ കാര്‍ഷിക നയങ്ങള്‍.
(www.epw.in ല്‍ പ്രസിദ്ധീകരിച്ച ലേഖനം വിവര്‍ത്തനം ചെയ്തത് പി.കെ ജാസ്മി)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757