featuredOpinion

ഹിന്ദുത്വ ദേശീയത; പഠനം ഭാഗം 5 – ഹാരിസ് ബശീര്‍ / വിവര്‍ത്തനം: കെ.ടി ഹുസൈന്‍

 
ആര്‍.എസ്.എസ്സിന്റെ പ്രത്യയശാസ്ത്ര അടിത്തറകളില്‍ മുഖ്യമായത് ദേശീയതയാണെന്ന് പറഞ്ഞല്ലോ. യഥാര്‍ഥത്തില്‍ ദേശീയത എന്ന വ്യവഹാരം തന്നെ വിദേശിയാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപിലെ പ്രത്യേക രാഷ്ട്രീയ സാമൂഹിക ധൈഷണിക പശ്ചാത്തലത്തിലാണ് ആ സങ്കല്‍പനം ഉയര്‍ന്നുവന്നതെന്നും നാം പറഞ്ഞു കഴിഞ്ഞു. ചര്‍ച്ചിന്റെ അനിയന്ത്രിതമായ ഇടപെടലില്‍ നിന്ന് രക്ഷ നേടാനാണ് അവര്‍ ദേശീയതാ സങ്കല്‍പം സ്വീകരിക്കുകയും തങ്ങളുടെ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന് അതിനെ ഉപാധിയാക്കുകയും ചെയ്തത്. ഈ വൈദേശികമായ സങ്കല്‍പം എന്തുകൊണ്ട് ഇന്ത്യക്ക് സ്വീകരിക്കേണ്ടി വന്നു? അതിന് നല്‍കപ്പെടുന്ന ഉത്തരം ഇതാണ്. പൗരാണിക ഹിന്ദു ധര്‍മം സമാജത്തിലെ എല്ലാ വ്യക്തികള്‍ക്കും ബാധ്യതകളും ജോലികളും നല്‍കിയിരുന്നു. വര്‍ണാശ്രമ ധര്‍മം ഒരു തരത്തില്‍ സമാജത്തില്‍ ഐക്യവും ഉദ്ഗ്രഥനവും സമ്മാനിക്കുകയും ചെയ്തിരുന്നു. പക്ഷേ, മധ്യ കാലഘട്ടത്തില്‍ അതിന് അതിന്റെ പ്രയോജനം നില നിര്‍ത്താനായില്ല. മറു ഭാഗത്ത് അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട വിഭാഗങ്ങളില്‍ ഉണര്‍വിന്റെ പുതിയ തരംഗം ഉല്‍ഭൂതമാകാനും തുടങ്ങി. അതിനാല്‍ സമാജത്തെ ഒന്നിപ്പിച്ച് നിര്‍ത്താന്‍ ഒരു പുതിയ വീക്ഷണവും കാഴ്ച്ചപ്പാടും ആവശ്യമായിരുന്നു. ദേശീയതയാണ് പ്രസ്തുത ആവശ്യം പൂര്‍ത്തീകരിച്ചത്. ഇന്ത്യയുടെ പ്രത്യേക ഭൂമിശാസ്ത്രവും സംസ്‌കാരവും ചരിത്രവും അതിന് അനുകൂലമായ നിലമൊരുക്കി. ആധുനിക യൂറോപിന്റെ പുരോഗതി അത് സ്വീകരിക്കാനുള്ള ഏറ്റവും വലിയ തെളിവായി മാറുകയും ചെയ്തു. ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജി, ബിപിന്‍ ചന്ദ്ര, അരബിന്ദോ, സവര്‍ക്കര്‍, നെഹ്‌റു തുടങ്ങിയവരെല്ലാം അതിന്റെ വക്താക്കളും പ്രയോക്താക്കളുമായി. ദേശീയതയെ കുറിച്ച നെഹ്‌റുവിന്റെ വീക്ഷണം അല്‍പം വ്യത്യസ്ഥമായിരുന്നു.

ദേശീയത തീര്‍ച്ചയായും മനുഷ്യന്റെ നിര്‍മലമായ ബോധങ്ങളേയും വികാരങ്ങളേയും ശമിപ്പിക്കുമെന്നതില്‍ സംശയമില്ല. കൂടെ കഴിയുന്നവരോടുള്ള സ്‌നേഹവും ഇണക്കവും സഹാനുഭൂതിയുമെല്ലാം മനുഷ്യ പ്രകൃതമാണ്. എന്നാല്‍, ദേശീയത കേവലം പ്രകൃതിപരമായ ആവശ്യങ്ങളേയും താല്‍പര്യങ്ങളേയും തിരിച്ചറിയുന്നതില്‍ മാത്രം പരിമിതമായില്ല. മറിച്ച് വര്‍ത്തമാന കാലത്തെ എറ്റവും മഹത്തായ ഒരു പരികല്‍പനയായി അത് മാറി. ജീവിതത്തിന്റെ ഏറ്റവു വലിയ സാക്ഷാല്‍കാരവും അതായി. എന്നല്ല, അതിന്റെ നില അന്തിമവും ആത്മീയവുമായ തത്വം കൂടിയായി തീര്‍ന്നു. അത് മനുഷ്യന്റെ അന്തിമ ലക്ഷ്യമായി തീരുകയും ദേശീയ പുരോഗതിയും ദേശീയ വിജയവും ദേശീയ താല്‍പര്യവും മഹത്തരമായി തീരുകയും അത് തെറ്റാണോ എന്ന ചോദ്യം പോലും കലാപമായി മുദ്ര കുത്തപ്പെടുകയും ചെയ്തു. ദേശീയ താല്‍പര്യത്തിന് വേണ്ടി ജീവന്‍ എടുക്കുന്നതും ജീവന്‍ നല്‍കുന്നതും ഏറ്റവും വലിയ നന്‍മയായി. അതിനാല്‍ ദേശീയതയെ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ് *1

ദേശീയത പരിധിവിട്ടാല്‍ തെറ്റായ പക്ഷപാതിത്വവും ദുരഭിമാന ബോധവും വളര്‍ത്തുകയും ഇതര സമൂഹങ്ങളോട് വിവേചനം കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. എല്ലാ കാര്യങ്ങളിലും നമ്മുടേയും മറ്റുള്ളവരുടേയും താല്‍പര്യങ്ങല്‍ ഒന്നായി കൊള്ളണമെന്നില്ലല്ലോ. എപ്പോഴും സമുദായത്തിന് മറ്റുള്ളവരേക്കാള്‍ മുന്‍ഗണന നല്‍കാനുള്ള പ്രവണത അത് വളര്‍ത്തും. ശരി, തെറ്റുകളായിരിക്കില്ല ഈ മുന്‍ഗണനയുടെ മാനദണ്ഡം. അതായത് തെറ്റിന്റേയും ശരിയുടേയും മാനദണ്ഡം എന്റെ രാജ്യം എന്നതായി മാറും എന്ന് ചുരുക്കം. ഇത് നീതിക്ക് തീര്‍ത്തും വിരുദ്ധമാണ്. വളരെ നിഷ്‌കളങ്കവും ആത്മാര്‍ഥവുമായ വികാരമാണ് ദേശീയതയുടെ പിറവിയുടെ പിന്നില്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ തങ്ങളുടെ പൊതുവായ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും സാമൂഹിക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒരു സമുദായമായി മാറുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ആദ്യത്തെ ലക്ഷ്യം. പക്ഷേ, അതില്‍ ദേശീയ വികാരം എത്രത്തോളം ശക്തമാണോ അത്രത്തോളം പക്ഷപാതിത്വവും ശക്തി പ്രാപിച്ചു. *2 സത്യത്തേയും നീതിയേയും അനുദാവനം ചെയ്യുന്നതായിരിക്കണം ദേശീയത. അല്ലാതിരുന്നാല്‍ യുദ്ധത്തിനും തര്‍ക്കത്തിനും അത് കാരണമായി തീരും. രണ്ട് ലോക മഹാ യുദ്ധങ്ങള്‍ അതിന്റെ വ്യക്തമായ തെളിവാണ്. അതേ സമയം അത് പ്രക്യതിപരമോ സ്വാഭാവികമോ ആയ തലത്തില്‍ നില്‍ക്കുകയാണെങ്കില്‍ പരസ്പരം തിരിച്ചറിയാനും സഹായിക്കാനുമുള്ള ഏറ്റവും വലിയ മാര്‍ഗമോ വഴിയോ ആണത്.

ഏതൊക്കെ ഘടകങ്ങളാണ് ദേശീയതയെ രൂപപ്പെടുത്തുന്നത് എന്ന കാര്യത്തില്‍ അഭിപ്രായ ഐക്യമില്ല. ഏതായായും ഭുമി ശാസ്ത്രം, വംശം, മതം, കള്‍ച്ചര്‍, ഭാഷ എന്നിവ അതില്‍ ഉള്ളടങ്ങിയിരിക്കുന്നു. സിദ്ധാന്തപരമായി ഒരു സമൂഹത്തിലെ വ്യക്തികളില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ യോജിപ്പും ഐക്യവും ഉണ്ടായിരിക്കണം. അതായത് സമുഹത്തിലെ വ്യക്തികള്‍ ഒരു സ്ഥലത്ത് താമസിക്കുന്നവരും ഒരു വംശവും മതവുവമായി അവര്‍ ബന്ധപ്പെടുകയും ഒരേ സംസ്‌കാരത്തോടുകൂടി ഒരേ ഭാഷ സംസാരിക്കുന്നവരുമാണെങ്കില്‍ അത് ഒരു ഏകീക്യത ദേശീയതയായി മാറും. ഈ ഘടകങ്ങളും ഭാഗങ്ങളും ഭാവനയോ കൃതൃമമോ ആണെന്ന് വ്യക്തമാണ്. സാമ്പത്തികാവസ്ഥ, ധാര്‍മികാവസ്ഥ, രാഷ്ട്രീയവും വിദ്യാഭ്യാസരപരവുമായ അവസഥ എന്നിവയൊന്നും ഉള്‍പ്പെടുത്താതെ മറ്റ് ചില കാര്യങ്ങള്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തി?. മനുഷ്യര്‍ വ്യത്യസ്ഥ വംശക്കാരും മത വിശ്വാസികളും വ്യത്യസ്ഥ സംസ്‌കാരമുള്ളവരും പല ഭാഷകള്‍ സംസാരിക്കുന്നവരുമായതിനാല്‍ അതിലെല്ലാം ഐക്യമുണ്ടാക്കുക എന്നത് എളുപ്പമല്ല. എല്ലാവര്‍ക്കും അസാധരണമായ ഹൃദയ വിശാലത ഉണ്ടാവുകയാണെങ്കില്‍ അത് സാധ്യമായി എന്ന് വരാം. അല്ലെങ്കില്‍ ബലാല്‍ക്കാരം അത് ചെയ്യേണ്ടി വരും.

ദേശീയതയുടെ ഒരു ഘടകം ഭൂമിശാസ്ത്രമാണല്ലോ. അതിന്റെ നിര്‍ണയവും എളുപ്പമല്ല. അതിന്റെ പരിധി ഏതുവരെ ആയിരിക്കും?. ആരുടെയെങ്കിലും ജന്മസ്ഥലം കേന്ദ്രമാക്കുകയാണെങ്കില്‍ അവന്റ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും മുന്നോട്ടുപോയി, മുഴുവന്‍ ഗ്രാമമോ ജില്ലയോ സംസ്ഥാനമോ ജന്‍മസ്ഥലമായി ഗണിക്കുന്നത് തിരിച്ചറിയാനുള്ള മാര്‍ഗമെന്ന നിലക്ക് കൊള്ളാം. പക്ഷേ, യാഥാര്‍ഥ്യവുമായി അതിന് ബന്ധമൊന്നുമില്ല. പഞ്ചാബില്‍ ജനിച്ച ഒരാളും തന്റെ കിഴക്ക് ഭാഗത്ത് ആയിരക്കണക്കിന് കീലോമീറ്റര്‍ ദൂരത്ത് താമസിക്കുന്ന വ്യക്തികളും ഒരേ ദേശീയതയുട ഭാഗമായിരിക്കും. എന്നാല്‍, ഏതാനും കീലോ മീറ്റര്‍ ദൂരത്ത് പടിഞ്ഞാറ് താമസിക്കുന്നവരെ മറ്റൊരു ദേശീയതയുടെ ഭാഗമായിട്ടാണ് കാണുന്നത്. അതിനുള്ള ന്യായവും തത്വവും എന്താണ്?. ദേശീയതയെ രൂപപെടുത്തിയ എല്ലാ ഘടകങ്ങളുടേയും അവസഥയും ഇതുതന്നെയാണ്. ഭാവനയില്‍ വിരിഞ്ഞ കൃതൃമമായ നിര്‍മതികളാണ് അതെല്ലാം.

ദേശീയതയുടെ മറ്റൊരു പ്രധാന ഘടകം വംശമാണ്. നമ്മള്‍ കേവലം ഒരു സമുദായമല്ല, മറിച്ച് ഒരു ജനതയാണെന്നാണ് സവര്‍ക്കര്‍ പറയുന്നത്. പൊതുവായ രക്തവും വംശവും പങ്കുവെക്കുന്നവരാണ് എന്നാണ് അതുകൊണ്ട് സവര്‍ക്കര്‍ ഉദ്ദേശിക്കുന്നത്. വംശം എന്ന പദത്തെ വിശകലനം ചെയ്താല്‍ വംശം എന്നത് കേവലം രക്തത്തിന്റെ പങ്കുവെപ്പാണ്. മാതാപിതാക്കളുടെ ഭീജങ്ങളില്‍ നിന്നാണ് അത് ആരംഭിക്കുന്നത്. പിന്നീടത് വ്യാപിച്ച് കുടുംബവും ഗോത്രവും വംശവുമായി രൂപാന്തരപ്പെടുന്നു. പേരിനുള്ള വംശം എന്ന ഈ മഹാനദിയില്‍ ദിനംപ്രതി പുറത്തുള്ള രക്തത്തിന്റെ അനേകം നദികള്‍ കൂടിച്ചേരുന്നു. ഈ നദികളെല്ലാം യഥാര്‍ഥ ഉറവിടത്തില്‍ നിന്ന് പൊട്ടിയൊലിച്ച വെള്ളത്തിന്റേതാണെന്ന് ബുദ്ധിയുള്ള ആരും പറയില്ല. എന്നിട്ടും മനുഷ്യന്‍ ഒരു വംശത്തെ തങ്ങളുടെ ഐക്യത്തിനുള്ള മൂലകമാക്കുന്നുവെങ്കില്‍ എല്ലാ മനുഷ്യരേയും അവരുടെ ആദ്യത്തെ മാതാപിതാക്കളിലേക്ക് ബന്ധിപ്പിക്കുന്ന രക്തത്തിലെ പങ്കാളിത്തത്തെ എന്തുകൊണ്ട് ഐക്യത്തിന്റെ മൂലകമാക്കുന്നില്ല?. എന്തുകൊണ്ട് എല്ലാ മനുഷ്യരേയും ഒരേ വംശത്തിലേക്കും ഒരേ അടിസ്ഥാനത്തിലേക്കും ചേര്‍ക്കുന്നില്ല?.*3

ഈ ഘടകങ്ങളെ ഐക്യപ്പെടുത്തുന്നതിനായി ദേശീയമായ ഇഛയും പൊതുവായ ഉദ്ദേശ്യങ്ങളും പൊതുവായ ചരിത്രവും പരാമര്‍ശിക്കപ്പെടാറുണ്ട്. മുകളില്‍ പറയപ്പെട്ട വിഭാഗത്തിലെ വ്യക്തികള്‍ക്ക് എന്തെങ്കിലും ഇഛയോ ഉദ്ദേശ്യമോ ഇല്ലെങ്കില്‍ ദേശീയത രൂപപെടുകയില്ല. ആയതിനാല്‍ അതിനായി ഇതിഹാസങ്ങളുടേയും മിത്തുകളുടേയും പരമ്പര നിര്‍മിക്കപ്പെടുന്നു. ആ കഥകള്‍ ആ സമൂഹത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുകയും അവര്‍ക്ക് പ്രത്യേകമായ ചരിത്രം സമ്മാനിക്കുകയും ചെയ്യുന്നു. പൊതുവായ സന്തോഷ, സന്താപ നിമിഷങ്ങള്‍ പ്രധാനം ചെയ്യുന്നു. ഒന്നാണെന്ന ബോധം ജനിപ്പിക്കുന്നു. ആ കഥകളില്‍ അധികവും ഭാവനകളായിരിക്കും. ഭാവനകളും സങ്കല്‍പങ്ങളുമായിരിക്കും അതിനെ വളര്‍ത്തുന്നതും. എന്നാല്‍, അതിന് യാഥാര്‍ഥ്യവുമായി വലിയ ബന്ധം ഉണ്ടാവുകയില്ല. ഈ കഥകള്‍ അധികവും രാജാക്കന്‍മാരുടേയും സമ്പന്നരുടേയും ഉയര്‍ന്ന ജാതിയില്‍ പിറന്നവരുടേതുമായിരിക്കും. രാജ്യത്തിലെ എല്ലാ വ്യക്തികളേയും അത് പ്രതിനിധീകരിക്കുന്നേയില്ല. സമുദായത്തെ ഉന്നതമായി ഉയര്‍ത്തിക്കാണിക്കുന്നതിനായി അവരുടെ തെറ്റുകള്‍ മറച്ച് വെക്കുകയും അവരെ കുറിച്ച് ഇല്ലാത്ത മഹത്വം പ്രചരിപ്പിക്കുകയും ചെയ്യുന്നു. നീതിയും ന്യായവും ഇവിടെ പരിഗണനയേ അല്ല. നീതിക്കും സത്യത്തിനും പകരം ദേശീയ ഐക്യവും ദേശീയ താല്‍പര്യവുമാണ് ഇവിടെ അടിസ്ഥാനമായി പരിഗണിക്കപ്പെടുന്നത്. അവസാനം പറഞ്ഞ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയാണെങ്കില്‍ ആദ്യം പറഞ്ഞതിനേയും അംഗീകരിക്കും; അല്ലെങ്കില്‍ ഇല്ല.

ദേശീയത ജീവിതത്തിന്റെ സാക്ഷാല്‍കാരമായി തീരുകയും അത് അന്തിമവും ആത്മീയവുമായ അടിസ്ഥാനമാവുകയും ചെയ്താല്‍ ദേശീയ വാദികളുടെ കണ്ണില്‍ ദേശത്തെ തന്നെ ദൈവമായി കാണുകയെന്നത് സ്വാഭാവികമായ കാര്യമാണ്. ദേശീയ വാദികള്‍ക്ക് ഒരിക്കലും മുഴുവന്‍ മനുഷ്യരാശിയേയും ഒരു ജനതയായി കാണാനാവില്ല. അത് സ്വന്തം ദേശം എന്ന ദൈവത്തിന്റെ ഉയര്‍ച്ചക്ക് മറ്റുള്ളവരുമായി സംഘട്ടനം അനിവാര്യമാക്കുന്നു. ഇപ്രകാരം ഈ കാഴ്ചപ്പാട് അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ലോക സമാധാനത്തിന് ഭീഷണിയാണ്. കാരണം, ഭൂമിയിലുള്ളവരെ മുഴുവന്‍ ഒന്നായി കാണാന്‍ അതിന് കഴിയില്ല. അത് മാനവികതയെ പരസ്പരം യുദ്ധം ചെയ്യുന്ന സമൂഹങ്ങളായി വിഭജിക്കുന്നു. പരസ്പര താല്‍പര്യങ്ങള്‍ മാത്രമേ അവരെ യോജിപ്പിക്കൂ. യൂറോപ്പില്‍ ഈ വീക്ഷണം വളര്‍ന്ന് വരികയും ശക്തിപ്പെടുകയും ചെയ്തപ്പോള്‍ രണ്ട് ലോക യുദ്ധങ്ങല്‍ ഉണ്ടാവുകയും കോടിക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തത് കാരണമില്ലാതെയല്ല. ഈ ദേശീയത ഉണ്ടാക്കിയ നഷ്ടം പരിഹരിക്കാനാണ് ഐക്യരാഷ്ട്ര സഭയെ പോലുള്ള ലോക വേദികള്‍ നിലവില്‍ വന്നത്. എന്നാല്‍, ഈ സംഘടനയും മൊത്തത്തില്‍ ദേശീയ താല്‍പര്യത്തിനപ്പുറം പോയില്ല. ദേശത്തെ ജീവനുള്ള അസ്തിത്വമായി സങ്കല്‍പിച്ചാല്‍ അതിന് ആത്മവുണ്ടായിരിക്കല്‍ അനിവാര്യമായിരിക്കും. അതിനാല്‍ അതില്‍ ആത്മാവിനേയും സങ്കല്‍പിക്കുന്നു. ഈ ആത്മാവ് മുഴുവന്‍ രാജ്യത്തിന്റേതുമായതിനാല്‍ ഉന്നതവും തെറ്റുകളില്‍ നിന്ന് പരിശുദ്ധവുമായി ഗണിക്കപ്പെടുന്നു. ആര്‍.എസ്.എസ് സാഹിത്യത്തില്‍ ഈ ആത്മാവിനെ ചിത്തം എന്നാണ് പറയപ്പെട്ടിരിക്കുന്നത്.

ഈ സങ്കുചിത ദേശീയ സങ്കല്‍പം കാലത്തിന്റെ താല്‍പര്യത്തിന് (ുെശൃശ േീള ശോല) വിരുദ്ധമാണ്. ആഗോളവല്‍കരണത്തിന്റെ കാലമാണല്ലോ ഇത്. ലോകം ചുരുങ്ങി ചുരുങ്ങി ഒരു ഗ്രാമമായി മാറിയിരിക്കുന്നു. ദേശീയ സങ്കല്‍പം അതില്‍ അലിഞ്ഞ് പോവുകയാണ്. അതിന്റെ അവകാശങ്ങള്‍ കുറഞ്ഞ് കൊണ്ടിരിക്കുകയോ തീരെ ഇല്ലാതാവുകയോ ചെയ്യുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും വ്യവസായവും മനുഷ്യന്‍ തന്നെ ഉണ്ടാക്കിയ ദേശാതിര്‍ത്തികളെ തകര്‍ക്കാനോ ദേശങ്ങള്‍ക്കിടയില്‍ കെട്ടി ഉയര്‍ത്തിയ മതിലുകളില്‍ തുള വീഴ്ത്താനോ ദേശങ്ങളുടെ മേല്‍ സമ്മര്‍ദങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്നു. വാര്‍ത്താവിനിമയ മാധ്യമങ്ങളും മനുഷ്യന്റെ ആവശ്യങ്ങളും അവന്‍ കൃതൃമമായുണ്ടാക്കിയ മതിലുകളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. അതിനെ നിയന്ത്രിക്കണമെങ്കില്‍ ആര്‍ക്കും തടയാന്‍ കഴിയാത്ത ഒരു വന്‍ശക്തിക്ക് മാത്രമേ കഴിയൂ. അത്തരമൊരു വ്യവസ്ഥ അക്രമവും മര്‍ധനവും ബലാല്‍ക്കാരവും കൊണ്ടെല്ലാതെ സാധ്യമല്ല. അതിനാല്‍ അധിക കാലം അതിന് സ്വീകാര്യത ലഭിക്കുകയും ഇല്ല. ദേശീയത പരിധിവിട്ടാല്‍ അത് മാനവികതക്കും മനുഷ്യത്വത്തിനും എതിരാവും. മനുഷ്യ വംശം എന്ന നിലയിലുള്ള യോജിപ്പിന് അത് മുഖ്യ തടസ്സമാവുകയും ചെയ്യും. സങ്കുചിത്വത്തിന്റേയും വര്‍ഗീയതയുടേയും പാരമ്യമാണത്. രാജ്യം അല്ലെങ്കില്‍ ദേശം മുഴുവന്‍ മനുഷ്യരേക്കാളും മീതെയാണെന്നാണ് ദേശീയത പഠിപ്പിക്കുന്നത്.

ലോകത്തെ എല്ലാ മനുഷ്യരും ഒരേ വംശത്തില്‍ നിന്നാണെന്ന് സവര്‍ക്കര്‍ തന്നെ ഹിന്ദുത്വ എന്ന കൃതിയിലും മറ്റുസ്ഥലങ്ങളിലും സമ്മതിച്ചിട്ടുണ്ട്. പൊതുവായ മനുഷ്യ രക്തം ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യ വംശമാണത.് താല്‍കാലിമായ എല്ലാ സംസാരങ്ങളും ഉപായങ്ങളും ആപേക്ഷിക സത്യങ്ങള്‍ മാത്രമാണ്. വംശത്തിനും വംശത്തിനുമിടയില്‍ കെട്ടിയുണ്ടാക്കിയ കൃതൃമമായ തടസ്സങ്ങളെ നീക്കം ചെയ്യേണ്ടതുണ്ട്. എല്ലാ മനുഷ്യരിലും ഒരേ രക്തമാണ് ഓടുന്നത് എന്നതാണ് വസ്തുത.*4 അപ്പോള്‍ ചോദ്യം ഉയരാം, ഇത് പറഞ്ഞ സവര്‍ക്കര്‍ എന്തുകൊണ്ട് ദേശീയതയുടെ വക്താവായി? എന്നല്ല, ഹിന്ദു ദേശീയതയുടെ ഏറ്റവും വലിയ പ്രവാചകനായി എങ്ങിനെ മാറി?. അതിന് സവര്‍ക്കര്‍ തന്നെ മറുപടി തരുന്നു. മനുഷ്യരെല്ലാം ഒരേ വംശമാണെന്ന ആത്യന്തിക സത്യത്തിന്റെ പളപ്പിലും ശോഭയിലും മയങ്ങി എല്ലാ മനുഷ്യരും വംശങ്ങളും ഒരു വലിയ സമൂഹത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ പ്രകൃതിയുടെ കടുത്ത നിയമത്തിന് കീഴില്‍ അവര്‍ക്കിടയില്‍ സംഘര്‍ഷവും യുദ്ധവും ഉണ്ടാവുമെന്ന യാഥാര്‍ഥ്യത്തിന് നേരെ നാം അശ്രദ്ധരാകാന്‍ പാടില്ല. ഈ സംഘര്‍ഷത്തില്‍ ധാര്‍മികമായി മാത്രമല്ല, ശാരീരികമായും കരുത്ത് തെളിയിക്കുന്നവരാരോ അവര്‍ മാത്രമെ നിലനില്‍ക്കുകയുള്ളൂ. ദേശമെന്ന നിലയിലോ മനുഷ്യ സമൂഹത്തിലെ ഒരു വിഭാഗമന്ന നിലയിലോ നമ്മുടെ അതിജീവനം നാം ഉറപ്പിക്കേണ്ടതുണ്ട്. അതിനാല്‍ മുഹമ്മദന്‍ വിഭാഗവുമായുള്ള ഈ ജീവന്‍ മരണ പോരാട്ടത്തില്‍ തങ്ങളുടെ വിജയമുറപ്പിക്കുകയെന്നത് ഹിന്ദുക്കള്‍ക്ക് ഒരു പരീക്ഷണമാണ്. *5

സവര്‍ക്കര്‍ ഇവിടെ പറയുന്ന പ്രക്യതി നിയമം ചാള്‍സ് ഡാര്‍വിന്റെ അര്‍ഹതയുള്ളത് അതിജീവിക്കുമെന്ന സിദ്ധാന്തമല്ലാതെ മറ്റൊന്നുമല്ല. മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കുമെല്ലാം ബാധകമായ ഈ നിയമം മനുഷ്യനും ബാധകമാക്കുകയാണ് ഡാര്‍വിന്‍ ചെയ്തത്. സവര്‍ക്കര്‍ ഇവിടെ അതിജീവനത്തിനുള്ള സംഘര്‍ഷത്തില്‍ ഹിന്ദുക്കളുടെ പ്രതിയോഗിയായി കാണുന്നത് മുസ്‌ലിംകളേയാണ്. ഇന്ത്യയില്‍ ദേശീയതയെന്നാല്‍ സവര്‍ക്കറുടെ കാഴ്ച്ചപ്പാടില്‍ അത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ഹിന്ദു ദേശീയത തന്നെയാണെന്ന് ഇത് വ്യക്തമാക്കുന്നു. മുസ്‌ലിംകളോടുള്ള ശത്രുത ഹിന്ദുത്വ ദേശീയതയുടെ അവിഭാജ്യ ഘടകമാണ്. ഈ ഹിന്ദു ദേശീയതയെന്നത് സംഘ് പരിവാറിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ മതം തന്നെയാണ്. ബംഗിങ് ചന്ദ്രനാണ് ദേശത്തെ ആദ്യമായി ദൈവമാക്കിയത്. ഹിന്ദുക്കളുടെ വിവിധ ദേവതകളുടെ രൂപത്തില്‍ അദ്ദേഹം അതിനെ കാണുകയും ചെയ്തു. ഈ പാരമ്പര്യം ഹിന്ദു ദേശീയവാദികളില്‍ ഇന്നും നില നില്‍ക്കുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ വിജയത്തിന്റേയും പുരോഗതിയുടേയും ചിഹ്നങ്ങളാണവ. അതില്‍ രാജ്യസ്‌നേഹം എന്നത് കേവലം രാജ്യത്തോടുള സ്‌നേഹമല്ല, മറിച്ച് വ്യവസ്ഥാപിതമായ ഒരു കള്‍ട്ടാണത്. രാജ്യ സ്‌നേഹമെന്നത് അവരുടെ മതം തന്നെയാണ്. ഇപ്രകാരം ഹിന്ദുത്വത്തില്‍ ദേശീയത ഒരു മതമായിത്തീരുകയും രാജ്യം ഉന്നതനായ ദൈവവുമായി മാറുകയും ചെയ്യുന്നു. അതിന് അതിന്റേതായ തിയോളജിയും ആചാരങ്ങളും ആഘോഷങ്ങളും മന്ത്രങ്ങളുമുണ്ട്. അതിന്റെ ഏറ്റവും മഹത്തായ മന്ത്രം വന്ദേമാതരമാണ്. ബംഗിഗ് ചന്ദ്രനും സവര്‍ക്കറുമാണ് ഈ പുതിയ മതത്തിന്റെ സ്ഥാപകര്‍. പൗരാണികമായ വേദ മതത്തില്‍ നിന്ന് വ്യത്യസ്ഥമാണത്.

ഈ ഹിന്ദു ദേശീയതയില്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയ മറ്റ് മതങ്ങള്‍ക്കൊന്നും യാതൊരു ഇടവുമില്ല. ദേശീയതയുടെ നിര്‍വചനത്തില്‍ മറ്റുമതക്കാര്‍ പെടുകയുമില്ല. അതിനാല്‍ ഇന്ത്യക്ക് പുറത്ത് ജന്‍മംകൊണ്ട മതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രണ്ടാലൊന്ന് സ്വീകരിക്കുകയെ വഴിയുള്ളൂ. ഒന്നുകില്‍ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിക്കുകയും ഹിന്ദു മതത്തെ ബഹുമാനിക്കുന്നതോടൊപ്പം ഹിന്ദു വംശത്തെയും ഹിന്ദു സംസ്‌കാരത്തെയും വാഴ്ത്തുകയും ചെയ്യുക. അല്ലെങ്കില്‍, എല്ലാ പൗരവകാശവും റദ്ദ് ചെയ്യപ്പെട്ടവരായി കഴിഞ്ഞുകൂടുക. ഈ വീക്ഷണം സ്വീകരിക്കുന്നതോടെ യഥാര്‍ഥത്തില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സാമാധാനവും ശാന്തിയും നിലനിര്‍ത്തുക അസാധ്യമായി തീരുകയാണ്. അവിടെ അവര്‍ സാധാരണ പറയുന്നത് ഹിന്ദുയിസം എന്നത് ഒരു മതമല്ല മറിച്ച് ഒരു ധര്‍മമാണെന്നാണ്. പദക്കസര്‍ത്തല്ലാതെ മറ്റൊന്നുമല്ല അത്. മതം എന്നത് വിശാലാര്‍ഥത്തിലും പരിമിതാര്‍ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. രണ്ടര്‍ഥത്തിലുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഇന്ത്യയെ പോലെ വിശാലവും ധാരാളം ജനങ്ങള്‍ അധിവസിക്കുന്നതുമായ ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പം ഇന്ത്യയുടെ ഐക്യത്തിനും ഏകതക്കും വലിയ അപകടമാണ്. ഇന്ത്യ ഒരു ബഹുമത, ബഹു സംസ്‌കാരമുള്ള രാജ്യമാണ്. ഒരു മതവും കേവലം പൂജയിലും ആചാരങ്ങളിലും മാത്രം പരിമിതമല്ല. ഓരോരുത്തര്‍ക്കും അവരവരുടെ ആഘോഷങ്ങള്‍, ഉത്സവങ്ങള്‍, സന്തോഷ-സന്താപ സന്ദര്‍ഭങ്ങള്‍, ചിഹ്നങ്ങ്ള്‍, മന്ത്രങ്ങള്‍, പ്രബോധനം, തെളിവുകള്‍, അടിസ്ഥാനങ്ങള്‍ എല്ലാമുണ്ട്. ഈ ബഹുമത, ബഹു സംസ്‌കാരങ്ങള്‍ക്കിടയില്‍ യോജിപ്പ് കണ്ടെത്താനുള്ള വഴി എല്ലാറ്റിനെയും ബലാല്‍ക്കാരം ഒന്നാക്കുകയല്ല. മറിച്ച് ബഹുസ്വരതയെ അംഗീകരിക്കുകയും എല്ലാവര്‍ക്കും വികസിക്കാനുള്ള അവസരം നല്‍കുകയുമാണ്. യഥാര്‍ഥത്തില്‍ ഹിന്ദുമതം തന്നെ ഒട്ടേറെ മതങ്ങളുടെ സാകല്യമാണ്. ഭാരതത്തിന്റെ യഥാര്‍ഥ ഉടമാവകാശികള്‍ ഹിന്ദുക്കളാണെന്നും മറ്റുള്ളവരെല്ലാം അവരുടെ അപ്രമാദിത്തം അംഗികരിക്കണമെന്നതുമാണ് ഹിന്ദു രാഷ്ട്രത്തിന്റെ അടിസ്ഥാനം. സെക്കുലര്‍ ദേശീയ വാദികള്‍ ഈ നിലപാടിനെ ഹിന്ദു ഭൂരിപക്ഷ വാദം എന്നുപറഞ്ഞ് അത് ജനാധിപത്യ വിരുദ്ധമാണെന്ന് കരുതുന്നു. ഭാരതം ഹിന്ദുക്കളുടെ മാത്രം രാജ്യമാണെന്ന് കരുതുന്നവര്‍ സ്വപ്‌ന ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു മഹാത്മാ ഗാന്ധിയുടെ അഭിപ്രായം. ഹിന്ദുക്കളും മുസ്‌ലികളും പാര്‍സികളും കൃസ്ത്യാനികളും ഭാരതത്തെ തങ്ങളുടെ രാജ്യമാക്കിയതിനാല്‍ അവരെല്ലാം ഈ രാജ്യത്തെ പൗരന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. വിഭജനമുണ്ടായിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും ഹിന്ദുത്വ ദേശീയതയുടെ കൂടെ നിന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഗാന്ധിയെ ഉദ്ധരിച്ചത്.

1- Jalalul Haq, Nation and Nation-Worship in India, Genuine Publication,New Delhi 1992. This book was widly consulted this topic.
2-സയ്യിദ് മൗദൂദി- മസ് അലെ ഖൗമിയത്ത് – മര്‍ക്കസി മക്തബേ ഇസ്‌ലാമി ന്യൂഡല്‍ഹി 2014 പേജ് 7,8
3-അതേ പുസ്തകം പേജ് 20
4 Savarkar, Samagra Savarkar Wangmaly Vol vi (hence forth ssw) Maharashrttra Prantik Hindusaba, Poona 1964 pp 58,258,313 Nation
5-ssw p 97

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757