featuredOpinion

നവോത്ഥാനം ഭാഗം 2 ; അയ്യങ്കാളിയില്‍നിന്ന് തുടങ്ങുന്ന മിച്ചഭൂമി ചരിത്രം – സുരേന്ദ്രന്‍ കരിപ്പുഴ

കീഴാള വര്‍ഗത്തിന് അധികാര സ്ഥാപനങ്ങളില്‍ ഭരണപങ്കാളിത്തം ഉണ്ടാകാന്‍ ജനസംഖ്യാനുപാതിക പ്രാതിനിധ്യമെന്ന ആവശ്യം ഉന്നയിക്കുകയും ശ്രീമൂലം പ്രജാസഭയില്‍ പ്രാതിനിധിത്യം നേടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് അയ്യങ്കാളി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ വിഷയം പുതുവല്‍ഭൂമിയെ സംബന്ധിച്ചുള്ളതായിരുന്നു. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലുമില്ലാത്ത കീഴാള വര്‍ഗക്കാര്‍ ശ്രീമൂലം പ്രജാസഭയുടെ മൂക്കിന് താഴെപ്പോലും ഉണ്ടെന്നുള്ള വസ്തുത സഭയെ ധരിപ്പിക്കുവാന്‍ അയ്യങ്കാളി ശ്രമിച്ചു. കൂരകെട്ടാനും അന്തിയുറങ്ങാനും ഇടമില്ലാത്ത അയിത്തജാതിക്കാരുടെ ഈ ദയനീയത പരിഹാരമില്ലാത്ത പ്രശ്‌നമായി നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. എന്നാല്‍, സാഹസപ്പെട്ടിട്ടാണെങ്കിലും നൂറുകണക്കായ കീഴാളവര്‍ഗക്കാര്‍ ഭൂരഹിതരാണെന്ന യാഥാര്‍ഥ്യം സഭയെ ധരിപ്പിക്കുവാന്‍ അയ്യങ്കാളിക്ക് കഴിഞ്ഞു. മാത്രമല്ല, വിവിധയിടങ്ങളില്‍ തരിശ് കിടക്കുന്ന പുതുവല്‍ (മിച്ചഭൂമി) ഭൂമി ഭൂമിയില്ലാത്തവരെ കണ്ടെത്തി ന്യായമായും അവര്‍ക്ക് പതിച്ചുകൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിരന്തരമായി അയ്യങ്കാളി മുന്നോട്ടുവെച്ച ഈ ആവശ്യത്തെ യുക്തിസഹമായി സഭാധ്യക്ഷന്‍ മനസ്സിലാക്കുകയും ഭൂരഹിതരായ കീഴാളവര്‍ഗക്കാരെ കണ്ടെത്തി ഏക്കറുകണക്കായ മിച്ചഭൂമി ഘട്ടംഘട്ടമായി പതിച്ചുകൊടുക്കുവാന്‍ വ്യവസ്ഥ ഉണ്ടാക്കുകയും ചെയ്തു. കേരളത്തിന്റെ ചരിത്രത്തില്‍ മഹത്തരമായ ഈ നേട്ടം ഒറ്റയാള്‍ പോരാട്ടത്തിലൂടെ അയ്യങ്കാളിക്ക് മാത്രമാണ് നേടിത്തരുവാന്‍ കഴിഞ്ഞത്.

എന്നാല്‍, ഇന്ന് മിച്ചഭൂമിയെന്ന് കേട്ടാല്‍ കേരളക്കരയിലെ ജനതയുടെ മനസ്സില്‍ തെളിയുന്നത് 1970ല്‍ അച്ചുതമേനോന്‍ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമമാണ്. മധുരം പുരട്ടിയ ഈ മാരകവിഷത്തെ തിരിച്ചറിയുവാന്‍ ഇന്നും മാര്‍ക്‌സിയന്‍ തിമിരം തലച്ചോറിന് ബാധിച്ച കീഴാള സഹോദരങ്ങള്‍ക്ക് കഴിയാതെപോയി. തലമുറകളായി ചോരയും ജീവനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി തീറെഴുതി കൊടുത്തിട്ടും അധികാരത്തിന്റെ അകത്തളങ്ങളില്‍ ആസൂത്രിതമായ വിഭാഗീയത സവര്‍ണ കമ്യൂ ണിസ്റ്റ് നേതൃത്വം നിലനിര്‍ത്തുന്നു. മാര്‍ക്‌സിസത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് തൊഴിലാളിവര്‍ഗ സര്‍വാധിപത്യ ശാസ്ത്രത്തെ പൂണൂല്‍ അണിയിച്ച് വിപ്ലവ പ്രവര്‍ത്തനം വിശ്രമജീവിതമാക്കി പ്രസ്താവനകളും പ്രസംഗങ്ങളും നടത്തി വീരസ്വര്‍ഗം പ്രാപിക്കാനുള്ള ശ്രമത്തിലാണ് ഇന്നും വിപ്ലവകേസരികള്‍.

ചിത്രകാരനും ദലിത് ആക്റ്റിവിസ്റ്റുമായ ശശി മേമ്മുറി രൂപകല്‍പന ചെയ്ത വില്ലുവണ്ടി ശില്‍പം

1957ല്‍ അധികാരത്തില്‍ വന്ന അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത് ഭരണമേറ്റപ്പോള്‍ കൊണ്ടുവന്നതാണ് കേരള ഭൂപരിഷ്‌കരണ നിയമം അഥവാ കെ.എല്‍.ആര്‍ ആക്റ്റ്. ഇത് 1960ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയ കേരള കര്‍ഷക പരിഷ്‌കരണ നിയമത്തിന്റെ പുതിയ രൂപമാണ്. 1964 മുതല്‍ പ്രാബല്യം കൊടുത്ത് പ്രസ്തുത നിയമം 1970 ജനുവരി ഒന്നിന് പാസായി. 132 വകുപ്പുകളും അതിലധികം ഉപവകുപ്പുകളുമുള്ള കെ.എല്‍.ആര്‍ ആക്റ്റ് ശരിയായി പരിശോധിച്ചാല്‍ ഇങ്ങിനെയാകും. കേരളത്തിലെ ആകെ ഭൂമിയെ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 81ഉം 82ഉം വകുപ്പ് പ്രകാരം കൃഷിഭൂമിയെന്നും, തോട്ടം ഭൂമിയെന്നും തരംതിരിച്ചിരിക്കുന്നു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പതിനഞ്ച് ഏക്കര്‍ കൃഷിഭൂമി കൈയില്‍വെക്കാം. അംഗങ്ങള്‍ കൂടുമ്പോള്‍ ഏക്കറുകള്‍ കൂടും. എന്നാല്‍, തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും 81ാം വകുപ്പ് പ്രകാരം പരിധിയില്ല. ഇവിടെയാണ് തന്ത്രപരമായ ഭാഗം കിടക്കുന്നത്. ഉദാഹരണത്തിന്, ഒരാളുടെ കൈവശം നൂറ് ഏക്കര്‍ ഭൂമി ഉണ്ടെന്നിരിക്കട്ടെ. അദ്ദേഹത്തിന് 82ാം വകുപ്പ് പ്രകാരം 15 ഏക്കര്‍ കൃഷിഭൂമി കൈവശം വെക്കാം. ബാക്കി ഏക്കര്‍ സര്‍ക്കാരിന് മിച്ചഭൂമിയായി വിട്ടുകൊടുക്കണം. എന്നാല്‍, തോട്ടം ഭൂമിക്കും സ്വകാര്യ വനഭൂമിക്കും പരിധി വെച്ചിട്ടില്ലാത്തതിനാല്‍ ബാക്കി 85 ഏക്കറും ഭൂസാമിക്ക് തോട്ടംഭൂമിയെന്ന കണക്കിലോ സ്വകാര്യവനങ്ങള്‍ എന്ന കണക്കിലോ കൈവശം വെക്കാം. അപ്പോള്‍ ജന്‍മിക്ക് യഥാര്‍ഥത്തില്‍ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടുന്നില്ല. ഇതാണ് കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണം.

 

ഇത്തരത്തില്‍ വഞ്ചനാപരമായ നിയമങ്ങള്‍ അടിക്കടി കൈക്കൊള്ളുന്ന സവര്‍ണ കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്ന കാലം വിദൂരമല്ല. അതിന്റെ ലക്ഷണങ്ങള്‍ കാണുകപോലും ചെയ്യുന്നു. എന്തിനും ഏതിനും പാവം തൊഴിലാളികളെ നിരത്തിലിറക്കി മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിപ്പിക്കുന്ന നേതൃത്വം മുട്ടുമടക്കി സമാധാനം ബോധിപ്പിക്കേണ്ട കാലം വിദൂരമല്ല. കീഴാള വര്‍ഗത്തിന്റെ വരുംതലമുറകള്‍ക്കുപോലും ദിശാബോധം നഷ്ടപ്പെടുത്തുന്ന വികലമായ പ്രത്യയശാസ്ത്ര വിശകലനങ്ങളെ കീഴാള വര്‍ഗം ഇന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. വിപ്ലവത്തിന്റെ പേരില്‍ ഇന്നിവിടെ നിലനില്‍ക്കുന്ന അപചയങ്ങള്‍ പരിഹരിക്കപ്പെടുവാന്‍ ലോകം കണ്ട സമുന്നതനായ തൊഴിലാളിവര്‍ഗ വിപ്ലവാചാര്യന്‍ മഹാത്മാ അയ്യങ്കാളിയെ പഠിക്കുകയേ കരണീയമായിട്ടുള്ളൂ. ശ്രീമൂലം പ്രജാസഭയില്‍ നിന്നുകൊണ്ട് അയ്യങ്കാളി നേടിത്തന്ന മിച്ചഭൂമി ചരിത്രത്തെ എത്ര വിമര്‍ശനപരമായി പരിശോധിച്ചാലും തരിമ്പുപോലും കാപട്യം കാണുവാന്‍ കഴിയില്ല. തന്റെ സമുദായത്തോടുള്ള ആ സൗമനസ്യം ഇന്നത്തെ വിപ്ലവപ്രസ്ഥാനത്തിന്റെ കീഴാളവര്‍ഗ പ്രതിനിധികള്‍പോലും തൊട്ടുതീണ്ടാന്‍ കഴിയാതെപോയത് ഖേദകരമാണ്.
(തുടരും)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757