featuredOpinion

കെ.എസ്.ആര്‍.ടി.സി; വറച്ചട്ടിയില്‍ നിന്ന് എരിതീയിലേക്ക് – എം. ജോസഫ് ജോണ്‍

 

കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും തൊഴിലാളികളുടെ ശമ്പളവും പെന്‍ഷനും കൊടുക്കുന്നതുകൊണ്ടാണെന്ന് കാലങ്ങളായുളള ആരോപണമാണ്. സര്‍ക്കാരിന്റെ മറ്റേതൊരു വകുപ്പില്‍ നിന്നും വ്യത്യസ്ഥമായി പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വിഭാഗം എന്ന നിലക്ക് നിരവധി പരാതികളും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെയുണ്ട്.
നഷ്ടത്തിലായ ഈ സ്ഥാപനം അടച്ചുപൂട്ടുന്നതാണ് നല്ലത് എന്നൊരു പ്രചരണം സര്‍ക്കാര്‍ മുന്‍കൈയില്‍ തന്നെ കാര്യമായി നടക്കുന്നുമുണ്ട്. ഇങ്ങിനെ ഒരു സാഹചര്യത്തിലാണ് കെ.എസ്.ആര്‍. ടി.സിയെ രക്ഷിക്കാന്‍ അവതാരമെടുത്തത് പോലെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആയി പഴയ വിവാദ നായകനെ രംഗത്തിറക്കുന്നത്.

യു.ഡി.എഫിനും എല്‍.ഡി.എഫിനും അനഭിമതനായിരുന്ന, നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടിട്ടുളള ടോമിന്‍ ജെ. തച്ചങ്കരിയെ കെ.എസ്.ആര്‍.ടി.സിയുടെ എം.ഡി ആയി നിയമിച്ചത് തന്നെ അതിനെ പൊളിച്ചടുക്കാന്‍ കരാര്‍ പറഞ്ഞുറപ്പിച്ചിട്ടാണെന്ന് കരുതണം. തൊഴിലാളികളേയും സംഘടനകളേയും ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തികൊണ്ട് തച്ചങ്കരി ആടിതിമിര്‍ക്കുന്ന ഈ വേഷത്തില്‍ ഇടത് മന്ത്രിസഭക്കും ഗതാഗത മന്ത്രിമാര്‍ക്കും ആരുടെ വേഷമാണ്?

സ്വകാര്യ കമ്പനികളില്‍ നിന്നും ബസ്സുകള്‍ വാടകക്കെടുത്ത് സര്‍വീസ് നടത്തുമെന്നതടക്കമുളള മണ്ടന്‍ തീരുമാനങ്ങള്‍ കെ.എസ്.ആര്‍.ടി.സിയുടെ തകര്‍ച്ച പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചുളളതാണ്. സ്ഥാപനത്തിന്റെ നഷ്ടത്തിന്റെ കാരണം തൊഴിലാളികളുടെ തലയില്‍ കെട്ടിവെച്ചുകൊണ്ട് വലിയൊരു ഗൂഡാലോചനയാണ് അണിയറയില്‍ നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇപ്പോള്‍ കോടതി ഉത്തരവിന്റെ ബലത്തില്‍ ഒരു പൊതുഗതാഗത സംവിധാനത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന സ്ഥിതിവിശേഷമാണ് രൂപപെട്ടിട്ടുളളത്.


നാലായിരത്തോളം താത്ക്കാലിക ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുന്ന സ്ഥാനത്ത് പി.എസ്.സി വഴി ആയിരത്തോളം പേരെയാണ് നിയമിക്കുമെന്ന് അവകാശപ്പെടുന്നത്. അവരെ പോലും പരിശീലനം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തിലധികം സമയം വേണമെന്നിരിക്കെ എം.പാനല്‍ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത്, ജീവനക്കാരുടെ കുറവ് ചൂണ്ടികാണിച്ച് സര്‍വ്വീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറക്കുന്നതിനാണ് ഇടയാക്കുക.

പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ തൊഴില്‍ അവകാശം ന്യായമാണെന്നിരിക്കെ, അവരുള്‍പ്പെടെ മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുന്ന രീതിയില്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കാനുളള സാഹചര്യമുണ്ടായിരിക്കെ അതിന് തയ്യാറാകാത്തത് ഈ സഥാപനത്തിന്റെ നിലനില്‍പ്പിന് വേണ്ടിയല്ല എന്നത് വ്യക്തം. മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊക്കെയും ജനോപകാരപ്രദമായ ഈ മേഖലയെ തകര്‍ക്കാന്‍ ആവും വിധം ശ്രമിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി പോലുള്ള ഒരു പൊതുജന സര്‍വ്വീസ് മേഖലയില്‍ ആവശ്യം വേണ്ട മൂലധന നിക്ഷേപം പോലും സര്‍ക്കാര്‍ ഇതുവരെയും നടത്തിയിട്ടില്ല. ഇക്കാര്യം പ്രതിസന്ധിയുടെ പേരില്‍ വിളിച്ചുകൂവുന്നവര്‍ മിണ്ടുന്നുമില്ല.

1965ല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ചതിന് ശേഷമുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെ മൊത്തം മൂലധനനിക്ഷേപം 587.1 കോടി രൂപമാത്രമാണ്. ദീര്‍ഘകാലമായി യാതൊരു മൂലധന നിക്ഷേപവും നടക്കുന്നില്ല. കോര്‍പ്പറേഷന്റെ സമ്പത്തിക സഹായത്തിനായി രൂപംകൊടുത്ത കെ.ടി.ഡി.എഫ്.സി എന്ന സ്ഥാപനം യഥാര്‍ഥത്തില്‍ കെ.എസ്.ആര്‍.ടി.സിയെ കൊള്ളയടിക്കുന്ന ഒരു ബ്ലേഡ് കമ്പനിയായി മാറിയിരിക്കുകയാണ്.

സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത് കെ.ടി.ഡി.എഫ്.സി എന്ന പേരിലുള്ള ഇടനില സ്ഥാപനത്തിനാണ്. ഈ ധനകാര്യ സ്ഥാപനത്തിന് കെ.എസ്.ആര്‍.ടി.സി നല്‍കാനുള്ള കടം 1208 കോടി രൂപയാണ്. തിരിച്ചടവിന്റെ പലിശ 15% വരെയാണ് കെ.ടി.ഡി.എഫ്.സി പിടിച്ചു വാങ്ങുന്നത്.
കടത്തിന്റെ പലിശയിനത്തില്‍ മാത്രം പ്രതിമാസം 22 കോടി രൂപ കെ.എസ്.ആര്‍.ടി.സി അടക്കേണ്ടി വരുന്നു. ഏറ്റവും വരുമാനമുള്ള 35 ഡിപ്പോകളിലെ ദൈനംദിന വരുമാനം കടം വീട്ടുന്നതിനായി മാത്രം നീക്കിവെച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സി നഷ്ടത്തിലായെങ്കിലും അതിനെ സഹായിക്കാന്‍ രൂപം കൊടുത്ത കെ.ടി.ഡി.എഫ്.സി അങ്ങിനെ ലാഭത്തില്‍ മുന്നേറുന്നു!. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റും വെച്ച് പുലര്‍ത്തുന്ന ജനവിരുദ്ധവും പ്രതിലോമകരവുമായ സമീപനമാണ് കെ.എസ്.ആര്‍.ടി.സി യെ ഈ അവസ്ഥയിലെത്തിച്ചത്.
ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത വകുപ്പ് മന്ത്രിയായിരിരുന്ന കാലയളവിലാണ് മലബാര്‍, വേണാട്, അനന്തപുരി എന്നീ പേരുകളില്‍ ബസ്സുകള്‍ നിരത്തിലറക്കിയത്. അക്കാലത്ത് പ്രസ്തുത ബസ്സുകള്‍ക്ക് ബോഡി നിര്‍മിക്കാന്‍ ആവശ്യമായത്രയും ജീവനക്കാരും വര്‍ക്‌ഷോപ് സംവിധാനവും ഉണ്ടായിട്ടും അതിനെയെല്ലാം നോക്കുകുത്തിയാക്കി തമിഴ്‌നാട്ടിലെ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ കൊടുക്കുകയാണ് ചെയ്തത്.

അത്തരമൊരു കരാറിലൂടെ നടത്തിയ അഴിമതിയുടെ പങ്ക് പറ്റിയവര്‍ തന്നെയാണ് കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം മുഴുവന്‍ തൊഴിലാളികളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് തമ്പാനൂര്‍, അങ്കമാലി, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ കണ്ണായ സ്ഥലങ്ങളിലെ ബസ് ടെര്‍മിനലുകള്‍ കെ.ടി.ഡി.എഫ്..സിയുടെ ഉടമസ്ഥതയിലാണുളളത്. ഗഠഉഎഇ യുടെ ഉടമസ്ഥതയില്‍ കേരളത്തിലുടനീളം ട്രാന്‍സ് ടവര്‍ എന്ന പേരില്‍ നിര്‍മിച്ചിട്ടുളള ബസ് ടെര്‍മിനലുകള്‍/വാണിജ്യ ബഹുനില മന്ദിരങ്ങള്‍ ഗടഞഠഇ ക്ക് വരുത്തി വെച്ച ബാധ്യത ചില്ലറയൊന്നുമല്ല. 2017 വരെ 11 വര്‍ഷം ദീര്‍ഘകാലം ഗഠഉഎഇ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന രാജശ്രീ അജിത് നടത്തിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുളള വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയില്ല.

ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം അലങ്കരിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ബസ് ടെര്‍മിനലുകള്‍ സ്വന്തമാക്കാന്‍ റിലയന്‍സ് നടത്തിയ നീക്കം ഉപേക്ഷിച്ചു എന്ന് പറയാറായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ആഗ്രഹിക്കുന്ന ദേശീയ മോട്ടോര്‍ വാഹന നിയമം നിലവില്‍ വന്നുകഴിഞ്ഞാല്‍ നിരത്തുകള്‍ കൈയടക്കാന്‍ കാത്തുനില്‍ക്കുന്നവരില്‍ ഒന്നാമതായി റിലയന്‍സ് ഉണ്ട്. മറ്റ് ഇതര ബഹുരാഷ്ട്ര കമ്പനികളും. ഏതാനും മാസങ്ങള്‍ മുന്‍പ് കെ.എസ്.ആര്‍.ടി.സി യെ മൂന്ന് മേഖലകളാക്കി തിരിച്ചത് സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി വേണം മനസ്സിലാക്കാന്‍.
കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാന്‍ പോകുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പടെ ഏറ്റെടുത്ത് നടത്താമെന്ന് വമ്പ് പറയുന്ന കേരള സര്‍ക്കാര്‍, എന്തുകൊണ്ട് സ്വന്തം കൈയിലുളള കെ.എസ്.ആര്‍.ടി.സിയെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല എന്നത് പരിശോധിക്കേണ്ടതാണ്.
(എഫ്. ഐ.ടി.യു സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757