Opinionzero hour

കൂത്ത് ; വന്‍മതിലും വനിതാമതിലും – ചാക്യാര്‍

 

ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് പുലര്‍ച്ചെ ഒന്നരമണിക്ക്, തിരുവനന്തപുരം മുട്ടട അഞ്ചുവയല്‍ അനുപമനഗര്‍ ആനൂര്‍ വീട്ടില്‍ വേണുഗോപാലന്‍ നായര്‍ സെക്രട്ടറിയേറ്റിന് സമീപം, ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാരമിരിക്കുന്ന നടപന്തലിനു മുന്നില്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. തീയാളികത്തിയപ്പോള്‍ മരണവെപ്രാളത്തില്‍ ഇയാള്‍ സമരപന്തലിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇലക്ട്രീഷ്യനും പ്ലംബറുമായ വേണുഗോപാലന്‍ നായര്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ട് വിവാഹം കഴിച്ചിരുന്നുവെങ്കിലും ഇരുവരുമായും വര്‍ഷങ്ങളായി അകന്ന് ഏകാന്ത വ്രതമാണനുഷ്ഠിച്ച് പോന്നിരുന്നത്. ബി.ജെ.പിയുമായോ ആര്‍.എസ്.എസുമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല നായരെന്ന് വ്യക്തം. ഇയാളുടെ മരണമൊഴിയിലാകട്ടെ ശബരിമലയെക്കുറിച്ചോ സ്ത്രീപ്രവേശത്തെക്കുറിച്ചോ കമാന്നൊരു അക്ഷരം എഴുതിയിട്ടുണ്ടായിരുന്നില്ല. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാ ല്‍ ആത്മഹത്യചെയ്യുന്നുവെന്നാണ് മൊഴി. സഹോദരനും ഇക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ബി.ജെ.പിയുടെ ഹര്‍ത്താല്‍ വകുപ്പ് സെക്രട്ടറി എം.ടി രമേശന് ബാധകമല്ല. തങ്ങളുടെ അരുമ ഭക്തന്‍ ശബരിമല വിഷയത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പ്രഖ്യാപിച്ചു, ടിയാന്‍ പതിവുപോലെ ഡിസംബര്‍ 14ന് കേരള ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയത് അഞ്ച് ഹര്‍ത്താലുകളാണെന്നത് വിഷയത്തോടുള്ള പാര്‍ട്ടിയുടെ ശുഷ്‌കാന്തിയാണ് കാണിക്കുന്നത്. അതില്‍ രണ്ടെണ്ണം സംസ്ഥാന നിലവാരത്തിലുള്ളത് തന്നെയായിരുന്നു. ഒരെണ്ണം പത്തനംതിട്ടയിലും മറ്റൊരെണ്ണം തിരുവനന്തപുരത്തും ജില്ലാ തലത്തില്‍. പത്തനംതിട്ടയിലെ ഹര്‍ത്താലിനാസ്പദമായ സംഭവമാണ് കൂറേകൂടി കേമമായത്. നവംബര്‍ 2ന് ശബരിമല തീര്‍ത്ഥാടനത്തിന് പോയ ശിവദാസന്‍ എന്ന ലോട്ടറിവില്‍പനക്കാരനെ ളാഹക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. ഇയാള്‍ ശബരിമല വിഷയത്തില്‍ പോലീസ് മര്‍ധനത്തില്‍ കെല്ലപ്പെട്ടതാണെന്ന് ബി.ജെ.പി പെടുന്നനെ പ്രഖ്യാപിച്ചു. എന്നാല്‍, നിലക്കലിലെ പോലീസ് നടപടിക്ക് ശേഷമാണ് ഇയാള്‍ വീടുവിട്ടിറങ്ങിയതെന്ന് കുടുംബക്കാര്‍ വ്യക്തമാക്കി. അതൊന്നും കേള്‍ക്കാന്‍ ത്രികാലജ്ഞാനികളായ ബി.ജെ.പി നേതാക്കള്‍ തയ്യാറല്ലായിരുന്നു. എന്തെല്ലാം വിചിത്രമായ ആചാരങ്ങള്‍ അല്ലേ. ഇത്തരം ആചാരങ്ങള്‍ സംരക്ഷിക്കാന്‍ സംഘ്പരിവാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നല്ലേ അവര്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ശബരിമല സ്ത്രീപ്രവേശത്തെ ദേശീയതലത്തില്‍ അനുകൂലിക്കുകയും കേരളത്തില്‍ അതിനെതിരെ ജനങ്ങളെ ഇളക്കിവിട്ട് കലാപം സൃഷ്ടിക്കുകയും ചെയ്യുന്ന ബി.ജെ.
പി നാടകം കളിക്കുകയാണെന്നും ശ്രീധരന്‍പിള്ളയുടേത് നംപുസക നയമാണെന്നും, പ്രതിപക്ഷ നേതാവ് ചെന്നിത്തല വിളിച്ചുപറയുന്നത് കേട്ട ചാക്യാര്‍, സത്യംപറയട്ടെ ചിരിച്ചുചിരിച്ചു മരിക്കാറായി. മരിച്ചാല്‍ അതും ശബരിമല പ്രതിഷേധം എന്ന ബി.ജെ.പി അക്കൗണ്ടിലേക്ക് പോകുമെന്ന ഭയത്താലാണ് മരിക്കാതെ പിടിച്ചുനിന്നത്. ഒരൊരുത്തരും കളിക്കുന്നതെന്താണെന്ന് അവരവര്‍ക്ക് തന്നെയല്ലേ അറിയുക. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താമരക്ക് പത്തോട്ട് കൂടുതല്‍ കിട്ടുന്നതിനാണ് പിള്ളയും പുള്ളിയും വേഷംകെട്ടി തുള്ളുന്നത്. ചെന്നിത്തലയും മുലപ്പള്ളിയും സുധാകര്‍ജിയും പക്ഷേ, ഈ വിഢ്ഢിവേഷം കെട്ടി കപടനാടകമാടുന്നത് എന്തിനുവേണ്ടിയാണെന്ന് ചോദിക്കാന്‍ കോണ്‍ഗ്രസില്‍ ആണൊരുത്തനില്ലാതായി പോയല്ലൊ എന്ന ദുഖവും ചാക്യാരുടെ ചങ്കിലുണ്ട്.

പൂഞ്ഞാറുകാരന്‍ പിസി ജോര്‍ജിനെ കാണുമ്പോഴാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം എത്രമാത്രം അര്‍ഥപൂര്‍ണമാണെന്ന് ചാക്യാര്‍ക്ക് മനസിലാവുന്നത്. ഇടതിന്റേയും വലതിന്റേയും കൂടെ അന്തിയുറങ്ങിയ പീസിയില്‍ എത്ര പെട്ടെന്നാണ് സംഘ്പരിവാരത്തിന്റെ ആലയിലും രാപര്‍ക്കണക്കമെന്ന പൂതി ജനിച്ചത്. അതിനാകട്ടെ ജോര്‍ജ് പാടുപെട്ട് കറുത്തകുപ്പായം തുന്നി സഭയിലെത്തി ഒ.രാജഗോപലിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. കറുത്ത വസ്ത്രം ധരിച്ച അയ്യപ്പഭക്തന്മാര്‍ ത്യാഗികളും നിഷ്‌കാമികളുമായി മല ചവിട്ടുകയാണ് പതിവ്. കറുത്തകുപ്പായമണിഞ്ഞ ജോര്‍ജാകട്ടെ അധികാരദുര മൂത്ത് നിയമസഭാപടവുകളാണ് ചവിട്ടിയത്.

മനുഷ്യനിര്‍മിതമായ മഹാത്ഭുതങ്ങളിലൊന്നാണ് ചൈനയിലെ വന്‍മതില്‍. 6325 കിലോമീറ്ററാണ് അതിന്റെ നീളം. ചന്ദ്രനില്‍ നിന്ന് നഗ്‌നനേത്രങ്ങളുപയോഗിച്ച് കാണാവുന്ന
ഒരേയൊരു മനുഷ്യനിര്‍മിത വസ്തു ഇതാണ് എന്നാണ് പറയപ്പെടുന്നത്. വന്‍മതില്‍ പണിതുകഴിഞ്ഞതിന് ശേഷമാണ് ചൈനയില്‍ കമ്യൂണിസം പൂത്തുകായ്ച്ചതെന്ന് വിശ്വാസം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. മഹത്തായ ഒക്‌ടോബര്‍ വിപ്ലവമരങ്ങേറിയ സാക്ഷാല്‍ സോവിയറ്റ് യൂണിയനി ല്‍ പാര്‍ട്ടി കടപ്പുഴകിവീണപ്പോഴും ചൈനയില്‍ അതങ്ങനെ ഉറച്ചുനിന്നത് മുതലാളിത്തക്കാറ്റിനെ വന്‍മതില്‍ തടഞ്ഞുനിറുത്തിയതുകൊണ്ടാണ്. സമാനമായ മറ്റൊരു മതിലായിരുന്നു ഇരുജര്‍മനികള്‍ക്കുമിടയില്‍ പണിതുയര്‍ത്തപ്പെട്ട ബര്‍ലിന്‍ മതില്‍. 1961 ആഗസ്റ്റില്‍ പൂര്‍വ ജര്‍മനിയിലെ ഏകാധ്യപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറാണ് 155 കിലോമിറ്റര്‍ നീളത്തില്‍ ബര്‍ലിന്‍ മതില്‍ പണികഴിപ്പിച്ചത്. 116 നിരീക്ഷണ ടവറുകളും ഇരുപതോളം ബങ്കറുകളും മതിലിനുണ്ടായിരുന്നു. 1990 കളില്‍ പക്ഷേ, സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്ന കരിങ്കാലികള്‍ നിന്നനില്‍പില്‍ മതില്‍ തകര്‍ത്തു. ഫലം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലം പരിശായി.

പശ്ചിമബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും പാര്‍ട്ടി പടിയിറങ്ങാനുണ്ടായ കാരണവും മറ്റൊന്നല്ല. ഇപ്പോള്‍ അത്യപൂര്‍വമായി ചെങ്കൊടിക്ക് അധികാരത്തിന്റെ ആനുകൂല്യമുള്ള പ്രദേശമാണ് കേരളം. അതിനാല്‍ തന്നെ പാര്‍ട്ടിയെ കോട്ടകെട്ടി സംരക്ഷിക്കാനാണ് ഇരട്ടച്ചങ്കന് പോളിറ്റ് ബ്യൂറോ നല്‍കിയിരിക്കുന്ന ഉത്തരവ്. അല്ലെങ്കിലും ചുറ്റിലും കോട്ടകെട്ടി അതിനകത്ത് ചോദ്യംചെയ്യപ്പെടാതെ വാഴാനാണല്ലോ സഖാവിനിഷ്ടം. എ.കെ.ജി സെന്ററിലെ പാര്‍ട്ടി സെക്രട്ടറിത്തമ്പുരാന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുകുത്തിനില്‍ക്കുന്നതുപോലെ ഒരു കുഞ്ഞാടും ഇടയന്റെ മുന്നില്‍ മുട്ടുകുത്തിനിന്നിട്ടുണ്ടാവില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റം എന്ന ഭീഷണി ഇനിയുണ്ടാവരുതെന്നും പിണറായി മനസില്‍കാണുന്നുണ്ട്. അതിനാലാണ് വന്‍മതില്‍പോലെയൊരു വനിതാമതില്‍ കേരളത്തില്‍ നി ര്‍മിച്ചുകളയാമെന്ന് വിജയന്‍ തീരുമാനിച്ചുവെച്ചത്.

എല്ലാം വിജയപ്പിക്കുന്നവനല്ലോ വിജയന്‍. വനിതാ മതില്‍ നവോത്ഥാനമതിലാണെന്നാണ് പിണറായിയും പുന്നലയും സി.പി സുഗതനും ആവര്‍ത്തിച്ച് പറയുന്നത്. പക്ഷേ, വര്‍ഗസംഘാടനത്തില്‍ നിന്നും വര്‍ഗീയ സംഘാടനത്തിലേക്കുള്ള ഇടുതുപാര്‍ട്ടികളുടെ ഇരട്ടത്താപ്പാണ് മതിലിലൂടെ പ്രകടമാക്കുന്നതാണെന്നാണ് പ്രധാനവിമര്‍ശനം. മനുഷ്യരെ ജാതി തിരിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം നവോത്ഥാന മതിലില്‍ കണ്ണിയാക്കുകയും ചെയ്യുന്നത് കേരളത്തെ ഭ്രാന്താലയത്തിലേക്ക് പുറകോട്ട് നടത്തുകയാണ് ചെയ്യുന്നത്. സംഘാടക സമിതിയില്‍ ഒരു വനിതയെപോലും ഉള്‍പ്പെടുത്താതെ സഖാക്കള്‍ തനിസ്വഭാവം കാണിക്കുകയും ചെയ്തു. പതിവുപോലെ വി.എസ് പരാതിക്കത്ത് കേന്ദ്രകമ്മിറ്റിക്ക് കൊടുത്തയച്ചിട്ടുണ്ട്. അതവിടെയെത്തുമോയെന്നും ആരെങ്കിലും തുറന്നുനോക്കുമോയെന്നും കാത്തിരുന്നുകാണം. കാറ്റു മാറിവീശിയതും കാലം നീങ്ങിയതും കോലം മാറിയതും സഖാവറിഞ്ഞിട്ടില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757