keralanewsOpinionpravasi

കരിപ്പൂര്‍ എയര്‍പോര്‍ട്ട് പോരാട്ടം വിജയച്ചിറകിലേറുമ്പോള്‍ – മുനീബ് കാരക്കുന്ന്

2015 ഏപ്രില്‍ ഒന്നുമുതല്‍ റണ്‍വേ വികസനത്തിനുവേണ്ടി ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 2018 ഡിസംബര്‍ അഞ്ച് മുതല്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുവാന്‍ തുടങ്ങിയിരിക്കുന്നു. എയര്‍പോര്‍ട്ട് സംരക്ഷണത്തിനായുള്ള പോരാട്ടവീഥിയില്‍ കാണിച്ചിട്ടില്ലാത്ത ആവേശവും മത്സരബുദ്ധിയും ആയിരുന്നു ഈ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന കാര്യത്തില്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ കാണിച്ചത്. ‘വിജയശില്‍പി’കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും ആയിരുന്നു തെരുവുകള്‍ നിറയെ. ഇത്രയും ജനപ്രതിനിധികളും നേതാക്കളും ഒരുമിച്ച് ആത്മാര്‍ഥതയോടെ ശ്രമിച്ചിട്ടും എന്തുകൊണ്ട് നിര്‍ത്തിവച്ച വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ മൂന്ന് വര്‍ഷത്തിലധികം എടുത്തു എന്ന ചോദ്യം ആര്‍ക്കും തോന്നാവുന്നതാണ്. യഥാര്‍ഥത്തില്‍ ഈ വിജയം ഏതെങ്കിലും ജനപ്രതിനിധികള്‍ ആത്മാര്‍ഥമായി അവരുടെ ഉത്തരവാദിത്വം നിര്‍വഹിച്ചതിന്റെ ഫലമായി ഉണ്ടായതല്ല. മറ്റു പല വിഷയങ്ങളിലും എന്നപോലെതന്നെ വെല്‍ഫെയര്‍പാര്‍ട്ടി അടക്കമുള്ള വ്യത്യസ്ത കൂട്ടായ്മകളുടെ ബഹുമുഖ പോരാട്ടങ്ങളിലൂടെ നേടിയെടുത്തത് തന്നെയാണ്. നോക്കി നിന്നവരുടെ വിജയാഘോഷ തിമിര്‍പ്പുകള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിയര്‍പ്പും അധ്വാനവും തമസ്‌കരിക്കപ്പെട്ടുപോവരുത് എന്നതിനാല്‍ ചില ഓര്‍മപ്പെടുത്തല്‍ അനിവാര്യമാണ്.

മുന്നറിയിപ്പായി പ്രതിഷേധ സദസ്സ്
റണ്‍വേ വികസനത്തിനുവേണ്ടി എയര്‍പോര്‍ട്ട് അടച്ചിടേണ്ടതില്ല എന്നും മറ്റു എയര്‍പോര്‍ട്ടുകളെ പോലെ സര്‍വീസുകളുടെ സമയക്രമീകരണം നടത്തിയാണ് ഇതിന് മറികടക്കേണ്ടത് എന്നും ആവശ്യപ്പെട്ടുകൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ‘പ്രതിഷേധ സദസ്സ്’ യഥാര്‍ഥത്തില്‍ വരാനിരിക്കുന്ന പ്രതിസന്ധികളെ കുറിച്ചുള്ള ഒരു മുന്നറിയിപ്പായിരുന്നു.

പഠനരേഖ പുറത്തിറക്കുന്നു
2015 റണ്‍വേ നവീകരണത്തിനായി ഭാഗികമായി അടച്ചിട്ട കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വൈഡ്‌ബോഡി എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് താല്‍കാലികമായി നിര്‍ത്തി വെക്കുന്നു. എന്നാല്‍, പണി പൂര്‍ത്തീകരിച്ച ശേഷവും നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കുവാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായില്ല. ഈ കാരണംകൊണ്ടുതന്നെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂരിന് നഷ്ടപ്പെടുകയും നെടുമ്പാശേരിയിലേക്ക് അത് മാറ്റുകയും ചെയ്തു. കോടിക്കണക്കിന് രൂപ ചിലവഴിച്ച് കരിപ്പൂരില്‍ നിര്‍മിച്ച ഹജ്ജ് ഹൗസ് ഒരു കല്യാണമണ്ഡപത്തിന്റെ മാത്രം ഉപയോഗാവസ്ഥയിലേക്ക് ചുരുങ്ങി. വലിയ വിമാനങ്ങള്‍ ഇറങ്ങുവാന്‍ കരിപ്പൂരിലെ റണ്‍വേ പര്യാപ്തമല്ലെന്നും ഇനിയും ഭൂമി ഏറ്റെടുത്ത് വികസിപ്പിച്ചാല്‍ മാത്രമേ അത് സാധ്യമാകൂ എന്നും ആയിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിലപാട്. ഭൂമി ഏറ്റെടുക്കാതെ വികസനം സാധ്യമല്ല എന്ന പരസ്യ നിലപാട് സ്വീകരിച്ച ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഫലത്തില്‍ ഈ നിലപാടിനൊപ്പം തന്നെയായിരുന്നു ചേര്‍ന്ന് നിന്നിരുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ കുറിച്ചുള്ള ഒരു പഠനരേഖ പുറത്തിറക്കുന്നത്.

ഖത്തറിലെ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരായ യാസിര്‍ എം അബ്ദുല്ല, മെഹര്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം. ഇന്ത്യയിലെയും വിദേശത്തെയും ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടുകളെയും കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെയും താരതമ്യ പഠനത്തിന് വിധേയമാക്കിയായിരുന്നു പഠനം തയ്യാറാക്കിയത്. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ കരിപ്പൂരില്‍ ഉണ്ടെന്നും വികസനത്തിനുവേണ്ടി ഒരിഞ്ചുഭൂമിപോലും ഏറ്റെടുക്കേണ്ടതില്ല എന്നും സുരക്ഷാ പ്രകശ്‌നമല്ല നെടുമ്പാശ്ശേരിക്കും കണ്ണൂരിനും വേണ്ടി പണമെറിഞ്ഞ മുതലാളിമാരുടെ താല്‍പര്യങ്ങളാണ് പ്രശ്‌നമെന്നും തെളിവുസഹിതം സമര്‍പ്പിക്കുന്നതായിരുന്നു ആ പഠനരേഖ. പിന്നീട് എയര്‍പോര്‍ട്ടിനു വേണ്ടി സമരം നടത്തിക്കൊണ്ടിരിക്കുന്ന ചെറുതും വലുതുമായ എല്ലാ പാര്‍ട്ടികളും ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന ആധികാരിക പഠനരേഖയായി അത് മാറി. ഈ പഠനറിപ്പോര്‍ട്ട് മലപ്പുറം കോഴിക്കോട് ജില്ലകളിലെ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും എത്തിച്ചുകൊടുക്കുകയും ഈ വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു എം.പിയും ഈ ആവശ്യമുന്നയിച്ച് വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിട്ടില്ല എന്നതാണ് വസ്തുത. കേന്ദ്രമന്ത്രിയെ കണ്ട് കാര്യങ്ങള്‍ അവതരിപ്പിച്ച മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ പ്രവര്‍ത്തകര്‍ നല്‍കിയ വിവരങ്ങള്‍ ജനങ്ങളുടെ മുമ്പില്‍ വിളിച്ചുപറയുന്ന ‘മെഗാ ഫോണു’കള്‍ മാത്രമായിരുന്നു ഈ വിഷയത്തില്‍ നമ്മുടെ എം.പിമാര്‍.

ബഹുജനമാര്‍ച്ച്
നവീകരിച്ച എയര്‍പോര്‍ട്ടില്‍ 2015ലെ സ്റ്റാറ്റസ്‌കൊ നിലനിര്‍ത്തുക എന്നാവശ്യപ്പെട്ട് നടത്തിയ ബഹുജനമാര്‍ച്ച് എയര്‍പോര്‍ട്ട് സംരക്ഷണ പോരാട്ടത്തിലെ നിര്‍ണായക പരിപാടിയായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് ഭരണകൂടവും എയര്‍പോര്‍ട്ട് അതോറിറ്റിയും മുഖം കൊടുക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോയി.

പോരാട്ടങ്ങളെ ജനകീയമാക്കി പ്രക്ഷോഭ യാത്ര
2017 ഫെബ്രുവരി 21,22,23 തിയ്യതികളില്‍ കോഴിക്കോട് മലപ്പുറം ജില്ലകള്‍ സംയുക്തമായി ‘പ്രാണന് പിടയുന്ന കരിപ്പൂര്‍’എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പ്രക്ഷോഭ യാത്രയായിരുന്നു ഈ വിഷയത്തില്‍ പാര്‍ട്ടി പിന്നീട് നടത്തിയ ഇടപെടല്‍. സംസ്ഥാന സെക്രട്ടറിയായിരുന്ന റസാഖ് പാലേരി നയിച്ച പ്രക്ഷോഭയാത്രയിലൂടൈ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കാനും പ്രക്ഷോഭങ്ങള്‍ക്ക് ബഹുജനപിന്തുണ നേടിയെടുക്കുവാനും സാധിച്ചു.

പോരാട്ടവീര്യം ഇന്ദ്രപ്രസ്ഥത്തിലേക്ക്; പാര്‍ലമെന്റ്് മാര്‍ച്ചും ഒപ്പുശേഖരണവും
കേരളത്തില്‍ മാത്രമല്ല രാജ്യത്തെ അധികാര കേന്ദ്രങ്ങളിലേക്കും മലബാറിന്റെ പോരാട്ടവീര്യത്തെ എത്തിക്കുവാന്‍ പാര്‍ട്ടി തീരുമാനിച്ചതിന്റെ ഫലമായിരുന്നു 2017 മാര്‍ച്ച് 17ന് ഈ വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ലമെന്റ് മാര്‍ച്ച്. ദേശീയ പ്രസിഡണ്ട് എസ്.ക്യൂ.ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്ത മാര്‍ച്ചിന് ദേശീയ സംസ്ഥാന നേതാക്കള്‍ നേതൃത്വം നല്‍കി. എയര്‍പോര്‍ട്ടിനോടുള്ള അവഗണനക്കെതിരായ മലബാറിന്റെ പ്രതിഷേധങ്ങളെ അതേ ആവേശത്തോടെ പ്രതിഫലിപ്പിക്കുവാന്‍ പാര്‍ലമെന്റ് മാര്‍ച്ചിന് സാധിച്ചു. ജനകീയ ഒപ്പുശേഖരണം നടത്തി, നിവേദന സമര്‍പ്പണത്തിലൂടെ മലബാറിലെ മുറവിളികളെ പാര്‍ട്ടി വ്യോമായന മന്ത്രാലയത്തിന് അകത്തേക്കും എത്തിച്ചു.

പോരാട്ടങ്ങള്‍ക്ക് തുടര്‍ച്ച: സമര സമ്മേളനം, സംരക്ഷണ റാലി
പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ തുടര്‍ച്ചയായിരുന്നു ജനകീയ പോരാട്ടങ്ങള്‍ക്ക് തെരുവ് ഭാഷ്യം ചമച്ച കൊണ്ടോട്ടിയിലെ സമര സമ്മേളനം. 2017 ആഗസ്റ്റ് 13ന് സമര സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ പ്രകടനം ഒരേസമയം അധികാരികള്‍ക്ക് താക്കീതും അനാവശ്യ ഭൂമിയേറ്റെടുക്കല്‍ ഭീഷണി നേരിടുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായി മാറി. 2017 ഏപ്രിലില്‍ വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കരിപ്പൂരിലേക്ക് എയര്‍പോര്‍ട്ട് സംരക്ഷണറാലി സംഘടിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി സമരമുഖത്തുള്ള അതിന്റെ നൈരന്തര്യം സൃഷ്ടിച്ചത്.

പോരാട്ടവീര്യം പകര്‍ത്തിവെച്ച് സമര പകല്‍
വിജയംകാണും വരെയും ഈ പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യുമെന്ന പാര്‍ട്ടിയുടെ പരസ്യപ്രഖ്യാപനം തന്നെയായിരുന്നു 2018 ജൂലൈ 16ന് കൊണ്ടോട്ടിയില്‍ നടന്ന ‘സമര പകല്‍’. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലത്തിന്റെ നായകത്വത്തില്‍, അഞ്ച് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന പരിപാടി, പാര്‍ട്ടിയുടെ എയര്‍പോര്‍ട്ട് സംരക്ഷണ പോരാട്ട ചരിത്രത്തിലെ ആവേശകരമായ അധ്യായം തന്നെയായിരുന്നു. അഭിവാദ്യ പ്രകടനങ്ങളുമായി സമരപന്തലിലേക്ക് വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകര്‍ സമരച്ചൂടിനെ തെരുവുകളില്‍ അണയാതെ ജ്വലിപ്പിച്ച് നിര്‍ത്തി. ഇപ്പോള്‍ ഭൂമി ഏറ്റെടുക്കാതെ തന്നെ വലിയ വിമാനസര്‍വീസുകള്‍ പുനരാരംഭിക്കണമെന്നതടക്കം പാര്‍ട്ടി ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെചുകയും പോരാട്ടത്തിന്റെ വിജയച്ചിറകിലേറി വിമാനങ്ങള്‍ പറന്നിറങ്ങുകയും ചെയ്തിരിക്കുന്നു. കരിപ്പൂര്‍ എയര്‍പോര്‍ട്ടിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ചരിത്രത്തില്‍നിന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഇടപെടലുകളെ മാറ്റി നിര്‍ത്തുവാന്‍ ഒരു വ്യാജ നിര്‍മിതികള്‍ക്കും സാധ്യമാവുകയില്ല.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757