featuredOpinion

ഇരിപ്പവകാശം ആഘോഷിക്കപ്പെടുമ്പോള്‍ – സാജിദ ഷജീര്‍

1960ലെ കേരള ഷോപ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം നിയമമാക്കപ്പെട്ടിരിക്കുന്നു. കടകളിലും ഹോട്ടല്‍, റെസ്റ്റോറന്റ് ഉള്‍പ്പെടെ സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ പീഡനങ്ങള്‍ക്ക് ഇരയാവാതിരിക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നത് എന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ ഭേദഗതിക്കുമറവില്‍ നടക്കുന്ന തൊഴിലാളി ചൂഷണത്തെ കണ്ടില്ലൈന്നു നടിക്കുകയാണ് പരമ്പരാഗത തൊഴിലാളി സംഘടനകളും കൂട്ടായാമ്കളും. ലോക രാജ്യങ്ങളില്‍ തന്നെ ഉയര്‍ന്നു നില്‍ക്കുന്ന ഭരണഘടനയും നിയമങ്ങളുമുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലുള്ള നിയമങ്ങള്‍ ചുട്ടെടുക്കുന്നതിനു പിന്നിലുള്ള കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരേണ്ടതുണ്ട്. കേരള ഷോപ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 8 പ്രകാരം ഒരു തൊഴിലാളിയെ നാല് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമിക്കാനനുവദിക്കേണ്ടതാണ്. ആ നാലുമണിക്കൂറിനിടയില്‍ പോലും തൊഴിലാളി ഇരിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതുപറയേണ്ട ആവശ്യവുമില്ല. ഒരു തൊഴിലാളിക്ക് ജോലിയുടെ സ്വഭാവമനുസരിച്ച് ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യാം. അതിന് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവിടെ നിയമങ്ങളുണ്ട്. പൊതുവെ പീടിക തൊഴിലാളികളുടെ തൊഴില്‍ സ്വഭാവം നിന്നും ഇരുന്നും നടന്നും കൊണ്ടുള്ളതാണ്. സര്‍ക്കാര്‍ കൊട്ടിഘോഷിക്കപെടും പോലെ ടെക്‌സറ്റെയില്‍ മേഖലയിലെ ഒരു വലിയ പ്രശ്‌നം പരിഹരിക്കപ്പെടുകയല്ല ഇവിടെ ചെയ്തിട്ടുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടത് പൊതു ജനങ്ങളറിയാതിരിക്കാന്‍ പുതിയ മറ കണ്ടെത്തുകയാണ് ചെയ്തിട്ടുള്ളത്.

ടെക്സ്റ്റയില്‍ മേഖലയിലുള്ളവര്‍ ഇരിക്കുകയെന്നതിനര്‍ഥം തൊഴിലിനിടയില്‍ അവരല്‍പം ഫ്രീയാവുക എന്നുള്ളതാണ്. ജോലിക്കിടയില്‍ അവര്‍ക്ക് ഇരിക്കാന്‍ സാധിക്കില്ല. ഫ്രീയാവുമ്പോള്‍ പോലും ഇരിക്കാന്‍ അനുവദിക്കാറില്ല. അവര്‍ ആ സമയത്തും മറ്റെന്തിങ്കിലും ചെയ്യണം. അല്ലെങ്കില്‍ തൊഴിലാളികള്‍ ഇത് ശീലമാക്കിയാലോ എന്ന് തൊഴിലുടമ ഭയപ്പെടുന്നതുകൊണ്ടാണ്. വലിയ കച്ചവട സ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് ഇരിക്കാന്‍ പോയിട്ട് ഭക്ഷണം കഴിക്കാനും മൂത്രമൊഴിക്കാന്‍ പോലും സമയം കിട്ടാറില്ല എന്നതാണ് യാഥാര്‍ഥ്യം.

കോഴിക്കോട് മിഠായി തെരുവിലെ തൊഴിലാളികളുടെ പെണ്‍കൂട്ടായ്മയെ നയിക്കുന്ന പി.വിജിയുടെ നേതൃത്വത്തിലും തൃശൂരിലെ കല്യാണ്‍സില്‍ക്‌സ് എന്ന വ്യാപാര സ്ഥാപനത്തിലെ അഞ്ച് സത്രീതൊഴിലാളികളും തുടക്കംകുറിച്ച സമരമാണ് കേരളത്തിലങ്ങോളമിങ്ങോളം ഇരിപ്പ് സമരങ്ങള്‍ക്ക് ആക്കം കൂട്ടിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇരിക്കാനനുവദിക്കുന്നില്ലെന്ന പരാതിയുമായി വിജിയും സംഘവും അന്നത്തെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിനെ കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത്, അതിന് അവര്‍ക്കിരിക്കാന്‍ സമയമുണ്ടോയെന്നാണ്? തങ്ങള്‍ വന്നത് തൊഴില്‍ സംരക്ഷണത്തിന് തന്നെയാണോ എന്ന് തൊഴിലാളികളെ തന്നെ സംശയത്തിലാഴ്ത്തും ഇത്തരം ചോദ്യങ്ങള്‍. ഈ സമരങ്ങളാണ് പുതിയ ഭേദഗതിക്ക് ഹേതുവെന്നാണ് ഇന്നത്തെ സര്‍ക്കാറിന്റെ വാദം. സത്യത്തില്‍ ഈ സമരങ്ങളൊക്കെ മുന്നോട്ടു വെച്ച ആശയമെന്തായിരുന്നു? ടെക്സ്റ്റയില്‍ ഷോപ്പിലെ തൊഴിലാളികള്‍ നില്‍ക്കുന്ന ഓരോ നിരയിലും ഇതുവരെ ഇല്ലാതിരുന്ന ഒരു ഇരിപ്പിടം വരിക എന്നുള്ളതായിരുന്നോ?

തൊഴിലാളികളുടെ ജോലിയിലെ അധിക ഭാരം കുറക്കുക എന്നുള്ളതായിരുന്നു ഈ സമരങ്ങളുടെയൊക്കെ അടിസ്ഥാനം. ഓരോ സ്ഥാപനത്തിലേയും വിറ്റു വരവിനനുസരിച്ച് തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ അവര്‍ക്ക് യഥാസമയം ഇരിക്കാനും ഭക്ഷണം കഴിക്കാനും മൂത്രശങ്ക തീര്‍ക്കാനും സാധിക്കുകയുള്ളൂ. അതിന് നിലവില്‍ തന്നെ ഇവിടെ സംവിധാനമുണ്ട്. ഷോപ്‌സ് ആന്റ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ സെക്ഷന്‍ 15 പ്രകാരം, തൊഴിലുടമ ഇത്തരം അടിസ്ഥാന ആവശ്യങ്ങള്‍ തടഞ്ഞാല്‍ ലേബര്‍ ഓഫീസര്‍ക്ക് പരാതി കൈമാറാം. മാത്രമല്ല, അത്തരം പരാതികള്‍ക്ക് തീര്‍പ്പു കല്‍പിക്കാനും പിഴ ചുമത്താനുമുള്ള അധികാരം ലേബര്‍ ഓഫീസര്‍ക്കുണ്ട്. അതുകൊണ്ട് തന്നെ ആ സെക്ഷനില്‍ ലേബര്‍ ഒഫീസറെ ഇന്‍സ്‌പെക്ടര്‍ എന്നാണ് വിവക്ഷ ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ ഇരിപ്പവകാശമെന്ന് കൊട്ടിഘോഷിക്കപ്പെട്ട് വന്ന ഭേദഗതിയിലെ വഞ്ചന ലേബര്‍ ഓഫീസറുടെ ഇന്‍സ്‌പെക്ടര്‍ എന്ന പദവി മാറ്റി ഇന്‍വിജിലേറ്റര്‍ ആക്കി എന്നുള്ളതാണ്. അതായത് ലേബര്‍ ഓഫീസര്‍ക്ക്, തൊഴിലാളികള്‍ക്കിടയില്‍ നടമാടുന്ന അനീതികള്‍ക്കെതിരെ നിയമം നടപ്പാക്കാനുള്ള അധികാരം ഇതുവഴി ഇല്ലാതെയായി. ഇനിയതൊക്കെ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതി.

ഭൂരിഭാഗം തൊഴിലാളികളും ജോലി നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇത്തരം അനീതികള്‍ക്കെതിരെ മൗനം ഭജിക്കുകയാണ് പതിവ്. അതിനെ തരണം ചെയ്ത് വരുന്ന പരാതി ലേബര്‍ ഓഫീസര്‍ അധികാരം പ്രയോഗിച്ച് പരിഹരക്കപ്പെടുന്നത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ്. ലേബര്‍ ഓഫീസര്‍മാര്‍ തന്നെ പങ്കുവെക്കുന്ന അനുഭവം, കച്ചവട സ്ഥാപനങ്ങളില്‍ മിക്കതിലും മിനിമം വേതന നിഷേധം, ജോലി അധിക ഭാരം, മനുഷ്യാവകാശ ലംഘനം എന്നിവ നടക്കുന്നുണ്ടെങ്കിലും ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള വിഭവങ്ങള്‍ ലേബര്‍ ഡിപാര്‍ട്‌മെന്റിനില്ല എന്നാണ്. എന്നിരുന്നാലും തങ്ങളുടെ മുന്നിലെത്തുന്ന എല്ലാ പരാതികള്‍ക്കും ആവുംവിധം തീര്‍പ്പു കല്‍പിക്കാറുണ്ട് എന്നാണ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഈ തൊഴില്‍ സുരക്ഷിതത്വമാണ് ഇന്ന് നഷ്ടമായിരിക്കുന്നത്.

മറ്റൊന്ന്, രാവിലെ ആറുമണിക്ക് മുന്‍പോ രാത്രി ഏഴുമണിക്ക് ശേഷമോ സ്ത്രീ തൊഴിലാളികളെ തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് 1960ലെ ആക്ടില്‍ പറയുന്നുണ്ട്. അതിനെ ഭേദഗതി ചെയ്തു കൊണ്ട് 24 മണിക്കൂറും സ്ത്രീകളെ തൊഴിലെടുപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷ പരിഗണിച്ച് ഇത്തരത്തിലൊരു നിയമം ഉണ്ടായിരുന്നിട്ട് പോലും മാളുകളിലും മറ്റു വലിയ കച്ചവട സ്ഥാപനങ്ങളിലും തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുകയും അവകാശനിഷേധം നേരിടുകയുമാണ്.

തൊഴിലിടങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന ലൈഗിംക ചൂഷണം വളരെ വലുതാണ്. രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിന് കണ്ടെത്തിയ പരിഹാരം അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പില്‍ രണ്ട് സ്ത്രീകളുണ്ടാവണമെന്നുള്ളതാണ്. പകല്‍ പോലും യഥേഷ്ടം ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഇനി രാത്രി കാലങ്ങളിലും അതിന് തയ്യാറാവണമെന്നുള്ളതാണ്. സ്ത്രീകളെ രാത്രി കാലങ്ങളില്‍ ജോലി ചെയ്യാനനുവദിക്കാതിരുന്നതിന് അനുവാദം നല്‍കിയെന്നാണ് ‘ഭേദഗതിയെ പല മാധ്യമങ്ങളും വ്യാഖ്യാനിച്ചത്. ഇവിടെ രാത്രി ജോലി ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് തൊഴിലെടുക്കുന്നതിന് ആദ്യമേ തടസ്സം ഉണ്ടായിരുന്നില്ല. മറിച്ച് നിര്‍ബന്ധിക്കപ്പെടുമ്പോള്‍ അവള്‍ക്ക് പരാതി നല്‍കാം. ഈ ഭേദഗതിയോടു കൂടി ആ അവകാശത്തിനാണ് അന്ത്യം കുറിക്കുന്നത്. രാത്രി തൊഴിലെടുക്കുന്നവരെ മതിയെന്ന് തൊഴിലുടമ തീരുമാനിച്ചാല്‍ പിന്നെ നിര്‍ബന്ധിതാവസ്ഥയായി. ഇത്തരത്തില്‍ സ്ത്രീകളുടെ അവകാശത്തെ ഹനിക്കപ്പെടുന്ന ഒരു ഭേദഗതിയെ അംഗീകരിക്കാന്‍ ഒരു സ്ത്രീ തൊഴിലാളി സംഘടനക്കുമാവില്ല, മാത്രമല്ല അവരൊന്നടങ്കം പ്രതിഷേധവുമായി രംഗത്തു വരികയും ചെയ്യും. തൊഴിലാളി പ്രസ്ഥാനത്തിലൂടെ രംഗത്തു വന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവരുമ്പോഴുള്ള ജാള്യത മറക്കാനാണ് ഇരിപ്പു സമരത്തെ മറയാക്കി പിടിക്കുന്നതും. ഈ ഭേദഗതി വന്നയുടനെ മാധ്യമ പ്രവര്‍ത്തകരൊക്കെ വിജിയെ അഭിനന്ദിക്കുമ്പോഴെല്ലാം അവര്‍ ഈ അനീതിയെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ, മാധ്യമങ്ങള്‍ അതിന് പ്രാധാന്യം നല്‍കിയില്ല.

ആഴ്ചയിലൊരിക്കല്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കാന്‍ കച്ചവട സ്ഥാപനം അടച്ചിടമെന്നുള്ള ചട്ടവും ഈ ഭേദഗതിയിലൂടെ എടുത്തു കളഞ്ഞു. ആഴ്ചയില്‍ ഏഴുദിവസവും ദിവത്തില്‍ 24 മണിക്കൂറും വര്‍ഷത്തില്‍ 365 ദിവസവും ഇനി കടള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ അവധി ആഴ്ചയിലൊരു ദിവസം മാറി മാറിയെടുത്തു കൊള്ളണം. കച്ചവട സൗകര്യത്തിന് ഇത്തരത്തിലുള്ള ഭേദഗതിക്കൊക്കെ തൊഴിലാളി തയ്യാറുമാണ്. പക്ഷേ, ആഴ്ചയില്‍ ഓഫും അനുവദിക്കപ്പെട്ട ലീവുമെടുത്താല്‍ വേതനം വെട്ടിച്ചുരുക്കുകയും രണ്ട് തരത്തിലുള്ള വേതന രജിസ്റ്ററുകള്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഈ മേഖലയില്‍ തൊഴിലാളികള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നതിനിടയാക്കും.

അടുത്ത ഭേദഗതിയാണ് 1960 ആക്ടിലെ സെക്ഷന്‍ 21 ല്‍ 21 (ആ) കൂട്ടിചേര്‍ത്തത്. തൊഴിലാളികളെ കുത്തക കച്ചവടക്കാര്‍ക്കുവേണ്ടി തുടര്‍ന്നും ചൂഷണത്തിന് നിര്‍ബന്ധിക്കപ്പെടുന്നതാണ് ഈ കൂട്ടിച്ചേര്‍ക്കല്‍. യഥാര്‍ഥത്തില്‍ ഇവിടെ നടപ്പാക്കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ഈസ് ഓഫ് ഡുയിംഗ് ബിസിനസിന്റെ ഭാഗമായി കുത്തക കച്ചവടക്കാരെ യാതൊരു തടസ്സവും സൃഷ്ടിക്കാതെ കേരളത്തിലേക്കാനയിക്കുക എന്നുള്ളതാണ്. കുത്തക കച്ചവടവല്‍കരണത്തില്‍ കേരളം വളരെ പിന്നില്‍ ഇരുപത്തൊന്നാം സ്ഥാനത്താണ്. അതിനെ പ്രഥമ സ്ഥാനത്തെത്തിക്കാനുള്ള വഴിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും എന്തുവില കൊടുത്തും തങ്ങള്‍ തട്ടിനീക്കിത്തരുമെന്ന് കുത്തകകള്‍ക്ക് ഉറപ്പു നല്‍കുകയാണ് ഈ ഭേദഗതിയിലൂടെ പിണറായി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ഇതിനെതിരെ തൊഴിലാളികളില്‍ നിന്നുള്ള പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ഇതിന് മൗനാനുവാദം നല്‍കിയാല്‍ തൊഴിലാളികള്‍ക്കനുകൂലമായ ഓരോ നിയമങ്ങളും ഭേദഗതിക്കിരയാക്കി സ്വാതന്ത്ര്യത്തിനു മുന്‍പുള്ള അടിമ വല്‍കരണത്തിലേക്ക് നീങ്ങുന്നത് അതി വിദൂരമല്ലാതെ നമ്മള്‍ കാണേണ്ടി വരും.

(എഫ്.ഐ.ടി.യു സംസ്ഥാന
സെക്രട്ടറിയാണ് ലേഖിക)

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757