Opinionzero hour

അനുസ്മരണം ; സാബിര്‍ അന്‍സാരി; ആത്മസമര്‍പണത്തിന്റെ പര്യായം – ഇ.സി ആയിഷ

 

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന സാബിര്‍ അന്‍സാരിയുടെ വിയോഗം അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ 5ന് രാവിലെമുതല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനുവേണ്ടി കൊണ്ടോട്ടി മണ്ഡലത്തില്‍ കര്‍മനിരതനായിരുന്നു അദ്ദേഹം. അതിനിടയില്‍ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങിയതിന്റെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. വൈകീട്ട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിജയാഹ്‌ളാദ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി അവിടെ തങ്ങുകയും തൊട്ടടുത്ത പള്ളിയില്‍വെച്ച് നമസ്‌കാരത്തിനിടയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം പോലെത്തന്നെയായിരുന്നു മരണവും. പാര്‍ട്ടിക്കുവേണ്ടി ഓടിനടന്ന് വിയര്‍പ്പ് വറ്റാത്ത ശരീരവുമായി ഒരു മടക്കം. സമര്‍പണത്തിനും കര്‍മോത്സുകതക്കും പകരം വെക്കാന്‍ നമുക്ക് മുന്‍പില്‍ മറ്റൊരു പേരുണ്ടാവില്ല. മലപ്പുറത്തെ പാര്‍ട്ടി ഓഫീസില്‍ ഒന്ന് കയറിയിറങ്ങിപ്പോയ ഒരാളുടെയും മനസ്സില്‍നിന്നും ആ ആതിഥ്യമര്യാദയുടെ രുചി ഒരിക്കലും മാഞ്ഞു പോവുകയില്ല. നേതാക്കന്‍മാരോടും പ്രവര്‍ത്തകരോടും ഒരുപോലെയുള്ള കരുതലിന്റെ പേരു കൂടിയായിരുന്നു സാബിര്‍. എല്ലാവരോടും മനസ്സ് തുറന്ന് പുഞ്ചിരിക്കുന്ന പാര്‍ട്ടിയുടെ സദാ പ്രസന്നമായ മുഖം. സാബിറില്ലാത്ത പാര്‍ട്ടി ഓഫീസ് എന്നു പറഞ്ഞാല്‍ അതൊരു വലിയ ശൂന്യതയാണ്.

പാര്‍ട്ടിയുടെ ജില്ലാതല പരിപാടികളുടെ സംഘാടകന്‍ സാബിര്‍ ആയിരുന്നു. അത്തരം പരിപാടികളില്‍ എന്തെങ്കിലും പിഴവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതായി ഓര്‍മയിലില്ല. ആ സംഘാടക മികവിന് ഇതില്‍പ്പരം മറ്റെന്ത് സാക്ഷ്യമുണ്ട് പറയാന്‍. തന്റെ വിദ്യാര്‍ഥി കാലഘട്ടത്തില്‍ ആവേശകരമായി അണികളെ കയ്യിലെടുത്ത് പ്രസംഗിക്കാന്‍ കഴിവുള്ള പ്രഭാഷകനായിരുന്നു സാബിര്‍. എന്നാല്‍, പാര്‍ട്ടിയില്‍ വേദിക്ക് മുന്നിലേക്ക് വരാതെ വേദിയൊരുക്കി പിന്നില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതം തന്നെ പാര്‍ട്ടിക്ക് വേണ്ടി സമര്‍പ്പിച്ച മനുഷ്യന്‍. സ്വന്തം കഴിവുകള്‍ മുഴുവന്‍ പാര്‍ട്ടിയോട് ചേര്‍ത്തുപിടിച്ച അപൂര്‍വ ജീവിതം. ഓഫീസ് ചുമതല, ജനപക്ഷം, പ്രവര്‍ത്തന ഫണ്ട് ശേഖരണം തുടങ്ങിയ ചുമതലകളെല്ലാം നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. പ്രവര്‍ത്തന നൈരന്തര്യത്തിന്റെ പര്യായം തന്നെയായിരുന്നു സാബിര്‍. അദ്ദേഹത്തിന് സഹപ്രവര്‍ത്തകന്‍ എന്ന് പറഞ്ഞാല്‍ ആ വ്യക്തി മാത്രമായിരുന്നില്ല അയാളുടെ കുടുംബം കൂടി ചേര്‍ന്നതായിരുന്നു. സഹപ്രവര്‍ത്തകരുടെ കുടുംബത്തോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വം. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഒരാള്‍ക്കും ഇന്നും കണ്ണീരോടെ അല്ലാതെ അദ്ദേഹത്തെ ഓര്‍ത്തെടുക്കുവാന്‍ സാധിക്കുകയില്ല. രോഗിയായിരുന്ന സാബിര്‍, ആ രോഗാവസ്ഥകളെ മുഴുവന്‍ അവഗണിച്ചുകൊണ്ട് ആയിരുന്നു പാര്‍ട്ടിയുടെ തേര് തെളിക്കാന്‍ ഇറങ്ങിത്തിരിച്ചത്.

സ്ത്രീകളെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏത് യാത്രകളിലും സുരക്ഷിതത്വത്തിന്റെ കവചമായിരുന്നു സാബിര്‍. ഒരേസമയം പാര്‍ട്ടി സെക്രട്ടറിയുടെ റോളിലും പോസ്റ്റര്‍ പതിക്കുന്ന, കൊടി കെട്ടുന്ന പ്രവര്‍ത്തകന്റെ റോളിലും അദ്ദേഹത്തെ നമുക്കനുഭവിക്കാന്‍ സാധിച്ചിരുന്നു. പാര്‍ട്ടി അദ്ദേഹത്തിന്റെ വലിയ ഒരു ആവേശമായിരുന്നു. അതായിരുന്നു അദ്ദേഹത്തെ മുന്നോട്ടുനയിച്ചത്. നേതാക്കന്‍മാരും സഹപ്രവര്‍ത്തകരോടുമൊക്കെ അതിനെ കുറിച്ച് മാത്രമായിരുന്നു അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്. ആ ആവേശസ്വപ്‌നത്തെ ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെ കയ്യിലേല്‍പ്പിച്ചു കൊണ്ടാണ് സാബിര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നത്. ആ നിറമുള്ള സ്വപ്‌നത്തെ ഈ മണ്ണില്‍ സാക്ഷാത്കരിക്കുക എന്നതാണ് നമുക്ക് അദ്ദേഹത്തിന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ ഉപഹാരം. ആ ആത്മാവിന്, ഞങ്ങളുടെ സാബിറിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥന.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757