Opinionzero hour

അനുസ്മരണം : സാബിര്‍ അന്‍സാരി; കര്‍മോത്സുകനായ രാഷ്ട്രീയക്കാരന്‍ – ഗണേഷ് വടേരി

 

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി ശ്രീ. സാബിര്‍ അന്‍സാരിയുടെ അകാല നിര്യാണത്തില്‍ പാര്‍ട്ടിക്ക്, വിശിഷ്യ, മലപ്പുറത്തെ സാമൂഹ്യ-സാംസ്‌കാരിക അന്തരീക്ഷത്തിന് പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പാര്‍ട്ടി ചിന്തകളുടെ കരുത്തനായ പ്രയോക്താവായിരുന്നു അദ്ദേഹം. പ്രിയ സഹപ്രവര്‍ത്തകന്റെ ചിന്തകളുടെ പ്രസക്തി പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ ആകസ്മികമായ വേര്‍പാട് വളരെ വലിയ ആഘാതം തന്നെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകണ ഘട്ടത്തില്‍ മലപ്പുറം ജില്ലാ കമ്മറ്റിയംഗം എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് പിന്നിട്ട നാള്‍ വഴികളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമാവുകയും, പിന്നീട് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ സെക്രട്ടറി എന്ന നിലയിലേക്കും സ്വാഭാവികമായി ഉയര്‍ത്തപ്പെട്ടത് സമര്‍പണത്തിന്റേയും സന്നദ്ധതയുടേയും ഫലമാണ്. ഇതോടൊപ്പം അദ്ദേഹം കോട്ടക്കല്‍ മണ്ഡലത്തിന്റെ എക്‌സിക്യൂട്ടീവില്‍നിന്നുള്ള ചുമതലക്കാരനായും, പാര്‍ട്ടി ജില്ലാ ആസ്ഥാനത്തിന്റെ ഭരണ ചുമതലയുള്ളയാളും, ജനപക്ഷം മാസികയുടെ ജില്ലാ കണ്‍വീനറും, പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ജില്ലാ കണ്‍വീനറും, ഡിസംമ്പറില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനഫണ്ട് ശേഖരണത്തിന്റെ കണ്‍വീനറുമായിരുന്നു.

സാബിര്‍ അന്‍സാരി എന്ന ബഹുമുഖപ്രതിഭയുടെ ആഴവും പരപ്പും സ്‌നേഹവായ്പും വാത്സല്യവും അനുഭവിച്ചറിഞ്ഞ മുതിര്‍ന്നവരെന്നോ യുവാക്കളെന്നോ കുട്ടികളെന്നോ വേര്‍തിരിവില്ലാതെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും തീരാദുഃഖത്തിലും വിങ്ങിപ്പിടയുന്ന മനസ്സുമായി മലപ്പുറത്ത് ഉണ്ട്. സാബിര്‍ കടന്നുചെന്ന ഏതൊരു വിഷയത്തിലും കൃത്യമായ അറിവും ആഴത്തിലുള്ള പരിജ്ഞാനവും നേടിയിരുന്നു. മറ്റുള്ളവര്‍ക്ക് അത് പറഞ്ഞുകൊടുക്കുന്നതില്‍ സവിശേഷമായ ഒരു ശൈലി അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു. നൈസര്‍ഗികമായ നര്‍മവും അകൃത്രിമമായി സരസോക്തിയും കൂട്ടിക്കലര്‍ത്തി സൈദ്ധാന്തിക വിഷയങ്ങള്‍ പോലും അദ്ദേഹം കൈകാര്യം ചെയ്തു. അത് കേള്‍വിക്കാര്‍ക്ക് ആകര്‍ഷണീയമായി തീരുമെന്നുമാത്രമല്ല ലളിതമായി മനസ്സില്‍ പതിയുകയും ചെയ്യുമായിരുന്നു.
സാബിര്‍ അന്‍സാരിയെ സ്മരിക്കുമ്പോള്‍ അദ്ദേഹം ഇടപെടുന്ന രീതികളും ചര്‍ച്ചകളുമായിരിക്കും മനസ്സില്‍ ഓടിയെത്തുക. താന്‍ വായിച്ചുമനസ്സിലാക്കിയ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ പ്രത്യേക നിഷ്‌കര്‍ഷ അദ്ദേഹത്തിനുണ്ടായിരുന്നു. എത്ര സമയം വേണമെങ്കിലും മുഷിച്ചില്‍ കൂടാതെ അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നു. ജീവിതത്തില്‍ നേരിട്ടനുഭവിച്ചിട്ടുള്ള രസകരമായ സംഭവങ്ങള്‍ കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ സരസമായ സംഭാഷണം ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് ഒരു വേറിട്ട അനുഭവമായിരുന്നു.

പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസ് ചുമതലയുള്ള സെക്രട്ടറിയുടെ ഉത്തരവാദിത്തവും കുറ്റമറ്റ രീതിയില്‍ അദ്ദേഹം നിര്‍വഹിച്ചു. തത്വദീക്ഷയുടെ കാര്യത്തില്‍ അദ്ദേഹം കര്‍ശന സ്വഭാവക്കാരനായിരുന്നു. തത്വദീക്ഷ വെടിഞ്ഞുള്ള പെരുമാറ്റം അദ്ദേഹത്തില്‍നിന്നുള്ള വിമര്‍ശനത്തിനും ചിലപ്പോള്‍ ശാസനക്കുപോലും കാരണമാകുമായിരുന്നു. വിമര്‍ശനങ്ങള്‍ മാര്‍ദവമുള്ളതായിരുന്നു എങ്കിലും കാര്യ പ്രസക്തമായിരുന്നു. എന്നാല്‍, കാലുഷ്യമൊന്നും അവശേഷിപ്പിച്ചതുമില്ല. എല്ലാ വിഷയങ്ങളിലും വിമര്‍ശനവിധേയരാകുന്ന പാര്‍ട്ടി സഖാക്കളോടുപോലും സ്നേഹമസൃണമായ പെരുമാറ്റമേ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. സഖാക്കള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വരികയോ ഏതെങ്കിലും കാര്യത്തില്‍ പരസ്പരം ആശയ തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരുന്ന അവസരത്തില്‍ അദ്ദേഹം ക്ഷമാപൂര്‍വം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി പ്രശ്നം പരിഹരിക്കുമായിരുന്നു. സഹപ്രവര്‍ത്തകരെ അദ്ദേഹം ജീവനുതുല്യം സ്നേഹിച്ചിരുന്നു. അന്തസുറ്റ അദ്ദേഹത്തിന്റെ പെരുമാറ്റശൈലി മാതൃകയായിരുന്നു. സാബിറിന് തുല്യം സാബിര്‍ മാത്രമേയുള്ളൂ.
നമ്മളില്‍ ഒരാളോ, ഒരു പറ്റം ആളുകളോ വിചാരിച്ചാല്‍ നികത്താവുന്നതല്ല അദ്ദേഹം അവശേഷിപ്പിച്ച് പോയ വിടവ്. എന്നാല്‍, ഒറ്റക്കെട്ടായി അഗാധമായ ദുഃഖത്തെ ഉയര്‍ന്ന കര്‍മശേഷിയാക്കി മാറ്റിക്കൊണ്ട് ആ വിടവ് നികത്തിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലൂന്നിയ പാഠം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സാബിര്‍ സ്വജീവിതംകൊണ്ട് അഭിലഷിച്ചതും പ്രയത്നിച്ചതുമായ ഉന്നതമായ സാമൂഹ്യ ലക്ഷ്യം ഈ മണ്ണില്‍ യാഥാര്‍ഥ്യമാക്കിത്തീര്‍ക്കാന്‍ കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

അദ്ദേഹത്തിന്റെ ആതിഥേയത്വം അനുഭവിക്കാത്തവര്‍ വിരളമാണ്. വാത്സല്യത്തിലൂന്നിയ ഒരു കരുതല്‍, സദാനിവര്‍ത്തിവെച്ച പരിരക്ഷാ കവചം അതായിരുന്നു സാബിര്‍. അത് നമുക്ക് നല്‍കുന്ന സുരക്ഷിതത്വബോധം വിലമതിക്കാനാവാത്തതാണ്. മലപ്പുറത്തെ പ്രമുഖ മത-സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകനായ അത്താമാനകത്ത് അബു സാഹിബിന്റേയും പരേതയായ ആമിനയുടേയും മകനാണ് സാബിര്‍ അന്‍സാരി. ഭാര്യ ഹഫ്‌സ, മക്കള്‍ അഷ്ഫാക്ക്, അഫ്‌നാന്‍, മുന, മരുമക്കള്‍ ഹന, മെഹ്ബൂബ.് വ്യക്തിപരമായി ജില്ലാ ആസ്ഥാത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ എന്റെ വലംകൈ, ജേഷ്ഠസഹോദരന്‍, കാരണവര്‍ അങ്ങിനെയെല്ലാമായ സാബിര്‍ അന്‍സാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ രക്തവര്‍ണാങ്കിത ത്രിവര്‍ണ പതാകയുടെ ധീര അഭിവാദ്യങ്ങള്‍.

വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയാണ് കുറിപ്പുകാരന്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757