featuredOpinion

രാമക്ഷേത്രമെന്ന രാഷ്ട്രീയ ആയുധം – എസ്.എ അജിംസ്

 

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ഭരണഘടനക്ക് കീഴില്‍ സാധ്യമായതെല്ലാം ചെയ്യും. ഇതായിരുന്നു 2014ലെ ബി.ജെ.പിയുടെ പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളിലൊന്ന്. രാമജന്മഭൂമി പ്രസ്ഥാനം ആരംഭിച്ചത് മുതല്‍ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് ഇതുതന്നെയാണ്. ഒരര്‍ഥത്തില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ ഗതിവേഗം ഉണ്ടാക്കിക്കൊടുത്ത ഒരു വാഗ്ദാനവും മുദ്രാവാക്യവും ഇതുതന്നെയാണ്.

 

അയോധ്യയിലെ രാമജന്മഭൂമി തര്‍ക്കം ബ്രിട്ടീഷ് കാലത്ത് തന്നെ ഉള്ളതാണ്. എന്നാല്‍, അതൊരിക്കലും ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റാന്‍ സ്വാതന്ത്ര്യാനന്തരം സംഘ്പരിവാറിന് സാധിച്ചില്ല. എന്നുമാത്രമല്ല, അടിയന്തിരാവസ്ഥക്ക് ശേഷം ജനതാ സര്‍ക്കാരിലൂടെ ബി.ജെ.പിക്ക് ലഭിച്ച അധികാര പങ്കാളിത്തം നേടിക്കൊടുത്ത രാഷ്ട്രീയ നേട്ടം പോലും രാമജന്മഭൂമി വഴി ജനസംഘത്തിനോ ബി.ജെ.പിക്കോ ഉണ്ടായില്ല. അതിന് ഒരു പ്രധാനകാരണം, സംഘ്പരിവാര്‍ ഉയര്‍ത്തിവിട്ട രാമന്‍ എന്ന വികാരമായിരുന്നു. ആ വികാരം ഹിന്ദുക്കളിലുണ്ടാക്കിയ പ്രതിഫലനം ഏറ്റെടുക്കാന്‍ ഒരുപരിധിവരെ കോണ്‍ഗ്രസുണ്ടായിരുന്നു. അതുകൊണ്ടാണ് ബാബരി മസ്ജിദ് പൂട്ടിക്കിടക്കെ അതിനുള്ളില്‍ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടതും ആ വിഗ്രഹം ആരാധനക്ക് അനുവദിക്കപ്പെട്ടതും. എന്നാല്‍, 1987 ജനുവരിയില്‍ ദൂരദര്‍ശനില്‍ രാമായണം സംപ്രേഷണം ആരംഭിച്ചതോടെ ചിത്രം മാറി. ഹിന്ദൂയിസത്തിന് രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അതുവരെയുള്ള ഒരു പൊതുബോധം. എന്നാല്‍, ഒരു കോണ്‍ഗ്രസ് സര്‍ക്കാരാണ് രാമായണം സീരിയല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. അതോടെ, രാമജന്മഭൂമി പ്രശ്‌നം, എല്‍.കെ ആദ്വാനി അവകാശപ്പെട്ടതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി മാറി. മുന്‍പ് സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധി, രാമന്‍ എന്ന ബിംബത്തെയും മൂല്യത്തെയും രാമരാജ്യം എന്ന ആശയത്തെയും ഉപയോഗിച്ചിരുന്നു. അത് ഇന്ത്യന്‍ മനസിലേല്‍പ്പിച്ച സ്വാധീനമല്ല രാമായണം സീരിയലുണ്ടാക്കിയത്. ഗാന്ധിയുടെ രാമരാജ്യം ഒരു ജനാധിപത്യ – ക്ഷേമരാഷ്ട്ര ആശയമായിരുന്നു. എന്നാല്‍, രാമായണം സീരിയല്‍ രാക്ഷസന്‍മാര്‍ക്കെതിരായ യുദ്ധ പ്രഖ്യാപനമായിരുന്നു. തുടര്‍ന്ന് മഹാഭാരതം സീരിയലായി ദൂരദര്‍ശനില്‍ തന്നെ വന്നു. എന്നാല്‍, രാമായണം സൃഷ്ടിച്ച ഒരു സ്വാധീനം അതിനുണ്ടായിരുന്നില്ല. കാരണം, അതില്‍ രാക്ഷസന്മാര്‍ കുറവായിരുന്നു. ഒരു കുടുംബത്തിനകത്ത് നടന്ന തര്‍ക്കവും യുദ്ധവുമായിരുന്നു. എന്നാല്‍, ഗീതോപദേശം, യുദ്ധം ചെയ്യാനുള്ള അര്‍ജുനനോടുള്ള ശ്രീകൃഷ്ണന്റെ ആഹ്വാനം ഇതെല്ലാം രാമായണം നല്‍കിയ സന്ദേശത്തിന് കരുത്തു പകര്‍ന്നു.
ദൂരദര്‍ശന്റെ തന്നെ പാരമ്പര്യത്തിന് നിരക്കുന്നതായിരുന്നില്ല രാമായണവും മഹാഭാരതവും സംപ്രേഷണം ചെയ്ത നടപടി. എന്നാല്‍, കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്ത ഈ നടപടി അവര്‍ക്ക് തന്നെ തിരിച്ചടിയായി. അതുവരെ ഹിന്ദു വികാരങ്ങളുടെ ഗുണഭോക്താക്കളാകാന്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസിന് ആ പദവി വളരെ പെട്ടെന്ന് നഷ്ടമായി. അങ്ങിനെ ബാബരി മസ്ജിദ് പതനത്തോടെ, അതിന് തൊട്ടു മുന്‍പ് നടന്ന രഥയാത്രയും കലാപങ്ങളും സൃഷ്ടിച്ച ധ്രുവീകരണത്തോടെ, ബി.ജെ.പി വന്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കി.

രാമായണം സീരിയല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം?. പൊളിറ്റിക്‌സ് ആഫ്റ്റര്‍ ടെലിവിഷന്‍ എന്ന തന്റെ പുസ്തകത്തില്‍ ആനന്ദ് രാജഗോപാല്‍ പറയുന്നു. ഹിന്ദുത്വ എന്ന ആശയം ഇത്ര ആഴത്തില്‍, ഇത്ര വ്യാപകമായി ഇന്ത്യയില്‍ വേര് പിടിക്കുമായിരുന്നില്ല. രണ്ടില്‍ നിന്ന് എണ്‍പത്തിരണ്ടിലേക്ക് ബി.ജെ.പി അംഗസംഖ്യ പാര്‍ലമെന്റിലുണ്ടാകുമായിരുന്നില്ല. പതിമൂന്ന് ദിവസത്തെ ആദ്യ ബി.ജെ.പി സര്‍ക്കാരുണ്ടാകുമായിരുന്നില്ല. അല്‍പായുസാണെന്നുറപ്പുണ്ടായിരുന്നിട്ടും വാജ്‌പേയ് 1998ല്‍ അധികാരത്തിലേറിയത് ടെലിവിഷനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും അവര്‍ക്ക് ലഭിച്ച ദൃശ്യതക്ക് വേണ്ടിയാണ്.

അന്നുമുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രധാന വാഗ്ദാനം രാമജന്മഭൂമി ക്ഷേത്രമാണ്. വാജ്‌പേയിയുടെ രണ്ടാം വരവിലും. കോടതി മാത്രമായിരുന്നു അതിന് തടസം. രണ്ടാം വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിമാരായി ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളായ എല്‍.കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയുമുണ്ടായിരുന്നു. അന്നുമുതല്‍ സംഘ്പരിവാര്‍ സംഘടനകള്‍ നിരന്തരമായി ആവശ്യമുന്നയിക്കുന്നു തര്‍ക്ക ഭൂമിയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ടി. എല്ലാ തെരഞ്ഞെടുപ്പുകളിലും. എന്നാല്‍, ഇക്കുറി സംഘ്പരിവാറിനും ബി.ജെ.പിക്കും മുന്‍പെന്നത്തേക്കാള്‍ രാമനെയും രാജന്മഭൂമിയെയും രാമക്ഷേത്രത്തെയും ആവശ്യമുണ്ട്. കാരണം, രണ്ടാം ബി.ജെ.പി സര്‍ക്കാര്‍ നേരിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടിരുന്നു. പിന്നീട് വന്ന ഒന്നാം യു.പി.എ സര്‍ക്കാരിനെ തോല്‍പിക്കാന്‍ 2009ലെ തെരഞ്ഞെടുപ്പില്‍ പോലും ബി.ജെ.പിക്ക് കഴിയാത്തതിന്റെ കാരണം, ഭീകരാക്രമണങ്ങളും വര്‍ഗീയതയും തീവ്രവദേശീയതയുമല്ലാതെ മറ്റൊന്നും അവര്‍ക്ക് പറയാനില്ലാതിരുന്നത് കൊണ്ടാണ്. മോദി അധികാരത്തിലെത്തിയത് ഒന്നും രണ്ടും യു.പി.എ സര്‍ക്കാരുകള്‍ക്കെതിരായി ഉയര്‍ന്ന് വന്ന അഴിമതിയാരോപണങ്ങളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ട നുണക്കഥകളും കൊണ്ടാണ്. മോദി സര്‍ക്കാരകട്ടെ, 2014ല്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും പാലിക്കാനാകാതെ, നോട്ടു നിരോധനവും ജി.എസ്.ടിയും വഴി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ മുച്ചൂടും നശിപ്പിച്ച് അഞ്ച് വര്‍ഷം തികച്ചു കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ശക്തമായ ജനരോഷം ബി.ജെ.പിക്കെതിരെ ഉയരുമെന്ന് അവര്‍ ന്യായമായും ഭയപ്പെടുന്നു. വികസന കാര്യം പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന് അവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് ഇക്കുറി രാമജന്മഭൂമി തന്നെ അവര്‍ പ്രധാന ആയുധമായി തെരഞ്ഞെടുക്കുന്നത്.

ജസ്റ്റിസ് ദീപക് മിശ്ര

മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങും മുന്‍പ് ബാബരി മസ്ജിദ് -രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാന്‍ ബി.ജെ.പി കിണഞ്ഞു പരിശ്രമിച്ചതും കോടതി വിധി തെരഞ്ഞെടുപ്പിന് മുന്‍പാക്കാന്‍ കോടതിയോടാവശ്യപ്പെട്ടതും അതിനാണ്. കേസിലെ കക്ഷിയായ സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ സമര്‍ഥമായ ഇടപെടലിനെ തുടര്‍ന്നാണ് അത് നീട്ടിവെച്ചത്. കേസില്‍ അനുകൂലമായോ പ്രതികൂലമായോ വിധിയുണ്ടായിരുന്നെങ്കില്‍ അത് വലിയ തോതിലുള്ള ധ്രുവീകരണത്തിനും കലാപങ്ങള്‍ക്കും കാരണമാകുമായിരുന്നു. എന്നാല്‍, പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചുമതലയേറ്റ ശേഷം കേസ് പരിഗണിക്കാന്‍ ജനുവരിയിലേക്ക് മാറ്റി. അതേസമയം, ബാബരി മസ്ജദ് തകര്‍ത്ത കേസില്‍ അദ്വാനിയും ജോഷിയുമടക്കമുള്ളവര്‍ക്കെതിരായ കേസ് ഇപ്പോഴും വിചാരണ കോടതിയില്‍ വിധികാത്ത് കഴിയുകയാണ്. നിലവില്‍ വിചാരണകക്ക് സുപ്രീംകോടതിയുടെ മേല്‍നോട്ടമുണ്ട് എന്നത് മാത്രമാണ് ആശ്വാസം.

മുരളി മനോഹര്‍ ജോഷി

രാഷ്ട്രീയമായി രാമന്‍ വളരെ ഫലപ്രദമായ ബിംബമാണ് എന്ന് കോണ്‍ഗ്രസും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് രാമക്ഷേത്രത്തെ കുറിച്ച് ബി.ജെ.പി സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവഗണിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നത്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ പോലും രാമക്ഷേത്ര വിഷയത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. കാരണം, ഒട്ടും നിയമപരമല്ലാത്ത ഒരാവശ്യത്തിന് വേണ്ടി ബി.ജെ.പി ശബ്ദിക്കുമ്പോള്‍ അതിനെ എതിര്‍ത്താല്‍ അത് കോണ്‍ഗ്രസിന് ദോഷകരമായി മാറുമെന്ന് അവര്‍ ഭയക്കുന്നു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമനെ തന്നെയാണ് കോണ്‍ഗ്രസും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചത്. രാംപഥ് എന്ന അയോധ്യയില്‍ നിന്ന് ദണ്ഡകാരണ്യത്തിലേക്ക് വനവാസത്തിനായി രാമനും സീതയും സഞ്ചരിച്ച സാങ്കല്‍പിക പാതയിലൂടെയായിരുന്നു അവരുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം.

എല്‍.കെ അദ്വാനി

രാജസ്ഥാനിലാകട്ടെ, കോണ്‍ഗ്രസ് നേതാവ് പി.സി ജോഷി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം പണിയുമെന്നും പ്രഖ്യപിച്ചു. അപകടകരമാണ് ഈ സാഹചര്യം. എന്തായാലും ബാബരി തര്‍ക്കകേസില്‍ വിധിയുണ്ടാവും. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞായാല്‍ തെരഞ്ഞെടുപ്പില്‍ അത് ബി.ജെ.പിക്ക് ഗുണകരമാവില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞായാലും, വിധി അനുകൂലമായാലും പ്രതികൂലമായാലും രാജ്യത്ത് ധ്രുവീകരണമുണ്ടാക്കുമെന്നുറപ്പാണ്.
ഇതിന് ഒരു മറുവശവും കൂടിയുണ്ട്. പ്രത്യേകിച്ചും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ബി.ജെ.പിയുടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍. ഹിന്ദുത്വയും രാമക്ഷേത്രവും ജനങ്ങളെ ഇക്കുറി അത്ര സ്വാധീനിക്കില്ല. കാരണം, ജനം ഈ ഭരണത്തില്‍ അത്ര മടുത്തു കഴിഞ്ഞു. അത് പക്ഷേ, പ്രതിപക്ഷം എത്ര സമര്‍ഥമായി വോട്ടാക്കി മാറ്റുമെന്നും അവര്‍ എത്രമാത്രം ഐക്യപ്പെടുമെന്നുമാണ് കാത്തിരുന്ന് കാണേണ്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757