featuredOpinion

പശുവിന്റെ ഇല്ലാക്കൊലകള്‍ ജനാധിപത്യത്തിന്റെ കൊല്ലാക്കൊലകള്‍ – സുഫീറ എരമംഗലം

 

മോദിക്കാലം നല്‍കിയ സാമൂഹിക സംഭാവനകളില്‍ ശ്രദ്ധേയമായത് പശുവിന്റെ പേരുപറഞ്ഞുള്ള ആള്‍ക്കൂട്ടക്കൊലയാണ്. പൗരന്‍മാരില്‍ സ്വാഭാവിക സംഭവം എന്ന ആഘാതമുക്തിയിലേക്കും ശീലമരവിപ്പിലേക്കുമാണ് ഫാഷിസ്റ്റ് ഭരണകൂടം ഭരണത്തുടര്‍ച്ചക്കുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നത്. പശുഭക്തിയെ മറയാക്കി വര്‍ഗീയലഹളകള്‍ക്ക് തിരികൊളുത്താമെന്ന സംഘ്‌സ്വപ്‌നത്തീയില്‍ എരിഞ്ഞുകൊണ്ടിരിക്കുന്നത് ജനാധിപത്യ-മതേതര ഇന്ത്യയുടെ സമാധാന പ്രതീക്ഷകളാണ്. മോദിവാഴ്ചയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ രാജ്യത്തെ നിയമങ്ങളെ നോക്കുകുത്തിയാക്കുംവിധമാണ് അക്രമങ്ങള്‍ അഴിച്ചു വിടുന്നത്.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനിര്‍മാണം കൊണ്ടുവരണമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് രാജ്യത്തെ പരമോന്നതകോടതി ആവശ്യപ്പെട്ട് നാല് ദിവസത്തിനുശേഷം അക്ബര്‍ ഖാന്‍ എന്ന ഇരുപത്തെട്ടുകാരന്‍ ആള്‍ക്കൂട്ടക്കൊലക്ക് ഇരയായി. ആള്‍ക്കൂട്ടക്കൊലയുടെ കേന്ദ്രഭൂമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജസ്ഥാനിലെ ഭരത്പുര്‍, അള്‍വാര്‍ മേഖലയിലാണ് ‘ഗോരക്ഷകര്‍’ ഈ കൊലപാതകവും നടത്തിയിട്ടുള്ളത്. രാജസ്ഥാനിലെ ലഡ്പുര്‍ ഗ്രാമത്തില്‍നിന്ന് രണ്ട് കന്നുകാലികളെ വാങ്ങി സ്വന്തം ഗ്രാമമായ ഹരിയാനയിലെ മേവാത്ത് മേഖലയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയിലുള്ള കോല്‍ ഗ്രാമത്തിലേക്ക് പോകവെ ലലാവണ്ടി വനമേഖലയില്‍വച്ചാണ് അക്്ബര്‍ ഖാനും അസ്‌ലം ഖാനും ഗോരക്ഷകരുടെ നിഷ്ഠൂരമായ ആക്രമണത്തിന് വിധേയമായത്. ഓടിരക്ഷപ്പെട്ട അസ്‌ലം ഖാന്‍ ജിര്‍ക്കയിലെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അക്ബര്‍ ഖാന്‍ ആള്‍ക്കൂട്ടത്തിന്റെ അടിയേറ്റ് രക്തംവാര്‍ന്ന് മരിക്കുകയും ചെയ്തു. 2017 ഏപ്രിലില്‍ പെഹ്‌ലുഖാന്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായതിനുശേഷം ഈ മേഖലയില്‍ നടക്കുന്ന അഞ്ചാമത്തെ ആള്‍ക്കൂട്ടക്കൊലയാണിത്. ജൂണില്‍ സഫര്‍ഖാനും സെപ്തംബറില്‍ ഭഗത്‌റാം മീണയും ആള്‍ക്കൂട്ടക്കൊലക്ക് വിധേയരായി. പെഹ്‌ലുഖാനെ സംഘ്പരിവാര്‍ സംഘം അടിച്ചുകൊന്നപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് രാജസ്ഥാനിലെ ആഭ്യന്തരമന്ത്രിയടക്കം തയ്യാറായത്. അക്ബര്‍ ഖാന്‍ കൊല്ലപ്പെട്ടപ്പോഴും കൊലയാളികളെ വെള്ളപൂശുന്ന സമീപനം ആവര്‍ത്തിക്കപ്പെടുകയാണുണ്ടായത്. പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി വര്‍ധിക്കുമ്പോഴാണ് അതിടിച്ചുതാഴ്ത്താനായി ‘ഗുഢാലോചന’യുടെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാലിന്റെ പ്രതികരണം.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകളാണ് ഇത്തരം ആള്‍ക്കൂട്ടക്കൊലകളെ പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ മുപ്പതോളംപേരാണ് കൊല്ലപ്പെട്ടത്.

സുബോധ്കുമാര്‍ സിങ്ങ്

മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തില്‍ വന്നതിനുശേഷം ഗോരക്ഷയുമായി ബന്ധപ്പെട്ട ആള്‍ക്കൂട്ടക്കൊലപാതകം നാലിരട്ടി വര്‍ധിക്കുകയുണ്ടായി. 2010ല്‍ അഞ്ച് ശതമാനമെന്നത് 2017 ആകുമ്പോഴേക്കും 20 ശതമാനമായി ഉയര്‍ന്നു. 2010നും 2017നും ഇടയില്‍ ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് 25 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതില്‍ 97 ശതമാനവും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് നടന്നത്. കൊല്ലപ്പെട്ടവരില്‍ 84 ശതമാനം പേര്‍ മുസ്‌ലിംകളും 16 ശതമാനം പേര്‍ ദലിതരുമാണ്. മുസ്‌ലിംകളും ദലിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തന്നെയാണ് ഇത്തരം ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഇരകളെന്ന് ഈ കണക്കുകള്‍ സംശയരഹിതമായി തെളിയിക്കുന്നു. ആള്‍ക്കൂട്ടം നിയമം കൈയിലെടുത്ത് നടത്തിയ ആക്രമണങ്ങളാണ് ഇതൊക്കെ. ആക്രമണങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ (ഭൂരിപക്ഷവും ബി.ജെ.പി ഭരണം നടത്തുന്നവ) നിയമവാഴ്ച നടപ്പാക്കുന്നതിനുപകരം ആള്‍ക്കൂട്ട ആക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. ഉദാഹരണത്തിന് അഖ്‌ലാക്കിനെ വധിച്ച കേസിലെ പ്രതിയായ രവിന്‍ സിസോദിയ ജയിലില്‍വച്ച് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം ത്രിവര്‍ണ പതാകകൊണ്ട് പുതപ്പിക്കാന്‍ കേന്ദ്ര സാംസ്‌കാരികമന്ത്രി മഹേഷ്ശര്‍മ തയ്യാറായി. മാത്രമല്ല, അഖ്‌ലാക്കിനെതിരെയുള്ള ആക്രമണത്തില്‍ പങ്കെടുത്ത 15 പേര്‍ക്ക് എന്‍.ടി.പി.സി യില്‍ മന്ത്രിയുടെ ശുപാര്‍ശയനുസരിച്ച് തൊഴിലും നല്‍കി. കുറ്റാരോപിതരെ വിചാരണക്ക് വിധേയമാക്കുന്നതിനുപകരം ഇരകളുടെ കുടംബത്തിനെതിരെയാണ് കേസുകള്‍ ഫയല്‍ചെയ്യപ്പെട്ടത്. അഖ്‌ലാക്കിന്റെ കേസില്‍ പശുവിനെ കൊന്ന് ഇറച്ചി വീട്ടില്‍ സൂക്ഷിച്ചെന്ന കേസാണ് കുടുംബാംഗങ്ങള്‍ക്കെതിരെ ചുമത്തപ്പെട്ടത്. പെഹ്‌ലുഖാന്റെ കേസിലാണെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരനും സുഹൃത്തുകള്‍ക്കുമെതിരെ അനധികൃതമായി പശുവിനെ കടത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി തെളിവിന്റെ അഭാവം ചൂണ്ടിക്കാട്ടി വിട്ടയക്കുകയുംചെയ്തു. ഏറ്റവും അവസാനമായി ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടക്കൊല്ക്ക് വിധേയനായ ഇറച്ചിവ്യാപാരി അലീമുദ്ദീന്റെ കൊലയാളികളെ മാലയിട്ട് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ തയ്യാറായി.
കൊലവിളിയോടുള്ള
ഉത്തര്‍പ്രദേശിന്റെ ഉത്തരങ്ങള്‍
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ചിങ്ക്രാവതിയില്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോധ്കുമാര്‍ സിങ്ങിന്റെ കൊലപാതകമാണ് ബീഫ്‌കൊലയെക്കുറിച്ച ചര്‍ച്ചകളെ വീണ്ടും ഉണര്‍ത്തിയത്. മുസ്‌ലിം ദലിത് ഇരകളെയല്ല, രാജ്യത്തെ നിയമം കാക്കുന്ന ഒരു കണ്ണിയെയാണ് നിയമവഴിയിലൂടെ സഞ്ചരിച്ചതിന്റെ പേരില്‍ അവര്‍ ആസൂത്രിതമായി അരുംകൊല ചെയ്തത്. അന്തര്‍ദേശീയ ശ്രദ്ധ നേടിയ 2015ലെ ദാദ്രിയിലെ അഖ്‌ലാക്ക് വധത്തില്‍ ഉള്‍പെട്ട പ്രതികളെ പിടികൂടി എന്നതായിരുന്നു സുബോധ്കുമാര്‍ ചെയ്ത തെറ്റ്. അര്‍ഹമായ ലീവ് നിഷേധിക്കപ്പെട്ടാണ് വധിക്കപ്പെട്ട ഇടത്തെ അദ്ദേഹത്തിന്റെ സാന്നിധ്യത്തെ അനുപേക്ഷ്യമാക്കിയത്. അഖ്‌ലാക്ക് വധം അന്വേഷിച്ചതിന്റെ പേരിലാണ് തന്റെ സഹോദരനെ സംഘ്പരിവാര്‍ കൊന്നതെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ സഹോദരി തന്നെ രംഗത്തുണ്ട്. ഈ പ്രസ്താവനെയെക്കാള്‍ ഗുരുതരമായ ആരോപണമാണ് യോഗി മന്ത്രിസഭാംഗമായ ഓം പ്രകാശ് രാജ്ഭര്‍ ഉന്നയിച്ചിരിക്കുന്നത്. ക്രമസമാധാന വിഷയത്തില്‍ യോഗി തീര്‍ത്തും പരാജയമാണെന്നും, ആര്‍.എസ്. എസ്, വി. എച്ച്.പി ഗൂഢാലോചനയുടെ പരിണതിയാണ് ഡിസംബര്‍ 3ലെ സംഭവമെന്നും അദ്ദേഹം ആരോപിച്ചിരിക്കുന്നു.

അഖ്‌ലാഖിന്റെ കുടുംബം

ഗ്രാമത്തിലെ ഏതോ ഒരു കരിമ്പുപാടത്ത് അറുത്ത പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടു എന്ന കിംവദന്തിയിലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബജ്‌റംഗ്ദള്‍, ഹിന്ദു യുവവാഹിനി എന്നീ സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ പശുവിന്റെ ജഢാവശിഷ്ടങ്ങളുമായി റോഡ് ഉപരോധിച്ച് അക്രമങ്ങള്‍ അഴിച്ചു വിട്ടു. അക്രമത്തെ നിയന്ത്രിക്കാന്‍ വന്ന സുബോധ്കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു വീഴ്ത്തി വെടിവെക്കുകയായിരുന്നു. യോഗി ആദിത്യനാഥ് എന്ന സംഘ്പരിവാര്‍ പുരോഹിതന്‍ മുഖ്യമന്ത്രിയായതോടെ ക്രമസമാധാനം തകിടംമറിഞ്ഞ അവസ്ഥയില്‍ലാണ് ഉത്തര്‍പ്രദേശ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനുശേഷം 60 പേരാണ് പോലീസ് കാര്‍മികത്വത്തില്‍ നടത്തപ്പെട്ട ‘ഔദ്യോഗിക ഏറ്റുമുട്ടല്‍’ കൊലകളില്‍ മാത്രമായി കൊല്ലപ്പെട്ടത്. 1100 ഏറ്റുമുട്ടലുകള്‍ ഇതുവരെ സംഘടിപ്പിക്കപ്പെട്ടു. 370 പേര്‍ക്കാണ് പ്രസ്തുതസംഭവത്തില്‍ പരിക്കേറ്റത്. ദേശീയ മനുഷ്യാവകാശ കമീഷന്റെ ഇടപെടലുകളുണ്ടായെങ്കിലും വിദ്വേഷ പ്രചരണ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണ്. സുബോധ്കുമാര്‍ സിങ്ങിനെ കൊലപ്പെടുത്തിയ ഹിന്ദുയുവ വാഹിനി എന്ന തീവ്ര സംഘടന യോഗിയാണ് രൂപീകരിച്ചത്. മുഖ്യമന്ത്രി മുഖ്യസംഘാടനം നിര്‍വഹിച്ച ഈ സംഘ് സംഘടനക്ക് എല്ലാ ആള്‍ക്കൂട്ടക്കൊലകളിലും പങ്കുണ്ടത്രെ.
ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഏറ്റെടുക്കുവാനുള്ള ധാര്‍മിക യോഗ്യത നഷ്ടപ്പെട്ട ബി.ജെ.പി വംശീയതയുമായി ബന്ധപ്പെട്ടവയെ പൊലിപ്പിച്ചെടുക്കുന്നത് കലാപത്തിന്റെ കലക്കുകളില്‍ നിന്ന് അധികാരം കൊയ്യാനാണ്. ജനാധിപത്യത്തിന്റെ താല്‍പര്യങ്ങളും മതനിരപേക്ഷസങ്കല്‍പം പകരുന്ന സമാധാനബോധവും ന്യൂനപക്ഷപിന്നാക്കവിഭാഗങ്ങളുടെ പാഴ്‌സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. മുസ്‌ലിം ദലിത് വിഭാഗങ്ങളെ അപരപ്പെടുത്തുവാനുള്ള ഉപകരണമായി പശു മാറി. പശിയടക്കുവാനുള്ള ഉപാധി എന്ന നിലയില്‍നിന്ന് കലാപം വിതക്കുന്നതിനുള്ള കറവയായി മാറ്റപ്പെട്ടു പശു. യഥാര്‍ഥത്തില്‍ പശു ഇന്ത്യയുടെ കാര്‍ഷിക പാരമ്പര്യത്തിന്റെ അടയാളമാണ്. മധ്യകാലത്തിനു മുന്‍പ് ഗോമാംസം ഭക്ഷിച്ചിരുന്നതിന്റെയും ഗോമാംസം കൊണ്ട് അതിഥി സല്‍ക്കാരം നടത്തിയതിന്റെയും നിരവധി തെളിവുകള്‍ വേദങ്ങളിലും ഉപനിഷത്തുകളിലും ധര്‍മശാസ്ത്രഗ്രന്ഥങ്ങളിലും കാണാവുന്നതാണ്. കാലാന്തരേണ പശു ജനസമൂഹങ്ങളില്‍ വംശീയമായ വേര്‍തിരിവുകളെ ത്വരിപ്പിക്കുന്ന ഘടകമായി. പശുവിനെ ഭക്ഷിക്കുന്നവര്‍ എന്ന സമത്വത്തില്‍ നിന്ന് പശുവിനെ പൂജിക്കുന്നവര്‍ എന്ന വരേണ്യത സ്ഥാപിക്കപ്പെട്ടു. ഗോമാംസം കഴിക്കുന്നവരെ ശത്രുവായിക്കരുതുന്ന വംശീയ പ്രത്യയശാസ്ത്രങ്ങള്‍ ചരിത്രത്തിലുടനീളം ഉല്‍പാദിപ്പിച്ച അപരഭീതി ഇന്നും ഏറ്റെടുത്ത് നടത്തുന്നവര്‍ തങ്ങളുടെ രാഷ്ട്രീയ രംഗപ്രവേശത്തിനും നിലനില്‍പിനുമുള്ള വൈകാരിക വിഷയങ്ങളെ വിടാതെ പിന്തുടരുക തന്നെ ചെയ്യും. അങ്ങനെയാണ് ഇരുകൊമ്പുകളുണ്ടായിരുന്ന പാവം പശു ത്രിശൂലപ്പശുവായി രൂപാന്തരപ്പെടുന്നത്.
ദേശീയമൃഗമല്ല, ദേശീയദൈവമായതിനാലാവണം ഈയിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പശുവാധിപത്യത്തിനു പകരം ജനാധിപത്യം കരപറ്റിയത്. ബുലന്ദ്ഷഹര്‍ സംഭവത്തിലും പശുഘാതകരെ പിടികൂടുമെന്ന് പറയുന്ന മുഖ്യന്‍മാരുള്ള നാട്ടില്‍ അഹിംസ എന്നാല്‍ അഹിന്ദു ഹിംസയാണെന്ന് തോന്നുംവിധമാണ് ആള്‍ക്കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്. സ്വാഭാവികമരണം പൂകിയ പശുവിന്റെ അവശിഷ്ടങ്ങള്‍ പോലും ഒരു സാങ്കല്‍പിക പശുക്കൊലയിലേക്ക് നയിക്കുകയും നിരവധി മനുഷ്യജീവനുകള്‍ പകരം വെക്കുകയും ചെയ്യുന്നു. പശുഭക്തരെയും പശുപാലക ഭോജകരെയും സമഞ്ജസമായി അഭിമുഖീകരിക്കുന്ന ബഹുസ്വര ജനാധിപത്യത്തിലേക്ക് വാതില്‍ തുറക്കണം. എങ്കില്‍ മാത്രമാണ് സഹിഷ്ണുത പുലരുന്ന യഥാര്‍ഥ ജനാധിപത്യത്തിന്റെ രാജ്യമെന്ന സങ്കല്‍പം പൗരസഞ്ചയങ്ങള്‍ക്ക് അനുഭവവേദ്യമാവുകയുള്ളൂ. പശുവില്‍നിന്ന് പാലിനു പകരം ചോര കറന്നെടുക്കുന്ന രാഷ്ട്രീയത്തെ അകറ്റുന്ന സഹവര്‍ത്തിത്വത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനാണത് സാധ്യമാവുക.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757