featuredOpinion

ജമ്മു-കശ്മീര്‍ മുതല്‍ കേരളംവരെ – അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

 

നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ മറ്റൊരു പരാജയം കൂടിയായി ജമ്മു-കശ്മീര്‍. നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണറിലൂടെ ജമ്മു-കശ്മീര്‍ ഭരണം കേന്ദ്ര ഗവണ്‍മെന്റിന്റെ നിയന്ത്രണത്തില്‍ നിലനിര്‍ത്താനായെങ്കിലും. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പി.ഡി.പി-നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസ് കക്ഷികളുടെ വിശാലമുന്നണി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നാടകീയ നീക്കത്തെ ബി.ജെ.പി വൈസ് പ്രസിഡണ്ടായിരുന്ന ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഉപയോഗിച്ച് അടിയന്തരമായി തടയുകയായിരുന്നു മോദി. 87 അംഗ കശ്മീര്‍ നിയമസഭയില്‍ 55 എം.എല്‍.എമാരുടെ പിന്തുണയോടെ ത്രികക്ഷി സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് പി.ഡി.പി ഫാക്സ് സന്ദേശം അയച്ച ഉടനെയായിരുന്നു ഗവര്‍ണറുടെ നടപടി.

മെഹബൂബ മുഫ്തി

തന്ത്രപ്രധാനമായ സംസ്ഥാനത്ത് സ്ഥിരതയില്ലാത്ത ഭരണം ഒഴിവാക്കാനും കുതിരക്കച്ചവടം നടക്കുന്നത് തടയാനുമാണ് ഇങ്ങനെ ചെയ്തതെന്ന ഗവര്‍ണറുടെ വ്യാഖ്യാനത്തിന് അടിസ്ഥാനമില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പരമാവധി യോജിച്ചുനീങ്ങിയ സാഹചര്യമുണ്ടായിരുന്നു. അതിനിടക്ക് വര്‍ഷങ്ങളായി ബദ്ധവൈരികളായി നിലനില്‍ക്കുന്ന പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ബി.ജെ.പിക്കെതിരെ ഒന്നിച്ചുനീങ്ങിയത് ജമ്മു-കശ്മീരിലും ദേശീയതലത്തിലും പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അത് തടയുകയാണ് ചെയ്തത്.
കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദി ഒരു രാഷ്ട്രീയ ജാലവിദ്യക്കാരനെപ്പോലെ നടത്തിയ പരീക്ഷണങ്ങളിലൊന്നായിരുന്നു പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന് ജമ്മു-കശ്മീരില്‍ നാലുവര്‍ഷം മുന്‍പ് കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിച്ചത്. രണ്ടു കാര്യങ്ങളാണ് പ്രധാനമന്ത്രി മോദി അന്ന് അവകാശപ്പെട്ടത്. ജമ്മു-കശ്മീരില്‍ ശാശ്വത സമാധാനവും തൊഴിലും വികസനവും ഉറപ്പുവരുത്തുന്ന ഒരു ഭരണം. അതോടൊപ്പം ബി.ജെ.പി മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന ധാരണ തിരുത്തുക. കഴിഞ്ഞ ജൂണില്‍ മന്ത്രിസഭക്ക് പിന്തുണ പിന്‍വലിച്ച് മെഹബൂബ മുഫ്തി മന്ത്രിസഭയെ വീഴ്ത്തിയതിലൂടെ മോദിയും ബി.ജെ.പിയും സ്വയം മുന്നോട്ടുവെച്ച ആ അവകാശവാദങ്ങളാണ് തകര്‍ന്നത്.

സത്യപാല്‍ മാലിക്

ആദ്യം ബീഹാറിലും അവിടെനിന്ന് ജമ്മു-കശ്മീരിലും ഗവര്‍ണറായി നിയമിച്ച പ്രധാനമന്ത്രിയോടും തന്റെ ഒടുവിലത്തെ രാഷ്ട്രീയ പാര്‍ട്ടിയെന്ന മാതൃപേടകത്തോടുമുള്ള കൂറ് വിനിയോഗിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമസഭ പിരിച്ചുവിടാതെ ഒരു ജനകീയ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള സാധ്യത ആരായേണ്ടത് ഗവര്‍ണറുടെ ബാധ്യതയാണെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി ഗവര്‍ണര്‍ ലംഘിച്ചു. കുതിരക്കച്ചവടത്തിന്റെ പേരില്‍ നിയമസഭ പിരിച്ചുവിട്ടുകൂടെന്ന നിര്‍ദ്ദേശവും. നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് ഗവര്‍ണര്‍ ഉറപ്പിച്ചു പറയുന്നില്ല. മോദി ഗവണ്‍മെന്റിന്റെ ആശങ്കയും ആശയക്കുഴപ്പവുമാണ് ഗവര്‍ണറുടെ അവ്യക്ത നിലപാടില്‍ നിഴലിക്കുന്നത്. അധിനിവേശ കശ്മീരിനും പാക് അതിര്‍ത്തിക്കുമിടയില്‍ ജമ്മു-കശ്മീരില്‍ ഒരു ജനാധിപത്യ ഗവണ്‍മെന്റിനെ നിലനിര്‍ത്തുകയെന്ന ചരിത്രപരമായ പരിശ്രമംപോലും പ്രധാനമന്ത്രി മോദിയുടെ മുന്‍ഗണനാ വിഷയമായില്ല. അഞ്ച് സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോഴുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിലാണ് പ്രധാനമന്ത്രി മോദിയും ബി.ജെ.പിയും ഇപ്പോള്‍. ജനുവരി ആദ്യപകുതിക്കുമുന്‍പ്പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തീരും. ബജറ്റ് സമ്മേളനത്തിനുപകരം പാര്‍ലമെന്റ് ചേര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയേ ചെയ്യൂ. അതായത് ജനുവരിയോടെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ വഴിയിലേക്ക് മോദിക്ക് നീങ്ങേണ്ടതുണ്ട്. അതിനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.


2015 മുതല്‍ അധികാരം പങ്കുവെച്ച ജമ്മു-കശ്മീര്‍ കൂടി പ്രതിപക്ഷത്തിന് ആവേശവും കരുത്തുമാകുന്ന സാഹചര്യത്തെയാണ് ജനാധിപത്യ വിരുദ്ധമായി മോദി സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കേന്ദ്രത്തില്‍ എന്‍.ഡി.എ ഭരണത്തിന് നേതൃത്വം നല്‍കിയിരുന്ന പ്രധാനമന്ത്രി വാജ്പേയി സഹിഷ്ണുതയുടേയും വിട്ടുവീഴ്ചയുടേയും മത സൗഹാര്‍ദ്ദത്തിന്റേയും നയം ഉയര്‍ത്തിപ്പിടിച്ചാണ് അഞ്ചുവര്‍ഷ ഭരണം പൂര്‍ത്തിയാക്കിയത്. എന്നിട്ടും ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ബി.ജെ.പിയുടെ അവകാശവാദം 2004ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് രണ്ടുതവണ മന്‍മോഹന്‍സിംങിന്റെ നേതൃത്വത്തിലുള്ള യു.പി.എ കൂട്ടുകക്ഷി മന്ത്രിസഭയാണ് അധികാരത്തില്‍ വന്നത്. മന്‍മോഹന്‍സിംങ് സര്‍ക്കാര്‍ അതിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഗുരുതരമായ അഴിമതികളും ഉത്തരവാദിത്വമില്ലാത്ത കൂട്ടുകക്ഷി സര്‍ക്കാരിന്റെ ദുര്‍ബല ഭരണവുമാണ് ജനങ്ങളെ എതിരാക്കിയത്. അതു തിരുത്തുമെന്നും അഴിമതിരഹിതവും വികസനോന്മുഖവുമായ ഒരു നല്ലദിനം കൊണ്ടുവരുമെന്നുമുള്ള വാഗ്ദാനമാണ് മോദി മുന്നോട്ടുവെച്ചിരുന്നത്. ഒപ്പം തന്റെ ഗുജറാത്ത് ഭരണമാതൃകയും. ഇന്ത്യയിലെ ഇടത്തരക്കാരുടെ മഹാഭൂരിപക്ഷം വോട്ടുംനേടി മോദി പ്രധാനമന്ത്രിയായി.
എന്നാല്‍, വികസന മാതൃകയല്ല ഗുജറാത്തില്‍ നടത്തിയ വര്‍ഗീയ ധ്രുവീകരണത്തിന്റേയും ന്യൂനപക്ഷ ആക്രമങ്ങളുടേയും മാതൃക രാജ്യവ്യാപകമാക്കാനുള്ള അവസരമായാണ് സംഘ്പരിവാര്‍ ഭരണാവസരം നാടാകെ പ്രയോജനപ്പെടുത്തിയത്, ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം ആളിക്കത്തിച്ച്. ഒടുവില്‍ ഛത്തീസ്ഗഢിലും മറ്റിടങ്ങളിലും വാജ്പേയിയുടെ ഭരണമാതൃകയുടെ തുടര്‍ച്ചയാണ് തങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് ഇപ്പോള്‍ മോദിക്ക് തിരുത്തിപ്പറയേണ്ടിവന്നു. അതുംപോരാഞ്ഞ് രാമജന്മഭൂമിയുടേയും ശ്രീരാമക്ഷേത്രത്തിന്റേയും വര്‍ഗീയ രാഷ്ട്രീയം വീണ്ടും മുന്നോട്ടുവെച്ചു. ഹിന്ദുത്വ വോട്ടുകളെ ആശ്രയിക്കുകയെന്ന പഴയ തന്ത്രം പുറത്തെടുക്കേണ്ടിവന്നു. ഭരണഘടനാ സ്ഥാപനങ്ങളെ പ്രധാനമന്ത്രിയുടെ വിധേയസ്ഥാപനങ്ങളാക്കി മാറ്റുന്ന നടപടികള്‍ തുടര്‍ച്ചയാക്കി. സി.ബി.ഐയുടേയും റിസര്‍വ് ബാങ്കിന്റേയും വിശ്വാസ്യത തകര്‍ക്കുന്ന നടപടികളിലെത്തിയത് അതിന്റെ തുടര്‍ച്ചയായിരുന്നു.

അന്താരാഷ്ട്ര തലത്തില്‍പോലും വിവാദമായും മനുഷ്യാവകാശ പ്രശ്നമായും ഉയര്‍ന്നുനില്‍ക്കുന്ന കശ്മീരില്‍ അതേ ശൈലിയുടെ മറ്റൊരു പ്രകടനമാണ് ഈ ജനാധിപത്യ ഹത്യ. ഇന്ത്യയിലെ ജനങ്ങള്‍ പൊതു തെരഞ്ഞെടുപ്പില്‍ ഇത്തവണ ഒരു പുതിയ മുദ്രാവാക്യം മുന്നോട്ടുവെക്കാന്‍ നിര്‍ബന്ധിതമാകുകയാണ്. ഭരണഘടനയെ രക്ഷിക്കുന്നതിന് നരേന്ദ്ര മോദിയേയും ബി.ജെ.പിയേയും തോല്‍പിക്കുക എന്ന്. അതിനുപിന്നില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കുന്ന ഒരു സാഹചര്യമാണ് വികസിക്കുന്നത്. നിത്യ ശത്രുക്കളായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഒന്നിച്ചുവരുന്നതില്‍, ബി.ജെ.പിക്കെതിരെ ജമ്മു-കശ്മീരില്‍ കോണ്‍ഗ്രസ് അവര്‍ക്കൊപ്പം നീങ്ങുന്നതില്‍. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍. ദേശീയ സാഹചര്യം രാഷ്ട്രീയ പാര്‍ട്ടികളെ ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിക്കുകയാണ്; മുന്‍കാല ബന്ധങ്ങളും വിയോജിപ്പുകളും മാറ്റിവെച്ചുകൊണ്ട്.

ദേശീയ രാഷ്ട്രീയത്തിലെ ഈ പുതിയ പ്രതിഭാസത്തില്‍നിന്ന് ഏറെക്കുറെ ഒഴിഞ്ഞുമാറി നില്‍ക്കുന്നത് ഇടതുപാര്‍ട്ടികളാണ്. അതും മൊത്തത്തില്‍ പറയാനാകില്ല. സി.പി.ഐ തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഈ പുതിയ നീക്കങ്ങള്‍ക്കൊപ്പമാണ്. സി.പി.ഐ.എം മുന്‍കാല പതിവുവിട്ട് മുഖ്യധാരയില്‍നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്നതായാണ് കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സി.പി.എമ്മിനും പുനഃപരിശോധന നടത്തേണ്ടിവരും. കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സാമ്പത്തികമായി സഹായിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയാറാകാത്തതും അവരുടെ തീരുമാനത്തെ സ്വാധീനിക്കും. സംസ്ഥാനത്ത് പാര്‍ട്ടിയുടേയും എല്‍.ഡി.എഫിന്റേയും കാല്‍ചുവട്ടില്‍നിന്ന് മണ്ണ് അതിവേഗം ഒലിച്ചുപോകുകയാണ്. അത് കണ്ടില്ലെന്ന് നടിക്കാന്‍ സി.പി.എം നേതൃത്വത്തിന് ഇനി കഴിയാതെവരും.
കടപ്പാട് :
vallikkunnuonline.wordpress.com

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757