featuredOpinion

കെ.എ.എസ്; സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ – ഫസല്‍ കാതിക്കോട്

 

കേരള സംസ്ഥാനത്തിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒരു പുതിയ വിഭാഗം കൂടി കടന്നു വരികയാണ്. 2019 ജനുവരി ഒന്നിന്കേരളത്തിന്റെ ഐ.എ.എസ് എന്നു വിശേഷിപ്പിക്കാവുന്നകെ.എ.എസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ അത് കേരളത്തിലെ ഉദ്യോഗസ്ഥ സംവിധാനത്തില്‍ ഒരു ചിരകാലാവശ്യത്തിന്റെ പൂര്‍ത്തീകരണമെന്നതിലുപരി എല്ലാ തലങ്ങളിലുമുള്ള ബ്യൂറോക്രസിയില്‍പുത്തനുണര്‍വും കേരളത്തിന്റെ വികസനത്തില്‍ഒരു കുതിപ്പുമായിരിക്കുമെന്നാണ് പ്രത്യാശിക്കപ്പെടുന്നത്. ദേശീയ തലത്തിലുള്ള ഉന്നതോദ്യോഗസ്ഥ വിഭാഗമായ ഐ.എ.എസിനെപ്പോലെ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന സിവില്‍ സര്‍വീസുകള്‍ വളരെക്കാലമായി നിലവിലുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും ശമ്പളവും മുന്‍നിര്‍ത്തിയുള്ളആശങ്കകള്‍ സംഘടിത യൂണിയനുകളുടെസമരങ്ങളായി മാറിയപ്പോള്‍ അവയുടെ രക്ഷാധികാരികളായ ഇരുമുന്നണികളും ഇതുവരെ ഈ തീരുമാനം മാറ്റിവെച്ചു പോരുകയായിരുന്നു.
29 സര്‍ക്കാര്‍ വകുപ്പുകളിലെ പത്ത് ശതമാനം ഉന്നത ജീവനക്കാരെയാണ്കെ.എ. എസില്‍ ഉള്‍പ്പെടുത്തുന്നത്.വകുപ്പു മേധാവികളും ജില്ലാ മേധാവികളുമുള്‍പ്പെടെയുള്ളവര്‍ കെ.എ.എസുകാരായി മാറും. പ്രൊമോഷന്‍ വഴി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഐ.എ.എസ് നല്‍കിപ്പോരുന്നുണ്ട്.ഈ വിധത്തില്‍ഉന്നത ഉദ്യോഗസ്ഥരെ ഐ.എ.എസിലേക്ക് തെരഞ്ഞെടുക്കുന്നത് ഇനി മുതല്‍ കെ.എ.എസില്‍ നിന്നായിരിക്കും. കെ.എ.എസിലെ ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥന്തുടക്കത്തില്‍ത്തന്നെ ഒരു ലക്ഷത്തിനടുത്ത് ശമ്പളം ലഭിക്കുമെന്നതിനു പുറമേ ഐ.എ.എസിലേക്കുള്ള പ്രവേശനം എന്ന സ്വപ്‌നത്തിലേക്കുള്ള കാല്‍വെപ്പു കൂടിയാണ് എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണീയത.

മൂന്ന് ധാരകളിലൂടെയാണ്കെ.എ.എസിലേക്ക് നിയമനം നല്‍കപ്പെടുന്നത്.
സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനമാണ്. 21 വയസിനും 32 വയസിനും ഇടയില്‍ പ്രായമുള്ള ബിരുദധാരിയായ ഏത് വ്യക്തിക്കും അപേക്ഷിക്കാം. സാധാരണ പി.എസ്.സി. നിയമങ്ങളനുസരിച്ചുള്ള സംവരണം പാലിച്ചാണ് നിയമനം നടത്തുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്നുംപട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചും വയസ് ഇളവുണ്ട്. സ്ട്രീം രണ്ട് അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റഡ് റാങ്കില്‍ താഴെയുള്ള ബിരുദധാരിയായ ഏത് സ്ഥിരം ഉദ്യോഗസ്ഥനും അപേക്ഷിക്കാം. പ്രായം 21നും നാല്‍പതിനുമിടയിലായിരിക്കണം.
സ്ട്രീം മൂന്ന് അനുസരിച്ച് സര്‍ക്കാര്‍ സര്‍വീസിലുള്ള ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. 50 വയസാണ് പ്രായപരിധി. മൂന്ന് ധാരകളിലൂടെയും വരുന്നവരെ 1:1:1 എന്ന അനുപാതത്തിലായിരിക്കും നിയമിക്കുക. ഇതില്‍ മൂന്നില്‍ ഒരു ഭാഗം വരുന്ന ഒന്നാമത്തെ ധാരയില്‍ മാത്രമാണ് സംവരണം നല്‍കുന്നത്. മൂന്നില്‍ രണ്ടു ഭാഗമുള്ളരണ്ടാമത്തെയും മൂന്നാമത്തെയും ധാരകളില്‍ യാതൊരു സംവരണവുമില്ല .
ജൂനിയര്‍, സീനിയര്‍, സെലക്ഷന്‍ ഗ്രേഡ്, സൂപ്പര്‍ ഗ്രേഡ് എന്നിങ്ങനെ നാല്തരം തസ്തികകളാണ് കെ.എ.എസിലുള്ളത്. ജൂനിയറില്‍ ഉള്‍പ്പെടുത്താവുന്ന 1257ഓളം തസ്തികകള്‍ നിലവിലുണ്ട്.ഇതിലെ പത്ത് ശതമാനം തസ്തികകള്‍ കെ.എ.എസില്‍ ഉള്‍പ്പെടുത്തും. ഇതില്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നവരെ സീനിയര്‍ ആക്കും. 192ഓളം തസ്തികകള്‍ സീനിയര്‍ ഗ്രേഡിലുണ്ട്. ഇതില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സെലക്ഷന്‍ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കും. 273ഓളം തസ്തികകള്‍ ഇതില്‍ നിലവിലുണ്ട്. ഇതില്‍ എട്ടു വര്‍ഷം തികഞ്ഞവരെ സൂപ്പര്‍ ഗ്രേഡിലേക്ക്തെരഞ്ഞെടുക്കും. ഏറ്റവും ഉയര്‍ന്ന ഈ സ്ഥാനത്ത് നിലവില്‍ 83ഓളം തസ്തികകളാണുള്ളത്.


മത്സരപ്പരീക്ഷയിലൂടെ തെരഞ്ഞെടുപ്പ്, എന്നിട്ടും സംവരണം പുറത്ത്
കെ.എ.എസിന് വേണ്ടിയുള്ള സ്‌പെഷല്‍ റൂള്‍സ് 14ല്‍ തെരഞ്ഞെടുപ്പ് രീതി എന്ന തലക്കെട്ടില്‍ പറയുന്നതനുസരിച്ച്പരീക്ഷാ രീതി പി.എസ്.സിയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ തീരുമാനിക്കും. അതിന്റെ രീതിയും നിലവാരവും തലേവര്‍ഷം യു.പി.എസ്.സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷക്ക് അനുഗുണമായിരിക്കും. മത്സരപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗത്തിലേക്കുമുള്ള റാങ്ക് ലിസ്റ്റുകള്‍ വെവ്വേറെ തയ്യാറാക്കും.
1. നേരിട്ടുള്ള നിയമനത്തിന്
2. സാധാരണ ജോലിക്കാരില്‍ നിന്നുള്ള സ്ഥാനക്കയറ്റ നിയമനത്തിന്
3. ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള സ്ഥാനക്കയറ്റ നിയമനത്തിന്.
ഇതിനര്‍ഥം മൂന്ന് ധാരകളിലൂടെയാണെങ്കിലുംഎല്ലാ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുക്കുന്നത് പി.എസ്.സി നടത്തുന്ന ഒരേമത്സരപരീക്ഷയിലൂടെയാണ് എന്നാണ്.പക്ഷപാതിത്വങ്ങളും തിരുകി കയറ്റലുകളും സ്വജനതാല്‍പര്യങ്ങളും അഴിമതിയും ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം മത്സരപരീക്ഷ തന്നെയാണ്.പ്രൊമോഷനുകളില്‍ രാഷ്ട്രീയവും മത, ജാതി പരിഗണനകളും മുന്‍നിര്‍ത്തി മേലുദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകളിലും സര്‍വീസ് ബുക്കുകളിലും ഇടപെട്ടും പലപ്പോഴുംപാര വെപ്പുകള്‍ നടത്തിയും ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാറുണ്ട്. ഇതെല്ലാം പലപ്പോഴും കോടതി വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കാറുമുണ്ട്. ഈ അവസ്ഥക്ക് പരിഹാരം, കേന്ദ്രീകൃതമായ മത്സരപരീക്ഷ വിശ്വസ്തവും സ്വതന്ത്രവുമായ ഏജന്‍സിയെക്കൊണ്ട് നടത്തിക്കുകയെന്നതു തന്നെയാണ്. പക്ഷേ, ഇവിടെ ഒരേ പരീക്ഷയെഴുതി വരുന്നവരെത്തന്നെ പല തട്ടിലാക്കി പലതരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സംവരണം നല്‍കാതിരിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. അതായത് ഒരേ മത്സരപരീക്ഷയെഴുതി മികവ് തെളിയിച്ചു വരുന്നവരെ ജോലിക്കായി തെരഞ്ഞെടുക്കുമ്പോള്‍നല്‍കുന്ന സംവരണം പലവിധത്തിലാണ്.

ആകെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ മൂന്നിലൊന്ന് ഉള്ള ഒന്നാം ധാരയിലുള്ളവര്‍ക്ക്സാധാരണ പി.എസ്.സി. മത്സരപരീക്ഷകള്‍ക്ക് അനുവര്‍ത്തിക്കുന്ന സംവരണ രീതി തന്നെയാണ്. എന്നാല്‍, രണ്ടാമത്തെയും മൂന്നാമത്തെയും ധാരയിലൂടെ വരുന്നവര്‍വരുന്ന വഴി ഇതുതന്നെയാണെങ്കിലും അവര്‍ക്ക് യാതൊരു സംവരണവുമില്ല. ഇതിന് സര്‍ക്കാര്‍ പറയുന്ന ന്യായം ഇവരുടേത് സ്ഥാനക്കയറ്റമാണെന്നതാണ്. ഇവര്‍ക്ക് ആദ്യത്തെ ജോലി ലഭിക്കുമ്പോള്‍ സംവരണം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരിക്കല്‍ സംവരണം നല്‍കിയതിനാല്‍ ഇരട്ട സംവരണമാവുമെന്നതിനാല്‍സംവരണം നല്‍കാനാവില്ല. ഇതൊക്കെയാണ് സര്‍ക്കാര്‍ ന്യായങ്ങള്‍. സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ നടക്കുന്നത് സീനിയോരിട്ടിയും പ്രവര്‍ത്തന മികവുംയോഗ്യതാ പരീക്ഷകളും പരിഗണിച്ചാണ് എന്ന് നമുക്കറിയാം.ഇതിലെ പ്രവര്‍ത്തന മികവ് മേലുദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്നതാണ് . ഈ രീതിയിലുള്ള സ്ഥാനക്കയറ്റത്തിന്നു തന്നെ പട്ടിക വിഭാഗസംവരണം പാലിക്കണമെന്ന് കോടതി വിധിയുണ്ട്.യോഗ്യതാ പരീക്ഷകളില്‍ പോലും പട്ടികജാതി വിഭാഗക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്. ഇതാണ് സ്ഥാനക്കയറ്റത്തിന്റെ രീതി. എന്നാല്‍, ഇതില്‍ നിന്ന് വ്യത്യസ്തമായി മത്സരപ്പരീക്ഷയിലൂടെയാണ് കെ.എ.എസിലേക്ക് മൂന്ന് ധാരകളില്‍ പെട്ടവരെയും തെരഞ്ഞെടുക്കുന്നത് എന്നതിനാല്‍ സ്ഥാനക്കയറ്റമല്ലനേരിട്ടുള്ള നിയമനമായാണ് പരിഗണിക്കേണ്ടതെന്ന് സംസ്ഥാന നിയമ സെക്രട്ടറി സര്‍ക്കാറിന്നല്‍കിയ നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെ.എ.എസ് പ്രവേശനത്തിനുള്ള മത്സരപരീക്ഷയില്‍മൂന്ന് വിഭാഗത്തിലും പെട്ട ഉദ്യോഗാര്‍ഥികളുടെ അറിവും കഴിവുംപരീക്ഷിക്കപ്പെടുയാണ്. ഇതില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മത്സര പരീക്ഷയെഴുതുന്നമൂന്നില്‍ രണ്ട് വിഭാഗവുംനേരത്തേ സംവരണവ്യവസ്ഥകളോടെയാണ് ഉദ്യോഗത്തില്‍ കയറിയതെങ്കിലും ഇപ്പോള്‍ നിയമിക്കപ്പെടുന്നത് സംവരണാടിസ്ഥാനത്തിലല്ല.അവര്‍ നേരിട്ട് നിയമനത്തിനുള്ള ഉദ്യോഗാര്‍ഥികളെപ്പോലെ തന്നെ പുതിയ ഉദ്യോഗത്തിനുള്ള പുതിയ ഉദ്യോഗാര്‍ഥികളാണ്. അതു കൊണ്ടുതന്നെ ഈഉദ്യോഗങ്ങളില്‍ യാതൊരു കാരണവശാലും സംവരണ പ്രകാരമുള്ള പ്രാതിനിധ്യം സ്വാഭാവികമായിഉണ്ടാവുകയില്ല. സംവരണം നടപ്പാക്കിയില്ലെങ്കില്‍ നിലവില്‍ മുന്നാക്ക വിഭാഗങ്ങളിലുള്ളവരാണ് ഉന്നത ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവുമെന്നതിനാല്‍ സര്‍ക്കാറിന്റെ ഭരണ യന്ത്രം തിരിക്കുന്നത് മുന്നാക്കക്കാര്‍ മാത്രമാവാന്‍ പോവുകയാണ്.നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ ആദ്യധാരയിലൂടെ വരുന്ന മൂന്നിലൊന്ന് ഭാഗത്തിന് മാത്രമാണ് സംവരണം ഉണ്ടായിരിക്കുക. സംവരണംപരമാവധി അമ്പത് ശതമാനമാണല്ലോ. നൂറില്‍ മൂന്നിലൊന്നിന്റെ പകുതി അതായത് മുപ്പത്തിമൂന്നിന്റെ പകുതി 16.5 പേര്‍ക്ക് മാത്രമാണ് സംവരണം ലഭിക്കുക. നേരത്തേ ഉദ്യോഗക്കയറ്റത്തില്‍ചതിപ്രയോഗങ്ങളിലൂടെ ചിലരെയെങ്കിലും ഒഴിവാക്കാന്‍ സാധിച്ചിരുന്നത് ഇപ്പോള്‍ നിയമപരമായിത്തന്നെ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ വഴി തുറന്നിരിക്കുകയാണ്.
നിയമങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ച്
സര്‍ക്കാറിന്റെ നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് തന്നെ കെ.എ.എസിലെ സംവരണ വിരുദ്ധ വാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. മത്സരപ്പരീക്ഷയിലൂടെ നിയമിക്കപ്പെടുന്നതിനാല്‍ മൂന്ന് സ്ട്രീമുകളുംഉദ്യോഗക്കയറ്റമല്ല.എല്ലാം പുതിയ നേരിട്ടുള്ള നിയമനമാണ്. അതിനാല്‍ത്തന്നെ മൂന്ന് സ്ട്രീമുകളിലും സംവരണം നല്‍കണം. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംവരണം വേണമെങ്കില്‍ ജോലി രാജി വെച്ച് മത്സരപ്പരീക്ഷക്ക് തയ്യാറാകേണ്ടി വരും. അതിനാല്‍ കോടതിയില്‍ അരനാഴികനേരം പോലും ഇത് നിലനില്‍ക്കില്ല എന്നുവരെനിയമ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് പറയുന്നുണ്ട്. കൂടാതെ പട്ടിക വിഭാഗ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും മൂന്ന് ധാരകളിലും സംവരണം നല്‍കണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതെല്ലാം നിസാരമാക്കി അവഗണിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പിന്നാക്ക സംവരണ വിരുദ്ധ നിലപാടില്‍ ഉറച്ചു നിന്നുകൊണ്ട് അന്തിമ ഉത്തരവ് ഇറക്കിയത്. അഡ്വക്കറ്റ് ജനറല്‍ മാത്രമാണ് രണ്ടും മൂന്നും ധാരകളില്‍ സംവരണം നല്‍കല്‍ നിര്‍ബന്ധമല്ല എന്ന് റിപ്പോര്‍ട്ടുനല്‍കിയത്.രണ്ടും മൂന്നും സ്ട്രീമുകള്‍ ഉദ്യോഗക്കയറ്റമാണ് എന്ന അടിസ്ഥാനത്തിലാണ് ഈ നിലപാട്. അതേ സമയം ഭരണഘടനയുടെ 164. എ വകുപ്പ് പ്രകാരം പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭ്യമല്ലെങ്കില്‍ സ്ഥാനക്കയറ്റത്തിലും സംവരണം നല്‍കാം. പട്ടിക വിഭാഗങ്ങള്‍ക്ക് കെ.എ.എസില്‍ആവശ്യമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ പ്രത്യേക നിയമനം നല്‍കാമെന്നുമാത്രമാണ് മുഖ്യമന്ത്രി ഇതുവരെ ഉറപ്പു നല്‍കിയിരിക്കുന്നത്.
സംവരണം നല്‍കണമെന്നതാണ് ഇടത് മുന്നണിയുടെ നയമെന്നും തെറ്റായ നിയമോപദേശങ്ങളെ തള്ളിക്കളയണമെന്നുംസി.പി.എമ്മിന്റെ സംഘടനയായപട്ടികജാതി ക്ഷേമ സമിതിസെക്രട്ടറി കെ സോമപ്രസാദ് എം.പി ആവശ്യമുന്നയിച്ചിട്ടുണ്ട.് കേരളത്തിലെ പട്ടികജാതി എം.പിമാരും എം.എല്‍.എമാരും മുഖ്യമന്ത്രിയെ കണ്ട് കെ.എ.എസില്‍ പൂര്‍ണ സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. എസ്.എന്‍.ഡി.പി.യുടെ വെള്ളാപ്പള്ളി നടേശനും മറ്റു പിന്നാക്ക സമുദായ സംഘടനകളും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. പ്രതിപക്ഷ എം.എല്‍.എമാരെല്ലാം ചേര്‍ന്ന് ഇതിനായി നിവേദനം സമര്‍പ്പിച്ചിരുന്നു. നിയമസഭയിലും പല തവണ ചര്‍ച്ചാ വിഷയമാക്കിയെങ്കിലും ഭരണപക്ഷം അതെല്ലാം തള്ളിക്കളയുകയായിരുന്നു.
സംവരണത്തില്‍ തട്ടിത്തകരുന്ന ഇടതു നവോത്ഥാന നാട്യങ്ങള്‍ ഉദ്യോഗക്കയറ്റങ്ങള്‍ക്ക് വേണ്ടി പി.എസ്.സി. തന്നെ നടത്തുന്ന യോഗ്യതാ പരീക്ഷകളെ അടിസ്ഥാനമാക്കിയുള്ള നിയമനങ്ങളില്‍ പോലുംപി.എസ്.സി. തന്നെ സംവരണാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോള്‍ സംവരണം പാലിച്ചുകൊണ്ട് നിയമനം നടന്നുകൊണ്ടിരിക്കുകയാണ്.ഇങ്ങിനെ ഉദ്യോഗക്കയറ്റങ്ങള്‍ ആയപോസ്റ്റുകളില്‍ പോലുംനിയമനം നടത്തുമ്പോള്‍ സംവരണം പാലിക്കാമെങ്കില്‍ തികച്ചും പുതിയ ഒരു കേഡറിലേക്ക് മാറുമ്പോള്‍ സംവരണം നിഷേധിക്കുന്നതിന് സര്‍ക്കാറിന് പറയാനുള്ള ന്യായമെന്താണ്?.
ഒരിക്കല്‍ സംവരണം നല്‍കിയതായതു കൊണ്ട് ഇരട്ട സംവരണമാവുമെന്നുംസ്വാഭാവികമായും ഇവിടെയും സംവരണം വന്നു കൊള്ളുമെന്നുമാണല്ലോ സര്‍ക്കാര്‍ ന്യായം. അങ്ങിനെ ഒരിക്കലും സംഭവിക്കില്ല എന്നും ഇപ്പോള്‍ തന്നെ മുന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരാണ് ഉന്നത തസ്തികകളില്‍ ബഹുഭൂരിഭാഗവും കയ്യടക്കിയിരിക്കുന്നത് എന്നതിനാല്‍ സംവരണമില്ലാതെ കെ.എ.എസ് വരുന്നതോടെ കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥ വിഭാഗം മൊത്തമായി മുന്നാക്ക വിഭാഗങ്ങള്‍ക്ക്പതിച്ചു കൊടുക്കപ്പെടുകയാണ് ചെയ്യപ്പെടുകയെന്നും ആശങ്കിക്കേണ്ടതുണ്ട്.അത്തരം ആശങ്കകള്‍ എല്ലാ പിന്നാക്ക കൂട്ടായ്മകളും സര്‍ക്കാറിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്.എല്ലാ ധാരകളിലും സംവരണം നല്‍കുന്നത് തടയുന്ന ഏതെങ്കിലും നിയമം നിലവിലില്ല. മൂന്ന് സ്ട്രീമിലും സംവരണം നടപ്പാക്കിയാല്‍ മറ്റെല്ലാ ഉദ്യോഗ മേഖലകളിലുമെന്നപോലെ നിര്‍ണായകമായ ഈ ഉന്നത മേഖലയിലും സാമൂഹ്യനീതി ഉറപ്പു വരുത്താന്‍ സാധിക്കും. അതല്ലെങ്കില്‍ തികച്ചും നീതി നിഷേധമായിരിക്കും ഫലം.
സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ജനങ്ങളുടെ തലമുറകളോളം നീളുന്ന പുരോഗതിയേയും സാമൂഹികസമത്വത്തേയും ബാധിക്കുന്ന വിഷയമാണ് സംവരണ നിഷേധം. കെ.എ.എസിലെ പിന്നാക്ക സംവരണ നിഷേധത്തിലൂടെഉന്നത ഉദ്യോഗസ്ഥ മേഖല മുന്നാക്ക വിഭാഗങ്ങള്‍ക്ക് തീറെഴുതിക്കൊടുക്കപ്പെടുമെന്ന് സംവരണ വിഭാഗങ്ങള്‍ ആശങ്കിക്കുകയാണ്.

സാമൂഹ്യനീതിയുടെയും സമത്വത്തിന്റേയും സോഷ്യലിസത്തിന്റേയുമൊക്കെ വക്താക്കളായ ഇടതുപക്ഷം സാധ്യമായ മേഖലകളില്‍ പിന്നാക്ക സംവരണം നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. മറ്റേതു രാഷ്ട്രീയ വിഭാഗത്തെക്കാളും അതിന് പ്രതിബദ്ധതയുണ്ടാകേണ്ടിയിരുന്നത് ഇടതുപക്ഷത്തിനാണ്. എന്നാല്‍,പിന്നാക്ക സംവരണത്തെ സാമൂഹ്യ തിന്‍മയും ഒഴിവാക്കാനാവാത്ത ശല്യവുമായി പരിഗണിക്കുന്നതില്‍ ഇടതുപക്ഷം സംഘ് പരിവാറിനെയും കടത്തിവെട്ടിയിരിക്കുകയാണ്. അതേ സമയം മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ നിയമമില്ലാതിരുന്നിട്ടും സംവരണം നല്‍കാന്‍ സര്‍ക്കാര്‍ അവിഹിതമായ താല്‍പര്യം കാണിക്കുന്നതും കാണാം. കഴിഞ്ഞ അച്ചുതാനന്ദന്‍ സര്‍ക്കാറാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയത്. മുന്നാക്ക വിഭാഗക്കാര്‍ ജനസംഖ്യയുടെ ഇരട്ടിയിലേറെ പ്രവേശനം നേടുമ്പോള്‍ തന്നെയാണ് ഇത് നടപ്പിലാക്കപ്പെട്ടത്. ഇപ്പോള്‍ പിണറായി ഗവണ്‍മെന്റ്സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുന്നാക്കക്കാര്‍ക്ക് സംവരണം നടപ്പാക്കാനാവുമോ എന്ന നിയമോപദേശം തേടിയിരിക്കുകയാണ്. ഇതിന്റെ മുന്നോടിയായിദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.ദേവസ്വം ജോലികളില്‍ തൊണ്ണൂറ് ശതമാനത്തിലേറെയും മുന്നാക്കക്കാര്‍ തന്നെയായിരിക്കെയാണ് ഈ നടപടി. ഈ അനീതിക്ക് വിധേയമാക്കപ്പെടുന്നവരുംതലമുറകളുടെഅനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നവോത്ഥാന രഥത്തിന്റെ നായകസ്ഥാനം ഏറ്റെടുത്തിരിക്കുന്നഇടതുപക്ഷം ബാധ്യസ്ഥമാണ്.
ഉത്തരംതേടുന്ന ചോദ്യങ്ങള്‍.

സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന രീതിയില്‍ മുന്നില്‍ രണ്ട് വിഭാഗങ്ങളില്‍ സംവരണം ഒഴിവാക്കുമ്പോള്‍ എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് സാധിക്കുമോ? സംവരണം നടപ്പാക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിട്ടും നടപ്പാക്കാതിരിക്കാന്‍ പഴുതുകളന്വേഷിക്കുന്ന ഇടതു മാനസികാവസ്ഥക്ക് കാരണമെന്താണ്?
പിന്നാക്ക സംവരണത്തിന്റെ കാര്യം വരുമ്പോള്‍ ഇടതു സര്‍ക്കാര്‍ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് സര്‍ക്കാറിന്റെ മുഖം മാറ്റി വെച്ച് സവര്‍ണ ഗോത്രത്തലവന്റെ ഭാവം കൈവരിക്കാന്‍ വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ നയമായ സാമ്പത്തിക സംവരണം പടിപടിയായി നടപ്പിലാക്കുക എന്നതാണ് അതില്‍ പ്രധാനം. 1958ല്‍ അന്നത്തെ ഭരണ പരിഷ്‌കാര കമീഷനോട്ഇ.എം.എസ്.വ്യക്തമാക്കിയത് ഈ നയമായിരുന്നു. ഇന്ത്യയിലെ ജാതി, മത ഘടകങ്ങളുടെ പ്രാധാന്യത്തെയും അതടിസ്ഥാനമാക്കിയസാമൂഹ്യവ്യവസ്ഥയെയുംമനസിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചില്ല എന്ന മൗലികമായ യാഥാര്‍ഥ്യം ഇന്നും അതുപോലെ നിലനില്‍ക്കുന്നു.നവോത്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് അതിനെ മുന്നോട്ടു നയിക്കാന്‍ വെറും പരസ്യ പരിപാടിയായ മതില്‍ നിര്‍മിക്കുന്നവര്‍ യഥാര്‍ഥത്തില്‍ നവോത്ഥാനം സാധ്യമാക്കുന്ന സംവരണത്തെ അട്ടിമറിക്കുകയാണ്.
നിയമവിരുദ്ധവും പിന്നാക്ക സമൂഹങ്ങള്‍ക്ക് ദോഷകരവുമാണെന്നറിഞ്ഞിട്ടുംവലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞ് ഈ നീക്കവുമായി ധാര്‍ഷ്ട്യത്തോടെ മുന്നോട്ടു പോവുന്നത് വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുന്നാക്ക സമുദായ സംഘടനകളുമായുണ്ടാക്കിയ പിന്നാമ്പുറ ധാരണകള്‍ മൂലമാവാനും ഇടയുണ്ട്. സര്‍ക്കാര്‍ സര്‍വീസിന്റെ ഉന്നതങ്ങളില്‍ എക്കാലത്തും മുന്നാക്ക വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളും ഉപദേശങ്ങളും സര്‍ക്കാറിനെ സ്വാധീനിച്ചതാവാനും ഇടയുണ്ട് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. നവോത്ഥാനംനടപ്പിലാക്കുന്നതിനുള്ള ഭരണഘടനാപരമായ മാര്‍ഗമാണ് സംവരണം. വനിതകളായാലും പിന്നാക്ക വിഭാഗങ്ങളായാലും മറ്റേതുരീതിയില്‍ വിവേചനങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നവര്‍ ആയാലും നവോത്ഥാനം എന്നത് പിന്നാക്ക വിഭാഗങ്ങളാക്കപ്പെട്ട്തുല്യത നിഷേധിക്കപ്പെട്ടവര്‍ക്ക്സമൂഹത്തില്‍ സമത്വം ഉറപ്പുവരുത്തുകയും വിവേചനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണല്ലോ.സമൂഹങ്ങള്‍ക്കിടയില്‍ സമത്വവും നീതിയും സ്ഥാപിക്കുന്നതിനായി ലോകത്തെല്ലായിടത്തും ഇത്തരം പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ നിലവിലുണ്ട്. സമത്വത്തിന്റേയും സാമൂഹ്യനീതിയുടേയും ഭരണഘടനാ മാര്‍ഗമായ സംവരണംനടപ്പിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ വിഭവങ്ങളിലെ പങ്കാളിത്തമാണ് ഉദ്യോഗങ്ങളിലെ പ്രാതിനിധ്യം വഴി ഓരോ വിഭാഗത്തിനും ലഭ്യമാവുന്നത്. നവോത്ഥാനത്തിനായിമതില്‍ പണിയുന്ന സര്‍ക്കാര്‍ നവോത്ഥാനത്തിന്റെഭരണഘടനാപരമായ വഴിയായസംവരണത്തിന് പാരയും പണിയുന്നത്ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ബോധ്യമാവുന്നുണ്ടെന്നത് മനസിലാക്കുന്നത് ഇടതുപക്ഷത്തിന് നല്ലതാണ്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757