featuredinterviewOpinion

ബി.ജെ.പിയെ താഴെയിറക്കാന്‍ വിശാല ജനാധിപത്യ സഖ്യത്തോടൊപ്പം – ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

 

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നിരിക്കുന്ന സാഹചര്യത്തില്‍ ആസന്നമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകളേയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നയ നിലപാടുകളേയും സംബന്ധിച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്റ് ജനപക്ഷം സ്റ്റാഫ് റിപ്പോര്‍ട്ടറുമായി നടത്തിയ സംഭാഷണം

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വെല്‍ഫെയര്‍ പാര്‍ട്ടി എങ്ങിനെയാണ് നോക്കി കാണുന്നത്?
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യത്തെ സാമുദായികമായും വംശീയമായും ധ്രൂവികരിക്കാന്‍ ശ്രമിക്കുന്ന, സാമ്പത്തിക സ്ഥിതിയെ ഗുരുതരമാകും വിധം തകര്‍ത്ത, ജനാധിപത്യ സ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയെ ജനങ്ങള്‍ പരാജയപ്പെടുത്തി എന്നതാണ് അത് വ്യക്തമായി നല്‍കുന്ന സന്ദേശം. ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവടങ്ങളിലെ ഫലം ഇത് കൂടുതല്‍ വ്യക്തമാക്കുന്നു. രാജ്യത്തെ യുവാക്കളെ, കര്‍ഷകരെ, ചെറുകിട വ്യാപാരികളെ, സാധാരണ ജനങ്ങളെയെല്ലാം നിരാശരാക്കിയ ഭരണമായിരുന്നു ബി.ജെ.പിയുടേത്. സ്വന്തം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പോലും നടപ്പാക്കാനാകാത്ത പാര്‍ട്ടിയെ ജനങ്ങള്‍ ഇനിയും വിശ്വാസത്തിലെടുക്കില്ല.

സംസ്ഥാന അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിനെ ഇത് എങ്ങിനെയാണ് ബാധിക്കുക?
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ മാത്രമുള്ള വികാരമായിരുന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങള്‍ നടത്തിയ പ്രതികരണമായിട്ടാണ് ഈ തെരെഞ്ഞെടുപ്പ് ഫലങ്ങളെ കാണേണ്ടത്. മോദി ആയിരുന്നു ഈ മൂന്ന് സംസ്ഥാനങ്ങളിലേയും ബി.ജെ.പിയുടെ മുഖ്യ പ്രചാരകന്‍. മോദിക്ക് ജനപിന്തുണ നഷ്ടമായി എന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നത്. രാജ്യത്ത് ഇപ്പോള്‍ മോദി തരംഗമില്ല.
ബി.ജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരു ശക്തിയായീ കോണ്‍ഗ്രസിനെ രാജ്യത്തെ ജനങ്ങള്‍ സമ്പൂര്‍ണമായി അംഗീകിരക്കുന്നുവെന്ന് വിലയിരുത്തുന്നുണ്ടോ?
ഈ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളും മുസ്‌ലിംകളും ദലിതരും ആദിവാസികളും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരും നിര്‍ണായകമായ നിലപാടാണെടുത്തത്. ഇത് കോണ്‍ഗ്രസിനുള്ള പിന്തുണയാണെന്ന് പറയാനാവില്ല. ടി.ആര്‍.എസ് വിജയിച്ച തെലങ്കാനയിലും മിസോ നാഷ്ണല്‍ ഫ്രണ്ട് വിജയിച്ച മിസോറാമിലും അത് കാണാനാകും. ബി.ജെ.പിക്ക് പകരം കോണ്‍ഗ്രസ് എന്നതിനപ്പുറം ഇത്തരം വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കുന്ന മതേതര കൂട്ടായ്മകള്‍ ഉയര്‍ന്നു വരണം എന്നാണ് ജനങ്ങളും ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ സ്വീകരിച്ച പല നയങ്ങളും ജനവിരുദ്ധമായിരുന്നു എന്നതും ഇതിനൊരു കാരണമാണ്. പലയിടത്തും പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസിനേക്കാള്‍ സ്വീകാര്യമാകുന്നുണ്ട് എന്നതും ഈ ഫലം നല്‍കുന്ന വലിയ സൂചനയാണ്.

ഈ തെരഞ്ഞെടുപ്പു ഫലം ബി.ജെപിക്കു മാത്രമല്ല, കോണ്‍ഗ്രസിനും ശക്തമായ പാഠങ്ങള്‍ നല്‍കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ സംഘ്പരിവാര്‍ ഫാസിസത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ വിശാലമായ മതേതര മുന്നണി ആവശ്യമാണ്. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം തെരഞ്ഞെടുപ്പിന് മുന്‍പ് അത്തരമൊരു സംവിധാനം രൂപപ്പെട്ടിരുന്നെങ്കില്‍ ബി.ജെ.പി തൂത്തെറിയപ്പെടുമായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം അതിന് പാകമാകുന്ന തരത്തില്‍ നിലപാടുകള്‍ മാറ്റുന്നുണ്ട് എന്നത് നല്ല കാര്യമാണ്. ഈ തെരഞ്ഞെടുപ്പു ഫലം വരുന്നതിന് തലേ ദിവസം രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗം ഡല്‍ഹിയില്‍ ചന്ദ്രബാബു നായിഡു വിളിച്ചിരുന്നു. അതില്‍ ബി.ജെ.പിക്കെതിരെ പൊതുസ്ഥാനാര്‍ഥി എന്ന നിലയിലേക്ക് രാജ്യത്തെമ്പാടും നിലപാടെടുക്കാനുള്ള പ്രാഥമിക ധാരണ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ബി.ജെ.പിയും സംഘവും 2019ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങും.
അങ്ങിനെയൊരു വിലയിരുത്തല്‍ എന്തുകൊണ്ട്?
ബിജെപിക്ക് അനുകൂലമായ ഒരു ഘടകവും ഈ രാജ്യത്തില്ല. തങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതാക്കിയ മോദിയെ യുവജനങ്ങള്‍ പിന്തുണക്കില്ല. കര്‍ഷകരും വ്യാപാരികളും പിന്തുണക്കില്ല. മതേതര വിശ്വാസികളും ദലിതരും പിന്തുണയക്കില്ല. ജനാധിപത്യ ബോധമുള്ള ഒരാള്‍ക്കും ഒരിഞ്ചുപോലും ബി.ജെപിയെ സഹായിക്കാനാവില്ല. ആ ഭയത്തിന്റെ സൂചനകളാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ രാജിയിലും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ നിയമനത്തിലും തെളിയുന്നത്. ഇ.വി.എമ്മില്‍ കൃത്രിമം വ്യാപകമാക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തും. നേരായ നിലക്ക് ബി.ജെ.പിക്ക് രാജ്യത്ത് ഇനി തെരഞ്ഞെടുപ്പുകളില്‍ ജയിക്കാനാകില്ല. പക്ഷേ, ഈ അനുകൂല ഘടകങ്ങള്‍ ഫലം ചെയ്യണമെങ്കില്‍ പൊതു ധാരണ രൂപപ്പെട്ടുവരണം. അതിന് മുന്‍കൈയെടുക്കേണ്ടത് കോണ്‍ഗ്രസാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും അത്തരമൊരു വിശാല കൂട്ടായ്മ രൂപപ്പെടാതെ പോയതിന് പ്രധാന കാരണം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വാശിയാണ്. മായാവതിയും അഖിലേഷും കാണിച്ച എടുത്തു ചാട്ടങ്ങളെ വിസ്മരിച്ചുകൊണ്ടല്ല ഇത് പറയുന്നത്. അതൊക്കെ കൊണ്ട് ലഭിക്കാമായിരുന്ന വലിയ വിജയം മതേതര ചേരിക്ക് ലഭിക്കാതെ പോയി. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളതിനേക്കാള്‍ ജാഗ്രത വോട്ടര്‍മാര്‍ പുലര്‍ത്തിയതിനാലാണ് ബി.ജെ.പിയെ തടഞ്ഞുനിര്‍ത്താനായത്.
നിലവിലുള്ള അവസ്ഥിയില്‍ 2019ല്‍ ബി.ജെ.പി പരാജയപ്പെടുമെന്നുറപ്പാണ്. അടുത്ത മൂന്ന്, നാല് മാസം വളരെ നിര്‍ണായകമാണ്. രാമക്ഷേത്രമോ പശുവോ അല്ല ജനങ്ങളുടെ പ്രശ്നമെന്ന് വോട്ടര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്. മറിച്ച്, ഇത്തരം വിഷയങ്ങളെ കൂടുതല്‍ കത്തിച്ച് പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനാണ് മോദി ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തിന്റെ സ്വസ്ഥതയോടെുള്ള നിലനില്‍പ്പ് തന്നെ അപകടത്തിലാകും.


വെല്‍ഫെയര്‍ പാര്‍ട്ടി 2019 ലെ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക?
വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്തെ 11 സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളോടും പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്ന ഒരു കാര്യം അടുത്ത തെരഞ്ഞെടുപ്പില്‍ രാജ്യത്തെല്ലായിടത്തും പാര്‍ട്ടിയുടെ വ്യക്തിത്വം സംരക്ഷിച്ചുകൊണ്ടുതന്നെ സംഘ്പരിവാര്‍ ശക്തികളുടെ പരാജയം ഉറപ്പാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ്. പാര്‍ട്ടി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വങ്ങളും വിശാലമായ ജനാധിപത്യ സഖ്യം രൂപപ്പെടാന്‍ വേണ്ടി കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ നേതാക്കളുമായി അതിനായുള്ള ആശയവിനിമയങ്ങള്‍ നടന്നു വരുന്നു. അത്തരമൊരു സഖ്യത്തിന്റെ ഭാഗമായാല്‍ അതനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കുക. അങ്ങിനെയൊന്ന് സാധ്യമാകാതെ വന്നാല്‍ തെരഞ്ഞെടുപ്പ് സാഹചര്യവും പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടും മുന്‍നിര്‍ത്തി അപ്പോള്‍ തീരുമാനമെടുക്കും. ഇപ്പോള്‍ പശ്ചിമ ബംഗാളിലെ ജംഗിപൂരില്‍ മത്സരിക്കാനുള്ള തീരുമാനം മാത്രമാണ് പാര്‍ട്ടി ദേശീയ നേതൃത്വം കൈക്കൊണ്ടിട്ടുള്ളത്. അത് മേല്‍സൂചിപ്പിച്ച ധാരണകള്‍ക്ക് വിധേയമാക്കാനുള്ള ശ്രമങ്ങളും നടത്തും. ജംഗിപ്പൂരില്‍ മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് തന്നെ സ്ഥാനാര്‍ഥിയാകണെമന്നതും പാര്‍ട്ടി ഫെഡറല്‍ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

ബംഗാളിലെ ജംഗിപ്പൂര്‍ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?
പശ്ചിമ ബംഗാള്‍ രാജ്യത്തെ ഏറ്റവും അവികസിത സംസ്ഥാനങ്ങളിലൊന്നാണ്. സാമൂഹിക അസന്തുലിതാവസ്ഥ വളരെ പ്രകടമായ സംസ്ഥാനമാണിത്. മുര്‍ഷിദാബാദ് ജില്ലയിലെ ജംഗിപ്പൂരാകട്ടെ പശ്ചിമ ബംഗാളിലെ ഏറ്റവും അവികസിതമായ സ്ഥലവും. 67 ശതമാനത്തിലധികം മുസ്‌ലിംകളും 25 ശതമാനത്തോളം ദലിതുകളുമാണ് ഈ മണ്ഡലത്തിലുള്ളത്. പരിതാപകരമാണ് ഇവിടത്തെ സ്ഥിതി. വലിയ ശതമാനം ജനങ്ങള്‍ ബീഡി തൊഴിലാളികളാണ്. തൊഴിലാളികള്‍ക്ക് മിനിമം കൂലി പോലും ലഭിക്കാറില്ല. മണ്ഡലത്തിലാകട്ടെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ല. 1977 വരെ കോണ്‍ഗ്രസും 77 മുതല്‍ 2004 വരെ സി.പി.എമ്മും അതിനു ശേഷം വീണ്ടും കോണ്‍ഗ്രസുമാണ് പാര്‍ലമെന്റില്‍ ഇവിടെ പ്രതിനിധീകരിക്കുന്നത്. 2004 മുതല്‍ 7 വര്‍ഷം പ്രണാബ്കുമാര്‍ മുഖര്‍ജിയും അതിനുശേഷം അദ്ദേഹത്തിന്റെ മകനും ഇവിടെ നിന്ന് പാര്‍ലമെന്റ് അംഗങ്ങളായി. വലിയ പദവികള്‍ നേടിയ പ്രണാബ് മുഖര്‍ജിയെല്ലാം ഇവിടെ നിന്ന് വിജയിച്ചിട്ടും സ്ഥിതിഗതികള്‍ പഴയപടി തുടരുകയാണ്. വെല്‍ഫെയര്‍ പാര്‍്ട്ടിക്ക് സാമാന്യം വേരുകളുള്ള മണ്ഡലമാണിത്. എല്ലാ ബ്ലോക്കുകളിലും പാര്‍ട്ടിക്ക് ഇവിടെ ഘടകങ്ങളുണ്ട്. 2012 ലെ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് 42000 വോട്ടുകള്‍ ഇവിടെ ലഭിച്ചിരുന്നു. അതിനാലാണ് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ഇവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്.

പൊതുവായ ആഹ്വാനം?
രാജ്യത്ത് 2019ല്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടി ആത്മാര്‍ഥമായി ആഗ്രഹിക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് മാത്രമായി അതിന് കഴിയുമെന്നു പാര്‍ട്ടി കരുതുന്നില്ല. എല്ലാ വിഭാഗം ജനങ്ങളുടേയും പ്രതിനിധാനമുള്ള വിശാല ജനാധിപത്യ മതേതര സഖ്യം രൂപപ്പെടണം. കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പല പിഴവുകളും പലകാലങ്ങളില്‍ കോണ്‍ഗ്രസ് വരുത്തിയിട്ടുണ്ട്. അതിന്റെ അനന്തര ഫലമാണ് സംഘ്പരിവാറിന് രാഷ്ട്രീയാധികാരം ലഭിക്കാനിടയാക്കിയത്. ഇപ്പോഴും രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിനെ സമ്പൂര്‍ണമായി വിശ്വസിക്കുന്നില്ല. തെലങ്കാനയിലേയും മിസോറാമിലേയും ഫലങ്ങള്‍ നോക്കിയലറിയാം അത്. വിശ്വസിക്കാവുന്ന പ്രാദേശിക പാര്‍ട്ടികളേയും ജനങ്ങള്‍ ഓപ്ഷനായി കരുതുന്നുണ്ട്. ബി.എസ്.പിക്ക് 40 ലക്ഷത്തോളം വോട്ട് തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി ലഭിച്ചു. വലിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിശാല പ്ലാറ്റ്ഫോം രൂപീകരിക്കുന്നതിന് മുന്നിട്ടിറങ്ങണം. ആശയപരമായി പല വ്യത്യാസങ്ങളും നിലനില്‍ക്കെ തന്നെ എല്ലാവരുടേയും അഭിമാനത്തെ പരസ്പരം അംഗീകരിക്കണം. അത്തരമൊരു പ്ലാറ്റ്‌ഫോമാണ് വരും തെരെഞ്ഞെടുപ്പിലുണ്ടാകേണ്ടത്.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757