featuredOpinion

മോദിയുടെ ഭീകരഭരണത്തിന് അന്തിമ കാഹളം മുഴങ്ങി – സജീദ് ഖാലിദ്

 

അഞ്ച് വര്‍ഷത്തോളമെത്തിയ മോദിരാജിന്റെ അന്തിമ കാഹളം മുഴക്കിയാണ് അഞ്ച്സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 11 ന് പുറത്തുവന്നത്. ബി.ജെ.പി അടക്കിവാണിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയും തെലങ്കാനയില്‍ ടി.ആര്‍.എസ് ആധിപത്യം അരക്കിട്ടുറപ്പിക്കുകയും മിസോറാമില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് മിസോ നാഷണല്‍ ഫ്രണ്ട് എന്ന പ്രാദേശിക കക്ഷി അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ബി.ജെ.പി അടിപതറി വീണ കാഴ്ചയാണ് പ്രാഥമിക നിരീക്ഷണത്തില്‍ കാണുന്നത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്നത്. വിളിപ്പാടകലെ മാത്രം വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിനെ സാരമായ തോതില്‍ സ്വാധീനിക്കാവുന്ന ഫലമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിലേത് എന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്നാണ് മാധ്യമങ്ങളൊക്കെ പൊതുവേ വിശേഷിപ്പിച്ചത്. അതാത് സംസ്ഥാനങ്ങളിലെ ഭരണത്തിന്റെ വിലയിരുത്തലിനോടൊപ്പം മോദി ഭരണത്തേയും ഈ തെരഞ്ഞെടുപ്പ് പോസ്റ്റുമോര്‍ട്ടം ചെയ്തു എന്നതാണ് ഇതിന്റെ സവിശേഷത.

നോട്ടുനിരോധം തകര്‍ത്ത സാമ്പത്തിക വ്യവസ്ഥയില്‍ താറുമാറായ ഇടത്തരക്കാരുടെ പിന്തുണയും വിളകള്‍ക്ക് വിലകിട്ടാതിരുന്ന കര്‍ഷകരുടെ രോഷവും മതന്യൂനപക്ഷങ്ങളുടെ ഉറച്ച പിന്തുണയും നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധി നേടിയെടുത്ത മികച്ച ഇമേജും പ്രാദേശികമായി ജാഗ്രതയോടെ തെരഞ്ഞെടുപ്പ് മെഷിനറി ചലിപ്പിച്ച അതാത് സംസ്ഥാനങ്ങളിലെ നേതാക്കളുടെ തന്ത്രങ്ങളുമാണ് കോണ്‍ഗ്രസിന് ആത്മ വിശ്വാസം നല്‍കുന്ന ഫലത്തിലേക്കെത്തിച്ചത്. ഒരു വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നില്ല ഫലം. രാജ്യത്തെ മതേതര വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷമുള്ള ഫലമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നതെങ്കിലും വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് മതേതര പക്ഷത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന സൂചനകളും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നുണ്ട്.
മധ്യപ്രദേശ്
കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ബി.ജെ.പി തുടര്‍ച്ചയായി ഭരണം നടത്തുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇക്കഴിഞ്ഞ വര്‍ഷം ആറു കര്‍ഷകര്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 90.59% ഹിന്ദു ജനസംഖ്യയുള്ളതായി 2011 സെന്‍സസ് രേഖപ്പെടുത്തുന്ന മധ്യപ്രദേശ് ആര്‍.എസ്.എസിന് രാജ്യത്ത് ഏറ്റവും കരുത്തുറ്റ ശ്യംഖലയുള്ള സംസ്ഥാനമായാണ് വിലയിരുത്താറുള്ളത്. ആ സ്ഥിതിയില്‍ തന്നെയാണ് ദിഗ്‌വിജയ് സിംഗിന്റെ ജനപിന്തുണയെ അട്ടിമറിച്ച് ബി.ജെ.പിക്ക് 2003ല്‍ ശിവരാജ് ചൗഹാന്റെ നേതൃത്വത്തില്‍ അധികാരത്തിലേറാനായത്. അതിനുശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ഭരണം നിലനിര്‍ത്തിയത്. 2018ലെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴും ജനവിരുദ്ധ നടപടികള്‍ക്കെതിരെയുള്ള ജനവികാരം മുഴച്ചുനിന്നിരുന്നുവെങ്കിലും സംഘടനാ ശക്തിയും കുതന്ത്രങ്ങളും ഉപയോഗിച്ച് ജയിച്ച് കയറാനാവുമെന്ന ആത്മവിശ്വാസമായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്.

 

കോണ്‍ഗ്രസിനാകട്ടെ ബി.ജെ.പിക്കെതിരെ വിശാല സഖ്യം രൂപപ്പെടുത്താനായില്ല. ദിഗ് വിജയ്സിംഗുമായി ഉടക്കി മായവതി വേറിട്ടു മത്സരിച്ചു. ഉത്തര്‍പ്രദേശിലെ സ്വാഭാവിക സഖ്യകക്ഷിയായ എസ്.പിയേയും അവര്‍ക്ക് മധ്യപ്രദേശില്‍ കൂടെക്കൂട്ടാനായില്ല. എങ്കിലും കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സംഘടനാ ഘടനയെ സ്ഥാപിച്ചുകൊണ്ടാണ് ബി.ജെ.പിക്കൊപ്പം പിടിച്ചുനിന്നത്. പശുക്കൊലകളുടെ വിഷയങ്ങളോ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളോ ഒന്നും പ്രചരണത്തില്‍ വരാതെ ശ്രദ്ധിച്ചിരുന്നു. ഗോമൂത്രവും ചാണകവും കൊണ്ട് വലിയ വ്യാവസായിക സംരംഭങ്ങള്‍ തുടങ്ങും എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ട് മൃദുഹിന്ദുത്വ വോട്ടുകള്‍ വരുതിയിലാക്കാനുള്ള രീതികളെല്ലാം സ്വീകരിച്ചിരുന്നു. ബി.ജെ.പി നേതൃത്വത്തില്‍ നടക്കാനിടയുള്ള ഇ.വി.എം കൃത്രിമത്വങ്ങളുടെ വലിയ സാധ്യതയെ പ്രാദേശികമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കോണ്‍ഗ്രസ് ശ്രദ്ധ പുലര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പു ഫലം വൈകാനുള്ള കാരണം കോണ്‍ഗ്രസിന്റെ കൗണ്ടിംഗ് ഏജന്റുമാര്‍ ഫലത്തെ വിവിപാറ്റുമായി ഒത്തുനോക്കാന്‍ പലയിടത്തും ആവശ്യപ്പെട്ടതായിരുന്നു.
ആകെയുള്ള 230 സീറ്റില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റായിരുന്നു. 114 സീറ്റ് നേടി കോണ്‍ഗ്രസ് ഭൂരിപക്ഷത്തിന് സമീപമെത്തി. ബി.ജെ.പിക്ക് 109 സീറ്റുകളാണ് ലഭിച്ചത്. വോട്ടിംഗ് ശതമാനത്തില്‍ പക്ഷേ, ബി.ജെ.പിയാണ് മുന്നില്‍. അവര്‍ക്ക് 41% വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 40.9% വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ബി.എസ്.പിക്ക് 5% വോട്ടും രണ്ട് സീറ്റുകളും സമാജ്‌വാദി പാര്‍ട്ടിക്ക് 1.3% വോട്ടുകളും ഒരു സീറ്റും ലഭിച്ചു. നാല് സ്വതന്ത്രരും വിജയിച്ചു. വിജയിച്ച നാലുപേരും കോണ്‍ഗ്രസ് റിബലുകളാണ്. കോണ്‍ഗ്രസിന് ബി.എസ്.പിയുമായും സമാജ്‌വാദി പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാനായിരുന്നുവെങ്കില്‍ അനായസ ജയം നേടാമായിരുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നാല് കോണ്‍ഗ്രസ്സ് റിബലുകളും ബി.എസ്.പിയും എസ്.പിയും ആദ്യം തന്നെ കോണ്‍ഗ്രസിനുള്ള പിന്തുണ പരസ്യമായി വ്യക്തമാക്കിയതിനാല്‍ അമിത് ഷായുടെ ചാക്കില്‍ കയറ്റല്‍ വിദ്യ ഇവിടെ വിലപ്പോയില്ല.
രാജസ്ഥാന്‍
അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറിമാറി വരുന്ന രാജസ്ഥാനില്‍ വസുന്ധരാ രാജ് സിന്ധ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം കൂടി നിലനിന്ന സമയത്താണ് തെരഞ്ഞെടുപ്പ് വന്നെത്തിയത്. ഈ ആത്മവിശ്വാസത്തിലാകണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുന്നില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കൗണ്ട് ഡൗണ്‍ ബോര്‍ഡ് സ്ഥാപിച്ചത്. പക്ഷേ, പലരും പ്രതീക്ഷിച്ചപോലെ വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള ജയം കോണ്‍ഗ്രസിന് ലഭിച്ചില്ല. ദലിതുകളുടേയും മുസ് ലിംകളുടേയും മറ്റ് മതന്യൂനപക്ഷങ്ങളുടേയും വലിയ പിന്തുണ കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നിട്ടും 99 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 200 അംഗ നിയമസഭയില്‍ തെരഞ്ഞെടുപ്പു നടന്നത് 199 സീറ്റുകളിലേക്കാണ്. ഭൂരിപക്ഷത്തിന് വേണ്ട 100 സീറ്റിന് ഒന്ന് കുറവ്. എന്നാല്‍, സഖ്യ കക്ഷിയായ ആര്‍.എല്‍.ഡി നേടിയ ഒരു സീറ്റിന്റെ ബലത്തില്‍ കേവല ഭൂരിപക്ഷം കോണ്‍ഗ്രസിനുണ്ട്. ബി.എസ്.പിക്ക് ആറ് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റും ലഭിച്ചപ്പോള്‍ ലോക താന്ത്രിക് ദളിന് മൂന്ന് സീറ്റും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റും ലഭിച്ചു. സ്വതന്ത്രര്‍ 13 സീറ്റ് നേടി. ബി.ജെപിയാകട്ടെ 73 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിന് 39.3% വോട്ടും ബി.ജെ.പിക്ക് 38.8% വോട്ടും ബി.എസ.്പിക്ക് 4% വോട്ടും ലഭിച്ചു. കര്‍ഷക സമരങ്ങളുടെ പിന്തുണയാണ് സി.പി.എമ്മിനെ രണ്ട് സീറ്റ് നേടാന്‍ സഹായിച്ചത്. 2008ല്‍ സി.പി.എം രാജസ്ഥാനില്‍ മൂന്ന് സീറ്റ് നേടിയിട്ടുണ്ട്. അത് 2013ല്‍ ഒന്നായി കുറഞ്ഞിരുന്നു. ഇടത് സഖ്യത്തിലുണ്ടായിരുന്ന ബാക്കി പാര്‍ട്ടികള്‍ക്കൊന്നും സീറ്റ് ലഭിച്ചിട്ടില്ല. കോണ്‍ഗ്രസും ബി.എസ്.പിയും ഇടതുകക്ഷികളും മറ്റ് മതേതര കക്ഷികളും പരസ്പര ധാരണയോടെ മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് സീറ്റുകളുടെ എണ്ണം രണ്ടക്കം തികക്കാനാകുമായിരുന്നില്ല.


ഛത്തിസ്ഗഢ്
ഛത്തിസ്ഗഢ് 90 അംഗ നിയമസഭയില്‍ 68 സീറ്റകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ഭരണകക്ഷിയായിരുന്ന ബി.ജെ.പിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ബി.ജെ.പി 49 സീറ്റില്‍നിന്ന് 15 ലേക്ക് താണു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്‍ജയം പ്രവചിച്ചവര്‍ പോലും ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസിന് ഇത്ര വലിയ വിജയം പ്രവചിച്ചില്ല. പ്രത്യേകിച്ചും അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് ഛത്തിസ്ഗഢിന്റെ നേതൃത്വത്തില്‍ ബി.എസ്.പി അടങ്ങുന്ന മൂന്നാം മുന്നണികൂടി ശക്തമായ മത്സരം കാഴ്ചവെച്ച സാഹചര്യത്തില്‍. 13 ശതമാനത്തോളം വോട്ട് നേടിയ മൂന്നാം മുന്നണി ഏഴ് സീറ്റ് കരസ്ഥമാക്കി. ജോഗിയുടെ പാര്‍ട്ടിക്ക് അഞ്ചും ബി.എസ്.പിക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചത്. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും സംസ്ഥാന സര്‍ക്കാരുകളേക്കാള്‍ താരതമ്യേന മികച്ച പ്രതിഛായയുള്ള ബി.ജെ.പി സര്‍ക്കാരാണ് ഛത്തിസ്ഗഢിലുണ്ടായിരുന്നത്. പ്രാദേശികമായ സംഘാടന മികവാണ് കോണ്‍ഗ്രസിനെ ഈ നിലയിലുള്ള വിജയത്തിലെത്തിച്ചതെന്ന് നിസ്സംശയം പറയാം. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ജനരോഷം കൃത്യമായി വോട്ടാക്കിമാറ്റാനും സാധിച്ചു.

തെലങ്കാന
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയം തെലങ്കാനയിലെ ടി.ആര്‍.എസിന്റെ വിജയമാണ്. 119 അംഗ നിയമസഭയില്‍ 88 സീറ്റാണ് ടി.ആര്‍.എസ് ഒറ്റക്ക് നേടിയത്. കോണ്‍ഗ്രസും ടി.ഡി.പിയും തെലങ്കാന ജനസമിതിയും സി.പി.ഐയും ചേര്‍ന്ന പ്രജാകുടുമി സഖ്യത്തിന് 21 സീറ്റേ നേടാനായുള്ളൂ. ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റ് നേടിയപ്പോള്‍ ബി.ജെപിക്ക് നിലവിലുള്ള അഞ്ച് സീറ്റ് ഒരെണ്ണമായി ചരുങ്ങി. ചന്ദ്രശേഖര റാവു ഉയര്‍ത്തിപ്പിടിച്ച തെലങ്കാന ദേശീയതയും മതന്യൂനപക്ഷങ്ങളുമായുള്ള സര്‍ക്കാരിന്റെ ഉദാര സമീപനവും വലിയ വിജയത്തിന് നിദാനമായി. രസകരമായ കാര്യം സി.പി.ഐയും സി.പി.എമ്മും ഇവിടെ രണ്ടു വഴികളിലാണ് സഞ്ചരിച്ചത് എന്നാണ്. സി.പി.ഐ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നുകൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യത്തില്‍ പങ്കാളിയാകുമെന്ന സൂചന നല്‍കുന്നു. സി.പി.എമ്മാകട്ടെ ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന 23 പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണിയിലാണുണ്ടായിരുന്നത്. മുന്നണിയിലുണ്ടായിരുന്ന ഫോര്‍വേര്‍ഡ് ബ്ലോക് ഒരു സീറ്റ് നേടി. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ മത്സരിച്ച പ്രശസ്ത കവി ഗദ്ദറിന് കേവലം 1636 വോട്ട് മാത്രമാണ് നേടാനായത്.

മിസോറാം
തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്ന മിസോറാം കോണ്‍ഗ്രസിനെ കൈവിട്ടു. മിസോ നാഷണല്‍ ഫ്രണ്ട് പ ത്ത് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയത് 40ല്‍ 26 സീറ്റ് നേടിക്കൊണ്ടാണ്. കോണ്‍ഗ്രസിന് കേവലം 5 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ബി.ജെ.പിക്കാകട്ടെ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രി ലാല്‍തന്‍ഹൗല മത്സരിച്ച രണ്ട് സീറ്റിലും ദയനീയമായി പരാജയപ്പെട്ടു. ബി.ജെ.പി കാര്യമായ ഘടകമല്ലാത്ത ഈ സംസ്ഥാനത്ത് പ്രാദേശിക പ്രശ്നങ്ങളാണ് പ്രധാനമായും വിധി നിര്‍ണയിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം മുഖ്യമന്ത്രി അടക്കമുള്ളവരുടെ തോല്‍വിയിലൂടെ പ്രതിഫലിക്കുന്നുണ്ട്.


ഈ അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് രാജ്യത്തിന് വലിയ പാഠങ്ങളാണ് നല്‍കുന്നത്. ബി.ജെ.പി പരാജയപ്പെടുത്താവാനാത്ത ശക്തിയല്ല എന്ന ഒന്നാമത്തെ തിരിച്ചറിവ് മതേതര കക്ഷികള്‍ക്ക് ഇത് നല്‍കുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മൃദുഹിന്ദത്വ നിലപാട് ചെറിയതോതിലെങ്കിലും പുലര്‍ത്തിയിരുന്നു. മതന്യൂനപക്ഷങ്ങള്‍ നിവൃത്തികേടുകൊണ്ട് തങ്ങള്‍ക്കു വോട്ട് ചെയ്തുകൊള്ളുമെന്നും തീവ്രഹിന്ദുത്വ വോട്ടുകള്‍ നഷ്ടപ്പെടരുതെന്നുമുള്ള കണക്കു കൂട്ടലിലാണ് ഈ സമീപനം കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. എന്നാല്‍, അതല്ല വസ്തുതയെന്നാണ് കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിന്റെ വിജയം കോണ്‍ഗ്രസ് പാഠമാക്കണം. ഹിന്ദുത്വ വോട്ടുകളെ ഭയക്കുന്നതിന് പകരം ധീരമായ മതേതര നിലപാടിലുറച്ചാണ് ടി.ആര്‍.എസ് മത്സരിച്ചത്. മതന്യൂനപക്ഷങ്ങളെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഒരു പരിധിവരെ അവരെ പരിഗണിക്കുകയും ചെയ്തു. അത് ടി.ആര്‍.എസിനെ വിജയത്തിലേക്കെത്തിച്ചു. നേരത്തേ ഗുജറാത്തില്‍ അഹമ്മദ് പട്ടേലിനെ മാറ്റിനിര്‍ത്തിയ പരീക്ഷണം പരാജയപ്പെട്ടിട്ടും അതില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിച്ചിട്ടില്ല. ഗുജറാത്തില്‍ തന്നെ അതിന് വിരുദ്ധമായ നിലപാടെടുത്ത ജിഗ്‌നേഷ് മേവാനിയുടെ വിജയം കോണ്‍ഗ്രസ് പാഠമാക്കിയില്ല.
മറ്റൊന്ന് മതേതര പാര്‍ട്ടികളിലെ ഭിന്നതയാണ്. മതേതര പാര്‍ട്ടികള്‍ ഒരു പ്ലാറ്റ്ഫോമില്‍ നിന്നിരുന്നെങ്കില്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ചുരുങ്ങിയത് അന്‍പതു സീറ്റ് വീതം അധികം നേടാവുന്ന നിലയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചെറു പാര്‍ട്ടികളാണ് എപ്പോഴും പഴി കേള്‍ക്കേണ്ടി വരുന്നത്. ഏകപക്ഷീയമായ പിന്തുണ തങ്ങള്‍ക്ക് ചെറിയ പാര്‍ട്ടികള്‍ നല്‍കണമെന്ന സമീപനത്തിന് പകരം പരസ്പരം അംഗീകരിക്കുന്ന മാന്യമായ ധാരണയിലേക്കെത്താന്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണം. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അങ്ങനെയായില്ലെങ്കില്‍ ഫലം മറ്റൊന്നാകും. തെരഞ്ഞെടുപ്പ് നടന്നത് സംസ്ഥാന നിയമസഭകളിലേക്കാണെങ്കിലും ബി.ജെ.പി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളി്െത്തികലെങ്കിലും നടന്നത് കേന്ദ്രസര്‍ക്കാരിനെ വിലയിരുത്തുന്ന പ്രചാരണമായിരുന്നു. മോദിയും യോഗിയും അമിത് ഷായും എല്ലാം ഒന്നുചേര്‍ന്ന് ആവുന്നത്ര വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും അത് വേണ്ടത്ര ഏശിയില്ല. ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാത്ത കര്‍ഷകനും സാമ്പത്തിക മാന്ദ്യം മൂലം വില്‍പനയില്ലാതായ വ്യാപാരിയും വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കപ്പെട്ട യുവാക്കളും എല്ലാം പ്രതിഷേധത്തിലായിരുന്നു. ജീവഭയത്തോടെ മാത്രം രാജ്യത്ത് കഴിഞ്ഞുകൂടേണ്ടി വരുന്ന മുസ്‌ലിം, ദലിത് ജനതയടക്കമുള്ള പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ ഒന്നടങ്കം ബി.ജെ.പിക്കെതിരെ വോട്ടുചെയ്തു. പശുവും രാമക്ഷേത്രവുമൊന്നും വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. രാജസ്ഥാനിലെ പശുവകുപ്പ് മന്ത്രി ദയനീയമായി പരാജയപ്പെട്ടത് ഇതിന്റെ തെളിവാണ്.

2019 ലേക്കുള്ള ചുവടുവെപ്പില്‍ ആദ്യഘട്ടം ബി.ജെ.പിയേയും സംഘപരിവാരങ്ങളേയും പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ അഭിമാനിക്കാം. 2019 ലെ തെരഞ്ഞെടുപ്പ് കടക്കാന്‍ ഇതുപോര. വോട്ടിംഗ് മെഷീനിലെ കൃത്രിമങ്ങള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഒരു പരിധിവരെ പ്രതിരോധിക്കാനായി എന്നത് പ്രാദേശികമായി കോണ്‍ഗ്രസ് ഉണര്‍ന്നു എന്നതിന്റെ കൂടി സൂചനയാണ്. കൗണ്ടിംഗ് ഏജന്റുമാര്‍ ജാഗ്രതയിലായതിനാലാണ് വിവിപാറ്റും തെരഞ്ഞെടുപ്പു ഫലവും ഒത്തു നോക്കേണ്ടി വന്നത്. ഇതെല്ലാം നല്ല ലക്ഷണങ്ങളാണ്. അതോടൊപ്പം ജനം കോണ്‍ഗ്രസിനെ മാത്രമല്ല പിരിഗണിക്കുന്നത് എന്ന കാര്യവും തിരിച്ചറിയണം. ബി.എസ.്പിക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് 40 ലക്ഷത്തിലേറെ വോട്ട് ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. രാജസ്ഥാനില്‍ സി.പി.എമ്മിന് രണ്ട് സീറ്റ് ലഭിച്ചതും ചെറുതായി കാണേണ്ടതില്ല. മിസോറാമിലേയും തെലങ്കാനയിലേയും പ്രാദേശിക കക്ഷികളുടെ വിജയവും ജനങ്ങള്‍ പല ഓപ്ഷനുകളിലേക്കും പോകുന്നു എന്ന് സൂചിപ്പിക്കുന്നു. ഈ ഘടകങ്ങളെയെല്ലാം അവരവരുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടാതെ ഒന്നിപ്പിക്കുക എന്ന ദൗത്യമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്, വിശിഷ്യാ രാഹുല്‍ ഗാന്ധിക്കുള്ളത്. ഇത്തരമൊരു മതേതര ബഹുസ്വരതയാണ് രാജ്യം തേടുന്ന ബദല്‍.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757