keralanewspress release

തെരഞ്ഞെടുപ്പുഫലം ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് കരുത്തുപകരും – വെല്‍ഫയര്‍ പാര്‍ട്ടി

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ജനാധിപത്യം വീണ്ടെടുക്കാന്‍ വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ശക്തിപകരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ ഫാസിസത്തിലേക്ക് വഴിനടത്തി സംഘ്പരിവാര്‍ സമഗ്രാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള ആര്‍.എസ്.എസ് പരിശ്രമങ്ങളെ ജനങ്ങള്‍ തിരസ്‌കരിക്കുന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷ കക്ഷികള്‍ ഒരുമിച്ചു നിന്നാല്‍ ബി.ജെ.പിയെ രാജ്യാധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. കേവല ഭരണവിരുദ്ധ വികാരം എന്ന നിലക്ക് തെരഞ്ഞെടുപ്പ് വിധിയെ നോക്കിക്കാണാന്‍ ആവില്ല. സംഘ്പരിവാര്‍ സമഗ്രാധിപത്യം രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആക്രമോല്‍സുകതയും വംശഹത്യകളും ജനങ്ങളില്‍ സൃഷ്ടിച്ച പ്രതിഷേധവുമാണ് ഈ ഫലത്തിന് പിന്നില്‍. രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗത്തെ തകര്‍ച്ചയും അതുവഴി ജീവിതം പ്രതിസന്ധിയിലായവരുടെ രോഷവും വിധിയില്‍ പ്രതിഫലിക്കുന്നുണ്ട്. കര്‍ഷകരിലും യുവാക്കളിലും മോദി സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലത്തകര്‍ച്ചയും തൊഴിലില്ലായ്മയും രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധികളാണ്. ഇത്തരം ജനകീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായില്ല. ബാബരി മസ്ജിദ് വിവാദം വീണ്ടും ഉയര്‍ത്തിയും പ്രതിമാ നിര്‍മാണത്തിലൂടെയും സ്ഥലനാമങ്ങള്‍ മാറ്റിയും ജനവികാരത്തെ വഴിതെറ്റിക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിയെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ ഫലം നല്‍കുന്ന ആത്മവിശ്വാസത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുന്ന വിശാല ജനാധിപത്യ സഖ്യം വേഗത്തില്‍ രൂപം കൊള്ളണം.

ബി.ജെ.പി ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ മുന്നേറ്റം നടത്തിയതോടൊപ്പം മിസോറമില്‍ ഉണ്ടായ കനത്ത പരാജയം കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗങ്ങളെ വേണ്ടത്ര മുഖവിലക്കെടുക്കാത്തതിന്റെ ഫലമാണ്. മുസ്‌ലിങ്ങള്‍ക്കും ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആദിവാസി, ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുള്ള രാഷ്ടീയചേരി കെട്ടിപ്പടുക്കാന്‍ തെരഞ്ഞെടുപ്പ് ഫലം പ്രചോദനമാകണം. മികച്ച വിജയം നേടിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ അഭിനന്ദിക്കുന്നതായും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഈ വിജയം കോണ്‍ഗ്രസിനെ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757