keralanewspress release

ഹാരിസണ്‍ തോട്ടങ്ങളുടെ നികുതി സ്വീകരിക്കാനുള്ള തീരുമാനം പിന്‍വലിക്കണം-ഹമീദ് വാണിയമ്പലം

 

തിരുവനന്തപുരം: തോട്ടം മേഖലയിലെ ഹാരിസണിന്റേതടക്കുള്ള അനധികൃത കയ്യേറ്റ ഭൂമികളുടെ നികുതി സ്വീകരിക്കാന്‍ അനുമതി നല്‍കിയ ഇടതു സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലെ ഭൂരഹിതരോടുള്ള കൊടിയ വഞ്ചനയാണെന്നും തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. നാല് ലക്ഷം ഭൂരഹിത കുടുംബങ്ങള്‍ കേരളത്തിലുള്ളപ്പോഴാണ് ഉടമസ്ഥതാ തര്‍ക്കത്തിലുള്ള ഭൂമിയില്‍ നിന്നും നികുതി സ്വീകരിക്കാന്‍ ശ്രമിക്കുന്നത്. നികുതി സ്വീകരിക്കുന്നത് തെളിവായി ഉദ്ധരിച്ച് കോടതിയില്‍ ഉടമസ്ഥതക്ക് അവകാശം ഉന്നയിക്കുന്നതാണ് കാലങ്ങളായി ഹാരിസണും സര്‍ക്കാരുകളും നടത്തുന്ന ഒത്തുകളി. ഉടമസ്ഥതാ തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിന് പകരം ഹാരിസണ് ഭൂമി തുടര്‍ച്ചയായി കൈവശംവെക്കാനുള്ള നീക്കമാണിത്. ഇത് സി.പി.എമ്മിന്റെ നിലപാടാണോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം.


ഭൂവുടമസ്ഥതയുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ നിന്നും വ്യത്യസ്ത നിലപാടുണ്ട് എന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സി.പി.ഐയുടെ റവന്യൂ മന്ത്രി അടക്കം പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ഭൂമിയുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമ ശ്രദ്ധ കിട്ടാന്‍ മാത്രമുള്ളതാണ്. ഹാരിസണിന്റെ നികുതി സ്വീകരിക്കുന്നതിന് മേലൊപ്പ് ചാര്‍ത്തിയതിലൂടെ സി.പി.ഐയുടെ ഈ കാപട്യം പുറത്തായിരിക്കുന്നു. ഭൂരഹിതരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ സമരം പാര്‍ട്ടി നടത്തും. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ഭൂരഹിതരുടെ ത്രിദിന പ്രക്ഷോഭത്തില്‍ അവതരിപ്പിച്ച ജനകീയ ഭൂ അവകാശ നിയമം നിയമാക്കപ്പെടുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/qreseller/janapaksham.in/wp-includes/functions.php on line 4757